കവിത
ജയലക്ഷ്മി ജി
ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി
തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ
ഇടംകൊടുക്കാതെ അയാൾ നടന്നകന്നു
മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും,
പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി
ഒരിക്കൽ എന്റെ സ്വപ്നത്തിൽ,
ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി
അയാൾ വീട്ടിൽ കയറി വന്നു
ഓർമ്മകളിലൊന്നിനെയെങ്കിലും
വാങ്ങി വളർത്താൻ എന്നോടു കെഞ്ചി
പഴയ ഓർമ്മകളെ വീട്ടിൽ കയറ്റരുതെന്ന്
പുത്തനോർമ്മകളെ അടുക്കിയൊതുക്കുന്ന തലച്ചോറാജ്ഞാപിച്ചു
ഉറക്കം വിട്ടുണർന്നപ്പോൾ കട്ടിലിൻകീഴെ
‘അത് നീയായിരുന്നു’ എന്ന കുറിപ്പിൽ പൊതിഞ്ഞ കുറേ ഓർമ്മകൾ
കൈനീട്ടി വിളിക്കുന്നു.