അപ്പവടിയിൽ ഉരുളും തൊണ്ടുവണ്ടി

1
941

കഥ
അരുൺകുമാർ പൂക്കോം
തയ്യുള്ളതിൽ

ചെറിയ റോഡിലായാൽ ആളുകൾക്ക് സംശയം തോന്നുമെന്നതിനാൽ കുനിച്ചേരി ബസ് ഷെൽട്ടറിൻ്റെ അടുത്തായി മെയിൻ റോഡിൽ തന്നെയാണ് കാർ ഓരം ചേർത്ത് കാത്തുനിന്നത്. അടുത്ത് കൊപ്രക്കളങ്ങൾ ഉള്ളതിനാൽ അവിടം കൊപ്രയുടെ നല്ല മണമുണ്ടായിരുന്നു. കൊപ്ര – സത്യത്തിൽ എന്തൊരു മത്ത് പിടിപ്പിക്കുന്ന മണമാണ്. അതിനാൽ തന്നെ അവൻ കാറിൻ്റെ തനിക്ക് അടുത്തുള്ള വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. കൊപ്രയുടെ മണം ആവോളം ആസ്വദിച്ചിട്ടു തന്നെ കാര്യം. കാർ നിർത്തിയിട്ടതിന്റെ സമീപത്തൊന്നും ആരുമില്ല. ഇടക്കൊക്കെ ചില വാഹനങ്ങൾ എതിരെയോ അരികിലൂടെയോ പോകുന്നുണ്ട്. ചിലർ നടന്നു പോകുന്നുമുണ്ട്. ആർക്കുമാർക്കും തന്റെ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല. ആശ്വാസം. അവിനാശി മനസ്സിൽ കരുതി.

വഴിയിലൂടെ പോകുന്ന ഒരാൾ കാറിലിരിക്കുന്ന അവനിലേക്ക് തെല്ലൊന്ന് കുനിഞ്ഞു കൊണ്ട് ചോദിച്ചു.

– ഈ കുനിച്ചേരി ഗോവിന്ദപ്പണിക്കരുടെ വീടേട്യാ ?

അവൻ പെട്ടെന്ന് തെല്ലൊന്ന് പതറി. കുനിച്ചേരി ഗോവിന്ദപ്പണിക്കരുടെ പേരമകളെയും കാത്തായിരുന്നു അവൻ അവിടെ നിൽക്കുന്നത് തന്നെ. പിന്നെ അയാൾ വഴി ചോദിക്കുന്ന ആൾ മാത്രമാണല്ലോ എന്ന തോന്നലോടെ അവൻ വഴി പറഞ്ഞു കൊടുത്തു.

– കുറച്ചു കൂടി മുന്നോട്ട് പോയാൽ വലത്തോട്ടുള്ള റോഡ് കാണും. ആ റോഡിലൂടെ നേരെ നടന്നാൽ മതി. ഓട്ടോ കൂട്ടായിരുന്നില്ലേ?അവിടേക്ക് ഒന്നൊന്നര കിലോമീറ്റർ നടക്കാനുണ്ട്.

– അതൊന്നും സാരേല്ല. ഞാൻ നടന്നോളാം.

അയാൾ അതും പറഞ്ഞ് മുന്നോട്ട് നടക്കാൻ തുടങ്ങി.

അപ്പോഴേക്കും ടൗണിൽ നിന്നുമുള്ള ബസ് കുനിച്ചേരി ബസ് സ്റ്റോപ്പിൽ വന്നു നിന്നു. ഛായാലി തോളിൽ വാനിറ്റി ബാഗും കൈയിൽ കുടയുമായി ബസിൽ നിന്നും ഇറങ്ങിയപ്പോൾ അവന്റെ അടിവയറ്റിൽ നിന്നും ഉച്ചിയിലേക്ക് ഭയം പൊടുന്നനെ ഓടിപ്പോയി. പിന്നെ ചങ്ക് തെല്ല് വേഗത്തിൽ മിടിക്കാനും തുടങ്ങി. അത്തരമൊന്ന് ഉണ്ടാകുമെന്ന് ആദ്യം തന്നെ തോന്നിയിരുന്നതിനാൽ അവൻ അതിനെ പെട്ടെന്ന് തന്നെ ക്രമപ്പെടുത്തി. ആ ക്രമപ്പെടുത്തലിനിടയിൽ അവൾ വന്ന ബസ് അവന്റെ കാറിനെ മറികടന്ന് പോയി.

ബസിൽ നിന്നും അവിടെ ഇറങ്ങിയത് അവളും അവളുടെ കൂട്ടുകാരിയും മാത്രമായിരുന്നു. കൂട്ടുകാരി അവളോട് എന്തോ പറഞ്ഞ് മറുവഴിക്ക് നടന്നു പോയി. പൊതുവേ ഒന്നിച്ചുള്ള കൂട്ടുകാരികൾ പോകുന്നതോടെ ഒറ്റക്ക് നടക്കാൻ തുടങ്ങുന്ന ഏതൊരു പെൺകുട്ടിയും കാണിക്കുന്നത് പോലെ അവളും തെല്ലൊന്ന് മുഖമുയർത്തി മുന്നിലേക്ക് നോക്കിക്കൊണ്ട് നടപ്പ് തുടർന്നു. അവൾ നടന്ന് കാറിന്റെ അടുത്ത് എത്തുമ്പോഴേക്കും അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നിന്നു.

അവനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

– കല്യാണം ക്ഷണിക്കാൻ വന്നതാണോ? വീട്ടിൽ പോയോ?

വിടർന്ന ചിരിയായതിനാൽ അവളുടെ ഉളിപ്പല്ലിനോട് ചേർന്ന കൊന്ത്രൻപല്ല് വലതു ഭാഗത്ത് തെളിഞ്ഞത് സന്തോഷത്തോടെ മനസിലാക്കിക്കൊണ്ട് അവൻ പറഞ്ഞു.

– ഇല്ല. നിന്റെ വീട്ടിലേക്കാണ്.

– എന്നിട്ടെന്താ കാറ് ഇവിടെ നിർത്തിയിട്ടിരിക്കുന്നത്?

– ഓ ചുമ്മാ. നീ കയറിക്കോളൂ.

കാറിൽ കയറുമ്പോൾ അവൾ അവനോട് തിരക്കി.

-എപ്പോഴാ കാർ വാങ്ങിയത്?

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞു.

– കല്യാണം ക്ഷണിക്കാൻ പോകാൻ എളുപ്പത്തിനാണ്.

-അതിന് ബൈക്കല്ലേ നല്ലത്?

– നല്ലത് ബൈക്കൊക്കെ തന്നെ. പക്ഷേ പാവങ്ങൾ ഞങ്ങൾക്കും എപ്പോഴെങ്കിലുമൊക്കെ കാറിൽ പോകണമെന്ന് തോന്നില്ലേ? അതിന്റെ ഒരു പൂതിക്ക് വാങ്ങിച്ചതാ.

അവൾ അതു കേട്ട് ചിരിച്ചു.

മെയിൻ റോഡിൽ നിന്നും അവളുടെ വീട്ടിലേക്ക് തിരിയുന്ന റോഡ് എത്തിയപ്പോൾ അവൻ പറഞ്ഞു.

– ഡോർ ലോക്കായിട്ടുണ്ടോ എന്ന് നോക്കട്ടെ.

അതും പറഞ്ഞ് അവൻ ഇടതുകൈ എത്തിച്ച് അവളുടെ ഭാഗത്തെ ഡോർ ലോക്കായിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തി. അപ്പോൾ മനപ്പൂർവ്വം അവൻ അവളെയൊന്ന് തട്ടുകയും ചെയ്തു. അവൾ പക്ഷേ അതത്ര കാര്യമാക്കിയില്ല. അടുത്തു തന്നെ മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പോകുന്ന ആളാണ്. അറിയാതെ തട്ടിപ്പോകുന്നു എന്നല്ലാതെ മറ്റെന്ത്?

– ബസിൽ നിന്ന് ഒന്നിച്ച് ഇറങ്ങിയത് കൂടെ പഠിക്കുന്ന പെൺകുട്ടിയാണോ?

അവൾ പറഞ്ഞു.

-അല്ലല്ല. ഞങ്ങൾ ഒരേ കോളേജിലാണെന്നേയുള്ളൂ. അവൾ എം.സി.എ. ഞാൻ മൈക്രോബയോളജി .

അവൾ പറഞ്ഞു നിർത്തുമ്പോഴേക്കും അവളുടെ വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിയേണ്ട ഇടം വന്നു. പക്ഷേ അവൻ കാർ സ്പീഡിൽ മെയിൻ റോഡിലൂടെ നേരെ എടുത്തു. അവൾ സ്റ്റിയറിംഗിന്റെ ഭാഗത്തേക്ക് കൈ നീട്ടി ഏയ്…. ഏയ്…. എന്നു പറയാൻ തുടങ്ങിയപ്പോൾ അവൻ തറപ്പിച്ചു പറഞ്ഞു.

– ചെറിയ തോതിൽ ഒരു കിഡ്നാപ്പിംഗ് ആണ് പ്ലാൻ.

-കിഡ്നാപ്പിംഗോ?

– അതെ. എന്നെ കൊണ്ട് ആവുന്നത് പോലെ. ചെറിയ തോതിൽ.

– തമാശ കാണിക്കാതെ. വണ്ടി തിരിക്ക്.

അതു കേട്ടതും അവൻ കാറിന്റെ സ്പീഡ് കൂട്ടി. അവൾ പറഞ്ഞു.

-ഞാൻ ബഹളം വെക്കും.

അവൻ ഗിയർ മാറ്റുന്നതിനിടയിൽ പതുക്കെ പറഞ്ഞു.

– വെച്ചോളൂ.

അവൾ ദേഷ്യത്തോടെ അവനെ നോക്കി.

– എന്താ ഉദ്ദേശ്യം?

കാർ ഓടിക്കുന്നതിനിടയിൽ അവൻ അവളെ നോക്കാതെ റോഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

-എനിക്ക് നിന്നെ വേണം.

അവൾ അതു കേട്ടതും അത്ഭുതത്തോടെ ചോദിച്ചു.

– അപ്പോൾ കെട്ടാൻ പോകുന്ന പെണ്ണോ?

അവൻ ശാന്തനായി പറഞ്ഞു.

– വേണ്ടെന്നു വെച്ചു.

അവൾ തിരക്കി.

-എന്നിട്ട് കല്യാണം പറയാനാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതു വേണ്ടെന്നു വെച്ചതെന്തേ?

– ഞാൻ വേണ്ടെന്നു വെച്ചു.

അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

– കള്ളം. അപ്പൂപ്പനൊക്കെ വന്ന് ഉറപ്പു കൊടുത്ത കല്യാണം വേണ്ടെന്നു വെക്ക്വേ?

-നിന്റെ അപ്പൂപ്പൻ ഉറപ്പിച്ചതു കൊണ്ടാണെന്നു തോന്നുന്നു ആ ഉറപ്പ് അത്രക്കങ്ങ് ഉറച്ചിട്ടില്ലായിരുന്നു.

– അതുമിതും പറയാതെ കാറ് തിരിക്ക്.

– എന്തിന് കാറു തിരിക്കണം? ഞാനാ കല്യാണം ഇന്നലെ വേണ്ടെന്നു വെച്ചു.

അവൾ തിരക്കി.

– അതെന്തേ ഇന്നലെ?

– കുറെ ദിവസം മുമ്പുതന്നെ അവളോട് കല്യാണം കഴിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇന്നലെ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു. പലരും എന്നെ പറ്റി പലതരത്തിലുള്ള അഭിപ്രായക്കുറവ് പറയുന്നതു കൊണ്ടോ എന്തോ അവളുടെ അച്ഛന് അത്ഭുതമൊന്നും തോന്നിയില്ല. അവൾക്കും വലിയ സന്തോഷം. അത്രയൊക്കെ തന്നെ. വേറെ കാര്യമായി ഒന്നും സംഭവിച്ചില്ല.

അതും പറഞ്ഞ് കൃത്രിമമായി തീർത്ത ചുണ്ടുകൾ വലിച്ചു നീട്ടിയുള്ള ചിരിയോടെ അവൻ ഇടതു കൈ നീട്ടി അവളുടെ തോളിൽ തട്ടി. അവന്റെ കൈ തട്ടിമാറ്റി വിരൽ ചൂണ്ടി വിറപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.

– തമാശ കളിക്കാതെ എന്നെ വീട്ടിൽ കൊണ്ടാക്ക്.

-ഇല്ല.

പരിസരത്തൊന്നും ആരുമില്ലെന്ന് കണ്ട് അവൻ കാർ റോഡിന്റെ ഓരത്തേക്ക് ഒതുക്കി നിർത്തി. പിന്നെ അവളെ തോളിൽ ചേർത്ത് പിടിച്ചു തന്നോട് ചേർക്കാൻ നോക്കി. അവൾ കുതറി മാറാൻ ശ്രമിച്ചു. അവൻ ബലമായി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

– കുറച്ച് ദിവസം മുമ്പ് നിന്റെ അച്ഛനെ കണ്ടു. തോപ്പുംങ്കണ്ടി ഗോയിന്നൂട്ടിയേട്ടൻ്റെ മോളുടെ കല്യാണത്തിന് മുതലപ്പെട്ടി ദേവീകടാക്ഷം ഓഡിറ്റോറിയത്തിൽ വെച്ച്.

അവൾ കുതറിക്കൊണ്ട് പറഞ്ഞു.

– അതിന് ഞാനെന്തു വേണം? മര്യാദക്ക് എന്നെ വീട്ടിൽ കൊണ്ടുചെന്നാക്ക്. ശരീരത്തിൽ തൊട്ടുള്ള കളി വേണ്ട.

-ഭീഷണിപ്പെടുത്താതെ. കുട്ടിക്കാലത്ത് ഒന്നിച്ചു കളിക്കുമ്പോൾ ഞാൻ ഇടക്കൊക്കെ തൊട്ട ശരീരമൊക്കെ തന്നെ നിന്റേത്.

– അതു ശരി. കാറിൽ പിടിച്ച് കയറ്റിയിരിക്കുന്നത് പഴയ തൊടുവാമ്പാച്ചൽ കളിക്കാനാണല്ലേ? അതോ കുറ്റി മാറിക്കളിയോ? കാറിനകത്ത് അതിനു മാത്രം സൗകര്യമൊക്കെ ഉണ്ടോ ആവോ? വിട്ടാൽ നല്ലത്. വിട്ടില്ലെങ്കിൽ ഞാൻ ബഹളം വെക്കും. പറഞ്ഞില്ലെന്നു വേണ്ട.

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

-നിന്റെ അച്ഛൻ എന്നെ പറ്റി എന്തു കരുതി?

അവൾ അവന്റെ കൈപ്പിടിയിൽ നിന്നും മാറാൻ കുതറിക്കൊണ്ടിരിക്കെ തന്നെ മുഖത്ത് ദേഷ്യം നിറച്ച് ഛെ എന്നൊരു ശബ്ദമുണ്ടാക്കി.

– നിനക്ക് ഞാനൊരു ഉപദേശം തരാം. നീയൊരു പെൺകുട്ടിയാണ്. ഒരിക്കലും മറ്റൊരാളുടെ, അത് ബന്ധുവാണെങ്കിൽ തന്നെയും, വണ്ടിയിൽ ഒറ്റക്ക് കയറരുത്.

അവൻ കൈ അവളിൽ നിന്നും എടുത്ത് ഗിയർ മാറ്റുകയും പിന്നെ സ്റ്റിയറിംഗിൽ വെക്കുകയും ചെയ്തു. വിടുതൽ കിട്ടിയ ശരീരത്തെ ഇരിക്കുന്നിടത്ത് അവൾ തെല്ലൊന്ന് ക്രമപ്പെടുത്തി. പിന്നെ റോഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

– ഉപദേശത്തിന് നന്ദി. പിന്നെ അച്ഛന്റെ കാര്യം പറയുന്നത് കേട്ടല്ലോ. നിങ്ങളെ എന്റെ അച്ഛൻ എന്ത് ചെയ്തു?

– നിന്റെ അച്ഛൻ പറയുകയാണ് എനിക്ക് ആളുകളോട് സംസാരിക്കാൻ അറിയില്ലെന്ന്. അതു പറഞ്ഞതു ഞാൻ ക്ഷമിച്ചു. അതിപ്പോൾ നിന്റെ അച്ഛൻ മാത്രമൊന്നുമല്ലല്ലോ പറയുന്നത്. ബന്ധുക്കളിൽ പലരും പറയുന്നുണ്ട്. നിന്റെ അച്ഛൻ പിന്നെ പറഞ്ഞതാണ് എനിക്ക് മനസിന് പിടിക്കാതെ പോയത്.

അവൾ അതെന്തെന്ന് അറിയാനെന്നോണം ചോദിച്ചു.

– എന്ത്?

– ഞാൻ കെട്ടിയ പെണ്ണ് എന്റെ കൂടെ വാഴില്ലെന്ന്. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ അറിയില്ലെന്ന്. കല്യാണം കഴിഞ്ഞ് രണ്ടാം നാൾ കെട്ടിയ പെണ്ണ് എന്നെ വിട്ടു പോകുമെന്ന്.

അതു കേട്ടപ്പോൾ അതുവരെയുള്ള ദേഷ്യം വിട്ട് അവൾ ഉളിപ്പല്ലിന് അടുത്തുള്ള കൊന്ത്രമ്പല്ല് കാണും വിധം വിടർന്നു ചിരിച്ചു. ആ കൊന്ത്രമ്പല്ല് കാണിച്ചുള്ള ചിരി അതിമനോഹരമാണെന്ന് അവന് എന്നും തോന്നിയിട്ടുണ്ട്. ഇടക്ക് സ്വപ്നത്തിൽ പോലും കാണുന്ന ചിരി.

– ശരിയല്ലേ. നിങ്ങൾ മൗനിയല്ലേ എപ്പോഴും. മുനി. മഹാനായ മുനി. അപാര ചിന്തകൻ.

ഒന്നു നിർത്തി അവൾ തുടർന്നു.

-അച്ഛൻ തമാശ പറഞ്ഞതാകും.

– നിന്റെ അച്ഛന്റെ തമാശയുടെ കാര്യമൊന്നും എനിക്കറിയേണ്ട. എവിടെ വെച്ചാണ് അത് പറഞ്ഞത് എന്നതിലാണ് കാര്യം. സ്ഥലവും സന്ദർഭവും വിശദീകരിച്ചു തരാം.

അവൾ തെല്ലൊരു ചുണ്ടു കോട്ടിയുള്ള ചിരിയോടെ പറഞ്ഞു.

– ഓരോന്ന് വിശദീകരിച്ചാൽ സന്തോഷം തോന്നുന്ന മനസ്സുള്ളവർക്ക് ഓരോന്നും വിശദീകരിച്ചേ അടങ്ങൂ എന്നാണെങ്കിൽ വിശദീകരിച്ചോളൂ.

അവൻ തറപ്പിച്ചു പറഞ്ഞു.

-നോക്കൂ ഞാൻ വളരെ സീരിയസ്സാണ്. എനിക്കത് തമാശയും വക്രിച്ച ചിരിയുമൊന്നുമല്ല.

അവൾ അവനെ നോക്കുകയും അവന്റെ മുഖഭാവം കണ്ട് തെല്ലൊന്ന് ഗൗരവത്തിലാകുകയും ചെയ്തു. അവൻ തുടർന്നു.

– നിന്റെ അച്ഛൻ അതു പറയുമ്പോൾ എന്റെ കൂടെ പഠിച്ച രണ്ടു വീട് അപ്പുറത്തെ ഒരുവനും കൂടെയുണ്ടായിരുന്നു. ഒപ്പം പഠിച്ചിട്ടൊക്കെ ഉണ്ടെങ്കിലും നിന്റെ അച്ഛന്റെ ഫ്രണ്ടായിട്ടാണ് എന്റെ അടുത്തേക്ക് അവൻ വരുന്നത്. വന്നതും നിന്റെ അച്ഛൻ അത് പറയലും കഴിഞ്ഞു. കേൾക്കണ്ട താമസം അവൻ കളിയാക്കും മട്ടിൽ ചിരി തുടങ്ങി. നിന്റെ അച്ഛനാകട്ടെ ലോകത്തെ ഏറ്റവും വലിയ തമാശക്കാരന് കിട്ടിയ അംഗീകാരമായി അവന്റെ ചിരിയെ കണക്കാക്കുകയും ചെയ്തു.

– അതാര്? സനലേട്ടനോ?

-അവൻ തന്നെ. നിന്റെയും നിന്റെ അച്ഛന്റെയുമൊക്കെ ഫാമിലി ഫ്രണ്ട്.

– സനലേട്ടൻ നിങ്ങളെ പോലെയൊന്നുമല്ല. മറ്റുള്ളവരോടൊക്കെ നന്നായി വർത്തമാനം പറയും.

അവൻ കാർ സ്റ്റാർട്ടാക്കുന്നതിനിടയിൽ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.

– എല്ലാവരും വർത്തമാനവും കളിതമാശകളും പറയും. ഞാൻ മാത്രം പറയില്ല. കല്യാണത്തിന് ഉറപ്പൊക്കെ കൊടുത്ത് നിൽക്കുന്ന ആളോട് പറയാൻ പാടില്ലാത്തത് പറഞ്ഞാലും തമാശകളുടെ കൂട്ടത്തിൽ കൂട്ടിക്കൊള്ളും. ഒരു പാട് വർത്തമാനം പറയുന്നവർക്ക് എന്താണ് പറഞ്ഞു കൂടാത്തത്? തോന്നുന്നത് എന്തും പറയുക തന്നെ. കേൾക്കുന്നയാൾക്ക് മനസിൽ കൊള്ളുമോ എന്ന ചിന്തയൊന്നും വേണ്ട തന്നെ. അതിലും നല്ലത് വർത്തമാനമൊന്നും പറയാത്ത എന്നെ പോലുള്ള മുനികളല്ലേ ആവോ? ആരോട് ചോദിക്കാനേ കൊണ്ട്?

അവൻ കാർ മുന്നോട്ട് തന്നെ എടുക്കുന്നത് കണ്ട് അവൾ പറഞ്ഞു.

-മര്യാദക്ക് വണ്ടി തിരിച്ചേ.

അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

– സോറി. ഈ വണ്ടിക്ക് റിവേർസ് ഗിയറില്ല.

അവൾ തെല്ലൊരു പരിഹാസത്തോടെ പറഞ്ഞു.

– അപാര വണ്ടി തന്നെ.

അവളുടെ ചുണ്ടു കോട്ടലിൽ അവൻ ഉരുകി. അവൻ കാർ വീണ്ടും തെല്ലൊന്ന് ഓരത്തേക്ക് മാറ്റിക്കൊണ്ട് അവിടം നിർത്തി.

-എന്തേ നിർത്തിയത്?

-പോകണോ? പോയ്ക്കോളൂ. കല്യാണം കഴിഞ്ഞ് രണ്ടുനാൾ കൊണ്ട് സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിപോകുന്നത് മറ്റേതെങ്കിലും പെണ്ണാകേണ്ട എന്നു കരുതി. പറഞ്ഞയാളുടെ മോളു തന്നെ മതി എന്നും തോന്നി. ചുണ്ടു കോട്ടി എന്നെ കൊളുത്തി വലിക്കാതെ. നിന്റെ അച്ഛന്റെയോ സനലിന്റെയോ അത്രയൊന്നും പത്രാസും പ്രതാപവുമൊന്നും എനിക്കില്ല. അവർ ഷർട്ടിട്ടതിന് ശേഷം അതിന്റെ മേലെ പാന്റ്സിടും. ഞാൻ പാന്റ്സിട്ട് ഷർട്ടിടും. ഷർട്ട് ഇൻസൈഡ് ചെയ്യുമ്പോൾ പഴയ ഇല്ലായ്മ ഓർമ്മ വരും. പെട്ടെന്നൊരു നാൾ അങ്ങനെ ചെയ്യുമ്പോൾ പണ്ട് ഇവനെന്തുണ്ടായിരുന്നു എന്ന് നിന്റെ അച്ഛനെ പോലുള്ളവർ ചോദ്യം തുടങ്ങും. സാധാരണക്കാരുടെ ജീവിതം പലപ്പോഴും പലരുടെയും പലതരം ചോദ്യങ്ങൾക്കിടയിൽ ട്രാഫിക് ജാമിൽ പെട്ട പോലെ മെല്ലെ മെല്ലെ മുന്നോട്ട് പോകുന്ന ഒന്നാണ്.

– അതുമിതും പറയാതെ വണ്ടി തിരിച്ചേ.
– എന്തിന് വണ്ടി തിരിക്കണം? ഇറങ്ങി നടന്ന് പോകാമല്ലോ.

– നോക്കൂ. തമാശ കളിക്കാതെ. എന്നെ വീട്ടിൽ കൊണ്ടാക്കിത്താ. നേരത്തിന് ചെല്ലാത്തത് കണ്ടാൽ അമ്മ ബേജാറാകാൻ തുടങ്ങും.

– ബേജാറാകുന്നതൊക്കെ വിട്. നിന്നെ രണ്ടു ദിവസമായി ഞാൻ പഠിക്കുകയായിരുന്നു. കിഡ്നാപ്പിംഗ് നടത്തുന്നതിന് മുമ്പുള്ള ചില മനസ്സിലാക്കി വെക്കലുകൾ. നീ ഇന്നലെ സിനിമ കാണാൻ കൂട്ടുകാർക്കൊപ്പം മുതലപ്പെട്ടി ബ്ലൂ ഡയമണ്ടിൽ കയറിയപ്പോൾ ഞാനും കയറിയതാണ്. അവിടെ നിന്നെ മുഴുവൻ പഠിച്ച് ബാൽക്കണിയിൽ വളരെ പുറകിൽ ഞാനുമുണ്ടായിരുന്നു. നീയെന്നെ കണ്ടതേയില്ല. അതൊരു തല്ലിപ്പൊളി പടം. ഫെമിനിസ്റ്റ് ലേബലിൽ കുറെ പുരുഷൻമാർ എടുത്ത ആന്റി ഫെമിനിസ്റ്റ് ഫിലിം. എനിക്കിഷ്ടപ്പെട്ടില്ല. അപ്പോഴൊന്നും അമ്മയെ പറ്റിയൊന്നും ചിന്തയേയില്ലായിരുന്നല്ലോ?

അവൾ അവനെ പുതിയൊരു അറിവെന്ന രീതിയിലും പഠിക്കാനെന്ന പോലെയും നോക്കി. അവൻ അവളുടെ നോട്ടത്തെ തെല്ലൊന്ന് നോക്കിയതിനു ശേഷം റോഡിലേക്ക് കണ്ണുകൾ മാറ്റിക്കൊണ്ട് പറഞ്ഞു.

– ഈ സനലിന്റെ കാര്യമറിയോ നീ? ഞാൻ അവനെയും കൂട്ടി ഒരു പെണ്ണ് കാണാൻ പോയി. എന്നേക്കാളും ഗ്ലാമറൊക്കെ അവനാണ് കൂടുതലെന്ന് നിനക്കറിയാമല്ലോ. അവനെ കണ്ട് പെൺകുട്ടി കരുതി അവനാണ് പെണ്ണു വേണ്ടതെന്ന്. അവളെ പറഞ്ഞിട്ടും കാര്യമില്ല. എനിക്കാണെങ്കിൽ അവനെക്കാളും പ്രായം തോന്നും. കൂട്ടത്തിൽ തലയിൽ കഷണ്ടിയും വന്നു കയറി. അകാല വാർധക്യം.

അവൾ പറഞ്ഞു.

-ചിലതൊക്കെ വെറും തോന്നിച്ചയാണ്. നിങ്ങൾക്ക് ഗ്ലാമറിനൊന്നും വലിയ കുഴപ്പമൊന്നുമില്ല. വെറും ഇൻഫീരിയോറിറ്റി ഫീലിംഗ്. അത് പോട്ടെ. പറഞ്ഞു വന്ന കഥ എന്നിട്ടെന്തായി?

– എന്നിട്ടെന്ത്? പിന്നെ കഥയൊന്നുമല്ല അത്. ശരിക്കും നടന്ന സംഭവം. അവൾ അവനെയേ നോക്കുന്നുള്ളൂ. അവൻ അവിടെ ചെന്നപാടെ വാചകമടി തുടങ്ങിയതാണ്. അവന്റെ ലുക്കിൽ മാത്രമല്ല. ആ വാചകമടിയിലും ആ പെൺകുട്ടി വീണു. ഒരു പരിചയവുമില്ലാത്തവരോടൊക്കെ അവൻ എങ്ങനെയാണ് ഇത്രയും സംസാരിക്കുന്നതാവോ? എനിക്കാണെങ്കിൽ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് അവന്റെ വക ഒരു പറച്ചിൽ. പെണ്ണു വേണ്ടത് അവനല്ലെന്നും എനിക്കാണെന്നും. പെൺകുട്ടിക്ക് അവനെ പിടിച്ചെന്ന് അവന് അപ്പോഴേക്കും മനസ്സിലായി എന്നതു തന്നെ കാര്യം. ആ പെൺകുട്ടിയുടെ മുഖം അപ്പോൾ തന്നെ വാടി. നന്നായി പ്രകാശിച്ചു നിൽക്കുന്ന സി.എഫ്.എൽ ബൾബ് കറന്റ് പോയാൽ തെല്ലുനേരം മങ്ങി നിൽക്കില്ലേ? അതുപോലെയായി.

അവൾ അതു കേട്ട് ചിരിച്ചു.

– നല്ല ഇലക്ട്രിക്കൽ ഉപമ. എന്നിട്ട്?

– ഓ പിന്നെയെന്ത്? തിരിച്ചു പോരുമ്പോൾ പെണ്ണെങ്ങനെ എന്ന് അവൻ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. അവൻ കുത്തിക്കുത്തി ചോദിക്കാൻ തുടങ്ങി. അതിനിടയിൽ ഞ്യി ആള് മോശെല്ലാലോ, കൂടെ വന്ന ആളോട് പോലും കാര്യം പറയ്ന്നില്ലല്ലോ എന്ന് അവൻ എന്നോട് ഒരു പറച്ചിലും. അതു കേട്ടപ്പോൾ ജാതകമൊക്കെ നോക്കാതെ ഇഷ്ടം പറയുന്നതെങ്ങനെ എന്ന് ഞാൻ ചെറുതായി ഒന്ന് ഉരുണ്ടു കളിച്ചു. പിറ്റേന്നു തന്നെ എന്തായി എന്നും ചോദിച്ച് അവൻ വന്നു. ഞാൻ ജാതകം ഒക്കില്ലെന്ന് പറഞ്ഞു. എന്നെ പരിഗണിക്കാത്ത പെൺകുട്ടിയെ എനിക്ക് പറ്റുമോ? പറ്റില്ല തന്നെ. അവൻ അപ്പോൾ അവളുടെ ജാതകക്കുറിപ്പ് കൈയിലുണ്ടോ എന്നു ചോദിച്ചു. എനിക്കത് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. എങ്കിലും പേഴ്സിൽ നിന്നും ജാതകക്കുറിപ്പ് എടുത്തു കൊടുത്തു. നിനക്കറിയോ? എന്റെ പരിചയത്തിലുള്ള ആരെങ്കിലുമൊക്കെ പോയിക്കണ്ട പെൺകുട്ടികളെ പോലും ഞാൻ പെണ്ണുകാണലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോട്ടെ. എന്തിനധികം പറയുന്നു. അങ്ങനെ അവൻ അവളെ കെട്ടി.

അവൾ അതു കേട്ട് വലിയൊരു തമാശ കേട്ടതു പോലെ മുപ്പത്തിമൂന്നാമത്തെ കൊന്ത്രമ്പല്ല് കാണും വിധം തെല്ല് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

– നല്ല കഥ. സനലേട്ടൻ ആള് മിടുക്കൻ തന്നെ. എന്നാലും ഈ കഥ സനലേട്ടൻ ഒരിക്കലും എന്നോട് പറഞ്ഞില്ലല്ലോ. ശ്രുതിച്ചേച്ചിയെയും കൊണ്ട് എത്ര പ്രാവശ്യം വീട്ടിൽ വന്നതാണ്. അല്ലേലും അവർ തന്നെയാ നല്ല മേച്ച്. നിങ്ങൾ അതിനിടയിൽ വെറുതെ കയറി തല വെച്ചു.

വളരെ ഗൗരവത്തിൽ പറഞ്ഞ കാര്യങ്ങൾ അവൾ തമാശയായി എടുത്തത് ഇഷ്ടപ്പെടാതെ അവൻ ദേഷ്യത്തോടെ ചോദിച്ചു.

– ഞാൻ എന്തു തെറ്റു ചെയ്തു?

അവൾ പറഞ്ഞു.

– ഈ ചെയ്യുന്നതൊക്കെ തന്നെയാണ് തെറ്റ്. നിങ്ങളെന്തു വിചാരിച്ചു? എന്നെയും കൊണ്ട് ഇത്ര ദൂരം ഓടിച്ചു പോന്നില്ലേ? തിരിച്ച് എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക്. ഭ്രാന്തിനൊക്കെ ഒരു അതിരുണ്ട്. നിങ്ങളുടെ സങ്കട കഥകൾ എന്തിന് ഞാൻ കേൾക്കണം? വണ്ടി തിരിക്ക്.

– ഞാൻ ചോദിക്കുന്നത് ഇത്രമാത്രമാണ്. നിന്നോടും നിന്റെ അച്ഛനോടും സനലിനോടും എന്തിന് ആ പെൺകുട്ടിയോടുമൊക്കെ ഞാൻ എന്തു തെറ്റു ചെയ്തു എന്നാണ്. ഇൻസൾട്ടിംഗാണ്.മിയർ ഇൻസൾട്ടിംഗ്.

അവൾ പറഞ്ഞു.

– ഇൻസൾട്ട് ചെയ്യാൻ നിന്നു കൊടുത്തിട്ടല്ലേ? എനിക്കതൊന്നും ഇപ്പോൾ അറിയേണ്ട. വണ്ടി തിരിക്ക്. എന്നെ വീട്ടിൽ കൊണ്ടാക്ക്.

അവൻ അവളെ തെല്ല് പരിഭ്രമത്തോടെ വീണ്ടും ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ അവനു നേരെ കൈ ചൂണ്ടി.

– വേണ്ടാതീനം കാണിച്ചാൽ ഞാനലറും. പറഞ്ഞില്ലെന്നു വേണ്ട.

അവൻ സ്റ്റിയറിംഗിലേക്ക് തന്നെ കൈ പിൻവലിച്ചു.

– കെട്ടാൻ നോക്കിയ പെണ്ണിനും മറ്റുള്ളവരെ പോലെ തന്നെ ഞാൻ ആള് പോര എന്നു പറയൽ തന്നെയായിരുന്നു ഹോബി.

– അവൾ എന്തു പറഞ്ഞെന്നാണ്?

– എപ്പോഴും കശപിശ തന്നെ. കശപിശ.

– കശപിശയോ? അതെന്തത് കശപിശ?

– ആളുകൾക്കിടയിൽ കശപിശക്കാണോ പഞ്ഞം? ജാതി, മതം, കക്ഷിരാഷ്ട്രീയം, തൊലി നിറം, അതിര്, സ്ത്രീയും പുരുഷനും അങ്ങനെയങ്ങനെ എന്തോരം കാര്യങ്ങളുടെ പുറത്തൊക്കെ മനുഷ്യർക്കിടയിൽ കശപിശകളുണ്ടാകുന്നു.

– ശരി. ശരി. മനുഷ്യർക്കിടയിലെ കശപിശകളുടെ കാര്യങ്ങളും കാരണങ്ങളുമൊക്കെ സമ്മതിച്ചു തന്നിരിക്കുന്നു. എന്നാലും ചോദിക്കട്ടെ. അതെന്താണ് കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അത്രമാത്രം കശപിശ?

– പറഞ്ഞേ പറ്റൂ എന്നാണെങ്കിൽ പറയാം. ഏറ്റവും ഒടുവിലുണ്ടായ കശപിശയെ പറ്റി തന്നെ പറയാം. എല്ലാം വിശദീകരിക്കുന്നതിനേക്കാൾ നല്ലത് അത് പറയുന്നതാണ്. അന്നത്തെ ദിവസം അവൾക്കൊപ്പം താഴഞ്ചേരി ബീച്ചിൽ പോയി. മുന്നിൽ കടൽ. തിരയടിക്കുന്ന കടൽ.

-കടലും തിരയുമൊക്കെയായി സാഹിത്യത്തിലേക്ക് കടക്കാതെ നേരെ കാര്യം പറയൂ. പ്ലീസ്.

– സാഹിത്യത്തിന്റെ മേഖലയാണല്ലോ മറ്റുള്ളവർക്ക് എന്നെ പറ്റിയുള്ള ഏറ്റവും വലിയ പരാതി. അധികം വായിച്ചിട്ട് കുഴപ്പം പറ്റിയതാണ് എനിക്കെന്ന് നിന്റെ അച്ഛൻ ചിലരോടൊക്കെ പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളൊക്കെ നിന്റെ വീട്ടിലും എന്നെ കുറിച്ച് പറയുന്നുണ്ടാകും. അതു കൊണ്ടാണല്ലോ കടൽ, തിര എന്നൊക്കെയുള്ള സാധാ കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ സാഹിത്യത്തിലേക്ക് കടക്കുന്നു എന്ന് പറയുന്നത്. വിഴുങ്ങാൻ സുനാമി വരുന്നതൊന്നുമല്ലല്ലോ. സാധാ കടലും തിരയുമല്ലേ? കുറച്ച് സഹിച്ചാലെന്താണ് കുഴപ്പം? സാഹിത്യത്തിന്റെ കാര്യത്തിൽ എന്നെ കുറിച്ച് നിന്റെ അച്ഛൻ പറയുന്നതൊന്നുമല്ല ശരിക്കും ശരി.

– നിങ്ങൾക്ക് സാഹിത്യത്തിന്റെ കാര്യത്തിൽ ചെറിയ മട്ടിൽ നൊസ്സുണ്ടെന്ന് അച്ഛന് മാത്രമൊന്നുമല്ല, എല്ലാവർക്കും അഭിപ്രായമുണ്ട്.

– നീയും കരുതുന്നുണ്ടാകും, ല്ലേ?

അവൾ ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് തെല്ലൊരു മൗനത്തിന് ശേഷം അവൻ തുടർന്നു.

-പക്ഷേ അങ്ങനെയൊന്നുമല്ല സംഗതികളുടെ കിടപ്പ്. എന്റെ പല മട്ടിലുള്ള നൊസ്സുകൾ മാറുന്നത് സാഹിത്യത്തിൽ ഇടപെടുന്നത് കൊണ്ടാണ്. മറ്റുള്ളവർക്കിടയിൽ നിന്നും ഒളിച്ചു കഴിയാൻ പുസ്തകങ്ങളിൽ തല പൂഴ്ത്തിയാൽ മതിയാകും. എന്നെ ചുമ്മാ തല്ലുന്ന ശീലം പോലെ തന്നെ വീക്കിലികൾ പലതും വാങ്ങുന്ന ഹോബിയും അച്ഛനുണ്ടായിരുന്നു. വീട്ടിലെ മുകളിലെ മുറിയിലെ പത്തായത്തിലും അതിന്റെ മുകളിലുമൊക്കെ നിറയെ പഴയ വീക്കിലികളായിരുന്നു. അടി കൊണ്ടാൽ മുട്ടുകളിൽ മുഖം വെച്ച് തേങ്ങാൻ ഓടി ചെല്ലുന്നത് അവിടേക്കാണ്. പിന്നെ മുട്ടുകൾക്ക് പകരം വീക്കിലികളിലേക്കായി തല പൂഴ്ത്തിവെപ്പ്. പിന്നെപ്പിന്നെ തല്ല് കൊള്ളാതെ തന്നെ ആ മുറിയിലേക്ക് ചെല്ലൽ പതിവായി. ആമയെ പോലെ തലയും കൈകാലുകളും അകത്തേക്ക് വലിച്ചുള്ള ഒളിഞ്ഞിരിപ്പ്.

– പക്ഷേ മറ്റുള്ളവരും പത്രങ്ങളും വീക്കിലികളുമൊക്കെ വായിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് മാത്രം എന്തിത്ര സ്പെഷ്യൽ ?

-ഞാനൊരു ബുച്ചേഡ് ചൈൽഡല്ലേ? തറച്ചു തറച്ചിട്ട കുട്ടി. തൊട്ടതിനും തൊടുന്നതിനുമെല്ലാം കുറ്റങ്ങൾ പറഞ്ഞ് അച്ഛൻ ഓടി വന്ന് നിർത്താതെ തല്ലുന്ന നിസ്സഹായനായ കുട്ടി. ബുച്ചേഡ് ചൈൽഡുകൾക്ക് പിന്നീട് ജീവിതത്തിലുണ്ടാകുന്ന ഒരുപാട് മാനസിക ബുദ്ധിമുട്ടുകളെ പറ്റി രണ്ടുമൂന്ന് വർഷം മുമ്പ് ഒരു ലേഖനം വായിച്ച് ആ ലേഖനം എഴുതിയ എഴുത്തുകാരിക്ക് അവരുടെ ഇൻബോക്സിലേക്ക് ഒരു മെസേജ് അയച്ചു. വേറൊന്നും കൊണ്ടല്ല. ഞാനുമൊരു ബുച്ചേഡ് ചൈൽഡായിരുന്നു. ലേഖനത്തിൽ പറയുന്ന പലതരം ബുദ്ധിമുട്ടുകൾ എനിക്കുമുണ്ട്. മുതിർന്നവരോടൊക്കെ അവർക്ക് വല്ല ഇഷ്ടക്കേടും വരുമോ എന്ന തോന്നൽ മറ്റെന്തിനേക്കാളും മുമ്പേ വരുന്നതിനാൽ സ്വതന്ത്രമായി ഇടപെടാനൊക്കെ ഇപ്പോഴും ഏറെ ആത്മവിശ്വാസക്കുറവുണ്ട്. അച്ഛനോട് തോന്നിയ അവിശ്വാസം മുതിർന്നവരോട് മുഴുവൻ തോന്നിപ്പോകുന്ന വല്ലാത്ത ഒരു തരം പ്രയാസം. അങ്ങനെ ചിലതൊക്കെ പറഞ്ഞു കൊണ്ടായിരുന്നു മെസേജ് അയച്ചത്. അവർ മറുപടിയൊന്നും തന്നില്ല. മുതിർന്നവരോടൊക്കെ സ്വതന്ത്രമായി ഇടപെടുന്ന സമപ്രായക്കാരോടൊക്കെ എനിക്ക് കനത്ത അസൂയയാണ്. അവരുടെയൊക്കെ ഒരു ഭാഗ്യം എന്നൊരു ചിന്ത നനഞ്ഞ വിറകിൻകൂട്ടത്തിന്റെ മേൽ വരുന്ന കുമിൾ പോലെ വല്ലാതെ മനസ്സിൽ വരും. അതിനെന്ത് പരിഹാരം എന്ന് പോലും അവരോട് ഇൻബോക്സിൽ എഴുതി ചോദിച്ചിരുന്നു. പക്ഷേ അവരൊന്നും പറഞ്ഞില്ല. എനിക്ക് അതും സങ്കടത്തിന് കാരണമായി. സാരമില്ല ബ്രോ എന്നോ സാരമില്ലെടോ എന്നോ മറ്റോ അവർക്ക് ഒരു മറുപടി തരാമായിരുന്നില്ലേ? ചേതമില്ലാത്ത ഒരു സ്മൈലി എങ്കിലും അയച്ചു തരാമായിരുന്നില്ലേ? ഒരു പൂച്ച മലർന്നു കിടന്ന് രണ്ടു കൈ കൊണ്ടും വായു നിർത്താതെ മാന്തുന്ന എന്തൂട്ടോ ഒന്നില്ലേ? അതെങ്കിലും അയച്ചു തരായിരുന്നില്ലേ അവർക്ക്?

– ഏതെങ്കിലും എഴുത്തുകാരി ഇൻബോക്സിൽ മറുപടി തരാത്തതിന് എന്നോട് ഓരോന്ന് ചോദിച്ചിട്ട് എന്ത് കാര്യാണ്? പൂച്ച മലർന്ന് കിടന്ന് വായു മാന്തുന്നതാണോ വേണ്ടത്? ഞാൻ അയച്ചു തരാം. എന്നെയൊന്ന് വീട്ടിൽ കൊണ്ടാക്ക്.

അവൾ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ അവൻ തുടർന്നു.

-ആളുകൾ കൂടുന്ന ഇടങ്ങളിൽ അച്ഛന് എന്നെ തല്ലുന്ന രീതി കുറച്ച് കൂടുതലായിരുന്നു. ആൾക്കാരുടെ മുന്നിൽ വെച്ചൊക്കെ കുട്ടികളെ ഇങ്ങനെ തല്ലരുത് എന്ന് എന്നെ അച്ഛൻ തല്ലുന്നത് കണ്ട് നിന്റെ പാലുകൊടുക്ക ദിവസം വകയിലെ ഒരു ബന്ധു പറഞ്ഞിരുന്നത്രെ. നിനക്കന്ന് കിട്ടിയത് അസ്സലൊരു പേരായിരുന്നെങ്കിൽ എനിക്കന്ന് കിട്ടിയത് ബറാബറ് അടിയായിരുന്നു. അച്ഛൻ മാഷല്ലേ? മാഷന്മാർ കുട്ടികളെ അടിച്ചാൽ എന്താണ് കുഴപ്പം എന്നൊരു പക്ഷവുമുണ്ട്. അത് തരുന്ന വല്ലാത്ത ഒരു കോൺഫ്ലിക്റ്റുണ്ട്. മറ്റുള്ളവരൊക്കെ സ്വതന്ത്രമായി ഓരോന്ന് ചെയ്യുമ്പോഴായിരിക്കും കിട്ടിയ അടിയുടെയും വഴക്കിൻ്റെയും പുറത്ത് മണിക്കൂറുകളോളം ഏങ്ങുന്നത്. എന്തൊരു സമയനഷ്ടമാണെന്ന് നോക്കണം. അതിൻ്റെ ഓർമ്മകളുടെ ആഫ്റ്റർ ഇഫക്റ്റുകൾ വേറെയും. ആറ്റം ബോംബിലെ ചെയിൻ റിയാക്ഷൻ പോലെ മനസ്സിൽ ഒരിക്കലും നിർത്താത്തത്. ഏങ്ങിയേങ്ങി കരഞ്ഞ് ഒടുവിൽ ഞാനൊരു മൂലയിൽ മുട്ടുകളിൽ തല വെച്ച് സങ്കടങ്ങളുടെ തിരതല്ലലുകളോടെ കൂനിക്കൂടി ഇരിക്കും. അന്നേ അതൊക്കെ കണ്ടുള്ള വിലക്കുറവാണ് നിന്റെ അച്ഛന് എന്നോട്. പലർക്കും അത്തരം വിലക്കുറവ് എന്നോട് ഉണ്ടായിരുന്നു. അതെന്തായിരുന്നു ഇന്നലെ, ഇന്നലെ എന്തിനായിരുന്നു അടി കിട്ടിയത് എന്നൊക്കെ തമാശച്ചിരിയോടെ നിൻ്റെ മാമൻമാരുടെയൊക്കെ ഒരു ചോദ്യമുണ്ട്. രസം പിടിക്കാനുള്ള ചോദ്യമാണ്. അത്തരത്തിലുള്ള ഒരു പാട് പേരിൽ നിന്നും ഒളിച്ചോടാൻ സ്വന്തം മുട്ടുകൾക്ക് പകരം വീക്കിലികളും പുസ്തകങ്ങളുമാണ് കൂടുതൽ നല്ലത് എന്ന് പിന്നീട് തോന്നിക്കാണും. അത്ര തന്നെ. നിനക്കില്ലേ ആളുകൾക്കിടയിൽ വെച്ച് പല സന്ദർഭങ്ങളിൽ അച്ഛന്റെ തല്ല് കൊണ്ടവനോടുള്ള വിലക്കുറവ് എന്നോട്? നിനക്ക് മാത്രമല്ല. നിന്റെ പ്രായത്തിലുള്ള ഒരു പാട് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊക്കെ അത്തരത്തിലൊരു വിലക്കുറവ് എന്നോടുണ്ട്. വീട്ടിൽ അച്ഛനില്ലാത്തപ്പോൾ അപ്പുറത്തെ വീട്ടിലൊക്കെ ചെന്ന് കളിക്കുന്ന നേരത്ത് അച്ഛൻ മടങ്ങി വരുന്നത് ദുരേ നിന്ന് കാണുമ്പോഴേക്കും കൂട്ടുകാർ ഓടിക്കോ എന്ന് സിഗ്നൽ തരുമായിരുന്നു. അവർക്കൊന്നും അവരുടെ അച്ഛൻമാരെ കൊണ്ട് അത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. അവരുടെ അച്ഛൻമാരൊക്കെ പശുവിനെ തെളിച്ചും ആടുകളെ കൂട്ടിയുമൊക്കെ കളിക്കിടയിലൂടെ അവരുടെ മക്കളോടും മറ്റുള്ളവരോടും ലോഗ്യവും പറഞ്ഞ് പോകും. അത്തരമൊരു ഇടത്ത് നിന്നാണ് അച്ഛൻ വരുന്നത് കാണുമ്പോൾ കണ്ണിൽ പെടാതെ ഞാൻ ഓടേണ്ടത്. വളർന്നു വളർന്ന് വലുതായി സ്വന്തം കാലിൽ നിന്നാലും മറ്റുള്ളവരുടെ മനസിൽ നിന്നും പോയിക്കിട്ടാത്ത വിലക്കുറവാണത്. ആസ്ഥാനതല്ലുകൊള്ളി എന്ന വിശേഷപ്പെട്ട സ്ഥാനം.

– ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.

അവൻ ഇടതുകൈ ഉയർത്തി മടക്കി അവളുടെ തലക്ക് പിന്നിൽ വേദനിപ്പിക്കും വിധം ഒരു കൊട്ട് കൊടുത്തു. അവൾ വലതു കൈ ഉയർത്തി അവനെ നോക്കിക്കൊണ്ട് തല തടവാൻ തുടങ്ങി. അതു കണ്ട് അവൻ പറഞ്ഞു.

– കള്ളം പറയാതെടേ. കള്ളം പറയാതെ. അമ്മ വീട്ടിൽ താമസിക്കാൻ വരുന്ന കാലം നീ പറഞ്ഞു കൊടുക്കുന്ന നുണകളുടെ പുറത്തും അക്കാലത്ത് പൊതിരെ തല്ല് എനിക്ക് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. എന്റെ ദേഹത്ത് അടി കൊണ്ട് ചിണർത്ത പാട് കാണുന്നത് നിനക്കന്ന് പെരുത്തിഷ്ടമായിരുന്നു.

– എങ്കിൽ എന്നെ പോലൊരു ശത്രുവിനെ കിഡ്നാപ്പ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? തിരിച്ച് കൊണ്ടാക്കിക്കേ.

– ശത്രുവിനെയല്ലാതെ പിന്നെ മിത്രത്തെയാണോ കിഡ്നാപ്പ് ചെയ്യുക? അതിലെന്ത് ത്രില്ല്? ചരിത്രത്തിൽ ഇന്നേവരെ കിഡ്നാപ്പ് ചെയ്തവരെ ഓൺ ദ സ്പോട്ടിൽ സ്നേഹിച്ചവരുണ്ടോ? കിഡ്നാപ്പ് ചെയ്തവരോട് ലോഗ്യമാകാൻ കുറച്ചൊരു സമയമെടുത്തെന്ന് വരും. നിനക്കാണെങ്കിൽ ഓടിപ്പറന്നെത്തി വില്ലനിൽ നിന്നും സ്റ്റണ്ട് കൂടി നിന്നെ രക്ഷിക്കാൻ ഒരു നായകനില്ലാതെയും പോയി. എന്തേ ഒരു നായകനെ കണ്ടെത്താതെ പോയത്? അവൻ വന്നിരുന്നെങ്കിൽ അവനെ പിടിച്ചു കെട്ടിയിട്ട് നിന്നെ കൊണ്ടൊരു ഡാൻസൊക്കെ കളിപ്പിക്കാമായിരുന്നു.

– സിനിമാ പ്രാന്തുണ്ടല്ലേ?

– സങ്കടക്കാർക്ക് ഒളിച്ചിരിക്കാൻ സിനിമാ ടാക്കീസിനേക്കാൾ ഭേദപ്പെട്ട സ്ഥലം വേറെയുണ്ടോ?

– ഡാൻസ് അറിയാത്തവരെ പിടിച്ചു കൊണ്ടു പോയിട്ടെന്ത് കാര്യം?

– അതൊന്നും വിഷയമല്ല. ദർബുക എത്തിച്ചു തരാൻ ഓൺലൈനിൽ ഓർഡർ കൊടുത്തിട്ടുണ്ട്.

– ബെല്ലി ഡാൻസോ? പിടിച്ചോണ്ട് വന്നിട്ട് വേണ്ടാതീനം പറയുന്നോ?

അവൻ ആ ചോദ്യത്തിന് മറുപടിയൊന്നും നൽകിയില്ല. തെല്ലുനേരത്തെ മൗനത്തിന് ശേഷം അവൻ പറയാൻ തുടങ്ങി.

– കോളേജിലെ ലൈബ്രറിയെ അടുത്തറിഞ്ഞപ്പോഴായിരുന്നു പുസ്തകങ്ങളിലെ ഒളിച്ചിരിപ്പ് സ്വഭാവം കൂടുതലായത്. വീട് വിട്ടുള്ള ഹോസ്റ്റൽ ജീവിതം. കൂട്ടിന് വായിക്കാൻ ലൈബ്രറി പുസ്തകങ്ങൾ. സിനിമാ തീയേറ്ററുകളിലും പുസ്തകങ്ങളിലും ഒളിച്ചിരിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാ. ചില പുസ്തകങ്ങളൊക്കെ തുറക്കുമ്പോൾ വെള്ളി നിറത്തിലുള്ള ഒരു ജീവി ഓടിപ്പോകില്ലേ? വാലൻ മൂട്ട എന്നാണ് ഞങ്ങളൊക്കെ അതിനെ വിളിക്ക്വാ. പക്ഷേ പുസ്തകപ്പുഴു എന്നാണ് നിന്റെ അച്ഛന്റെ വിളി. ഓൻ ആള് വെറും പുസ്തകപ്പുഴുവല്ലേ എന്ന് എന്നെ പറ്റി നിന്റെ അച്ഛൻ സനലിനോട് പറഞ്ഞിട്ടുണ്ട്. കുപ്പിയിൽ നിന്നൊക്കെ നിലത്ത് വീഴുന്ന ടോണിക്കിന്റെ തുള്ളിയിൽ ഉറുമ്പ് വന്ന് അരിക്കില്ലേ? അതിൽ മുഖവും ചേർത്ത് ധ്യാനം പോലെ ഉറുമ്പ് കുറെ നേരം ഒരു നില്പായിരിക്കും . അതുപോലെ ആ വെറും എന്ന വാക്കിൽ മനസ്സ് ഒട്ടി എന്തൊക്കെ കാര്യങ്ങൾ എത്രമാത്രം ഞാൻ ചിന്തിച്ചു കൂട്ടിയിട്ടുണ്ടെന്നോ? അത് എന്നോട് പറയുമ്പോൾ സനലിന്റെ സന്തോഷം ശരിക്കും കാണേണ്ടത് തന്നെയായിരുന്നു. ഓരോരോ മനുഷ്യൻമാർക്ക് സന്തോഷിക്കാൻ ഓരോരോ കാരണങ്ങൾ. അല്ലാതെന്ത്? അതൊക്കെ എന്തെങ്കിലുമാകട്ടെ. പുസ്തകം തുറന്നാൽ വാലൻമൂട്ട ഒരു പാച്ചിലായിരിക്കും. നല്ല രസമായിരിക്കും കാണാൻ. ഇസ്നോഫീലിയയൊന്നും വരാതെ പഴയ പുസ്തകങ്ങളിൽ കഴിയുന്ന സുന്ദര സുരഭില ജീവിതമാണ് അതിന്റേത്. ശരിക്കും ഭാഗ്യജീവിതം. ചില പുസ്തകങ്ങളൊക്കെ തുറന്നാൽ അതിന്റെ ഫോസിലും കാണും. ആരെങ്കിലുമൊക്കെ പുസ്തകം തുറന്ന് അടക്കുമ്പോൾ പെട്ടുപോകുന്നതാണ്. പാവം.

-അതേയ് പിന്നേം എന്റെ അച്ഛനും പിന്നെ വേറെ ഏതാണ്ടൊരു വാലൻ മൂട്ടയുമൊക്കെ വർത്തമാനത്തിലേക്ക് വരുന്നു. അച്ഛനെയും വാലൻ മൂട്ടയെയുമൊക്കെ വെറുതെ വിട്. കെട്ടാൻ നോക്കിയ പെൺകുട്ടിയുടെ കാര്യം പറയൂ.

– എന്തു പറയാൻ? പെണ്ണുകാണാൻ ചെന്നതിൽ പിന്നെ നേരിട്ട് കാണുന്നതല്ലേ? ചരട് പോയൊരു പട്ടം എന്ന എന്റെ ഒരു കവിതാ സമാഹാരം കൂടെ കൊണ്ടുപോയി. ആ പുസ്തകത്തിന്റെ കവർ ഡിസൈൻ പോലും ഞാനായിരുന്നു ചെയ്തത്. ബീച്ചിൽ വെച്ച് അത് അവൾക്ക് കൊടുത്തു. ഇപ്പോൾ ആരേലും കവിതയൊക്കെ വായിക്കുന്നുണ്ടോ എന്ന് അതും പിടിച്ച് അവളൊരു ചോദ്യം. അങ്ങനെയുള്ള ചോദ്യങ്ങൾ പലരുടെ അടുത്തു നിന്നും ഒട്ടേറെ കേൾക്കുന്നതു കൊണ്ട് ക്ഷമിച്ചു. അത് പറഞ്ഞത് പോകട്ടെ. അവൾ അത് മറിച്ചു നോക്കും എന്ന് വിചാരിക്കുമ്പോഴാണ് അവളുടെ ഒരു പരിചയക്കാരൻ ബീച്ചിൽ ചുമ്മാ തിരയും നോക്കിയിരിക്കുന്നത് മൂപ്പത്തി കാണുന്നത്. അവൾ പുസ്തകം എനിക്ക് തന്നെ തിരിച്ചു തന്ന് അവന്റെ അടുത്തേക്ക് ഒരു പോക്കാണ്. നോക്കുമ്പോൾ ലോക്കൽ ചാനലിൽ പാട്ടുമത്സരത്തിലൊക്കെ പാടുന്നൊരുത്തൻ. അല്ലേലും ഈ പെൺപിള്ളേരിൽ ചിലർക്ക് പാട്ടുകാരെ വല്ലാത്തൊരു ആരാധനയാണ്. നമ്മൾ ഈ സാംസ്കാരിക പ്രവർത്തനവും സാഹിത്യവുമൊക്കെയായി പാടുപെട്ട് നടക്കുമ്പോൾ അവൻമാരിൽ ചിലർ ഒരൊറ്റ പാട്ടു കൊണ്ട് പെൺപിള്ളേരിൽ പലരെയും കൈയിലെടുക്കും. ഒന്നുമുണ്ടാകില്ല. മറ്റാരെങ്കിലും പാടിയത് അപ്പടി ട്രെയ്സ് എടുത്ത് പാടലാണ്. അടിയിൽ കാണുന്ന വരയിലൂടെ ട്രെയിസിംഗ് പേപ്പറ് കൊണ്ടുള്ള വരപ്പ്. വെള്ളക്കടലാസിൽ തലയിലെ എണ്ണ ഉരച്ചു പിടിപ്പിച്ച് ചിത്രത്തിന്റെ മുകളിൽ വെച്ച് ട്രെയ്സ് എടുത്ത് വരക്കുന്നത് ഓർമ്മയില്ലേ? അതുതന്നെ. സ്വന്തമായി കഴിവുള്ളവർ എപ്പോഴും പിന്നിൽ തന്നെ. അണ്ടി പോയ അണ്ണാനെ പോലെ പുസ്തകവും പിടിച്ച് ഞാൻ അവിടെ നിന്ന നില്പ് തന്നെ. കണ്ണിൽ കടലുമില്ല. തിരയുമില്ല. ഉള്ളിൽ സങ്കടത്തിന്റെ തിരയടിക്കുന്നത് എനിക്കല്ലേ അറിയൂ.

– സംഗതി ആകെ മൊത്തം മനസ്സിലായി. അല്ലേലും ചരട് പോയൊരു പട്ടം എന്നൊക്കെ പുസ്തകത്തിന് പേരിട്ടാൽ പോയത് പോയെന്ന് തന്നെയാണ്. മുകളിലേക്ക് പോയ പട്ടം തിരിച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ? നിങ്ങളുടെ ബുദ്ധി തന്നെയാകും പുസ്തകത്തിന് ആ പേരിടുന്നതിന് പിന്നിൽ. അത്തരം തല തിരിഞ്ഞ ബുദ്ധി കാണിക്കുന്ന നേരം പാട്ടു പഠിക്കായിരുന്നില്ലേ? ആർക്കും വായിച്ചാൽ മനസ്സിലാകാത്ത കവിതയും കഥയുമൊക്കെ എഴുതി നടക്കുന്നതിനേക്കാളും അതായിരുന്നില്ലേ നല്ലത്? ചുമ്മാ ചിലതൊക്കെ ഊഹിച്ച് പറയുമ്പോൾ അതിന്റെ കൂട്ടത്തിൽ അതല്ലേ കവി ഉദ്ദേശിച്ചത് എന്നൊരു തമാശ ചോദ്യം തന്നെ നാടുനീളെയുണ്ട്.

– കളിയാക്കാതെ. എവിടെയും എന്തിനും മാറ്റി നിർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ആളുടെ പുസ്തകത്തിന് പിന്നെ ചരട് പോയൊരു പട്ടം എന്നൊക്കെയല്ലാതെ മറ്റെന്ത് പേരാണ് ചേരുക? കാറ്റിൽ പറന്നു പോയതൊന്നുമല്ല. ചരട്‌ ഇല്ലാത്തത് കൊണ്ട് ആർക്കും വേണ്ടാത്തൊരു പട്ടം.

– നിങ്ങൾ എല്ലാ കാര്യങ്ങളെയും നെഗറ്റീവായാണ് സമീപിക്കുന്നത്. പോസിറ്റീവായി കാര്യങ്ങളെയൊക്കെ കാണാവുന്നതേയുള്ളു. മറ്റുള്ളവർക്കും നിങ്ങൾക്കും അതാണ് മനസ്സിന് സന്തോഷം നൽകുക.

– ഒട്ടേറെ നെഗറ്റീവായ അനുഭവങ്ങൾ ജീവിതത്തിൽ വന്നുപെട്ടതു കൊണ്ടായിരിക്കും അത്രമേൽ നെഗറ്റീവാകുന്നത്. പോസറ്റീവായി ചിന്തിക്കണമെന്നും മാറ്റം വേണം എന്നുമൊക്കെ ഞാനും പലപ്പോഴും കരുതാറുണ്ട്. സാഹിത്യത്തിന്റെ കാര്യം പറയാം. അതിൽ താല്പര്യമുള്ളതു കൊണ്ടു മാത്രമാണ് അതൊക്കെ ഒരു വിഷയമാകുന്നത്. ഇല്ലെങ്കിൽ ആ മേഖലയിൽ എന്ത് താല്പര്യം വരാനാണ്? അടുത്തൊന്നും കളിസ്ഥലമില്ലാത്ത നാട്ടിൽ കഴിഞ്ഞതുകൊണ്ടുമാകാം എഴുത്തും വായനയും പിന്നീട് കൂടെ പോന്നത്. ഒരു പൊതുജന വായനശാല പോലുമില്ലാത്ത ശുഷ്കിച്ച നാടായിരുന്നു ശരിക്കും എന്റേത്.

– നാട്ടിൽ വായനശാല വേണം എന്നും പറഞ്ഞ് നടന്ന് നാട്ടുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടാണ് അങ്ങുന്ന് നാടുവിട്ടത് എന്നൊരു കേൾവി പൊതുവേയുണ്ട്. അതെന്തായിരുന്നു സംഭവം?

– നാട്ടിലൊരു പൊതുജന വായനശാല വേണമെന്നാണ് പലരോടും പറഞ്ഞത്. പക്ഷേ വായനശാല വേണം എന്നാണ് അവരിൽ പലരും കേട്ടത്. വായനശാല പലതരമുണ്ട്. പുരുഷൻമാരിൽ ചിലർ അവരുടെ ചില താല്പര്യങ്ങളുടെ പുറത്ത് അവർക്ക് മാത്രം എന്ന് കരുതി ഉണ്ടാക്കുന്ന വായനശാലകളുണ്ട്. അവരുടെ കൂട്ടത്തിൽ പെടാത്തവർ അത്തരം വായനശാലകളിലേക്ക് ഒരിക്കലും ചെല്ലില്ല. ചെല്ലരുത് എന്ന് അത്തരം വായനശാലക്കാരും നിശ്ചയിച്ചു വെച്ചിട്ടുണ്ട്. പക്ഷേ പൊതുജന വായനശാല എല്ലാവർക്കും കയറി ചെല്ലാവുന്ന സ്ഥലമാണ്. നാട്ടിൽ അത്തരമൊന്നുമായി ചേർന്ന് പ്രവർത്തിച്ച് ശിഷ്ടകാലം കഴിയാം എന്നാണ് കരുതിയത്. പക്ഷേ പലർക്കും എന്നെ സംശയം. കലാകായിക സാംസ്കാരിക പരിപാടികളൊന്നും പണ്ടേ നടക്കാത്ത നാട്ടിൽ പുതുതായി അതൊക്കെ തുടങ്ങാൻ ശ്രമിച്ചാൽ സംശയങ്ങളേ കാണൂ.

സമൃദ്ധമായ ചുരുള മുടിയിൽ കൈ ഓടിച്ച് പുറത്തേക്ക് വന്ന മുടിനാരുകളെ കൈവിരലുകളാൽ ചെവിക്ക് അപ്പുറത്തേക്ക് ഒതുക്കി കൊണ്ട് അവൾ പറഞ്ഞു.

– ശരിയാണ്. ആരോടും മിണ്ടാണ്ടും പറയാണ്ടുമുള്ള നിങ്ങളുടെ മട്ടും ഭാവവും കണ്ടാൽ തന്നെ ആർക്കും പെട്ടെന്ന് സംശയം തോന്നും. സോ കോൾഡ് മിണ്ടാപ്രാണിക്ക് ഇന്നെന്താണ് പറ്റിയതാവോ? മഴക്കാലം മുറിയിൽ പെട്ട ചീവീടിനെ പോലെ വർത്തമാനത്തോട് വർത്തമാനമാണല്ലോ?

അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ അവൻ തുടർന്നു.

-ഒരു പാട് വീക്കിലികളൊക്കെ വാങ്ങി വായിക്കാറുണ്ടായിരുന്ന അച്ഛന് ആ കാലം നിസ്സാരമായി സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ പൊതുജന വായനശാല ഉണ്ടാക്കാൻ പറ്റുമായിരുന്നു. അച്ഛൻ മാഷായതിനാൽ പറയുന്നത് മറ്റുള്ളവർ പെട്ടെന്ന് സമ്മതിക്കുകയും ചെയ്യുമായിരുന്നു. അന്ന് സ്ഥലത്തിനും അത്ര വിലയൊന്നുമില്ലായിരുന്നു. ഇക്കാലം സ്ഥലമൊക്കെ ആരെങ്കിലും അത്ര എളുപ്പം വായനശാലക്കൊക്കെ നൽകുമോ? അന്ന് ബസ് കയറുന്ന കൈച്ചോലമുക്കിന്റെ ഏതാണ്ട് അടുത്ത് റോഡ് സൈഡിൽ ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിൽ പേരും വിവരങ്ങളും വന്ന ഒരു കവി പോലുമുണ്ടായിരുന്നു. അവരൊക്കെ ഈയടുത്ത് വീടും സ്ഥലവുമൊക്ക വിറ്റ് വേറെ നാട്ടിലേക്ക് പോയി. വായനശാല തീർത്തോട്ടെ എന്ന് ചോദിച്ചിരുന്നെങ്കിൽ അതിനുള്ള സ്ഥലമൊക്കെ ആ കവി അക്കാലം കൊടുക്കുമായിരുന്നു. നാട്ടിൽ തന്നെ നിൽക്കുകയും ചെയ്തേനേ. ആ കവിക്കൊന്നും നാട്ടിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ലാതെ പോയി. ആ മനുഷ്യന്റെ കവിതയെഴുത്തും ഏതോ പ്രായത്തിൽ എപ്പോഴോ നിന്നും പോയി. നന്നായിട്ടുണ്ടെടോ എന്നൊന്നും ആരും പറയാനില്ലെങ്കിൽ എഴുത്ത് താനേ നിലച്ചു പോകും. ആർക്ക് വേണ്ടീട്ടാണ് എഴുതിക്കൂട്ടുന്നത് എന്നൊരു തോന്നിച്ച വരും. ഉള്ളൂരിന്റെ പുസ്തകത്തിലൊക്കെ പേര് വന്നെങ്കിലും നാട്ടുകാർക്ക് ആർക്കും ആ മനുഷ്യൻ കവിത എഴുതുമെന്നൊന്നും അറിയില്ലായിരുന്നു. അച്ഛനാകട്ടെ അത്തരം ചിന്തയൊന്നുമില്ലാതെ ഒഴിവു ദിവസങ്ങളിൽ വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ഇരുപത്തെട്ടും റമ്മിയും കളിച്ചു സമയം കളഞ്ഞു. ചീട്ടുകളി ഇല്ലാത്തപ്പോൾ എന്നെ തല്ലിത്തല്ലി ഇഷ്ടം പോലെ റെസ്ലിംഗും കളിച്ചു. വലിയ രസം എന്തെന്നു വെച്ചാൽ ചീട്ടുകളിക്കാൻ ഇരുന്ന ടീപ്പോയിയും കസേരയുമൊന്നും അച്ഛൻ വാങ്ങിച്ചതല്ല. പെങ്ങളുടെ വീട്ടിൽ ആരെങ്കിലും വന്നാൽ ഇരിക്കാൻ ഉമ്മറത്ത് താഴെ നിലത്ത് ചായപ്പൊടി വീഴുന്ന പഴയ ഉറക്കുത്തുന്ന ബെഞ്ചല്ലേയുള്ളു എന്ന് കരുതി മാമൻ വാങ്ങിയിട്ടതായിരുന്നു ആ ഇരുമ്പു കസേരകളും ടീപ്പോയിയുമൊക്കെ. ചീട്ടുകളി വീടിനാകാം എന്നൊരു ചൊല്ല് തന്നെയില്ലേ? അതുകൊണ്ടോ എന്തോ ആ വീട് എനിക്ക് അനുഭവിക്കാനും പറ്റുന്നില്ല. പൊതുജന വായനശാല വേണം എന്ന് പറഞ്ഞത് മറ്റെന്തൊക്കെയോ ആയി തെറ്റിദ്ധരിച്ച് പലരുടെയും കൂട്ട് പോയി. തെറ്റിദ്ധരിക്കുന്നവരെയൊക്കെ പറഞ്ഞ് മനസിലാക്കാൻ പെരുത്ത് പാടാണ്. പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കരുത് എന്നൊക്കെയാകും അവരുടെ പ്രതികരണം. മനുഷ്യൻമാരുടെ കാര്യമൊക്കെ വലിയ തമാശയാണ്. സിനിമാപ്പാട്ടിന്റെ പല്ലവിയൊക്കെ ഒരു പാട്ടിൽ പല പ്രാവശ്യം അവർ കേൾക്കും. സോഷ്യൽ നെറ്റ് വർക്കിലൊക്കെ ഒരേ കാര്യം കുട്ടിക്കാലത്ത് കളിപ്പാട്ടക്കാറൊക്കെ മുന്നോട്ടും പിന്നോട്ടുമൊക്കെ പല പാട് ഓടിച്ചു കളിച്ചത് പോലെ മൗസ് മുന്നോട്ടും പിന്നോട്ടുമാക്കിയോ കൈ കൊണ്ട് തൊട്ടോ പല പാട് വായിക്കും. ടി.വിയിലൊക്കെ സിനിമകളിലെ തമാശ രംഗങ്ങളൊക്കെ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും. പരിപാടികളൊക്കെ കുറച്ച് നേരം കഴിഞ്ഞ് അതേ ചാനലിൽ വീണ്ടും വന്നാൽ പിന്നെയും കാണും. ചെസ്സോ കാരംസോ ചീട്ടോ ലുഡോയോ ദായോം പന്ത്രണ്ടോ വീണ്ടും വീണ്ടും കളിച്ച് തോൽക്കുകയോ ജയിക്കുകയോ ചെയ്യും. ഒരു നല്ല കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാൽ പറഞ്ഞത് തന്നെ പറയുന്നു എന്ന് പറഞ്ഞ് ദേഷ്യപ്പെടും. ഞാനെന്റെ പാടും നോക്കി ദൂരെ പോന്നു. ഇപ്പോഴുള്ള സ്ഥലത്ത് വലിയ മുൻസിപ്പൽ ലൈബ്രറിയിൽ ചെന്ന് ആജീവനാന്ത മെമ്പർഷിപ്പ് എടുത്തു. ഇൻഫ്രാസ്ട്രെക്ച്ചർ എന്നൊരു വാക്കുണ്ടല്ലോ. മനുഷ്യൻമാർക്ക് തമ്മിൽ തമ്മിൽ സ്നേഹിക്കാനും ഇൻഫ്രാസ്ട്രെച്ചർ ഫെസിലിറ്റീസ് വേണം. പാർക്കുകളിലൊക്കെ തമ്മിൽ അറിയാതെ അപ്പപ്പോൾ കണ്ട കുട്ടികൾ പോലും പന്തൊക്കെ തട്ടി ഒന്നിച്ച് കളിക്കുന്നത് കണ്ടിട്ടില്ലേ? മുൻസിപ്പൽ ലൈബ്രറിയുടെ അടുത്ത് തന്നെ പാർക്കുമുണ്ട്. ലൈബ്രറിക്കുമുണ്ട് ചുറ്റും വിശാലമായ സ്ഥലം. നമുക്ക് ചെന്നിരിക്കാനുള്ള ഇടം തന്നെ അത്. ഇടക്ക് സമയം കിട്ടുമ്പോൾ അവിടത്തെ വർഷങ്ങൾ പഴക്കമുള്ള ചാരിയിരിക്കാവുന്ന മരബെഞ്ചിലൊക്കെ പോയിരിക്കും. ഇടക്ക് കാണുന്നത് കൊണ്ട് അവിടെ വരുന്നവരിൽ ചിലർ വഴിയിൽ വെച്ച് കാണുമ്പോൾ ചിരിക്കും. ചിലർ എന്തെങ്കിലുമൊക്കെ കുശലം ചോദിക്കും. മരിക്കുന്നതിന് മുമ്പ് എന്നെ പോലുള്ള മിഡിൽ ക്ലാസ് ഉണ്ടാക്കുന്ന സമ്പാദ്യം കാശൊന്നുമല്ല. അത്തരം ചെറുതും വലുതുമായ മാനുഷിക ബന്ധങ്ങളൊക്കെ തന്നെ. അതിന്റെയൊക്കെ സന്തോഷത്തിൽ ജീവിതാവസാനം മൂക്കിൽ പഞ്ഞിയും വെച്ച് സന്തോഷമായി കിടക്കുക. അപ്പോൾ അത്യന്തം ആത്മാർത്ഥതയോടെ കരയാൻ അടുത്തൊരാൾ വേണം. അതു കൊണ്ട് നിന്നെ പിടിച്ചോണ്ടു പോകുന്നു. അത്ര തന്നെ.

അതു കേട്ടതും അവൾ പറഞ്ഞു.

– ആള് മാറിപ്പോയെന്നാണ് തോന്നുന്നത്. രുദാലിയല്ല ഞാൻ. ഛായാലിയാണ്. എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി തന്നാൽ വലിയ ഉപകാരം.

അവൻ പക്ഷേ അവൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ തുടർന്നു.

– മനുഷ്യർക്കിടയിൽ അടുക്കാനുള്ള ഇടങ്ങൾ തീരെ ഇല്ലാത്ത നാട്. നിന്റെ രണ്ടാമത്തെ മാമനെ കുറിച്ച് മുഖസ്തുതി പറയുകയാണ് എന്ന് കരുതരുത്. ആള് ഫുൾ ടൈം ജാഡയാണ്. നാട്ടിലെ കല്യാണ വീട്ടിലൊക്കെ നിലയും വിലയുമുള്ളവരെ കണ്ടാൽ പിന്നെ മൂപ്പര് മീൻ മുറിക്കാൻ നേരം കാലിന് ചുറഞ്ഞ് കളിക്കുന്ന പൂച്ചയെ പോലെ അവരുടെ പിന്നാലെ ചുറഞ്ഞ് ചുറഞ്ഞ് കളിക്കും. കക്ഷിക്ക് അതിന്റേതായ സ്വന്തം കാര്യം സിന്ദാബാദ് എന്ന ഇസവും ഇഷ്ടം പോലെയുണ്ട്. നാട്ടുകാർക്ക് പക്ഷേ അതൊന്നും മനസ്സിലാകില്ല. എന്തോ വലിയ മനുഷ്യനാണ് നിന്റെ രണ്ടാമത്തെ മാമൻ എന്ന് നാട്ടുകാർ മൊത്തം തെറ്റിദ്ധരിച്ചു വെച്ചിരിക്കുകയാണ്. അവരോടൊക്കെ മൂപ്പർ സമഭാവനയുടെ ഇസമാണ് പറയുക. അത് വലിയ എന്തോ കാര്യമാണെന്ന് പാവം നാട്ടുകാർ വിചാരിച്ചു വെച്ചിരിക്കുകയാണ്. പുറത്ത് എവിടെയെങ്കിലും എന്നെ പോലെയുള്ള സാധാരണക്കാരെ കണ്ടാൽ കാണാത്ത ഭാവത്തിൽ വിദൂരതയിലേക്ക് നോക്കിക്കളയും. നിന്റെ മൂത്തമാമൻ എന്നാലും നല്ല മനുഷ്യനാണ്. ഒന്നുമില്ലെങ്കിലും പുറത്ത് എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടാൽ എന്നെ പോലുള്ളവരോടൊക്കെ വർത്തമാനമൊക്കെ പറഞ്ഞ് ഒന്നിച്ച് നടക്കും.

– എന്റെ കൂട്ടക്കാരിൽ ഒരാളെ പറ്റിയെങ്കിലും നല്ലത് പറഞ്ഞല്ലോ. ആശ്വാസമായി.

അവൾ അതും പറഞ്ഞ് അവനെ നോക്കി കൊന്ത്രമ്പല്ല് കാണും വിധം ചിരിച്ചു. അത് കണ്ടതും അവൻ പറഞ്ഞു.

– ഞാൻ നല്ലതും പറയാറൊക്കെയുണ്ട്. വീട്ടുകാർ പല്ല് നേരത്തിനും കാലത്തിനും പൊരിക്കാത്തതിനാൽ നിനക്ക് കിട്ടിയ അണ്ണാക്കിലെ കൊന്ത്രമ്പല്ല് വളരെ നന്ന്. മീൻ വലിക്കുന്നത് അറിയാൻ നങ്കീസിൽ ഒരിടത്ത് കെട്ടുന്ന നന്നേ ചെറിയ മരക്കമ്പ് പോലെ നിന്റെ സന്തോഷത്തിന്റെ അളവ് അറിയാൻ ഉപകരിക്കുന്നുണ്ട്.

അവൾ കൊന്ത്രമ്പല്ല് കാണിച്ച് വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു.

-അങ്ങനെ കേൾക്കാൻ കൊള്ളാവുന്നത് വല്ലതും പറയൂ.

-ഛായാലി എന്ന നിന്റെ പേര് തന്നെ കൊള്ളാം. ആ കാര്യത്തിൽ നിന്റെ അച്ഛനെയും അമ്മയെയുമൊക്കെ സമ്മതിച്ചേ പറ്റൂ. നിനക്ക് ആ പേര് കിട്ടുന്ന നേരം തല്ലു കൊണ്ടതിന്റെ സങ്കടത്തിൽ ഞാൻ മുട്ടിൻമേൽ തല വെച്ച് കരയുകയായിരുന്നു. എന്നാലും സാരമില്ല. ആ പേര് കൊള്ളാം.

-എന്താണതിൽ ഇത്രമാത്രം ഭംഗി? നിഴൽ എന്നോ മറ്റോ അല്ലേ അതിന്റെ അർത്ഥം തന്നെ. ഏതിന്റെയെങ്കിലുമൊക്കെ നിഴലാകുന്നത് അത്ര നല്ല സംഗതി വല്ലോം ആണോ?

– നിലാവും വെളിച്ചവുമൊക്കെയുള്ള ഇടത്തല്ലേ നിഴൽ കാണൂ. നീ എന്റെ നിഴലായിക്കൊള്ളൂ. എനിക്ക് മുന്നിലോ പിന്നിലോ ഒപ്പമോ നിനക്ക് തോന്നുംപടി കൂടെ നിൽക്കൂ.

അവൾ ഒന്നും പറയുകയുണ്ടായില്ല. തെല്ലുനേരം കഴിഞ്ഞപ്പോൾ മുമ്പ് പറഞ്ഞതിന്റെ ബാക്കി എന്ന വണ്ണം അവൻ പറയാൻ തുടങ്ങി.

– തൊട്ടടുത്ത വീട്ടുകാരനും ബന്ധുവുമൊക്കെയായിട്ടും നിന്റെ രണ്ടാമത്തെ മാമൻ പുറത്ത് എവിടെയെങ്കിലും വെച്ച് കാണുമ്പോൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ഞാൻ അത്രയൊന്നും പോരാത്തതു കൊണ്ടാകും എന്നായിരുന്നു ആദ്യമൊക്കെ എന്റെ വിചാരം. പിന്നീടാണ് സംഗതി മനസ്സിലാകുന്നത്. നിന്റെ മാമനെ പോലെ ഏതെങ്കിലും ഒരാളൊന്നുമല്ല അങ്ങനെ. നാട്ടിലെ പലരും പലപ്പോഴും അങ്ങനെയാണ്. അതിനാൽ ഞാനും പലരോടും പലപ്പോഴും അങ്ങനെയൊക്കെ തന്നെ പെരുമാറാറുണ്ട്. തമ്മിൽ കാണുമ്പോൾ ഞാനും വിദൂരതയിലേക്ക് കണ്ണുകൾ പായിക്കും. കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന പരിചയമുള്ള എത്രമാത്രം മനുഷ്യരാണെന്നോ എന്റെ നാട്ടിലുള്ളത് ! ഹിപ്പോക്രസിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യർ. പരസ്പരം അറിയുമെങ്കിലും പരസ്പരം അപരിചിതരാകുന്ന നാടും തൊട്ടടുത്ത നഗരവും. അതുകൊണ്ടു തന്നെ അവിടെ ഓരോരോ അക്രമങ്ങൾക്ക് തെല്ലും പഞ്ഞമില്ല തന്നെ. കളിയും കലയും കളിസ്ഥലങ്ങളുമൊക്കെയുള്ള നാടുകളിൽ അങ്ങനെയൊന്നുമല്ല. പെട്ടെന്ന് മനുഷ്യർക്കിടയിൽ സൗഹൃദങ്ങളുണ്ടാകും. കൂടെ വന്നു നോക്കൂ. എന്റെ നാട്ടിലെ സോ കോൾഡ് ആരോടും മിണ്ടാത്ത കൂട്ടുകൂടാത്ത ഞാനേയല്ല അത്തരം ഇടങ്ങളിലെ ഞാൻ.

– അച്ഛനോട് മാത്രമൊന്നുമല്ല അല്ലേ ഈർഷ്യ? എന്റെ രണ്ടാമത്തെ മാമനോടും ഉണ്ടല്ലേ?

– തീർച്ചയായും. ഈർഷ്യ ഇല്ലാതിരിക്കുന്നതെങ്ങനെ? ഒരു ദിവസം ബസിൽ വെച്ച് തിരക്കിൽ അറിയാതെ മൂപ്പരുടെ ശരീരത്തിൽ ഒന്ന് തട്ടിപ്പോയി. എത്ര നേരമാണെന്നോ നിന്റെ രണ്ടാമത്തെ മാമൻ ഷർട്ടിൽ ചേറു പറ്റിയോ എന്ന് നോക്കിയതും കൈ കൊണ്ട് തട്ടിയതും എന്നറിയാമോ? എനിക്കെന്താടോ ചൊറിയോ ചെരങ്ങോ മറ്റോ ഉണ്ടോ?

അവൾ ഉത്തരമൊന്നും പറയാതെ ഇരുന്നു. അവൻ തുടർന്നു.

– നിന്നെ തട്ടിക്കൊണ്ടു പോകുന്നത് ചോദിച്ചാൽ കിട്ടില്ല എന്നതു കൊണ്ടു കൂടിയാണ്. അപമാനിക്കപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ട് നിന്നെ എനിക്ക് തരുമോ എന്ന് ഇതുവരെയും ഒരു വഴിക്കും ചോദിച്ചിട്ടില്ല. മധ്യവർത്തിയായി നിന്ന് കാര്യങ്ങൾ ചോദിക്കുന്നവർക്ക് നിന്റെ കൂട്ടരുടെ ഭാഗത്തു നിന്നുമുള്ള മറുപടി കേട്ടാൽ ഒരുപാടു കാലം പറഞ്ഞു ചിരിക്കാൻ അതു മതിയാകും. നിന്നോടുള്ള മനസ്സിലെ ഇഷ്ടമൊക്കെ മനസ്സിൽ തന്നെ വെച്ച് ചേര തിരയും പോലെ പലപാട് പലയിടത്ത് പെണ്ണും നോക്കി ഞാൻ നടന്നു. അത്ര തന്നെ. അല്ലാതെന്ത്?

-ചേര തിരയും പോലെയോ?

-ചേരയെ കണ്ടിട്ടില്ലേ? എന്തോരം തിരച്ചിലാണ് തലയുയർത്തി തലയുയർത്തി അത് തിരയുക. എനിക്കാണെങ്കിൽ ഒരു കല്യാണം അത്യാവശ്യമായി വേണം താനും. എന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയുമൊക്കെ ചെയ്യുന്ന ഒരാളെ തന്നെ വേണം എന്നുമുണ്ട്. ജോലിയുള്ള നാട്ടിൽ തലമ എന്നൊരു കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുണ്ട്. സിനിമാ പ്രദർശനം, നാടകമത്സരങ്ങൾ, ക്ലാസിക്കൽ ഗാനം, ക്ലാസിക്കൽ ഡാൻസ്, ഫോക്ക് കലകൾ പോലുള്ള എന്റെ താല്പര്യത്തിന് നിരക്കുന്ന പലതരം പരിപാടികളാണ് അവർ നടത്തുന്നത്. പക്ഷേ അതിൽ മെമ്പർഷിപ്പ് കല്യാണം കഴിച്ചവർക്ക് മാത്രമേ കിട്ടൂ. ഫാമിലി മെമ്പർഷിപ്പ് മാത്രമേ അവർ കൊടുക്കുന്നുള്ളൂ. എനിക്കാണെങ്കിൽ അത്ര പെട്ടെന്നൊന്നും ഒരു പെൺകുട്ടിയെ കിട്ടുമെന്ന് തോന്നുന്നില്ല. പണ്ടേ കിട്ടുന്നില്ല. ഒരു പെൺകുട്ടിക്ക് ഉറപ്പ് കൊടുത്തത് ആകെ പൊളിഞ്ഞ സ്ഥിതിക്ക് വിവാഹക്കമ്പോളത്തിൽ എന്റെ ഉള്ള നിലവാരവും കുത്തനെ ഇടിഞ്ഞിട്ടുണ്ടാകും.

-തലമ എന്നു വെച്ചാൽ എന്താണ്?

– അതൊരു തരം നാടൻ പന്തുകളിയല്ലേ? തെങ്ങിന്റെ മട്ടൽ കൊണ്ടുള്ള ക്രിക്കറ്റ് വന്നതിൽ പിന്നെ ആരും കളിക്കാതായ കളി.

– കല, സാഹിത്യം,സംസ്കാരം എന്നൊക്കെ പറയുന്നതിനും വിവാഹത്തിന്റെ കെട്ടുറപ്പ് വേണം എന്ന് കരുതുന്ന കൂട്ടായ്മകളുമുണ്ടല്ലേ? ചെറുപ്പക്കാരിൽ ചിലരല്ലേ അതുമായി പൊതുവേ നടക്കുന്നത് കാണാറുള്ളത്?

– കല്യാണമൊക്കെ കഴിഞ്ഞാൽ മനുഷ്യർക്ക് പൊതുവെ തെല്ല് ഉത്തരവാദിത്തബോധം കൂടില്ലേ? നിന്റെ അച്ഛനൊക്കെ നിന്റെ അമ്മയോട് നല്ല ഉത്തരവാദിത്തബോധമല്ലേ? അത്തരത്തിലാകുമ്പോൾ യോഗങ്ങളിലൊക്കെ പരസ്പരം കശപിശകളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ അത്രയൊന്നുമുണ്ടാകില്ല. കൂട്ടായ്മയുടേത് വളരെ നല്ല ഫങ്ങ്ഷനിങ്ങ് ആയിരിക്കും.

-അങ്ങനെയാണെങ്കിൽ കല്യാണം കഴിക്കാമെന്ന് ഉറപ്പു കൊടുത്ത പെൺകുട്ടിയെ ഒഴിവാക്കിയതെന്തിന്? തിരഞ്ഞു തിരഞ്ഞ് ഒടുവിൽ ഒത്തു കിട്ടിയ ഇരയെ പറ്റി മുഴുവൻ പറയാതെയാണ് മറ്റു പലതും പറഞ്ഞു പറഞ്ഞ് ചേര കാടുകയറിയത്.

– കടപ്പുറത്തു നിന്നും മറ്റ് എവിടെയൊക്കെയോ എത്തിപ്പോയല്ലേ? കടപ്പുറത്തെ കാര്യം എന്ത് പറയാൻ? കുറച്ച് നേരം പഴയ ഒന്നാം ക്ലാസിലെ സ്ലേറ്റ് പോലെയുള്ള കടലും അതിലെ തിരയുമൊക്കെ നോക്കി നിന്നതിനു ശേഷം അവിടെ നിന്നും ഞാൻ തിരിച്ചു പോന്നു.

– ഒറ്റക്കോ? ആ പെൺകുട്ടിയെ അവിടെ തനിച്ചാക്കിയിട്ടോ?

– ഞാനാണോ അവളെ തനിച്ചാക്കിയത്? ആ പെൺകുട്ടി എന്നെയല്ലേ? ഞാൻ വീട്ടിലേക്ക് പോകുന്നു എന്നും എനിക്ക് താങ്കളെ കല്യാണം കഴിക്കാൻ താല്പര്യമില്ല എന്നും അപ്പോൾ തന്നെ വാട്സ് അപ്പിൽ മെസേജ് വിട്ടു. ഈ വാട്സ് അപ്പ് വലിയ സൗകര്യമുള്ള ഒന്നാണ് എന്ന് അന്നാണ് ബോധ്യമായത്.

-അവൾ എന്തു പറഞ്ഞു?

– എന്തു പറയാൻ? കുറെ മുട്ടൻ തെറികൾ അവൾ ഇങ്ങോട്ടും അയച്ചു. പല കശപിശയുടെയും ഒന്നിച്ചുള്ള മറുപടി പോലെയുണ്ടായിരുന്നു. ഞാൻ അവളെ കോൺടാക്റ്റിൽ നിന്നും ഡിലീറ്റി. അല്ലാതെന്ത്?

– വളരെ വളരെ നന്നായിട്ടുണ്ട്. കല്യാണം കഴിക്കാമെന്ന് വാക്കു കൊടുത്ത പെൺകുട്ടിയോട് അങ്ങനെ തന്നെ ചെയ്യണം. വെറുതെയല്ല നിങ്ങൾക്ക് ചെറുതല്ലാത്ത നൊസ്സുണ്ടെന്ന് ആളുകൾ പറയുന്നത്. എന്തായാലും എന്നെ വീട്ടിൽ കൊണ്ടുവിട്. എല്ലാവരോടും കാണിക്കുന്ന നൊസ്സ് എന്നോട് കാണിക്കാതെ.

– സമ്മതിച്ചു. എനിക്ക് അസ്സൽ നൊസ്സുണ്ട്. അച്ഛൻ മരിക്കുമ്പോൾ ഞാൻ പത്താം ക്ലാസിലാണ്. ഒന്നിച്ച് കൂടെയുള്ള കാലവും തല്ലും വഴക്കും വക്കാണവുമൊക്കെയായി അച്ഛൻ അമ്മക്കും ചേച്ചിമാർക്കും എനിക്കുമൊന്നും സ്വൈര്യം തന്നതേയില്ല. രാത്രി അച്ഛന്റെ വക ദിവസവും ഒന്നൊന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ചപ്പാത്തി പ്രസംഗങ്ങൾ തന്നെ ഉണ്ടാകാറുണ്ടായിരുന്നു. ചപ്പാത്തിക്ക് ഉപ്പ് കൂടി, കറിയിലെ കഷ്ണങ്ങൾ വെന്തില്ല എന്നൊക്കെ പറഞ്ഞുള്ള ദീർഘ പ്രസംഗങ്ങൾ തന്നെയായിരുന്നു അവ. ആദിയോടൻ കുഞ്ഞാപ്പുവിന്റെ ചപ്പാത്തി പ്രസംഗങ്ങൾ എന്നൊരു കഥ തന്നെ ആ തീം വെച്ച് ഞാൻ എഴുതിയിട്ടുണ്ട്. ഉച്ചയൂണും അങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരു ഓണത്തിന് ഭക്ഷണത്തിൻ്റെ കുറ്റം പറയാൻ തുടങ്ങിയതോടെ ഭക്ഷണം കഴിക്കുന്നത് നിർത്തി ഞാൻ എഴുന്നേറ്റ് പോന്നു. എനിക്ക് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന സ്വഭാവമാണ്. ഇലയിൽ ഒടുവിൽ യാതൊന്നും കാണില്ല. അത്രയും ആസ്വദിച്ചാണ് കഴിക്കുക. അതിനാൽ ഭക്ഷണത്തിൻ്റെ കുറ്റം പറയുന്നത് തെല്ലും ഇഷ്ടമല്ല. അന്ന് എഴുന്നേറ്റ് പോന്നത് അച്ഛന് സങ്കടമായി പോയി. അടുത്ത ഓണത്തിന് ഞാനില്ലെങ്കിലോ എന്ന് ചോദിച്ചു. അതൊക്കെ ആലോചിക്കുമ്പോൾ സങ്കടവുമാകും. എന്തൊരു എനിഗ്മാറ്റിക്കായ ജീവിതമായിരുന്നു. വല്ലാത്തൊരു ജീവിതം. എൻ്റെ ഒമ്പതാം ഭാവാധിപൻ ശക്തനല്ലത്രെ. പാവം അച്ഛൻ.

അവൾ തമാശയാക്കും മട്ടിൽ പറഞ്ഞു.
– എന്റെ അച്ഛനെ പറ്റിയും അഭിപ്രായമില്ല. സ്വന്തം അച്ഛനെ പറ്റിയും ലവലേശം അഭിപ്രായമില്ല. തിരിച്ചു മറിച്ചും എന്തൊക്കെയോ പറയുന്നു. നിങ്ങളുടെ അച്ഛന് എന്നെ വലിയ ഇഷ്ടമായിരുന്നു

– നിനക്ക് കാര്യങ്ങൾ മനസ്സിലാകാഞ്ഞിട്ടാണ്. അച്ഛനെ പറ്റി നിനക്ക് മാത്രമല്ല എല്ലാവർക്കും നല്ല അഭിപ്രായമാണ്. വീട്ടിൽ മാത്രമായിരുന്നു അച്ഛൻ കുഴപ്പക്കാരൻ. അതുകൊണ്ടു തന്നെ മറ്റാരോടെങ്കിലും അച്ഛനെ കൊണ്ട് ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. പൊതുവേദികളിലെ കിടിലൻ പ്രസംഗമൊക്കെയായി എല്ലാവരും ബഹുമാനിക്കുന്ന മനുഷ്യനായിരുന്നു. അച്ഛന്റെ വീട്ടിലെ കുഴപ്പക്കാരൻ സ്വഭാവം പക്ഷേ കുട്ടിക്കാലത്തു തന്നെ ബന്ധുക്കൾക്കും അയൽപക്കക്കാർക്കുമൊക്കെ ഇടയിൽ ഓഹരി വിലയൊക്കെ കൂപ്പുകുത്തും മട്ടിൽ എന്റെ വിലയിടിച്ചു. നിന്റെ അച്ഛൻ എന്താണ് ചെയ്യാറുള്ളത്? ഭക്ഷണം സ്വാദോടെ കഴിച്ച് അതിനെ കുറിച്ച് നല്ലത് വല്ലതും പറയുകയല്ലേ പതിവ്? പ്രമേഹത്തിന്റേതായ വായക്ക് രുചിയില്ലായ്മയും ആ രോഗത്തിന്റെ പല തരം വശങ്ങളുമൊക്കെയാകാം എന്റെ അച്ഛനെ അങ്ങനെയൊക്കെ ആക്കിയത്. ഓർക്കുമ്പോൾ ചിലപ്പോഴൊക്കെ വല്ലാത്ത പാവവും അച്ഛനോട് തോന്നും. പാവം മനുഷ്യൻ. ചെറുപ്പത്തിലേ പ്രമേഹം വന്നു പെട്ടു. രോഗി എന്ന തരത്തിൽ പലരും കാണാൻ തുടങ്ങി. അതിന്റേതായ ഒരുപാട് ബഹളങ്ങളും അച്ഛൻ തീർത്തു. ഇടക്കിടക്ക് ആശുപത്രിയിലായി. കാലിന്റെ അപ്പൻ വിരൽ മുറിച്ചു മാറ്റിയപ്പോൾ കാൽപാദം മുഴുവൻ പഞ്ഞിയും കോട്ടൺ തുണിയും വെച്ച് ഡ്രെസ് ചെയ്ത കാൽ ആശുപത്രിയിലെ ഇരുമ്പ് കട്ടിലിൽ കിടന്ന ഇടത്ത് നിന്നും എഴുന്നേറ്റിരുന്ന് എന്റെ നേരെ നീട്ടി അച്ഛൻ എന്നോട് അച്ഛന്റെ വിരലെവിടെ പോയെന്ന് നോക്കിക്കേ എന്ന് പറഞ്ഞു. മനസ് കൊണ്ട് അച്ഛന് എന്നെ വലിയ കാര്യമൊക്കെ ആയിരുന്നു. മകനല്ലേ ഞാൻ? എന്റെ അച്ഛനല്ലേ അത്? സ്ക്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് കഥയെഴുത്ത് മത്സരങ്ങളിൽ പ്രോത്സാഹന സമ്മാനം മാത്രമാകുമ്പോൾ നോവലും വായിച്ചു നടന്നോ, കഥയൊന്നും വായിക്കേണ്ട എന്ന് ഐറണി ചേർത്ത് അച്ഛൻ പറഞ്ഞിട്ടുണ്ട്. ഞാൻ എഴുതുന്നത് അച്ഛന് വലിയ കാര്യമായിരുന്നു. ചിലപ്പോഴൊക്കെ അച്ഛനെ പറ്റി ഓർമ്മ വരുമ്പോൾ കണ്ണുകളിൽ നിന്നും ഇപ്പോഴും കണ്ണുനീർ പൊഴിയും. ഈയടുത്ത് ഒരു തീവണ്ടി യാത്രയിൽ സ്റ്റേഷനില്ലാത്ത ഒരിടത്ത് നിന്നും കയറി ഒന്നിച്ച് കുറെ ദൂരം യാത്ര ചെയ്ത് അച്ഛൻ എന്നെ ഒരുപാട് കരയിച്ചു. നീണ്ട് ഒത്ത തടിയൊക്കെയായി കടലാസ്സ് പൂവിന്റെ നിറമൊക്കെയായി വെള്ള ഖാദി ഷർട്ടും വെള്ള ഖാദി മുണ്ടും ധരിച്ച അച്ഛൻ. സൗന്ദര്യവും തലയെടുപ്പുമൊക്കെ അച്ഛന് ഉണ്ടായിരുന്നു. . പ്രമേഹത്തിന്റെതായ വല്ലാതെ മെലിഞ്ഞു പോകുന്ന പീച്ചാങ്കുഴൽ അവസ്ഥ എന്തുകൊണ്ടോ അച്ഛന് ഇല്ലായിരുന്നു. കറുത്ത കാലുള്ള കണ്ണടകളും ഇൻസുലിൻ ബോട്ടിലുകളും സിറിഞ്ചും സൂചിയുമൊക്കെ അച്ഛന്റെ ഓർമ്മകളോടൊപ്പം കൂട്ട് വരും. കാലിന്റെ തുടയിൽ അച്ഛൻ തന്നെ ഇൻസുലിൻ എടുക്കാറായിരുന്നു പതിവ്. ബെനഡിക്റ്റ് സൊലൂഷൻ കൊണ്ട് യൂറിൻ ടെസ്റ്റ് ചെയ്യും. മെഴുകുതിരി കത്തിച്ച് അതിന്റെ ജ്വാലയിൽ ടെസ്റ്റ് റ്റ്യൂബ് അടിഭാഗം ചൂടാക്കി അച്ഛൻ തന്നെ സ്വന്തമായി അത് ചെയ്യും. നീല ബെനഡിക്റ്റ് സൊലൂഷൻ ചുവപ്പോ പച്ചയോ മഞ്ഞയോ ആകും. അതിനനുസരിച്ചാണ് ഇൻസുലിന്റെ അളവ് തീരുമാനിക്കുന്നത്. കുറെ വർഷങ്ങളോളം വീടിന്റെ തൊടിയിലെ മണ്ണിൽ എന്തെങ്കിലും ചെടികളോ പച്ചക്കറികളോ നടാൻ കിളക്കുമ്പോൾ ഇൻസുലിൻ ബോട്ടിലുകൾ ചന്ദനക്കളറുള്ള അതിന്റെ റബ്ബർ അടപ്പൊക്കെ കറുപ്പ് നിറമായി മാറിയ വിധത്തിൽ കിട്ടുമായിരുന്നു. അച്ഛന് ചിത്രങ്ങൾ ഒട്ടിക്കുന്ന ഒരു ആൽബമുണ്ടായിരുന്നു. അതിൽ രാജാ രവിവർമ്മയുടെ മുല്ലപ്പൂ ചൂടിയ നായർ വനിത എന്നൊരു ചിത്രമുണ്ടായിരുന്നു. നിൽക്കുന്ന തരത്തിൽ ഒരു ചിത്രമുണ്ട്. ആൽബത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന തരത്തിലുള്ള വട്ട മുഖമുള്ള ഒരു സ്ത്രീയുടെ ചിത്രമായിരുന്നു. ആ ചിത്രത്തിൻ്റെ ഓർമ്മയിൽ കിളിമാനൂരിലേക്ക് ഒരു ദിവസം പോകുന്നുണ്ട്. കിളിമാനൂർ കണ്ട് തിരിച്ചു പോന്നു. അവിടെ ഒരു ഹോട്ടലിൽ നിന്നും ഊൺ കഴിച്ചു. അപ്പോൾ മൊബൈൽ ഫോൺ നോക്കിക്കൊണ്ട് വട്ട മുഖമുള്ള ഒരു സുന്ദരി ഊൺ കഴിക്കാൻ വന്നു. ഊൺ കഴിക്കുമ്പോഴുമൊക്കെ അവൾ ഫോണിൽ ഇടക്കിടക്ക് ഇടതു കൈ കൊണ്ട് തൊട്ടു കൊണ്ട് നോക്കിക്കൊണ്ടിരുന്നു. അവൾ മുല്ലപ്പൂ ചൂടിയിരുന്നില്ല. കാലത്തിനൊത്ത് ആളുകളിൽ മാറ്റം വന്നതായി സമാധാനപ്പെട്ട് കിളിമാനൂരിൽ നിന്നും ഞാൻ തിരിച്ചു പോന്നു.

– എന്നെ പിടിച്ചോണ്ട് വന്ന് ബുദ്ധിമുട്ടിക്കുന്നതിന് പകരം കിളിമാനൂരിലെ ആ പെൺകുട്ടിക്കൊരു ജീവിതം കൊടുക്കായിരുന്നില്ലേ?

– ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ നോക്കുന്നവരെ എനിക്കിഷ്ടമല്ല.

– കഷ്ടായിപ്പോയി.

അവൻ കഥ പറയുന്നത് തുടർന്നു.

-അച്ഛൻ തേങ്ങാച്ചിരട്ട ഉള്ളിൽ വെച്ച് പ്ലാസ്റ്റിക് വയറുകൾ കൊണ്ട് അടിപൊളി ഫ്ലവർവേസ് മെടഞ്ഞുണ്ടാക്കുന്നതും നല്ല ഓർമ്മയുണ്ട്. പിന്നെ കൊട്ടകൾ. സാധനങ്ങളൊക്കെ വാങ്ങിക്കാൻ അക്കാലം പ്ലാസ്റ്റിക് കൊട്ടകളായിരുന്നു. നിന്റെ ഓർമ്മകളിൽ അതൊന്നും അത്രമേൽ കാണില്ല. അപ്പോഴേക്കും സാധനങ്ങൾ ഇട്ടു തരുന്ന നേർത്ത പ്ലാസ്റ്റിക് സഞ്ചി വന്നു. ഇപ്പോൾ ചില തമിഴ് സ്ത്രീകൾ മാത്രമാണ് അത്തരം പ്ലാസ്റ്റിക് കൊട്ടയും കൊണ്ട് പോകുന്നത് കാണാറുള്ളത്. തലക്കുടയും കാക്കൊടയും മുറവും കൊട്ടയും ഒക്കെ ഉണ്ടാക്കി വിറ്റു ജീവിച്ച ഒരമ്മയുടെ മകനായതിന്റെ ശേഷിപ്പായിരുന്നു അതൊക്കെ. അച്ഛന്റെ ഗൃഹഭരണം വന്നപ്പോഴേക്കും അതൊക്കെ വീട്ടിൽ നിന്നും പോയിരുന്നു. വീട്ടിലുണ്ടായിരുന്ന കുടപ്പനകളും പൂത്ത് കായ്ച്ചതിൽ പിന്നെ പട്ടു പോയി. ഷേവ് ചെയ്യുമ്പോൾ ഇരുവശത്തെയും കൃതാവുകൾ ഒത്തിട്ടുണ്ടോ എന്ന് നോക്കാൻ ദിവസവും എന്നോട് പറയുമായിരുന്നു. കൃതാവ് രണ്ടു വശത്തും നേരെയാണോ എന്ന് നോക്കാൻ അച്ഛൻ എന്നെ വിളിക്കുന്നത് എന്തിനായിരുന്നു എന്ന് തോന്നാറുണ്ട്. ചെവികളിൽ നോക്കി കണക്കാക്കിയാൽ പോരായിരുന്നോ? ഞാനൊക്കെ അങ്ങനെയാണ് ഷേവ് ചെയ്യാറുള്ളത്.

അവൾ അവന്റെ ഷേവ് ചെയ്ത മുഖത്തേക്കും കൃതാവിലേക്കും ചെവിയിലേക്കുമൊക്കെ വെറുതെ നോക്കി കണ്ണുകൾ തിരിച്ചെടുത്തു.

അവൻ തുടർന്നു.

– ആ ഗുട്ടൻസ് അച്ഛന് അറിഞ്ഞു കൂടാഞ്ഞതും നന്നായി. കൃതാവ് നേരെയായോ എന്ന് എനിക്ക് ദിവസവും പറഞ്ഞു കൊടുക്കാൻ പറ്റുമായിരുന്നു.
അച്ഛന് ബലിയൊക്കെ ഇടുമ്പോൾ അതൊക്കെ ഓർമ്മ വരുന്നതിനാൽ വല്ലാത്തൊരു വിങ്ങലാണ്. അച്ഛന് ചുണ്ടുകൾക്ക് താഴെ താടിയിൽ ഒരു കടലമണിയുടെ വലുപ്പത്തിൽ തെല്ല് ഉയർന്ന ഒരു മറുകുണ്ടായിരുന്നു. ഷേവ് ചെയ്യുമ്പോൾ അതിനൊക്കെ മുറിവ് പറ്റാതിരിക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. മറുകു ശാസ്ത്ര പ്രകാരം ആ മറുക് എന്താണെന്ന് അറിയാമോ? ജീവിതത്തിൽ പിടിച്ചു നടക്കേണ്ടതായ ബലമുള്ള കൈവിരൽത്തുമ്പ് കുട്ടിക്കാലത്തേ നഷ്ടപ്പെട്ടു പോകലാണത്രെ ആ മറുകിൻ്റെ പിന്നിലെ കാര്യം. അച്ഛന് കുട്ടിക്കാലത്തേ അച്ഛനുണ്ടായിരുന്നില്ല. ഒറ്റക്ക് ജീവിതം നീന്തിക്കയറിയ മനുഷ്യനാണ്. അതിനാലൊക്കെ പാവം മനുഷ്യൻ എന്നും തോന്നും. അച്ഛന് അറിയില്ലായിരുന്നു ഒരച്ഛൻ എങ്ങനെയാണെന്ന്. അച്ഛനില്ലാതെ വളരുന്നതിലെ ഒരുപാടൊരുപാട് പ്രശ്നങ്ങളുണ്ടല്ലോ. അതൊക്കെയും അച്ഛൻ അനുഭവിച്ചു തീർത്തിട്ടുണ്ടാകും. അച്ഛന്റെ ജീവിതത്തിലെ എന്തൊക്കെയോ ബുദ്ധിമുട്ടുകളുടെ പുറത്ത് എന്നെ ഒരു ബുച്ചേഡ് ചൈൽഡ് ഒക്കെ ആക്കിയെങ്കിലും മകനല്ലേ ഞാൻ? എന്റെ അച്ഛനല്ലേ അത്?

– എന്നിട്ടാണോ ആദിയോടൻ കുഞ്ഞാപ്പുവിന്റെ ചപ്പാത്തി പ്രസംഗങ്ങൾ എന്ന കഥ എഴുതിയത് ?

– ആദിയോടൻ കുഞ്ഞാപ്പു ഒരു കഥാപാത്രം മാത്രമല്ലേ? ജീവിതത്തിൽ സമ്പാദിച്ചത് ചിലതൊക്കെ ചില കഥാപാത്രങ്ങൾക്ക് കൊടുക്കുന്നു. അല്ലാതെന്ത്? നിന്റെ അച്ഛനെ പറ്റിയും എനിക്കെന്ത് അഭിപ്രായക്കുറവ്? നിന്നെ ചോദിച്ചാൽ തരില്ല. തട്ടിക്കൊണ്ടുപോയിക്കോട്ടെ എന്ന് ചോദിച്ചാലും സമ്മതിക്കില്ല. അതിന്റേതായ ഒരു അഭിപ്രായക്കുറവ്. അത്രയേയുള്ളു.

– അവരെയൊക്കെ വെച്ച് കഥയുണ്ടാക്കാനുള്ള പുറപ്പാടാണല്ലേ?

– തീർച്ചയായും. നീയുമുണ്ട് ചില കഥകളിൽ. ക്രൂരയായ സ്ത്രീകളെ പറ്റിയൊക്കെ എഴുതേണ്ടി വരുമ്പോൾ നിന്നെ ഓർത്തുകൊണ്ട് എഴുതാറാണ് പതിവ്.

– പച്ചപ്പാവം വെജിറ്റേറിയൻ കഥകൾ എഴുതുന്ന നിങ്ങളുടെ കഥകളിൽ എന്നെ പോലുള്ള ക്രൂരകളെയൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല.

– അതിനൊരു മാറ്റത്തിനായിട്ടാണല്ലോ ഞാൻ നിന്നെ കട്ടോണ്ട് പോകുന്നത്.

അവൾ മുഖം പൊടുന്നനെ അവന്റെ നേർക്ക് തിരിച്ചു കൊണ്ടു പറഞ്ഞു.

– നിങ്ങളീ പുഷ്പകവിമാനമൊന്ന് തിരിച്ചേ. എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക്. മൊത്തം പലതരം ആശയക്കുഴപ്പങ്ങളും കൊണ്ട് ഒരു ശകടവും എടുത്ത് ഇറങ്ങിയിരിക്കുകയാണ്. പരസ്പര വിരുദ്ധമായി എന്തൊക്കെയോ പറയുകയും ചെയ്യുന്നു. തമാശ എന്ന മട്ടിൽ ചിരി വരാത്ത എന്തൊക്കെയോ വേറെയും. അല്ലാണ്ടെന്ത്?

അതു കേട്ടതും അവൻ പറഞ്ഞു

– തിരക്കാക്കല്ലേ. മുഴുവൻ പറയട്ടെ. ഒന്നടങ്ങൂ.

അവൾ തെല്ലൊന്ന് അടങ്ങിയപ്പോൾ അവൻ തുടർന്നു.

-അച്ഛന് ചെറുപ്പത്തിലേ പ്രമേഹമുള്ളതിനാൽ രോഗിയുടെ മകൻ എന്ന വിധത്തിലാണ് ആളുകൾ പലരും എന്നെ കാണുന്നത്. ഏതെങ്കിലും ബന്ധുവീട്ടിലൊക്കെ ചെന്നാൽ വലിയ എന്തോ വിശേഷം ചോദിക്കുന്നതു പോലെ ഇനിക്ക് പൻസാരയൊന്നൂല്ലാലോ എന്ന് ചിലർ വന്ന് ചോദിക്കും. ഇടക്കിടക്ക് ഉണ്ടോ എന്ന് നോക്കണം എന്നൊക്കെ പിന്നെ ഉപദേശവും തരും. അഥവാ എനിക്ക് പൻസാര ഉണ്ടെങ്കിൽ ഞാൻ ചികിത്സിച്ചു കൊള്ളില്ലേ? പലരുടെയും ഉപബോധമനസ്സിൽ അച്ഛൻ എന്ന ദേഷ്യക്കാരനും രോഗിയുമൊക്കെ മങ്ങാതെ മായാതെ കിടക്കുകയാണ്. പെണ്ണുകാണാൻ ചെന്നത് ഞാനാണ് എന്ന് കണ്ടാൽ ചെറുക്കനെ കുറിച്ചുള്ള ആദ്യ അന്വേഷണത്തിൽ ഓന് പെണ്ണിനെ കൊടുക്കണ്ടേയപ്പ, ഓന്റച്ഛന് സൂക്കേടല്ലേനോ, വെല്യ ദേഷ്യക്കാരനല്ലേനോ, ഓനും കാണൂല്ലേ അതെല്ലം എന്നൊക്കെ ആളുകൾ അതുമിതും പറഞ്ഞു കൊടുക്കും. ഞാൻ ചുമ്മാ പറയുന്നതല്ല. കേട്ടറിഞ്ഞ കാര്യങ്ങളാണ് പറയുന്നത്.

അവൾ മടിയിലിരിക്കുന്ന വാനിറ്റി ബാഗിന്റെ കാതുകൾ അതിലേക്ക് നോക്കിക്കൊണ്ട് കൈകളാൽ പതുക്കെ ചലിപ്പിച്ചു കൊണ്ടിരുന്നു.

അവൻ തുടർന്നു.

– നാട്ടുകാർക്ക് ഇടയിലുമുണ്ട് അതേ വിലക്കുറവ്. പണമില്ലായ്മയും ആളുകൾക്കിടയിലെ വിലയില്ലായ്മയുമൊക്കെ തിരിച്ചറിയാൻ പ്രത്യേകം ഒരു ഇന്ദ്രിയം തന്നെ നാട്ടുകാർക്ക് ഉണ്ടെന്നാണ് തോന്നുന്നത്. ഞാൻ പറയുന്നതൊന്നും അവർ ഉൾക്കൊള്ളില്ല. എന്തെങ്കിലും നല്ല കാര്യം വല്ലതും പറഞ്ഞാൽ മറ്റുള്ളവർക്ക് ഇടയിൽ വെച്ച് അതുമിതും പറഞ്ഞ് ആക്ഷേപിച്ച് ഇരുത്തും. നിന്റെ രണ്ടാമത്തെ മാമനെ പോലെ ചുമ്മാ ജാഡയൊക്കെ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് നാട്ടിൽ ആളാകുന്നവരൊന്നുമല്ല ശരി എന്ന് മറ്റുള്ളവർക്കും എന്തിന് നിന്റെ മാമന് തന്നെയും ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയാതെ ഫലത്തിൽ മനസ് ആകെ മുഷിയും. പിന്നെപ്പിന്നെ ഞാൻ നാട്ടുകാരിൽ പലരോടും ഒന്നും പറയാതെയായി. ഞാൻ പറയുന്ന കാര്യങ്ങളിൽ അവർക്ക് താല്പര്യമില്ലാത്തതു പോലെ അവർ പറയുന്ന കാര്യങ്ങളിൽ എനിക്കും താല്പര്യമില്ല എന്ന ഒരു തരം അവസ്ഥ. എഴുത്തും വായനയുമൊക്കെയായി ഞാൻ ഒതുങ്ങി. അതൊക്കെ തന്നെ മതിയായിരുന്നു മറ്റുള്ളവർക്ക് എന്നെ പലതിനും പഴി ചാരിക്കൊണ്ടിരിക്കാൻ. അച്ഛന്റെ വഴക്ക് കേട്ട് ശീലിച്ചതു കൊണ്ട് അമ്മക്ക് നേരെ ചൊവ്വേ കാര്യങ്ങൾ മനസ്സിലാവുകയേയില്ല. ജോലി കിട്ടിയപ്പോൾ പൊടുന്നനെ വാടകവീട് നോക്കിയത് അത്തരമൊന്നിൽ നിന്നും അമ്മയെ രക്ഷപ്പെടുത്താനായിരുന്നു. അമ്മ പക്ഷേ അവിടെയും പഴയതു പോലെ തന്നെ. ചിലപ്പോഴൊക്കെ അമ്മയോട് വലിയ മട്ടിൽ ദേഷ്യം പിടിച്ചു നോക്കും. പതറിയ മട്ടിൽ നിൽക്കുന്നത് കണ്ടാൽ ഒടുവിൽ വല്ലാത്ത അയ്യപ്പാവം തോന്നും.

– അമ്മയോട് എന്തിനാണ് വെറുതെ ദേഷ്യം പിടിക്കുന്നത്?

– ശശിമംഗളയോഗം. അല്ലാണ്ടെന്ത്?

-അതെന്ത് യോഗം?

– അപ്പൂപ്പനോട് ചോദിച്ച് യോഗങ്ങൾ ഒക്കെ പഠിക്കായിരുന്നില്ലേ? സിനിമാ നടൻമാരൊക്കെ വന്ന് ജ്യോത്സ്യം നോക്കിക്കുന്ന കുനിച്ചേരി ഗോവിന്ദപ്പണിക്കരുടെ പേരക്കുട്ടിയല്ലേ? പഠിച്ചൊന്നുറച്ചാൽ ജ്യോതിഷം ഛായാലിപ്പണിക്കർ എന്നൊരു കറുപ്പിൽ വെളുപ്പ് ബോർഡും വെച്ച് ഇരുന്നൂടേ?

– വിഷയം അപ്പൂപ്പനിലേക്കും മാറ്റാനുള്ള പുറപ്പാടാണല്ലേ? സംസ്ക്യത ശ്ലോകവും ചൊല്ലി കവിടി നിരത്തി പലതും പറഞ്ഞ് മറ്റുള്ളവരെ സമാധാനിപ്പിച്ചു വിടുന്ന ആളാണ്. ഇനിയിപ്പോൾ അപ്പൂപ്പൻ്റെ കുറ്റവും കുറവും പറയാൻ നിൽക്കണ്ട. ഈയടുത്ത് എന്തിനോ നിങ്ങളെ വിളിക്കേണ്ടതായ കാര്യത്തിന് ഫോൺ നമ്പർ ആർക്കും അറിയാത്തപ്പോൾ അവിനാശിയുടെ നമ്പറോ എന്നും ചോദിച്ച് സംസ്കൃത ശ്ലോകത്തിൽ എന്തോ പാടി നമ്പർ പറഞ്ഞു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങളുടെ ഫോൺ നമ്പർ പോലും അപ്പൂപ്പന് ബൈഹാർട്ടാണ്. അതു കൊണ്ട് അപ്പൂപ്പനെ വിട്ട് അമ്മയോട് വെറുതെ ദേഷ്യം പിടിക്കുന്നതിൽ നിങ്ങളുടെ ജാതകത്തിലെ ശശിമംഗളയോഗത്തിന്റെ ഗുട്ടൻസ് എന്താണെന്ന് പറയൂ.

-അമ്മയോട് ചുമ്മാ ദേഷ്യപ്പെടുന്ന യോഗമാണത്. നല്ല യോഗമൊക്കെ തന്നെ. എന്നാലും ആ ഒരു ബുദ്ധിമുട്ടുണ്ട്. സത്യത്തിൽ എല്ലാവർക്കുമുള്ള ദേഷ്യമൊക്കെയേ എനിക്കുമുള്ളൂ. എന്തുമേതും ചെയ്യുമ്പോൾ മറ്റുള്ളവരുടെ ഭാഗത്തു നിന്നും അച്ഛന്റെ സ്വഭാവം തന്നെ എന്ന കുറ്റപ്പെടുത്തലുകളാണ്. മിണ്ടിയാൽ കുറ്റം. മിണ്ടിയില്ലെങ്കിലും കുറ്റം. ഒന്നു ശരിക്കൊന്ന് ദേഷ്യം പിടിക്കാൻ പറ്റുമോ?അപ്പോൾ പറയും അച്ഛന്റെ ദേഷ്യമെന്ന്. മറ്റുള്ള സമപ്രായക്കാർക്കൊക്കെ അവരുടെ സ്വന്തം ദേഷ്യം. സ്വന്തമായിട്ട് ദേഷ്യം പോലുമില്ലാത്തവനായിപ്പോയി ഞാൻ. ഏൻഗ്രി ബേഡ്സിനെ വഴി നീളെ നടന്നു വിൽക്കുന്ന ബംഗാളികളുടെ അടുത്തു നിന്നും നാലഞ്ചെണ്ണം വാങ്ങി വെച്ചിട്ടുണ്ട്. ദേഷ്യക്കാർക്കും വേണ്ടേ സ്വന്തക്കാർ എന്ന് കരുതാൻ അത്തരത്തിലും കുറച്ച് കൂട്ടൊക്കെ?

– അതെന്തായാലും നന്നായി. പത്തി വിടർത്തി നിൽക്കുന്ന ഒരു മൂർഖന്റെ പടവും ചില്ലിട്ട് വെച്ചോളൂ.

അവൻ അവളെ തെല്ല് നേരം ഇഷ്ടക്കേടോടെ നോക്കി. അവൻ്റെ ഇഷ്ടക്കേട് കണ്ട് അവൾ കൈ ഉയർത്തി വായ പൊത്തി. അവൻ ഇടത്തെ കൈ നീട്ടി അവളുടെ കൈ താഴ്ത്തിക്കൊണ്ട് പറഞ്ഞു.

– മൂർഖനെന്താണ് കുഴപ്പം? എക്സ്ട്രാ ഡീസൻ്റ് പാമ്പാണ്. പോയിക്കോ, പോയിക്കോ എന്ന് മുന്നറിയിപ്പ് തരുന്ന പാമ്പാണ്. മുന്നറിയിപ്പ് നൽകാതെ മറ്റ് പാമ്പുകളെ പോലെ പിടിച്ച് കടിക്കില്ല. മുന്നിൽ തൂവാല ആട്ടിയാട്ടി കൈകൊണ്ട് നയത്തിൽ പിടിക്കാൻ അറിയണം. പറ്റുമോ നിനക്കത്?

– എനിക്ക് ലവലേശം പാമ്പുപിടുത്തത്തിൽ താല്പര്യമില്ല.

അതു കേട്ട് നൊന്ത് അവൻ പാമ്പിനെ പറ്റി പറയുന്നത് വിട്ട് അച്ഛൻ്റെ കാര്യത്തിലേക്ക് തന്നെ മടങ്ങി.

– മനസ് കൊണ്ടെങ്കിലും അച്ഛന്റെ കൈവിരൽ പിടിച്ചു നടക്കാൻ പറ്റാത്ത ആൺകുട്ടികളെ ഏത് പ്രായത്തിലും അത് എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കും. ബുച്ചേഡ് ചൈൽഡ് എന്ന അവസ്ഥയുടെ വല്ലാത്തൊരു കോംപ്ലക്സിറ്റിയാണത്. ആശയക്കുഴപ്പങ്ങൾ. ആശയക്കുഴപ്പങ്ങൾ. എപ്പോഴുമെപ്പോഴും ആശയക്കുഴപ്പങ്ങൾ. അതു മാത്രമല്ല. എല്ലാറ്റിലും ബന്ധുക്കളിൽ പലരും വന്ന് ഇടപെട്ടു കൊണ്ടേയിരിക്കും. എല്ലാവരും എന്തിനും ഏതിനും രക്ഷാകർത്താവ് ചമയും. ഉപകാരം കിട്ട്വോ? അതൊട്ടില്ല താനും. ഉപദ്രവമാണെങ്കിൽ ആവശ്യത്തിൽ കൂടുതൽ വാരിക്കോരി തരികയും ചെയ്യും. അച്ഛൻ ഉണ്ടായാൽ അതൊരു തണലാണ്. ഇല്ലാതെ പോയ തണലിനെ കുറിച്ച് ഇനിയുമിനിയും പറഞ്ഞിട്ടെന്തു കാര്യം? നൊസ്സ് വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

-ഷർട്ടഴിച്ച് ഊരിയിട്ടാലും പാമ്പിന് വീണ്ടും വീണ്ടും വരുന്നത് പഴയ ടൈപ്പ് ഷർട്ട് തന്നെ. അതേ ഡിസൈൻ. ഒരു മാറ്റവുമില്ല. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നതെന്തിന്? എനിക്ക് കേൾക്കണ്ട നിങ്ങളുടെ ഓൾഡ് സ്റ്റോറീസ്. കുറച്ചു നേരം എന്റെ അച്ഛനെ പറ്റി പറഞ്ഞു. പിന്നെ മാമൻമാരെ പറ്റിയായി. അതും കഴിഞ്ഞ് സ്വന്തം അച്ഛനെ പറ്റിയായി. ഞാൻ എന്തിന് അതൊക്കെ കേൾക്കണം?

– സ്വന്തം അച്ഛനെ പറ്റിയല്ലേ കൂടുതൽ പറഞ്ഞത്. ഒരു കാലം അച്ഛൻ എന്നെ അറവുശാലയിലെ തറി മരക്കുറ്റിയിലിട്ട് തിരിച്ചും മറിച്ചും തറച്ചിട്ടതിനാൽ സങ്കടം വരുമ്പോഴൊക്കെയും അച്ഛനെ പറ്റി കൂടുതൽ പറയും. അമ്മയോടൊക്കെ അത്തരത്തിൽ സങ്കടം പറയുന്ന സ്വഭാവമുണ്ട്. അതൊരു പറച്ചിലല്ല. കരച്ചിലാണ്. ഏത് പുതിയ സങ്കടവും ആ ഒരു ഭാഗത്ത് പോയി നിൽക്കും. ബുച്ചേഡ് ചൈൽഡ് എന്ന നിലക്ക് അത്തരത്തിലുള്ള ഏതൊരാൾക്കും ഏത് പ്രായത്തിലും കാണുമെന്ന് തോന്നുന്നു ആ ഒരു സ്വഭാവം. മനസ്സിൽ സന്തോഷമുള്ള സമയത്ത് ആ ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

– എങ്കിൽ സ്വന്തം അച്ഛനെ പറ്റി പറയുന്നത് നിർത്തൂ.

അവൻ പക്ഷേ പറയുന്നത് തുടർന്നു.

– നിന്റെ അമ്മയുടെ അച്ഛൻ മരിച്ചപ്പോൾ നീ പതിനാറു ദിവസത്തേക്ക് തറവാട്ടിൽ വന്നു നിന്നപ്പോഴാണ് ആദ്യമായി നിന്റെയൊപ്പം ഞാൻ കളിച്ചത്. കുറ്റി മാറിക്കളി, കര-വെള്ളം, കണ്ണാരം പൊത്തി. നിനക്കതൊക്കെ ഓർമ്മയുണ്ടോ എന്തോ? അതിനു മുമ്പും നിന്നെ കണ്ടിട്ടുണ്ട് ഞാൻ. നാട്ടിലെ ബന്ധത്തിലുള്ള ചില കല്യാണ വീട്ടിലൊക്കെ, കിടത്തിയാൽ കണ്ണുകൾ അടച്ച് ഉറങ്ങുന്ന ബാർബിയുമായിട്ട്. എന്നെ പോലെയുള്ള സാധാരണകുട്ടികൾക്കൊന്നും ബാർബി പറഞ്ഞിട്ടുള്ള ഒന്നേ ആയിരുന്നില്ല. നീല കണ്ണുകളും വെളുത്ത മുടിയും നല്ല ഉടുപ്പുമൊക്കെയുള്ള ബാർബി. മനസ് കൊണ്ട് ചിലതിനോടൊക്കെ ചിലർ കണക്റ്റ് ചെയ്തു പോകില്ലേ? അതുപോലെ ബാർബിയെ എവിടെ കാണുമ്പോഴും നിന്നെ ഓർമ്മ വരും. അന്നേ നീ വലിയ പണക്കാരിയാ. അക്കാലത്ത് എനിക്കുണ്ടാകുക കീറിപ്പറിഞ്ഞ ട്രൗസർ. പ്രമേഹത്തിൻ്റെ മരുന്നൊക്കെ വാങ്ങിയാൽ അച്ഛൻ മാഷുടെ കൈയിൽ പിന്നെയെന്ത് മിച്ചമുണ്ടാകാനാണ്? ആർത്തൂരിലെ നാലും കൂടിയ മുക്കിലെ സുഹൃത്തിൻ്റെ കടയിൽ കടം പറഞ്ഞായിരുന്നു സാധനം വാങ്ങുക. നേരത്തിന് കാശ് കൊടുക്കാൻ പറ്റാത്തതിനാൽ കുറെ ദിവസങ്ങൾ അച്ഛൻ ആ കടയുടെ മുന്നിലൂടെ പോകാതെ ആർത്തൂരിലെ കടക്കാരും മറ്റ് ആളുകളും മൂത്രമൊഴിക്കുന്ന വൃത്തിയില്ലാത്ത ചെറിയ വഴിയിലൂടെയൊക്കെ പോയി മറ്റൊരിടത്തേക്ക് കയറും. സ്ക്കൂളിലേക്ക് പോകുന്നതാണ്. എന്തിനാണച്ഛാ ഈ വഴി പോകുന്നത് എന്ന് മൂത്ര നാറ്റത്തിൻ്റെ വല്ലാത്ത വിമ്മിഷ്ടത്തോടെ ചോദിച്ചാൽ നടക്കെടാ എന്ന് പറയും. അക്കാലത്ത് എനിക്ക് കല്യാണത്തിനൊക്കെ വരാൻ കീറാത്തതെന്തെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നിരിക്കാം. ഓർമ്മ ഇപ്പോഴും കീറിയ ട്രൗസറാണെന്നു മാത്രം. പിന്നൊരു അപ്പവടിയിൽ ഉരുളുന്ന തൊണ്ടു വണ്ടി. ഉരുണ്ടുരുണ്ടുരുണ്ട് ട്രൗസർ പോലെ തന്നെ ഉടലാകെ പിന്നിയ തൊണ്ടുവണ്ടി. ദൂരെ നിന്നു നോക്കിയിട്ടേ ഉള്ളു അന്നൊക്കെ നിന്നെ ഞാൻ. അത്രക്ക് വലിയ എന്തോ ഒന്ന് ആയിരുന്നു നീ എനിക്ക്. വലിയ വിലയുള്ള ഉടുപ്പുകൾ. വലിയ പണക്കാരന്റെ ഒറ്റ മകൾ. നിന്റെ ബാർബിയെ പോലും തൊട്ടു നോക്കാൻ പേടിച്ചതാണെന്റെ കുട്ടിക്കാലം.

അവൾ മെല്ലെ പറഞ്ഞു.

-എന്റെ അച്ഛൻ അത്ര വലിയ പണക്കാരനൊന്നുമല്ല.

-അതൊന്നും എനിക്കറിയില്ല. സ്വന്തമായി കാറും കോളുമൊക്കെയായി നിന്റെ അച്ഛന് ഹുങ്കിനു മാത്രം കുറവൊന്നുമില്ല.

-അത് ഒന്നും മിണ്ടാത്തതു കൊണ്ട് കളിയാക്കിയതാവും.

– ജോലിയാക്കിയത് നാലാളു കൂടുന്നിടത്ത് ഒരു കസേര കിട്ടാൻ വേണ്ടിയായിരുന്നു. കസേര ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ കൂട്ടത്തിൽ കൂടി നില്ക്കാനുള്ള ഒരു ഇടം തീർച്ചയായും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. വെറുതെയാണതൊക്കെ എന്ന് ജോലി കിട്ടിയപ്പോൾ തന്നെ മനസ്സിലായി. ഓന് പണ്ടെന്ത് ഇണ്ടേനും എന്നാണ് ഇപ്പോൾ എന്നെ പറ്റിയുള്ള മറ്റുള്ളോരുടെ ചോദ്യങ്ങൾ.

അവൻ മെല്ലെ വണ്ടി തിരിച്ചു.

-വീട്ടിൽ കൊണ്ടാക്കിയേക്കാം. എങ്കിലും നിന്റെ അച്ഛനോട് പറയണം എന്നെ ഇൻസൾട്ട് ചെയ്യരുതെന്ന്. പ്രത്യേകിച്ചും എന്റെ പരിചയക്കാരുടെ മുന്നിൽ വെച്ച്.

അവൾ തെല്ലു നേരം മിണ്ടാതിരുന്നു. പിന്നെ തിരക്കി.

– ശരിക്കും കല്യാണം മുടങ്ങിയോ?

അവൻ പറഞ്ഞു.

– നോക്കൂ. എന്റെ എഴുത്ത് ഞാൻ എന്നൊരാൾ ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കാൻ ചെയ്യുന്ന ശ്രമങ്ങളാണ്. അവരവരെ തന്നെ സ്വയം നുള്ളി നോക്കിയിട്ട് ആ, ഞാനുണ്ട് എന്ന് പറയുന്ന ഒരു തരം ഏർപ്പാടില്ലേ? അതുപോലെ ഒന്നാണ് എനിക്ക് എഴുത്ത്. മറ്റുള്ളവർ പലതിനും പലപ്പോഴായി മോശം പറയുന്ന വിധത്തിലുള്ള ഒരാളല്ല എന്ന് സ്വയം ബോധ്യപ്പെടാൻ ചെയ്യുന്ന ശ്രമങ്ങളുമാണവ. വെറുതെ ഇരുന്ന് സുഖമായി എഴുതുന്ന കാര്യം മാത്രമാണ് അതെന്നൊക്കെ പറഞ്ഞ് അതിനെ അവഗണിക്കുന്ന ആരെയും അത്രയൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല. ശരീരവും മനസ്സും ഒക്കെ കൊടുത്ത് ചെയ്യുന്ന കാര്യം തന്നെ എഴുത്ത്. എനിക്ക് ആ കല്യാണത്തിൽ താല്പര്യമില്ലെന്ന് അവളുടെ അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

-ഞാനും വായിക്കുന്ന ആളൊന്നുമല്ല.

അവൻ അതു കേട്ട് അവളുടെ മടിയിൽ നിന്നും അവൾ ധൃതിയിൽ തടഞ്ഞിട്ടും വാനിറ്റി ബാഗ് പൊടുന്നനെ ഇടതു കൈ കൊണ്ട് പിടിച്ചു വാങ്ങി. വണ്ടി റോഡിന്റെ അരികിലേക്ക് ഒതുക്കിക്കൊണ്ട് ബാഗ് തുറന്ന് ഒരു നോട്ടുപുസ്തകത്തിൽ മടക്കി വെച്ചിരിക്കുകയായിരുന്ന നീല മഷിയിൽ എഴുതിയ കുറെ കടലാസ് കഷ്ണങ്ങൾ അവൻ പുറത്തെടുത്തു. അവ പുറത്തേക്ക് എടുക്കാനുള്ള പുറപ്പാടാണെന്ന് കണ്ടപ്പോൾ തന്നെ അവൾ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയുണ്ടായി. അവൻ പക്ഷേ അവളുടെ കൈകൾ രണ്ടും ഇടതു കൈയാൽ ബലമായി പിടിച്ചു വെച്ചു. ആ കടലാസ് കഷ്ണങ്ങളിൽ ചിലത് വലതു കൈയാൽ നിവർത്തി അവൾക്ക് നേരെ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു.

– ഛായാലിയുടെ ടെൻഷൻ കവിതകൾ. പരീക്ഷ അടുക്കുമ്പോൾ, റിസൾട്ട് അടുത്തു വരുമ്പോൾ, മറ്റെന്തെങ്കിലും ടെൻഷൻ വരുമ്പോൾ ഒക്കെയും എഴുതിക്കൂട്ടുന്ന കവിതകൾ. എങ്ങനെ അറിഞ്ഞു എന്നല്ലേ? നിന്നെ പറ്റിയുള്ള അന്വേഷണങ്ങളിൽ ഏറ്റവും കൗതുകം തോന്നിയ ഭാഗം.

– ഇതൊക്കെ ആര് പറഞ്ഞു?

അവളുടെ കൈകൾ വിട്ട് അവൻ പറഞ്ഞു.

– മനുഷ്യരിൽ ചാരന്മാർക്കാണോ പഞ്ഞം? നിനക്ക് വളരെ അടുപ്പമുള്ള ആരെങ്കിലുമൊക്കെ തന്നെ നിന്നെ ഒറ്റിയതാകും.

അവൻ അതും പറഞ്ഞ് അവളെ നോക്കി വിഷാദ ഭാവത്തോടെ ചിരിച്ചു. എന്നിട്ട് തുടർന്നു.

– തിരിച്ചു കൊണ്ടാക്കാം.

അവൻ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു. മുന്നിൽ റോഡിന്റെ ഇടത് ഭാഗത്ത് കണ്ട കട്ട് റോഡിലേക്ക് കാർ കയറ്റി തിരിച്ചതിന് ശേഷം താറിട്ട റോഡിലേക്ക് വീണ്ടും കയറ്റുന്നതിന് മുമ്പ് അവനോട് തന്നെ എന്ന മട്ടിൽ ഒരിക്കൽ കൂടി അവൻ പറഞ്ഞു.

-തിരിച്ചു കൊണ്ടാക്കാം.

അവൾ പക്ഷേ ഒന്നും പറഞ്ഞില്ല. സ്റ്റിയറിംഗിൽ കൈകൾ രണ്ടും ഉദാസീനമായി മുന്നിലേക്ക് വെച്ച് അവൻ അവളെ നോക്കിക്കൊണ്ട് മെല്ലെ പറഞ്ഞു.

– കിഡ്നാപ്പ് ചെയ്യാനൊന്നും എനിക്ക് അറിയില്ല. മുൻപരിചയമൊന്നും ഇല്ലാത്ത കാര്യമാണ്. സാരമില്ല. എങ്കിലും വെറുതെ ഒരു കിഡ്നാപ്പിംഗ് ഒന്നുമായിരുന്നില്ല പ്ലാൻ എന്നെങ്കിലും വിചാരിച്ചോളൂ. നിന്നെ തട്ടിക്കൊണ്ടു പോകുമ്പോൾ ബന്ധുക്കൾക്ക് ഇടയിൽ എനിക്ക് വന്നു ചേർന്നേക്കാവുന്ന ചെറിയ മട്ടിൽ ഒരു ഹീറോ പരിവേഷമുണ്ട്. കുട്ടിക്കാലം മുതൽ ഇന്ന് ഇവിടം വരെ വന്നു നിൽക്കുന്ന എന്റെ എന്തൊക്കെയോ പലതരം സങ്കടങ്ങളുള്ള ജീവിതത്തിന് വലിയ മാറ്റമായേനേ അത്.

അവൻ പറഞ്ഞത് കേട്ടതായി ഭാവിക്കാതെ അവനെ നോക്കിക്കൊണ്ട് തെല്ല് സംശയത്തോടെ അവൾ തിരക്കി.

-ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾക്ക് കൂട്ടുകാരൊക്കെയുണ്ടോ? നിങ്ങൾക്ക് ആരോടും കൂട്ടൊന്നുമില്ലെന്നാണല്ലോ പറഞ്ഞു കേൾക്കുന്നത്?

– സൗഹൃദം എല്ലാവരോടും തോന്നുന്ന ഒന്നാണോ? അല്ല തന്നെ. ബസിലൊക്കെ ഇരിക്കുമ്പോൾ പുറത്ത് കാണുന്ന ചിലരോട് നമുക്ക് അകാരണമായി ഒരു ഇഷ്ടം തോന്നില്ലേ? അതേ പോലെ ചിലരോട് ഇഷ്ടക്കേടും തോന്നും. പിന്നീട് അവരെ ഒരിക്കലും കാണുക പോലുമില്ല. മനുഷ്യർക്കിടയിൽ അദൃശ്യമായ എന്തിന്റെയൊക്കെയോ വിനിമയം നടക്കുന്നുണ്ട്. ക്ലാസ് റൂമുകളിൽ ഒരു പാട് പേർ ഇല്ലാഞ്ഞിട്ടാണോ നമ്മൾ ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കളെ പെട്ടെന്നു തന്നെ കണ്ടെത്തി ഒന്നിച്ചിരിക്കുകയും ഒന്നിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നത്? അവർ തന്നെ പിന്നീട് നമ്മുടെ കൂടെ പോരുന്നതേയില്ല. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമൊക്കെ ഒപ്പം പഠിച്ച കുട്ടികളെ എല്ലാവരെയുമൊന്നും നമുക്ക് ഇപ്പോൾ ഓർമ്മ തന്നെ കാണില്ല. സൗഹൃദത്തിന്റെ ബുക്ക് എന്ന് പറയുന്ന എഫ്.ബിയിൽ തന്നെ എത്ര പേരെ നമുക്ക് അറിയാം? ചിലരോടൊക്കെ സൗഹൃദം ചോദിച്ചാൽ അവർ സോറി, താങ്കളെ അറിയില്ല എന്നൊക്കെ മെസേജ് അയച്ചാൽ അവരുടെ സുഹൃത്തുക്കളെ വെറുതെ ചെന്നു നോക്കി കുറെ സെലിബ്രിറ്റികളെ കണ്ടാൽ അവരെയൊക്കെ നേരിട്ട് അറിയുമായിരിക്കുമോ എന്ന് അത്ഭുതം കൂറി ഒരു ഇരിപ്പിരുന്നു പോകാറില്ലേ? അത്രയൊക്കെ തന്നെയാണ് സൗഹൃദം. കാലത്തിനൊത്ത് പല തരത്തിലുള്ള മാറ്റം വരുന്ന എന്തോ ഒന്ന്. അല്ലാതെന്ത്? ചിലരത് ആഘോഷിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു. എന്നെ പോലുള്ളവർ മറ്റുള്ളവരോടുള്ള സൗഹൃദങ്ങൾ അത്രയൊന്നും പുറത്ത് കാണിക്കാതെ ഒതുങ്ങിക്കൂടുന്നു. പ്രകടന പരതകൾക്കൊന്നും നിൽക്കാതെ സൗഹൃദങ്ങൾ സ്വകാര്യമായി കൊണ്ടു നടക്കുന്നു.

– നിങ്ങൾ എന്തിനാണ് ഇത്രമാത്രം ഒതുങ്ങിക്കഴിയുന്നത്?

– ചില സിനിമയിലൊക്കെ നായികയോ നായകനോ തീവണ്ടിയുടെ വാതിലിനരികെ നിന്നു കൊണ്ട് ആ സിനിമയിലേക്ക് ആദ്യമായി വരുന്ന സീൻ കാണിക്കില്ലേ? നമ്മളൊക്കെ എന്തുമാത്രം തീവണ്ടിയിലൊക്കെ പോകുന്നു. എവിടെ നിന്നൊക്കെ തീവണ്ടിയിൽ കയറുന്നു. തീവണ്ടിയിൽ നിന്നും എവിടെയൊക്കെ ഇറങ്ങുന്നു. നമ്മൾ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് അതുപോലെ ഒരു സിനിമയിലായാൽ നമ്മളുമായി അതുപോലെ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ. ക്യാമറ അതുവരെ ആരുമല്ലായിരുന്ന നമ്മളെ ആരൊക്കെയോ ആക്കുന്നു. ഈ കാറിലെ നിന്റെയും എന്റെയും ഇപ്പോഴുള്ള അവസ്ഥ ആകെ മൊത്തം ക്യാമറയിലാക്കിയാൽ നീയും ഞാനും താരമായി. അല്ലേ? അങ്ങനെയല്ലേ?

– അരിയെത്ര? പറയറഞ്ഞാഴി.

-ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.

അവൻ മെല്ലെ കാർ റോഡിലേക്ക് കയറ്റി വന്ന വഴിയേ ഓടിക്കാൻ തുടങ്ങി. അവൾ ഒന്നും പറയാതെ മുന്നിലെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോൾ രണ്ട് നായകൾ ഇടവഴിയിൽ നിന്നും റോഡിലേക്ക് ശബ്ദബഹളമൊക്കെ തീർത്തു കൊണ്ട് ഇണ ചേർന്ന നിലയിൽ കാറിന്റെ മുന്നിലേക്ക് എത്തി. അതു കണ്ട് പൊടുന്നനെ കാർ ബ്രേക്കിട്ട് നിർത്തി നായകൾ മുന്നിൽ നിന്നും ഓരത്തേക്ക് മാറിപ്പോകാൻ കാത്തിരിക്കെ അവൻ തെല്ല് സാവകാശം അവളോട് പറഞ്ഞു.

-സോറി.

അവൻ പറഞ്ഞത് കേട്ടിട്ടും കേട്ടില്ല എന്ന മട്ടിൽ മുന്നിലേക്ക് നോക്കുകയും തെല്ല് കഴിഞ്ഞ് അവൻ തന്നെയല്ല നോക്കുന്നത് എന്ന് ഉറപ്പിച്ച് അവനറിയാതെ എന്നവണ്ണം തെല്ലൊരു കൗതുകത്തോടെ അവനെ അവൾ തല തിരിച്ച് നോക്കി. ആയത് അവൻ കണ്ടേക്കുമോ എന്ന വിചാരത്താൽ അലസമായി മറ്റിടങ്ങളിലേക്ക് സാവകാശം തല തിരിച്ച് പഴയ മട്ടിൽ അവൾ പുറത്തേക്ക് നോക്കി ഇരിപ്പായി. അവൾ ചെയ്യുന്നതെല്ലാം അവളെ നോക്കാതെ തന്നെ പക്ഷേ അവൻ ഊഹിച്ചെടുക്കുകയുണ്ടായി.

നായകൾ അപ്പോഴേക്കും എതിരെ വന്ന വാഹനത്തെ കണ്ട് പേടിയോടെ ബഹളം തീർത്ത് ഇടവഴിയിലേക്ക് തന്നെ കയറിപ്പോയിരുന്നു.

അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു.

– വണ്ടി തിരിച്ചോളൂ.

അവൻ പറഞ്ഞു.

– വേണ്ട.

-ഒരു കാലത്ത് എന്റെ ബാർബിയെ പോലും തൊടാൻ പേടിച്ച ആളല്ലേ ഇത്രയും ധൈര്യമൊക്കെ കാണിക്കുന്നത്. വണ്ടി തിരിച്ചോളൂ.

പിന്നെ അവൾ സ്റ്റിയറിംഗിൽ കൈ വെക്കുകയും കാർ തിരിക്കാൻ അവനോട് കണ്ണുകൾ കൊണ്ട് പറയുകയും ചെയ്തു.

– അപ്പോൾ അച്ഛൻ? അമ്മ? അപ്പൂപ്പൻ?

അവൾ പറഞ്ഞു.

– സാരമില്ല.

അവൻ കാറ് തിരിക്കവെ പൊടുന്നനെ യാതൊരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്തു. പൊൻവെയിലുള്ള മഴയായിരുന്നു അത്. മഴയിൽ കാറിന്റെ വൈപ്പർ അവർക്കു മുന്നിലെ ഗ്ലാസിൽ അർദ്ധവൃത്തങ്ങൾ വരക്കാൻ തുടങ്ങി.

അവൾ അവളോടു തന്നെ പതുക്കെ പറഞ്ഞു.

– മഴയും പൊൻവെയിലും. കൂട്ടിന് കാറ്റില്ല എന്നേയുള്ളൂ. സിനിമാപ്പാട്ടിൽ പറയും മട്ടിൽ കുറുക്കന്റെ കല്യാണത്തിന് പറ്റിയ ആകെ മൊത്തം ടോട്ടൽ അറ്റ് മോസ്ഫിയർ തന്നെ.

അവൾ പറഞ്ഞത് എന്തെന്ന് കേൾക്കാത്തതിനാൽ ആയത് വീണ്ടും പറയാൻ എന്ന വണ്ണം അവൻ ചോദിച്ചു.

– എന്താണ്?

അവൾ മുന്നിലെ ചില്ലുഗ്ലാസിലൂടെ വെറുതെ പുറത്തേക്ക് നോക്കിക്കൊണ്ട് നേരത്തെ പറഞ്ഞ അതേ മട്ടിൽ പതുക്കെ പറഞ്ഞു.

– ഒന്നുമില്ല. പിടിച്ചോണ്ട് പോകുകയാണെങ്കിൽ ഒന്ന് വേഗം ആകട്ടെ. കാറ് അങ്ങോട്ട് തിരിച്ച് ഇങ്ങോട്ട് തിരിച്ച് അവിടെയുമിവിടെയും സൈഡാക്കി ആളുകൾക്ക് സംശയം തോന്നിക്കാൻ നിൽക്കാതെ. നാട്ടുകാർ കൈയോടെ പിടിച്ചാൽ കാറിനകത്ത് കോളേജ് വിദ്യാർത്ഥിനിയും കാമുകനും അനാവശ്യം എന്നായിരിക്കും വാർത്ത.

-അനാവശ്യോ?

-എല്ലാ വാക്കും എല്ലാവരോടുമൊന്നും പറയാൻ പറ്റില്ല. മനസ്സിലായിട്ടും മനസ്സിലാകാത്ത മട്ട് നടിക്കാതെ. പട്ടാപ്പകൽ കോഴിയെ മോഷ്ടിക്കാൻ ഇറങ്ങിയിരിക്കുന്ന കുറുക്കന് കോഴിയുടെ കാര്യത്തിൽ എന്ത് നാടൻ കോഴി, എന്ത് ഫാഷൻ കോഴി! ആളുകളുടെ കൂട്ടത്തിൽ കൂടാത്ത തനിക്കുറുക്കനാണ് നിങ്ങൾ. നിങ്ങൾക്ക് അതൊന്നും ഒരു വിഷയമേ ആകില്ല. നാട്ടുകാർക്ക് അച്ഛനെയും അപ്പൂപ്പനെയുമൊക്കെ നല്ല പരിചയം കാണും. ഒളിച്ചോട്ടം എന്നാലും പറഞ്ഞു നിൽക്കാം. അനാവശ്യം അത്തരത്തിൽ പറഞ്ഞു നിൽക്കാനൊന്നും പറ്റില്ല. കൂടുതൽ ഭ്രാന്തിനും തമാശക്കും നിൽക്കാതെ. വേഗം ആകട്ടെ.

– തമാശയും പ്രണയവും സില്ലി സില്ലി കാര്യങ്ങൾ കൊണ്ട് മെനഞ്ഞെടുക്കാൻ കഴിയുന്ന കാര്യങ്ങളല്ലേ? ആലോചിച്ചാൽ വലിയ വിഡ്ഢിത്തങ്ങളുമാണവ. വിഡ്ഢിത്തം പറയാതെ, ഡോണ്ട് അട്ടർ നോൺ സെൻസ് എന്നൊക്കെ കേൾക്കുന്നയാൾ പറഞ്ഞാൽ പൂത്തുലയാതെ ചീറ്റിപ്പോകുന്ന പൂക്കുറ്റി പോലെയാകും തമാശ. കുട്ടിക്കാലത്ത് നിറഞ്ഞു ചിരിച്ചതു പോലെ സർക്കസിലെ കോമാളികളുടെ കളികൾ വലുതായാൽ ചിരിപ്പിക്കുകയേയില്ല. കുട്ടികൾ പക്ഷേ ഇക്കാലവും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നത് കാണാം. അത് കാണുമ്പോൾ കുട്ടിത്തം വിട്ടു പോയല്ലോ എന്ന് തോന്നും. പ്രണയവും ഏതാണ്ട് അത്തരത്തിൽ ഒക്കെ തന്നെ. പ്രണയിക്കുന്നവർ എത്ര സമയങ്ങളാണ് യാത്രയിലും മറ്റും പരസ്പരം പലതും പറയുന്നത്. പരിചയക്കാർ ബസിലൊക്കെ വെച്ച് സംസാരിക്കുമ്പോൾ എപ്പോഴോ ഒരു നിർത്തൽ വരും. ഇനിയെന്തെങ്കിലും പറഞ്ഞാലോ എന്ന് മനസ്സിൽ തോന്നുമ്പോഴും പിന്നീട് ഒന്നും പറയില്ല. സ്ത്രീകൾ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ അത്തരത്തിൽ ഉണ്ടാകില്ലായിരിക്കാം. പുരുഷൻമാരുടെ കാര്യത്തിൽ അത്തരത്തിൽ ഒന്നുണ്ട്. പ്രണയത്തിലും കുറെ വർഷങ്ങൾക്ക് ശേഷം എപ്പോഴോ സംസാരത്തിൽ ഒരു നിർത്തൽ വരും. യാത്രയിലൊക്കെ ഭാര്യാഭർത്താക്കൻമാരെ കണ്ടിട്ടില്ലേ? ആദ്യനാളുകളിലൊക്കെ പരസ്പരം ധാരാളം സംസാരിച്ചവർ പിന്നീട് ആവശ്യത്തിന് മാത്രം എപ്പോഴോ എവിടെയോ വെച്ച് സംസാരിക്കാൻ തുടങ്ങും.

അവൾ അവനെ നോക്കി തമാശ രൂപേണ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.

– അങ്ങയെ ഈയുള്ളവൾ സമ്മതിച്ചിരിക്കുന്നു. അങ്ങയുടെ പ്രണയ സങ്കല്പം കയ്പക്ക കൊണ്ട് പ്രഥമൻ വെച്ചതു പോലുണ്ട്.

– ഏതെങ്കിലും സങ്കല്പങ്ങളെ തള്ളിപ്പറഞ്ഞതൊന്നുമല്ല. പ്രണയിക്കപ്പെടുക എന്നാൽ അംഗീകരിക്കപ്പെടുക എന്നതു പോലെ എന്തോ ആണ്. എന്തെങ്കിലുമൊക്കെ ചെയ്താൽ പുറത്തൊക്കെ തട്ടി നന്നായിട്ടുണ്ടെടോ എന്ന് ആരെങ്കിലുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് സന്തോഷം തോന്നില്ലേ? പ്രണയം അതിന്റെ മറ്റൊരു തലത്തിലുള്ള എക്സ്റ്റെന്റഡ് വേർഷനാണ്.

തെല്ലുനേരം പരസ്പരം ഒന്നും പറയാതെ കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ അവൻ ചോദിച്ചു.

– കുറച്ച് മുമ്പ് സംഗീതം പഠിക്കായിരുന്നില്ലേ എന്ന് ചോദിച്ചില്ലേ? അത്യാവശ്യം മുഖർശംഖ് വായിക്കാൻ അറിയാം. ഒരു ദിവസം ഒരു കച്ചേരി കേട്ടുകൊണ്ടിരിക്കെ പൊടുന്നനെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ മുഖർശംഖ് വായിക്കാൻ തുടങ്ങി. അതുവരെ എവിടെയും കാണാതെയിരുന്ന സംഗീത ഉപകരണം. എന്തുമാത്രം ശ്രദ്ധേയമായ ശബ്ദം. അതു വരെ ഒളിച്ചിരുന്ന ഒരാളെ കണ്ടുകിട്ടിയത് പോലെ എനിക്ക് തോന്നി. പിന്നെ രാജസ്ഥാൻ ഫോക്‌ മ്യൂസിക്കും ജുഗൽബന്ദികളുമൊക്കെ കണ്ട് മുഖർ ശംഖിനോട് കൂടുതൽ താല്പര്യം തോന്നി. ഈയടുത്ത് പഠിക്കാൻ തുടങ്ങിയതാണ്. അതിന് തബല, വയലിൻ, ഗിറ്റാർ, ജാസ് ഒക്കെ പോലുള്ള മറ്റെന്ത് സംഗീത ഉപകരണങ്ങളെ പോലെ അത്രയൊന്നും പുറമേ കാണും വിധം ശ്രദ്ധ കിട്ടാറില്ല എന്നേയുള്ളു. സംഗതി നന്നേ ചെറുതല്ലേ? എങ്കിലും മോർസിങ്ങിന്റെ ശബ്ദം കേൾക്കാൻ തുടങ്ങിയാൽ കൂട്ടത്തിൽ മറ്റെന്ത് സംഗീത ഉപകരണങ്ങൾ വായിക്കുന്നവരെയും വിട്ട് കാണികൾ അത് ചെയ്യുന്നവരെ മാത്രം നോക്കുന്ന അവസ്ഥയുമുണ്ട്. കേൾക്കണോ?

അവൾ അത്ഭുതത്തോടെ നോക്കവേ അവൻ കാർ സൈഡിലേക്ക് ഒതുക്കി പിൻസീറ്റിലേക്ക് കൈ നീട്ടി ബാഗെടുത്ത് സിബ്ബ് വലിച്ചു തുറന്ന് മുഖർശംഖ് എടുത്ത് ചുണ്ടുകൾക്ക് ഇടയിലേക്ക് വെച്ച് കൈ ചലിപ്പിക്കാൻ തുടങ്ങി. തകധിമി തകജുനു തകധിമി തകജുനു എന്നത് അവൻ അവൾക്ക് മോർസിങ്ങിൽ രണ്ടു മൂന്നു തവണ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അവൾ ഒരു സാധാരണ കാര്യം കേൾക്കുന്നത് പോലെ നടിക്കുന്നത് കണ്ട് ഒരു രാജസ്ഥാൻ നാടോടി സംഗീതഞ്ജനെ പോലെ അവൻ മോർസിങ്ങിൽ സംഗീതം പൊഴിക്കാൻ തുടങ്ങി.

തെല്ല് അത്ഭുതം തോന്നിയെങ്കിലും ആയത് പുറത്ത് കാട്ടാതെ അവൾ പറഞ്ഞു.

– അസ്സല് നൊസ്സ് തന്നെ. നൊസ്സ്.

– മുഖർശംഖ് വായിക്കുന്നതിൽ എന്താണ് നൊസ്സ്? നീയും വേണമെങ്കിൽ വായിച്ചു നോക്കിക്കോളൂ.

അവൻ മുഖർശംഖ് അവൾക്ക് നേരെ നീട്ടി. അവൾ വാങ്ങുന്നില്ലെന്ന് കണ്ട് അരികിലായി സീറ്റിൽ വെച്ചു. അതു കണ്ട് അവൾ വലതുകൈയാൽ മുഖർശംഖ് അവന്റെ അടുത്തേക്ക് നീക്കിക്കൊണ്ട് പറഞ്ഞു.

-നിങ്ങൾ വായിലിട്ട സാധനോ? ഏയ് എനിക്ക് വേണ്ട.

അവൻ പൊടുന്നനെ അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ച് അവളുടെ കീഴ്ചുണ്ട് കടിച്ചു പിടിച്ച് അവളുടെ മേൽച്ചുണ്ടിന്റെ അരികിൽ ഇടക്ക് തൊട്ടും തൊടാതെയും വലതുകൈയുടെ ചൂണ്ടുവിരലാൽ മുഖർശംഖ് പോലെ തെല്ല് നേരം മീട്ടി. ചുണ്ടുകൾ വിട്ടുകിട്ടിയപ്പോൾ അവനിൽ നിന്നും മാറി തന്റെ പഴയ സ്ഥാനത്തേക്ക് തന്നെ ഇരിക്കവേ അവൻ അത്തരത്തിൽ തന്നെ ചെയ്തത് ആരെങ്കിലും കണ്ടോ എന്ന് അവൾ തെല്ല് പരിഭ്രമത്തോടെ ചുറ്റും നോക്കി.

കാർ വീണ്ടും നീങ്ങിത്തുടങ്ങവേ അവർ ഇരുവരും തമ്മിൽ തമ്മിൽ യാതൊന്നും മിണ്ടാതായി. കുറച്ച് ദൂരം താണ്ടിയപ്പോൾ എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നു കരുതി മാത്രം അവൻ പറഞ്ഞു തുടങ്ങി.

– പണ്ട്…..

അവൾ സ്റ്റിയറിങ്ങിന്റെ മുകളിലേക്ക് അവന്റെ ശ്രദ്ധയിലേക്ക് കൈ നീട്ടി ധൃതിയിൽ ഇടപെട്ടു.

-നിർത്ത്ട്ടോ ഓൾഡ് നൊസ്റ്റാൾജിക് ബിറ്റർ സ്റ്റോറീസ്. ആർക്കുമാർക്കും ഹിപ്പോപ്പൊട്ടാമസിനെ പോലെ തോന്നുമ്പോഴൊക്കെയും നൊസ്റ്റാൾജിയയിൽ ചെന്ന് മുങ്ങിക്കിടക്കേണ്ട കാര്യമൊന്നുമില്ല. ഇടക്ക് എഫ്.ബീ ലെ കാര്യം പറഞ്ഞ ആളല്ലേ?എഫ്.ബീലൊക്കെ കാണും മട്ടിൽ ഇങ്ങളിതെന്ത് ബെറ്പ്പിക്കലാണെന്ന് എന്നെ കൊണ്ട് പറേപ്പിക്കര്ത്. അതൊക്കെ എഴുത്തിൽ അവരവരുടെ ഇഷ്ടം പോലെ എത്ര വേണമെങ്കിലും ആയിക്കോളൂ. എന്തിന് എന്ന് എനിക്കു തന്നെ അത്രയൊന്നും ബോധ്യമാകാത്ത കാര്യങ്ങളുടെ പുറത്ത് വീടും വീട്ടുകാരെയും വിട്ട് ഇറങ്ങി പോരുന്ന ആളാണെന്ന തോന്നിച്ച എപ്പോഴും കൂടെ വേണം.

അവൻ അതുകേട്ട് ചോദിച്ചു.

– തിരിച്ചു കൊണ്ടാക്കട്ടെ?

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു.

-എന്തിന്? നിങ്ങൾക്കും കാണില്ലേ കൊച്ചു കൊച്ചു ജയങ്ങൾ ആഗ്രഹിക്കുന്ന മനസ്സ്. എന്നെ കൊണ്ട് അത് സാധിക്കുമെങ്കിൽ ഞാനെന്തിന് നിങ്ങളുടെ മനസ്സിന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കണം?

അപ്പോൾ അതിലെ വന്ന ഒരു ബൈക്കുകാരൻ മുന്നോട്ട് ചാഞ്ഞ് അവനോട് ചില ആംഗ്യങ്ങൾ കാട്ടി. അവൻ അതു കണ്ട് അവളോട് തിരക്കി.

– എന്താ അയാൾ പറയുന്നത്?

-ചെക്കിങ്ങ് ഉണ്ടത്രേ.

അവൻ പെട്ടെന്ന് കാർ അടുത്തു കണ്ട ഇടവഴിയിലേക്ക് കയറ്റി പിറകോട്ട് എടുക്കാൻ തുടങ്ങി. അതു കണ്ട് അവൾ തിരക്കി.

-ചെക്കിങ്ങ് ഉള്ളതിന് എന്തിനാണ് ബേജാറാകുന്നത്? കൂടെ വരാം എന്ന് ഞാൻ സമ്മതിച്ചല്ലോ. പിന്നെന്താ?

– അതൊന്നുമല്ല.

-പിന്നെ?

-എനിക്ക് ഡ്രൈവിങ്ങ് ലൈസൻസ് ഇല്ല. കുറച്ചു ദിവസം മുമ്പ് എച്ചൊക്കെ എഴുതി ലെവലായതേയുള്ളൂ.

– ലേണേഴ്സും ഇല്ലേ?

– അപ്ലൈ ചെയ്യാൻ പോകുന്നതേയുള്ളൂ.

– നല്ല ആളാണ്. ഇങ്ങോട്ട് മാറിക്കേ. ലൈസൻസൊന്നുമില്ലാതെ പെണ്ണിനെ മോഷ്ടിക്കാൻ ഇറങ്ങിയിരിക്കുന്നു.

അവൾ അതും പറഞ്ഞ് അവന്റെ കൈ പിടിച്ച് അടുത്തേക്ക് വലിച്ച് അവനെ മറികടന്ന് ഡ്രൈവിങ്ങ് സീറ്റിലേക്ക് മാറി.

അവൻ ചോദിച്ചു.

– നിനക്ക് ഡ്രൈവിങ്ങ് ലൈസൻസുണ്ടോ?

കാർ മുന്നോട്ട് നീക്കിക്കൊണ്ട് പഴയ പടിയാക്കുനതിന് ഇടയിൽ അവൾ അലസമായി ചോദിച്ചു.

– ഉണ്ടെങ്കിൽ? ഇല്ലെങ്കിൽ?

അവൻ പറഞ്ഞു.

– ഒന്നുമില്ല. വെറുതെ ചോദിച്ചു എന്നേയുള്ളൂ.

അവൾ മറുപടി പറയാതെ കാർ മുന്നോട്ട് എടുക്കുകയും ചെക്കിങ്ങ് നടക്കുന്ന സ്ഥലം കഴിഞ്ഞപ്പോൾ കൈ നീട്ടി സ്റ്റീരിയോ ഓണാക്കുകയും ചെയ്തു. അതോടെ കാറിനകത്ത് സംഗീതത്തിൻ്റെ ഇളംതെന്നൽ വീശാൻ തുടങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കഥ , കൊള്ളാം .. വായിക്കാൻ രസമുണ്ട് .വളരെ വളരെ നീണ്ടു പോയി .. നായകന്റെ ആത്മ സംഘർഷങ്ങൾ മുഴുവൻ പറയാനൊരു ശ്രമം … കഥാർസിസ് …!

LEAVE A REPLY

Please enter your comment!
Please enter your name here