ക്യുലിസിഡെ

0
569
culicide-ajithprasad-umayanallur-01

കഥ

അജിത് പ്രസാദ് ഉമയനല്ലൂർ

ആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് ‘ഇനി എന്ത്?’ എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ വാതായനം കേശവൻചേട്ടനുമുന്നിൽ മലർക്കെത്തുറന്നത്!

വീടിനുമുൻവശത്തെ ചാരുകസേരയിലിരുന്നുള്ള കേശവൻചേട്ടന്റെ നോട്ടം അപ്പുറത്തെ പാപ്പിക്കുഞ്ഞിന്റെ തൊടിയും കടന്ന് വളവുതിരിഞ്ഞ് കവലയിലേക്കിറങ്ങി ആലുവയ്ക്കുള്ള ബസ്സുപിടിച്ച് താലൂക്ക് ഓഫീസിലെ തന്റെ ഇരിപ്പിടത്തിലെത്തി കിതച്ചുനിന്നസമയത്താണ് ഒരു വാനമ്പാടിക്കൊതുക് തന്റെ പൂർവ്വപിതാമഹന്മാർപാടി നടക്കാറുള്ളമൂളിപ്പാട്ട് കേശവൻചേട്ടന്റെ ചെവിക്കു മുന്നിൽവന്നുനിന്ന് ആലപിച്ചത്. നോട്ടത്തെ തിരികെ വിളിച്ച്, പാട്ടുപാടി ചിറകടിച്ചു നൃത്തംവയ്ക്കുന്നകൊതുകിനെ ഒറ്റയടിക്ക് ശവമാക്കിയതിന്റെ മാറ്റൊലി അലയടിച്ചു കൊണ്ടിരുന്നപ്പോഴാണ് അടുക്കളയിൽനിന്നും വിലാസിനിയമ്മയുടെ
ആജ്ഞ ഹാളുവഴി കേശവൻചേട്ടന്റെ മുന്നിൽ തുറിച്ചകണ്ണുകളുമായി വന്നു നിന്നത്.

“ഇങ്ങനെ മുനിയെപ്പോലിരിക്കാതെ, ആ തോട്ടയെടുത്ത് രണ്ടു കപ്പളം കുത്തിയിട്ടേച്ചു വാ മനുഷ്യാ… ” ആജ്ഞകേട്ടതും അനുസരണയുള്ളകുട്ടിയെപ്പോലെ തോട്ടയുമെടുത്ത് കപ്പളത്തിന്റെ ചുവട്ടിലേക്ക് കേശവൻചേട്ടൻ നടന്നു. കപ്പളം ലക്ഷ്യമാക്കി മുകളിലേക്ക് എകാഗ്രതയോടെ തോട്ടഉയർത്തി ശ്വാസം പിടിച്ചുനിൽക്കുന്ന നേരത്താണ് ‘എന്തുകൊണ്ട് ഇനിയങ്ങോട്ട് സാഹസിക ജീവിതം നയിച്ചുകൂടാ ‘എന്ന ചോദ്യം കേശവൻ ചേട്ടന്റെ സിരകളിലൂടെ തലച്ചോറിലേക്ക് പടർന്നു കയറിയത്. തോട്ട മുറുകെ
പ്പിടിച്ചിരുന്നതുകൊണ്ടാകാം ‘വിലാസിനി യമ്മയോടൊപ്പമുള്ള ജീവിതത്തേക്കാൾ വലിയ സാഹസികത ഉണ്ടോ’ എന്ന് കേശവൻ ചേട്ടന്റെ മനസ്സു വായിച്ചെടുത്ത തോട്ട തിരിച്ചുചോദിച്ചു.

‘ശ്ശെടാ, ഇവനിതെപ്പോഴാണ് ഇതൊക്ക കണ്ടുപിടിക്കുന്നത് ‘എന്ന് ഓർത്ത്‌ കേശവൻചേട്ടൻ നാണിച്ചു തലതാഴ്ത്തി!
ഒന്നേ……
രണ്ടേ……
എന്നു തലയും കുത്തിവീണ കപ്പളവുമെടുത്ത് അടുക്കള ലക്ഷ്യമാക്കി നടക്കാൻ തുടങ്ങിയപ്പോഴാണ് തെങ്ങിൻചുവട്ടിൽ കിടന്ന ഒരു കൊതുമ്പ് കേശവൻചേട്ടന്റെ കണ്ണിലേക്ക് കയറിയിരുന്നത്! പ്രായമായാൽ എത്ര വലിയഉയരങ്ങളിൽ ഇരിക്കുന്നവനായാലും മണ്ണിലേക്കു തന്നെ തലകുത്തിവീഴുമെന്ന പ്രാപഞ്ചികസത്യമോർത്ത് കേശവൻചേട്ടൻ തെങ്ങിൻചുവടു ലക്ഷ്യമാക്കി നടന്നപ്പോഴാണ് അയൽപക്കത്തെ പാപ്പിക്കുഞ്ഞ് പാവലിനോട് വർത്തമാനം പറയുന്നത് കണ്ടത്.പുല്ലുകൾ കിളിർത്തുപൊന്തിയ രാജ്യാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ കേശവൻചേട്ടന്റെ കാൽവണ്ണകളെ കൊതുകുകൾ വട്ടം ചേർന്നുനിന്ന് ആക്രമിച്ചു. ഓർക്കാപ്പുറത്തുണ്ടായ ആക്രമണം കാരണം നീറ്റലും പുകച്ചിലും സഹിക്കവയ്യാതെ തലവളച്ച് കുനിഞ്ഞുനിന്ന് കേശവൻചേട്ടൻ തുടമാന്തി ഓരോ കൊതുകിനെയും വീരസ്വർഗ്ഗത്തിലേക്ക് പറഞ്ഞയക്കുന്നതിന്റെ ശബ്ദം കേട്ടാണ് കേശവൻചേട്ടന്റെ സാന്നിധ്യം പാപ്പിക്കുഞ്ഞ് മനസ്സിലാക്കിയത്.

“കേശവൻചേട്ടോയ്….. അവിടേം മുടിഞ്ഞ കൊതുകാല്യോ “പാവലിനോട് വർത്തമാനം നിർത്തി പാപ്പിക്കുഞ്ഞ് ചോദിച്ചു.

“ഓ….. ആണെന്നേ. ഈ നശിച്ച കൊതുകിനെക്കാരണം രാത്രി ഉറങ്ങാൻ മേലാന്നേ….”

ഇലകൾക്കിടയിലും ചിരട്ടയിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലങ്ങളിലും മറഞ്ഞിരുന്നശേഷം പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മനുഷ്യനെ കുത്തിനോവിക്കുകയും രോഗങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുകയും ചെയ്യുന്ന കൊതുക് തീർക്കുന്ന പ്രയാസങ്ങളിലേക്ക് കേശവൻചേട്ടന്റെ വർത്തമാനം നീണ്ടുപോയപ്പോഴാണ് ഓർക്കാപ്പുറത്തുള്ള പാപ്പിക്കുഞ്ഞിന്റെ ചോദ്യം കേശവൻചേട്ടനു മുന്നിലേക്ക് ചാടി വീണത്.

“ഇവറ്റകളെ മൂടോടെ കൊല്ലാനുള്ള എന്തേലും മാർഗ്ഗം സർക്കാരു കൊണ്ടുവരാത്തത് എന്താ ചേട്ടാ….?” പാപ്പിക്കുഞ്ഞിന്റെ ചോദ്യം കേട്ടപ്പോഴാണ് അനന്തമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗവാതിൽ തുറന്നു കിടക്കുന്നത് കേശവൻചേട്ടന്റെ ശ്രദ്ധയിൽപ്പെട്ടത്.പാപ്പിക്കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നൽകാൻപോലും മെനക്കേടാതെ കൊതുമ്പുപോലുമെടുക്കാൻ മറന്ന് കേശവൻചേട്ടൻ അടുക്കളയിലേക്ക് പാഞ്ഞു. ഒന്നും മിണ്ടാതെയുള്ള കേശവൻചേട്ടന്റെ പോക്കിൽ അല്പം പന്തികേട് തോന്നിയെങ്കിലും അതുമറച്ചുവെച്ച് പാപ്പിക്കുഞ്ഞ് പാവലിനോട് വർത്തമാനം തുടർന്നു. അടുക്കളയിൽനിന്നും കാലുകൾ വലിച്ചുനീട്ടി ആവേശത്തോടെയാണ് കേശവൻചേട്ടൻ മുൻവശത്തെ ചാരുകസേരയിന്മേലിരുന്നത്. തടിച്ചുകൊഴുത്ത കേശവൻചേട്ടന്റെ ഓർക്കാപ്പുറത്തുള്ള ഇരുത്തം കാരണം കസേര ഒന്നു ഞരങ്ങി. കരഞ്ഞു..

“ഒന്നു പതിയെ ഇരിയെടോ കാലമാടാ….”എന്ന് കസേര പ്രാകിയതൊന്നും ചെവിക്കൊള്ളാതെ എവിടെ നിന്നാവാം ഒരു മൂളിപ്പറക്കൽ വട്ടമിട്ടു വരുന്നതെന്നറിയാൻവേണ്ടി കേശവൻചേട്ടൻ ജാഗ്രതയോടെ ചെവികൂർപ്പിച്ചു. കണ്ണുകൾ ഇയനക്കാതെ തുറന്നു പിടിച്ചു.

“ഠപ്പേ….”

എവിടെ നിന്നോ പറന്നുവന്ന ഒരു കൊതുക് കേശവൻചേട്ടന്റെ ഒറ്റയടിക്കുതന്നെ നിലത്തുവീണു. ചത്തുകിടക്കുന്ന കൊതുകിനെക്കണ്ട് കേശവൻചേട്ടന്റെ ഉള്ളൊന്ന് നിറഞ്ഞു.

“അവിടെക്കിടക്ക്…”

ശത്രുവിനെ മലർത്തിയടിച്ച പോരാളിയെപ്പോലെ കേശവൻചേട്ടൻ കുലുങ്ങിച്ചിരിച്ചു.
ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും പിന്നെ മുൻവശത്തു വന്നുനിന്ന് ആട്ടിപ്പായിക്കാൻ കൈകൾ പൊക്കുന്നതിനുമുന്നേ ചോരയുമൂറ്റിക്കുടിച്ചു രോഗവും മരണവും മാത്രം സമ്മാനിക്കുന്ന മനുഷ്യന്റെ ശത്രു മാത്രമായ കൊതുകിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യുവാൻ ഉള്ള ആവേശം കേശവൻചേട്ടന്റെ സിരകളിലേക്ക് പടർന്നു കയറി.പക്ഷേ, മരണത്തിലേക്കുള്ള സഞ്ചാരപഥത്തിൽ, ഊർദ്ധശ്വാസം പോലും വലിക്കാതെ, ഒന്നുപിടയുകപോലും ചെയ്യാതെ, കണ്ടുനിൽക്കുന്നവന് രസത്തിന്റെ യാതൊരുവിധ ഉന്മാദവും നൽകാതെ ഒറ്റയടിക്ക് തന്നെ ചത്തുമലർന്ന കൊതുകിനെ വീണ്ടുമൊന്നു നോക്കിയപ്പോഴേക്കും കേശവൻചേട്ടന്റെ ചിരിമാഞ്ഞു. കണ്ണിൽ നിരാശ പടർന്നു. തുറന്നുകിട്ടിയ സ്വർഗ്ഗത്തിന്റെ വാതിൽ നോക്കിനിൽക്കെ അടഞ്ഞുപോവുകയാണോ എന്ന് കേശവൻചേട്ടൻ സംശയിച്ചു.
പിന്മാറാൻ കേശവൻചേട്ടൻ തയ്യാറായിരുന്നില്ല.
മരണത്തിനു തൊട്ടുമുൻപ് തന്റെ മനസ്സിൽ പതിഞ്ഞ കൊതുകിന്റെ ദൃശ്യങ്ങളെ ഒരു ഡി.വി.ഡി.പ്ലെയറിലെന്നപോലെ കേശവൻചേട്ടൻ റീവൈൻഡ് ചെയ്തു!

വായുവിലൂടെ ചിറകുകൾ ഉയർന്നുതാഴ്ന്നു പറന്നുവരുന്ന ഒരു കൊതുകു ജീവൻ.

മരണത്തിലേയ്ക്കാണെന്നറിയാതെയുള്ള അതിന്റെ സന്തോഷത്തോടെയുള്ള മൂളിപ്പാട്ട്.

കേശവൻ ചേട്ടന്റെ കാതുകളിൽ കൊതുകിന്റെ ഈരടികളുടെ ആകർഷണം.

കൊതുകിന്റെ പ്രാണനെ കേശവൻ ചേട്ടന്റെ കണ്ണുകൾ കൊത്തി എടുക്കുന്നു.

കൊതുകിന്റെ ചിറകടിയൊച്ചയൊഴിച്ചാൽ ചുറ്റും നിശബ്ദത!

കേശവൻചേട്ടന്റെ മനസ്സിലേക്ക് കുതിച്ചുവരുന്ന “അടയാളപ്പെടുത്തുക കാലമേ, ഇതു ഘടികാരങ്ങൾ നിലക്കുന്ന സമയം!”എന്ന ഷൈജു ദാമോദറിന്റെ ഫുട്ബോൾ കമന്ററി.

വായുവിലേക്ക് ഉയരുന്ന കേശവൻ ചേട്ടന്റെ രോമാവൃതമായ കരങ്ങൾ.

വായുവിന്റെ ഉലച്ചിൽ!

ഒരു വികർഷണത്തിനുപോലും സാധ്യതയില്ലാതെ കേശവൻ ചേട്ടന്റെ കരവലയത്തിനുള്ളിൽ കുടുങ്ങിപ്പോകുന്ന കൊതുക്.

കേശവൻ ചേട്ടന്റെ തടിച്ചു വെളുത്ത കൈവെള്ളകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം.

വായുവിൽ വച്ചുതന്നെ അവസാന ശ്വാസവും നഷ്ടപ്പെട്ടു ഗുരുത്വാകർഷണത്തിന് വിധേയമായി നിലത്തു വീഴുന്ന കൊതുകിന്റെ ശവം.

കണ്ണിലും ചുണ്ടിലും കൊലച്ചിരിയുമായി കേശവൻ ചേട്ടൻ!

ദൃശ്യങ്ങൾ സമ്മാനിച്ച അനുഭൂതിയിൽ,നിലത്ത് ചത്തുമലർന്നു കിടന്ന കൊതുകിനെ കേശവൻ ചേട്ടൻ തന്റെ കൈവെള്ളയിൽ എടുത്തു വച്ചു. നിരാശയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയവനെപ്പോലെ ഒരു ചിരി കേശവൻ ചേട്ടന്റെ ചുണ്ടിന്റെ കോണിൽ വന്നിരുന്ന് വിജയക്കൊടി വീശി!

ഇതിലും ഗംഭീരമായി തന്റെ റിട്ടയേഡ് ജീവിതം ആനന്ദകരമാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കേശവൻ ചേട്ടൻ വീടിന്റെ മൂലകളിലും പറമ്പിലെ പുല്ലുകൾക്കിടയിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും മറ്റിടങ്ങളിലുമുള്ള കൊതുകുകളെ വിശ്രമമില്ലാതെ കൊന്നൊടുക്കി.കൊതുകുകളെ നിഷ്പ്രയാസം മരണത്തിന്റെ അനശ്വരതയിലേക്ക് പറഞ്ഞു വിടുന്നതിനോട് കേശവൻ ചേട്ടന് യാതൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല. ഓരോ കൊതുകും കേശവൻ ചേട്ടന്റെ പ്രഹരമേറ്റ് നിലത്തുവീണ് പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് കാണുന്നതായിരുന്നു കേശവൻചേട്ടന് രസം.മരിച്ചെന്ന് ഏതാണ്ട് ബോധ്യമായ നിമിഷത്തിൽ നിന്നും വീണ്ടും ഒന്നു പിടഞ്ഞ് അവസാനശ്വാസമെടുക്കുന്നതും ഒടുവിൽ അനന്തമായ നിശ്ചലതയിലേക്ക് ധ്യാനംപോലെ വഴുതി വീഴുന്നതും കണ്ട് കേശവൻ ചേട്ടന് ഹരം കയറും.

കേശവൻ ചേട്ടന്റെ ആനന്ദം കൊതുകുകളെ കൊല്ലുന്നതിൽ മാത്രം ഒതുങ്ങിയില്ല. രസംപിടിച്ചു കൊന്നുതള്ളുന്ന ഓരോ കൊതുകിനെയും കേശവൻ ചേട്ടൻ അടുക്കളയിൽ വിലാസിനിയമ്മയുടെ കൈയിൽ നിന്നും കലഹിച്ചെടുത്ത കൈപ്പത്തിയോളം വലുപ്പമുള്ള ഒരു പ്ലാസ്റ്റിക്ഡപ്പിയിൽ നിക്ഷേപിച്ച് ഭദ്രമായി അടച്ചുവച്ചു. പ്ലാസ്റ്റിക് ഡപ്പിയോടും കൊതുകു ശവങ്ങളോടും ഉള്ള കേശവൻ ചേട്ടന്റെ അതിയായ ആനന്ദം വിലാസിനി അമ്മയിൽ നിന്ന് പോലും വിട്ടുനിൽക്കുന്ന അവസ്ഥയിലേക്ക് വരെ കൊണ്ടെത്തിച്ചു. വിലാസിനി അമ്മയോട് കാട്ടിയ അന്തരം പുറമെ അവരുടെ കണ്ണുകൾ കോപംകൊണ്ടു ചുവപ്പിച്ചുവെങ്കിലും ഈ വലിയപറമ്പിനു നടുവിൽ താൻ ഒറ്റയ്ക്കായി പോവുകയാണെന്ന തോന്നലിൽ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.ഇതൊന്നുമറിയാതെ, ഉണ്ണുമ്പോഴും ഉങ്ങുമ്പോഴും കുളിക്കുമ്പോഴും വിസ്സർജിക്കുമ്പോഴും എല്ലാം കേശവൻ ചേട്ടൻ പ്ലാസ്റ്റിക് ഡപ്പിയോട് കിന്നാരം പറഞ്ഞു. മക്കളെപ്പോലെ താലോലിച്ചു.

ദിവസങ്ങൾ കൊണ്ടുതന്നെ കേശവൻ ചേട്ടന്റെ പക്കലുള്ള പ്ലാസ്റ്റിക് ഡപ്പി കൊതുകുശവങ്ങളെക്കൊണ്ട് നിറഞ്ഞു കവിയാറായതു കണ്ട് ആനന്ദം പെരുവിരലിൽ നിന്നും ചോരയോടൊപ്പം തലച്ചോറിലേക്ക് ഇരച്ചുകയറി. ആനന്ദത്തിന്റെ ഉന്മാദ ലഹരിയിൽ കേശവൻ ചേട്ടൻ പ്രായംപോലും മറന്നു തുള്ളിച്ചാടുന്നതു കണ്ട് വിലാസിനി അമ്മയും ഉറഞ്ഞുതുള്ളി. പഴയപോലുള്ള കടുംപിടുത്തവും കണ്ണുരുട്ടലുമൊന്നും കേശവൻ ചേട്ടന്റെ മുന്നിൽ ചെലവാകുന്നില്ലെന്ന്കണ്ടു വിലാസിനി അമ്മ മൂക്കത്ത് വിരൽ വച്ചു!
ഒടുവിൽ പൊറുതിമുട്ടിയ വിലാസിനിയമ്മ വിധി എഴുതി;

“ഇങ്ങേർക്ക് മുഴുത്ത ഭ്രാന്താണ്!”

തന്റെ ശത്രുവായ കൊതുകിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകം കാരണം പെൻഷൻതുക കൊണ്ട് വാങ്ങിയ പുത്തൻ മൊബൈൽ ഫോണിലെ വിക്കിപീഡിയ നോക്കി കേശവൻ ചേട്ടൻ ചില കാര്യങ്ങളൊക്കെ മനഃപാഠമാക്കി. കൊതുകിന്റെ താവളത്തിൽ ചെന്ന് ഇരപിടിക്കുന്നതിന്റെ ഇടവേളകളിൽ വീടിന്റെ മുൻവശത്തെ ചാരുകസേരയിൽ കിടന്ന് വിശ്രമിക്കാറുള്ള നേരത്താണ് കേശവൻ ചേട്ടന്റെ കൊതുകു പഠനങ്ങൾ. കൊതുകിനെ കുറിച്ച് ആർജ്ജിച്ചെടുത്ത പഠനങ്ങൾ ഒക്കെയും തന്റെ ഉള്ളിൽക്കിടന്ന് തുരുമ്പെടുത്ത് പോവുകയാണല്ലോ എന്നുഭയന്ന നിമിഷത്തിലാണ് കേശവൻ ചേട്ടന്റെ മുന്നിലേക്ക് പാപ്പിക്കുഞ്ഞ് ദൈവദൂതന്റെ മുഖവുമായി പ്രത്യക്ഷപ്പെട്ടത്! പറമ്പിനു മൂലയിൽ കിളിർത്തു പൊന്തിയ പുല്ലുകൾക്കു നടുവിൽ കുന്തിച്ചിരുന്ന് തന്റെ കണ്ണിൽപ്പെടാതെ, പുല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന് നീരുകുടിച്ച് തടിച്ചുവീർത്ത കൊതുകുകളെ സ്നേഹത്തോടെ താലോലിച്ച് അവസാന ശ്വാസവും നിലയ്ക്കുന്നതു നോക്കിരസിച്ച് ഒടുവിൽ, വിലപ്പെട്ട പ്ലാസ്റ്റിക് ഡപ്പിക്കുള്ളിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്ന നേരത്താണ് പാപ്പിക്കുഞ്ഞ് കുരുമുളക് വള്ളികളോട് എന്തോ അപാരരഹസ്യം പറഞ്ഞുകൊണ്ടിരുന്നതും.

ഒരു കൊതുകിനെയും കൈക്കുള്ളിലെ തടങ്കലിലാക്കി “കിട്ടിപ്പോയെടാ നിന്നെ” എന്ന് അട്ടഹസിക്കുന്ന കേശവൻ ചേട്ടനിലേക്ക് പാപ്പിക്കുഞ്ഞിന്റെ ശ്രദ്ധ കയറിച്ചെന്നു.

” നിങ്ങൾക്കു നാണമില്ലേ ചേട്ടാ, ഇങ്ങനെ കുട്ടികളെപ്പോലെ കൊതുകിനെ കൊന്നു രസിക്കാൻ.” പെട്ടെന്നുള്ള ശബ്ദംകേട്ട് കേശവൻ ചേട്ടൻ തലയുയർത്തി ചുറ്റും പകച്ചു നോക്കി.

മുന്നിൽ പാപ്പിക്കുഞ്ഞ്.
തന്റെ ആനന്ദോദ്യമത്തിന് വിഘ്നം വരുത്തിയ പാപ്പിക്കുഞ്ഞിനെ കേശവൻ ചേട്ടൻ അടിമുടിയൊന്നു നോക്കി.

“കൊതുകിനെ കൊല്ലുന്നതിനു നാണക്കേട് എന്തിനാ പാപ്പിക്കുഞ്ഞേ “എന്നുമാത്രം ചോദിച്ചുകൊണ്ട് ഒരുനിമിഷം കേശവൻ ചേട്ടൻ ധ്യാനത്തിലെന്നപോലെ നിന്നു. താൻ ആർജ്ജിച്ചെടുത്ത അറിവിന്റെ മുഴുവൻഭാവവും നാവിൻ തുമ്പിലേക്ക് ആവാഹിക്കുകയായിരുന്നു കേശവൻ ചേട്ടൻ. ഒരു ബോധോദയം ഉദിച്ചപോലെ കേശവൻ ചേട്ടൻ പാപ്പിക്കുഞ്ഞിന്റെ മുന്നിൽ നിന്നു.”പാപ്പിക്കുഞ്ഞേ, ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ ആരാണെന്നറിയുമോ തനിക്ക്? കൊതുകുകൾ!”എന്ന് പറഞ്ഞിട്ട് തനിക്ക് ഇതൊന്നും അറിയില്ലേ എന്നമട്ടിൽ കേശവൻ ചേട്ടൻ ഒരു നിമിഷം പാപ്പിക്കുഞ്ഞിനെ നോക്കി. എന്നിട്ട് ഒരു വാഗ്മിയുടെ ചാതുരിയോടെ പറഞ്ഞുതുടങ്ങി;

“ഇതുവരെ നടന്ന എല്ലായുദ്ധങ്ങളിലും കൂടി മരിച്ചതിന്റെ എത്രയോ ഇരട്ടി ആളുകളെയാണ് കൊതുകുകൾ കൊന്നൊടുക്കിയതെന്ന് അറിയുമോ തനിക്ക്?”എന്നു തുടങ്ങിയ കേശവൻ ചേട്ടന്റെ പ്രസംഗം ഇപ്രകാരമായിരുന്നു ;

‘മനുഷ്യൻ പരിണമിച്ചുണ്ടാകുന്നതിനേക്കാൾ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ വാസമുറപ്പിച്ച ഇവറ്റകൾ നമ്മുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ഉമിനീരിലെ ചിലഘടകങ്ങളാണ് കൊതുകുകടിയേൽക്കുമ്പോൾ ഉണ്ടാകുന്ന വേദനക്കും തിണർപ്പിനും ചൊറിച്ചിലിനുമൊക്കെയുള്ള അലർജിക്കുകാരണം. ആ ഉമിനീരിലൂടെ വൈറസുകൾകൂടി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് ഇവർ വില്ലന്മാരാകുന്നത്. മാരകങ്ങളായ മലമ്പനി, മന്ത്,ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. ഭൂമിയിൽ ഇന്നേവരെ ജീവിച്ച മനുഷ്യരുടെ എണ്ണത്തിന്റെ പകുതിയോളം ആളുകൾ മരിച്ചത് കൊതുകുകളിലൂടെ പകർന്ന രോഗങ്ങൾ വഴിയാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിനാളുകളാണ് കൊതുകുപരത്തുന്ന രോഗങ്ങൾ മൂലം മരണമടയുന്നത് ‘.എന്ന ആശയത്തിലധിഷ്ഠിതമായ ലഘുപ്രസംഗം അവസാനിപ്പിച്ചുകൊണ്ട് കേശവൻ ചേട്ടൻ പാപ്പിക്കുഞ്ഞിനു മുന്നിൽ നിന്നു കിതച്ചു. കേശവൻ ചേട്ടന്റെ ചെവിക്ക് അരികിലൂടെ ഒരു കൊതുക് ‘ഇതൊക്കെ നുണയാണെന്നും ഞങ്ങളിൽ വിരലിലെണ്ണാവുന്ന ജനുസ്സുകൾ മാത്രമേ രോഗവാഹകരായുള്ളൂ’ എന്നു പറഞ്ഞുകൊണ്ട് ഒരു കൊതുക് മരണവെപ്രാളത്തിൽ മൂളിപ്പറന്നു പോയി. കൊതുകിലേക്കു നീണ്ട പാപ്പിക്കുഞ്ഞിന്റെ കണ്ണുകളെ ശ്രദ്ധയാകർഷിക്കാനെന്നോണം കേശവൻ ചേട്ടൻ തുടർന്നു.

” മനുഷ്യന്റെ ശത്രുമാത്രമായ ഈ ജന്തുവിനെ കൊന്നൊടുക്കുന്നതിൽ എനിക്ക് രാജ്യസ്നേഹത്തിനുള്ള ആദരാവല്ലേടോ നൽകേണ്ടത്…. “തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുത്തി കേശവൻ ചേട്ടൻ പാപ്പിക്കുഞ്ഞിനു മുന്നിൽ നിവർന്നു നിന്നു. അപ്പോഴേക്കും പാപ്പിക്കുഞ്ഞിന്റെ മിണ്ടാട്ടം മുട്ടി. അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. വിലാസിനിയമ്മയെപ്പോലെ പാപ്പിക്കുഞ്ഞും വിധിയെഴുതി ;

“കേശവൻ ചേട്ടന് മുഴുത്ത വട്ടാണ്!”

കേശവൻ ചേട്ടന്റെ ഇരപിടുത്തവും വധശിക്ഷ തീർപ്പാക്കലുമൊക്കെ പറമ്പിൽ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കിലും കേശവൻ ചേട്ടന്റെ ആനന്ദമാർഗ്ഗം ഭ്രാന്തിന്റെ കുപ്പായമണിഞ്ഞ് കവലയിലാകെ വിലസി നടന്നു. വാർദ്ധക്യത്തിലേക്ക് നോക്കിയിരിക്കുന്ന കേശവൻ ചേട്ടനെയും വിലാസിനി അമ്മയെയും തനിച്ചാക്കി രണ്ടുമക്കളും മരുമക്കളും വിദേശത്തേക്ക് കടന്നു കളഞ്ഞപ്പോൾ നാട്ടുകാരിൽ ഒറ്റ പ്പരിഷകൾക്കു പോലും കരുതലിന്റെ വെളിച്ചം ഉണ്ടായിരുന്നില്ലെങ്കിലും കേശവൻ ചേട്ടന് ഭ്രാന്താണെന്ന് മക്കളെയറിയിക്കാൻ എല്ലാവർക്കും തുടക്കമായി.എല്ലാത്തിനും മുൻകൈയെടുത്തത് അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഫിലിപ്പോസ് മുതലാളിയാണ്.അമ്മ ചത്തതിന്റെ ശവദാഹത്തിനുപോലും പിശുക്ക് കാട്ടിയ ഫിലിപ്പോസ് മുതലാളി അമേരിക്കയിലും ഇഗ്ലണ്ടിലുമുള്ള കേശവൻ ചേട്ടന്റെ രണ്ടുമക്കളെയും വിളിച്ച് കേശവൻ ചേട്ടന് ഭ്രാന്താണെന്നും ഉടനെതന്നെ ചികിത്സിച്ചില്ലെങ്കിൽ സംഗതി കൈവിട്ടു പോകുമെന്നും പറഞ്ഞിട്ടും യാതൊരു കുലുക്കവുമില്ലാത്ത മക്കളെക്കുറിച്ച് ആദ്യം ആശ്ചര്യം തോന്നിയെങ്കിലും,”അങ്ങേര് ഇവിടെക്കിടന്നു ഭ്രാന്ത് കാണിച്ചാൽ നാട്ടുകാര് ഇടപെടും. അങ്ങനെ വലതുമുണ്ടായാൽ പിന്നെ നിനക്കൊക്കെയാ അതിന്റെ നാണക്കേട്, മനസ്സിലാക്കിക്കോ… ” എന്നുകൂടി കടുപ്പിച്ചു പറഞ്ഞതോടെ മക്കൾ രണ്ടുപേരും കേശവൻ ചേട്ടന്റെ വീട്ടിലെ ടെലഫോണിലേക്ക് നീട്ടിവിളിച്ചു. അപ്രതീക്ഷിതമായി കേട്ട മണിയൊച്ചയിൽ ടെലഫോണും ടെലഫോണിന് അരികിലിരുന്ന് മയങ്ങിക്കൊണ്ടിരുന്ന വിലാസിനിയമ്മയും ഒരുപോലെ ഞെട്ടിവിറച്ചെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കേശവൻ ചേട്ടന്റെ ഭ്രാന്തിലൂടെയെങ്കിലും മക്കളുടെ ശബ്ദം ഒന്ന് കേൾക്കാൻ സാധിക്കുമല്ലോ എന്നോർത്തപ്പോൾ വിലാസിനിയമ്മയുടെ ഉള്ള് സന്തോഷം ചുരത്തി.ആ സന്തോഷാധിക്യത്തിൽ പരമാവധി തേൻപുരട്ടി “മക്കളേ….”എന്ന് നീട്ടി വിളിച്ചെങ്കിലും വിലാസിനി അമ്മ വീണ്ടും ഞെട്ടിയത് അങ്ങേത്തലക്കൽ നിന്നും മകന്റെ അലർച്ച കേട്ടപ്പോഴാണ്. കുറേ ശകാരവാക്കുകളും ആക്രോശങ്ങളും മാത്രം അങ്ങേത്തലക്കൽ നിന്നും പുഷ്പവൃഷ്ടിപോലെ വാരിച്ചൊരിഞ്ഞ ശേഷം യാതൊരു മുഖവുരയും ഇല്ലാതെ “അമ്മയ്ക്ക് സുഖമാണോ?” എന്നു പോലും ചോദിക്കാതെ രണ്ടുമക്കളും ഫോൺ കട്ട് ചെയ്തപ്പോൾ വിലാസിനി അമ്മയുടെ മാതൃഹൃദയം നൊന്തു. അവരുടെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞുപോയി.അതേസമയം, പറമ്പിലെ പുല്ലുകൾക്കിടയിൽ മലർത്തിവെച്ച ചിരട്ടകളിൽ നിറഞ്ഞ മലിനജലത്തിൽക്കിടന്നു പുളയുന്ന കൂത്താടികളെ നോക്കിരസിക്കുകയായിരുന്നു കേശവൻ ചേട്ടൻ. കൊതുകുകൾക്കു മുട്ടയിട്ടു പെരുകുവാൻ ജലത്തിന്റെ നിർബന്ധ ലഭ്യത മനസ്സിലാക്കിയാണ് കേശവൻ ചേട്ടൻ പറമ്പിലാകെ ചിരട്ടകൾ സ്ഥാപിച്ചത്.

ചിരട്ടലേക്ക് കണ്ണുരണ്ടും ഇറക്കിവെച്ച് കുന്തിച്ചിരുന്ന കേശവൻ ചേട്ടനെ വിലാസിനിയമ്മ അടുക്കളയിൽ നിന്നും നീട്ടി വിളിക്കുമ്പോൾ സമയം ഏകദേശം ഉച്ചകഴിഞ്ഞ് മൂന്നര മണി.രണ്ടു തവണ വിളിച്ചിട്ടും വിളികേൾക്കാഞ്ഞ കേശവൻ ചേട്ടനോട്‌ പറമ്പിലെ ചിരട്ടകളാണ് വിലാസിനിയമ്മ വിളിക്കുന്ന കാര്യം പറഞ്ഞുകൊടുത്തത്.
കേശവൻ ചേട്ടൻ തിരിഞ്ഞുനോക്കി.

“എന്താട്യേ…..”കേശവൻ ചേട്ടന്റെ വിളി അടുക്കളയിലേക്ക് കയറിച്ചെന്നു.

“അവിടെക്കിടന്നു കോപ്രായം കാണിക്കാതെ ഇങ്ങോട്ടു വാ മനുഷ്യാ “എന്ന് വിലാസിനിയമ്മ. അതൊരു ഭയപ്പെടുത്തുന്ന ഒരാജ്ഞാരൂപത്തിൽ കേശവൻ ചേട്ടന്റെ മുന്നിൽ വന്നുനിന്നു. എന്തോ പന്തികേട് തോന്നിയ കേശവൻ ചേട്ടൻ അടുക്കള ലക്ഷ്യമാക്കി പതിയെ നടന്നു.

വിലാസിനി അമ്മയുടെ അരികിലേക്ക് കേശവൻ ചേട്ടൻ നടന്നടുത്തപ്പോഴേക്കും മനുഷ്യേതരമായ ഒരു നാറ്റം ചെറുകാറ്റിന്റെ വിരലുകളിൽപ്പിടിച്ച് വിലാസിനിയമ്മയുടെ മൂക്കിലേക്ക് ഇരച്ചു കയറി. നാറ്റത്തിന്റെ സ്രോതസ്സ് കേശവൻ ചേട്ടന്റെ ശരീരമാണെന്ന് തിരിച്ചറിഞ്ഞതോടെ നാറ്റത്തിന് ഇനിയങ്ങോട്ട് അല്പംപോലും കടക്കാനാകാത്ത വിധം തള്ളവിരലും ചൂണ്ടുവിരലുംകൊണ്ട് നാസാരന്ധ്രം കൊട്ടിയടച്ചു.

“ഇതെന്തു നാറ്റമാണ് മനുഷ്യാ ”

കേശവൻ ചേട്ടനോട് ഉള്ള സകല അസഹിഷ്ണുതയും വിലാസിനി അമ്മ വാക്കുകളിലൂടെ പുറത്തേക്ക് കുടഞ്ഞിട്ടു. അത് നേരു തന്നെയായിരുന്നു. കൊതുകു ശവങ്ങൾ നൽകുന്ന പ്രലോഭനങ്ങൾക്ക് അടിമപ്പെട്ട് കേശവൻ ചേട്ടൻ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം കൊതുകുകൾക്ക് പിന്നാലെ അലഞ്ഞു.പ്രലോഭനങ്ങൾ നൽകുന്ന ലഹരി ആരെയാണ് അടിമപ്പെടുത്താത്തത്. പെരുമഴക്കാലം ആയാൽ പോലും നിത്യവും കുളിച്ചു വൃത്തിയോടെ ഇരിക്കാറുണ്ടായിരുന്ന കേശവൻ ചേട്ടൻ കുളിയും ജപവും മറന്ന് കൊതുകു നൽകുന്ന ഉന്മാദ ലഹരിയിൽ അഭിരമിച്ചു.

തനിക്കു മുന്നിൽ അടുക്കളവാതിൽ ദയാരഹിതമായി അടയുന്നത് നോക്കിഎന്താണ് കാര്യമെന്നറിയാതെയുള്ള അമ്പരപ്പോടെ കേശവൻ ചേട്ടൻ നിന്നു. താൻ ഒരു അപരാധവും ചെയ്തിട്ടില്ല എന്ന മട്ടിൽ പല്ലുകൾ ഞെരിച്ചു. തനിക്ക് മുന്നിൽ അടഞ്ഞുകിടക്കുന്ന അടുക്കള വാതിലിലേക്ക് മുഷ്ടിചുരുട്ടി ആഞ്ഞടിക്കാൻ കൈകളുയർത്തിയ കേശവൻ ചേട്ടന്റെ രോമാവൃതമായ വെളുത്തു നഗ്നമായ മാറിടത്തിലേക്ക് ഒരു കൊതുക് സർവ്വശക്തിയുമെടുത്ത് സൂചിമുന താഴ്ത്തി. ചോരത്തിളപ്പോടുകൂടി ഉരുണ്ടുകൂടിയ കലി കേശവൻ ചേട്ടൻ കൊതുകിനുമേൽ പ്രകടിപ്പിച്ചു. കൊതുകിന്റെ ജീവനും കടന്ന് കേശവൻ ചേട്ടന്റെ പ്രഹരം ഇടനെഞ്ചിലേക്ക് തുളച്ചു കയറി. കേശവൻ ചേട്ടന്റെ അഞ്ചു വിരലും നെഞ്ചിൽ ചോരപ്പാടോടെ പതിഞ്ഞു കിടന്നു. ഹൃദയധമനികളിൽ നിന്നും എന്തോ ഒന്ന് പടിയിറങ്ങി പോകുന്നതുപോലെ കേശവൻ ചേട്ടന് അനുഭവപ്പെട്ടു. ഭാരം ഒഴിഞ്ഞ മരത്തടി പോലെ കേശവൻ ചേട്ടൻ മറിഞ്ഞുവീണു. ബോധം ഉണർന്നപ്പോൾ കേശവൻ ചേട്ടനു മുകളിൽ നീലാകാശം കമിഴ്ന്നുകിടന്നു. ആകാശത്തോളം ഉയർന്ന ശൂന്യതയോർത്ത് കേശവൻ ചേട്ടന് മലർന്നുകിടന്ന് പൊട്ടിക്കരയാൻ തോന്നി. ഭീമാകാരമായ കേശവൻ ചേട്ടന്റെ വലുപ്പത്തിന് പാകമാകാത്ത വിധം ഒരു പൊട്ടിക്കരച്ചിൽ ഉരുണ്ടുകൂടി. കേശവൻ ചേട്ടന്റെ കണ്ണുകളിൽനിന്നും ഉരുൾപൊട്ടിയ ഉറവുചാലിൽ കുറ്റബോധം നിഴലിച്ചിരുന്നു.
അനേകായിരം ജീവനുകൾ തന്റെ കൈകുമ്പിളിൽ കിടന്നു പിടഞ്ഞു മരിച്ചതോർത്ത് കേശവൻ ചേട്ടന്റെ ചോര തണുത്തു. മുഖം വികൃതമായി. കൊലപാതകിയുടെ കൈകളിലേക്ക് എന്നപോലെ കേശവൻ ചേട്ടൻ തന്റെ കൈകളിലേക്ക് അറപ്പോടെ നോക്കി. കൈ കളോടുള്ള പക ഇരച്ചുകയറി വന്നപ്പോഴേക്കും ഒരു കൊതുകകൂടി കേശവൻ ചേട്ടന്റെ നെറ്റിത്തടത്തിലേക്ക് സൂചിമുന ആഴ്ത്തി.
കേശവൻ ചേട്ടൻ സകലതും മറന്നു!

നെറ്റിമേൽ പറന്നു വന്നിരുന്ന കൊതുക് ഒറ്റ നിമിഷത്തിനുള്ളിൽ നിലത്തുവീണു പിടഞ്ഞു.കൊതുകിന്റെ അവസാന ശ്വാസവും പിടഞ്ഞുവീഴുന്നതിനു മുന്നേ കേശവൻ ചേട്ടന്റെ കണ്ണിൽ ഇരുട്ടുകയറി.അത്രയുമാഴത്തിൽ, നെറ്റിയിലേക്ക് നീണ്ട കേശവൻ ചേട്ടന്റെ പ്രഹരം തലച്ചോറിലേക്ക് ആഞ്ഞുകയറിയിരുന്നു. മുമ്പത്തേതിലും വൈകി ബോധം വീണ കേശവൻ ചേട്ടൻ പൊടുന്നനെ പൊട്ടിച്ചിരിച്ചു. തന്നെക്കാൾ കരുത്തുകുറഞ്ഞ ജീവനുകളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിൽ എന്തിനാണ് കുറ്റബോധം തോന്നേണ്ടതെന്നോതോർത്ത് കേശവൻ ചേട്ടന്റെ ചിരി ആകാശംമുട്ടെ പ്രതിധ്വനിച്ചു.പൊട്ടിച്ചിരിയുടെ അവസാന അലയും അവശേഷിച്ചതോടെ കേശവൻ ചേട്ടന്റെ പെരുവിരലൂടെ ക്ഷീണം ഇഴഞ്ഞുകയറി. അടുക്കള വാതിൽചാരിയിരുന്ന് കേശവൻ ചേട്ടൻ ഒന്നുമയങ്ങി.ശ്വാസഗതിയുടെ ആരോഹണാവരോഹണക്രമത്തിന്റെ താളത്തിനൊത്ത് കേശവൻ ചേട്ടന്റെ അരയ്ക്കു മുകളിലെ നഗ്നമായ തടിച്ച പള്ളയും രോമാവൃതമായ നെഞ്ചും കുലുങ്ങി രസിച്ചു.

കേശവൻ ചേട്ടന്റെ പുരികങ്ങൾ അനങ്ങി.
പേശികൾ വലിഞ്ഞുമുറുകി!

അരികിൽ കേശവൻ ചേട്ടന്റെ ചൂടേറ്റു കിടന്ന പ്ലാസ്റ്റിക് ഡപ്പിക്കുള്ളിൽ നിന്നും ചത്തുശവമായിക്കിടന്ന് അഴുകി നാറ്റം വമിച്ചുകൊണ്ടിരുന്ന കൊതുകുകൾ ഓരോന്നായി ചിറകുകളുയർത്തി ആകാശത്തേക്ക് വട്ടമിട്ടു പറന്നു!
മൃത്യുവിൽ നിന്നും ജീവൻ കൈവരിച്ച കൊതുകുകൾ ഒരുമിച്ചുചേർന്ന് ഭീമാകാരമായ ഒരു സത്വത്തെപ്പോലെ ചിറകുകൾ വിടർത്തിയും താഴ്ത്തിയും ഞാണിന്മേൽ കളിയിലെ സർക്കസ്സുകാരനെപ്പോലെ വായുവിൽ പൊങ്ങി നിന്നു. ഒരു നിമിഷത്തിനു ശേഷം കൊതുകിന്റെ രൂപമുള്ള ആ ഭീകരസത്വം കേശവൻ ചേട്ടന്റെ തടിച്ച ദേഹത്തേക്ക് ചീറിയടുത്തു.ഒരു നിലവിളിയൊച്ചയിൽ ഞെട്ടിയുണർന്ന കേശവൻ ചേട്ടൻ സ്ഥലകാലബോധമറ്റ് പിടഞ്ഞെഴുന്നേറ്റു. മുന്നിൽക്കണ്ട ഭയപ്പെടുത്തുന്ന രൂപത്തക്കണ്ട് കേശവൻ ചേട്ടൻ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. പ്രാണനുംകൊണ്ടുള്ള ഓട്ടത്തിനിടയിൽ അരയിൽ നിന്നും അഴിഞ്ഞുവീണ മുണ്ട് നിലത്തുവീണ് അനക്കമറ്റു കിടന്നു. ഉച്ച മയക്കത്തിൽ നിന്നും തിരക്കിലേക്ക് ഉണർന്ന കവല പൂർണനഗ്നയായ കേശവൻ ചേട്ടന്റെ പണ്ടെങ്ങോ മയക്കത്തിലേക്ക് ഊർന്നുവീണ മാംസക്കഷണം കണ്ട് ആർത്തുചിരിച്ചു….!

കേശവൻ ചേട്ടന് ഭ്രാന്താണെന്നും ഭ്രാന്തിന്റെ അവസ്ഥ കൊതുകിന്റെ ജീവിതദശപോലെ മുട്ടയിൽ നിന്നും ലാർവയിലേക്കും ലാർവയിൽ നിന്നും പ്യൂപ്പയിലേക്കും പ്യൂപ്പയിൽ നിന്നും സമ്പൂർണ്ണ അവസ്ഥാന്തരത്തിലേക്കും (adult)പരിണമിക്കുന്നതു
കണ്ട് നാട്ടുകാർ വിധിയെഴുതി ;
” കേശവൻ ചേട്ടന് മുഴുത്ത ഭ്രാന്തു തന്നെയാണ്….!”

കവലയിൽ നിന്ന ആരുടെയൊക്കെയോ കൈകളിൽ നിന്നും പറന്നെത്തിയ ചിറകുകളില്ലാത്ത ഊക്കൻ കൊതുകുകൾ കേശവൻ ചേട്ടനിലേക്ക് പാഞ്ഞുകയറി ഉമ്മവച്ചു……!

*ജന്തു സാമ്രാജ്യത്തിലെ കൊതുകുകളുടെ ഫാമിലി.

athmaonline-ajith-prasad-umayanallur

അജിത് പ്രസാദ്

1996 -ൽ കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ പ്രസാദിന്റെയും രമണിയുടെയും മകനായി ജനനം. സഹോദരൻ, അഖിൽ. പി. കൊല്ലം ശ്രീ. നാരായണ കോളേജിൽ മലയാളത്തിൽ ബിരുദം. ഡിജിറ്റൽ മാസികകളിൽ കവിതകൾ വരാറുണ്ട്. കൊട്ടിയം, ബൂട്സ് ആൻഡ് ബൂട്സ് ഫൂട് വെയറിൽ സേവനമനുഷ്ടിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here