കവിത
ദീപ്തി സൈരന്ധ്രി
പേറ്റ് കീറുണങ്ങാത്ത
ജാക്വിലിൻ ഡിക്കോസ്റ്റ
എന്ന പെട്രിഷ്യ
പച്ച വെളിച്ചെണ്ണയിൽ വാട്ടിയ
അവിയലിൽ,
അരപ്പ് ചേർക്കുമ്പോൾ
അപ്പുറം സാറാമ്മയാന്റിയുടെ
ചീഞ്ചട്ടിയിൽ
ഉള്ളീo മൊളകും ചതച്ചിട്ട
ഒണക്ക സ്രാവ് മുരളുന്നു.
കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന
മൊരിപ്പ് മണങ്ങളത്രയും
ഉച്ചയൂണിനായി
ആവാഹിച്ചെടുക്കുന്ന
മരുമകളുടെ
നിൽപ്പ് കണ്ട്,
നിലവിളക്ക് വെളുപ്പിച്ച പിഴിപുളി
ദൂരെയെറിഞ്ഞ്
(അ)ശാന്തമ്മ മുരണ്ടു
“പറങ്കിച്ചി”.
അപ്പോഴേക്കും
ചെളിയൻ കക്ക
വാരിക്കഴുകി
പുഴുങ്ങി
ഉള്ളീo ഒണക്കമൊളകും
തേങ്ങയും ചതച്ചിട്ട്
പെട്രിഷ്യയുടെ മമ്മി
അടിവാരത്തെത്തിയിരുന്നു.
ഒരു കപ്പല് നെറയെ
നാരൻ ചെമ്മീനും,
കൂന്തല് വരട്ടുമായി
അപ്പൻ നെൽസൺ ഡികോസ്റ്റയും
പെമ്പറന്നോത്തി
കുഞ്ഞമ്മ താത്തിയും
മലകയറുമ്പോൾ
പെട്രിഷ്യ
അവിയലിൽ മോര് ചേർത്തിളക്കി.
വേതു വെള്ളവും തട്ടിത്തെറിപ്പിച്ച്
മലയിറങ്ങി
കൊവേന്ത പള്ളിയിൽ നിന്നിറങ്ങിയ
പെട്രിഷ്യ
അവളുടെ സ്വപ്നക്കപ്പലിൽ
ഇറങ്ങിപ്പോകുമ്പോൾ
മഞ്ഞു മാതാവിന്റെ കടൽ പ്രദക്ഷിണമായിരുന്നു.
അയലച്ചട്ടിയിൽ ബാക്കിയായ
പുളിയെല്ലാം ആർത്തിയോടെ ചപ്പിനുണയുമ്പോളേക്കും
വെള്ളരിക്കയും മുരിങ്ങായും
തമ്മിൽ പിണങ്ങി
കുരിശടയാളം
മാത്രം ബാക്കിയായ ചട്ടി
അടിക്ക് പിടിച്ച്
അവിയൽ കരിഞ്ഞിരുന്നു.
(അ)ശാന്തമ്മ മുരളുമ്പോൾ
ബേബി ഓഫ് ജാക്വിലിൻ ഡികോസ്റ്റയെ
ഉപ്പുവെള്ളത്തിൽ
മുക്കി നിവർത്തി
അവൾ മൂന്ന് വട്ടം മന്ത്രിച്ചു
“നെയ്തൽ
നെയ്തൽ
നെയ്തൽ ”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല