HomeTHE ARTERIASEQUEL 34രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ

രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ

Published on

spot_imgspot_img

വായന
ഡോ.സന്തോഷ് വള്ളിക്കാട്

(രാകേന്ദുവിൻ്റെ അസ്ഥികൾ പറയാതിരുന്നത് കഥാസമാഹാരത്തിൻ്റെ വായന )

ഇരുപത്തേഴ് അതി മനോഹരങ്ങളായ ചെറുകഥകളുടെ സമാഹാരമാണ് ‘അസ്ഥികൾ പറയാതിരുന്നത്’ എന്ന രാകേന്ദുവിൻ്റെ കഥാസമാഹാരം. ചെറുകഥകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇവയെല്ലാം ചെറിയ കഥകൾ തന്നെ. രണ്ടോ മൂന്നോ പേജിൽ ഒതുങ്ങും. എന്നാല്‍ മിനിക്കഥകള്‍ അല്ല. മിക്ക കഥകളിലും പ്രധാന കഥാപാത്രങ്ങൾ സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത. അമാനുഷികതയില്ലാത്ത തികച്ചും സാധാരണക്കാരായ സ്ത്രീ കഥാപാത്രങ്ങള്‍. ലാളിത്യമുള്ള ഭാഷയില്‍ നേരെചൊവ്വേ വളച്ചു കെട്ടില്ലാതെ കഥ പറയുന്ന രീതി.
‘എത്ര കൊഴുത്ത ചവർപ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശർക്കര നുണയുവാന്‍’
എന്നതാണ് പലകഥകളിലെയും പ്രമേയം.

മുഖ്യധാരയിൽ നിന്ന് അകറ്റിയ , വേദനയും ആത്മനിന്ദയും നിസ്സഹായതയും അനുഭവിക്കുന്ന മനുഷ്യരാണ് ഇവിടെ കഥാപാത്രങ്ങള്‍. സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ നൊമ്പരങ്ങളെ തീക്ഷണമായി അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം കൊതിക്കുന്ന മനസും, അവരുടെ തന്നെ ഒറ്റപെട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളും അസ്ഥികളായി പൂക്കുന്നുണ്ട് ഈ കഥകളിൽ!

രാകേന്ദു എന്ന എഴുത്തുകാരിയുടെ ആദ്യകഥാസമാഹാരം എന്ന തോന്നൽ നമ്മിൽ ഉണർത്തുന്നില്ല ഈ ഗ്രന്ഥം. അടക്കവും വഴക്കവുമുള്ള ഭാഷയില്‍ കൃതഹസ്തത തെളിയുന്നുണ്ട്.
“മാർത്തയെ ” പോലെ ജീവിതത്തില്‍ നിസ്സഹായരാകുന്നവരുടെ കഥകളാണ് പലതും. റഷ്യൻ പശ്ചാത്തലത്തിൽ നിന്നുള്ള കഥ പറയുമ്പോൾ കഥാകാരി ഒരു ചിത്രകാരി കൂടി ആയതിനാല്‍ ആ പശ്ചാത്തലം അതിൻ്റെ എല്ലാ കൃത്യതയോടും ഭംഗിയോടും കൂടി നമുക്കുമുമ്പില്‍ വരച്ചിടുന്നു. വാക്കുകളിലൂടെ കഥാകൃത്ത് ചമയ്ക്കുന്ന ചിത്രങ്ങൾ കഥകൾക്ക് അന്യാദൃശമായ ചാരുത സമ്മാനിക്കുന്നു. എല്ലാ അശാന്തമായ യാത്രകളും അവസാനിക്കുന്നത് ശുഭപ്രതീക്ഷയുടെ പ്രകാശ ഗോപുരങ്ങളിലാവട്ടെ എന്ന് പ്രത്യാശയോടെ എഴുത്തുകാരി കുറിക്കുന്നു. അതുകൊണ്ട് ഓരോ കഥയും മനസ്സില്‍ വെളിച്ചം കോരിയിടുന്നത്. ഇരുളകറ്റി പ്രകാശ പൂരിതമാക്കുന്നത്.

കഥാപാത്രങ്ങളുടെ ലോകങ്ങള്‍
വൈവിധ്യം നിറഞ്ഞതാണ്‌. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള, ജീവിതയാത്രയിൽ താളം പിഴച്ചുപോയ മനുഷ്യരുടെ കഥകളാണ് അവ. നമുക്കിടയില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍. ചിലപ്പോള്‍ നമ്മള്‍ തന്നെ. അനുഭവങ്ങളെ ഒന്നാക്കുന്ന ഒരു സാമ്യതയുടെ രസതന്ത്രം ഈ കഥകൾക്കുണ്ട്. ബ്രഹ്മചാരിണി, സുനന്ദ, ലക്ഷ്മി തുടങ്ങിയ കഥാപാത്രങ്ങൾ നമ്മള്‍ കണ്ടു മറന്നവരായി തോന്നാം. ‘പട്ടുപുടവയിലെ’ ശാരദ അവളുടെ കൊച്ചു മോഹത്തിന്റെ സമ്മാനവും പേറി അന്ത്യയാത്ര ചെയ്യാൻ വിധിക്കെപ്പെട്ടവളാണ്. , ‘സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്’, ‘കടലിന്റെ ആഴങ്ങളിൽ’, ‘മധുരനാരങ്ങ’, ‘നാലുമണിപ്പൂവു’കള്‍, ‘സ്വർണവളകൾ’, ‘പുനർജനി’, ‘വൃദ്ധന്റെ മകൻ’, ‘ഇരുട്ടിന്റെ തേങ്ങൽ’, ‘ബ്രഹ്മമചാരിണി’ തുടങ്ങി കഥകളെല്ലാം തന്നെ രസിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചെയ്യുന്നവയാണ്.

“കോലുമിഠായി”എന്ന കഥയില്‍ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വീട്ടിൽ നിന്നും പുറപ്പെട്ട് പോയ വീരേന്ദർ സിംഗിന്റെ ഭാര്യ ലക്ഷ്മി സിംഗ് വെള്ളക്കാർ പിടിച്ചുകൊണ്ടുപോയി കൊലചെയ്ത ഭർത്താവിനെ അന്വേഷിച്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ് പ്രമേയം. അവരുടെ മുൻപിൽ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളും പാദരക്ഷകളും പോലീസ് ഏൽപ്പിക്കുന്നു. വസ്ത്രത്തിന്റെ കീശയിൽ നിന്ന് രണ്ടു കോലുമിഠായികൾ ഊർന്നു വീഴുമ്പോൾ മകൻ ബാലു കുഞ്ഞിക്കൈകൾ കൊണ്ട് അവ പെറുക്കിയെടുത്ത് നെഞ്ചോട് ചേർക്കുന്നു. മകന്റെ കുഞ്ഞിക്കണ്ണുകളിൽ ചിതറുന്ന സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ് ഈ കഥയിലെ പ്രകാശം. .


“ഒരു കടൽദൂരം”ത്തില്‍ സ്വന്തം വരുമാനമെല്ലാം ഭർത്താവിന് നല്കുകയും ഒടുവില്‍ അയാളുടെ സ്വാർത്ഥതയും ദുഃശീലങ്ങളും സഹിച്ചുകൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീയാണ് കഥാപാത്രം. കിടപ്പറയിലേക്ക് മറ്റൊരു സ്ത്രീയുമായി ഭർത്താവ് വന്നപ്പോള്‍ വീടുവിട്ടിറങ്ങിയ അവര്‍ കടൽത്തീരത്തെ സ്വന്തം പഴയ വീട്ടിൽ ആശ്വാസം തേടുകയാണ്. കിടപ്പുമുറിയില്‍ സ്ഥാപിച്ച വലിയ കണ്ണാടിക്ക് മുമ്പില്‍ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച്, ഇഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കി ആസ്വദിച്ച് കഴിച്ച് സ്വയം സ്വതന്ത്രയാകുന്ന സ്ത്രീയായി മാറുന്നു. പട്ടം പോലെ സർവ്വ സ്വാതന്ത്ര്യത്തോടു കൂടി പാറിപ്പറന്നു സ്വാതന്ത്ര്യം ആവോളം നുണഞ്ഞ് ഇനിയുള്ള ജീവിതത്തിന്റെ പകലുകളും രാത്രികളും തനിക്കായി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവളായിത്തീരുന്നു.

“കടലിന്റെ തിരകളെണ്ണി ഞാനെന്റെ ശിഷ്ടകാലം സന്തോഷഭരിതമാക്കും. പുലർകാലത്ത് ഞാൻ എനിക്കായി മാത്രം സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുകയും ചെയ്യും. ‘സന്തോഷം’ എന്ന മധുരവീഞ്ഞ് ആകർഷണീയമായ സ്ഫടികക്കോപ്പകളിൽ പകർന്ന് ആവോളം കുടിക്കുകയും ഏകാന്തമായ രാവുകളിൽ തലയും ഉടലും ഇളക്കി പതിയെ നൃത്തം വെയ്ക്കുകയും ചെയ്യും. ഇവിടെ എന്നെ വിമർശിക്കാനായി ആരും തന്നെ ഇല്ല ”
ഇരുൾ നിറഞ്ഞ ഭൂതകാലം പാടെ മറന്ന് പുതിയ കാലത്തിന്റെ പുലരിയിൽ സർവ്വ സ്വതന്ത്രയായി അലിഞ്ഞു ചേരുവാൻ ആഗ്രഹിക്കുന്നവളാണ് സ്ത്രീ. സ്വയം ജീവിതം പ്രകാശമാക്കി കടലോളം സ്വാതന്ത്ര്യവും സന്തോഷവും സ്വന്തമാക്കുകയാണ് അവർ. നീലാകാശത്തിലെ വളപ്പൊട്ടുകളുടെ വർണ്ണ പ്രപഞ്ചം തീർക്കുന്ന സ്ത്രീജീവിതം വായനക്കാരന്റെ ആത്മബോധമാവുന്നുണ്ട്,
“അസ്ഥികൾ പറയാതിരുന്നത്” ആദർശവും ആദർശ രാഹിത്യവും, സ്വപ്നങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും, വാക്കും പ്രവൃത്തിയും തമ്മിലുള്ള സംഘർഷങ്ങളും അനാവരണം ചെയ്യുന്നു. ‘മാർത്ത’ എന്ന കഥയിലൂടെ വിശ്വമാനവികതയുടെ സന്ദേശമാണ് കഥാകൃത്ത് നൽകുന്നത്. ഇന്ത്യയിലെ ഏത് നഗരത്തിലും ലോകത്തെ ഏത് രാജ്യത്തിലും മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും പ്രതികരണങ്ങളും മനോഭാവങ്ങളും ഒരുപോലെയായിരിക്കുമെന്ന് കഥ കണ്ടെത്തുന്നു.

‘കോലുമിഠായി’യില്‍ നിന്ന് ‘പട്ടംപോലെ’ വരെയെത്തുമ്പോള്‍ അസ്ഥികള്‍ പൂക്കും ഉറപ്പ്. സ്ത്രീ രൂപങ്ങളുടെ വൈവിധ്യവും വൈകാരികതയും ഭാവങ്ങളും വ്യത്യസ്തതകളും സ്വർണ്ണക്കണ്ണുള്ള പൂച്ചയായി തണുക്കുന്നു. നിഴലില്‍ അലിയുന്നവരാണ് എന്ന് തിരിച്ചറിയുന്നു. പട്ടുപുടവ പോലെ അന്യമായ ജീവിത സാഫല്യം തേടി അലയാന്‍ വിധിക്കപ്പെടുന്ന ഓരോ സ്ത്രീയും തനിക്ക് വിട്ടുവരാന്‍ പറ്റാത്ത ഇടമുണ്ടെന്ന് പ്രഖ്യാപിക്കിന്നു. രാകേന്ദുവിനെ പോലെ സൌമ്യമായി സ്നേഹത്തോടെ അലിവോടെ. അടഞ്ഞ വാതിലുകൾക്കുള്ളിലെ ഇടുങ്ങിയ ലോകമല്ല രാകേന്ദുവിന്റെത്. ജീവിതം വഴിമുട്ടുന്നവരുടെ ധർമസങ്കടം ആവിഷ്‌കരിക്കുമ്പോൾ കൈയൊതുക്കവും ശിൽപ്പഭദ്രതയും സന്ധ്യാകാശ മഴവില്ലുപോലെ വിഷാദമധുരമാകുന്നുണ്ട് പ്രിയ എഴുത്തുകാരി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

  1. എൻ്റെ കൂട്ടുകാരിയായത് കൊണ്ട് മാത്രമല്ല, എനിക്ക് വളരെ അഭിമാനം തോന്നുന്നു

    കഥകളായല്ല തോന്നുക
    എല്ലാം വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീകളുടെ നേരനുഭവങ്ങളാണ്

    നന്ദി പ്രിയ സഖീ

    നല്ലൊരു വായനാനുഭവത്തിന്????????????

Leave a Reply to Saleena Cancel reply

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...