Homeസാഹിത്യംBOOKSപറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

Published on

spot_img

വായന

അജിൻ.ജി.നാഥ്

ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ നിർവഹിച്ച ചരിത്രദൗത്യവും അപനിർമ്മാണപ്രക്രിയയും നമുക്ക് ബോധ്യപ്പെടുക. കാണുന്നീലൊരക്ഷരവും എന്ന വിലാപത്തിൽ നിന്നും വ്യതിചലിച്ച് കീഴാളഗവേഷകത്വം പ്രാപിക്കുമ്പോഴാണ് ദളിത് വൈജ്ഞാനികത രൂപം കൊള്ളുന്നത്. അവർ പ്രവർത്തിച്ച ചരിത്രദൗത്യവും ഇത് തന്നെയാണ്. ഈ ദൗത്യം ഒരു അന്വേഷണപ്രക്രിയയാണ്. എന്തുകൊണ്ട് കാണുന്നില്ല? എന്ന ചോദ്യം ചോദിക്കുകയും കാണാത്തതിനെ കണ്ടെത്തും എന്ന വാശി പുലർത്തുകയും ചെയ്യുന്നതിലൂടെ ഒരു ജ്ഞാനമണ്ഡലത്തെ തന്നെ വീണ്ടെടുക്കുന്ന പ്രക്രിയ. ഇത്തരമൊരു അന്വേഷണപ്രക്രിയ തന്നെയാണ് പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവൽ.

ഇത്തരമൊരു അന്വേഷണത്തിന്റെ അടിസ്ഥാനമെന്താണ്, ഇതിന്റെ അടിസ്ഥാനവും കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപറ്റി എന്ന വിലാപത്തിന്റെ അടിസ്ഥാനവും ഒന്നുതന്നെയാണ്. അത് ഒരു ചോദ്യമാണ്. ആരുടേതാണ് ചരിത്രം? ആരെഴുതിയ ചരിത്രം?. ഈ ചോദ്യം ചെന്നുടക്കി നിൽക്കുന്നതത്രയും യൂറോ കേന്ദ്രിത ചരിത്രനിർമ്മിതിയിലേക്കാണ്. ’യൂറോപ്പിന്റെ ആത്മകഥയായി രൂപംകൊണ്ട വിജ്ഞാനപദ്ധതിയാണ് ചരിത്രം എന്ന് ഇന്ന് ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു’. (കെ.വി.ശശി 2019:234) ഇന്ത്യൻ പശ്ചാത്തലത്തിൽ അത് സ്വാഭാവികമായും ബ്രാഹ്മണ്യ നിർമ്മിത ചരിത്രവുമാകുന്നു. ഈ യൂറോപ്പ്യൻ-ബ്രാഹ്മണിക്കൽ ചരിത്രത്തിന്റെ പര്യമ്പുറങ്ങളിൽ1 എവിടെയോ തട്ടിമാറ്റപ്പെട്ട കുറേയധികം മനുഷ്യജന്മങ്ങൾ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്; നിങ്ങളെഴുതിയ ചരിത്രം ആരുടേതാണ്? അതിലെവിടെയാണ് ഞങ്ങൾ?. ഈ ചോദ്യങ്ങൾ നിരന്തരമായി ചോദിക്കുന്നതിലൂടെയും നേരിടുന്നതിലൂടെയും ഒരു ഗുരുതരമായ അസ്തിത്വപ്രതിസന്ധി പ്രദീപൻ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്നുണ്ട്. ആരാണ് തങ്ങൾ? എവിടെയാണ് തങ്ങളുടെ ചരിത്രം? ഈ ചോദ്യങ്ങളൊക്കെ നിരന്തരനിരന്തരമായി ചോദിക്കപ്പെട്ടതിന്റെ ഫലമാണ് എരി . ഇതൊരു വിഭവാധികാര പ്രശ്നമായി കൂടി നോവൽ കൈകാര്യം ചെയ്യുന്നു.

കീഴാളതയുടെ മഹത്തായ പാരമ്പര്യം പ്രദീപനിൽ സൃഷ്ടിച്ച വെളിച്ചം മാർക്വേസിന്റെ കൽപ്പനയിലെ പോലെ ജലമായി2 കവിഞ്ഞൊഴുകിയപ്പോഴാണ് എരി സൃഷ്ടിക്കപ്പെട്ടത്. ‘നവോത്ഥാനത്തിന്റെ ചരിത്രം വീണ്ടും പഠിക്കാൻ ഞാൻ തീരുമാനിച്ചു. പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീർതുള്ളികളിൽ നിന്നാണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നതെന്ന് ഞാൻ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. എരിയുടെ ആത്മാവ് ഒരു കണ്ണുനീർതുള്ളിയായി എന്റെ നെറുകയിൽ ഇറ്റുവീഴുന്നതായി എനിക്ക് തോന്നി’.( പ്രദീപൻ പാമ്പിരിക്കുന്ന് 2017:49 ) അങ്ങനെ തന്നെയാണ് പ്രദീപൻ എഴുതാൻ തുടങ്ങിയത്; അല്ല ചരിത്രത്തെ അപനിർമ്മിക്കാൻ തുടങ്ങിയത്. അത് അങ്ങനെ അറിവധികാരം(Knowledge regeme) തിരിച്ചറിഞ്ഞുള്ള തിരിച്ചരിത്രം(Counter history)3 എഴുതലായി, അങ്ങനെ ദളിത് വൈജ്ഞാനികതയിൽ ഒരു പുതുചരിതം പിറന്നു.

എരി എന്ന നോവലിനെ കേവലമായ ഒരു നോവലിന്റെ ചട്ടക്കൂടിൽ നിർത്തി അപഗ്രഥിക്കാനോ നോവൽ അപഗ്രഥനത്തിന്റെ‍ ഗവേഷണ യുക്തികളുടെ അളവുകോലിൽ നിർണ്ണയിക്കാനോ സാധ്യമല്ല. കാരണം, കേവലമായ ഒരു നോവൽ വായന മാത്രമല്ലിതിൽ നിർവഹിക്കേണ്ടത്, അനേകം തലമുറകളുടെ രോഷം തിളങ്ങിയ കണ്ണുകളിൽ നിന്നും തിളച്ചൊഴുകിയ ചോര ചാലിച്ചെഴുതപ്പെട്ട പ്രതിരോധ കാവ്യമായി എരി വായിക്കപ്പെടണം. അതിനാൽ തന്നെ കേവലമായ ഒരു വായനക്കോ പഠനത്തിനോ എരിയെ നിർണ്ണയിക്കാൻ സാധ്യമല്ല.’വിജ്ഞാനം,സമ്പത്ത്,സംസ്കാരം എന്നിവയടങ്ങുന്ന മൂലധനമില്ലാത്ത ജനതയാണ് ദളിതർ എന്ന് കേരളീയപൊതുബോധം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ സാമാന്യബോധം വർണ്ണാധികാരത്തിന്റ നിർമ്മിതിയാണെന്നും, അതുകൊണ്ടത് കല്ലിന്മേൽ കല്ല് അവശേഷിക്കാത്ത വിധം തകർക്കപ്പെടേണ്ടതാണെന്നും എരി മനസ്സിലാക്കുന്നു’.(കെ.വി.ശശി 2019:232) ഇത്തരമൊരു തച്ചുടയ്ക്കൽ ശേഷിയുമായാണ് എരി നിലക്കൊള്ളുന്നത്. എരി അങ്ങനെ ആകുന്നത് എന്തുകൊണ്ടാണ്. അവിടെയാണ് ഈ നോവലിലെ പ്രതിരോധ പ്രതിനിധാനം ചർച്ച ചെയ്യേണ്ടത്. ദളിതന്റെ വിമോചനപാതയിൽ വിപ്ലവം നയിക്കാൻ എന്തുകൊണ്ട് നമുക്ക് ഒരു അയ്യൻകാളി മാത്രമായി ? എന്തുകൊണ്ട് അയ്യൻകാളിമാർ ഉണ്ടായിവന്നില്ല. എന്തുകൊണ്ട് പൊയ്കയിൽ അപ്പച്ചന്മാർ ഉണ്ടായി വന്നില്ല. ഇത്തരം ചോദ്യങ്ങളിൽ നിന്നാണ് പറയനെരി എന്നൊരു സാങ്കൽപ്പിക കഥാപാത്രവും പറയനാർപുരമെന്ന സാങ്കൽപ്പിക ദേശവും പ്രദീപൻ സൃഷ്ടിച്ചത്.

പറയനെരിയെ ഒരു ജ്ഞാനമനുഷ്യനായാണ് നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. ജ്ഞാനമാണ് എരിയെ മനുഷ്യനാക്കുന്നത്. ആ ജ്ഞാനം അയാളെ സംമ്പന്ധിച്ച് അനുഭൂതികളിലൂടെയുള്ള വീണ്ടെടുപ്പാണ്. അതിലൂടെ അയാൾ ഒരു ജനതയുടെ പൈതൃകം നിർണ്ണയിക്കുകയാണ്, അനുഭൂതിയായി വർത്തിക്കുന്ന സാന്ദ്രീഭൂതചരിത്രമായി പൈതൃകത്തെ നമുക്ക് വ്യാഖ്യാനിക്കാം. അത് മുൻമാതൃകകളില്ലാതെ പുത്തൻ ജ്ഞാനവ്യവസ്ഥകളും പുതിയ ലോകവും അറിവും ധാർമ്മികതയും ഒക്കെ സൃഷ്ടിക്കും. അങ്ങനെയാണ് ഈ വീണ്ടെടുപ്പ് സാധ്യമാവുക. അത്തരത്തിൽ എരി എന്ന ജ്ഞാനമനുഷ്യനിലൂടെ വൈജ്ഞാനികത സൃഷ്ടിക്കുകയും ആ വൈജ്ഞാനികതയുടെ ദേശരാഷ്ട്രഭൂപടമായി പറയനാർപുരം നിലകൊള്ളുകയും ചെയ്യുന്നതിലൂടെ പുതിയൊരു ലോകത്തെ സൃഷ്ടിച്ച് നോവലിസ്റ്റ് ഈ വീണ്ടെടുപ്പ് സാധ്യമാക്കുന്നു. എരിയിലെ മനുഷ്യത്വം നിർണ്ണയിക്കുന്നത് അറിവാണ്. അറിവിനാൽ നിർമ്മിക്കപ്പെട്ട ഈ മനുഷ്യബോധ്യത്തിലൂടെ എരി ജാതീയതയെ തുടച്ചുകളഞ്ഞ് വെളിച്ചം പരത്തുന്നു. ചാലിയൻ രാമന്റെ കണ്ണിൽ മരുന്നു പുരട്ടി ഇരുട്ടില്ലാതാക്കി വെളിച്ചം പരത്തിയതിലൂടെ ജ്ഞാനത്തിന്റെ പ്രകാശത്താൽ അസ്പർശ്യതയെ തച്ചുടച്ച് ജാതി ശരീരത്തെ ഇല്ലായ്മ ചെയ്യുക എന്ന വിപ്ലവമാണ് എരി പ്രവർത്തിക്കുന്നത്. അറിവാണ് എരിയെ ഇതിന് പ്രേരിപ്പിക്കുന്നത്. “എരി അവതരിപ്പിക്കുന്ന വൈജ്ഞാനികത, സവിശേഷ ശ്രദ്ധ നേടുന്നത് അതിന്റെ രാഷ്ട്രീയ ജാഗ്രതയിലൂടെയാണ്. നാം ജീവിക്കുന്ന ലോകത്തിൽ കാഴ്ച, കേൾവി, സ്പർശം എന്നിവയൊന്നും കേവലമായി സംഭവിക്കുന്നതല്ല. എന്തെല്ലാം കാണാം എന്തെല്ലാം കാണരുത് എന്നത് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥയെ തിരുത്താനുള്ള ശ്രമമാണ് രാഷ്ട്രീയം” (ഡോ.കെ.എം.അനിൽ 2019:19) ഈ രാഷ്ട്രീയം അറിവിന്റെ പിൻബലത്തോടെ എരിയിൽ പ്രവർത്തിച്ചാണ് ജാതി ശരീരത്തിന്റെ തച്ചുടയ്ക്കലിന് അയാൾക്ക് സാധിച്ചത്. നോവലിൽ ഒരിടത്ത് എരി പറയുന്നുണ്ട് ‘ വൈദ്യം പഠിച്ച പറയൻ ഞാൻ പറയുന്നു നാമിനി ചത്ത പശുവിനെ തിന്നുകയില്ല’ എന്ന്. അങ്ങനെ ഒരു പ്രഖ്യാപനത്തിലൂടെ പറയരിൽ തന്നെ എരി പരിവർത്തനം സൃഷ്ടിക്കുകയാണ്. പറയരിൽ കർതൃത്ത്വ ബോധ്യം സൃഷ്ടിക്കാനും എരിക്കാവുന്നു. ചത്തത് തിന്നുകയില്ല എന്നും കൃഷിയും വിവിധ പണികളും ചെയ്യണമെന്നും ചന്തയിൽ സ്വന്തം ഉല്പന്നങ്ങൾ സ്വയം വിൽക്കണമെന്നും ഒക്കെ പറഞ്ഞ് പ്രവർത്തിപ്പിച്ച് ജ്ഞാനബോധം അവരിലേക്ക് പകർത്തുകയും അവരെ പുതുക്കിപ്പണിയും ചെയ്യുന്നു. ഇതിനൊക്കെ അയാളെ പ്രാപ്തനാക്കുന്നത് അറിവ് സൃഷ്ടിച്ച ബോധമാണ്,

താൻ ആർജിച്ച ജ്ഞാനത്തിലേക്ക് തന്റെ ജനതയെ കൂടി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് ഇതു വഴി നടത്തുന്നത്. ഭക്ഷണത്തിൽ നിന്നുമാണ് അയാൾ അത് തുടങ്ങുന്നത്. “മഴയത്ത് ഉണ്ടാകുന്ന കായ്കനികൾ നമുക്കറിയാം വെയിലത്തുണ്ടാകുന്ന കായ്കനികൾ നമുക്കറിയാം വെള്ളത്തിലോടുന്ന മീനുകൾ നിങ്ങക്കറിയാം നമുക്കില്ലാത്തത് ഇതറിയാമെന്ന അറിവാണ്” (ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് 2017:19) എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ട്, അവരെ തന്നെ അപനിർമ്മിച്ചുകൊണ്ട് ചത്തമൃഗങ്ങളെ തിന്നുന്നത് അവസാനിപ്പിച്ച് സ്വന്തമായി കൃഷി ചെയ്യുവാനും അതിലൂടെ സ്വയം ഭക്ഷണ ഉത്പാദിപ്പിക്കുവാനും കച്ചവടം ചെയ്യുവാനും അതുവഴി ലാഭം കൈപ്പറ്റുവാനും അങ്ങനെ ജീവിക്കുവാനും പ്രാപ്തരാക്കുകയാണ്. ഇതിന് എരിക്കുള്ള മൂലധനം അറിവ് മാത്രമാണ്. മന്ത്രവാദവും ഒടിവിദ്യയും എഴുത്തും വായനയും സംസ്കൃതവിദ്യാഭ്യാസവും വൈദ്യവും എല്ലാമായി അറിവിന്റെ പൊരുൾ (significance) എരിയിൽ പ്രവർത്തിക്കുന്നു. ”മന്ത്രവാദം ഒരു ജ്ഞാനമാണ് കീഴാളനെ അത് കർമ്മത്തിന് മേലുള്ള അധികാരിയാക്കുന്നു ആ കർമ്മവും ജ്ഞാനവും എരി വെളിപ്പെടുത്തി” ( ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് 2017:23) ഈ ബോധ്യത്തിലൂടെ അയാൾ പറയരെ നിരന്തരം അപനിർമിച്ചു. അതിനായി സമുദായ സംഘം തന്നെ എരി സ്ഥാപിക്കുന്നുണ്ട്, പറയരെ വിവിധ തലത്തിൽ സംഘടിപ്പിക്കുന്നുണ്ട്, അങ്ങനെ മെല്ലെ മെല്ലെ അയാൾ പറയാനാർപുരത്തെ പുലയരുടെ വാഗ്ദത്ത ഭൂമിയായി മാറ്റുന്നുണ്ട്. സ്വന്തം സ്വത്വത്തിൽ കലർപ്പ് വരുത്താൻ എരി തയ്യാറാകുന്നില്ല; തന്നെ പഴുക്ക എറിഞ്ഞു ഭ്രഷ്ട ആക്കണമെന്ന് ആവശ്യപ്പെടുന്ന അന്തർജനത്തോട് എരി ഇങ്ങനെയാണ് പറയുന്നത് “എന്റെ കുടിലിൽ എന്റെ പരമ്പരയുടെ ദുരിതമുണ്ട്. അവരുടെ നിലവിളിയുണ്ട്, അവയ്ക്ക് മുകളിൽ ഞാൻ മറ്റൊരു പാരമ്പര്യത്തെ സ്ഥാപിക്കില്ല” (ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് 2017:19) ഈ ഒരു ധാർമിക മൂല്യത്തെ അയാൾ എല്ലാകാലവും ഉറപ്പിക്കുന്നുണ്ട്, സ്വസമുദായത്തിന്റെ ചരിത്രത്തെ സ്വയം രേഖപ്പെടുത്തുകയാണ് എരി ചെയ്യുന്നത്.

അയ്യങ്കാളിക്കും പൊയ്കയിലപ്പച്ചനും ചട്ടമ്പിസ്വാമിക്കും ശ്രീനാരായണ ഗുരുവിനും സമശീർഷ്യനായി ഇങ്ങനെ ഒരാൾ വടക്കേ മലബാറിൽ ഉണ്ടായിരുന്നു എന്ന് പ്രദീപന്റെ ഗവേഷകൻ പറയുമ്പോൾ അതൊരു ഭാവന പ്രതിരോധം കൂടിയാകുന്നുണ്ട്. അങ്ങനെ എരിയെന്ന നവോത്ഥാന നായകൻ ഒരു പ്രതിരോധ പ്രതിനിധാനം ആകുന്നുണ്ട്. ഇതോടൊപ്പം പ്രദീപന്റെ ഗവേഷകൻ എരിയയിലൂടെ നടത്തുന്ന ഒരു ദൈവനിഷേധം വളരെ പ്രസക്തമായ ഒന്നാണ്; ജാതി ശരീരത്തിന്റെ പ്രതിബിംബം കൂടിയായ ദൈവമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ചെറിയ കാമ്പ്രം ഇല്ലത്തെ തമ്പുരാട്ടി ദൈവത്തെ ഓർത്തു തന്നെ ഭ്രഷ്ടയാക്കണം എന്ന് പറയുമ്പോഴുള്ള എരിയുടെ മറുപടി അത്രത്തോളം തീഷ്ണമാണ്. “എന്റെ ഇരുപത്തിയഞ്ചാണ്ടുകൾ ഞാൻ വൈദ്യം പഠിച്ചും മുറംകെട്ടിയും ജീവിച്ചു. എന്റെ് നീതിക്കനുസരിച്ചാണ് ഞാൻ ജീവിക്കുന്നത് അതിൽ ദൈവത്തിന് കാര്യമില്ല” (ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് 2017:19) ജാതിക്കുമേൽ നിശബ്ദനായി പോകുന്ന ഒന്നാണ് ദൈവം എന്നതിന് മറ്റൊരു ഉദാഹരണം കൂടി നോവലിൽ പറയുന്നുണ്ട്. ജാനുവിൽ അനുരക്തനാകുന്ന നായരായ ചാപ്പൻ കോമരം തന്നെ തിയ്യനാക്കാൻ പറഞ്ഞിട്ടും അതിനു മുമ്പിൽ നിശബ്ദനാവാൻ മാത്രമേ ദൈവത്തിനു സാധിക്കുന്നുള്ളൂ. ഇത്തരത്തിൽ ജാതിശരീരനിബദ്ധനായ ദൈവത്തെ നിഷേധിക്കുക വിപ്ലവം അല്ലാതെ മറ്റെന്താണ്. ജാനുവിനു മുന്നിൽ ചാപ്പൻ കോമരത്തിന്റെ ശരീരത്തിന്റെ ആവശ്യം തൃപ്തിയടയാതെ പോകുന്നതിന്റെ കാരണം ജാതി മതിലുകൾ തന്നെയാണ്. അതേ സ്ഥാനത്ത് തന്നെ മാതയും മമ്മദും ജാതിയുടെ മുകളിൽ പായ വിരിച്ച് ശയിക്കുന്നുമുണ്ട്. മാതയുടെ ആഗ്രഹങ്ങൾ മമ്മദിൽ മാത്രം ഒതുങ്ങിയില്ല. ജാതിക്കു മേലിലായി എല്ലാത്തരം ചക്കുകളിൽ നിന്നും മാത സ്വാതന്ത്ര്യം ആഗ്രഹിച്ചു, അവളുടെ സ്വാതന്ത്ര്യത്തിന് അനേകം ചക്കുകൾ എണ്ണയും ഇട്ടു. ഇത്തരത്തിൽ കാമനകളുടെ ശരീരശാസ്ത്രം തന്നെയാണ് ഒരർത്ഥത്തിൽ ജാതി ശരീരങ്ങളിൽ ചാട്ടവാറടി ഏൽപ്പിച്ചതെന്നും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ശുഭ്രവസ്ത്രധാരിയായ എരി ജ്ഞാനോദയ(Enlightenment)ത്തിന്റെ വെളിച്ചം പറയാനാർപുരത്തിലാകെ പരത്തുന്നുണ്ട്. എരിയോലയിലൂടെ പ്രദീപന്റെ ഗവേഷകൻ അനാദിയായ തീഷ്ണചരിത്രത്തെ വീണ്ടെടുക്കുകയാണ്. എരിയോല അങ്ങനെ പറയനാർപുരമെന്ന ഭാവനാദേശത്തിന്റെ പ്രതിരോധത്തിന്റെ, വീണ്ടെടുപ്പിന്റെ , ദേശനിർമ്മിതിയുടെ പരിപ്രേക്ഷ്യമാവുന്നു. എരിയുടെ ജ്ഞാനവെളിച്ചം അത്രകണ്ട് കേവലത്വമുള്ള ഒന്നായല്ല കാണേണ്ടത്; കൊട്ടിയൂർക്കാവിലേക്ക് പോയ നമ്പ്യാർ ശുഭ്രവസ്തധാരിയും ആരോഗ്യ ദൃഢഗാത്രനുമായ എരിയും ഒരു സംഘം ആളുകളും പദയാത്രയായി വരുമ്പോൾ കണ്ടുമുട്ടുന്ന രംഗമുണ്ട് നോവലിൽ. ആ സന്ദർഭത്തിൽ എരിയുടെ മുഖം ജ്വലിക്കുന്നതിനെപ്പറ്റി അത്രമേൽ തീവ്രതയോടെയാണ് നോവലിൽ വരച്ചുകാട്ടുന്നത്. ഈ വെളിച്ചത്തെ ഉപയോഗിച്ചാണ് എരി കൃത്യമായി ജാതിയെ വെല്ലുവിളിക്കുന്നത്. പശുവിനെ തിന്നുകയില്ല എന്ന തീരുമാനം അറിഞ്ഞ മേലാളന്മാർ എരിയയെ തല്ലാൻ തീരുമാനിക്കുമ്പോൾ കായികമായി തന്നെ അയാൾ അതിനെ നേരിടുന്നുണ്ട്. അറിവും കയ്യൂക്കും മേലാളത്വത്തിനുമേൽ എരി കൃത്യമായി വിനിയോഗിക്കുന്നു. നോവൽ തുടങ്ങുമ്പോൾ പറയുന്നതുപോലെ തന്നെ പറയനെരി ഇവിടെയൊരു അത്ഭുതമാകുന്നു. ആ അത്ഭുതമാകട്ടെ ജാതീയത തച്ചുടയ്ക്കുവാൻ വേണ്ടി നിൽക്കുന്ന ഒരു പരമ്പരയുടെ കരുത്ത് തന്നെയാകുന്നു. ഇതേ ഭാഗത്ത് സ്മരിക്കപ്പെടേണ്ട മറ്റൊരു കഥാപാത്രമാണ് പെരുവനം പാപ്പർ. ദൈവനിഷേധം നടത്തുകയും എപ്പോഴും ജാതിക്ക് മുകളിലായി നിലകൊള്ളുകയും ചെയ്യുന്ന പെരുവനം പാപ്പർ എരിയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുവാൻ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ജാതി ശരീരങ്ങൾക്ക് ഉപരിയായി സ്നേഹം മാത്രം ആയുധമാക്കുന്ന കഥാപാത്രങ്ങളെ ഈ നോവലിലുടനീളം ദർശിക്കാനാവും.

എരിയുടെ ചരിത്രം അന്വേഷിച്ചു പോകുന്ന കീഴാളഗവേഷകൻ നേരിടുന്ന ഒരു അക്കാദമിക പ്രശ്നം ഉണ്ട്. ഓർമ്മകളെയും വാമൊഴികളെയും ഉപദാനങ്ങളായി സ്വീകരിക്കാമോ എന്നതാണ് ആ പ്രശ്നം. മേലാളൻ എഴുതിയ ചരിത്രത്തിലെങ്ങും ഇല്ലാത്ത മനുഷ്യർക്ക് എവിടെയാണ് വരമൊഴി ചരിത്രം ഉള്ളത്, ഓർമ്മകളും വാമൊഴികളും തന്നെയാണ് അവരുടെ ചരിത്രം. ദമിതലോകങ്ങളിൽ നിന്നും ഓർമ്മകളിലൂടെ തന്നെയാണ് ഈ മനുഷ്യർ ഉയർന്നുവരുന്നത്. നടപ്പിലുള്ള അക്കാദമിക വ്യവഹാരത്തിന്റെ ന്യൂനതയെ മുഴച്ചു പൊന്തിച്ച് നിർത്തി പ്രദീപൻ പാമ്പിരിക്കുന്ന് നടത്തിയ ഒരു കലാപം കൂടിയായി ഇതിനെ വായിച്ചെടുക്കേണ്ടതുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങൾ ഇല്ലാതെ പോയ മനുഷ്യർ അവരുടെ പരമ്പര ദുഃഖങ്ങളും പേറി ഈ അക്കാദമിക ലോകങ്ങളെ ചോദ്യം ചെയ്യുന്ന കാലം അത്ര വിദൂരത്തിലല്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. ചരിത്രമേറ്റുവാങ്ങിയ ഒരു കവിത4 തന്നെയാണ് അക്കാദമിക ലോകത്തെ മേലാളത്വ മനോഭാവത്തിനുള്ള മറുപടിയും താക്കീതും.

“ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ
ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യർ വരും,
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവർ.
എന്നാൽ,
ദിവസവും അവർക്ക് അപ്പവും പാലും കൊടുത്തവർ,
ഇറച്ചിയും മുട്ടയും കൊടുത്തവർ,
അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുത്തവർ,
അവരുടെ കാർ ഓടിച്ചവർ,
അവരുടെ പട്ടികളെ വളർത്തിയവർ,
അവരുടെ ഉദ്യാനങ്ങൾ കാത്തുസൂക്ഷിച്ചവർ,
അവർ വരും!
വന്നു ചോദിക്കും
യാതനകളിൽ ദരിദ്ര ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോൾ
എന്തു ചെയ്യുകയായിരുന്നു നിങ്ങൾ? “

ദമിതലോകങ്ങളിൽ നിന്നും മനുഷ്യർ വരും വന്നു ചോദിക്കുക തന്നെ ചെയ്യും. അവർക്ക് അവർ വീണ്ടെടുത്ത ജ്ഞാനത്തിന്റെ പിൻബലം ഉണ്ട്. അവർ സൃഷ്ടിച്ച വൈജ്ഞാനികതയുടെ-ദളിത് വൈജ്ഞാനികതയുടെ തീക്ഷ്ണത അത്രമേൽ കഠിനമാണ്; തലമുറകളിലെ ദുഃഖം അറിവുകൊണ്ട് എരിച്ച് ജാത്യാന്ധതകളെ അവർ തകർക്കും. എരി അതിന്റെ തുടക്കമാണ് !

“ എരിയുന്ന ജീവിതം എന്റെ ദൈവേ
എരിയാതെ നിർത്തേണമെന്നുമെന്നും
എരിയെന്നിൽ വാഴുന്ന നേരത്തോളം
എരിയുന്നുണ്ടുള്ളതിൽ എന്റെ ദൈവം”
(ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് 2017:36)

ജാതി തീർത്ത അന്ധതയെ എരിച്ചു കളയുന്ന ജ്ഞാനം ആകുന്ന ദൈവം ഒരു കൂട്ടം മനുഷ്യരിൽ തെളിഞ്ഞ് കത്തുന്നുണ്ട്. അവരുടെ ദളിതം അക്ഷരസംയുക്തമാണെന്ന ബോധ്യത്തെ അവർ വീണ്ടെടുത്തു കഴിഞ്ഞു. എരി അതിന്റെ ചൂട്ടുവെളിച്ചമാണ്. എല്ലാ കുടിലതകളെയും തകർക്കുവാനുള്ള ഉഗ്രവെട്ടമാണ് അത്.

കുറിപ്പുകൾ

1. പര്യമ്പുറം എന്ന വാക്ക് തെക്കൻ കേരളത്തിൽ വീടിന്റെ പിന്നാമ്പുറം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഒഴിവാക്കപ്പെടുന്ന സാധനങ്ങളൊക്കെയും പര്യമ്പുറത്തേക്കാണ് വലിച്ചെറിയുന്നത്.സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ദളിതരെ സൂചിപ്പിക്കുവാനാണ് ഇവിടെ ഈ പദം ഉപയോഗിച്ചത്.

2. ഗബ്രിയേൽ ഗാർഷ്യോ മാർക്വേസിന്റെ ‘ പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ മാജിക്കൽ റിയലിസത്തിന്റെ ഭാഗമായ കൽപ്പന

3. കൽപ്പറ്റ നാരായണൻ എഴുതിയ ‘എരിയോല‘യിൽ നിന്നും കടം കൊണ്ട വാക്ക്

4. ഗ്വാട്ടിമാലിയൻ വിപ്ലവകാരിയും കവിയുമായ ഓട്ടോ റെനെ കാസ്റ്റിലോയുടെ ‘അരാഷ്ട്രീയ ബുദ്ധിജീവികൾ‘ എന്ന കവിതയിലെ വരികൾ

ആധാരസൂചി

1. അനിൽകുമാർ ടി.കെ. : 2004, മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേ ക്ഷ്യം,കേരള സാഹിത്യ അക്കാദമി, തൃശൂർ

2. അനിൽ കെ.എം. : 2019, മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ, പ്രോഗ്രസ് പബ്ലിക്കേഷൻസ്,കോഴിക്കോട്

3. ദാസ് കെ.കെ.എസ് : 2014, ദലിത് പ്രത്യയശാസ്ത്രം: – ചരിത്രം,സാഹിത്യം, സൗന്ദര്യശാസ്ത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം

4. പാമ്പിരിക്കുന്ന് പ്രദീപൻ : 2017, എരി, ഡി.സി.ബുക്ക്സ്. കോട്ടയം

5. പുരുഷോത്തമൻ കെ.സി : 2008, ദലിത് സാഹിത്യ പ്രസ്ഥാനം, കേരള സാഹിത്യ അക്കാദമി, തൃശൂർ

6. ശശി കെ.വി : 2019, കീഴാളവിമർശം :- ഭാഷ,ഭാവന,ദേശരാഷ്ട്രം, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, തിരൂർ

7. ശശി കെ.വി (എഡി.) : 2019, ദളിത് വൈജ്ഞാനികത :- ചരിത്രം, സംസ്കാരം, സൗന്ദര്യം, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, തിരൂർ

8. സന്തോഷ് ഒ.കെ : 2022, അനുഭവങ്ങൾ അടയാളങ്ങൾ:- ദലിത്.ആഖ്യാനം,രാഷ്ട്രീയം,അദർ ബുക്ക്സ്, കോഴിക്കോട്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ...

More like this

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...