നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

0
149

ഓർമ്മക്കുറിപ്പ്

സുബൈർ സിന്ദഗി

ഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.

കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും ഇരുപത്തിഏഴാം രാവുമാണ് എന്ന സത്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും വ്യക്തമായ അറിവുണ്ടെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. എല്ലാവർക്കും അവരവരുടെ ഓർമ്മകൾ ഉണ്ടാവും. എന്റെ നോമ്പ് തുറ ഓർമ്മകൾക്ക് നിറം പകരുന്നത് മൂത്താപ്പാക്ക് വേണ്ടി വിളമ്പി വെക്കുന്ന നോമ്പ് തുറ വിഭവങ്ങൾ ആരുമറിയാതെ അകത്താക്കുന്ന എന്റെ തന്നെ അന്നത്തെ അക്രമമാണ്.

മൂത്താപ്പയെ മ്മാട്ത്തെ വാപ്പാന്നും, മൂത്തുമ്മയെ വാപ്പാട്ത്തെമ്മ എന്നുമാണ് കുട്ടിക്കാലം മുതൽ വിളിച്ചു ശീലിച്ചതും, ഓർമ്മകളിൽ നിറഞ്ഞു നിന്ന ദുഖങ്ങളും അവർ തന്നെയാണ്. രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.

കുട്ടിക്കാലത്ത് മഗ്‌രിബ് ബാങ്ക് വിളിച്ചാൽ ഉടനെ തന്നെ കഴിക്കണം എന്ന നിർബന്ധമാണ് ശെരിക്കും. എന്നാലും അത്യാവശ്യം വേണ്ടുന്ന പൊരിക്കടികളൊക്കെ കഴിച്ചു കഴിഞ്ഞാൽ ഉമ്മ പറയും പള്ളിയിൽ പോയി വന്നിട്ട് കഴിക്കാം എന്ന്. പക്ഷെ ഞാൻ പള്ളിയിൽ പോവാണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാൽ ചിലപ്പോൾ മാത്രമാണ് പള്ളിയിൽ എത്തുക.

ഉമ്മ നിസ്കരിച്ചോ എന്ന് നോക്കുന്നത് നെറ്റിയിൽ മുടിയോട് കൂടി തലോടിയാണ്. വെള്ളം കൊണ്ട് തല തടവിയ നനവാണ് ഉമ്മ നോക്കുന്നത്. പലപ്പോഴും വാപ്പാട്ത്തമ്മാടെ വീടിന്റെ അടുക്കള ഭാഗത്ത്‌ വെള്ളം കോരി നിറച്ചു വെച്ച കുടങ്ങൾ, അലുമിനിയ ചെമ്പുകൾ, വട്ട പാത്രങ്ങൾ ഒക്കെ ഉണ്ടാവും. ഇതിൽ ഏതിലെങ്കിലും ഒന്നിൽ കൈ നനച്ചു തലയിൽ തലോടി ഉമ്മയെ ബോധ്യപ്പെടുത്തുന്ന നാടകമാണ് നടക്കാറുള്ളത്.

നോമ്പ് കാലങ്ങളിൽ വലിയ ഇത്ത നോമ്പ് തുറന്നു നിസ്കാരം കഴിഞ്ഞു വന്നാൽ വാപ്പാക്ക് കഴിക്കാനുള്ള ദോശയോ, പത്തിരിയോ അതിലേക്ക് നന്നായി തേങ്ങയരച്ചു വെച്ച മുട്ടക്കറിയൊ മറ്റോ ആയിരിക്കും. ഇറച്ചി അപൂർവം മാത്രമാണ് ഉണ്ടാവുക. മുപ്പത് വർഷങ്ങൾക്ക് മുൻപാണ്. അഥവാ കോഴി ഉണ്ടെങ്കിൽ തന്നെ നാടൻ കോഴിക്കാണ് കൂടുതൽ സാധ്യതയും. ഓലമേഞ്ഞ, നല്ലത് പോലെ ചാന്തൊക്കെ ഇട്ടു മിനുക്കിയ തിണ്ണയുള്ള മനോഹരമായ വീടുകളാണ് അന്ന് എപിജെ നഗർ മുഴുവനും.
ആ തിണ്ണയിൽ രണ്ടു മൂന്നു പാത്രങ്ങൾ ഇത്ത പ്രത്യേകം പ്രത്യേകം മൂടി വെച്ചിട്ടുണ്ടാവും. മിക്ക ദിവസങ്ങളിലും അത് തീരുമാനമാക്കുന്ന വ്യക്തി ഞാൻ തന്നെയാണ്. നേരത്തെ അത് മനസ്സിലാക്കാൻ ഇത്താക്കും വാപ്പാക്കും കഴിഞ്ഞിരുന്നില്ല.

ഇത്ത നിസ്കാരത്തിലാണെങ്കിൽ വാപ്പാക്ക് പ്രയാസം ഉണ്ടാവേണ്ട എന്ന് കരുതിയാണ് എല്ലാം സെറ്റാക്കി വെക്കുന്നത്..

വാപ്പാട്ത്തെ ഉമ്മയും നിസ്കാരത്തിൽ ആവും. ഈ സമയത്താണ് പൂച്ചക്ക് ബദലായി എന്റെ സന്ദർശനം. ഞാൻ ചെല്ലുന്നു. പാത്രങ്ങൾ ഓരോന്നായി തുറക്കുന്നു. ആവശ്യം ഉള്ളവ കഴിക്കുന്നു.  മുറ്റത്തെ ഇറക്കിലായി കൈ കഴുകാൻ ഒരു ബക്കറ്റ് വെള്ളവും അതിലൊരു കപ്പും വെച്ചിട്ടുണ്ടാവും, അല്ലെങ്കിൽ കിണ്ടിയിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ടാവും. പാത്രം കഴുകി വൃത്തിയാക്കി ഈ അടുത്ത കാലത്തൊന്നും ഞാൻ ആ പരിസരത്തെ പോയിട്ടില്ല എന്ന രീതിയിൽ മെല്ലെ പോകും.

പാവം വാപ്പ നിസ്കാരം കഴിഞ്ഞു വന്നാൽ ഒന്നും പരാതി പറയാനോ, ഇത്താനോട് ഒന്നും ചോദിക്കാനോ നിക്കാറില്ല.

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന പോലെ ഒരു ദിവസം ഇത്ത എന്തോ ഒരു സാധനം കൊണ്ടെന്നു വെക്കാൻ മറന്ന് പോയിരുന്നു. അത് വെക്കാനായി വന്നപ്പോഴാണ് നമ്മുടെ മനോഹരമായ സംഘ ഗാനം ഒറ്റക്ക് പാടും എന്ന് പറഞ്ഞ പോലെ ഒറ്റക്കൊരാളുടെ സമൂഹ നോമ്പ് തുറ നടക്കുന്നത്. ഇത്താക്ക് നോക്കി ചിരിക്കാൻ അല്ലാതെ വേറെ വഴിയില്ലായിരുന്നു.

അന്ന് ആ കഥ വാപ്പ നിസ്കാരം കഴിഞ്ഞു വന്ന സമയത്ത് ഇത്ത പറഞ്ഞപ്പോഴാണ് പാത്രത്തിലേ ഭക്ഷണത്തിന്റെ കുറവ് തിരിച്ചറിഞ്ഞത്.

പിന്നീട് നമുക്കുള്ള ഓഹരി വേറെ തന്നെ ഉമ്മറത്തെ തിണ്ണയിൽ ഇടം പിടിച്ചു. കേമമായ രണ്ടു നോമ്പ് തുറകളും ആഘോഷമാക്കി നമ്മളങ്ങനെ കുട്ടിക്കാലം മുന്നോട്ട് കൊണ്ട് പോയി. കുട്ടിക്കാലത്തു നോമ്പ് പിടുത്തവും ഇത് പോലെ കുറേ കുസൃതികൾ കൊണ്ട് സമ്പന്നമാണ്. വൈകാതെ വായിക്കാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here