പൈനാണിപ്പെട്ടി
വി.കെ. അനിൽ കുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്
മകരത്തിന്റെ അവസാന നാളുകൾ.
മൂർച്ച കഴിഞ്ഞ കണ്ടം.
എല്ലാവരും തിരക്കിട്ട പണിയിലാണ്.
മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ.
കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ
ആശ്ലേഷം വിട്ടുപോകാതെ
തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു.
നട്ടിക്കണ്ടം ഉണരുകയാണ്
എല്ലാവർക്കും നല്ല ഉന്മേഷം…..
കുത്തിയ വിത്തുകൾ എല്ലാം മുളച്ചു.
വെള്ളരിയുടെ കുരുന്നിലകൾ മഞ്ഞുതുള്ളിയെ നക്കിക്കുടിച്ചു.
നട്ടിക്കണ്ടത്തിൽ കുത്തിയിരുന്ന് മണ്ണ് വാരി കുഞ്ഞു വെള്ളരിയുടെ കഴുത്ത് വരെ മുടി.
ദീർഘവൃത്താകാരത്തിലുള്ള രണ്ടിലകൾ മാത്രം പുറത്ത് കാണാം.
കൈവളംകൊടുക്കൽ വെള്ളരിക്കണ്ടത്തിലെ ലളിതമായ അനുഷ്ഠാനമാണ്.
മണ്ണ് തന്നെ വളം.
കൈവളംകൊടുക്കലിന് ശേഷമാണ് വെളളരി കൈശോരത്തിൽ നിന്നും കൗമാരത്തിലേക്ക് നടക്കുന്നത്.
ഒരു സസ്യജീവിതത്തിലേക്ക് പടരുന്നത്.
കൈക്കോട്ട് കൊണ്ട് തടം ഇളക്കി വെണ്ണീര് പാറ്റിക്കഴിഞ്ഞാൽ കൗമാരത്തിന്റെ ഇത്തിരി വട്ടത്തു നിന്നും യൗവ്വനത്തിന്റെ സ്വപ്നങ്ങളിലേക്ക് മോഹവല്ലരികൾ കൈകൾ നീട്ടുന്നു….
അതികാലത്തും വൈകുന്നേരവുമാണ്
നട്ടിക്കണ്ടം സജീവമാകുന്നത്.
അതെ നട്ടിക്കണ്ടം നമ്മുടെ കഠിനജീവിതപ്പാടമാണ്.
തുഷാരമുതിർന്ന മണ്ണിൽ കൈവിരലുകൾ കുത്തിയ കുഴികൾ.
രണ്ടേ രണ്ട് തളിരിലക്കണ്ണുകൾ
വല്ലിയിലേക്കുള്ള ഉടൽപ്പെരുക്കം
മുടിവീഴൽ എന്ന വയസ്സറീക്കൽ
മഞ്ഞപ്പൂക്കളുടെ മംഗല്യഹാരം
മീനവെയിൽച്ചിറകിലെ പൂമ്പൊടി സ്ഖലിതങ്ങൾ
കൃശവള്ളിയിലെ ഗർഭധാരണം
മടിത്തട്ടിൽ മക്കളെയുറക്കി അന്നത്തിനായുള്ള അമ്മ വള്ളിയുടെ അലച്ചിൽ.
മേടത്തിൽ ഉടൽ വല്ലരിയറുത്ത് മടലേറൽ.
വീണ്ടും വിത്തിനുള്ളിൽ ജീവിതത്തിന്റെ ചുരുക്കെഴുത്തായുറക്കം.
ശൂന്യത്തിൽ നിന്നും വീണ്ടും മുളപൊട്ടുന്ന സസ്യജീവിതം…
കുട്ടികൾ അത്യുത്സാഹത്തിലാണ്.
മീനത്തിളവെയിലിൽ വിഹരിക്കുന്ന പുതുവേട്ടാളൻ കുഞ്ഞിനെപ്പോലെ കുട്ടിക്കാലം…
അന്തി ചായുന്നു.
കണ്ണൻകുളത്തിന്റെ ഉദരത്തിൽ ഇത്തിരി നീർ ശേഷിക്കുന്നത് വെള്ളരിക്കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമാണ്.
വലിയ മമ്പാഞ്ഞി കുളത്തിൽ മുക്കി അമ്മയും ഏട്ടിമാരും നട്ടിക്കണ്ടത്തിൽ വെള്ളമൊഴിക്കുകയാണ്.
കുട്ടികൾ പൊക്കൻ വെള്ളരിക്കയുടെ കയ്പ് നുകർന്ന് വെള്ളം പോരുന്നവരെ
അങ്കരയാക്കുന്നുണ്ട്.
എല്ലാ അമ്മമാരും ഏട്ടിമാരും സായാഹ്നത്തിൽ നട്ടിക്കണ്ടത്തിലെ ഉണർച്ചയിലാണ്.
കേക്കും വടക്കുംഭാഗം
കാർത്യാനി അമ്മായിയുടേയും മാതമ്മായിയുടേയും മൂത്തമ്മയുടേയും നട്ടിക്കണ്ടങ്ങളാണ്.
പടിഞ്ഞാറും തെക്കും
ചുവാട്ട പാറതിയേട്ടിയുടേയും
തമ്പായി ഏട്ടിയുടേയും കഠിനാധ്വാനമാണ്.
നട്ടിക്കണ്ടത്തിൽ വെള്ളരി മാത്രമല്ല.
കക്കിരിയും ചീരയും പടവലവും വത്തക്കയും എല്ലാമുണ്ട്.
കഷ്ടപ്പെടുന്ന അമ്മമാരുടെ വിയർപ്പാണ് കായ്ച്ചുവിളയുന്നത്.
കുന്നച്ചേരി അറയിലെയും മാടത്തിൻകീഴിലെയും കളിയാട്ടത്തിന്
വത്തക്കയും വെള്ളരിക്കയും കളവ് പോകും…
ആര് വിചാരിച്ചാലും തടുക്കാനാകില്ല
കളവ് നട്ടിക്കണ്ടത്തിന്റെ നേരാണ്.
കാവലിന് കുളിയനെ നട്ടിക്കണ്ടത്തിൽ
നിർത്തീട്ടുണ്ട്.
കാര്യമൊന്നുമില്ല.
ഓട്ടത്തല കുലുക്കി
പാകമാകാത്ത പാക്കറ്
കുപ്പായത്തിലെ വൈക്കോൽ വയറിൽ കുളിയൻ കുലുങ്ങിച്ചിരിക്കും.
ഞാൻ നട്ടിക്കണ്ടത്തിന്റെ മാത്രമല്ല
കള്ളന്റെയും കാവൽക്കാരനാണ്.
നട്ടിക്കണ്ടത്തിൽ ചെറിയ കളവൊക്കെ പതിവാണ്, അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.
അങ്ങനെ ആ മഹാദിനം വന്നണയും.
വെള്ളരിമുറിക്കൽ ഉത്സവം തന്നെയാണ്.
വൈകുന്നേരമാണ് മുറിക്കാൻ തുടങ്ങുന്നത്.
എല്ലാവരും ഒരുമിച്ച് മുറിക്കും.
കാതുള്ള വളക്കൂട്ടയിലും
പറക്കൂട്ടയിലും വെള്ളരിക്കയും കക്കിരിക്കയും നിറച്ച്
പടിഞ്ഞാറ്റയിൽ ചൊരിയും.
പിറ്റേന്ന് അച്ഛൻ തിരിയോല കൊത്തും.
അമ്മ ഓല വെയിലത്ത് വാട്ടും.
എല്ലാവരും ഒത്തു ചേർന്ന്
ഓരോ തിരിയോലയും പിഴുതെടുത്ത് ഓരോ വെള്ളരിക്കയും കുരുക്കിട്ട് മുറുക്കും.
ഇറയത്തും പടിഞ്ഞാറ്റവത്തും കഴുക്കോലിൽ കണ്ടത്തിലെ സ്വർണ്ണക്കനികൾ ഞാത്തിയിടും.
മൂത്ത വെള്ളരിക്കയുടെ വയറ് കീറും.
അമ്മ പുകഞ്ഞ് തിളക്കുന്ന വിറകടുപ്പിന് മുകളിൽ ആലയിൽ നിന്നും വാരിയ ചാണം വാരിപ്പൊത്തും.
ഓരോ വെള്ളരി ജീവനെയും ചാണകത്തിൽ പറ്റിച്ചു വെക്കും.
അമ്മയും അടുപ്പും ഒരുപോലെ പുകയും.
പുകഞ്ഞ് പുകഞ്ഞ് അടുപ്പിന് മുകളിൽ ഉണങ്ങിയ ചാണകത്തിൽ വിത്തുകൾ പാകപ്പെടും.
അമ്മയുടെ നെഞ്ചിലെ നീറ്റത്തിൽ ചാണകപ്പാളിയിൽ നാളേക്കുണരാനായി പുതിയ വെള്ളരിപ്പാടം ഉറങ്ങുന്നുണ്ട്….
നട്ടിക്കണ്ടത്തിൽ പൂവിട്ട നക്ഷത്രപ്പൂക്കളെ അടിച്ചു വാരിക്കത്തിച്ചു കളഞ്ഞതാരാണ്.
വെള്ളരിവള്ളികൾ പടരാത്ത പാടത്ത് ഓട്ടക്കലന്തല കുലുക്കി കുളിയന്റെ കാവൽ ഇപ്പോഴുമുണ്ട്.
കാവൽ നില്ക്കേണ്ട ഒരാൾക്ക് കാലം നിലനില്ക്കുവോളം അതു തുടരാതെ വയ്യ.
നോക്കുകുത്തിയായിട്ടാണ് അവതാരം.
കാവലാണ് വിധി.
നില്പാണ്കർമ്മം.
കാലത്തിന് കാവൽ കാലന് കാവൽ
കുളിയന്പെരുങ്കാലൻ എന്നൊരു വിളിപ്പേരുണ്ട്
നട്ടിക്കണ്ടം
നാട്ടിനിർത്തിയ കുളിയന്റെ കൂടി ലോകമാണ്.
നട്ടിക്കണ്ടത്തിൽ ആദ്യം എത്തിയത് നഷsപ്പെട്ട വൈദ്യവും പാട്ടും തേടി
കുഞ്ഞിക്കുഞ്ഞി കുറുക്കനാണ്.
വയലിൻ കച്ചിപ്പുകമണവും സ്വർഗ്ഗത്തിലേക്കുയരും വെൺ മുത്തപ്പത്താടിയും തേടി മാവിൻചുന മണക്കും മേടത്തിന്റെ മടിത്തട്ടിൽ പിറന്ന പ്രിയപ്പെട്ട കവി വന്നു.
കുഞ്ഞിക്കുറുക്കന് പിറകേ വന്ന വൈലോപ്പിള്ളി കുറുക്കനോട് കിന്നാരം പറഞ്ഞു.
ഞാനും എന്റെ പാട്ടും അവസാനിക്കുകയാണ്.
വയറ് വേദനക്കുള്ള വഴികൾ ഈ വെള്ളരിപ്പാടത്തിലേക്കാണെന്ന് എന്റെ ജനിതകത്തിൽ രേഖപ്പെടുത്തീട്ടുണ്ട്.
നട്ടിക്കണ്ടത്തിലേക്ക് എനിക്കാരും വഴി പറഞ്ഞു തരേണ്ട.
പക്ഷേ ഞാൻ അവസാനിക്കുകയാണ്.
എൻ്റെ പാട്ടുംപാട്ട് കെട്ടിയ വയൽജീവിതവും ഇരുളിൽ മറയുകയാണ്.
” കുഞ്ഞിക്കുഞ്ഞിക്കുറുക്കാ
നിനിക്കെന്ന് വെര്ത്തം
തലക്കുത്തം പനിയും തല വേദനയും
അതിനെന്ന് വൈദ്യം
കണ്ടത്ത് പോണം
കക്കിരിക്ക പറിക്കണം
കറുമുറ ത് ന്നന്നണം
പാറമ്മ പോണം
പറ പറ തൂറണം
കൂക്കിവിളിക്കണം
കൂ….കൂ.. കൂ……. ”
ആരാണ് പാടുന്നതെന്ന് കവിക്ക് തിരിഞ്ഞില്ല.
പാട്ടിന്റെയും കുഞ്ഞിക്കുഞ്ഞി കുറുക്കന്റെയും അവസാനത്തെ കുളിയൻ പൊട്ടിച്ചിരിയോടെ ചൊല്ലി അയച്ചു.
അങ്ങനെ പാട്ടും കുഞ്ഞിക്കുഞ്ഞി കുറുക്കനും അവന്റെ വയറ് വേദനയും
തീർന്ന് കിട്ടി…
കുളിയൻ ഓട്ടക്കലത്തിലൂടെ
വീണ്ടും പൊട്ടിച്ചിരിച്ചു.
ഞാൻ മാത്രമല്ല നോക്കുകുത്തി.
മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്ന ഈ കണ്ടം തന്നെയാണ് നോക്കുകുത്തി….
ഓർമ്മകൾ മുരളുന്ന മാധവ മധുമാസത്തിന്റെ മൂടൽ മഞ്ഞിൽ
മുഖംപൂഴ്ത്തിയ കവിയെ കുളിയൻ അരികിലേക്ക് ചേർത്തുനിർത്തി.
വെള്ളരിയുടെ നക്ഷത്രപ്പുക്കൾ പൊടിച്ച കുളിയൻ്റെ ഹൃദയധമനി മിടിച്ചു.
തല മൂടിയ ഓട്ടക്കലം തുറന്നു.
ആയിരമായിരം വേലിത്തത്തകൾ ആകാശത്തിലേക്ക് ചിറകടിച്ചു.
നിങ്ങളുടെ നോട്ടവും കരിങ്കണ്ണും
വൈരൂപ്യവുമാണെന്റെ പുറം കാഴ്ച്ച.
കുളിയൻ തുഷാരബാഷ്പമണികൾ ചൂടിയ, നക്ഷത്രപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച തന്റെ ഉടലിൽ പടർന്ന വെള്ളരിവല്ലരി ഊരിയെടുത്തു.
ഒരു വേലിത്തത്തയെ എടുത്ത് കവിയുടെ തലയിലും ഒരു സ്വർണ്ണ വെള്ളരിപ്പൂവിറുത്ത് കവിയുടെ ഹൃദയത്തിലും ചൂടിച്ചു.
” എത് ധൂസരസങ്കൽപങ്ങളിൽ വളർന്നാലും
ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും – ഇത്തിരിക്കൊന്നപ്പൂവും ”
കിളിയും പൂവും പാട്ട് മുളി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.