HomeTHE ARTERIASEQUEL 93അഭിനയത്തിന്റെ ആത്മസാക്ഷാത്കാരങ്ങൾ

അഭിനയത്തിന്റെ ആത്മസാക്ഷാത്കാരങ്ങൾ

Published on

spot_imgspot_img

അനുസ്മരണം

സതീഷ്. കെ. സതീഷ്

“മരണം രംഗബോധമില്ലാത്ത കോമാളി”യാണെന്ന് ആരാണ് പറഞ്ഞത്?. ചിലവാക്കുകൾ നിരന്തരം പറഞ്ഞും പ്രയോഗിച്ചും ക്ലീഷേയായതാണ്. എന്നാൽ ചിലപ്പോൾ, ഇത്തരം വാക്കുകൾ അന്വർഥമാകാറുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺഹാളിൽ ലോകനാടകദിനത്തോടനുബന്ധിച്ചുള്ള, ‘നാടക്’ ന്റെ അഭിമുഖ്യത്തിലുള്ള നാടകാവതരണം കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നാടക-ചലച്ചിത്ര-മിനി സ്ക്രീൻ നടനും, നാടകസംവിധായകനുമായ വിക്രമൻ നായരുടെ മരണവാർത്ത കാതുകളിലേക്ക് എത്തുന്നത്. ഫോൺ സൈലന്റ് ആയിരുന്നത് കാരണം ഞാൻ തിരിച്ചുവിളിക്കുകയായിരുന്നു. വിവരമറിഞ്ഞ്, വിശ്വസിക്കാനാവാതെ ഞാൻ തരിച്ചു നിൽക്കെ, എനിക്കപ്പുറം വരാന്തയിൽ, ആരോടോ സംസാരിച്ചുകൊണ്ട് വിൽസേട്ടൻ നിൽപുണ്ടായിരുന്നു. കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റെ പ്രധാനസാരഥികളിൽ ഒരാൾ. ഒരിക്കൽ വിക്രമേട്ടന്റെ ജീവവായു ആയിരുന്നല്ലോ കോഴിക്കോട് സംഗമം തിയേറ്റേഴ്സ്. അവിടെ നിന്നും അരങ്ങിനെ ജ്വലിപ്പിച്ച എത്രയെത്ര വേഷങ്ങൾ. വിൽസേട്ടനരികിലേക്ക് ചെന്നപ്പോൾ, കണ്ണുകൾ ഇറുക്കെ അടച്ച് വിൽസേട്ടൻ ആ വാർത്ത ശരിവെച്ചു. നാടകം കഴിഞ്ഞ് സദസ്സിനെ ആ വിയോഗവാർത്ത അറിയിച്ചു. ലോകനാടകദിന ആഘോഷങ്ങൾക്കിടെ കോഴിക്കോടുകാർ നെഞ്ചേറ്റിയ ഒരു മഹാനടന്റെ വിയോഗം, അരങ്ങൊഴിയൽ ഏറെ സങ്കടത്തോടെയാണ് കേട്ടിരിക്കുക. സദസ്സിൽ നിമിഷങ്ങളോളം തളംകെട്ടിയ കനം വെച്ച നിശബ്ദത അതാണ് വിളിച്ചറിയിച്ചത്. വീട്ടിലേക്കുള്ള യാത്രക്കിടെ ഞാനോർത്തത് വിക്രമേട്ടൻ നിറഞ്ഞാടിയ വേഷങ്ങളെ കുറിച്ചായിരുന്നു. വിക്രമേട്ടൻ ഒരിക്കലും അരങ്ങിൽ നിറഞ്ഞ് അഭിനയിക്കുകയായിരുന്നില്ല. ഒഴുകുകയായിരുന്നു. ഒരു പുഴയൊഴുക്ക് പോലെ തട്ടും തടയുമില്ലാതെയങ്ങനെ ഒഴുകുകയായിരുന്നു.

എഴുത്തും വായനയുമായി നടക്കുന്ന എന്റെ കൗമാരകാലം. എപ്പോഴോ ഞാൻ നാടകത്തിലേക്ക് വഴുതി വീഴുന്നു. അന്ന് കോഴിക്കോട്ടെയും സമീപഗ്രാമപ്രദേശങ്ങളിലെയും കലാസമിതികൾ പടർന്ന് പന്തലിച്ചു നിന്ന കാലമായിരുന്നു. നാടകത്തിന്റെ പൂക്കാലം. കോഴിക്കോട്ടെ ടൗൺഹാളിലും മറ്റുമായി നിത്യേനെയെന്നോണം നാടകങ്ങളുണ്ടാവും. നാടകം കാണാൻ നോമ്പും നോറ്റ് നടന്നിരുന്ന ഞാനെന്ന പയ്യന്റെ കാതുകളിലേക്ക് സംഗമം തിയേറ്റേഴ്‌സും കെ. ടി മുഹമ്മദും വിക്രമൻ നായരുമൊക്കെ കടന്നെത്തുകയാണ്. അന്ന് കോഴിക്കോട്ടെ ‘കല ആക്റ്റീവ്’ എന്ന ഫിനാർട്ട്സ് വേദികൾ കേരളത്തിലെ പ്രശസ്ത നാടകസംഘങ്ങളായ കെ. പി. എ. സി, ചങ്ങനാശ്ശേരി ഗീഥ, തുടങ്ങിയവരുടെയൊക്കെ നാടകങ്ങൾ പ്രതിമാസപരിപാടികളിൽ എത്തിച്ചിരുന്നു. ആ നാടകരാത്രികളിലൂടെയാണ് എൻ. എൻ പിള്ള, തിലകൻ, പി. ജെ ആന്റണി, രാജൻ പി. ദേവ് തുടങ്ങിയ, ഒട്ടേറെ നടന്മാരുടെ അഭിനയത്തിന്റെ മാസ്മരികത എന്തെന്ന് ഞാൻ തിരിച്ചറിയുന്നത്.

കെ. ടി. യുടെ “സാക്ഷാത്കാരം” നാടകത്തിലാണ് 144 വയസായിട്ടും ഇനിയും മരിക്കാത്ത, മൂത്ത് നരച്ച ഒരു വൃദ്ധനെ തന്റെ ഇരുപത്തിനാലാം വയസ്സിൽ യുവത്വം ജലിച്ചു നിൽക്കുമ്പോൾ തന്മയത്വത്തോടെ വിക്രമേട്ടൻ അവതരിപ്പിച്ചത്. പകർന്നാട്ടമെന്നത് അഭിനയത്തിലെ വെറുമൊരു ഏറ്റുപറച്ചിലില്ല. അത്‌ മനസും ശരീരവും കൊടുത്തുള്ള, സ്വയം സമർപ്പിച്ചുള്ള, ആത്മാവിലേക്കുള്ള ഏറ്റുവാങ്ങലാണ്. അത്‌ വിക്രമേട്ടൻ അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങളിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. പലനാടകങ്ങളിലും നമുക്ക് കാണാനാവുക കഥാപാത്രങ്ങളിൽ നിന്നകന്നുള്ള നടന്മാരെയായിരിക്കും. അവരൊരിക്കലും കഥാപാത്രങ്ങളിലേക്ക് ഇറങ്ങി വരാതെ, അവരവരുടെ മാനറിസങ്ങളിലേക്കും മറ്റും വഴുതി, കഥാപാത്രമോ അഭിനേതാവോ അല്ലാതെ ആയിപ്പോവുന്ന ഒരവസ്ഥ ഉണ്ടാവാറുണ്ട്. അത് ഒരു നടന്റെയോ നടിയുടെയോ പ്രശസ്തിയിൽ ഒളിമങ്ങിപ്പോവാറുമുണ്ട്. സാക്ഷാത്കാരത്തിലെ വൃദ്ധന്റെ കഥാപാത്രം, ശബ്ദം കൊണ്ടും ശരീരം കൊണ്ടും അരങ്ങിൽ ജീവൻ പകർന്ന്, അഭിനയത്തിന്റെ ധർമ്മവും മർമ്മവുമറിഞ്ഞ വിക്രമേട്ടനെ ‘വിക്രമേട്ടനാ’ക്കിയ ഒരു സ്മാരകമായിരുന്നു. മലയാള അരങ്ങിൽ അങ്ങനെയൊരു കഥാപാത്രത്തെ പിന്നെയെനിക്ക് കാണാനായിട്ടില്ല. ആ കഥാപാത്രത്തിന്റെ ആത്മാവിൽ വിക്രമേട്ടന്റെ ചോരയും ജീവനും പതിഞ്ഞുകിടപ്പുണ്ട്.

ഈ അടുത്തകാലത്ത് കണ്ടപ്പോഴും വിക്രമേട്ടൻ അതേകുറിച്ച് പറഞ്ഞു. “ഒരുപാട് തവണ ആ നാടകത്തിന്റെ റിഹേഴ്‌സലിൽ ഞാൻ കെ. ടി. യുമായി പറഞ്ഞുടക്കിയിട്ടുണ്ട്. എനിക്കാ വേഷം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്. കെ. ടി എന്നെ പിടിച്ചുനിർത്തുകയായിരുന്നു. പിന്നീടെപ്പോഴോ ആ കഥാപാത്രം എന്നിൽ വളരാൻ തുടങ്ങി.”വിക്രമേട്ടൻ അത് പറഞ്ഞ് ചിരിച്ചു. എറണാകുളം നഗരസത്രത്തിലെ ഒരു രാത്രി ഇപ്പോഴും എന്റെ മനസിലുണ്ട്. ഒരു വല്ലാത്ത ചിരിയായിരുന്നു അത്. ഒരു നടന്റെ ആത്മസാക്ഷാത്കാരത്തിന്റെ നിറഞ്ഞ ചിരി. ഇതെഴുതുമ്പോൾ ഇത് വായിക്കുന്നവരുടെ മുൻപിലേക്കെടുത്ത് വെക്കാൻ ഒരു വീഡിയോ ക്ലിപ്പ് പോലും എന്റെ കൈവശമില്ല. കഴിഞ്ഞ ദിവസം അന്തരിച്ച അതുല്യ പ്രതിഭ ഇന്നസെന്റിന്റെ എണ്ണമറ്റ ചലച്ചിത്രങ്ങൾ നമുക്ക് മുൻപിലുണ്ട്. അതിലൂടെ വരും തലമുറക്ക് ഇന്നസെന്റിനെ, അദ്ദേഹത്തിന്റെ അഭിനയമികവുകളെ അടുത്തറിയാനാവും. വിക്രമൻ നായരെ പോലുള്ള, അരങ്ങ് കണ്ട ഉജ്ജ്വല പ്രതിഭയുടെ അഭിനയമികവുകളെ എന്തുകൊണ്ടാണ്, എങ്ങനെയാണ് വരും തലമുറക്കായി കാണിച്ചു കൊടുക്കാനാവുക? കേവലം അലങ്കാരഭാഷ കൊണ്ട് എഴുതി തീർക്കുന്ന അനുസ്മരണകുറിപ്പുകൾ കൊണ്ടോ? കേരള സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങൾ, അതാത് കാലങ്ങളിലുണ്ടാവുന്ന അരങ്ങിലെ ജ്വലനങ്ങളെ റിക്കാർഡ് ചെയ്ത് സൂക്ഷിക്കണം. എങ്കിലേ വരും തലമുറക്ക് അരങ്ങൊരുക്കങ്ങളിലെ പോയകാലത്തിന്റെ സുകൃതങ്ങളെ തിരിച്ചറിയാനാവൂ.

എന്റെ ശ്രദ്ധയിൽ പതിഞ്ഞ, വിക്രമേട്ടന്റെ മറ്റൊരു വേഷം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ശ്രീ എം. ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച ഗോപുരനടയിൽ എന്ന നാടകത്തിലെ നരന്റെ കഥാപാത്രമാണ്. സങ്കടങ്ങളും പരാതികളും ദുരിതങ്ങളും തമ്പുരാനെ അറിയിക്കാൻ ഗോപുരനടയിൽ കാത്തിരിക്കുകയാണ് പലരും. അവരിലൊരാളായി നരനും എത്തുന്നു. നരൻ തന്നെയാണ് തമ്പുരാനും!. ഒരു അബ്സെർഡ് ക്യാറക്ടറായ നരനെ, എത്ര അനായാസമാണ് വിക്രമേട്ടൻ അവതരിപ്പിച്ചത്. പതിവ് പ്രൊഫഷണൽ നാടകസംഘങ്ങളുടെ അവതരണരീതികൾ വിട്ട് പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമ പുലർത്തിയ ‘ഗോപുരനടയിൽ’ കോഴിക്കോട് സംഗമം തിയേറ്റേഴ്സാണ് അവതരിപ്പിച്ചത്. സംഗമം എപ്പോഴും നാടകകാലത്തിലൂടെ സഞ്ചരിച്ചത് വേറിട്ട വഴിയേ മാത്രമായിരുന്നു. ആ വഴി തെളിയിക്കാൻ വിക്രമൻ നായരെന്ന ദീർഘവീക്ഷണവും അഭിനയക്കരുത്തും ചേർന്ന് നിന്നു. കെ. ടി. യിലൂടെ, വിൽസേട്ടണിലൂടെ, വിക്രമേട്ടനിലൂടെ,’സൃഷ്ടി’, ‘സ്‌മൃതി’, ‘സംഹാരം’ തുടങ്ങിയ സ’കാര നാടകങ്ങൾ ആ കാല നാടക സമ്പന്നതയിലെ ജ്വലിക്കുന്ന ഒരേടാണ്. കെ. ടി അരങ്ങൊഴിഞ്ഞു. ഇതാ ഇപ്പോൾ വിക്രമൻ നായരും. കോവിഡിന് മുൻപ് എറണാകുളം നഗരസത്രത്തിലിരുന്ന് ഒരു രാത്രി മുഴുവൻ ഞാനും വിക്രമേട്ടനും സംസാരിച്ചത് കോഴിക്കോട്ടെ, ഒരുനാൾ സമ്പന്നമായിരുന്ന നാടകരാത്രികളെ കുറിച്ചായിരുന്നു.

ഒരു വലിയ സ്വപ്നമുണ്ടായിരുന്നു ആ മനസ്സിൽ. ഇതിനകം നിന്നുപോയ തന്റെ നാടകസംഘമായ സ്റ്റേജ് ഇന്ത്യ വീണ്ടും സജീവമാക്കണം, ഒരു നാടകം സംവിധാനം ചെയ്യണം. “ചന്ദ്രശേഖരൻ തിക്കോടിയോട് നാടകം എഴുതാൻ പറഞ്ഞിട്ടുണ്ട്. കൂടെ നിന്ന പലരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ” വീണ്ടും ഒരു യാത്രക്കിടെയാണ് അദ്ദേഹത്തെ ട്രെയിനിൽ വെച്ച് കാണുന്നത്. അപ്പോഴും സംസാരത്തിനിടെ സ്വപ്നത്തെ കുറിച്ചു പറഞ്ഞു. പറഞ്ഞു ചിരിച്ച് ഞങ്ങൾ ബർത്തിലേക്ക് കയറി.പുലർച്ചെ ഉണർന്നപ്പോഴേക്കും അദ്ദേഹം ഏതോ സ്റ്റേഷനിൽ ഇറങ്ങിപ്പോയിരുന്നു.

ഓർമ്മകൾ അങ്ങനെയാണ്.. മരണവും. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് പ്രിയപ്പെട്ടവർ അകന്ന് പോവും. അതുകൊണ്ട് തന്നെയാവും വിഖ്യാതനായ ഷേക്സ്പിയർ മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്ന് വിളിച്ചത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...