(കവിത)
നീതു കെ ആര്‍
രാവു പകലായും
പകൽ രാവായും
സമയ സൂചികകൾ
തെറ്റിയോടുന്ന
ഘടികാരമായവൾ;
ഉള്ളുരുക്കത്താൽ
പാതിയിലേറെ
ചത്തുപോയവൾ;
അന്യമായ രുചികൾ
പുളിച്ചു തികട്ടി
വശം കെട്ടവൾ.
ഇരുണ്ട ദ്വീപിൽ നിന്നും
തനിയേ തുഴഞ്ഞ്
കര തേടിയിറങ്ങുന്നു…
ക്ഷീണം,
തുഴക്കോലിൻ ഭാരം,
ജലത്തിൻ ഒഴുക്ക്
അതികഠിനമീ തുഴയൽ.
കരയണയാനുള്ള
അവളുടെ വാശിയിൽ
കാറ്റ് കുളിരേകി..
ജലം പതിയെ ഒഴുകി ..
വെളിച്ചപ്പൊട്ടുകൾ
തിളങ്ങുന്ന രാവുകൾ
പിൻതള്ളി ഒഴുകവെ …
പിന്നെയും… നോവു കാലം
പേ പിടിച്ച മഴക്കാലം.
മഴ കനക്കിലും കര കവിയിലും
പുഴ കടക്കാൻ
ഒരൊറ്റത്തുഴയുടെ
താഴ്ച മാത്രം മതിയെന്നുറക്കെ
തുഴപ്പാട്ടു ചൊല്ലി
അവൾ
മുന്നോട്ട് … മുന്നോട്ട്..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല