സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ 

0
251

(ലേഖനം)

വൈഷ്ണവി ആർ ജെ

മനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന ഒരു കാറ്റുപോലും കവിതയാകുന്ന മനുഷ്യനിൽ പ്രതിഫലിക്കുന്നു. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത് കവിതയാണ് കവിതയോ മനുഷ്യനാൽ തന്നെ വിരചിതമായ മറ്റൊരു പ്രതിഭാസവും. സമൂഹമന്നും ഇന്നും സഹൃദയനാണ്. എന്നാൽ കവിതയോ ഒരു ഘട്ടത്തിൽ ആ മനുഷ്യൻ വരേണ്യ വർഗ്ഗത്തോടൊപ്പം ആണ്, മറ്റൊരിടത്ത് കവിത എന്ന മനുഷ്യൻ ഈശ്വരനോട് ആയി. തുടർന്ന് പൊതുജീവനത്തിലൂടെ വിപ്ലവത്തിലേക്ക് തലചായ്ച്ചു. പ്രസ്ഥാനങ്ങൾ രൂപീകൃതമായപ്പോൾ കവിത മനുഷ്യൻ പ്രണയ ഭാവത്താൽ മുഴുകി. ചുറ്റിലുമുള്ള ലോകം എന്തൊക്കെയോ പുലമ്പി. പിന്നെ അവർക്ക് പിന്നാലെ ആയി അവളുടെ യാത്ര. കവിതയെ ഒരു സ്ത്രീയായി പരിഗണിക്കാം. അപ്പോൾ കവിത അവളാകും. അവൾ സങ്കീർണമായ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ ആധുനികത തേടിപ്പോയി. ഒടുവിൽ പുറമോടി മനസ്സിലാക്കി അവൾ സത്യത്തെയും തുറന്നെഴുത്തിന്റെയും ലോകത്തിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ. അവിടെ അവൾ മനുഷ്യനാണ്. അങ്ങനെ കവിത ഇന്ന് തുറന്നെഴുത്തിന്റെ സത്യത്തിന്റെ സമൂഹത്തിന്റെ ഒപ്പം സഞ്ചരിക്കുന്നു. സമൂഹത്തിൽ ഒരു കണ്ണുനീർത്തുള്ളി വീഴുമ്പോൾ അവിടെ ഒരു തൂലിക ചലിക്കുന്നു.

ദളിത് സ്വത്വം 

വരേണ്യ ബിംബങ്ങളുടെ തടവറയിൽ കീഴാള കവിത മരവിച്ചു കിടക്കുകയായിരുന്നു. അതിൽ നിന്ന് ഒരു വിമോചന സമരം നടത്തിയത് എസ് ജോസഫിന്റെ കവിതകളിലാണ്. ദളിതൻ ദളിത് ഭാഷയിൽ ദളിതന്റെ അനുഭവം എഴുതുന്നതാണ് ഉത്തരാധുനിക ദളിതിസത്തിന്റെ മുഖപത്രം. ദളിതൻ കാവ്യ വിഷയമാവുക എന്നതിലല്ല നവീനകവിത ശ്രദ്ധിക്കേണ്ടത് എന്ന അവബോധം പുതു കവികൾക്കുണ്ട്. ദളിത് സ്വത്വത്തെ അന്വേഷിച്ചുള്ള യാത്രയാണ് ഉത്തരാധുനിക കവിതകളിൽ കാണുന്നത്. ഒരു ജനസമൂഹത്തിന്റെ ഭാഷയിൽ അവരുടെ ദുഃഖങ്ങൾ അടങ്ങുന്നുണ്ട്. സ്വതവേ ദളിതന്റെ ദുഃഖം ദളിത് ഭാഷയിൽ ആയിരിക്കണം എന്ന് ഇതിൽ നിന്ന് ഉരുത്തിരിഞ്ഞു. അങ്ങനെ ഉത്തരാധുനികർ ഭാഷ തന്നെ ആവിഷ്കരിക്കാൻ ശ്രമിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ പുതു കവിത ദളിതരുടെ രാഷ്ട്രീയമാണെന്ന് പറയാം. പുതു ദളിത് കവികളുടെ പ്രകൃതി ബോധം സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ശുദ്ധ വികാരത്തോടെയാണ് അവർ അതിനെ സമീപിക്കുന്നത്. പുതു പ്രകൃതിയെ സമഭാവനയോടെ കാണാൻ തുടങ്ങിയത് ദളിത് രചനകൾ – ദളിത് സമൂഹം ഉണർന്നപ്പോഴാണ്. ആധുനികാനന്തര ദളിത് കവിത കാവ്യഭാവുകത്വത്തെ പിളർന്നാണ് അസ്ഥിത്വം ഉറപ്പിച്ചതെന്ന് പറയാം. “നവോത്ഥാന പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയ പൊതുബോധത്തിന്റെ സാംസ്കാരിക ഭൂമികയിലാണ് കേരളത്തിന്റെ കീഴാളജീവിത പരിസരം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്” എന്ന് സാബു കോട്ടുക്കൽ തന്റെ ലേഖനത്തിൽ പരാമർശിക്കുന്നു. എഴുതപ്പെടാത്ത ചരിത്രത്തിനകത്ത് അടയാളപ്പെടാതെ പോയ ദളിത് ജീവിതത്തെ തിരഞ്ഞു ചെല്ലുകയാണ് ഇന്നത്തെ ദളിത് കവിത എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“ഒരു ഗോവിനോ
ഒരു ചണ്ഡാലനോ കൂടുതൽ തൂക്കം. ഒന്നാമൻ പുല്ല് തിന്നുന്നു.
രണ്ടാമൻ തിന്നപ്പെടുന്നു.”
(എം.ബി.മനോജ്)
സർവ്വേ ഓഫ് ഇന്ത്യ എന്ന ഈ കവിതയിൽ സമകാലിക ജീവിതത്തിലെ ദളിതന്റെ അവസ്ഥ പച്ചയായി ആവിഷ്കരിച്ചിരിക്കുകയാണ്. പൂർവിക ദളിത് പരിസരം തന്നെയാണ് ആധുനികാനന്തര കവിതയ്ക്ക് പ്രമേയം. ജീവിക്കുമ്പോൾ തന്നെ മരിക്കുകയും മരിച്ചു ജീവിക്കുകയും ചെയ്തവരാണ് ദളിതർ. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ തുടങ്ങി ആധുനിക കവിതകളിലും അവിടെനിന്ന് ഉത്തരാധുനിക കവിതകളിലേക്കും ദളിതിസം പടർന്നുകയറി. എസ്. ജോസഫിന്റെ
വെള്ളം എന്ന കവിതയിലും വ്യക്തിപരമായ ദളിത് അനുഭവം കാണാൻ കഴിയുന്നു.
പെണ്ണെഴുത്ത് 
പെണ്ണും പ്രകൃതിയും സൗന്ദര്യവും എക്കാലവും നിലനിൽക്കുന്ന കാവ്യ സങ്കല്പമാണ്. ഇവ പരസ്പരം ബിംബങ്ങൾ പോലെ ഇഴുകി ചേർന്നിരിക്കുന്നു. എന്നാൽ സൗന്ദര്യ അനുഭൂതിക്കപ്പുറം സ്ത്രീകൾ സ്വത്വം അന്വേഷിച്ചുള്ള യാത്രയിലാണ്. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ എഴുതുന്നതിനെ പെണ്ണെഴുത്ത് എന്ന് പറയാൻ കഴിയുകയുള്ളൂ. ഉത്തരാധുനികതയിലാകട്ടെ സ്ത്രീരചയിതാക്കൾ കുറവാണുതാനും. മുൻകാല ഫെമിനിസ്റ്റുകൾ ചെയ്ത പോലെ പുരുഷനെ നിഷേധിച്ചു കൊണ്ടല്ല ഉത്തരാധുനിക പെണ്ണഴുത്ത്.  സ്ത്രീകൾ സ്വയം അവരെ തിരിച്ചറിയുന്നതാണെന്ന് ഡോ. എം എസ് പോൾ അഭിപ്രായപ്പെടുന്നു. ഉത്തരാധുനികതയുടെ തെളിഞ്ഞ സ്ത്രീ മുഖമാണ് വി എം ഗിരിജയുടെ ജീവജാലം എന്ന കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈശ്വരനായും പ്രകൃതിയായും നിറഞ്ഞുനിൽക്കുന്ന സ്ത്രീ സാന്നിധ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രകൃതിയിലെ പെണ്ണിടങ്ങളിലാണ് കവയത്രി അന്വേഷണം നടത്തിയത്. ഉത്തരാധുനിക എഴുത്തുകുത്തിന്റെ മറ്റൊരു ശൈലിയാണ് സത്യത്തിലേക്കുള്ള എത്തിനോട്ടം. സർവ്വ ഗൃഹങ്ങളിലും തേഞ്ഞുതീരുന്ന വീട്ടുപകരണമായ അമ്മയോളം സമൂഹത്തിൽ എന്നും നിലനിൽക്കുന്ന വൈഭവം മറ്റൊന്നില്ല.

“രാവിലെ ഒരു പെണ്ണിൻ കുനിഞ്ഞ പിൻ ചുവടിന്റെ നൃത്തം കഴിഞ്ഞാൽ
ഈർക്കിലി വിരൽ പോറൽ നിരകൾ
മാത്രമായി പൊടിഞ്ഞു പരക്കാൻ.”

(അനിത തമ്പി – മുറ്റമടിക്കുമ്പോൾ)

രാവുറങ്ങുമ്പോൾ ഉറങ്ങുന്ന അമ്മയുടെ ജോലികളും സൂര്യൻ ഒളിവിതറുമ്പോൾ സടകുടയുന്ന ജീവിത പ്രാരാബ്ധവും കവയത്രി കാണിക്കുന്നുണ്ട്. സ്ത്രീയുടെ മാഹാത്മ്യം പറയുകയല്ല കവിത ഇവിടെ. അനുഭവമാണ് പങ്കിടുന്നത്.
ആഗോളവൽക്കരണം കവിതയിൽ ചെലുത്തിയ സ്വാധീനം 
കൃഷിയിൽ നിന്നും പ്രകൃതിയിൽ നിന്നും അകന്നു മാറി ഉപഭോഗാധിഷ്ഠിത ജീവിതത്തിലേക്ക് മലയാളി മാറിയത് ആഗോളവൽക്കരണത്തിന്റെ ഫലമായാണ്. ഈ വസ്തുത മലയാളികളുടെ ജീവിതസാഹചര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. ‘ഉപയോഗിക്കൂ, വലിച്ചെറിയൂ’എന്നൊരു സാംസ്കാരിക പശ്ചാത്തലം ഉയർന്നുവന്നു. സാങ്കേതികവിദ്യ മുഖ്യധാരയിലേക്ക് കടന്നുവന്നു. യന്ത്രവൽക്കരണം മുഖം മൂടിയായി. ലോക സാഹചര്യം മാറിയപ്പോൾ ലോക ശൈലിയും മാറി. എന്നാൽ മലയാളത്തിൽ ആ ശൈലി വന്നപ്പോൾ അത് കവിതയുടെ മരണമാണെന്ന് ആധുനികർ വാദിച്ചു. ഈ വാദത്തെ നിരാകരിച്ചുകൊണ്ട് എം ആർ രേണുകുമാറും എസ് വി ഗോപനും കവിത എഴുതി. കവിത ഒരിക്കലും മരിക്കില്ല എന്ന് വാക്കുകളിലൂടെ അവർ സമർത്ഥിച്ചു. നവ കേരളത്തിന്റെ ഭൗതികവും ഗാർഹികവുമായ അനിയന്ത്രിതം ഉമേഷ് ബാബുവിന്റെ പുരുഷസൂക്തങ്ങൾ എന്ന കവിതയിൽ കാണാം. പൂജാമുറിയിലെ വിളക്കും വീഡിയോകളും സ്കൂൾവാനും പരസ്പര വൈരുദ്ധ്യമായി ഈ കവിതയിൽ നിലനിൽക്കുന്നു. മിഴി തുറക്കും മുൻപ് ഉണ്ടായ വൈവിധ്യമാണിത്.
ഉത്തരാധുനിക സമൂഹം കവിതയിൽ 
ആഗോളവൽക്കരണാനന്തരം ചോദ്യചിഹ്നമായ സമൂഹത്തെ അതേ സങ്കീർണതയോടെ ആധുനിക കവിതയിൽ ആവിഷ്കരിച്ചു.എന്നാൽ ഇന്ന് സരളമായ ശൈലിയിൽ സാമൂഹിക പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ തുടങ്ങി. സമൂഹത്തിനെ മരണക്കെണിയെന്ന് പേരിടേണ്ട അവസ്ഥയിലും, ആധുനികാനന്തർ ലളിതമായി അവ കൈകാര്യം ചെയ്തു. പുതിയൊരു സൗന്ദര്യബോധം സൃഷ്ടിക്കുന്ന ശ്രമത്തിലാണ് ഇന്നത്തെ കവികൾ. ആധുനികാ നന്തരം പാരമ്പര്യത്തിലേക്കുള്ള ഒരു ചെറിയ തിരിഞ്ഞുനോട്ടം കവിതകളിൽ കാണാൻ കഴിയുന്നുണ്ട്. ആധുനികതയുടെ അനുകരണം അല്ല ഉത്തരാധുനികത. മുമ്പുള്ള പ്രസ്ഥാനങ്ങളെ പോലെ കൃത്യമായ ഒരു സമാനധാരയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരല്ല ഉത്തരാധുനിക കവികൾ. മറിച്ച് ഓരോ കവിയും കവിതയിൽ ഓരോ വഴികളാണ് തേടുന്നത്. “പുതിയ കവികൾ ആരും കവിതയിൽ ബോധപൂർവ്വം ഉത്തരാധുനികത സൃഷ്ടിക്കുന്നില്ല”എന്ന് പ്രസന്ന രാജൻ ഉത്തരാധുനിക ചർച്ചകളിൽ പറയുന്നുണ്ട്. പുതിയ കവികൾ വളരെ ലളിതമായ ഭാഷയും വാക്കുകളും ആണ് ഉപയോഗിക്കുന്നത്. എന്നാൽ അതിലൂടെ സമൂഹത്തിലെ പ്രാധാന്യവും സങ്കീർണമേറിയതുമായ വസ്തുതകളും ചർച്ചചെയ്യുന്നുമുണ്ട്. ചിലയിടങ്ങളിൽ വ്യക്തിപരമായ ദുഃഖം മാത്രം ചർച്ച ചെയ്യുന്ന കവിതകളും ഉണ്ടാകുന്നു. ഇത് കവികളുടെ സാമൂഹിക ധർമ്മത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരു വസ്തുവിനെ പുറമേ നിന്ന് നോക്കിക്കാണുന്നതിനേക്കാൾ അവയിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് യാഥാർത്ഥ്യം അറിയാൻ കഴിയുന്നത്. ആ മനോഭാവമാണ് ഉത്തരാധുനിക എഴുത്തുകാരുടേത്. സൂക്ഷ്മമായി യാഥാർത്ഥ്യത്തിലേക്കിറങ്ങാൻ കവികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റു പ്രസ്ഥാനങ്ങളിലെ പൊതു ധാർമ്മികത ഉത്തരാധുനികതയ്ക്കില്ല. അങ്ങനെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ അത് നിഷ്ഫലമാണ്. ഒരുപക്ഷേ പൊതുസമൂഹത്തിന്റെ കണ്ണാടിയാണ് പുതു കവിത എന്ന് പറയാം. ഒരിടത്ത് സ്വകാര്യ ദുഃഖം ആണെങ്കിൽ മറ്റൊരിടത്ത് ചരിത്രം, മറ്റൊരിടത്ത് രാഷ്ട്രീയം, ഇങ്ങനെ നവീന കവിതകൾ സമാന സ്വഭാവം പലപ്പോഴും ഇല്ലായ്മ ചെയ്യുന്നു. പ്രസന്നരാജൻ പോസ്റ്റ് മോഡേണിസത്തിന് ചില സ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയിട്ടുണ്ട്. “മിശ്ര ശൈലി, ഹാസ്യാനുകരണം, വിരുദ്ധോക്തി, കളിമട്ട് ശിഥിലനം, നൈരന്തര്യ ഭംഗം, ജീവിതശൈഥില്യം” എന്നിവ അദ്ദേഹം കണ്ടെത്തുന്ന ഉത്തരാധുനിക ഭാവങ്ങളാണ്. ജീവിതശൈഥില്യം പ്രമേയം ആകുമ്പോൾ ആധുനിക കവികൾ നിരാശയിലേക്കാണ് നീങ്ങുന്നത്.എന്നാൽ ഉത്തരാധുനികത നൈരാശ്യം അല്ല. ചില കവികൾ യഥാർത്ഥ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നു. അൻവർ അലിയുടെ ‘ഏകാന്തതയുടെ 50 വർഷങ്ങൾ’ കവിതയല്ല അനുഭവം തന്നെയാണ്.
സമൂഹത്തെ ജാഗ്രതയോടെ നിരീക്ഷിക്കുകയും തുറന്നെഴുതാൻ ശ്രമിക്കുകയും ആണ് കവികൾ ചെയ്യുന്നത്. “തമ്മിൽ വേറിട്ട കവിതകളെഴുതിയ മറ്റൊരു കാലവും ഉണ്ടായിട്ടില്ല “എന്നാണ് എസ് ജോസഫ് നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകൾ വർത്തമാന കവിത, അനുകരണങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്.
സമൂഹമാകുന്ന പുതുകവിത 
പുതുസമൂഹത്തിന്റെ പ്രതിഫലനമാണ് പുതുകവിതകൾ.  സമൂഹത്തിന്റെ കണ്ണാടിയാണ് കവിത എന്നു പറയാം. അത്രമേൽ സാമൂഹിക പ്രതിബദ്ധത സമകാലിക കവിതകൾക്കുണ്ട്. ഉത്തരാധുനികതയുടെ തുടക്കമല്ല ഈ സവിശേഷത. ഇന്നെന്നു വിളിക്കാവുന്ന ആധുനികാനന്തര കവിതയിൽ ആണ് നവസമൂഹത്തിന്റെ കണ്ണാടിയെ കാണാൻ കഴിയുന്നത്. സാമൂഹികനീതി നശിച്ചുകൊണ്ടിരിക്കുന്ന കാലത്തിൽ കവിതയിലൂടെ എങ്കിലും അതിന്റെ മറുപുറം ചിന്തിപ്പിക്കുകയാണ് ഇന്നത്തെ കവികൾ. പൂർവികർ ചെയ്ത പോലെ കവിത വായിച്ചു അർത്ഥമോ വ്യാഖ്യാനമോ കണ്ടെത്തുകയല്ല ഇന്നത്തെ കവിതാ തന്ത്രം. മറിച്ച് മനുഷ്യനെ ചിന്തിപ്പിക്കാൻ ആണ് ഇന്നത്തെ കവിതകൾ. ആശയത്തിന്റെയോ, അർത്ഥത്തിന്റെയോ ഉൾക്കാമ്പ് തേടി അവിടേക്ക് ഒരു യാത്ര നടത്തേണ്ടതില്ല. ഒറ്റ വായനയിൽ തന്നെ കാവ്യലക്ഷ്യം സ്പഷ്ടം. മനുഷ്യരില്ലാതാകുന്ന ലോകത്തിൽ മനുഷ്യരെ സൃഷ്ടിക്കുക. പ്രകൃതിയില്ല, സ്നേഹമില്ല, മനുഷ്യത്വമില്ല എല്ലാത്തിനും മേൽ ചില കൊടികൾ ഉയർന്നു. കാലന്റെ കറുത്ത കൊടി. അത് ആദ്യം മനുഷ്യമനസ്സിനെ തന്നെയാകും നശിപ്പിച്ചത്. കുന്നുകൾ ഇടിച്ചു നിരത്തുകയും പുഴകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ പേരിൽ വയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നു.
“ആതിരകൾ പെയ്യുന്ന കഥയെവിടെ
ഒഴുകുന്ന നിളയിൽ കളഞ്ഞുപോയി “

അൻവർ അലിയുടെ ‘നിളയുടെ കാൽപാടിൽ’ പ്രതിപാദിക്കുന്ന വിഷയം സുവ്യക്തം തന്നെ. ഇനി ഒടുവിൽ ഒരു രവിവർമ്മ വേണ്ടി വന്നേക്കാം നിളയെ ഓർമ്മപ്പെടുത്താൻ. അർത്ഥത്തിന്റെ വലിയ ലോകങ്ങൾ ഒന്നും പുതുകവിത കാട്ടിത്തരുന്നില്ല. സാമൂഹികതയാണ് പുതുകവിതകൾ അടയാളപ്പെടുത്തുന്നത്. ഉത്തരാധുനിക പ്രവണതയല്ലത്, ഈ ഒരു ദശകത്തിൽ തിരികൊളുത്തിയ വിപ്ലവമാണത്. എസ്. ജോസഫിന്റെയും എസ് കണ്ണന്റെയും ടി പി രാജീവന്റെയും ഒക്കെ കവിതകൾ എണ്ണ, ഇന്ധനം തുടങ്ങി പരിചിതമായ വസ്തുക്കളിൽ ആഖ്യാനം നടത്തുന്നു. പുതുകവിതകൾ ന്യൂനപക്ഷ ധാരയിലേക്ക് നീങ്ങുന്നുണ്ട്. വിഡ്ഢിപ്പെട്ടിയുടെ മുൻപിൽ അകപ്പെട്ട് വിഡ്ഢികളാകുന്ന സമൂഹം നിത്യ കാഴ്ചയാണ്. ഒരിക്കൽ ശരീരം മറക്കാൻ ജീവൻ ബലിയർപ്പിച്ച ധീര വനിതകൾ വാണ കേരള ഭൂവിൽ, ഇന്ന് വിഡ്ഢിപ്പെട്ടിയിലെ ചാനലുകളിൽ ശരീരം പ്രദർശിപ്പിക്കുവാനുള്ള മത്സരത്തിലാണ് പുതു സമൂഹം. സമകാലിക സമൂഹത്തിൽ ടിവി ചാനലുകളുടെ അവസ്ഥ കെ ആർ ടോണി കൃത്യമായി അവതരിപ്പിക്കുന്നു.

“ജീർണവസ്ത്രം നീക്കിയമ്പോടു ടിവിയിൽ
ലോകൈക സുന്ദരി നാഭി പ്രദർശനം “

(അന്ധകാണ്ഡം)

നമ്പ്യാരുടെ ആക്ഷേപഹാസ്യം ശതകങ്ങൾ പിന്നിട്ടിട്ടും നിലനിൽക്കുന്നുണ്ട്. സമകാലിക പ്രശ്നങ്ങൾ അല്പം താളത്തോടെയും ഹാസ്യത്തോടെയും പാരഡിയിലൂടെയും അവതരിപ്പിക്കാൻ കെ ആർ ടോണി നല്ലൊരു വിരുതു കാണിക്കുന്നു. “മാംസനിബദ്ധമല്ല രാഗം ” എന്ന ആശാന്റെ പ്രണയസങ്കല്പം, സ്നേഹത്തിന്റെ വിശുദ്ധമായ തലമാണ് കാണിച്ചുതരുന്നത്. നവ സമൂഹത്തിൽ മാംസനിബദ്ധമല്ലാത്ത അനുരാഗങ്ങൾ പ്രണയമാണോ? എന്ന നിലയിൽ എത്തിച്ചേർന്നു. അങ്ങനെയല്ലാത്ത സ്നേഹത്തെ നിഷേധിക്കുവാനും വിരുതൻ തന്നെ നവകാമുകർ. ഇത്തരം പ്രഹസനങ്ങൾ കെ ആർ ടോണി ‘തത്വമസി’ എന്ന തന്റെ കവിതയിൽ പരാമർശിക്കുന്നു. പുത്തൻ പ്രണയ സങ്കല്പമാണിത്. ഇതിനർത്ഥം പുതുസമൂഹം മുഴുവൻ അങ്ങനെയാണെന്നല്ല. എന്നാൽ ഇത്തരം പ്രണയ സങ്കല്പം ഇന്ന് പലർക്കിടയിലും നിലനിൽക്കുന്നുണ്ട്. സ്നേഹബന്ധത്തിൽ പോലും ഉണ്ടായ അർത്ഥരാഹിത്യം സമൂഹത്തിൽ കാണാൻ കഴിയുന്നു. സമൂഹത്തിന്റെ

മാനസികതലത്തിലും ഭൗതികതലത്തിലും പ്രണയത്തിനു മാത്രമല്ല മങ്ങൽ. തെരുവു നായയുടെ സ്ഥാനം മാത്രം ലഭിക്കുന്ന മനുഷ്യരെ നമുക്ക് എസ് ജോസഫിന്റെ കവിതകളിൽ കാണാൻ കഴിയും.

“ഈയിടെയായി കടത്തിണ്ണയിലാണ്
ഉറങ്ങുക
ഒരു പട്ടി, ഉറങ്ങുന്ന നേരത്ത്
എവിടെന്നോ വരും അടുത്തുകിടക്കും.
എന്തെങ്കിലും കൊടുക്കുന്നത്
കൊണ്ടാണ് വരുന്നത് “

(പിച്ചക്കാരൻ )

മനുഷ്യനും മൃഗവും തമ്മിലുള്ള വേർതിരിവില്ലാത്ത ഏകസ്ഥലം ഒരു പക്ഷേ, ഈ യാചക സമൂഹമായിരിക്കും. വിശന്നു വലഞ്ഞ് കൈനീട്ടുമ്പോൾ തട്ടിമാറ്റിയ കൈകളെ, തെരുവുനായയ്ക്ക് ഒരു തെരുവു മനുഷ്യൻ നൽകുന്ന വില ലജ്ജിപ്പിക്കുന്നു. ഭിക്ഷ യാചിക്കേണ്ടി വരുന്ന സമൂഹം, ഭിക്ഷാടനം നിരോധിച്ചിട്ടും നമുക്കിടയിൽ ഉണ്ട്. മനുഷ്യർക്കിടയിൽ നഷ്ടമായി പോകുന്ന മനുഷ്യത്വത്തിന്റെ തിക്തഫലമാണ് ഇന്ന് വളരുന്ന യാചക സമൂഹം. ഇത്തരം ക്രീഡയ്ക്ക് തിരികെ ലഭിച്ചത് ഒരു മഹാമാരിയായിരുന്നു. കുത്തിവലിച്ച് കീറിയിട്ടും സർവ്വംസഹയായ പ്രകൃതി പ്രളയത്തിലൂടെ കേരള ജനതയ്ക്ക് മറുപടി കൊടുത്തപ്പോൾ, അതിൽ നിന്ന് മുക്തി വരുത്തുവാൻ ഉള്ള ശക്തി ജനതയ്ക്ക് ഇല്ലാണ്ടായി. കണ്ണീരോടെ ഒരു നാട് മുങ്ങിയപ്പോൾ ആരിലൊക്കെയോ അസ്തമിച്ച മനുഷ്യത്വം പുനർജ്ജനിച്ചു. അതിൽ പ്രതികരിച്ചതും വേദനിച്ചതും ഐക്യ കേരളം തന്നെയായിരുന്നു. തങ്ങളുടെ പ്രവർത്തിയുടെ ഫലം ലഭിച്ചതിൽ തൃപ്തരായ ജനതയെ, വീണ്ടും ഓർമ്മപ്പെടുത്തുവാൻ നിരവധി കവികൾ തൂലിക നീക്കി.
“വെള്ളപ്പൊക്കം
നാശനഷ്ടം
തീരാക്കടം
പൂർവ്വികരുടെ
നിവേദനങ്ങളിൽ
നിറഞ്ഞൊഴുകിയ
നദിക്ക് നീളെ
സർക്കാർ വക പാലം “
(പാലം)
ഈ കവിതയിൽ സജി കരിങ്ങോല നമ്മൾ കണ്ട സമൂഹത്തിലെ നേർക്കാഴ്ചകൾ അക്കമിട്ട് പറയുകയാണ്. ഒരു വിള്ളൽ സമൂഹത്തിൽ ഏൽക്കുമ്പോൾ അവിടെയൊരു കവിത വിടരുന്നു. അങ്ങനെ കവിത എന്നത് സമൂഹം തന്നെയായി മാറിയിരിക്കുന്നു. സമകാലിക കവിതകൾ പരിശോധിച്ചാൽ സമകാലിക സമൂഹവും കാണാം. ഒരു പക്ഷേ ഭാവികാലത്തിൽ ഭൂതകാലത്തിന്റെ ചരിത്രം എഴുതാൻ ഇന്ന് രേഖപ്പെടുത്തുന്ന പുതു കവിതകൾ തന്നെ ധാരാളം. അതായത് നമുക്കൊരു ഉദാഹരണം തന്നെയെടുക്കാം. കേരളത്തിൽ ഞെട്ടിത്തരിച്ച ഒരു വാർത്ത തന്നെയായിരുന്നു വിശപ്പിനുവേണ്ടി മോഷ്ടിച്ച മധു എന്ന സാധുമനുഷ്യനെ കൊന്നത്. ജാതി വ്യവസ്ഥ ചരിത്രത്തിലെ വസ്തുതയാകുമ്പോഴും ഇന്നും നിലനിൽക്കുന്ന ഇത്തരം വേർതിരിവുകൾ ചരിത്രമാകും. ആദിവാസി എന്നതിന്റെ പേരിൽ ജീവൻ നഷ്ടമായ ഒരു മനുഷ്യൻ. ദൈവത്തിന്റെ സ്വന്തം നാടിന് ലോകജനതയുടെ മുൻപിൽ കുമ്പിടേണ്ടിവന്ന ഒരു അവസരമായിരുന്നു അത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി യുവ എഴുത്തുകാർ ഇതിനെതിരെ പ്രതികരിച്ചു.
“ഉടുമുണ്ടുരിഞ്ഞെന്റെ കരങ്ങൾ ബന്ധിച്ച്
ദുർബലമാമെൻ മേനി ചവിട്ടി മെതിച്ച്
അല്പ പ്രാണനാം എനിക്ക് കള്ളനെന്നു
മുദ്ര ചാർത്തി
നിയമപാലക മുന്നിലെത്തിച്ച സദാചാര്യ മാന്യരേ “
(മധുമൊഴി) – അനുജ.എം.സജി.
ക്രൂരമായ ഒരു ഹത്യ, വാക്കുകളിൽ പോലും ചോദ്യം ഉയർത്തി. ഈ പാപം കഴുകികളയാൻ ആകണം പ്രകൃതി ഒന്നിച്ചു പ്രതികരിച്ചത്. എന്നിട്ടും ഈ വിരോധാഭാസത്തിന് കുറവുകൾ ഒന്നും തന്നെ വന്നിരുന്നില്ല.
കാമത്തിന്റെ കൊടുമുടിയിൽ പിഞ്ചുശരീരങ്ങൾ പോലും ഭോഗവസ്തുവായി മാറിയത് ഉത്തരേന്ത്യയിൽ മാത്രമായിരുന്നില്ല, സാമർഥ്യം തെളിയിച്ച കാമകിങ്കരന്മാർ ഇവിടെയും പിഞ്ചു ചോരകൾ ഊറ്റിക്കുടിച്ചു. കണ്ണുനീരോടെ നോക്കി നിൽക്കേണ്ടിവന്ന ഒരു സമൂഹത്തിന്റെ ഗതികേടിലാണ് നമ്മുടെ നാട്. ഫെമിനിസം ശക്തി പ്രാപിച്ചപ്പോൾ, ഇളം ഹൃദയത്തിലേക്ക് പെണ്ണെന്ന വിളിപ്പേരിനാൽ ആക്രമണം ഉണ്ടാകുമെന്നു കരുതി കാണില്ല. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിൽ പേനകൾ മാത്രമേ പ്രതികരിച്ചിരുന്നുള്ളൂ.
“പാതി വിരിഞ്ഞൊരു പൂമൊട്ട് ഞാനെന്റെ
മോഹങ്ങൾ വാടിക്കരിഞ്ഞുപോയി
ഏതോ കരങ്ങളിൽ
ഞെങ്ങി ഞെരിഞ്ഞെന്റെ
ഓരോ ഇതളും പൊലിഞ്ഞു പോയി.. “
(സൂര്യകാന്തി നോവ് ) – മുരുകൻ കാട്ടാക്കട
വാക്കുകളും താളബോധവും കൊണ്ട് മലയാളത്തിന്റെ സമകാലിക സമൂഹത്തിൽ പടർന്നു കയറിയ കവിയാണ്. അദ്ദേഹത്തിന്റെ സൂര്യകാന്തിനോവ് എന്ന കവിത, ജിയുടെ സ്നേഹ സങ്കല്പമായ സൂര്യകാന്തി അല്ല. വിടരുവാൻ വെമ്പി മൊട്ടായിരുന്നപ്പോൾ തന്നെ ക്രൂര കരങ്ങളിൽ പൊലിഞ്ഞുപോയ പിഞ്ചുബാലികമാരാണ്. കല്ലുപോലുള്ള മനസ്സെന്ന് വിളിക്കേണ്ട സമകാലിക സമൂഹത്തെ ആ ചീത്തപേരിൽ നിന്ന് മോചിപ്പിച്ചത് ഇത്തരം മനുഷ്യരുടെ കവിതകൾ തന്നെയാണ്. ഭൂമിയിൽ നിന്ന് പിടഞ്ഞു പോയ ബാലികമാർക്ക് സാഹിത്യലോകത്ത് അർഹമായ സ്ഥാനം കൊടുക്കുവാൻ നവകവികൾക്ക് കഴിഞ്ഞു. ഹീനമായതെങ്കിലും സമൂഹത്തെ തള്ളാതെ കൊള്ളുക തന്നെയാണ് കവിത ചെയ്തത്.
നിമിഷങ്ങൾ കടക്കുമ്പോഴും കവിത കൂടുതൽ ആഴ്ന്നിറങ്ങുക തന്നെ ചെയ്യും. സമൂഹം അധഃപതിക്കുമ്പോൾ സാഹിത്യകാരൻ വാളോങ്ങുന്നു. അവന്റെ ആയുധമാണ് കവിത. സത്യങ്ങൾ വരച്ചുകാട്ടുന്ന ആയുധം. നവ സമൂഹത്തിന്റെ ഓരോ കണികയും കവിതയിൽ തെളിമയോടെ ഉയരുന്നു. സ്ത്രീത്വമോ വാർദ്ധക്യമോ പരിസ്ഥിതിയോ മാത്രമായ സമാനസ്വഭാവം ഇതിൽ ഇല്ല. എവിടെയാണോ പീഢകൾ അവിടെ തൂലികയും ഉണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here