തോന്നൽ

0
183

(കവിത)

ജയകുമാർ മല്ലപ്പള്ളി

 

എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ
കാടിറങ്ങുന്നു .
അടവിയിലെ ഇടവഴി അവന്റേതെന്നും
എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ.
വാക്ക്‌ പോരിനൊടുവിൽ
ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക്
വിരൽ നീണ്ടപ്പോൾ
അവന്റെ കണ്ണുകളിൽ പുച്ഛം!
പരിസ്ഥിതി ലോല-
പ്രശ്നരഹിത പ്രദേശമെന്ന് പറയവേ
‘വാടകക്കാരൻ’ എന്ന അവന്റെ
അഭിസംബോധനയിൽ ജാള്യത തോന്നി.
അവന്റെ സഞ്ചാരപഥത്തിൽ
കുടിൽ കെട്ടി കൃഷിയിറക്കാൻ
എനിക്കെന്ത് അവകാശം
എന്ന ചോദ്യത്തിൽ ശൗര്യമുണ്ടായിരുന്നു.
കാടിറങ്ങി കുതറി,മുളങ്കാട്ടിൽ-
ഉടലാട്ടി വിളനിലമുഴുത്
കൊമ്പു ചേർത്തും, ചിന്നം വിളിച്ചും
അരി തിരഞ്ഞ വന്യതയുടെ ദിനരാത്രങ്ങൾ.
നിലാവിൽ ഇടതൂർന്ന മരങ്ങൾക്കും
കെട്ടിടങ്ങൾക്കും ഇടയിൽ
മസ്തകം ഉയർത്തി നിന്നവന്റെ കണ്ണുകളിൽ
ഇരുൾ കനക്കുന്നു.
വെളുപ്പിന് കണ്ട സ്വപ്നത്തിനൊടുവിൽ
ഇല കൊഴിഞ്ഞ്, പൂവടർന്ന കാട്ടുപാതയിൽ
ഒരു ലോറി ഇരമ്പുന്നു, അതിൽ-
മുറിവ് പറ്റിയ ഒരു തുമ്പിക്കൈയ്യുടെ പരതൽ

ചിത്രീകരണം: മിഥുന്‍ കെ.ക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here