വുഹാൻ പുകപ്പാടങ്ങൾ

0
523

കഥ
രാജേഷ് തെക്കിനിയേടത്ത്

ലുഒജിയ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് മീൻ നുറുക്കുകൾ വിൽക്കാനിറങ്ങിയ വുജിയോ വോങ്, മകൾ ലിൻഷോ വോങിനേയും കാത്ത് വീട്ടുപടിക്കൽ അല്പനേരം നിന്നു. തെളിച്ചമില്ലെങ്കിലും കൊയ്ത്തുകഴിഞ്ഞ ഗോതമ്പുവയൽ പുകയുന്നത് വീട്ടുമുറ്റത്ത് നിന്നാൽ കാണാം. ചർമമുരസി ഇക്കിളിപ്പെടുത്തുന്ന കാറ്റിന്റെ മൃദുസംഗീതം കൗതുകം പൂണ്ടതെങ്കിലും കുന്നിറക്കുകളിൽ പട്ടികൾ ഭ്രാന്തമായി കുരയ്ക്കുകയും, ചീവീടുകൾ പറ്റമായ് മുരളുന്നുമുണ്ടായിരുന്നു. കാലങ്ങൾക്കുശേഷമാണ് അങ്ങനെ ഒരു കുരയും ശബ്ദങ്ങളും ഒരുമിച്ച് കേൾക്കുന്നത്. വോങിനേ ശ്രദ്ധിച്ചു. കാന്റീൻ തുറക്കുന്നതിന് മുൻപേ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന ലുഒജിയ കുന്നുകൾ കയറണമെന്ന് കിടക്കുംമുൻപ് പറഞ്ഞുറപ്പിച്ചതായിരുന്നു. എന്നിട്ടും മകൾ ഇറങ്ങാൻ വൈകുന്നത് എന്തുകൊണ്ടാകുമെന്ന് വുജിയോ സംശയിച്ചു.
വീട്ടുപടിക്കൽ പന്തലിച്ചു നിൽക്കുന്ന ആഷ് മരത്തിന്റെ ചുവട്ടിൽ സ്കൂട്ടർ ചാരിവെച്ച് വുജിയോ വീടിനകത്തേക്ക് നടന്നു. പുതച്ചുകിടക്കുന്ന മകളുടെ അടുത്തിരുന്ന് അയാൾ മകളെ കുലുക്കിവിളിച്ചു.

“എനിക്കുവയ്യ ബാബ.”

തലയോടെ മൂടിയ പുതപ്പിന്റെ മറ നീക്കാതെയാണ് ലിൻഷോ ബാബയോട് സംസാരിച്ചത്. മകളുടെ ശരീരത്തിന് മാത്രമല്ല സംസാരത്തിലും വിറയൽ ഉണ്ടെന്ന് മനസിലാക്കിയ വുജിയോ ജിൻസെംഗ് ചെടിയുടെ ഇലകൾ തിളപ്പിച്ച് മകളെ ആവികൊള്ളിച്ചു. ഇല തിളപ്പിച്ചു വറ്റിച്ച കഷായം കുടിപ്പിച്ചു.

“കിടന്നോളു. ഇന്ന് ജോലിയെല്ലാം ബാബ നോക്കിക്കൊള്ളാം.” മകളെ പുതപ്പിക്കുന്നതിനിടെ വുജിയോ പറഞ്ഞു. അവൾ കൊച്ചുകുട്ടിയുടെ ദൈന്യതയോടെ ബാബയെ നോക്കി.

വെളുക്കാറായിട്ടും ലുഒജിയ കുന്നുകൾക്കുമുകളിൽ ഇരുട്ടും കോടമഞ്ഞും പുതച്ചുകിടക്കുന്നുണ്ടായിരുന്നു. നാട്ടുനിരത്തുകളിൽ മഞ്ഞുരുകി തളംകെട്ടിയിരുന്നു. കാറ്റ് വീശിയടിക്കുന്ന ചൂളംവിളിയല്ലാതെ മറ്റൊരൊച്ചയും അയാൾക്ക് കേൾക്കാൻ സാധിച്ചില്ല.വുഹാൻ മീൻചന്തയിൽ സുഹൃത്ത് ഹംഗിനോ ഷോൻ നുറുക്കിവെയ്ക്കുന്ന മീൻ കയറ്റിവേണം അയാൾക്ക് കുന്നുകൾ കയറുവാൻ. ചുറ്റുവട്ടത്തെ ഹോട്ടലുകളിലും വീടുകളിലും അവർ മീൻ എത്തിക്കുക പതിവുണ്ട്. മകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ ജോലികൾ എളുപ്പം തീരുമായിരുന്നു. ചന്തയിലേക്കുള്ള യാത്രക്കിടെ അയാൾ ചിന്തിച്ചു. ബാബയെക്കാൾ വേഗത്തിലോടുന്ന ലിൻഷോ, ഉച്ചക്ക് മുൻപ് എല്ലാം കൊണ്ടെത്തിക്കും. നുറുക്കി വാങ്ങുന്ന ക്ലാരിയാസ് മീനുകളിൽ മസാലപുരട്ടി വീടുകളിലും ക്യാന്റീനുകളിലും സപ്ലൈ ചെയ്യുന്നതാണ് വുജിയോയുടെ മകൾ ലിൻഷോയുടെ തൊഴിൽ. ഒന്നിനെയും പേടിയില്ലാത്ത ധൈര്യശാലിയായിരുന്നു അവൾ. മീൻകാരിയുടെ മുന്നിൽ ചന്തയിലെ ആണുങ്ങൾ അനുസരണയോടെ നിൽക്കും. എതിർക്കാൻ വരുന്നവർക്കു നേരെ തിരണ്ടിവാൽ ചുഴറ്റി ആക്രോശിക്കും. മന്‌ചു വംശത്തിൽ നിന്നായിരുന്നു ലിൻഷോയുടെ അമ്മയെന്ന സംസാരവും ചന്തയിൽ കേട്ടിരുന്നു. വുഹാനിൽ മന്‌ചു രാജ്യഭരണം തിരിച്ചു വരുമെന്നു കരുതി കാലം എണ്ണിത്തീർത്ത ഒരാൾ കൂടിയായിരുന്നു അവർ. അതിന്റെ ഒരു മിടുക്ക് മകൾക്കുണ്ടെന്ന്
ചന്തയ്ക്കുള്ളിലുള്ളവർ വിശ്വസിച്ചു.

മീൻനുറുക്ക് നിറച്ച കുട്ടയും പിടിച്ച് നിൽക്കുന്ന ഹംഗിനോയുടെ മുഖത്ത് ഒരു ഭയം ഉണ്ടായിരുന്നത് വുജിയോ ശ്രദ്ധിച്ചു. കണക്കേല്പിച്ച് രാത്രി പിരിയുന്നതുവരെ സന്തോഷത്തോടെ ഇരുന്ന ഒരാൾക്ക് എന്തുപറ്റിയെന്നായിരുന്നു വുജിയോയുടെ ചിന്ത.
“എന്തുപറ്റി നിനക്ക്.? സുഹൃത്തിന്റെ മുഖം പിടിച്ച് വുജിയ ചോദിച്ചു.

“ചന്തയിൽ ഒരു പനി പടരുന്നുണ്ട്. ചിലരൊക്കെ ശ്വാസംകിട്ടാതെ മരിച്ചെന്നാണ് കേൾക്കുന്നത്. വുഹാനിലുള്ളവർ ആരും അതിർത്തിവിട്ട് പുറത്തുപോകാനോ വരാനോ പാടില്ലത്രേ. ഉത്തരവാണ്.”

സുഹൃത്തിന്റെ സംസാരം കേട്ട് വുജിയോ ഒന്ന് ഭയന്നു. എങ്കിലും ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“ഒരു പനിക്കിത്ര ഭയക്കണോ .?”

ലാഘവത്തോടെയുള്ള സുഹൃത്തിന്റെ സംസാരം കേട്ട് വീട്ടിലുള്ളവർ പനിച്ചുകിടക്കുന്ന കാര്യം തല്ക്കാലം മിണ്ടിയില്ല. വെറുതെ എന്തിനാ കൂട്ടുകാരനെ ഭയപ്പെടുത്തുന്നത്.? ഹംഗിനോ ചിന്തിച്ചു.
ക്ലാരിയാസ് മീനുകൾ നുറുക്കിയ കുട്ട മസാല പുരട്ടാനായി ഒരു ഭാഗത്തേക്ക് നീക്കിവെച്ച് ഇരുവരും പതിവ് കുശലങ്ങളിലേക്ക് കടന്നു.

” ഇതിന് മുൻപും ചന്തയിൽ ഒരു പനി പടർന്നിട്ടുണ്ട്. ചുമയും, ശ്വാസമുട്ടും തുമ്മലുമുള്ള പനി. കുട്ടിയായിരിക്കുമ്പോൾ എത്രയോ തവണ മകളെ ആശുപത്രിയിൽ കൊണ്ടോടിയിട്ടുണ്ട്? അന്നൊക്കെ ശ്വാസംമുട്ടുമ്പോൾ നെബുലൈസ് ചെയ്താൽ തീരുന്ന ഒരു വിഷമം മാത്രമെ ഉണ്ടാകാറുള്ളു. രണ്ടു ദിവസംകൊണ്ട് പനിയും വിടും. അതിനിത്ര വേവലാതിപ്പെടാനുണ്ടോ?” മുൻകാലങ്ങളിലുണ്ടായിട്ടുള്ള അനുഭവങ്ങൾ വുജിയോ സുഹൃത്തിനോട് പങ്കുവെച്ചു.

മീൻ നിറച്ച കുട്ടകൾ സ്കൂട്ടറിനു പിറകിൽ കെട്ടിവെയ്ക്കുന്നതിനിടെ ലിൻഷോയ്ക്കും പനിക്കുന്നുണ്ടെന്ന് വുജിയോ കൂട്ടുകാരനോട് പറഞ്ഞു. ഒരു പല്ലിയുടെ ചിലപ്പ് കേട്ട് ഹംഗിനോ അവിടെയ്ക്ക് നോക്കിയതല്ലാതെ സുഹൃത്തിനോട് മറുപടിയൊന്നും പറഞ്ഞില്ല. ആ നിമിഷം ഇരമ്പിവന്ന ഒരു കാറ്റ് ചന്തയാകെ ഉലച്ച് കടന്നുപോയി. മകളുടെ അസുഖത്തെക്കുറിച്ച് കേട്ടിട്ടും ശ്രദ്ധിക്കാതെ നിൽക്കുന്ന സുഹൃത്തിനെ വുജിയോ സൂക്ഷിച്ചുനോക്കി. ഒരു ഭാവമാറ്റവും അയാളിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞ വുജിയോ അതിനെക്കുറിച്ച് സംസാരിക്കാൻ നിന്നില്ല.

ഇറച്ചിയും മീനും തൊലികളഞ്ഞ് നുറുക്കാൻ വരുന്നവരെ കാണാത്തതിന്റെ കാരണം വുജിയോ കൂട്ടുകാരനോട് ചോദിച്ചു. ഹംഗിനോ മിണ്ടിയില്ല. ക്ലാരിയാസ് മീനുകളും മാംസവും പച്ചക്കറികളും കയറ്റിവരുന്ന ലോറികളും ഇറക്കുതെഴിലാളികളും ഇല്ലാത്തത് അയാൾക്ക് പുതിയ അനുഭവമായിരുന്നു. കാര്യങ്ങൾ അധികം ഒന്നും വിവരിക്കാതെ നടന്നുതുടങ്ങിയ സുഹൃത്തിന്റെ പെരുമാറ്റം അയാളെ തെല്ലൊന്ന് അമ്പരപ്പിച്ചിരുന്നു. എങ്കിലും മീൻകുട്ടകൾ നിറച്ച സ്കൂട്ടർ ലുഒജിയ കുന്നുകൾ ലക്ഷ്യമിട്ട് പാഞ്ഞു.

ഹോസ്റ്റൽ അടച്ചെന്ന വിവരം കുന്നുകൾ കയറിയതിന് ശേഷമായിരുന്നു വുജിയോ അറിയുന്നത്. ഒരു കാവൽക്കരൻ അല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. കൊട്ടനിറച്ചുണ്ടായിരുന്ന മീൻ നുറുക്കുകൾ ഇനി എന്തുചെയ്യും എന്ന ചോദ്യം വുജിയോ കാവൽക്കാരനോട്‌ ചോദിച്ചു. എന്തുചെയ്യാൻ? അയാൾ കൈമലർത്തുന്നതുനോക്കി വുജിയോ ഒരു ദീർഘശ്വാസം പുറത്തേക്ക് വിട്ടു. കുന്നുകൾ തിരിച്ചിറങ്ങുന്നതിനിടെ ടയർ തെന്നി കുട്ടയടക്കം സ്കൂട്ടർ നിലത്തേക്ക് വീണു. ചുറ്റും ചിതറിക്കിടക്കുന്ന മീൻനുറുക്കുകൾ നോക്കി അയാൾ നിലവിളിക്കാൻ തുടങ്ങി. പെട്ടന്ന് കാറ്റ് നിലച്ച കുന്നുകളിൽ ഒരു മൗനം വന്നുനിറഞ്ഞു. കിളികളുടെ കലപിലകളും ഒഴിഞ്ഞുകഴിഞ്ഞിരുന്നു. ഒട്ടും പ്രസന്നമല്ലാത്ത ആകാശത്തിനും അലട്ടലുണ്ടെന്ന് തോന്നും. വുജിയോ ഒരു സഹതാപത്തോടെ ചുറ്റും ശ്രദ്ധിച്ചു. ഇങ്ങനെ ശാന്തമായൊരനുഭവം ആദ്യമായിട്ടായിരുന്നു അയാൾക്ക്.

“നമ്മുടെ നാടിന് എന്തുപറ്റി.?” വുജിയോ ചോദിച്ചു. കുന്നുകളുടെ തൊണ്ടയിൽ നിന്ന് കുതിച്ചുയർന്ന ഒരു കറ്റ് പെട്ടന്ന് അവിടെയാകെ ഉലച്ചു. വുജിയോ ചിരിച്ചു. അങ്ങനെവേണം ഈ കാലത്തെ നേരിടാൻ.
ആളൊഴിഞ്ഞ ചന്തയാണെങ്കിലും മണ്ണുപുരളാതെ ബാക്കിയുണ്ടായിരുന്ന മീൻ നുറുക്കുകൾ വുജിയോ നിരത്തിവെച്ചു. മീനിന്റെ ആവശ്യക്കാരായി ആരെങ്കിലും വരുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. രോഗം എത്ര മാരകമാണെങ്കിലും പട്ടിണികിടക്കാൻ മനുഷ്യന് സാധിക്കില്ലല്ലൊ?

ചന്തയുടെ അകത്തും പുറത്തും നിരീക്ഷണം നടത്തുന്ന പോലീസ് വാഹനങ്ങൾ തിരിച്ചു പോകുന്നതുവരെ വുജിയോ ഒരു മാലിന്യകൂമ്പാരത്തിലേക്ക് ഇറങ്ങിനിന്നു. നുറുക്കിവാങ്ങിയ മീനുകൾ എങ്ങനെയും വിൽക്കണം. അപ്രത്യക്ഷമായ ചന്തയും കേൾവിയില്ലാത്ത ആകാശവും നോക്കി അയാൾ ഗദ്ഗദം പറഞ്ഞു.
ചന്തയിൽ പനി കൊണ്ടുപോയ ആളുകളുടെ എണ്ണം എത്രയെന്ന് ആർക്കും അറിയില്ല. ഒന്നിനുപിറകേ ഒന്നായി രോഗികളെ കയറ്റിയ ആംബുലൻസുകൾ പോകുന്നുണ്ടായിരുന്നു. ആരും തിരിച്ചുവരുന്നില്ല എന്ന വാർത്തയും പരക്കെയുണ്ട്. വുജിയോ മകളെ ഒരിടത്ത് ഒളിപ്പിച്ചുവെച്ചു.

“വിട്ടുകൊടുക്കില്ല.” അയാൾ വിളിച്ചു പറഞ്ഞു.

ശ്വാസതടസ്സം ഉണ്ടെന്ന് ലിൻഷോ പറയുന്നുണ്ടെങ്കിലും വുജിയോ ചിരിച്ചു. “അതിജീവിക്കണം.” കൈ ചുരുട്ടിപിടിച്ചായിരുന്നു അയാൾ സംസാരിച്ചത്. ജിൻസെംഗ് ചെടിയുടെ ഇലകൾ തിളപ്പിച്ച് ഇടയ്ക്കിടെ ആവിപിടിപ്പിച്ചു. രാത്രിയിലെപ്പഴോ പനിവിട്ടെന്ന് ലിൻഷോ ബാബയോട് പറഞ്ഞു. അവളുടെ നെറ്റിയിലെ ചുളിവുകൾ അപ്പോൾ അപ്രത്യക്ഷമായിരുന്നു. വുജിയോ ശ്രദ്ധിച്ചു. “ആശ്വാസം.” എന്ന് പറയുകയും ചെയ്തു.

“ഇത് പുതിയ ഇനം പനിയാണ്. ചന്തയിലറുത്ത ഏതോ മൃഗത്തിൽ നിന്നാണ് മനുഷ്യനിലേക്ക് പടർന്നതെന്നാണ് കേൾക്കുന്നത്.” വുജിയോ തുടർന്നു. “മരണത്തെക്കുറിച്ചുള്ള ഭയം എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഹംഗിനോയും ഭാര്യയും മകനും പനിവന്ന് കിടപ്പിലാണ്. ആംബുലൻസ് വന്ന് അവരെ കൊണ്ടുപോയി. എവിടേക്ക് എന്ന് മാത്രം ആർക്കും അറിയില്ല. എല്ലാവരും മരിക്കുന്നുണ്ടാകും. കൂട്ടിയിട്ട് കത്തിക്കുന്നുണ്ടാകും.” ഒരു കരച്ചിലിൽ ആണ് വുജിയോ നിർത്തിയത്. ലിൻഷോ, ബാബയെ സമാധാനിപ്പിക്കാനൊന്നും ചെന്നില്ല. അമ്മയും സഹോദരനും അപകടത്തിൽ മരിച്ചതിൽപ്പിന്നെ ബാബ കരച്ചിൽ നിർത്തിയ നേരം കുറവായിരുന്നു. ചന്തയാണ് ബാബയ്ക്ക് എല്ലാം മറക്കാനുള്ള ഏക ആശ്രയം. അവധിദിവസങ്ങളിൽ വീട്ടിലിരുന്ന് ശ്വാസംമുട്ടി ഞെരിപിരികൊള്ളും. വലിയ കാറ്റോടുകൂടി ഉലയുന്ന ആഷ് മരത്തിന്റെ ചില്ലകൾ നോക്കിയിരിക്കും. ചുവന്നുകലങ്ങിയ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ലിൻഷോ കാണാറുണ്ട്.

ഉച്ചഭക്ഷണത്തിന് ശേഷം ബാബയ്ക്കും പനിക്കാൻ തുടങ്ങി. സന്ധ്യയായപ്പോൾ ശ്വാസംമുട്ടാനും തുടങ്ങി. അടുത്ത വീട്ടിൽ വിവരം ധരിപ്പിച്ച് ലിൻഷോ വരുമ്പോഴേക്കും ആംബുലൻസ് വീട്ടുപടിക്കൽ എത്തിയിരുന്നു. ശരീരം മുഴുവൻ ആവരണംകൊണ്ട് മൂടിക്കെട്ടി, ഹെൽമെറ്റ്‌ ധരിച്ച കുറച്ചുപേര് ബാബയെ പായയോടെ എടുത്തുകൊണ്ടുപോകുന്നത് കണ്ട് ഓടിയെത്തിയ ലിൻഷോയെ അവർ തടഞ്ഞു. അടച്ചുമൂടപ്പെട്ട ആംബുലൻസിന്റെ വാതിലിനു പിറകിൽ നിന്ന് അവൾ നിലവിളിച്ചു. അകന്നു പോകുന്ന തന്റെ വീട് വുജിയോ ഒരു തവണ എത്തിനോക്കി. ആഷ് മരത്തിനുകീഴിൽ മുഖം പൊത്തിയിരുന്ന് കരയുന്ന മകളെ കണ്ട് അയാളുടെ തൊണ്ടയിൽനിന്ന് തെറിച്ച തേങ്ങൽ പറഞ്ഞു.”എന്റെ മകൾക്ക് ആരുമില്ലാതായി.”

അമ്മയും അച്ഛനും സഹോദരനും താനും അടങ്ങുന്ന വലിയ വീട് ഒറ്റപ്പെട്ടു പോയത് നോക്കി ലിൻഷോ പിടഞ്ഞെഴുന്നേറ്റു. മനസ്സ് കായുമ്പോൾ ഇനി എന്തുവേണമെന്ന കലക്കം ഒരു നിമിഷം നിന്നില്ല. പുറത്ത് നിലാവെട്ടമുണ്ടെങ്കിലും പുരയ്ക്കുള്ളിൽ കൊഴുത്ത ഇരുട്ടായിരുന്നു. അവൾ അകത്തുകടന്ന് വിളക്കുകൾ എല്ലാം തെളിച്ചു. പനിയും ശ്വാസംമുട്ടും തനിക്കും ഉണ്ടായിരുന്നു. ഒരാശുപത്രിയിലും പോയിട്ടില്ല. മരിച്ചുമില്ല. പിന്നെ ബാബ പറയുന്നതുപോലെ ഈ വേവലാതികളൊക്കെ എന്തിനായിരുന്നു? അടുക്കളച്ചായിപ്പിന്റെ ചായ്ച്ചിറക്കിൽ തിരുകിവെച്ച, സ്കൂട്ടറിന്റെ താക്കോൽ എടുത്ത് വീടിനുനേരെ തിരിഞ്ഞുനിന്ന് ലിൻഷോ പറഞ്ഞു. “നീ ഒറ്റപ്പെടില്ല.”
യാത്ര ചെയ്യാൻ അനുവാദമില്ലാത്ത റോഡിൽ ഒരു സ്കൂട്ടർ അതിവേഗം പാഞ്ഞു. ആംബുലൻസുകൾ ചീറിപ്പാഞ്ഞുപോയതിന്റെ പൊടികളും പാടും അവൾക്ക് അടയാളമായിരുന്നു. ആരോടെന്നില്ലാതെ സദാ സംസാരിക്കുന്ന ലുഒജിയ കുന്നുകൾ മൗനമായിരുന്നു. തന്നെ ഇട്ടെറിഞ്ഞ് ആംബുലൻസ് കയറിപ്പോകുന്നവരെ നോക്കി കുന്നുകൾ വിലപിക്കുന്നുണ്ടെന്ന് ലിൻഷോയ്ക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞ് കവിൾത്തടങ്ങളിലൂടെ ഒഴുകി.

കുറച്ചുദൂരം ചെന്നപ്പോൾ കാവൽക്കാർ നിറഞ്ഞ ഒരു കവാടം കാണാൻ സാധിച്ചു. അഭയാര്‍ത്ഥികേന്ദ്രങ്ങൾ പോലെ തോന്നിക്കുന്ന കൂടാരങ്ങൾ കണ്ടപ്പോൾ ലിൻഷോയ്ക്ക് ഭയം തോന്നി. സ്കൂട്ടർ ഒരു ഭാഗത്തേക്ക് ഒതുക്കിനിർത്തി ഒരു പടര്‍പ്പിനുള്ളിലേക്ക് അവൾ കടന്നുനിന്നു.

അതിനിടയിൽ പത്തോളം ആംബുലൻസുകൾ കവാടംകടന്ന് അകത്തേക്കുപോയി. അത്രതന്നെ തിരിച്ചും. രാത്രിയോടെ കാവൽക്കാരുടെ എണ്ണം പകുതിയായി. ഡ്യൂട്ടി കഴിഞ്ഞു പോകുന്നവർ ഉപേക്ഷിക്കുന്ന പിപിഇ കിറ്റ് ആയിരുന്നു ലിൻഷോയുടെ ലക്ഷ്യം. അത്താഴത്തിനു ശേഷം മയങ്ങിത്തുടങ്ങിയ കാവൽക്കരെ വെട്ടിച്ച് ഒരു പിപിഇ കിറ്റ് അവൾ സ്വന്തമാക്കി. നിരത്തിന്റെ ഓരത്തിലൂടെ കീറിയിട്ട ചാല് വഴി അവൾ മുള്ളുവേലിക്കെട്ടുകളുടെ അകത്തേക്ക് കടന്നു. നീണ്ട ഒരു വഴി പിന്നിട്ടപ്പോൾ അവൾക്ക് അദ്‌ഭുതം തോന്നി. ഒന്നോ രണ്ടോ കിടക്കകളിൽ ഒഴിച്ച് ആരും ഇല്ല. എല്ലാ കൂടാരങ്ങളും അങ്ങനെതന്നെ. ബാബയടക്കം ബാക്കിയെല്ലാവരും എവിടെയായിരിക്കും പോയിരിക്കുക? തിരഞ്ഞുപോകാൻ പിറകുവശത്തെ കുന്നിറക്ക് മാത്രം. അവൾ ശ്രദ്ധിച്ചു.
ചില്ലുകവചനങ്ങൾക്കുള്ളിൽ തോക്കുകൾ ഉയർത്തി കാവൽക്കാർ അവിടെയും നിൽക്കുന്നുണ്ടായിരുന്നു.

രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കാതെ കൂടാരങ്ങളിലേക്ക് ഇടിച്ചുകയറുന്നവരെ നിയന്ത്രിക്കാൻ തയ്യാറെടുത്തവർ. കരുത്തർ. കണ്ടാൽതോന്നും മനസാക്ഷി മരിച്ചവരെന്ന്.

കിറ്റുകൾ ധരിച്ച ഏതാനും പേർ രോഗികൾക്കരുകിൽ നിൽക്കുന്നതല്ലാതെ തൊടാനൊന്നും അവർ മുതിരുന്നില്ല. കിടക്കുന്നവർ ശ്വാസം കിട്ടാതെ ഞെരിപിരികൊള്ളുകയാണ്. ആകെ കൊടുക്കുന്ന പനിക്കുള്ള ഗുളികയും ഫലിക്കുന്നില്ലത്രെ. ബാബ കുടിപ്പിച്ച കഷായവും മൂടിയിട്ട് ആവിപിടിപ്പിച്ചതുമെല്ലാം അവൾക്ക് ഓർമ്മവന്നു. ബാബയ്ക്ക് പനിവന്നപ്പോൾ അയൽവാസിയോട് പറയാൻ തോന്നിയ ബുദ്ധിയെ അവൾ പഴിച്ചു.

ബാബയുമായി വന്ന ആംബുലൻസ് കവാടം കടന്ന് അകത്തേക്ക് കടന്നെങ്കിലും ബാബയെ കാണാത്തതിൽ അവൾക്ക് സംശയം തോന്നി. അതിനിടയിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹം കൊണ്ടുപോകാൻ മടികാണിക്കുന്ന കിറ്റ്ധാരികളെ അവൾ ശ്രദ്ധിച്ചു. ആ അവസരം മുതലെടുക്കാൻ അവൾ മുന്നോട്ട് നടന്നു.

മൃതദേഹം തള്ളിക്കൊണ്ട് പിറകുവശത്തേക്കുള്ള വാതിൽ ഇറങ്ങിയ ലിൻഷോ കുന്നിറക്കിൽ ആയിരക്കണക്കിന് ചുടലകൾ കത്തുന്നത് കണ്ട് നിലവിളിക്കാൻ തുടങ്ങി. മൃതദേഹവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ കാവൽക്കാർ തടഞ്ഞു.
”മരിച്ചവരെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ നിങ്ങൾ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്?” ലിൻഷോ ചോദിച്ചു. ഏതാനും നിമിഷം ചോദ്യംതന്നെ കേട്ടിട്ടില്ലെന്നമട്ടിൽ കാവൽക്കാരൻ അതേനില്പുനിന്നു. പിന്നെ മനുഷ്യനെ മെനക്കെടുത്താതെ ഇവിടെനിന്ന് പോ… എന്ന് ആത്മഗതം പറഞ്ഞ് മൃതദേഹവും വലിച്ച് നടന്നു. അതുപറയുമ്പോൾ അയാളുടെ വാക്കുകളിൽ ചെറിയൊരു കുറ്റസമ്മതം നിഴലിച്ചിരുന്നെങ്കിലും പുറത്തേക്ക് ക്ഷുഭിനായിരുന്നു.

“ബാബ.” എന്നുവിളിച്ച് ലിൻഷോ നിലത്തേക്കിരുന്നു. കത്തിയെരിയുന്ന ചിതകൾക്കുള്ളിൽ ഒരാൾ ബാബയാണെന്ന് അവൾക്കറിയാം. “ഒരു പനിയെ ബാബയ്ക്ക് ഉണ്ടായിരുന്നുള്ളു. അതിന് മരിക്കുമോ?” അവൾ ചോദിച്ചു. പിറകിലെ കിടക്കയിൽ ഒരാൾ ശ്വാസംകിട്ടാതെ പിടയുന്നതും,ഏതാനും നിമിഷംകൊണ്ട് നിശ്ചലമായതും അവൾക്കുള്ള ഉത്തരമായിരുന്നു. തീയുടെ ചുവന്ന പുറമ്പാളികളിൽനിന്ന് ഉയരുന്ന കറുത്ത പുക മരിച്ചവരുടെ രൂപം കാട്ടുമെന്ന് അമ്മ പറഞ്ഞതോർത്ത് അവൾ സൂക്ഷിച്ചുനോക്കി. ഇല്ല. ഈ രോഗം വന്നുമരിച്ചവർക്കൊരു രൂപവുമില്ല.

“ഇതൊരു പുതിയ രോഗമാണ്. പേരുമില്ല, മരുന്നുമില്ല, ചികിത്സയുമില്ല. ശ്വാസം കിട്ടാതെ ആളുകൾ നാടൊട്ടുക്ക് ചാവുകയാണ്.” കിറ്റ് ധരിച്ച ഒരു പെൺശബ്ദം പറഞ്ഞു. അവൾ ലിൻഷോയെ ഒറ്റപ്പെട്ട ഒരു കൂടാരത്തിലേക്ക് കൊണ്ടുപോയി. ശവം തൊട്ടവരും, രോഗികളെ ശുശ്രുഷിച്ചവരും ഏതാനുംനാൾ അവിടെ കഴിയണം. പനിയുടെ കാലത്തെ പുതിയ നിയമം. കവാടത്തിനു പുറത്ത് കാർമേഘം പോലുള്ള ഇരുട്ടിൽ അവളുടെ കണ്ണുകൾ ഉടക്കിനിന്നു. പ്രഭാതത്തിന്റെ ചുവന്ന പ്രകാശത്തിൽ കിളികൾ പറന്നുകൊണ്ടിരുന്നു. കാറ്റുംവെളിച്ചവും കടക്കാത്ത കൂടാരത്തിന്റെ അരുകിൽ ലിൻഷോയുടെ ശരീരം ചുരുണ്ടുകിടന്നു. പ്ലാസ്റ്റിക് മൂടുപടത്തിലൊളിച്ച മനുഷ്യരായിട്ടുപോലും കാലം അവരെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here