നീലാണ്ടസംഭവം

2
474
athmaonline-the-arteria-neelandasambhavam-story-niveditha-m

കഥ
നിവേദിത എം
ചിത്രീകരണം : സുബേഷ് പത്മനാഭൻ

കോവിഡ് കാലത്ത് തന്റെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ തനിച്ചായപ്പോൾ ആണ് ഏകാന്തതയോട് പണ്ടേ പ്രതിപത്തിയില്ലാത്ത സുലോചന ഒരു നായക്കുട്ടിയെ വാങ്ങാൻ തീരുമാനിക്കുന്നത്.  കുട്ടികൾ ഇല്ലാതിരുന്നിട്ടും പെൻഷൻ പറ്റുന്നതിന് ഒരു വർഷം മുമ്പ് മരിച്ചു പോയ ഭർത്താവിന്റെ വിസമ്മതവും ഒറ്റയ്ക്ക് ഒരു നായകുട്ടിയെ വളർത്താനുള്ള ബുദ്ധിമുട്ടും ആലോചിച്ച് ഇത്രയും നാൾ ആ കടുംകൈക്ക് അവർ മുതിർന്നില്ല.  ഉച്ചത്തിൽ സംസാരിക്കുന്ന റിട്ടയേഡ് പാട്ട് ടീച്ചർ മീനാക്ഷിയും ട്രാൻസ്പോർട്ടിലെ ഈർക്കിൽ പോലെ മെലിഞ്ഞ സുമംഗലയും അടക്കം സമപ്രായക്കാർ എല്ലാം ഭർത്താക്കന്മാരുടെയോ മക്കളുടെയോ ഒപ്പമാണ്. പതിവുള്ള നടക്കാൻപോക്കും കൊച്ചുവർത്തമാനവും ഇല്ലാതായെന്ന് ഒഴിച്ചാൽ അവരുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല.  സുഹൃത്ത് വൃന്ദവും സായാഹ്ന സവാരിയും അമ്പലത്തിലെ ദീപാരാധന തൊഴലും സപ്താഹം വായനയും ഒക്കെയായി മനസ്സുമടുക്കാതെ മുന്നോട്ടു പോയിരുന്ന ജീവിതത്തെയാണ് ഇപ്പോൾ കോവിഡ് അടഞ്ഞ വാതിലിനകത്ത് തളച്ച് ഇട്ടിരിക്കുന്നത്.  

യൂട്യൂബിലെ വീഡിയോകളും ഏഷ്യാനെറ്റ് സിനിമകളും സീരിയലുകളും കണ്ടു എത്രസമയം വേണമെങ്കിലും ചെലവഴിച്ചു കൂടെ എന്ന് ഉപദേശിച്ചത് വിനുക്കുട്ടൻ ആണ്.  സിംഗപ്പൂരിൽ ഉള്ള ഏടത്തിയുടെ മകൻ.  എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി പിറ്റേദിവസം എട്ടു മണിക്കൂർ നിർത്താതെ ടീവി കണ്ടപ്പോൾ വലത്തേ കൺപോളയിൽ വലിയൊരു കുരുവും ചുട്ടുനീറലും അവശേഷിപ്പിച്ചുകൊണ്ട് കണ്ണുകൾ പണിമുടക്കി.  കണ്ണ് ഡോക്ടറുമായി വീഡിയോ കോൾ നടത്തി മരുന്നുകൾ ഹോം ഡെലിവറി ചെയ്യേണ്ടിവന്നു കാഴ്ച തിരിച്ചു കിട്ടാൻ.  അധികനേരം ടിവി കാണരുതെന്ന് വിനു കുട്ടനെ ഉപദേശിക്കാറുണ്ട് എങ്കിലും ഏകാന്ത വിരസമായ നീളൻ പകലുകൾ പ്രതികാരം ചെയ്യുകയാണെന്ന് താമസിക്കാതെ സുലോചന മനസ്സിലാക്കി. 
 
ആഴ്ചയിലൊരിക്കൽ ശ്യാമളയെ കൊണ്ട് തുടപ്പിക്കാറുള്ള ജനൽ കമ്പികൾ ഓരോ മുറിയും ഓരോ ദിവസം എന്ന കണക്കിൽ വാശിയോടെ തുടച്ചു വൃത്തിയാക്കിയിട്ടും വീടുമുഴുവൻ അടിച്ച് തുടച്ചിട്ടും ഉച്ചയൂണിനും പകൽ മയക്കത്തിനും ശേഷം മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ വെറുതെ കണ്ണടച്ച് കിടക്കേണ്ടിവന്നു.  മരിച്ചതുപോലെ അഭിനയിച്ച് ഇല്ലാത്ത തണുപ്പും ഇടത്തെ കാൽമുട്ടിൽ മരവിപ്പും അത്താഴം കഴിക്കാൻ മറവിയും ഒക്കെ തോന്നാൻ തുടങ്ങിയപ്പോഴാണ് സ്ഥലകാലബോധം ഇല്ലാതാക്കി ഓർമ്മശക്തിയെ കാർന്നുതിന്നുന്ന വാർദ്ധക്യം എന്ന രോഗത്തെ അവർ വാസ്തവത്തിൽ പേടിച്ചു തുടങ്ങിയത്. കിടന്നു നരകിക്കുന്നതിനെയാണ് പേടി, ഉറക്കത്തിനിടയിൽ മരിക്കാൻ അല്ല.  ഏടത്തിയും മകൾക്കും അതൊരു ബുദ്ധിമുട്ടാകും.  സീമന്ത രേഖയിൽ നിന്നും ചെന്നിയിലേക്ക് ഒലിച്ചിറങ്ങിയ വെളുപ്പും വാതത്തിന്റെ ചെറിയ അസ്കിതയും ഒഴിച്ചാൽ പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദവും തൊട്ടുകൂട്ടാതെ ഇപ്പോഴും ഷഷ്ടിപൂർത്തിയുടെ ശരീരഭാഷയാണ് സുലോചനക്ക്.  ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ഏഴുപത്തിരണ്ടു വയസ്സായെന്ന് കണ്ടാൽ പറയില്ല. രണ്ടുവർഷം മുമ്പുവരെ ടാക്സി വിളിച്ച് നെടുമ്പാശ്ശേരിയിൽ പോയി ഒറ്റയ്ക്ക് ഫ്ലൈറ്റ് കയറിയാണ് സിംഗപ്പൂരിൽ ചെന്നിറങ്ങിയത്.  ഏടത്തിയുടെ ജാമാതാവ് നിർബന്ധിച്ചപ്പോൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ സമ്മതിച്ചു എന്നുമാത്രം. 

വീടിനു പുറത്തിറങ്ങാതെ സമയം കഴിച്ചുകൂട്ടുന്നവർ പോകെപ്പോകെ അദൃശ്യർ ആവുകയും പുറത്തിറങ്ങാനുള്ള ആത്മവിശ്വാസം ആവിയാവുകയും ചെയ്യും.  ഓരോ ദിവസവും പുതിയ പുതിയ വകഭേദങ്ങളുടെ നാടകം കളിയാണ്.  പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ജെ സി ബി കൊണ്ടു മണ്ണുമാന്തി കുഴിച്ചിടുന്ന കാഴ്ച ടിവിയിൽ കാണിച്ചപ്പോൾ ചുക്കു വെള്ളം നെറുകയിൽ കയറി അന്ന് നിർത്താതെ ചുമച്ചതുമാണ്.  വാക്സിനേഷൻ എടുത്ത് കഴിഞ്ഞോ ഇല്ലയോ എന്ന് അന്വേഷിക്കുന്ന പതിവ് കോവിഡിന് ഇല്ലത്രേ. 

ചിന്മയ സ്കൂളിൽ പണ്ട് ക്ലാസ് എടുത്തിരുന്നത് പോലെ ഓൺലൈനായി ഒരു യോഗ ക്ലാസ് തുടങ്ങാൻ ആലോചിച്ചു.  പരിചയക്കാരെ എല്ലാം ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു.  ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ എട്ടുമണിക്ക് സൗജന്യ യോഗ ക്ലാസ് ഉണ്ട് എന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ആയ പതിനൊന്നു ബിയിലെ കൃഷ്ണൻകുട്ടിയെ കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇടുവിച്ചു.  സജീവ പങ്കാളിത്തമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കാര്യത്തോടടുത്തപ്പോൾ ആരും ഓൺലൈൻ ക്ലാസിൽ പ്രത്യക്ഷപ്പെട്ടില്ല.  മടങ്ങാൻ കൂട്ടാക്കാതെ ഇടഞ്ഞുനിൽക്കുന്ന മുട്ട്, സമയക്കുറവ്, ഇടവപ്പാതിക്കാലത്തെ ജനൽ പോലെ തുറന്നടയ്ക്കുന്ന സ്കൂളുകൾ. വരാത്തവർ പല കാരണങ്ങൾ നിരത്തി. 

എ ബ്ലോക്കിന്റെ തണലിൽ ഒരിക്കലും നേരിട്ട് വെയിൽ അടിക്കാത്ത ഒമ്പതാം നിലയുടെ ബാൽക്കണിയിൽ നിന്നാൽ പൂട്ടിക്കിടക്കുന്ന എൽ പി സ്കൂൾ കെട്ടിടവും പത്താം ഡിവിഷനിൽ മാത്രം ആളനക്കം ഉള്ള ക്ലാസ് മുറികളും കാൽപ്പാടുകൾ കുറഞ്ഞ മൈതാനവും കാണാം.  നാട്ടിൻപുറത്തെ വീടും പറമ്പും വിറ്റ് ഔദ്യോഗിക കാരണങ്ങളാൽ നിലംതൊടാത്ത ഈ കൂട്ടിലേക്ക് ചേക്കേറുമ്പോൾ കണ്ണെത്തുന്ന ദൂരത്ത് പരന്നുകിടക്കുന്ന ഏകാന്തതയെ പ്രതീക്ഷിച്ചിരുന്നില്ല.  തോട്ടക്കാരൻ നനച്ചും വെടിപ്പാക്കിയും പരിപാലിക്കുന്ന നിറയെ തുമ്പികളും പൂമ്പാറ്റകളും ഉള്ള ഗാർഡനും മരങ്ങൾക്കിടയിലെ ബെഞ്ചുകളും പോക്കുവെയിൽ സായാഹ്നസവാരികളും ഒക്കെ ആദ്യമാദ്യം പുതുമയായിരുന്നു.  രണ്ടു ചാൽ നടക്കാൻ പോലും അനുവാദം തരാത്ത സിമൻറ് കൂട്ടിൽ കിടന്നു നാട്ടിൻപുറത്തെ വീടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഓർക്കുന്നത് ഇതാദ്യമല്ല.  അയൽപക്ക കാഴ്ചകളും മതിലിന് അപ്പുറവും ഇപ്പുറവും നിന്നുള്ള വർത്തമാനം പറച്ചിലും മീൻ കഴുകുമ്പോൾ ഓടി വരാറുള്ള തള്ള പൂച്ചയും അവളുടെ ചാരനിറമുള്ള കുഞ്ഞുങ്ങളും കാറ്റിലാടുന്ന തെങ്ങിൻ തലപ്പും ഒക്കെ ഇന്ന് അന്യം. 
 
അതിനിടയിലാണ് വരാന്തയുടെ തെക്കേഅറ്റത്തുള്ള ഡോക്ടറും കുടുംബവും ഓമൈക്രോൺ ബാധിതർ ആകുന്നത്.  വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാനുള്ള സാധ്യതയും ദിനപത്രത്തിന്റെ വരവും കുറച്ചുനാൾ ഇല്ലാതെയായി.  ഏടത്തിയോടും വിനുകുട്ടനോടും ഒന്നും ആലോചിക്കാതെയാണ് പഴയ ഒരു പത്രത്തിൻറെ ക്ലാസിഫൈഡ് പേജിൽ നിന്നും കെന്നലിന്റെ ഫോൺ നമ്പർ കണ്ടുപിടിക്കുന്നത്. നാവുനീട്ടിയ ചുണക്കുട്ടന്മാരുടെ ഫോട്ടോയും വീഡിയോയും അവർ കയ്യോടെ അയച്ചുതന്നു.  

രണ്ടാഴ്ചയ്ക്കുശേഷം കാപ്പികുടി കഴിഞ്ഞ് ബക്കറ്റും കപ്പുമായി ബാൽക്കണിയിൽ ചെടി നനയ്ക്കുന്ന സമയത്താണ് അവൻ വാതിലിൽ മുട്ടുന്നത്.  കോഴിക്കൂടിന്റെ അത്ര വലിപ്പമുള്ള ചെറിയൊരു കൂട്ടിൽ നിന്നും പരിചയക്കേടൊന്നുമില്ലാതെ തലയൊന്നു കുടഞ്ഞ് അവൻ സംഭവിച്ചു.  വീടു മുഴുവൻ ഓടിനടന്ന് ബാൽക്കണിയിൽ ഇരുന്ന ബക്കറ്റിൽ നിന്നും അല്പം വെള്ളം നക്കിക്കുടിച്ചു സമ്മതപത്രത്തിൽ അവൻ ഒപ്പു വച്ചതോടെ എഴുപത്തി രണ്ടിന്റെ നിറവിൽ സുലോചന നീലാണ്ടന്റെ അമ്മയായി. 

ചെടി നനക്കുന്നതിലെ ആയാസം കണ്ടറിഞ്ഞിട്ട് ആകണം മൂന്നുമാസം തികഞ്ഞ അന്നുരാത്രി ചെടിച്ചട്ടികളിൽ നിന്നു മണ്ണുമാന്തി പുറത്തിട്ടു എല്ലാ ചെടി തലപ്പുകളും അവൻ കടിച്ചുകുടഞ്ഞത്. പാർക്കിൽ നടക്കാൻ കൊണ്ടുപോയാൽ മണ്ണ് മാന്തി പുല്ലിൽ ഉരുണ്ട് കണ്ടതൊക്കെ വായിലാക്കും.  വീട്ടിലെ മര സാമാനങ്ങളും പുസ്തകങ്ങളും കടിച്ചു നശിപ്പിച്ചു.  സ്റ്റാൻഡിനു മുകളിലിരുന്ന ചെരുപ്പുകളുടെ വക്ക് കരണ്ട് തിന്നു. രാവിലെയും വൈകിട്ടും നടക്കാൻ പോകുമ്പോൾ പാർക്കിൽ മലമൂത്ര വിസർജ്ജനം നടത്താൻ നീലാണ്ടനെ പരിശീലിപ്പിച്ചുവെങ്കിലും അസമയത്ത് ഉണർന്ന് ശാഠ്യം പിടിക്കാൻ തുടങ്ങിയപ്പോൾ ബാൽക്കണി വാതിൽ അടയ്ക്കാതെ തുറന്നുവെച്ച് അവനെ സ്വയംപര്യാപ്തൻ ആക്കി.  വേനൽ ചൂടിൽ പൊള്ളുന്ന ബെഡ്റൂം നിലത്ത് കട്ടിലിനടിയിൽ നാലുകാലും മേൽപ്പോട്ട് ആക്കി മലർന്നു കിടന്നു കൂർക്കം വലിച്ചാണ് അവൻ ഉറങ്ങാറ്.   
ആദ്യകാലത്ത് കഴുത്തിലെ ചങ്ങലയുടെ ഒറ്റവലിയിൽ ഉടക്കി  തിരിഞ്ഞു നിന്നിരുന്ന നീലാണ്ടൻ വളരുന്തോറും പിൻവലിയലിന്റെ ഭാഷ അംഗീകരിക്കാതെ യായി.  കടിയേറ്റ് തുടയിലും കൈകാലുകളിലും ചോര കക്കി നന്നേ വേദനിച്ചുവെങ്കിലും ആ രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല.   ആഴം കൂടിയ ചില കടപ്പാടുകൾ ചെവി വേദനയുടെ ഗൗരവത്തോടെ രാത്രിയിലെ ഉറക്കം കെടുത്തി.  ബാല്യ ചാപല്യങ്ങൾ മൊബൈൽ ഫോൺ ചാർജർ കരണ്ട് തിന്നുന്നതിൽ ചെന്നെത്തിയപ്പോഴും ചൂണ്ടുവിരൽ ഉയർത്തി അവനെ ഗുണദോഷിക്കുക മാത്രം ചെയ്തു. 

പാതിയുറക്കത്തിൽ കാൽവണ്ണയിൽ കിട്ടുന്ന കടിക്കും ജീവിതത്തെ സംഭവബഹുലമാക്കാൻ കഴിവുണ്ടെന്ന് അവർ അറിഞ്ഞു.  നാല്പാമരാദി എണ്ണയും ധന്വന്തരം കുഴമ്പും തേച്ച് നെറുകയിൽ ലാക്ഷാദി എണ്ണ പൊത്തി കുളിക്കാൻ കയറുമ്പോൾ കുളിമുറിക്ക് പുറത്ത് നീലാണ്ടൻ കാവൽ കിടക്കും. മോറി കഴുകിയ പാത്രങ്ങൾ പാതിയമ്പറം വരെ എത്തി നിന്ന് നക്കി ഒരിക്കൽ കൂടി വൃത്തിയാക്കും.   തന്റെ കുഷ്യൻ കിടക്കയിൽ കിടക്കുന്നതിനുപകരം കട്ടിൽ ചുവട്ടിൽ സുലോചനയുടെ ഓരോ മറിയലിനും തിരിയലിനും നെടുവീർപ്പിനും കാതോർത്ത് അനുസരണയോടെ കിടക്കാൻ ആയിരുന്നു അവനിഷ്ടം. ഉണരാൻ വൈകിയാൽ വിസ്തരിച്ചു മുഖത്തു നക്കി ഉറക്കമുണർത്തും. 
 
പാർക്കിൽ കളിക്കുന്ന കുട്ടികൾ വെയിൽ കായുന്ന നീലാണ്ടനോടൊപ്പം കളിക്കാൻ വരും. അപ്പാർട്ട്മെന്റിൽ അടച്ചിട്ട് നായയെ വളർത്തുന്നതിനെയും മനുഷ്യകുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ നായയെ കൊണ്ടുവരുന്നതിനും ആളുകൾ എതിർത്തു. ബാൽക്കണിയിൽ നിന്നും ദുർഗന്ധം പരക്കുന്നു എന്ന് അയൽ ഫ്ലാറ്റുകാർ പരാതിപ്പെട്ടു. 
 
മനപ്പൂർവ്വം അല്ലാതെ നീലാണ്ടന്റെ നഖം കൊണ്ട് ഒരു ആറുവയസ്സുകാരന്റെ കൈ മുറിയുന്നതാണ് സംഗതികളുടെ തുടക്കം.  മുന്നിൽ ഓടുന്ന നീലാണ്ടന്റെ പിറകെ നീരുവന്ന കാലുകളുമായി ഓടി വിയർത്തുകുളിച്ച് ലിഫ്റ്റിനടുത്ത് എത്താറായപ്പോൾ നീലാണ്ടൻ വിരുദ്ധ കമ്മിറ്റിക്കാർ ഇരുവരെയും വളഞ്ഞു. കുരച്ചു ചാടാൻ തുടങ്ങിയ നീലാണ്ടനെ നിർവീര്യമാക്കാത്ത ബോംബ് പോലെ സാരിത്തലപ്പു കൊണ്ട് മറച്ചു പിടിച്ചു.
 
 – എന്തൊക്കെയാ എന്റെ ടീച്ചറെ നിങ്ങള് കാട്ടി കൂട്ടണേ?ബാക്കിയുള്ളവരും താമസിക്കുന്നതല്ലേ ഇവിടെ. മാത്രല്ല ഇങ്ങനെയുള്ള ജാതികളെ വളർത്തണണേന് നമ്മടെ  ഭരണഘടനയില് ചെല നിയമങ്ങള്ണ്ട്.  അതൊന്നും നോക്കാണ്ടേ അധികപ്രസംഗം അല്ലേ ഈ കാണിക്കണേ?
കൃഷ്ണൻകുട്ടി പറഞ്ഞു.
 
 -പാർക്കിൽ കളിക്കാൻ പോവാൻ തന്നെ കുട്ട്യോൾക്ക് പേടിയാത്രേ !
 
 -അല്ലെങ്കിലും നായെ വളർത്താൻ പറ്റിയ പ്രായണോ ഇത്.  എവിടെയെങ്കിലും മലർന്നടിച്ചു വീണാൽ ആശുപത്രിയിൽ കൊണ്ടോവാൻ ഞങ്ങളെന്നെ വേണ്ടേ.
 
-ഞാൻ ഒരഡ്രസ് തരാം.   അവിടെ വിളിച്ച് എല്ലാം ഏർപ്പാടു ചെയ്യാം.  നീലാണ്ടനേ ട്രെയിനിങ്ങിനു വിടണം.  അവിടെ രണ്ടു മാസം താമസിച്ച് അവൻ നേരെ ആവട്ടെ. 
 
പരിഹാരത്തിന്റെ രൂപത്തിൽ ക്ഷുഭിതനായ ഡോക്ടറുടെ ദംശനം ഏറ്റ സുലോചന ഞെട്ടി.
 
-ഇല്ലെങ്കില് താമസിക്കാൻ വേറെ സ്ഥലം നോക്കിക്കോ ടീച്ചറെ. 
 
കുഴിയിൽ വീണ ആനയെ പരിശീലിപ്പിക്കണം എന്നു പറയുന്ന അതേ ലാഘവത്തോടെ നിരുപദ്രവകാരിയായ നീലാണ്ടനെ ചട്ടം പഠിപ്പിക്കണം എന്നു പറയുന്നു. കണ്ട മരത്തിലും മതിലിലും കല്ലെറിയുകയും ചെറിയ കുട്ടികളെ അടിക്കുകയും ചെയ്യുന്ന ഡോക്ടറുടെ മക്കൾക്കാണ് ട്രെയിനിങ് ആവശ്യം എന്നുപറയാൻ നാക്കുയർന്നില്ല.  മനസ്സില്ലാമനസ്സോടെ ആണെങ്കിലും കലാപകാരികളുടെ വാക്ക് സുലോചനക്ക് അംഗീകരിക്കേണ്ടിവന്നു. രാവിലെ പതിവില്ലാതെ കുളിച്ച് ഒരുക്കി കോളറും ലീഷും അണിയിക്കവേ നീലാണ്ടൻ അത്ഭുതത്തോടെ സുലോചനയെ നോക്കി.  ഹൃദയവേദനയോടെ ഓട്ടോയിൽ കയറ്റി അവനെ ട്രെയിനറുടെ വീട്ടിൽ എത്തിച്ചു. ചട്ടുകാലൻ ആയ ട്രെയിനറുടെ വൃത്തിഹീനമായ വീട്ടിൽ നിറയെ പട്ടിക്കൂടുകൾ ആണ്.  തലേന്ന് രാത്രിയോ മറ്റോ ഇട്ടുകൊടുത്ത മഞ്ഞപ്പൊടി ഇട്ട് വേവിച്ച റേഷൻ ചോറ് അവയുടെ പാത്രങ്ങളിൽ കണ്ണീരിനൊപ്പം അവശേഷിക്കുന്നുണ്ട്. സുലോചനയുടെ കയ്യിൽ നിന്നും ലീഷ് അയാൾക്ക് പിടിച്ചു വാങ്ങേണ്ടി വന്നു.  കണ്ണീർ തുടക്കാൻ പെട്ടെന്ന് തിരിഞ്ഞപ്പോൾ ഒപ്പം പോരാൻ ഒരുങ്ങിയ നീലാണ്ടന്റെ മുതുകിൽ ചട്ടുകാലന്റെ വലംകൈ ഉയർന്നുതാണു.  അവിശ്വസനീയതയും സങ്കടവും കലർന്ന അവന്റെ കുര ഒരു ദയനീയ നിലവിളിയായി പരിണമിക്കുന്നത് കേട്ടുനിൽക്കാൻ ത്രാണിയില്ലാതെ സുലോചന പുറത്തേക്ക് ഓടി. 
 

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും അനുവദിക്കാത്ത വിധത്തിൽ നീലാണ്ടന്റെ നിലവിളി സുലോചനയെ പിന്തുടർന്നു വന്നു.  രാത്രി പത്ത് മണി വരെ അത് തുടർന്നു.  ഒടുക്കം കണ്ണീർ തുടച്ച് ഏകാന്തതയുടെ സൂത്രവാക്യങ്ങൾ ഒന്നും വശമില്ലാത്ത ആ വൃദ്ധ ദൃഢനിശ്ചയത്തോടെ എഴുന്നേറ്റു.  മുൻ വാതിൽ തുറന്നിട്ട് ഉറങ്ങിക്കിടക്കുന്ന നഗരത്തെ ഉണർത്താതെ കൂരിരുട്ടിൽ നിശബ്ദമായ റോഡിന്റെ ഓരം ചേർന്ന് സുലോചന നടന്നു.  ആളനക്കം കേട്ട് പൊന്തക്കാട്ടിലും നാൽക്കവലയിലും പതുങ്ങിയ വിശന്നു തളർന്ന നിരവധി കണ്ണുകൾ കെടാറായ വഴിവിളക്കുകളെപ്പോലെ അവർക്ക് വഴികാട്ടി. 
 
മുൻവാതിൽ പുറത്തുനിന്നും സാക്ഷയിട്ട് കരിങ്കല്ലുകൊണ്ട് ഇടിച്ച് കൂടിന്റെ പൂട്ടു പൊളിക്കുമ്പോൾ നന്ദിയോടെ നീലാണ്ടൻ അവരെ നോക്കി.  വിരലുകൾ പൊട്ടി ചോരയൊലിക്കുന്നതു വകവയ്ക്കാതെ ഒന്നിനു പിറകെ ഒന്നായി എല്ലാ പൂട്ടുകളും തകർത്തു.  ഗേറ്റ് തുറന്നിട്ടപ്പോൾ ഒരു മൗനജാഥ പോലെ ആ ക്രൂശിതരായ നാൽക്കാലികൾ സുലോചനയെ പിന്തുടർന്നു. അപ്പാർട്ട്മെൻറ് ഗേറ്റിൽ ആണ് ആ ജാഥ മാർച്ച് ചെയ്തു ചെന്ന് അവസാനിച്ചത്. 
സുലോചനയുടെ ചൂണ്ടുവിരൽ ഉയർന്നുതാണപ്പോൾ വേട്ടനായ്ക്കളുടെ വീറോടെ അവ ചീറി. ശബ്ദം കേട്ടുണർന്നു താഴേക്കിറങ്ങി വന്നവർ ഓരോരുത്തരെയായി വീടുകളിലേക്ക് ആ ജീവികൾ വലിച്ചിഴച്ചു. സിമന്റ് കൂട്ടിനകത്താക്കി ദംഷ്ട്രകൾ പുറത്തുകാട്ടി ചട്ടം പഠിപ്പിച്ചു. തെരുവുനായ്ക്കളുടെ അധിനിവേശം തടയാൻ കെൽപ്പുള്ളവരാരും അവിടെ അവശേഷിച്ചില്ല. ധ്രുവനക്ഷത്രം ഉദിച്ചപ്പോൾ തന്റെ പോരാളികൾക്കൊപ്പം സുലോചനയുടെ ഉടലും വായുവിൽ ചിതറി ഇല്ലാതായി കഴിഞ്ഞിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here