വൃത്താകൃതിയിൽ ഒരു തവള

0
214

കവിത

അജിത് പ്രസാദ് ഉമയനല്ലൂർ

പണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ
വൈകുന്നേരത്തെ കൂട്ടമണിയൊച്ച
കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്.
ആ ഓട്ടമവസാനിക്കണത്
ഇറക്കമിറങ്ങി തൊടികടന്നു വരണ
ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ
തോട്ടിൻകരേലാണ്.

തോടിനിരുവശവും
ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ്
ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ്
തോടൊരു ജലമാർഗ്ഗമായി
ഒഴുകിയിരുന്ന കാലം.

തൂറാൻമുട്ടി വരുന്നോർക്കൊക്കെ
എളുപ്പത്തിൽ കാര്യം സാധിക്കുവാൻ
അവിടം പറ്റിയ ഇടമായിരുന്നു.

അന്നുകൊറെ മീനുകള്
ആകാശം നോക്കി വേട്ടക്കിളികളെ ഭയന്ന്
കരിയിലകൾക്കും പൊത്തുകൾക്കുമിടയിൽ
ചിറകിട്ടിളക്കി ഒളിച്ചിരിക്കണ കാലം.

തൂറാൻമുട്ടുന്ന വൈകുന്നേരങ്ങളിൽ
ജലവിരലിൽപ്പിടിച്ച് കുന്തിച്ചിരുന്ന്
കാലിൽമുട്ടിപ്പുളഞ്ഞുപോകും പരൽമീനുകളെ
കൈക്കുമ്പിളിലൊതുക്കുവാൻ –
കൊതിച്ചിട്ടു കിട്ടാഞ്ഞതിൻ സങ്കടം
തേറ്റപൊട്ടി വന്നിട്ടൊ,രീസം
തോട്ടിലേക്കുനോക്കിനിൽക്കവേ
ഇരുട്ടുപോലെ കറുത്തുവാലുനീണ്ട
കുതറിയോടാത്ത മീൻകുഞ്ഞുങ്ങളെക്കണ്ടു.

മീനുകളിലേക്ക് കൗതുകത്തോടെ
മിഴിച്ചു നോക്കുന്ന ഉടൽക്കണ്ണുകൾ.

കുടിക്കാൻ കൊണ്ടുപോകണ
പ്ലാസ്റ്റിക് കുപ്പിയിലേക്കു പിടിച്ചുകയറ്റണ
കറുത്ത മീനുകളുടെ ഉടൽമിനുപ്പ്.
ശ്വാസമമർത്തിപ്പിടിച്ച് വീട്ടുമുറ്റത്തെ
കിണറ്റിൻകരയിലേക്ക് ഒരൊറ്റക്കുതിപ്പ്.
കുപ്പിയിൽ നിന്നും മീനുകളെ
കിണറ്റിലേക്കു പകർത്താൻ
തൊട്ടിക്കുള്ളിലേക്ക് ഇറക്കുമ്പോഴാണ്
അമ്മേടെ വിരലുകള് കാതിന്മേൽ നോവറിയിച്ചത്.
മീനുകളൊക്കെയും
കൊട്ടൂടിത്തവള*കളെന്ന തിരിച്ചറിവിൽ
ദേഷ്യോം
സങ്കടോം
നിരാശ്ശേമൊക്കെ
പുകഞ്ഞു പുകഞ്ഞ്
ഉള്ളിൽക്കിടന്നു തികട്ടി.

അന്നത്തെയുറക്കത്തിൽ
കിണറുനിറയെ തവളക്കരച്ചിൽ.
കിണറ്,
വായ തുറന്ന്
ഇരയെ ഭക്ഷിക്കാനായി
കാത്തുനിൽക്കുന്ന വൃത്താകൃതിയിലുള്ള
ഒരു തവള!

തവളക്കിണറ്റിലേക്ക്
നാവുനീട്ടുന്ന പാമ്പുകൾ!
കിണറുനിറയെ തവളക്കരച്ചിലുകൾ.
കിണറുനിറയെ പാമ്പിൻ കണ്ണുകൾ!
തവളയെ വിഴുങ്ങുന്ന പാമ്പുകൾ.
പാമ്പിനെ വിഴുങ്ങുന്ന തവളകൾ!

ദുഃസ്വപ്നങ്ങളുടെ ഉണർച്ചയിൽ
കിണറ്റിൻ വായിലേക്ക്
തലയെത്തിച്ചു നോക്കുന്ന ഉടൽ.
കിണറ്റിൽ നിന്നും ഉയർന്നു നീണ്ടുവന്ന
ഒരു നാവ് തവളവയറിന്റെ
നിലയില്ലാക്കയത്തിലേക്ക്
ഉടലിനെ വലിച്ചെറിയുന്നു.

വറ്റിത്തുടങ്ങിയ കേൾവിയിൽ
എണ്ണിയാലൊടുങ്ങാത്ത
തവളക്കരച്ചിലുകൾ!

വെളിച്ചമില്ലാതിരുന്നിട്ടും
ഉടലിന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്,
ഉടലിപ്പോൾ ഭീമാകാരനായ
ഒരു തവളയുടെ ഉദരത്തിലാണ്.
അതൊരു വലിയ ചളിക്കുണ്ടിലേക്ക്
എടുത്തു ചാടുകയാണ്.
ചളിക്കുണ്ടിൽനിന്നു ചളിക്കുണ്ടിലേക്ക്
മാറിമാറിപ്പറന്നു ചാടി അത്,
കാലത്തെത്തിന്നുന്ന
പാമ്പിൻവായിലകപ്പെട്ടിരിക്കുകയാണ്.
പാമ്പിൻവായ ദുരൂഹത നിറഞ്ഞൊരു
ഇരുട്ടിൻ അപാരതയും..!

• വാൽമാക്രി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here