നീ മരിച്ചുപോയെന്നറിയുമ്പോൾ

0
317

കവിത

ഹരിത എച്ച് ദാസ്

പരിചിതമായ വഴികൾ
പതിവില്ലാതെ നീണ്ടുതുടങ്ങും
മുന്നോട്ട് നടക്കും തോറും
കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം
പാളി പാളി വീണുകൊണ്ടിരിക്കും
അത്രയും പ്രിയപ്പെട്ട…അത്രയും…
ചുണ്ടുകൾ വിറകൊള്ളും
ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട്
തണുത്തുറഞ്ഞു നിശബ്ദതയിലാഴും
മടിച്ചു മടിച്ചു കടന്നു വരുന്ന
അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി
ആരോടെന്നില്ലാതെ പറയും
ഇവിടം മുഴുവൻ നീയാണെടോ…

നീ അടുത്തെത്തുമ്പോൾ
മാത്രം പൂക്കുന്ന തണൽ മരങ്ങൾ
നീ കൈനീട്ടുമ്പോൾ
ഓരം പറ്റി വരുന്ന പൂച്ച
നീ തൊടുമ്പോൾ മാത്രം
ഉണരുന്ന മനുഷ്യർ
നീ ഊതുമ്പോൾ
ഉണങ്ങുന്ന മുറിവുകൾ
നീ അരികിലിരിക്കുമ്പോൾ
കുറയുന്ന പനിച്ചൂട്

മൗനത്തെ ചുരുട്ടിപ്പിടിച്ച്
കണ്ണുകൾ കോർക്കാതെ
ബദ്ധപ്പെട്ട് അകത്തേക്ക് നീങ്ങുമ്പോൾ
ചുറ്റോടുചുറ്റും നീളുന്നു
നിന്റെ വിരലുകളാൽ മാത്രം
നികത്താനാവുന്ന വിടവുകൾ

ചിത്രീകരണം: മിഥുന്‍ കെ.കെ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here