HomeTHE ARTERIASEQUEL 104വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

Published on

spot_imgspot_img

എ എസ് മിഥുൻ

മാർച്ച് മാസം

പരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ മാസത്തോടുകൂടി സ്കൂളിലേക്കുള്ള യാത്ര നിൽക്കുമെന്നും ഈ കൊല്ലത്തെ എല്ലാ പരീക്ഷകളും അവസാനിക്കുമെന്നും വരുന്ന രണ്ടുമാസം തങ്ങൾക്ക് മാത്രമായുള്ള ലോകമാണെന്നും. എഴുന്നേൽക്കുമ്പോഴും ഉറങ്ങുമ്പോഴും ചിന്ത ഇതൊന്ന് മാത്രം. പലരും പോകുന്നത് സ്കൂൾ മൈതാനങ്ങളിലേക്ക് തന്നെയാണെങ്കിൽ കൂടിയും താൻ സ്കൂളിലേക്ക്, അതിന്റെ ചിട്ടകളിലേക്ക് അല്ല എന്ന നിഷ്കളങ്കമായ സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകൾ.

പണ്ട്, സ്കൂൾ അടയ്ക്കുമ്പോൾ വീടിനടുത്തുള്ള തന്റെ കൂട്ടുകാരെയെല്ലാം കൂട്ടി വിഷുവിനും ഈസ്റ്ററിനും റംസാനും കിട്ടിയ സമ്മാനത്തുകയെല്ലാം ചേർത്ത് തുണി പന്ത് മുതൽ ഫുട്ബോൾ വരെ വാങ്ങിയ കാലം. ഇന്ന് അച്ഛനും അമ്മയും, അമ്മൂമ്മയും അപ്പൂപ്പനും അടക്കം രാവിലെയും വൈകിട്ടും സ്കൂൾ യൂണിഫോമിന്റെ മറ്റൊരു സ്വഭാവത്തിൽ സ്പോർട്സ് ജേഴ്സിയും എല്ലാം ധരിച്ച് വരിയായി ക്യാമ്പിൽ ചേരാനുള്ള ഫോമും ഫില്ല് ചെയ്തു മക്കളെ കൂട്ടി നിൽക്കുന്നു. അതിസുന്ദരമായ കാഴ്ചയിൽ കൂടുതൽ പച്ചയണിയുകയാണ് മൈതാനം. ജൂൺ മാസത്തിലെ കുരുന്നുകളുടെ ഒരു കരച്ചിലും ഇവിടെ കാണാൻ കഴിയില്ല. സ്കൂളിലെപ്പോലെ ക്ലാസ്സ് മുറിയിലാക്കി ഇനി അച്ഛനും അമ്മയും പോയാൽ തന്നെ അതിൽ ഒരു സങ്കടവുമില്ല. എല്ലാവരും നല്ല ഹാപ്പിയാണ്…. ക്യാമ്പുകളിൽ നിന്നും മടങ്ങുമ്പോൾ നാളെയും കൊണ്ടുവിടണമെന്നാണ് വാശിയും ആവേശവും!

മാറിയ കാലത്തിനനുസരിച്ച് രക്ഷിതാക്കളും ചിന്തിച്ച് തുടങ്ങി. മക്കളെല്ലാം കാർട്ടൂൺ വീഡിയോകളിലേക്കും മൊബൈലുകളിലേക്കും മാറിയപ്പോൾ അനാരോഗ്യ ശീലങ്ങളെ തുരത്തേണ്ടതുണ്ടെന്ന ബോധം രക്ഷിതാക്കളിൽ പ്രബലം. പരമാവധി മക്കളെ തിരക്കിലാക്കണം…. കളിച്ചും ചിരിച്ചും നന്നായി ഭക്ഷണം കഴിച്ച് മക്കൾ ഈ അവധിക്കാലം ആസ്വദിക്കണം എന്ന കൃത്യമായ ബോധം. രാവിലെ നീന്തൽ പരിശീലനം… അതുകഴിഞ്ഞ് കുട്ടിക്കളരിയിൽ നാടകപരിശീലനം മുതൽ വിവിധങ്ങളായ മറ്റു ഇനങ്ങളും. വൈകിട്ട് മകനോ മകൾക്കോ ഇഷ്ടപ്പെട്ട ഒരു സ്പോർട്സ് ഇനം. വൈകിയാണെങ്കിലും രക്ഷിതാക്കൾ തിരിച്ചറിഞ്ഞുകൊണ്ട് ഇത്യാദി പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തണം എന്ന പൊതുബോധം ശരാശരി സാധാരണക്കാരനിൽ പോലും കടന്നു വന്നു. പത്തുദിവസം കുട്ടികളുടെ കൂടെ പോയാൽ തൻറെ മക്കൾക്ക് ഇതൊന്നും കഴിയില്ല, പറ്റില്ല എന്ന പേരിൽ മടി കാണിക്കുന്ന രക്ഷിതാക്കളുമുണ്ട് എന്നുള്ളത് കാണാമെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളോടൊപ്പം പുതിയൊരു ശീലവും ജീവിതരീതിയും താളപ്പെടുത്തുന്നു എന്നുള്ളത് പ്രതീക്ഷയാണ്. സ്കൂൾ സമയങ്ങളിൽ ക്ലാസ് ടീച്ചർമാർ പിടിഎ മീറ്റിങ്ങിന് വിളിക്കുമ്പോൾ പോലും വരാതിരുന്ന രക്ഷിതാക്കൾ പോലും, എന്നും മക്കളുടെ കാര്യങ്ങൾ അറിയാൻ നേരിട്ടുള്ള ഫോൺവിളിയോടെ വേനൽ മൈതാന ക്യാമ്പുകളെ പ്രസക്തമാക്കുന്നു. മക്കൾ കളിക്കുമ്പോൾ കാത്തു നിൽക്കുന്ന രക്ഷിതാക്കൾ ആ സമയം ഞങ്ങൾക്കും എന്തെങ്കിലും ഒക്കെ ചെയ്തുകൂടെ എന്ന് ബോധ്യപ്പെട്ടു കൊണ്ട് കാണികളായിട്ടുള്ള രക്ഷിതാക്കളുടെ ഒരു സംഗമവും കളിക്കളത്തിന് പുറത്ത് അരങ്ങേറുന്നു. സ്വന്തം അസുഖം പങ്കുവച്ചപ്പോൾ ഡോക്ടർ പറഞ്ഞ ഓരോ കാര്യവും ഒരു പൈസ പോലും ചെലവില്ലാത്ത മരുന്ന് കിട്ടുന്ന ഇടത്ത് ഞങ്ങൾ എത്തിയെന്ന യഥാർത്ഥ ചർച്ചയാണ് കളിക്കളങ്ങൾക്ക് പിറകിൽ നടക്കുന്നത്. രക്ഷിതാക്കൾക്ക് സംശയമുള്ള വ്യായാമങ്ങൾ കുട്ടികളിൽ നിന്നും പഠിക്കുന്ന വീട്ടിലെ കളരി വേറെ. ഭാവി തലമുറയുടെ വളർച്ചയും വികാസവും അവർ അതിർവരമ്പുകളില്ലാതെ ചർച്ചയാക്കുന്നു. ഒപ്പം അവരുടെ ആരോഗ്യവും.

അതെ, മാറ്റത്തിന്റെ ഒരു പുതിയ ദിശ തന്നെയാണിത്. കാലം എന്താണോ ആവശ്യപ്പെടുന്നത്, അത് തങ്ങളുടെ മക്കളിലൂടെ സ്വപ്നമായും പ്രതീക്ഷയായും കൈവന്ന രക്ഷിതാക്കളുടെ ഒരു വലിയ ലോകം. സ്കൂളിൽ വെയിലത്ത് ഒന്ന് ഇറക്കിയതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയ രക്ഷിതാക്കൾ പോലും തന്റെ മകളെയും മകനെയും തിരിച്ചറിവിന്റെ പാതയിൽ വെയിലത്ത് നിർത്താൻ കൊതിക്കുന്ന രണ്ടുമാസമാണ് ഏപ്രിൽ, മെയ്‌.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ഇപ്പോൾ കുട്ടികളുടെ പൂരമാണ്. പഞ്ചാരിയും ഇടയ്ക്കയുമായി അവർ തിമിർക്കുന്ന സുന്ദരമായ ദിനങ്ങൾ. മറ്റെല്ലാ മേഖലകളിലുമുള്ള കൃത്യമായ പ്രൊഫഷണലിസം ഗ്രാമീണ മേഖലകളിലും വളരെയേറെ സ്വാധീനിച്ചിരിക്കുന്നു. കളിക്കളങ്ങളിലും അത് പ്രകടം. തങ്ങളുടെ കുട്ടികൾ എവിടെ, എങ്ങനെ കൃത്യമായി ഇടപെടണം എന്ന നല്ല ധാരണയിൽ കാര്യങ്ങൾ ഉൾക്കൊണ്ട് മൈതാനങ്ങളിലും ഇപ്പോൾ അവർ എത്തിച്ചേരുകയാണ്. തമാശയ്ക്ക് പോലും ഏറ്റവും വലിയ ക്യൂ എവിടെയാണെന്ന് ചോദിച്ചാൽ സാധാരണ മലയാളി പറയുന്ന ഒരു ഉത്തരമുണ്ട്, ബീവറേജിൽ ആണ് എന്ന്. എന്നാൽ ഇന്ന് ആ ചോദ്യത്തിന് മറുപടിയായി ഏറ്റവും വലിയ ക്യൂ ഏപ്രിൽ മാസത്തിൽ എവിടെയാണ് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. അത് മൈതാനത്ത് തന്നെയാണ് എന്ന്. ഇങ്ങനെയൊരു ക്യു നമുക്ക് എല്ലാ മാസവും കാണാൻ കഴിയാൻ വലിയ പ്രയാസം ഒന്നുമില്ല. അതിനു തയ്യാറാകേണ്ടത് കുട്ടിക്കൂട്ടങ്ങളെ തയ്യാറാക്കുന്ന രക്ഷിതാക്കൾ തന്നെ ആണ്. അങ്ങനെ നമുക്ക് മാറാൻ കഴിഞ്ഞാൽ ഒരു സിന്തറ്റിക് ഡ്രഗ്സിന്റെയും എം.ഡി. എം.എയുടെയും ബോധവൽക്കരണക്ലാസുമായി നടക്കേണ്ട ഗതികേട് നമുക്ക് വരില്ല.

കുട്ടികളുടെ സ്വപ്നങ്ങൾ, അവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ… അതെല്ലാം കൃത്യമായി തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകളെ കൃത്യമായി മനസിലാക്കി നമ്മുടെ (രക്ഷിതാക്കൾ) പിന്തുണയോടു കൂടി ഇന്നീ ലോകത്തു ലഭിക്കാവുന്ന എല്ലാ നല്ല അവസരങ്ങളെയും തുറന്നുകാണിക്കാനും, അവർക്കൊപ്പം ഇരിക്കാനും, അവർക്കായി സമയം ചിലവഴിക്കാനും കഴിയണം. അവരുടെ സ്വപ്നങ്ങൾ,അവരുടെ പ്രതീക്ഷകൾ, അവരുടെ ഇഷ്ടങ്ങൾ, കണ്ടറിഞ്ഞ് അതിലെ താരങ്ങളെപ്പോലെ അവർക്കൊപ്പം പറക്കാൻ നമുക്കും സാധിക്കണം. നാട് അവരാൽ അറിയപ്പെടണം. രാജ്യം അവരെ ചേർത്തുനിർത്തണം. പുതിയ കളിക്കളങ്ങളും ആരവങ്ങളും അവരെ ജീവിതത്തിന്റെ പുതിയ ലഹരിയിലേക്ക് കൊണ്ടുവരണം. പരസ്പര സൗഹൃദങ്ങളുടെയും മതേതര പ്രതീക്ഷകളുടെയും ഇടങ്ങളായി അവരുടെ മൈതാനങ്ങളെ നെഞ്ചിലേറ്റണം. ക്യാമ്പുകൾ പ്രതിസന്ധികളെ തരണം ചെയ്യുവാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനും പ്രാപ്തമാക്കുന്നവയാകണം. ട്രാഫിക് നിയമങ്ങൾ ലൈസൻസ് എടുക്കുന്നതിന് മുന്നോടിയായി തന്നെ കൃത്യമായി പഠിക്കേണ്ടത് അനിവാര്യം എന്ന ഒരു പൊതുബോധം ശീലമാക്കിയവരാണ് നമ്മളേറെയും. കൊച്ചുകുട്ടി ആയിരിക്കുമ്പോൾ തന്നെ കളിക്കളങ്ങളിലെ നിയമങ്ങളെ അനുസരിച്ചുകൊണ്ട് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സാമൂഹികമായ നിയമങ്ങൾ അറിയാതെയും അറിഞ്ഞും ശീലമാക്കപ്പെടണം. അതിനു പറ്റിയ പാഠശാല ക്ലാസ് മുറിയേക്കാൾ എന്തുകൊണ്ടും മികച്ചത് മൈതാനങ്ങളുടെ വിശാലമായ ഭൂമിക തന്നെയാണ്.

കൗമാര കായിക കേരളത്തിന് കിതപ്പ് നേരിട്ടിട്ടുണ്ടെങ്കിൽ ഒരു തർക്കവും വേണ്ട, നിങ്ങളുടെ നാട്ടിലെ മൈതാനങ്ങൾ അനാഥമായിരിക്കുന്നു എന്നാണ് അർത്ഥം. അത് കേവലം മൈതാനങ്ങളുടെ ഒറ്റപ്പെടൽ അല്ല, മറിച്ച് ഓരോ വ്യക്തിയും ഒറ്റപ്പെടുന്നു എന്നു വേണം അനുമാനിക്കാൻ. പുതിയ കാലത്തിന് ഏറ്റവും ഹൃദ്യമായി ചേർത്തു പിടിക്കാൻ കഴിയുന്ന ഒന്നായി, സംസ്കാരത്തിന്റെ പ്രതീകമായി കളിക്കളങ്ങളിലെ സാക്ഷരത വലിയ തോതിൽ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും നമ്മൾ തയ്യാറാകണം. നമ്മുടെ കുട്ടികൾക്ക് വേണ്ടി മാത്രമല്ല, ഈ സമൂഹത്തിന്റെ, ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രതിബദ്ധത കൂടിയാണത്. ജീവനുള്ള ശരീരം ചലിക്കണം. ആ ചലനം നാടിന്റെ ചലനം കൂടിയാണ്. അടച്ചു പൂട്ടിയ വിദ്യാഭ്യാസത്തിനെയും പുതിയകാലത്തെ ജീവിതരീതികളെയും അട്ടിമറിക്കാൻ പുതിയ വ്യവസ്ഥിതി രൂപപ്പെടുത്താൻ നാം ഇനിയും വൈകിയിട്ടില്ല. കാലം തുടരെത്തുടരെ നമ്മളോടത് ആവശ്യപ്പെടുന്നു.

വ്യത്യസ്തങ്ങളായ മുഖങ്ങളാണ് വിവിധ ക്യാമ്പുകളിൽ. പ്രതിഭകളായ വിദ്യാർത്ഥികളുടെ ബഹുമുഖങ്ങളായ വളർച്ചയും വികാസവും നേട്ടങ്ങളും ലക്ഷ്യം വെച്ചുകൊണ്ടുള്ള നൂതന ആശയ സംവിധാനങ്ങൾ പദ്ധതികളായി തയ്യാറാക്കുകയാണിവിടെ. പദ്ധതികളുടെ വിജയത്തിനായി രക്ഷിതാക്കൾ മുതൽ പ്രൊഫഷണൽസ്, ജനപ്രതിനിധികൾ, തുടങ്ങിയവരുടെ ഇടപെടലുകൾ, തീരുമാനങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക പാരൻറ്സ് മീറ്റിംഗ്, സ്റ്റുഡൻസ് മീറ്റിംഗ്. കൂടാതെ മോട്ടിവേഷൻ ക്ലാസുകൾ, യോഗ പരിശീലനം, ന്യൂട്രീഷൻ-വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ, പരിക്കുകൾ വരാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ. സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന സംഗമങ്ങൾ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും. ഇങ്ങനെ തുടങ്ങി വിവിധങ്ങളായ ക്രിയാത്മക പ്രവർത്തനങ്ങൾ, സംവിധാനങ്ങൾ നമുക്കിടയിൽ സജീവമാകുകയാണ്.

ഒരു കരിയർ ഗൈഡിന്റെയും പിന്തുണ ഇവിടെ വേണ്ട. അന്വേഷണം മുതൽ…. വിജയം വരെ…! “ഇനി എന്തായില്ലെങ്കിലും നമ്മുടെ കുട്ടിക്കാരോഗ്യമുണ്ടാകുമല്ലോ” ഇങ്ങനെ ഒരു വാചകം ക്യാമ്പിലെ ഒരു രക്ഷിതാവിൽ നിന്നും കേൾക്കാനിടവന്നപ്പോൾ അത് യഥാർത്ഥത്തിൽ വിരൽ ചൂണ്ടിയത് “ഈ വിപ്ലവം വിജയിക്കട്ടെ..” എന്ന നല്ല വാചകത്തിലേക്കു തന്നെയല്ലേ. അതെ, കാലത്തിന്റെ അനിവാര്യമായ നല്ല മാറ്റങ്ങൾക്കു വേണ്ടി നമ്മുടെ മക്കൾക്ക്‌ അവസരങ്ങളൊരുക്കിക്കൊടുക്കാം. ആ ചിറകിലേറി അവർ പറക്കട്ടെ…. ലോകം മുഴുവൻ…. ലോക നന്മക്കായി… കരുത്തോടെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...