നാട് കടക്കും വാക്കുകൾ –’നാഥൻ’

0
197

അനിലേഷ് അനുരാഗ്

ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു മരണവീട്ടിൽ പോകുന്നത്. ചെമ്മണ്ണുപുരണ്ട നാട്ടിടവഴിയിലൂടെ നടന്ന്, കരിമ്പാറക്കെട്ടുകൾ നിറഞ്ഞുനിന്ന ഒരു വെളിമ്പറമ്പ് കഴിഞ്ഞാലെത്തുന്ന ഓടിട്ട പഴയ വീട്ടിൽ തൂങ്ങി മരിച്ചയാളുടെ ശവം താഴെയിറക്കി പുല്ലുപായയിൽ ഒരു മുണ്ട് പുതപ്പിച്ചുകിടത്തിയിരിക്കുകയായിരുന്നു. അമ്മയുടെ പരിചയക്കാരിയായ, ഏറെ സൗമ്യയായ ശാന്തേച്ചി ആത്മാഹുതി ചെയ്ത ഭർത്താവിൻ്റെ മൃതശരീരത്തിനരികെ, ചാണകം തേച്ച തറയിൽ, മൺകട്ട കൊണ്ട് പടുത്ത ചുമരിൽ ചാരിയിരുന്ന് മുടി അഴിഞ്ഞുലഞ്ഞ തൻ്റെ ശിരസ്സിലും, നെഞ്ചിലും മാറി മാറി അടിച്ചുകൊണ്ട് ദുർബ്ബലമായ ശബ്ദത്തിൽ വിലപിച്ചുകൊണ്ടിരുന്നു. ആ സാഹചര്യത്തിൽ ഒട്ടും ആശാസ്യമല്ല എന്നറിഞ്ഞിട്ടും ഒരു ബാലൻ്റെ ജിജ്ഞാസയോടെ ഞാനവരുടെ വിലാപത്തിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ അനൗചിത്യത്തിൽ നിന്നാണ് ആ വാക്ക് ആദ്യമായി എൻ്റെ മനസ്സിൻ്റെ ശബ്ദതാരാവലിയിൽ ഇടംപിടിക്കുന്നത്: നാഥൻ.

ശാന്തേച്ചിയുടെ സത്യവിലാപത്തിെല്ല “എൻ്റെ നാഥാ” എന്നുള്ള അഭിസംബോധന ഞാനെന്ന അന്നത്തെ ഒൻപതു വയസ്സുകാരനിലുണ്ടാക്കിയ കൗതുകവും, അമ്പരപ്പും ഒട്ടും കുറഞ്ഞതായിരുന്നില്ല. കണ്ണിൽ കാണുന്നതെല്ലാം ആവേശത്തോട വായിക്കുന്ന എൽ.പി. സ്കൂൾ കാലത്തിൽ, കഴിഞ്ഞ കൊല്ലത്തെ കലണ്ടർ കൊണ്ട് പൊതിയിട്ട റേഷൻ കാർഡിൻ്റെ ഉള്ളിലെ കള്ളികളിലായാണ് അന്ന് കേട്ട നാഥൻ്റെ അടുത്ത അടയാളം ഞാൻ കാണുന്നത് : കുടുംബനാഥനും, കുടുംബനാഥയും.
പദോല്പത്തിയിലേക്ക് പോയാൽ രക്ഷിക്കുന്നവൻ, ഭർത്താവു്, രാജാവ് എന്നൊക്കെയാണ് ‘നാഥൻ്റെ’ അർത്ഥങ്ങൾ. കൈക്കൊള്ളുന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രം വസ്തുക്കളെയെന്നതുപോലെ  മനുഷ്യരെയും കണക്കാക്കിയിരുന്ന കാലഘട്ടത്തിൽ യജമാനൻ എന്നർത്ഥമുള്ള ‘നതഹ’ എന്ന സംസ്കൃതപദം തമിഴിലേക്ക് കടന്നപ്പോഴാണ് ഇന്നത്തെ അർത്ഥത്തിലുള്ള നാഥനും, നാഥയും ഉണ്ടായിവന്നതെന്നാണ് അറിയാൻ കഴിയുന്നത്. അതെന്തായാലും, ‘ഉടയോനെയും’, ‘പെരുമാളിനേയും’ പോലെ ‘നാഥനും’ അധികാരം കൈയ്യാളുന്നവനാണ്. ഭാരതത്തിലെ പുരുഷാധിപത്യ സമൂഹത്തിൻ്റെ പ്രതിഫലനം നാഥനോട് ഒട്ടും ആനുപാതികമല്ലാത്ത നാഥയുടെ കുറഞ്ഞ പ്രചാരത്തിൽ തെളിഞ്ഞുവരും.

സാമൂഹിക-രാഷ്ട്രീയ അധികാരമണ്ഡലങ്ങൾ വിട്ടിറങ്ങിയ ‘നാഥനെ’ പിന്നീട് ഞാൻ കണ്ടുമുട്ടുന്നത് ബൈബിളിലാണ്. യേശുനാഥൻ, ക്രിസ്തുനാഥൻ എന്നിങ്ങനെയുള്ള പരിചിതപദങ്ങളിലൊക്കെയുള്ള നാഥൻ്റെ ഇംഗ്ലീഷ് മൂലപദം രാജാവ് തലപ്പത്ത് വരുന്ന യൂറോപ്യൻ സാമൂഹിക മേൽ-കീഴ് വ്യവസ്ഥയിൽ അടയാളപ്പെടുത്താവുന്ന അധികാരി, രക്ഷകന്‍, ദേവന്‍, രക്ഷിതാവ്‌, ഭൂവുടമ, ഭരണാധികാരി എന്ന അർത്ഥങ്ങളെല്ലാമുള്ള ‘ലോഡ്’ (Lord) ആയിരിക്കണം. തങ്ങളുടെ സ്വത്തിലും, ജീവനിലുമുള്ള കെട്ടിയവൻ്റെ അധികാരം കൊണ്ടായിരിക്കണം അന്നത്തെ സ്ത്രീകൾ ഭർത്താക്കന്മാരെ ‘മൈ ലോഡ്’ (My Lord) എന്ന് അഭിസംബോധന ചെയ്തത്.

ഇങ്ങനെയൊരു അസന്തുലിത അധികാരപ്രയോഗവുമായി ബന്ധപ്പെട്ടാണ് നിർമ്മിക്കപ്പെടുകയും, പ്രചരിക്കപ്പെടുകയും ചെയ്തതെങ്കിലും സാമൂഹിക വിവേചനങ്ങളെ അതിലംഘിയ്ക്കുന്ന ആത്മീയതയിലൂന്നിയ മനുഷ്യർ ഭക്തി എന്ന പ്രണയത്തിലൂടെ ലോഡിന് നാഥൻ എന്ന മൊഴിമാറ്റം നല്കി. യൂറോപ്പിൽ തന്നെയാരംഭിച്ച ലോഡിൻ്റെ ഈ അധികാരവിമുക്തമായ പ്രണയാർത്ഥമാണ് കാനായിലെ കല്ല്യാണത്തെക്കുറിച്ച് (പച്ചവെള്ളം മുന്തിരിച്ചാറായ അതിശയം) “ജലം അവളുടെ നാഥനെ ദർശിച്ചപ്പോൾ ലജ്ജാവിവർണ്ണയായി” (Water, when she saw her Lord, Blushed) എന്ന് ഡ്രെയിറ്റനെ (Drayton) കൊണ്ട് എഴുതിപ്പിച്ചത്. സസൂക്ഷ്മം വായിച്ചാൽ, രണ്ടാം ക്രിസ്തുവെന്നറിയപ്പെട്ട സെൻ്റ് ഫ്രാൻസിസ് അസ്സീസിയുടെ പ്രശസ്തമായ പ്രാർത്ഥനയുടെ, “O Lord, Make me an instrument of thy peace” ഹൃദയപൂർവ്വമായ മലയാളം മൊഴിമാറ്റം, “അല്ലയോ നാഥാ, എന്നെ അങ്ങയുടെ സ്വാസ്ഥ്യത്തിൻ്റെ ഉപകരണമാക്കൂ” എന്നായിരിക്കും. ഉല്പത്തിയിലും, കഥാപാത്രങ്ങളിലുമുള്ള സെമിറ്റിക് മതങ്ങളുടെ കൊള്ളക്കൊടുക്കൽ കാരണമാകാം ഖുറാൻ – ഹദീസ് വചനങ്ങളുടെ മലയാളം തർജ്ജമകളിലും സൃഷ്‌ടികര്‍ത്താവ്‌ എന്ന അർത്ഥത്തിൽ ‘നാഥൻ’ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്നാൽ, മൂലധാതു സംസ്കൃതമായതിനാൽ നാഥൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ദൈവശാസ്ത്രം സംശയലേശമെന്യെ ഹിന്ദുമതത്തിൻ്റെതാണ്. ‘പ്രഭു’, ‘സ്വാമി’, ‘അപ്പൻ’ എന്നീ ജനകീയ സംജ്ഞകൾ പ്രചുരപ്രചാരത്തിലുണ്ടെങ്കിലും ഇന്നും നിരവധി ഹിന്ദു ദേവന്മാരുടെ അനൗദ്യോഗികനാമങ്ങൾ നാഥനുമായി കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് – ജഗന്നാഥൻ, വൈദ്യനാഥൻ, ഭൂതനാഥൻ, സ്വാമിനാഥൻ, കാശീനാഥൻ – കാണാൻ കഴിയും.

അദ്വൈതാനുഭവത്തിൻ്റെ ആത്മീയതയിലൂടെ മതത്തിൻ്റെ കാർക്കശ്യങ്ങളെ അവഗണിച്ച് തടകളില്ലാത്ത അടുപ്പങ്ങളിലേക്കിറങ്ങിയ ‘നാഥന്’ അനുഭൂതികളുടെ അനുഭവമായ പ്രണയത്തിലേക്കിറങ്ങാതിരിക്കാൻ വയ്യല്ലോ. ഔന്നത്യത്തിലേക്ക് സ്വയം അർപ്പിക്കുന്ന മനുഷ്യമനസ്സിന് ഉപാധിരഹിതവും, അപാരവുമായ അപരചൈതന്യത്തെ അഭിസംബോധന ചെയ്യാൻ ‘നാഥനിലും’ ഉപരിയായൊരു പദമുണ്ടായിരുന്നില്ല എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് ദൈവവും, കാമുകനും ഒന്നായുറയുന്ന ബിംബങ്ങളുള്ള ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യും, ജി.ശങ്കരക്കുറുപ്പിൻ്റെ ‘സൂര്യകാന്തി’യും. ‘ആര്യപുത്രനെ’ പോലെ വംശീയമോ, വർഗ്ഗീയമോ ആയ വിവേചനങ്ങളുൾക്കൊള്ളാത്ത ‘നാഥൻ’ പ്രണയസമ്പന്നമായ ഏത് ഹൃദയ ക്കൾക്കും പ്രാപ്യമാണ്.
മീരാബായിയിലും, ജനാബായിയിലും, അക്ക മഹാദേവിയിലും പ്രസരിച്ച പ്രണയത്തിൻ്റെ നിഗൂഡതയോളം ചെല്ലാൻ ഒരുമ്പെടാത്തവർക്കും, അവരുടെ നൈമിഷിക പാരസ്പര്യങ്ങൾക്കും വേണ്ടി വാക്കുകളന്വേഷിച്ച് പോയ കവികളും, ഗാനരചയിതാക്കളും എത്തിച്ചേർന്നതും ‘നാഥനി’ലായിരുന്നു. അങ്ങനെയാണ് മലയാളമുള്ള കാലത്തോളം മലയാളികൾ നെഞ്ചോടടക്കിപ്പിടിയ്ക്കുന്ന ആ ഹൃദയാനുഭൂതിയുടെ വരികൾ, “നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു…” പൂവച്ചൽ ഖാദറെന്ന കവി എഴുതുന്നത്.

സറീനാ വഹാബ് എന്ന വിശാഖപട്ടണംകാരി യുവതി കേരളത്തിലെ ഒരു തറവാട്ടുകുളത്തിലെ കുളിയും കഴിഞ്ഞ്, സെറ്റ് മുണ്ടും, നേര്യതുമിട്ട് തിരിച്ചുപോകുമ്പോൾ പ്രിയതമനെ ഓർത്ത് മനസ്സിൽ പാടിയ പാട്ടിന് ഇപ്പോൾ നാല്പത്തിമൂന്ന് വയസ്സാകുന്നു. മറ്റെല്ലാറ്റിനുമൊപ്പം പ്രണയകല്പനകൾക്കും വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നു. അർപ്പണം എന്ന ഉന്നത മനോഭാവം അപ്രത്യക്ഷമാകുന്നൊരു കാലം  ‘നാഥനും’ കനവും, ലാവണ്യവുമില്ലാത്ത ഒരു ശബ്ദം മാത്രമായി മാറിയേക്കാം. അന്ന് അർപ്പിത ഹൃദയങ്ങൾക്കു പകരം ശബ്ദതാരാവലികളിൽ മാത്രമായിരിക്കാം അതിനിടമുണ്ടാവുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here