കവിത
മുഹ്സിൻ കൊടുന്നോട്
ഇരുട്ട് ഇറങ്ങി നടക്കാൻ
പറ്റിയ ഇടവഴിയാണ്.
ചന്ദ്രൻ ചുരുട്ട് തെളിക്കാൻ
കൂട്ടുനിൽക്കുന്ന ചാരനും.
അയല്പക്കത്തെ കൊളുത്തിടാത്ത
അടുക്കള വാതിലിനടുത്ത് നിന്നാൽ
കമലയുടെ കൊലുസ്സിന്റെ
കിലുക്കം കേൾക്കാം.
ഉടലൊതുക്കി ഉരസാതെ
വേണം ഉള്ളിലെത്താൻ.
വയസ്സൻ കാർന്നോരുടെ
കൂർക്കം വലിയിലോ,
കാലൻ ക്ലോക്കിന്റെ
കുമ്പസാരത്തിനിടക്കോ
മനസ്സുമാറി പിറകോട്ട് മടങ്ങരുത്.
കമല കടന്ന് പിടിക്കുമ്പോൾ
കുളിര് കോരി
കിടന്നുറങ്ങുകയും അരുത്.
എന്റെ അയൽക്കാർ
എന്നെപ്പോലെ ഉറക്കം നടിച്ച്
ഊഴത്തിനായി ഒരുങ്ങിയിരിപ്പുണ്ടാവും.
അണഞ്ഞ നിറങ്ങളിലൊന്ന്
തെളിഞ്ഞാൽ
അവളലറുമെന്നതും,
അവരറിയുമെന്നതും ഉറപ്പ്.
അതിരാവിലെ ഈ അവിഹിതം അങ്ങാടിപ്പാട്ടാവും.
മതിലിനപ്പുറത്തെ
മുതലെടുപ്പുകാരനെന്ന്
നാട്ടുകാർ മൈദയിലൊട്ടിക്കും.
കമല എവിടെയും
കെട്ട്യോൻ ഒഴിഞ്ഞ കഥകളിലെ
എരിവും പുളിയുമുള്ള കഥാപാത്രം.
അവളാകട്ടെ,ആരുടെയും
ജീവിതം കടമെടുക്കാതെ
നേരത്തെ കതകടച്ചു പുതച്ച്
ഉണരാതെ ഉറങ്ങുന്നുണ്ടാകും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.