വായന
പ്രസാദ് കാക്കശ്ശേരി
‘നാം ഒരു തോറ്റ ജനതയാണ് ‘എന്ന സങ്കടലിഖിതങ്ങളുടെ സമൂഹ ബോധ്യത്തിൽ നിന്ന് ‘എനിക്കും വിജയിക്കാനാവും ‘ എന്ന സ്വയം ഉറപ്പിക്കൽ പരിശ്രമത്തിലേക്ക് വ്യക്തി അഹം ബോധത്തോടെ നീങ്ങുന്നിടത്ത് വിപണി എപ്രകാരമാകും ഇടപെടുക? ആത്മീയത, വായന, പഠനം, തൊഴിലന്വേഷണം,വിവാഹം, സമൂഹബന്ധം എന്നിടങ്ങളിലെല്ലാം അവനവൻ കേമനാണ് എന്ന സ്വയം പറഞ്ഞുറപ്പിക്കൽ ഒരു ഫലിതമായി വ്യക്തിയെ കീഴടക്കുന്നുണ്ടോ? ചിരിച്ചു മറിയുന്ന ക്ലബ്ബും കൈകാലിട്ടടിച്ച് നടത്തുന്ന വ്യായാമക്കസർത്തും ശ്വാസക്രമീകരണ കോഴ്സുകളും ആൾക്കൂട്ട ഭക്തിയും വചന – ഭജന തീർത്ഥയാത്ര പാക്കേജുകളും സമാധാനത്തിന് ഉപാധിയാകുന്നുണ്ടോ ?ഇങ്ങനെ ഒട്ടേറെ സന്ദേഹങ്ങൾക്ക് കൂടി തലയിൽ പെരുത്ത് കയറാൻ അവസരം ഒരുക്കുന്ന ഒരു കാലത്തിന്റെ സംഘർഷം മുഴുവൻ ഇവിടെയുണ്ട്.
നമ്മുടെ പുസ്തകക്കമ്പോളത്തിലെ ജീവിതവിജയ പുസ്തകങ്ങളുടെ പെരുപ്പവും ഈ സന്ദർഭത്തിൽ പരിശോധിക്കാവുന്നതാണ്. സാഹിത്യത്തേക്കാൾ,വൈജ്ഞാനിക ബോധ്യത്തേക്കാൾ എത്രയോ വലുതാണ് ജീവിതവിജയം എന്ന് തോന്നിപ്പിക്കും വിധമാണ് പുസ്തകോത്സവ വില്പനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കരിയർ – സെൽഫ് ഹെൽപ് പുസ്തകങ്ങൾക്ക് സ്വീകാര്യതയേറുന്നു.. അത് മോശമല്ല. എങ്കിലും ആലോചിച്ച് പോകുന്നു..എനിക്കെന്തു ഗുണം എന്ന തോന്നലിലേക്ക് മാത്രം മുഖം പൂഴ്ത്തിയ സമൂഹ മനസ്സിൻറെ അന്തരിക സംഘർഷങ്ങളുടെ സ്വയം നിവൃത്തി മാർഗ്ഗങ്ങൾക്ക് എവിടെയാണ് തുടക്കവും ഒടുക്കവും ? ആത്മാനുരാഗം അന്തമറ്റ ഒരു ഫലിതമാണെന്നും ചിലപ്പോൾ അശ്ലീലമാണെന്നും തോന്നുന്ന ആത്മവിചാരണാ സന്ദർഭങ്ങൾ പോലും നമുക്കില്ലാതെ പോകുന്നുണ്ടോ ?. ഗുണപാഠകഥകൾ പറഞ്ഞും ഇതര മനുഷ്യസങ്കടാനുഭവങ്ങൾ എഴുതിവെച്ചും സാഹിത്യത്തിലെ ദർശനങ്ങളെയും വെളിപാട് സന്ദർഭങ്ങളെയും അടർത്തിയെടുത്ത് സുഭാഷിതം ആക്കിയും വായന ഒരു സാന്ത്വന ചികിത്സയാകുന്ന പ്രക്രിയ തകൃതിയായി നടക്കുന്നുണ്ട്. രചയിതാവ് ,എഡിറ്റർ, പ്രസാധകർ എന്നിവർ വിപണിക്ക് വേണ്ടി വിപണിയോടൊപ്പം നിന്ന് പണിയെടുക്കുകയാണ്. നമ്മുടെ പോസിറ്റീവ് വിചാരധാരകളിലെ ഉള്ളടക്കങ്ങൾക്കുള്ള ഏക താനമായ അവസ്ഥയ്ക്ക് കാരണവും ‘ഇപ്പ ശര്യാക്കിത്തരാം ‘ എന്ന ഭാവം തന്നെയാണോ ?
ജീവിത വഴിയിൽ കൂടെ കൂട്ടാവുന്ന പുസ്തകങ്ങൾ ഉണ്ടാവും ഓരോരുത്തർക്കും. പല സന്ദർഭങ്ങളിലും പലർക്കും പലതാവാം അത്. ഒരു പുസ്തകവും കൂടാതെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ലാഘവ ബുദ്ധിയുടെ അതിശയ ജീവിതവും ഉണ്ടാകാം. വായനയുടെ സ്വർഗ്ഗവും ( അഴീക്കോട് ) വിവേകശാലിത്വവും (കെ.പി. അപ്പൻ) സങ്കല്പവായുവിമാനയാനവും (വള്ളത്തോൾ) ഏതെങ്കിലും പുസ്തകങ്ങളെ കാറ്റഗറി തിരിച്ചുണ്ടാക്കിയതല്ല. വായന നൽകുന്ന തിരിച്ചറിവുകളുടെ വഴികൾ ഏതെങ്കിലും കോണിൽ നിന്ന് മാത്രം സാക്ഷാത്കരിക്കപ്പെടുനതും അല്ല. ഇങ്ങനെയൊക്കെ ആലോചിക്കാൻ പ്രേരണ നൽകിയത് ഡോ കെ.എസ് കൃഷ്ണകുമാറിന്റെ SELF -TALK എന്ന പുസ്തകത്തിൻറെ വായനയാണ്. ആത്മഭാഷണങ്ങൾ രചയിതാവിൽ മാത്രം നിക്ഷിപ്തമാകുന്നില്ല എന്നതാണ് ഇതര ജീവിതവിജയ ഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രധാന വേറിടൽ. നമുക്കുള്ളിൽ നിന്ന് ഒരാൾ സംസാരിക്കുന്ന അനുഭവം. നമ്മുടെ സങ്കൽപ്പങ്ങളെ , അൽപത്തങ്ങളെ , ദൗർബല്യങ്ങളെ , വിവേകരാഹിത്യത്തെ, അസംബന്ധത്തെ, തെറ്റുകളെ, കുറ്റങ്ങളെ, സംശയങ്ങളെ അതായിത്തന്നെ പരിഗണിക്കുന്ന നേരുണ്ട് എന്ന് തോന്നും വിധത്തിൽ രൂപപ്പെട്ട സംസാരങ്ങൾ. ദർശനങ്ങളുടെ ഭാരമോ കഥകളിലൂടെയുള്ള വഴികാട്ടി ‘തെറ്റിക്കലോ ‘ ഒന്നുമില്ലാതെ നേരെ ചൊവ്വേ പറയുന്ന വർത്തമാനങ്ങൾ മാത്രം. ഉദ്ധരണികളും തത്ത്വദർശനങ്ങളും കൂടുതൽ തള്ളാതെ മനസ്സിനെയും ബോധ്യങ്ങളെയും പാരസ്പര്യപ്പെടുത്താം എന്ന നേർമയിൽ എഴുതപ്പെട്ടത്. വിജയമോ, ചികിത്സയോ പ്രത്യക്ഷ ലക്ഷ്യമായി അവകാശപ്പെടാത്ത, അവനവനോട് മാത്രമാകാത്ത സംസാരങ്ങൾ. പുസ്തകത്തിൽ നിന്ന് ഹ്രസ്വമായ ഒരു കുറിപ്പ് – “ഓരോ നിമിഷത്തിന്റെയും യഥാർത്ഥ മൂല്യം പലപ്പോഴും അന്നേരം തിരിച്ചറിയുന്നില്ല. അതൊരു ഓർമ്മയായി തീരും വരെ. നഷ്ടപ്പെടുന്നതോടെ പിന്നെ സങ്കടമഴകളും ഓർമപ്പെരുക്കങ്ങളും ആരംഭിക്കുകയായി. “കവിത പോലെ ഊറിവന്ന ചിന്തകൾ എന്നോ ഒരു സുഹൃത്തിനായി കൊടുത്ത ദിനാശംസകൾ, എന്നോ ഈ എഴുത്തിനെ പറ്റി പറയുന്നിടത്തുണ്ട് അത്രയൊന്നും സങ്കീർണ്ണമാക്കേണ്ടതല്ല ജീവിതം എന്ന തിരിച്ചറിവുമുണ്ട്. ഇതര ജീവിതവിജയ ഗ്രന്ഥങ്ങളുടെ പരിമിതികളെ മറികടക്കുന്ന SELF -TALK മനസ്സിനോട് മിണ്ടുന്നു. മാത്രമല്ല, കവി കൂടിയായ ഡോ.കെ എസ് കൃഷ്ണകുമാർ ‘മനസ്സിനോടു മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് ‘എന്ന് കവിതയിൽ ചോദിച്ചതിന്റെ മുഴക്കവും ഒപ്പം കേൾക്കുന്നു.
പുസ്തകം ഐവറി ബുക്സിൽ ലഭ്യമാണ് – 7025000060
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല