കവിത
ശ്രീലേഖ എൽ. കെ

മരണമെത്തുമ്പോൾ
ഞാനറികയില്ലെങ്കിലും
വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായും
ഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ
ജലമൊരൽപം പകർന്നു തന്നീടണം
വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ
അധരമൽപ്പമായ് ചേർത്തു വെച്ചീടണം
പറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ
ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ
ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ
വെറുതെ ബാക്കി വെച്ച നിൻ ചിന്തകൾ
കരളിലായ് ലഹരി നുരയുന്ന നേരത്ത്
ചെറിയ കപ്പിൽ ചിരിയത് നിന്റെയായ്
തൊട്ടുകൂട്ടി പിന്നെയതിൻ രസം
വളരുമോരോ നിമിഷങ്ങളിൽ പോലും
മരണമിത്രമേൽ വേഗത്തിൽ പിന്നിലായ്
പതിയെ നിൽക്കുന്നുവെന്നറിഞ്ഞില്ല ഞാൻ
ഇവിടെയാശുപത്രിയിൽ
ഹൃദയമാലേഖനം ചെയ്ത കടലാസ്സിൽ,
ഏറിയും പിന്നെ കിതച്ചും
മരണമെത്തിയ വരയും കുറികളും
നീയതിലേതാവാം,നേർത്ത രേഖയോ,
ഉച്ചക്കിറുക്കിൻ തിരമാലകൾ പോലെ
കൂനൻ കുനിപ്പുവരകലതുകളോ?
നാളെയാവാം മരണമെന്നാലെന്റെ
നേർത്ത വിരലുകൾ കെട്ടിവെക്കാനായി
നീണ്ട മുടിനാരുകൾ നിന്റെയായ്
വേണമെന്നാഗ്രഹിക്കാൻ അനുവദിച്ചീടുമോ
നെറ്റിയിൽ തേക്കുന്ന ചന്ദനഗന്ധത്തിൽ
നിന്റെ കണ്ണീരു നീ ചേർത്തു വെച്ചീടുമോ
ആളുകൾ തിങ്ങി നിറഞ്ഞ വരാന്തയിൽ
നീയെന്റെ കൂടെയായ് ചേർന്ന് നിന്നീടുമോ
യാത്രയാവാൻ മുഖം മൂടുന്നതിൻ മുൻപ്
വേലിചാരി നിൽക്കുന്ന നിന്റെയാ
നേർത്ത നീലിമയാർന്ന കൺകോണിലായ്
‘പോയ് വരൂ’ വെന്ന വെറും മൊഴി കാണണം
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല