(കവിത)
രാജന്‍ സി എച്ച്
1
ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന്
പച്ചക്കറി വാങ്ങി വരികയാണ്.
എത്ര കാലമായി രാമേട്ടന്‍
ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു.
അതില്ലാതെ രാമേട്ടനില്ല.
എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു.
ചിലപ്പോഴൊക്കെ അഞ്ഞൂറോ
ആയിരമോ അടിക്കും.
അതുമതി രാമേട്ടന് പ്രതീക്ഷയായി.
ഒരിക്കല്‍ കോടികളടിക്കുമെന്ന് രാമേട്ടന്‍ ഉറച്ചു വിശ്വസിക്കുന്നു.
2
ആയുര്‍വേദ മരുന്നുകടയില്‍ നിന്ന് അസനവില്വാദി തൈലവും വാങ്ങി
വരുന്നു മാധവേട്ടന്‍.
വിരമിച്ച അദ്ധ്യാപകനാണ്. വിരമിച്ചതില്‍പ്പിന്നീട് നന്നായി ചിരിക്കും. കവിതകളെഴുതും.
വാരികകള്‍ക്കും മാസികകള്‍ക്കും അയക്കുമായിരുന്നു.
ഒന്നും വെളിച്ചം കണ്ടില്ല.
ജീവിതവും.
മരണത്തിനു മുമ്പ്
രണ്ടു സമാഹാരങ്ങളിറക്കി. അവാര്‍ഡുകള്‍ക്കൊക്കെ അയച്ചു.
ഒന്നും സംഭവിച്ചില്ല.
ഒരിക്കലെന്നെങ്കിലും ലോട്ടറിയടിക്കുമെന്ന് മാധവേട്ടന്‍ പറയുന്നു. കവിതകളെഴുതുന്നുണ്ടാവും ഇപ്പോഴും.
അടുത്ത സമാഹാരം ആര്‍ക്കും അവഗണിക്കാനാവില്ല.
3
മരിച്ചു ശ്മശാനത്തിലേക്കെടുത്താലും
അതേവഴി തിരിച്ചു പോരുമെന്നു
പറയുമായിരുന്നു കുമാരേട്ടന്‍.
അതാണ് ലോട്ടറിയെന്ന്
കുമാരേട്ടന്‍ വിശ്വസിച്ചു.
അങ്ങനെ കുമാരേട്ടന്‍ മരിച്ചു
ഞങ്ങളുടെയൊക്കെയും തോളില്‍
ശ്മശാനത്തിലേക്കെടുത്തു.
തിരിച്ചു പോരുമ്പോള്‍
കുമാരേട്ടനും കൂടെയുണ്ടാവുമെന്ന്
ഞാനും തിരഞ്ഞു,
പിറകോട്ട് പിറകോട്ടു നോക്കി നടന്നു.
കണ്ടില്ല.
വീട്ടിലേക്ക് തിരികെക്കയറുമ്പോള്‍
പടിക്കല്‍ പതിവുപോലെ കാത്തു നിന്ന്
എന്‍റെ തോളില്‍ കൈവെച്ചു കുമാരേട്ടന്‍.
ആളെ കണ്ടില്ല.
തോന്നലാവാമെന്ന് ആരോ പറഞ്ഞു.
തോന്നലാവണം എല്ലാം,അല്ലേ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല