(കവിത)
ആദിത്ത് കൃഷ്ണ ചെമ്പത്ത്
ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.
കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.
ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്‍ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച് പോകട്ടെ.

ഇനിയാര്
അതിരിട്ട പറമ്പില്‍
വെളിക്കിരിക്കും.
മൊട്ട കുന്നിലെ
പെണ്‍ ദൈവങ്ങള്‍
കൊപ്പമിരുന്ന്
കള്ള് പൂശും.
‘ ഉടയോരില്ലാത്ത
ഭൂമി പോലെയാണ്
ഉറ്റവരാരുമില്ലാത്ത
താനുമെന്ന് ‘
കുഞ്ഞേനച്ഛന്‍ പറയും.
തെക്കേ തൊടിയില്‍
കുഞ്ഞേനച്ഛനും
പടിഞ്ഞാറെ തൊടിയില്‍
ആയിരം പെണ്‍ദൈവങ്ങളും
ഒരുമിച്ച് പെറന്നു.
എന്നിട്ടും ഒരൊറ്റ ദൈവം പോലും
കുഞ്ഞേനച്ഛന്റെ
മരണത്തിന് പാന പാടന്‍
ധൈര്യപ്പെട്ടില്ല.
തെക്കെ തൊടിയിലുള്ളവരെ
ആശ്വസിപ്പിച്ചില്ല.
കടത്തൂന്ന്
വന്ന ആള്‍ കാറ്റ്
മാത്രം
കുഞ്ഞേനച്ഛന്റെ
മരണം പറഞ്ഞിരുന്നു.
കാറ്റടിക്കുമ്പോള്‍ പാറാറുള്ള
അയാളുടെ ജട പിടിച്ച മുടിയെ വിടെ?
കുഴഞ്ഞ നാവിന്റെ പാട്ടെവിടെ?
കുഞ്ഞേനച്ഛന്‍ ചത്തു.
പുലര്‍ച്ചയ്ക്ക്.
കുഞ്ഞേനച്ഛന്‍ ചത്തു
നട്ട പാതിരയ്ക്ക്.
ഇനിയൊരു കടത്തും
കുഞ്ഞേനച്ഛന്റെ മക്കള്‍ക്ക്
പുഴ തരില്ല.
സര്‍ക്കാര്‍ സ്‌കൂളില്‍
കുഞ്ഞേനച്ഛന്റെ കുട്ടികള്‍
പാഠം പഠിക്കേണ്ടതില്ല.
കുഞ്ഞേനച്ഛന്റെ കുട്ടികള്‍
കുഞ്ഞേനച്ഛനായാല്‍ മതി.
ഉടയവരും
ഉറ്റവരും
ഇല്ലാത്തവരായാല്‍ മതി.
കുഞ്ഞേനച്ഛന്‍ ചത്തു.
ചത്തവരാരും
തിരിച്ചു വരില്ല.
ചത്തവരുടെ കവിതകള്‍
വഞ്ചി പായയിലിട്ട്
പുഴ കടത്തുന്നു. നാടുകടത്തുന്നു.
കുഞ്ഞേനച്ഛന്റെ മക്കള്‍
കരയിലൊറ്റയ്ക്ക്..
നാട്ടിലൊറ്റയ്ക്ക് ..
പടിഞ്ഞാറെ തൊടിയുടെ
അതിരില്‍
തെക്കെ തൊടി നോക്കി.
ആയിരം പെണ്‍ ദൈവങ്ങള്‍
ഒപ്പം കരഞ്ഞു.
ചിരിച്ചു കുളിച്ച
ചാവടിയന്തിരത്തിന്
കുഞ്ഞേനച്ഛന്
അര കള്ള് കാക്ക കരച്ചില്‍ മാത്രം കൂട്ട് .
കുഞ്ഞേനച്ഛനുള്ളപ്പോള്‍
നാട്ടിലൊരു കാക്കയും
കരഞ്ഞോണ്ട് പുലരികളെ
വരവേറ്റിട്ടില്ല.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ശക്തം …