പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്സൻ ദേവസ്സി
ചരിത്രത്തിൽ ഏതൊരു യുദ്ധത്തിലും, കടന്നുകയറ്റത്തിലും, ആക്രമണത്തിലും പ്രധാനമായി വേട്ടയാടപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തിൽ ഈ വിഭാഗത്തിന്റെ വിഷമകരമായ അവസ്ഥതുടെ ഒരു ചിത്രം നമുക്ക് കാണാവുന്നതാണ്. പക്ഷേ ഇതിൽ വളരെ കുറച്ചെ നമ്മൾക്കറിയു എന്നതാണ് സത്യം. മൂടിവെക്കപ്പെട്ട അഥവാ മനപ്പൂർവ്വം ഒഴിവാക്കിയ ഒരുപാട് സ്ത്രീകളുടെ ദുരവസ്ഥകൾ നമുക്ക് ചരിത്രത്തിൽ അങ്ങോളമിങ്ങോളം കാണുവാൻ കഴിയും. അതിലൊന്നാണ് ജപ്പാനിലെ സ്ത്രീകൾ തങ്ങളുടെ ജന്മനാട്ടിൽ സമാധാന സൈനീകരുടെ വേഷമിട്ടെത്തിയ അധിനിവേശക്കാരിൽ നിന്നും നേരിട്ട മഹാദുരന്തത്തിന്റെ ചരിത്രം. ഈയൊരു വനിതാ ദിനത്തിന്റെ ഒരു നിമിഷം, നമ്മുടെ നേതാജിക്കു INA സ്ഥാപിക്കുവാൻ പണമായും, ആളായും, ആയുധമായും സഹായം നൽകിയ ആ മഹാരാഷ്ട്രമായ ജപ്പാനിലെ നിസ്സഹായരായ ഒരു കൂട്ടം പെൺകുട്ടികളുടെ ചരിത്രത്തിലേക്ക് ഒന്നു പോയിവരാം.
ഹിരോഷിമയിലും നാഗസാക്കിലും ആറ്റംബോംബ് വീണതിനു ശേഷം ഇതുവരെ പരാജയം എന്തെന്നറിയാത്ത, നാടിനുവേണ്ടി മരണം വരെ പോരാടാനുറച്ച ആ മഹാദേശത്തിന്റെ അധികാരി ,ജാപ്പനീസ് ചക്രവർത്തി ഹിരോഹിതോ കീഴടങ്ങാൻ തീരുമാനിച്ചു. സമുറായികളുടെയും നിൻജകളുടേയും മക്കൾക്ക് അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്തിരുന്നാലും തങ്ങൾ ദൈവതുല്യനായി കാണുന്ന തങ്ങളുടെ ചക്രവർത്തിയുടെ വാക്കുകൾ അവർ ധിക്കരിച്ചില്ല. ശേക്ഷം ജപ്പാനിൽ അരങ്ങേറിയ ദുരന്തങ്ങൾ ഏതൊരു മനസാക്ഷിയേയും തകർക്കുന്നതാണ്.
വിജയശ്രീലാളിതരായി ഉദയ സൂര്യന്റെ നാട്ടിലേക്ക് കടന്നുവന്ന
യുഎസ്, ഓസ്‌ട്രേലിയൻ സൈനീകർ ജാപ്പനീസ് മെയിൻ ലാന്റിലെ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രംഗമായിരുന്നു പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്.
യുഎസിന്റെ ജപ്പാനിലെ അനുബന്ധ അധിനിവേശത്തിനു വളരെ ഇരുണ്ട വശമുണ്ടായിരുന്നു.അത് ഭൂരിപക്ഷം ചരിത്രങ്ങളിലും പരാമർശിക്കപ്പെടുന്നില്ല, അല്ലെങ്കിൽ പലതും അമേരിക്കൻ സ്വാധീനത്താൽ മറയ്ക്കപ്പെട്ടു എന്നതാണ് സത്യം. 1945 ഓഗസ്റ്റിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ, നാട്ടിലെ ഭൂരിപക്ഷം യുവാക്കളും സൈനീക തടവുകാരായി ജയിലുകളിലായിരുന്നു. ശേഷം കുട്ടികളും ഏതാനും യുവാക്കളും മാത്രമേ പുരുഷൻമാരായി നാട്ടിലുണ്ടായിരുന്നുള്ളു. ഇതു അമേരിക്കൻ ആസ്ട്രേലിയൻ പട്ടാളക്കാർക്ക് കാര്യങ്ങൾ എളുപ്പമായി. അധിനവേശ ശക്തികൾ കാൽവെച്ചതിന്റെ ആദ്യ മാസം തന്നെ ഏകദേശം 3500ഓളം സ്ത്രീകളാണ് ജപ്പാനിൽ ബലാത്സംഗത്തിനിരയായത്. ഒരു വശത്ത് സൈനീക തലവൻമാർ സമാധാന കരാർ ഒപ്പിടുബോൾ മറുഭാഗത്ത് അധിനിവേശ സൈനീകർ തങ്ങളുടെ ക്രൂരതകൾ ആരംഭിക്കുകയായിരുന്നു. ജപ്പാനിൽ അധിനിവേശം നടത്തിയ അമേരിക്കൻ സൈനികരുടെ പെരുമാറ്റത്തെക്കുറിച്ച് പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഈജി ടേക്ക്‌മെ എഴുതി..,
‘യു.എസ്. സൈനികർ ജേതാക്കളെപ്പോലെ സ്വയം ഒത്തുചേർന്നു, പ്രത്യേകിച്ചും അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളിലും മാസങ്ങളിലും. കള്ളക്കച്ചവടം, മോഷണം, അശ്രദ്ധമായ ഡ്രൈവിംഗ്, ക്രമക്കേടില്ലാത്ത പെരുമാറ്റം, നശീകരണം, ആക്രമണം, തീപിടുത്തം, കൊലപാതകം, ബലാത്സംഗം തുടങ്ങീയ പ്രവൃത്തികളാൽ അവർ യുദ്ധം ബാക്കിവെച്ച ജീവിതക്കളെ വേട്ടയാടി.ഭൂരിഭാഗം അക്രമങ്ങളും സ്ത്രീകൾക്കെതിരെയായിരുന്നു. വന്നിറക്കുന്ന പുതിയ ബറ്റാലിയൻ സൈനീകരും ഇതു തുടർന്നുപോന്നു. യോകോഹാമയിലും ചൈനയിലും മറ്റിടങ്ങളിലും യുഎസ്, ആസ്ട്രേലിയൻ സൈനികരും നാവികരും തങ്ങൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാവാൻ സാധ്യതയില്ലായെന്ന അഹങ്കാരത്താൽ സമാധാനനിയമം ലംഘിക്കുകയും കവർച്ച, ബലാത്സംഗം, കൊലപാതകം എന്നിവയിലൂടെ തങ്ങളുടെ വിനോദം തുടർന്നുപോന്നു. അക്കാലത്തെ പത്രങ്ങളിൽ ഇവ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് [ഇത് ഇതുവരെ യുഎസ് സൈനിക സർക്കാർ സെൻസർ ചെയ്തിട്ടില്ല]. യുഎസ് പാരാട്രൂപ്പർമാർ സപ്പോരോയിൽ വന്നിറങ്ങിയപ്പോൾ വീണ്ടും കൊള്ളയടിക്കൽ, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവയുണ്ടായി. കൂട്ടബലാത്സംഗങ്ങളും മറ്റ് ലൈംഗിക അതിക്രമങ്ങളും അപൂർവമായിരുന്നില്ല വഴിയോരങ്ങളിൽ നിത്യസംഭവമായി. പരാതികളെ തുടർന്ന് സൈനിക കോടതികൾ താരതമ്യേന കുറച്ച് സൈനികരെ അറസ്റ്റ് ചെയ്തെങ്കിലും അതിൽ പലരേയും പിന്നീട് വെറുതെ വിടുകയാണുണ്ടായത്. ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട കുട്ടികളെയെല്ലാം വഴിവക്കിലേക്ക് വലിച്ചെറിയുകയാണ് അമേരിക്കൻസ് ചെയ്തത്. പരിപാലിച്ചവരുടെ എണ്ണം വിരളമായിരുന്നു. ഇതെല്ലാം കണ്ടു സഹിക്കവയ്യാതെ കുറെ യുവാക്കൾ സ്വയം പ്രതിരോധത്തിനുള്ള ശ്രമങ്ങൾക്ക് മുതിർന്നപ്പോൾ അവർക്കെല്ലാം കടുത്ത ശിക്ഷയാണ് ലഭിച്ചത്. പലരും തൊട്ടടുത്ത ദിനങ്ങളിൽ ക്രൂരമായി വധിക്കപ്പെട്ടു”. ജനറൽ ഐച്ച്ബെർഗർ തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തുത്തിയിട്ടുണ്ട്.
അധിനിവേശ സേനകളുടെ ആക്രമണത്താൽ എല്ലാ ജാപ്പനീസ് സ്ത്രീകളും പ്രായഭേദമില്ലാതെ വേട്ടയാടപ്പെട്ടു. അത്തരമൊരു സംഭവമാണ് 1946 ഏപ്രിലിൽ നടന്നത്.മൂന്ന് ട്രക്കുകളിലായി ഏകദേശം നല്ലൊരു കൂട്ടം യുഎസ് ഉദ്യോഗസ്ഥർ ഒമോറി ജില്ലയിലെ നകമുര ആശുപത്രിയിലെത്തി. അവിടെ മൃതപ്രായരായി ചികിത്സയിലുണ്ടായിരുന്ന 40 രോഗികളെയും 37 വനിതാ സ്റ്റാഫുകളെയും സൈനികർ തുടർച്ചയായി ബലാത്സംഗം ചെയ്തു. രണ്ട് ദിവസം മുമ്പ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീയുടെ മുന്നിലിട്ട് അവരുടെ കുട്ടിയെ തറയിൽ എറിഞ്ഞു കൊന്നു. തുടർന്ന് അവരേയും ബലാത്സംഗത്തിനു ഇരയാക്കി. ഈ പ്രവ്യത്തികൾ കണ്ടു തന്റെ നാട്ടിലെ സ്ത്രീകളെ സംരക്ഷിക്കാൻ ഓടിയടുത്ത പുരുഷ രോഗികളും നിഷ്ടൂരമായി കൊല്ലചെയ്യപ്പെട്ടു. തൊട്ടടുത്തആഴ്ച നിരവധി യുഎസ് സൈനികർ നാഗോയയിലെ ഒരു ഹൗസിങ്ങ്ബ്ലോക്കിലേക്ക് ചെല്ലുകയും, വിവരങ്ങൾ പുറത്തേക്ക് പോകാതിരിക്കാൻ അവിടെയുള്ള ഫോൺ ലൈനുകൾ മുറിക്കുകയും ശേക്ഷം അവിടെ പിടിക്കാവുന്ന എല്ലാ സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾ മുതൽ അമ്പത്തിയഞ്ച് വയസ് പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെ ഒരുപാട് പേർ അന്നവിടെ വേട്ടയാടപ്പെട്ടു.
ഇത്തരം പെരുമാറ്റം അമേരിക്കൻ സൈനികർക്ക് പുത്തരിയായിരുന്നില്ല. ഇവരെ കൂടാതെ ജപ്പാനിൽ വിന്യസിച്ച ഓസ്‌ട്രേലിയൻ സേനയും അതേ രീതിയിൽ തന്നെ പെരുമാറുകയുണ്ടായി. ഒരു ജാപ്പനീസ് സിവിയൻ ഇത്തരമൊരു സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
“1946 ന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയൻ സൈന്യം കുറെയിൽ എത്തിയയുടനെ അവർ കണ്ണിൽ കണ്ട യുവതികളെയെല്ലാം അവരുടെ ജീപ്പുകളിലേക്ക് വലിച്ചിഴച്ച് മലയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മിക്കവാറും എല്ലാ രാത്രിയും സഹായത്തിനായി അലറി നിലവിളിക്കുന്ന എന്റെ നാട്ടിലെ പെണ്ണുങ്ങളുടെ കരച്ചിൽ ഞാൻ കേട്ടിരുന്നു”. ഇത്തരം സംഭവങ്ങൾ സാധാരണമായിരുന്നു, പക്ഷേ ഈ സേനയുടെ ക്രിമിനൽ പ്രവർത്തനത്തെക്കുറിച്ചുള്ള വാർത്തകൾ ഒന്നും പുറത്തേക്ക് പ്രചരിക്കാത്ത രീതിയിൽ പെട്ടെന്ന് അടിച്ചമർത്തപ്പെടുകയാണുണ്ടായത്.
ജപ്പാനിൽ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള താൻ അറിഞ്ഞ കാര്യങ്ങളും തന്റെ അനുഭവങ്ങളും ഓസ്ട്രേലിയൻ ഉദ്യോഗസ്ഥൻ അലൻ ക്ലിഫ്ടൺ അനുസ്മരിച്ചു പറയുകയുണ്ടായി.”ഞാൻ ആശുപത്രിയിലെ ഒരു കട്ടിലിന് സമീപം നിന്നു. അതിൽ ഒരു പെൺകുട്ടി, അബോധാവസ്ഥയിൽ, അവളുടെ നീണ്ട, കറുത്ത മുടി തലയിണയിൽ കെട്ടു കൂടി കിടക്കുന്നുണ്ടായിരുന്നു.അവളെ പുനരുജ്ജീവിപ്പിക്കാൻ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും പ്രവർത്തിക്കുകയായിരുന്നു. ഒരു മണിക്കൂർ മുമ്പ് ഇരുപത് സൈനികർ അവളെ ബലാത്സംഗം ചെയ്തു. അവർ അവളെ ഉപേക്ഷിച്ച സ്ഥലത്ത്, ഒരു തരിശുഭൂമിയിലാണ് അവളെ കണ്ടെത്തിയത്. ഹിരോഷിമയിലായിലെ ഒരു ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ. ഈ കൃത്യത്തിനു പിന്നിലെ സൈനികർ ഓസ്‌ട്രേലിയക്കാരായിരുന്നു. ഇപ്പോൾ അവൾക്ക് ജീവനുണ്ട് പക്ഷേ ഒന്നും മിണ്ടുന്നില്ല. അവളുടെ മുഖത്ത് താൻ പീഡിപ്പിക്കപ്പെട്ടതിന്റെ പിരിമുറുക്കം ഇപ്പോഴുമുണ്ട്. തന്റെ മുഖത്തെ മൃദുവായ തവിട്ട് നിറമുള്ള മിനുസമാർന്ന ചർമ്മത്തിലുടെ ഉറങ്ങാനായി സ്വയം കരഞ്ഞ ഒരു കുട്ടിയുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു”.
ജപ്പാനിൽ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഓസ്‌ട്രേലിയക്കാർക്ക് വളരെ ചെറിയ ശിക്ഷകളാണ് ലഭിച്ചത്. ഇവയെപ്പോലും പിന്നീട് ഓസ്ട്രേലിയൻ കോടതികൾ ലഘൂകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു. നിരവധി സാക്ഷികളുണ്ടായിട്ടും ‘അപര്യാപ്തമായ തെളിവുകൾ’ ചൂണ്ടിക്കാട്ടി ഒരു സൈനിക കോടതി സൈനിക ശിക്ഷ നൽകിയ ശിക്ഷ ഓസ്‌ട്രേലിയൻ കോടതി റദ്ദാക്കിയപ്പോൾ ക്ലിഫ്ടൺ പറഞ്ഞു.”പാശ്ചാത്യ അധിനിവേശ സേനയുടെ മേൽനോട്ടം വഹിക്കുന്ന കോടതികൾ ജപ്പാനെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമായിരുന്നു – കുറ്റകൃത്യങ്ങൾ പാശ്ചാത്യ അധിനിവേശക്കാർ അക്കാലത്ത് ‘യുദ്ധത്തിലെ കൊള്ളയിലേക്കുള്ള’ പ്രവേശനമായി കണക്കാക്കപ്പെടുന്നു”.
യുദ്ധസമയത്ത് സംഭവിച്ചതുപോലെ, ഒരു പരമ്പരാഗത സമൂഹത്തിലെ അധികാരികളുടെ അവസ്ഥയും, നിഷ്ക്രിയത്വവും മുതലെടുത്ത് സമാധാനകാലത്ത് തങ്ങൾ നടത്തിയ ബലാത്സംഗങ്ങൾ ചെറിയ കുറ്റങ്ങളായി കുറച്ചുകാണുന്നത് (പ്രധാനമായും പാശ്ചാത്യ സൈനികർ അധികാരത്തിലിരിക്കുമ്പോൾ നടന്ന ബലാത്സംഗങ്ങൾ ) പതിവായിരുന്നു. തങ്ങളുടെ അധിനിവേശത്തിന്റെ ചിത്രം പുറത്തേക്ക് അറിയാതിരിക്കാൻ, അമേരിക്കൻ സൈനിക സർക്കാർ പിന്നീട് മാധ്യമങ്ങളുടെ കർശനമായ സെൻസർഷിപ്പ് നടപ്പാക്കി. ജാപ്പനീസ് സിവിലിയന്മാർക്കെതിരെ പാശ്ചാത്യ സൈനികർ നടത്തിയ കുറ്റകൃത്യങ്ങൾ പരാമർശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അധിനിവേശ സേന പുറത്തിറക്കിയ പ്രസ്സ്, പ്രീ-സെൻസർഷിപ്പ് കോഡുകൾ “അധിനിവേശത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായ” എല്ലാ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിക്കുന്നതിനെയും നിരോധിച്ചിരുന്നു. അധിനിവേശത്തിന്റെ ഏതാനും ആഴ്ചകൾക്കുള്ളിൽ ജാപ്പനീസ് മാധ്യമങ്ങൾ അമേരിക്കൻ സൈനികരുടെ ബലാത്സംഗവും വ്യാപകമായ കൊള്ളയും പരാമർശിച്ചു. ഇതിനെത്തുടർന്നാണ് അധിനിവേശ ശക്തികൾ എല്ലാ മാധ്യമങ്ങളെയും സെൻസർ ചെയ്യുകയും അത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ സഹിഷ്ണുതയില്ലാത്ത നയം നടപ്പാക്കുകയും ചെയ്തത്. പാശ്ചാത്യ ശക്തികൾ ചെയ്ത കുറ്റകൃത്യങ്ങൾ മാത്രമല്ല, അധിനിവേശ കാലഘട്ടത്തിൽ കർശനമായി വിലക്കിയിരുന്ന പാശ്ചാത്യ സഖ്യശക്തികളെക്കുറിച്ചുള്ള ഏത് വിമർശനവും പരസ്യമായി ചോദ്യചെയ്യപ്പെട്ടു.1945 മുതൽ 1952 വരെ ഈ സെൻസർഷിപ്പ് തുടർന്നു. ഇതിനിടയിൽ വേട്ടയാടപ്പെട്ട ജാപ്പനീസ് സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഊഹിക്കാവുന്നതാണ്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.