(കവിത)
രാജന്‍ സി എച്ച്
ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍ കൊണ്ടും
ഉയിരുകള്‍ കൊണ്ടും.
മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല.
കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും
ലഹരി കൂടിയതോ കുറഞ്ഞതോ
ഒറ്റയ്ക്കോ കൂട്ടായോ
എന്നൊന്നുമെനിക്കറിയില്ല.
എനിക്ക് മാഷെ ശരിക്കുമറിയില്ല.
വിശുദ്ധ തെരേസയെക്കുറിച്ചുള്ള
മാഷീയിടെ കുറിക്കും
വിശുദ്ധവരികളിലാകൃഷ്ടനായാണ്
ഞാന്‍ കാണാനാഗ്രഹിച്ചത്.
അന്വേഷണത്തില്‍ മാഷുടെ വീട്
വിശുദ്ധത്രേസ്യാമ്മയുടെ
പള്ളിയുടെ വടക്കുള്ള
ശ്മശാനത്തിലേക്കുള്ള
നിരത്തു വക്കിലാണെന്നറിഞ്ഞു.
ഞായറാഴ്ച്ചയായതിനാല്‍
കാലത്തെ തന്നെ
പള്ളിയിലേക്ക് പോകുകയും
വരികയും ചെയ്യുന്ന
ആളുകളുണ്ടായിരുന്നു.
കൈയില്‍ ഒരു കുപ്പി വീഞ്ഞുമായി നില്‍ക്കുന്ന എന്നെ അവരാരും
ഗൗനിച്ചതേയില്ല.
ഞാന്‍ പള്ളിക്കടുത്തങ്ങനെ നിന്നു.
പോകുമ്പോള്‍ ദൃഢമായിരുന്ന
പലരുടേയും മുഖങ്ങള്‍
തിരിച്ചു വരുമ്പോള്‍
സ്നേഹം പുരണ്ടല്പം മിനുങ്ങിയതായി
ചിരിയുണ്ടായിരുന്നു.
പള്ളിയിലങ്ങോട്ട് പോയതായിത്തോന്നാത്ത
വെള്ള മുണ്ടും മേല്‍വസ്ത്രവും ധരിച്ച്
തലമൂടിയ സ്ത്രീയോട്
ശ്മശാനത്തിലേക്കുള്ള വഴിയേതെന്ന്
ചോദിച്ചതും
പെട്ടന്നവരെന്‍റെ കൈയില്‍പ്പിടിച്ച്
മുന്നോട്ട് നടക്കാന്‍ തുടങ്ങി.
ശ്മശാനത്തിലേക്കാണ്,
അവരെന്നോട് പറഞ്ഞു.
അവിടെയാണെന്‍റെ മകന്‍ ചാരമായത്.
ഞങ്ങളുടെ യേശുവായിരുന്നു അവന്‍.
നാട്ടുകാര്‍ക്കുപകാരി.
വീട്ടുകാര്‍ക്കന്യന്‍.
എല്ലാ കാര്യങ്ങള്‍ക്കും കൂട്ട്.
നന്മയറിഞ്ഞവന്‍.
അവനെയവര്‍ നടുറോഡിലിട്ട്
വെട്ടിക്കൊന്നു.
ചോരവാര്‍ന്നില്ലാതായ അവനെ
ഒന്നു മടിയില്‍ക്കിടത്താന്‍ പോലും
ആരും അനുവദിച്ചില്ല.
മൂന്നാം നാളവനുയിര്‍ത്താലോ
എന്നു പേടിച്ചവരവനെ
ചാരമാക്കിക്കളഞ്ഞു.
അവന്‍റെ ഉയിര്‍പ്പു കാണാന്‍
എല്ലാ ഞായറാഴ്ച്ചയും
ശ്മശാനത്തിലേക്കു പോകും.
അവരങ്ങനെ ജീവിതം പറയുന്നതിനിടെ
ഒരു മതിലിനപ്പുറം
ശ്രീശ് മാഷെക്കണ്ടു
ഞാനവരുടെ കൈ പതുക്കെ വിടുവിച്ചു.
അവരതൊന്നുമറിയാത്തതായി
എന്തൊക്കെയോ പറഞ്ഞു കൊണ്ട്
വേഗം വേഗം നടന്നു.
അവരെ അറിയുമോയെന്ന്
മാഷെന്നോട് ചോദിച്ചു.
ഇല്ലെന്നു ഞാന്‍ പറഞ്ഞു.
മാഷെന്‍റെ തോളില്‍ കൈയിട്ട്
വീട്ടിനകത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു:
അതാണ് തെരേസ.
കൈയിലിരുന്ന വീഞ്ഞുകുപ്പി
തറയില്‍ വീണു പൊട്ടി.
രക്തം പരന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല