ലേഖനം
ഷഹീർ പുളിക്കൽ
നിങ്ങള്‍ മരണത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതിനാൽ, നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കാറില്ലേ ?.
അതിനെക്കുറിച്ചുള് ചിന്തകള്‍ എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതെന്റെ ഭാര്യയും മക്കളും കാരണമാണ്. ഞാന്‍ ദഹിപ്പിക്കപ്പെടും, അത്രമാത്രം. അത് ശവസംസ്കാരത്തിന്റെ ഒമ്പതുദിനങ്ങള്‍ എന്ന കഥയിലെ വല്യമ്മയുടെ ശവസംസ്കാരത്തിനു സമാനമായിരിക്കും എന്റേതുമെന്ന് നിർഭാഗ്യവശാൽ എനിക്കറിയാം. രാഷ്ട്രപതിയും സുപ്രീം കോടതിയും പോപ്പും ഇതുവരെ ഉണ്ടായിട്ടള്ളതോ ഇനി ഉണ്ടാകാന്‍ പോകുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ദേശിയരാജ്ഞികളും അവിടെ സന്നിഹിതരായിരിക്കും.
ഇതിഹാസനായ മാർക്കേസിനോട് ഒരഭിമുഖത്തിനിടെ ചോദ്യകര്‍ത്താവ് മരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ പ്രിയതമയായ മേഴ്സിഡസിലേക്കും മക്കളായ ഗോണ്‍സാലോയിലേക്കും റോഡ്രിഗോയിലേക്കും ഉള്‍വലിയുകയാണുണ്ടായത്. ബോര്‍ഹസും ഇസബെല്‍ അലാന്‍ഡ്വെയും നിറഞ്ഞാടിയ അതേ മാജിക്കല്‍ റിയലിസത്തെ ഭൂമിപ്പിച്ചാണ് ഗ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ പൂമുഖത്ത് ചാരുകസേര വലിച്ചിട്ടിരുന്നത്.
എനിക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ഞാന്‍ എഴുതാറുള്ളതെന്ന് പറഞ്ഞതിലൂടെ മാര്‍ക്കേസ് പ്രതിവചിച്ചത് മറ്റൊന്നായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മിക്കപ്പോഴും മറ്റു രാജ്യങ്ങളിലെയും ദേശങ്ങളിലെയും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് പറയാതെ പറയുകയായിരുന്നു മാർക്കേസ്. കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളെ മനസ്സുകൊണ്ട് വ്യാഖ്യാനിക്കാനോ ബുദ്ധികൊണ്ട് സ്ഥിരപ്പെടുത്താനോ കഴിയില്ലെന്നും മാര്‍ക്കേസ് തന്റെ എഴുത്തുകളിലൂടെ നിരന്തരം അടിവരയിടുന്നു.
നിയമവിദ്യാര്‍ത്ഥിയായിരിക്കേ ഇരുപതാം വയസ്സിലാണ് കാഫ്‌കയാല്‍ വഴിപിഴച്ച മാർക്കേസ് എഴുത്തില്‍ വിശ്വസിക്കുന്നത്. അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന എഴുത്തുകാരന്‍ ആദ്യകാലത്ത് മാധ്യമപ്രവര്‍ത്തകന്റെ വേഷമണിഞ്ഞാണ് ജീവിതം മുന്നോട്ടു തള്ളിനീക്കികൊണ്ടിരുന്നത്.
ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും മാർക്കേസും
ബോര്‍ഹസ് വരച്ച ചിത്രത്തെ ഒന്നുകൂടി മനോഹരമാക്കുകയാണ് ഇസബെല്‍ അലാന്‍ഡെ ചെയ്തത്. എന്നാല്‍ അപ്പോഴേക്കും ലാറ്റിന്‍ അമേരിക്കൻ സാഹിത്യത്തിന്റെ ചുമരുകളില്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച അത്യന്തം സുന്ദരമായ ചിത്രം മാര്‍ക്കേസ് വരച്ചുകഴിഞ്ഞിരുന്നു. ലാറ്റിന്‍ അമേരിക്കൻ സാഹിത്യത്തില്‍ പൊതുവേ മറഞ്ഞുകിടക്കുന്ന നാടോടിക്കഥകളെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ ബോര്‍ഹസിനും മാര്‍ക്കേസിനും കഴിഞ്ഞിട്ടുണ്ട്. തന്റെ മുത്തച്ഛന്റെ കരംപിടിച്ചാണ് ഏകാന്തതയുടെ നൂറു വർഷങ്ങളിൽ മാര്‍ക്കേസ് വായനക്കാര്‍ക്കു മുന്നില്‍ നടക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയിലും യൂറോപ്പിലുമുണ്ടായ ഗദ്യസാഹിത്യത്തിലെ വിപ്ലവങ്ങളുടെ വേഗതയെപ്പോലും തറ പറ്റിച്ചാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകസാഹിത്യത്തിന്റെ നെറുകയിലേക്ക് കുതിച്ചത്.
ആഭ്യന്തരയുദ്ധങ്ങളും കൊളോണിയലിസവും മാര്‍ക്കേസ് ഉഴുതുമറിച്ചിട്ട ഒരു നിലമായി കണ്ടു, അവിടെ കാമവും പ്രണയവും പകയും വിതച്ചു. പിന്നീട് ബുവണ്ടിയ കുടുംബത്തിലെ ഏഴു തലമുറകളെ അവിടേക്ക് അഴിച്ചുവിട്ട് അദ്ദേഹം ഒരു മായാപ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചു. മക്കോണ്ടയായി മാര്‍ക്കേസ് കണ്ടത് താന്‍ ബാല്യം ചിലവഴിച്ച അരക്കാറ്റയായിരുന്നു. ഏകാന്തതയുടെ നൂറു വർഷങ്ങളിലെ കേണല്‍ അറീലിയാനോ ബുവണ്ടിയയായി മാര്‍ക്കേസ് സങ്കല്പിച്ചത് സ്വന്തം മുത്തച്ഛനായ കേണല്‍ നിക്കോളാസ് മാര്‍ക്കേസിനെയും. അകലെ ഏതോ ദേശത്ത് വിഹരിച്ചിരുന്ന മനുഷ്യരെ കോരിയെടുത്ത് കടലാസിലേക്ക്
പകർത്തുകയല്ല അദ്ദേഹം ചെയ്തത്. സ്വന്തം ജീവിതം തന്നെയാണ് മാർക്കേസ് പലയിടത്തും പകര്‍ത്തിയെഴുതിയത്.
സത്യത്തില്‍ മാജിക്കല്‍ റിയലിസത്തെ സാഹിത്യത്തിലെ ജനപ്രിയമായ ഒരു സങ്കേതമാക്കി മാറ്റിയതില്‍ ലാറ്റിന്‍ അമേരിക്കൻ സാഹിത്യകാരന്മാര്‍ക്കും വിശിഷ്യാ ഗബ്രിയേൽ ഗാര്‍ഷ്യ മാർക്കേസിനും വലിയ പങ്കുണ്ട്. ഉന്മാദത്തിന്റെ പരിസരം സൃഷ്ടിച്ച ശേഷം ഒരു മായിക പ്രപഞ്ചത്തിലേക്ക് വായനക്കാരെ ഇറക്കിവിടുകയായിരുന്നു അവരെല്ലാം ചെയ്തത്. വിശ്വാസയോഗ്യമായ കാര്യങ്ങളെ ഒപ്പംനിര്‍ത്തി വിശ്വസിക്കാന്‍ കഴിയാത്തതും എന്നാല്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കൊണ്ട് മാര്‍ക്കേസ് മക്കോണ്ടയെ രൂപപ്പെടുത്തി. പിന്നീട് തന്റെ മുത്തച്ഛനിലൂടെ, എന്നാല്‍ നോവലില്‍ മുത്തച്ഛന്റെ സ്വത്വത്തെ മാറ്റിമറിച്ച ശേഷം അദ്ദേഹം വായനക്കാരേയും നിരൂപകരേയും നിരന്തരം അത്ഭുതപ്പെടുത്തി. ഒരു സ്വപ്നലോകത്തിരുന്നു കൊണ്ടല്ല മാര്‍ക്കേസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിതീര്‍ത്തത്. ഭാവനകളും സങ്കല്‍പങ്ങളും സമന്വയിച്ച വിഭ്രമാത്മകതയുടെ അതിവിശാലമായ എഴുത്തുമുറിയാണ് മാര്‍ക്കേസിന് വെളിച്ചമായത്. കേവലം ഭൂപടത്തില്‍ ഇല്ലാത്തൊരിടത്തെ രചനയില്‍ ആവിഷ്കരിക്കുന്നതു കൊണ്ടുമാത്രം അത് റിയലിസമോ മാജിക്കല്‍ റിയലിസമോ ആകുന്നില്ല. മാന്ത്രികന്റെ വിരലുകള്‍ക്കിടയില്‍ തുള്ളിക്കളിക്കുന്ന ജാലവിദ്യകള്‍ സാധാരണ മനുഷ്യര്‍ക്ക് വശപ്പെടുമ്പോള്‍, മായാലോകത്തെയും ഐതിഹ്യപുരണങ്ങളിലെയും അത്ഭുതകരവും നമ്മെ സ്തംഭിപ്പിക്കുന്നതുമായ കാര്യങ്ങള്‍ രചനയിലെ പരിസരങ്ങളിലും സംഭവിക്കുമ്പോള്‍ അത് മാജിക്കല്‍ റിയലിസമാകുന്നു. ഇതേ രീതി തന്നെയാണ് മാര്‍ക്കേസും ബോര്‍ഹസുമെല്ലാം പരീക്ഷിച്ചതും വിജയമാക്കിയതും.
മേഴ്സിഡസിന്റെ ഗാബോ; മക്കളുടെയും
2014-ല്‍ എണ്‍പത്തിയേഴാം വയസ്സില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് നിത്യതയെ പുല്‍കുമ്പോള്‍ അമ്പത്താറു വര്‍ഷം നീണ്ടുനിന്ന മേഴ്‌സിഡസുമായുള്ള ദാമ്പത്യത്തിനു കൂടിയാണ് അന്ത്യമായത്. ഒരിക്കല്‍ മാര്‍ക്കേസ് പറഞ്ഞതുപോലെ മേഴ്‌സിഡസ് ചൊരിഞ്ഞ അര്‍പ്പണത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ആകത്തുകയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് എന്ന ലോകോത്തര സാഹിത്യകാരന്‍. മാര്‍ക്കേസിന്റെ ജീവിതത്തില്‍ ഒരു താങ്ങായും തണലായും പ്രവര്‍ത്തിച്ച ഒരാളായിരുന്നില്ല അവര്‍, യഥാര്‍ത്ഥത്തില്‍ പ്രഹേളികയുടെ പുറകില്‍ മാര്‍ക്കേസ് എന്ന വാഹനത്തിന്റെ ചക്രങ്ങളായും ഇന്ധനമായും ഒരേസമയം വര്‍ത്തിച്ച അതിമാനുഷകതയുടെ പേരായിരുന്നു മേഴ്‌സിഡസ്.
ദൈവത്തില്‍ വിശ്വാസമില്ലാതിരുന്നപ്പോഴും താൻ ദൈവത്തെ ഭയക്കുന്നെന്ന് മാർക്കേസ് ആര്‍ജ്ജവത്തോടെ തന്നെ പറഞ്ഞു. സങ്കല്‍പങ്ങളുടെയും ഭാവനകളുടെയും അതിവിസ്തൃതമായ ലോകത്ത് സ്വയം മറന്ന് തൂലികയുടെ നാമ്പില്‍പിടിച്ച് ചലിക്കുമ്പോഴും മാർക്കേസിനു പുറകില്‍ അദ്ദേഹത്തിന്റെ ചുമതലകളെല്ലാം മേഴ്‌സിഡസ് കൃത്യമായി നിര്‍വഹിച്ചു പോന്നു. ഒരുപക്ഷേ അവരുടെ ഇച്ഛാശക്തിയുടെ കൂടെ പിന്‍ബലത്തോടെയാണ് മാര്‍ക്കേസ് ഇന്നും നിത്യതയുടെ എഴുത്തുകാരനായി ജീവിക്കുന്നത്.
മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കൂടുതലായ വാര്‍ദ്ധക്യകാലത്ത് മേഴ്സിഡസിലും തന്റെ മക്കളായ ഗോണ്‍സാലോയിലും റോഡ്രിഗോയിലുമാണ് മാര്‍ക്കേസ് അഭയം തേടിയത്. കാമത്തെ ഒരു ഏകോന്മാദ വിഷയമാക്കിയപ്പോഴും ജീവിതത്തിലെ ഗാബോ എപ്പോഴും സൂക്ഷ്മത പുലര്‍ത്തി. ഇക്കാരണമായി ഒരിക്കല്‍ ബാഴ്സലോണയിലേക്കു സ്വയം പറിച്ചുനടപ്പെടുക വരെയുണ്ടായി.
തപിക്കുന്ന ഓര്‍മ്മകളെ തന്നോളം സ്‌നേഹിച്ചതുകൊണ്ടാകണം അവസാനകാലത്ത് മറവിരോഗം ബാധിച്ച് ബന്ധങ്ങളുടെ ഇടനാഴിയില്‍ അദ്ദേഹം ഉലഞ്ഞത്. ഓര്‍മ്മകള്‍ ക്ഷയിച്ചുതുടങ്ങിയ കാലത്ത് പ്രിയപ്പെട്ട മേഴ്‌സിഡസിനെപ്പോലും മറന്നുപോയി ഗാബോ. ഓര്‍മ്മകള്‍ കൊണ്ടാണ് മാര്‍ക്കേസ് മാജിക്കല്‍ റിയലിസം നെയ്തത്, മുത്തച്ഛന്റേയും അരക്കാറ്റയുടെയും സ്മരണകളിലാണ് മാര്‍ക്കേസ് അത്ഭുതം സൃഷ്ടിച്ചത്. അദ്ദേഹം ലാറ്റിന്‍ അമേരിക്കൻ സാഹിത്യത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയതത്രയും തന്റെ ജീവിതംതന്നെ പകര്‍ത്തികൊണ്ടായിരുന്നു.
പ്രസിദ്ധനായ കാലത്തും പ്രശസ്തനല്ലാതിരുന്ന കാലത്തും മാര്‍ക്കേസിന്റെ നിഴലായി മാറിയ മേഴ്സിഡസും മാര്‍ക്കേസിനോളം ആദരമര്‍ഹിക്കുന്നു. തന്റെ എണ്‍പത്തിയേഴാം വയസ്സില്‍, രണ്ടായിരത്തിയിരുപതില്‍ മാര്‍ക്കേസ് വിടപറഞ്ഞ അതേ എണ്‍പത്തിയേഴിലാണ് മേഴ്‌സിഡസും തന്റെ ജീവിതത്തിന് പൂര്‍ണ്ണവിരാമമിട്ടത്.
നിത്യതയുടെ എഴുത്തുകാരനായി മാര്‍ക്കേസ് അറിയപ്പെടും, വിഭ്രമാത്മകതയുടെ കാവല്‍ക്കാരനായി ലോകം അദ്ദേഹത്തെ വാഴ്ത്തികൊണ്ടിരിക്കും. കാലങ്ങളുടെ കണക്കുപുസ്തകത്തില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് വായനക്കാരുടെ ഗാബോയായി ഇനിയും ചെറുപ്പമായിക്കൊണ്ടിരിക്കും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.