HomeTHE ARTERIASEQUEL 102ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

Published on

spot_img

ലേഖനം

കെ ടി അഫ്സൽ പാണ്ടിക്കാട്
പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം ചർച്ചകളിൽ കാര്യമായി എഴുത്തുകാരന്റെ ശൈലി, എഴുതിയ സാഹചര്യം, എഴുത്തുകാരൻ എടുത്ത നിലപാടുകൾ, എഴുത്തുകാരന്റെ ആന്തരിക ചോദനകൾ എത്രത്തോളം സ്വാധീനിച്ചു എന്നൊക്കെയായിരിക്കും പ്രധാന വിഷയങ്ങൾ. മലയാള സാഹിത്യത്തിൽ എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന അപൂർവ എഴുത്തുക്കാരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ കൃതികൾ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ സാഹിത്യത്തിൽ കവിഞ്ഞ് സൂഫിസം എന്ന തലത്തിലൂടെ വീക്ഷിക്കേണ്ടത് പ്രസക്തമാണ്. സാധാരണ എഴുത്തുകാർ വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങളായിരിക്കും അവനെ സൂഫി രചനകളിലേക്ക് നയിക്കുന്നത്. എന്നാൽ ബഷീറിന്റെ കാര്യത്തിൽ ഇത് തീർത്തും വ്യത്യസ്തമാണ്. ബഷീറിന്റെ ജീവിതവും വൈകാരിക നിമിഷങ്ങളുമാണ് അദ്ദേഹത്തിൽ സൂഫി ചിന്തകൾ ഉടലെടുക്കാൻ ഹേതുവായത്. അദ്ദേഹത്തിന്റെ വാക്കുകളിലും ചിന്തകളിലും അത് വ്യക്തവുമാണ്. എങ്ങും എത്താതിരുന്ന മലയാളസാഹിത്യത്തെ ഇന്ന് കാണുന്ന പരിഷ്കാരത്തിലേക്ക് നയിക്കുന്നതിൽ ബഷീറിന്റെ സൂഫി രചനകൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബഷീർ കൃതികൾ ഏറെ ചർച്ചകൾക്ക് വിധേയമായിട്ടുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ അവ എഴുത്ത് ശൈലിയിലും ഘടനയിലും ഒതുങ്ങി നിൽക്കുന്നതായിരുന്നു. എങ്കിലും ഏറെ ചർച്ച ചെയ്യപ്പെടാത്തതും പ്രകടമാവാത്തതുമായ വിഭാഗമാണ് ബഷീർ എഴുത്തിലെ സൂഫി സാന്നിധ്യം.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ലോകത്തിലെ പല കോണുകളിലും സൂഫി രചനകൾ വിരചിതമാവുകയും വായനക്കാരിൽ അവ ഏറെ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. എന്നാൽ കേരളക്കരയിൽ അത്തരം രചനകളുടെ അഭാവം എടുത്തു കാണിക്കുന്നതായിരുന്നു. ആ വിടവിലേക്കാണ് ബഷീറും ബഷീറിയൻ കൃതികളും കടന്നുവരുന്നത്. പണ്ടുമുതൽക്കേയുള്ള കവിതകളെ അടിസ്ഥാനമാക്കിയുള്ള സൂഫി രചനകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ബഷീറിയൻ കൃതികൾ. കഥകളിലൂടെയും നോവലുകളിലൂടെയുമായിരുന്നു ബഷീറിന്റെ സൂഫി ദർശനങ്ങൾ ലോകം കണ്ടത്.
ഒരുപക്ഷേ അദ്ദേഹത്തിന്റെ കൃതികളിൽ ഒറ്റ മാത്രയിൽ വായനക്കാർക്ക് സൂഫി ദർശനങ്ങൾ കാണാൻ സാധിച്ചോളണമെന്നില്ല. എങ്കിലും സൂക്ഷ്മമായ വായനയിലൂടെ ബഷീറിയൻ കൃതികളെ സമീപിച്ചാൽ അനന്തമായ സൂഫിദർശനങ്ങളിലേക്ക് നമുക്ക് എത്താനാകും. ബഷീറിന്റെ ഓരോ കൃതികളിലും വായനക്കാർക്ക് സൂഫി ദർശനങ്ങൾ കാണാൻ സാധിക്കും. ഭൂമിയുടെ അവകാശികൾ, മതിലുകൾ, ലാഇലാഹി, വിശപ്പ് തുടങ്ങിയ ഒട്ടുമിക്ക കൃതികളിലും സൂഫിദർശനങ്ങൾ അന്തർലീനമായി കിടക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ജീവിതത്തിൽ വിപ്ലവത്തിന്റെയും വിഭ്രാന്തിയുടെയും വിതാന്തങ്ങൾ കണ്ട ബഷീർ സൂഫികൾ താമസിക്കുന്ന ലോകത്തും ദേശാന്തരങ്ങൾക്കിടയിലും സഞ്ചരിച്ചു എന്നത് ബഷീറിനെ സൂഫി ചിന്തകളിലേക്ക് എത്തിച്ച വലിയ ഘടകമാണ്. ഇപ്പി ഫക്കീറിന്റെ ഗിരിപ്രദേശങ്ങളിലും ഖാജാ മുഈനുദ്ധീൻ ചിശ്തിയുടെ അജ്മീറിലും എത്തുന്നതിനെക്കുറിച്ച് ബഷീർ തന്നെ എഴുതുന്നുണ്ട്.
ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ ” സർവ്വ ലൗകിക സ്നേഹം ഏറെ പ്രകടമാക്കുന്ന കൃതിയാണ്. ഭൂമിയിലെ ജീവികളുടെ ബുദ്ധിമുട്ട് സഹിക്കാതെ വരുന്ന സാഹചര്യത്തിൽ ദേഷ്യപ്പെടുന്ന ഭാര്യയുടെയും ഭൂമിയിൽ അവർക്ക് കൂടി അവകാശമുണ്ടെന്ന് കാരുണ്യത്തോടെ സംസാരിക്കുന്ന ഭർത്താവുമാണ് കഥയുടെ ആകത്തുക. വീട്ടിൽ കയറിയ പാമ്പിനെ തല്ലാൻ ഒരുങ്ങുന്ന ഭാര്യയോട് ഭർത്താവ് പറയുന്നത് ഇങ്ങനെയാണ് : “അതും ഈശ്വരസൃഷ്ടി, അതും ജീവിക്കട്ടെ, അതും ഈ ഭൂഗോളത്തിന്റെ അവകാശിയാണ്”.
മറ്റൊരു സന്ദർഭത്തിൽ മനുഷ്യരെ ഉപദ്രവിക്കുന്ന ജീവികളെ ദൈവം എന്തിന് പടച്ചു എന്ന ഭാര്യയുടെ ചോദ്യത്തിന് ഭർത്താവ് കൊടുത്ത മറുപടി ഇപ്രകാരമാണ്: “ഹിംസ പാടില്ല, ദൈവവിഹിതം, ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാൻ പഠിക്കണം”.
“ഭൂമിയുടെ അവകാശി”കളുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭാഷണത്തിനും സൂഫി സ്വാധീനം നമുക്ക് കണ്ടെത്താവുന്നതാണ്. കഥയുടെ മറ്റൊരു ഭാഗത്ത് കഥാപാത്രത്തെ കൊതുക് കടിക്കുമ്പോൾ അദ്ദേഹത്തിന് ചിന്ത പോകുന്നത് ഇത്തരത്തിലാണ്, “കുടിക്കട്ടെ, മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം കുടിക്കാൻ ദൈവം തമ്പുരാൻ സൃഷ്ടിച്ചവരല്ലേ”. ബഷീറിനെ ചിന്തകൾ അദ്ദേഹത്തിന്റെ എഴുത്തുകൾ സ്വാധീനിച്ചു എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഓരോ സംഭാഷണങ്ങളും.
ബഷീറിയൻ എത്തുകളിൽ നിഴലിച്ച് നിൽക്കുന്ന പല സംശയങ്ങളുമുണ്ട്. സൂഫി ധാരകളിൽ പ്രവാചക സ്നേഹത്തിന് ഏറെ വില കൽപ്പിക്കുന്നുണ്ട്. എന്നാൽ, ബഷീറിയൻ എഴുത്തുകളിൽ സൂഫി ചിന്തകളുണ്ടെങ്കിലും പ്രവാചക പാഠങ്ങളോ അധ്യാപനങ്ങളോ ഒന്നും തന്നെ എഴുത്തിലോ മറ്റോ വരുന്നില്ല. ബഷീറിന്റെ ഇസ്ലാമെഴുത്തുകളിൽ പ്രവാചക പരാമർശങ്ങൾ നന്നേ കുറവാണെന്നതും കാണാം. പ്രവാചക സ്നേഹം കടന്നു വരാത്ത അദ്ദേഹത്തിന്റെ എഴുത്തുകളും ചിന്തകളും സൂഫിസത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നത് സംശയകരമാണ്.
അനല്‍ ഹഖ്: സൂഫിസത്തിന്റെ അനന്തമായ ലോകം
സ്വന്തത്തിലൂടെ എല്ലാറ്റിനേയും കണ്ടെത്തുവാന്‍ ശ്രമിക്കുക എന്ന സൂഫി പാത ബഷീര്‍ കൃതികളില്‍ ഏറെയും പ്രകടമായി കിടക്കുന്നു. മുല്ലാ നസ്‌റുദ്ധീന്‍, മന്‍സൂര്‍ ഖല്ലാജ്, ജലാലുദ്ദീന്‍ റൂമി അടക്കമുള്ള സൂഫികളിലെല്ലാം ഇത്തരം സ്വഭാവങ്ങൾ വെളിവാണ്. അവര്‍ സ്വയം തങ്ങളിലൂടെ ലോകത്തെയും ദൈവത്തേയും കണ്ടെത്താന്‍ ശ്രമിച്ചപ്പോഴാണ് അനല്‍ ഹഖ്, (ഞാനാണ് ലോകം) എന്നീ ഭാവങ്ങള്‍ അവരില്‍ രൂപം പൂണ്ടത്. ഈ സൂഫി ദര്‍ശനം ബഷീര്‍ കൃതികളില്‍ നമുക്ക് പലയിടങ്ങളിലും പ്രകടമായി കാണാം. എന്റെ തലയ്ക്കുമീതെ പിടിച്ചിരിക്കുന്ന കുടയാണ് ആകാശം. ഞാന്‍ ചക്രവാളത്തിന്റെ മധ്യവും ഈ ഏകാന്തത എന്റെ ഹൃദയത്തിലാണോ ? അതോ ഞാന്‍ തന്നെ ഏകാന്തതയാണോ? അജ്ഞാതമായ ഭാവിയിലേക്ക് എന്ന രചനയില്‍ കാണുന്ന ഈ വരികളില്‍ പ്രസ്തുത സൂഫി ദര്‍ശനം പ്രകടമാണ്. അനര്‍ഘ നിമിഷത്തില്‍ മരുഭൂമിയിലെത്തുമ്പോള്‍ വിവരിക്കുന്ന വിവരണവും, ‘ചെവിയോര്‍ക്കുക അന്തിമ കാഹളം’, ‘മരണത്തിന്റെ നിഴലില്‍’ തുടങ്ങിയ കഥാരംഗങ്ങളിലും പ്രസ്തുത ദര്‍ശനം തെളിഞ്ഞു കാണാം.
ദൈവത്തോടുള്ള പ്രണയം പരിധി വിട്ടാൽ സൂഫികള്‍ക്ക് ഞാന്‍ എന്ന സത്തയും നീ എന്ന സത്തയും നഷ്ടപ്പെടുന്നു. അത്തരം സമയത്ത് ഞാന്‍ എന്നതിനും നീ എന്നതിനും പ്രസക്തിയില്ല. ഈ ദര്‍ശനം പല ബഷീറിയൻ കൃതികളിലും കടന്നു വരുന്നുണ്ട് .
“വേണമെങ്കില്‍ ഞാന്‍ എന്നെ ഈ കടലാസ്സില്‍ ഇറക്കി വെയ്ക്കാം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ നിങ്ങളാണെന്ന് വിചാരിക്കൂ. നിങ്ങള്‍ അതായത് നിങ്ങള്‍ എന്നില്‍ പ്രവേശിക്കൂ”
അനര്‍ഘനിമിഷത്തിലെ വരികളാണ് പ്രസ്തുത ദര്‍ശനത്തെ കൂടുതല്‍ വ്യക്തമാക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നീ മാത്രമാകുന്ന നിമിഷം’. ഞാന്‍ എളുപ്പത്തില്‍ വലിയൊരു പ്രശ്‌നവും പ്രമേയവും ആയിത്തീരുന്നതിന് പിന്നില്‍ എളുപ്പം വിശദീകരിക്കാനാവാത്ത ദാര്‍ശനിക സമസ്യകളുണ്ട്. എല്ലാം തന്നില്‍ തേടുക; എല്ലാറ്റിലും തന്നെ തേടുക, അങ്ങനെ ജീവിതത്തിന്റെ പരം പൊരുളുമായി ആത്മാവ് പ്രാപിക്കുക എന്ന സൂഫി മാര്‍ഗ്ഗമാണിത്. എന്നിലുള്ള നീയും നിന്നിലുള്ള ഞാനും പരസ്പരം കണ്ടെത്തി ഒന്നിക്കുന്നതിന്റെ പരമാനന്ദമാണ് ആ ദര്‍ശനത്തിന്റെ ലക്ഷ്യം. നീയും ഞാനും വേറെയല്ല എന്ന വെളിവു തന്നെ. ഇവിടെയെല്ലാം ബഷീര്‍ നീയും ഞാനുമെന്നുള്ള യാഥാര്‍ത്ഥ്യത്തിന്റെ പൊരുളന്വേഷിക്കുകയാണ്.
ഹുസൈന്‍ ഇബ്‌നു മന്‍സൂര്‍ ഹല്ലാജ് പാടുകയുണ്ടായി. ‘ഞാന്‍ എന്റെ ദൈവത്തെ അകക്കണ്ണു കൊണ്ട് കണ്ടു. ഞാന്‍ ചോദിച്ചു. അങ്ങ് ആര് ? അവന്‍ പറഞ്ഞു : നീ തന്നെ. പ്രവാചകന്‍ ( സ) തങ്ങള്‍ അല്ലാഹു പറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു: എന്റെ ഭൂമി എന്നെ ഉള്‍ക്കൊള്ളുകയില്ല. എന്റെ ആകാശവും എന്നെ ഉള്‍കൊള്ളുകയില്ല. വിശ്വാസിയായ എന്റെ അടിമയുടെ ഹൃദയം എന്നെ ഉള്‍ക്കൊള്ളുന്നു. അഥവാ, ദൈവത്തിന്റെ ഇരപ്പിടമായി കഴിഞ്ഞ ഹൃദയത്തിന് പിന്നെ ഉള്‍കൊള്ളാന്‍ കഴിയാത്തതൊന്നുമില്ല. ഏത് സ്ഥലവും കാലവും ഏത് വ്യക്തിയും ഏത് പ്രവര്‍ത്തിയും അതിന്റെ ഭാഗം തന്നെ.
ലോകരെ ഒന്നായി കാണുന്ന സൂഫി വീക്ഷണം
സാധാരണ തലത്തിലുള്ള ശരിയെയും തെറ്റിനേയും വിവേചനമില്ലാതെ ഒന്നായിക്കാണുന്ന സൂഫി വീക്ഷണം ബഷീര്‍ കൃതികളിലുടനീളം പ്രകടമാവുന്നുണ്ട്. തെറ്റിനും ശരിക്കും അവരുടെ മുന്നിൽ വലിയ പ്രാധാന്യമില്ല. കള്ളന്മാരും വേശ്യകളും വിഡ്ഢികളും പോക്കറ്റടിക്കാരുമെല്ലാം സ്‌നേഹത്തിന്റെ പാത്രമായി തീരുന്നു. എല്ലാം നന്മയുടെ കണ്ണ് കൊണ്ട് നോക്കി കാണുന്ന ഒരു സൂഫി ദര്‍ശനം ‘ശബ്ദങ്ങൾ’, ‘മനുഷ്യന്‍’ തുടങ്ങിയ ബഷീറിയൻ കൃതികളിൽ കാണാം. പൊതുവെ സമൂഹത്തില്‍ വില്ലന്മാരെന്നും ശത്രുക്കളെന്നും തെമ്മാടികളെന്നും കരുതപ്പെടുന്നവരെ ബഷീര്‍ കൃതികളില്‍ നന്മയുടെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കുന്നു. ഈ ഒരു സ്വഭാവ രീതിയാണ് സൂഫികള്‍ക്കുമുള്ളത്. സൂഫികള്‍ക്ക് വില്ലന്മാരെ പരിചയമില്ല. എല്ലാവരെയും നന്മയുടെ കണ്ണുകള്‍ കൊണ്ട് അവർ വീക്ഷിക്കുന്നു.
ആണ്‍ വേശ്യകളെയും, സ്വവർഗരതിക്കാരെയും കേന്ദ്രപ്രമേയമാക്കി ‘ശബ്ദങ്ങള്‍’ പ്രസിദ്ധീകരിച്ചപ്പോള്‍ വിഷയ പ്രമേയത്തിനെതിരെ ശബ്ദമുയര്‍ത്തി കൊണ്ട് മുഖ്യധാര ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. സമൂഹത്തില്‍ അവഗണിക്കപ്പെടുകയും ചെയ്ത ഒരു വിഭാഗത്തിന്റെ യഥാര്‍ത്ഥ അവകാശങ്ങളും അനുഭവങ്ങളും ക്രിയാത്മകമായി അല്ലെങ്കില്‍ ഒരു സൂഫി നര്‍മബോധത്തോടെ അവതരിപ്പിക്കുകയായിരുന്നു ‘ശബ്ദങ്ങള്‍’ എന്ന കൃതി.
“മതിലുകള്‍”ക്കിടിയിലെ സൂഫി ലോകം 
ബഷീറിന്റെ കൃതികളില്‍ ഏറ്റവും ജനപ്രിയ കൃതിയായ മതിലുകളിലും സൂഫി ദര്‍ശനം കാണാവുന്നതാണ്. ജയിലില്‍ എത്തുന്ന ഒരു തടവ് പുള്ളിയും ഒരു മതിലിന്റെ അകലത്തില്‍ മറ്റൊരു ജയിലില്‍ കഴിയുന്ന തടവ് പുള്ളിയായ സ്ത്രീയും തമ്മിലുള്ള പ്രണയമാണ് കഥയുടെ ഇതിവൃത്തം. അവര്‍ രണ്ട് പേരും പരസ്പരം കാണുന്നില്ല. എങ്കിലും അവര്‍ പരസ്പരം പ്രണയിക്കുന്നു. ശേഷം പ്രണയത്തിന്റെ അമൂര്‍ത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുന്ന രണ്ട് ഇണകളായി അവർ മാറുകയാണ്. ഞാനും നീയുമെന്നതില്‍ നിന്ന് ഒന്നാകുന്ന അവസ്ഥ. കാണാതെ തന്നെ മുഖവും ഭംഗിയും ശരീരത്തിന്റെ ഓരോ ഭാഗവും പ്രണയിനികള്‍ പരസ്പരം അറിയുന്നു.
സൃഷ്ടാവിനെ കാണുന്നില്ലെങ്കിലും സൃഷ്ടാവ് തന്നെ കാണുന്നുണ്ടെന്ന ബോധ്യത്തിൽ സ്നേഹിക്കുകയും ശേഷം അദമ്യമായ സ്‌നേഹത്താല്‍ സൃഷ്ടാവിന്റെ കണ്ണും കയ്യും കാതുമെല്ലാം അനുഭവിക്കുന്ന സൂഫിയുടെ പ്രണയത്തിൻ്റെ അമൂർത്താവസ്ഥയിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത്. ഒടുവില്‍ ആഷിഖ് ( പ്രണിയിതാവ് ) സൃഷ്ടാവില്‍ ലയിച്ചില്ലാതാകും പോലെ ഇതിലെ കഥാപാത്രവും അത് പോലെ ആയിത്തീരുന്നു.
സൂഫി ദര്‍ശനങ്ങളുടെ കലവറയായിരുന്നു ബഷീര്‍ കൃതികളെന്നതിന്റെ ചില ഉദാഹരണങ്ങളും തെളിവുകളുമാണ് നമ്മൾ വായിച്ചത്. ബഷീര്‍ കൃതികളിലൂടെ സൂക്ഷ്മ വായന നടത്തിയാല്‍ ഒരുപാട് സൂഫി ദര്‍ശനങ്ങള്‍ ഇനിയും കണ്ടെത്താന്‍ സാധിക്കും. സൂഫിസം രുചിച്ചറിയാത്തവന് അത് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ജലാലുദ്ധീന്‍ റൂമി പറഞ്ഞത് . ആയതിനാൽ ബഷീര്‍ സൂഫിയാണോ അല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാല്‍ പ്രകടമായി കാണുന്ന അദ്ദേഹത്തിന്റെ കൃതികളിലെ സൂഫി ദര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ നിഷേധിക്കാനോ കഴിയുകയുമില്ല.
റഫറൻസ്
1-ബഷീർ – സന്യാസം, വിപ്ലവം- എം. എ റഹ്മാൻ
2-ബഷീർ -ദേശം, കാലം, സ്വതം – എൻ. ബി. ഐ
3- ബഷീർ: മലയാള സാഹിത്യ ലോകത്തെ സൂഫി ദാർശനികനോ –
മുഹ്‌സിന്‍ ഷംനാദ് പാലാഴി

4-മലയാളത്തിലെ സൂഫി രചനകൾ – ഇർഷാദ് മരക്കാർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....