ജീവിതമേ മരണമേ എന്ന് ഒറ്റ വാക്കില്‍ എഴുതുമ്പോള്‍

1
648
athmaonline-the-arteria-dr-roshni-swapna-tp-vinod

ഡോ. രോഷ്നി സ്വപ്ന
(ടി പി വിനോദിന്റെ കവിതകളുടെ വായന)

“My wish is that
you may be loved
to the point
of madness.

-Andrei Breton

‘’On poets and others’’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ആന്ദ്രേബ്രെടോന്‍ (Andrei Breton )ന്റെ മരണസമയത്ത് ഒക്ടോവിയ പാസ് എഴുതിയ വരികള്‍ ശ്രദ്ധേയമാണ്.
“ഞങ്ങളോരോരുത്തര്ക്കും ബ്രെടോനുമായുള്ള ഇടപെടലുകളില്‍ അനുഭവപ്പെട്ട സവിശേഷമായ അനുഭവങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. അത് ചിലപ്പോള്‍ ദ്വന്താത്മകമാകാം, ചുരുളി പോലെ ബോധത്തെ ചൂഴ്ന്നു നിറയുന്നതാകാം, കൊതിപ്പിക്കുന്നതോ അത്ഭുതപ്പെടുത്തുന്നതോ ആയിരുന്നിരിക്കാം. പക്ഷെ ഞാന്‍ ഏറ്റുപറയുന്നു.അത് അങ്ങേയറ്റം പ്രചോദിതമാണ്. ഞാന്‍ എഴുതുന്നത് നിശബ്ദതയില്‍ ഏർപ്പെട്ടിരിക്കുന്നത് പോലെയാണ്. തീർത്തും ഏകാന്തം. ബ്രെടനുമായി ഒരുമിച്ചിരിക്കുമ്പോഴോ തർക്കിക്കുമ്പോഴോ സംവദിക്കുമ്പോഴോ ആ എഴുത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് പകർന്നികരുന്ന ഊർജ്ജം ഞാന്‍ അനുഭവിക്കുന്നു, ഇപ്പോഴും‘’

ഇത് കലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

കലക്ക്‌ സവിശേഷമായ ഒരു കാരണം തിരയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. അത് വികാരങ്ങളുടെയും ഭാവന കളുടെയും കൂടിക്കലർന്ന ഒരു അനുഭവമാണ് യാതൊരു അർത്ഥത്തിലുമുള്ള വാഗ്വാദങ്ങൾക്കോ തിരിച്ചറിയലുകള്‍ക്കോ നിന്നു കൊടുക്കേണ്ട ഒന്നല്ല കവിത. അത് സൂക്ഷ്മമായി ജീവിതത്തെ നോക്കിക്കാണുന്നു. ചിലപ്പോൾ ഇത്തരത്തിൽ അനുഭവങ്ങളെ സൂക്ഷ്മമായി പകർത്തുന്ന കവിയാണ് ടി. പി. വിനോദ്.

I celebrate myself, and sing myself,
And what I assume you shall assume,
For every atom belonging to me as good belongs to you.
I loafe and invite my soul,
I lean and loafe at my ease observing a spear of summer grass …

എന്ന് വാട്ട് വിറ്റ്മാന്‍ എഴുതുന്നുണ്ട്. യഥാർത്ഥത്തിൽ മനുഷ്യന്‍ ആനന്ദത്തിനു വേണ്ടിയല്ലേ ജീവിക്കുന്നത്? എന്നാല്‍ ആനന്ദത്തിന്റെ വഴികള്‍ അത്രയെളുപ്പമാണോ?
മനുഷ്യൻ്റെ സ്വത്വരൂപീകരണത്തിന് വഴികൾ ലളിതമല്ല. നേർവരയിലൂടെയല്ല ഒരു ചരിത്രത്തെയും സഞ്ചാരം. പുരോഗതിയും പരിണാമവും സംഘർഷവും പതനവും പ്രതിരോധവും സർഗ്ഗാത്മകതയുടെ ഉയിർത്തെഴുന്നേല്പുകളും പുതുക്കലും ആയി ഏത് വ്യക്തിയുടേയും ജനതയുടെയും സ്വത്വാരോഹണത്തിലുള്ളത് ക്രമരഹിതമായ പടവുകളാണ് ഊടുവഴികൾ ആണ്. ഇതേ സംഘർഷം ടി.പി. വിനോദിന്റെ കവിതകളിൽ ഉണ്ട്.
അതുകൊണ്ടാണ്

“സ്നേഹം മരണത്തിൻറെ ഇന്ദ്രിയമാണ്
മനസ്സ് അനശ്വരതയുടെ കീബോർഡാണ്
ജീവിതം ജീവിതത്തിൻറെ റണ്ണറപ്പാണ്”
എന്ന് ഈ കവി എഴുതുന്നത്.

“കാറ്റിലെ മരം
എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ”
എന്ന് എഴുതുന്നത്

“വെറുതെയിരിക്കുമ്പോൾ
അങ്ങ് തോന്നുകയാണ്
എന്നൊരു സംശയം
ജീവിതം ഒരു
അകർമ്മക ക്രിയയാണ്” എന്ന് സംശയിക്കുന്നത്.

ലോകത്തിനും നമുക്കും ഇടയിലെ സുതാര്യമായ ഈ ഭിത്തി എന്നത് എനിക്കുള്ള ഞാനും മറ്റുള്ളവർക്കുള്ള ഞാനുംഎന്ന വ്യതിരിക്തതപോലെ, തന്നിൽ തന്നെ നിഗൂഢമായി ഇരിക്കുക എന്ന പോലെയാണ്.

അതുകൊണ്ടാവാം

“എന്നാലും ജീവിതമല്ലേ സംശയമല്ലേ ”
എന്ന് വീണ്ടും വീണ്ടും സംശയിക്കുന്നത്

ഐസൻസ്റ്റീൻന്റെ ക്യു വിവ മെക്സിക്കോഎന്നചലച്ചിത്രം
മെക്സിക്കൻ സമൂഹത്തിൻറെ മനോവീര്യം, സ്വത്വ വീര്യം, സ്വാതന്ത്ര്യം, സംക്രമണ ശക്തി എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ ഒന്നായിരുന്നു. പ്രതിരോധത്തിന്റെ പ്രബുദ്ധതകൾ എങ്ങനെയാണ് ഒരു കലാരൂപത്തിലേക്ക്
പരിവർത്തിക്കപ്പെടുക എന്നതിൻറെ അടയാളമായാണ് ഞാൻ ഈ സിനിമ ഓർമ്മിക്കുന്നത്. ഇത് ഇവിടെ പറയാനുള്ള കാരണം വിനോദിൽ ഇത്തരം ഓർമ്മകളും പ്രവർത്തിക്കുന്നുണ്ട് എന്നതിനാലാണ്.

ഉമ്പർട്ടോ എകോ പറയുന്ന വെജിറ്റബിൾ മെമ്മറിയിൽ മിനറൽ മെമ്മറിയും ഒക്കെ അടങ്ങുന്ന മനുഷ്യരിലെ പ്രതിരോധ ആവശ്യങ്ങൾ ടി പി യുടെ കവിതയിൽ ഭാഷയുടെ ഊക്കനെയുള്ള ആഘാതങ്ങളായാണ് കടന്നുവരുന്നത്. ഒരേസമയം അത് മൂർച്ചയേറിയതും കാല്പനികവും ആണ്

ആരെ ജീവിക്കുന്നു
എന്നാണെങ്കിൽ
എന്നെജീവിക്കുന്നുഎന്നുപറയാം
എന്ന മട്ടിൽ തല ഉയർത്തിപ്പിടിച്ചാണ് ഈ കവിതകളുടെ നിൽപ്പ്

“ഞാൻ ഉള്ളതു കൊണ്ടാണ്
എൻറെ ലോകവുമുള്ളത്
അതു കൊണ്ട്
ലോകത്തെ ജീവിക്കുന്നു”
എന്നുമാണ്
“ലോകത്തിൽ നിങ്ങളും
ഉണ്ട് അതു കൊണ്ട്
ഞാൻ നിങ്ങളെയും ജീവിക്കുന്നു
ആർക്കെങ്കിലും വിരോധമുണ്ടോ “?
എന്ന കവിത ഉറക്കെ ചോദിക്കുന്നു.
എന്തിന് ജീവിക്കുന്നു എന്ന ചോദ്യത്തിനും കവിക്ക് കൃത്യമായ ഉത്തരങ്ങളുണ്ട്.

“ഒരു പ്രതീക്ഷയെ
ജീവിക്കുന്നു
ഒരു നിരാശയെ
ജീവിക്കുന്നു
ഒരു പ്രതിബദ്ധതയെ ജീവിക്കുന്നു
ഒരു കൊടും ചതിയെ ജീവിക്കുന്നു
ഒരു സാഫല്യത്തെ
വിജയത്തെ
ഒരു വിമോചനത്തെ ബന്ധത്തെ
എന്നിങ്ങനെ
എല്ലാ വിപരീതങ്ങളെയും
ജീവിക്കുന്നുവെന്ന തോന്നലിലാണ്
കവിതയിൽ
ജീവിതത്തിന്റെ
നിലനിൽപ്പ്

ഒരൊറ്റ നിമിഷമല്ല.അനേകം നിമിഷങ്ങളുടെ സാകല്യം നിറയുന്ന ഒരു അവസ്ഥ! അവിടെയാണ് ജീവിതം സാധ്യമാകുന്നത്.
ഇതിനിടയിൽ ഒരു നേരിയ കരട് പോലും ഈ നിശബ്ദതയെ ഭഞ്ജിക്കും.
ജീവിതം പെട്ടെന്ന് മരണമായി പേരെടുക്കും.
മരണം പോലും ഇല്ലാതാവും

“അല്ലാതെന്ത് “എന്ന കവിത അങ്ങനെയാണ്‌ അനുഭവപ്പെടുന്നത്

“സങ്കടം തോന്നുക
എന്നത് സങ്കടം തോന്നുന്നല്ലോ എന്ന
സങ്കടം, സങ്കടത്തെ പിന്തുടരുകയാണെന്ന്…

സന്തോഷം തോന്നുന്നു
എന്നത്
സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം,
സന്തോഷത്തിന്റെ തോളിൽ കൈയ്യിട്ട് വരിക മാത്രമാണെന്നും
മടുപ്പ് തോന്നുന്നു
എന്നത് മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്
മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
എന്ന് മാത്രമാണെന്ന് ജീവിതത്തെ ലഘൂകരിക്കുകയാണ് ഈ കവിത.” അല്ലാതെന്ത്” എന്ന തോന്നലിനപ്പുറം മറ്റെന്ത്!

ആർ.രാമചന്ദ്രന്റെ കവിതയിൽ ഈയൊരു ദർശനമുണ്ട്

“ഒന്നുമില്ല ഒന്നുമില്ല
മീതെ പകച്ചു നിൽക്കും
അംബരം മാത്രം
താഴെ കരളുറഞ്ഞു പോകും
പാരിടം മാത്രം
ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല
എന്ന് മാത്രം കേൾക്കുന്നു”

എന്നാണ് ആർ രാമചന്ദ്രൻ എഴുതിയത്. ഈ ഒരു അവസ്ഥയിലേക്കുള്ള എത്തിപ്പെടലിൻറെ വഴികൾ അത്രയെളുപ്പമല്ല. നിലനിൽപ്പിന്റെ പൊരുൾ തേടി, തിരിച്ചറിയുമ്പോൾ നാം കണ്ടെത്തുന്ന ഉണ്മകൾ ആണിത്.

എത്രയലഞ്ഞാലും തീരുന്നില്ലല്ലോ എന്ന് ഒരിക്കൽ ഡി വിനയചന്ദ്രൻ പറഞ്ഞു. കവിയോടൊപ്പം ഉള്ള ഒരു കാട്ടു യാത്രയിൽ കൂടെ നടന്നെത്താൻ പ്രയാസപ്പെട്ടു ഞങ്ങളിൽ ചിലർ.
നടത്തം മാത്രമല്ല:പറച്ചിലുമുണ്ട്.പറച്ചിലിനൊപ്പം കിതപ്പും.

“കവിക്ക് മുന്നിലുള്ളത് അന്തർമണ്ഡലത്തിലെ കാട്ടുവഴികൾ ആണ്. കർമ്മപാതകൾ അനുഭൂതികളിൽ അഭിരമിച്ച് സ്വയം മറന്ന് മയങ്ങി പോയാൽ മുഖംനോക്കുന്ന കണ്ണാടി നമ്മെ വിഴുങ്ങിക്കളയും. ആത്മദർശനം തന്നെയാണ് പ്രധാനം തട്ടിവീഴരുത് നടക്കണം ….കുതിക്കണം. ഈ കാണുന്നതല്ല എല്ലാം. ഇതിനപ്പുറമാണ് ജീവിതം.
ഇതല്ലാതെ ഒന്നുമില്ല.
ഞാൻ ഒന്നുമല്ല
നീ ഒന്നുമല്ല
ഈ കാണുന്നത്
ഉണ്മയോ മിഥ്യയോ എന്തോ…..!””

കവി മുന്നോട്ടു കുതിച്ചു. ഒപ്പം ഞങ്ങളും ഈ കാവ്യദർശനം അടുത്തു കാണാനായത് ചുരുക്കം ചില കവികളിലാണ് അതിലൊരാൾ ടി പി വിനോദാണ്.

ഋജുരേഖകളിലൂടെയല്ല വിനോദിന്റെ കവിതകൾ വളരുന്നത്. വാക്കുകൾ സൂക്ഷിക്കുന്ന അതിനിഗൂഢമായ ഒരു ആവാസവ്യവസ്ഥ ഈ കവിതകളിലുണ്ട്.
ജലം ഒരേ സമയം പ്രണയവും നിരാശയും ആകുന്നു.
ഒന്ന് വേറെയൊന്നാണ് എന്ന ‘’തിരിച്ചു+അറിവ്’’ കവി സൂക്ഷിക്കുന്നതിനാലാണ് വേണ്ടായിരുന്നു, വേണ്ടായിരുന്നു എന്ന ഉറപ്പിക്കലാണ് ജീവിതമെന്നതിനാലാണ്

“ആരെങ്കിലും
വന്നിരുന്നെങ്കിലെന്ന്
പോയിരുന്നെങ്കിലെന്നു..
പ്രതീക്ഷിക്കുന്നതായി
തോന്നിപ്പിക്കുന്ന
വിജനതയാണ്…

വിനോദിന്റെ കവിതകളുടെ ഭൂപടം.. ഇത് പ്രതീതി യാഥാർഥ്യത്തിന്റെ കാൽപ്പനിക മുഖച്ഛായയാണ്. മുഖമല്ല. മുഖച്ഛായ മാത്രമാണ്.

യു എസ് കവിയായ മേരി കർ എഴുതിയ “തീപ്പൊള്ളലേറ്റ പെൺകുട്ടി’എന്ന കവിതയിൽ

Erasing, the edges of herself. Each day smudging, the lines, like charcoal.

എന്നെഴുതുന്നുണ്ട്. സ്വാനുഭവങ്ങളോട് സത്യസന്ധത പുലർത്തുമ്പോൾ, കവിത കുറച്ചുകൂടി ജീവിതത്തോടു ചേർന്നു നിൽക്കുകയും കലർന്ന് നിൽക്കുകയും കാലത്തോട് സംവദിക്കുകയും ചെയ്യുന്നു.
ഏറ്റവും ചെറിയ അവസ്ഥകളോട് വരെ സംസാരിക്കുകയും ചെയ്യുന്നു.

പണ്ട് പണ്ടത്തെ
ഒരു കാറ്റിന്
ഇപ്പോഴത്തെ
പൊടിയോടുള്ളതുപോലെ

ഒരു ഒരുമപ്പെടൽ വിനോദിന്റെ കവിതകളിലുണ്ട്.

“എവിടെയും പോയതായിരുന്നില്ല
ഒരാളെയും കാണാനുണ്ടായിരുന്നില്ല

എങ്കിലും ചോദ്യങ്ങളെ ആഗ്രഹിക്കാത്ത ഒരു സ്വാതന്ത്ര്യധാരിയാണ് കവിയുടെ ഉള്ള്
ആ കുതിപ്പ് എത്ര വേഗത്തിൽ തത്വചിന്തയിലേക്ക് മടങ്ങുന്നു!

ആരെയും കാണാനില്ലെങ്കിലും,
വേറെ ആരെയും കണ്ടില്ലെങ്കിലും
അവനവനെയെങ്കിലും
കണ്ടിട്ടാവില്ലേ
ഓരോരുത്തരും മടങ്ങുന്നുണ്ടാവുക

ഒരു യാത്രയും വെറുതെയാവുന്നില്ലല്ലോ അപ്പോൾ!

“എത്ര മൂർച്ചയിൽ
ആകാംക്ഷയുണ്ടായാൽ
തുളച്ചു ചോർത്താനാവും
ഇതിൽ നിന്ന്
ഒരു കളവിനെ
(മടക്ക വിവരണം) എന്നാണ് കവി ചോദിക്കരുത് അത് വേഗത്തിൽ സംഭവിക്കുന്ന ഒന്നല്ല. കള്ളവും സത്യവും നന്മയും ഒരേ രേഖയിൽ നിരന്നു നിൽക്കുന്നു.

“ഹോട്ടൽ പെട്ടെന്ന്”” എന്ന കവിത ഈ ഭാവുകത്വത്തിന് നേരെ വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നു.
വളരെ പെട്ടെന്ന് മാറിപ്പോയ ലോകത്തിൻറെ ഓർമ്മയാണത്. അത് കടമ്പനാടേക്ക് ഉച്ചഭാഷിണി എത്തിയ കാലത്തെ കെ ജി ശങ്കരപ്പിള്ള ഓർത്തെടുക്കുംപോലെയാണ്‌.

പണ്ടത്തെ അന്ന് എന്ന്
തിമിർത്ത മഴയുള്ളോരു
ജൂൺ ജൂലൈദിവസം
എന്ന് കവി ഓർമയിലേക്ക് കൊളുത്തിയിട്ടു കൊണ്ട് എഴുത്തു തുടങ്ങുന്നു.

“ഗ്രാമത്തെ
പെറുക്കിയെടുത്ത് പട്ടണത്തിലേക്ക് പായുന്ന ബസ്സും
ഇരുട്ടിന്റെയും
ഈർപ്പത്തിന്റെയും കൂട്ടപ്പൊരിച്ചിലും
അതിനിടയിൽ മുഴങ്ങുന്ന
ഒരൊച്ചയും

അസമത്വത്തെക്കുറിച്ചുള്ള സ്വന്തം ദർശനത്തെ ഉപസംഹരിക്കുകയാണ്
കവി. ബസ് കവിയുടെ പ്രസ്താവനകളിൽ മറ്റൊരു സംവേദന ഇടം ആയി മാറുന്നു.

ബസ്സിലെ യാത്രക്കാരുടെ ഭൗതികശരീരം അയാളുടെ പ്രസ്താവനകളിൽ നിന്ന് ഇറങ്ങി പോകുന്നില്ല

“തത്വം പറച്ചിലിൽ
തമാശയോ
എന്തോ ഒന്ന്
ഇറങ്ങിയിട്ടും ഇറങ്ങി പോകാതെ ഞങ്ങളിൽ ബാക്കിയായി ”
എന്ന് കവിത.

നീതിബോധം കൊണ്ട് ഈ ലോകത്ത് ചെയ്യാനാവുന്ന ഒരേയൊരു കാര്യം ചിരിപ്പിക്കലാണെന്ന് കവിത നിഗൂഢമായി പറയുന്നുണ്ട്. ഇങ്ങനെ ഒരാൾ നമുക്കിടയിലുണ്ട്. നിരന്തരം കവലകളിലും തീവണ്ടി സ്റ്റേഷനുകളും ഹോട്ടൽ മുഖങ്ങളിലും നമ്മൾ അയാളെ കണ്ടിട്ടുണ്ടാകാം ലോകക്രമത്തെ നിരന്തരം വിമർശിച്ചും കുറ്റപ്പെടുത്തിയും ഉച്ചത്തിൽ ചീത്തപറഞ്ഞും
“ഉള്ള സ്ഥലത്ത്” തന്റേതായ ചിരി പടർത്തുന്നുണ്ട് അയാൾ.
ഈ “ഉള്ള സ്ഥലം” എന്നത് മനുഷ്യൻറെ പരിമിതമായ ജൈവ ഇടമാണ്.
അയാൾ അതിന്റെ പരിധിക്ക് പുറത്താണ്.
അയാളുടെ ഇടത്തേക്ക് നമുക്ക് അത്ര പെട്ടെന്ന് എത്താനാവില്ല

വിചിത്രമായ എളുപ്പങ്ങളിൽ കൂസലില്ലാത്ത ലാളിത്യങ്ങളിൽ സാധാരണ പോലെയാണ് അയാളുടെചിരിയും
ഒച്ചയും പ്രസ്താവനകളും ”

ഒരിടം എന്ന സങ്കല്പത്തെ എങ്ങനെ നിർത്താം എന്ന ചിന്തയാണ് വിനോദിന്റെ ഈ കവിത എന്ന് വായിക്കാം.
എല്ലാ പടർപ്പുകളെയും അതിജീവിച്ചു കൊണ്ട് ഈ ഇടം നിലനിൽക്കുന്നു. പിന്നീട് പൂട്ടിപ്പോകുന്നു. ജീവിതത്തിൻറെ ആകസ്മികതകളിൽ ഇതുപോലെ അടഞ്ഞു പോവുകയോ തുറന്ന് ചേരുകയോ ചെയ്യുന്ന ഒരുപാട് അനുഭവങ്ങൾ കണ്ടെടുക്കാനാവും.

“പരസ്പരം തുന്നിച്ചേർക്കുന്ന
പ്രണയത്തിൻറെ ഈ നൂല്
നിന്റെതല്ല എന്ന് നിനക്ക്
വെളുപ്പെടുത്തേണ്ടതുണ്ട്

എന്ന്തിരിച്ചറിയുമ്പോഴും

“അപ്പോഴും ബാക്കിയാകുന്നുണ്ട്
ചോരയുടെ ഓരോ തുള്ളിയിലും
നീ വരഞ്ഞിട്ട സ്നേഹത്തിൻറെ
മൂർച്ചകൾ

എന്ന് മുറിപ്പെടുന്നുണ്ട് കവി

” താൻ പുറത്താക്കിയവയിലേക്ക്
താൻ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട
വിധത്തിൽ

(ചൂല് )

“ചിതറിപ്പോയ ഭൂപടമാണ് മുന്നിലുള്ളത്
ഉറങ്ങുമ്പോൾ
ഇരുട്ടത്ത്
ഉറങ്ങിത്തീരുമ്പോൾ
അതേ ഇടത്തു തന്നെ
വെട്ടത്ത് വേറൊന്ന്!

(താമസം)

എന്ന രീതിയിൽ ദേശവും കാലവും സ്വദേശവും കീഴ്മേൽ മറിയുന്ന സാമൂഹ്യാവസ്ഥയിൽ “എറിയുന്ന പന്ത് ആകാശത്തേക്ക് വീഴുമോ” എന്ന് ആശങ്കയുണ്ട് കവിക്ക്. വെള്ളത്തുള്ളികൾക്കൊപ്പം തെറിച്ചുപോകുമോ മേഘം എന്ന ആന്തൽ ഉണ്ട് അയാൾക്ക്

(വൈകുന്നേരത്തെ പാർക്കിൽ )

ചില നേരത്ത് ജീവിതം എഴുതി വായിക്കുന്ന പ്രസംഗങ്ങൾ പോലെ തോന്നുന്നു. കവിക്ക്.ഉണ്ടായിരിക്കുക എന്ന അവസ്ഥയെ തീവ്രമായി തിരിച്ചു പിടിക്കാൻ ആഗ്രഹിക്കുന്നുണ്ട് കവി. പൊഴിഞ്ഞു പോയവയുണ്ടെന്നും തളിർത്തു വന്നവയുണ്ടെന്നും കണക്കിലെടുത്ത് ഒന്നു കൂടെ കാണാനും കേൾക്കാനും സാധ്യമായതിൽ വച്ച് ഏറ്റവുംപുതിയ നിഴൽത്തിരുത്തുകൾ തറയിൽ അമർന്ന് കാത്തിരിപ്പുണ്ടാകും എന്ന് കാവലാണ്, തോന്നലാണ് വീണ്ടും വീണ്ടും ജീവിതത്തെക്കുറിച്ച് തന്നെ പറയാനും എഴുതാനും കലഹിക്കാനും പാടാനും സ്വപ്നം കാണാനും കവിയെ പ്രേരിപ്പിക്കുന്നത്.

സ്വാതന്ത്ര്യം എന്ന വാക്ക് പത്രത്തിൽ
ഒരു വാർത്തയിൽ
പെട്ടെന്ന് കാണുമ്പോൾ
കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ ദ്രവിച്ച കൂമ്പാരമാണ്

കവിക്ക് ഓർമ്മവരുന്നത്

മറാത്തി കവി ശരൺ കുമാർ ലിംബാളെയുടെ കവിതയിൽ
തൂപ്പുകാരിയെ കവിയിൽ ഇതേ അനുഭവം ഉണ്ടാകുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അബോധചിത്രങ്ങളെ ആവിഷ്കരിക്കുന്ന ഇത്തരം തീവ്രസ്പർശങ്ങൾ വിനോദിൽ ഏറെയുണ്ട്.

“അർഹതപ്പെട്ട
അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമർഷമായും
(പൈറസി )

അളന്നു മുറിഞ്ഞ്
ലോറി കയറിപ്പോയി
ഒടുക്കം ഒടുക്കം
വല്ലാത്തൊരു വിടവ്””

(ജീവിതത്തെ പറ്റി പറഞ്ഞു നോക്കുന്നു )

“”ഉണങ്ങുവാനമാന്തിച്ച് ആനുകാലികമല്ലാതെ

(വെയിൽ നേരെ അല്ലാതെ വീഴുന്ന നേരങ്ങൾ )

“ആത്മീയ സമ്മേളനത്തിൽ മൈക്ക്
ഇരന്നു വാങ്ങി.
നിങ്ങളെല്ലാം മരിച്ചവർ
എന്ന് എന്താണ് ഉറപ്പ്””

(അറിവിൻറെ ആകൃതിയുള്ള ചോദ്യം)

എന്നിങ്ങനെയത് പരന്നു കിടക്കുന്നു.

ഒന്നനങ്ങിയാൽ മതി

പ്രപഞ്ചം വീണ്ടും നിറയും ലോകത്തെ പറ്റിയോ
തന്നെ പറ്റിയോ എന്തോ ഒന്ന്
പുതുക്കിയിട്ടുണ്ട് എന്ന് അവ്യക്തമായി
വിചാരിക്കുന്നതായി…. തോന്നിപ്പിക്കുന്നതായി… തോന്നിപ്പിക്കും പോലെ പ്രപഞ്ചം
ഒരു നിമിഷത്തിൽ
നിന്ന് മറ്റൊരു നിമിഷത്തെ വകഞ്ഞു മാറ്റിയോ
എന്ന തോന്നലുണ്ടാവാം

ഒരൊറ്റ അനക്കം മതി

ഇത്രക്ക്‌ സൂക്ഷ്മ സ്പർശങ്ങൾ ഉൾക്കൊള്ളുന്ന കവിതകളിൽ വെളിപ്പെടുത്താൻ ആവാത്ത ഒരനുഭൂതി അടങ്ങിയിട്ടുണ്ട്. ഓരോരുത്തരും ഓരോ നിമിഷവും ലോകത്തെപ്പറ്റിയോ തന്നെപറ്റിയോ എന്തോ ഒന്ന്
പുതുക്കുന്നുണ്ടെന്ന് കവി വിശ്വസിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ ചിരിയിൽ വലിയവർക്ക് പിടികിട്ടാത്ത ശാന്തത ഉണ്ടെന്ന് കവി ഉറപ്പിക്കുന്നുണ്ട്.

(പ്രപഞ്ചം റീലോഡഡ് )

തീവ്ര ധ്യാനങ്ങളുടെ ഏറ്റവും ഏകാന്തമായ ഒരിടത്ത് കവിതയുടെ ഇത്തരം കാതലുകളെ കവി സൂക്ഷിച്ചു വെക്കുന്നു. നിറവിനെ എഴുതുമ്പോൾ ശൂന്യതയെക്കൂടി അഭിസംബോധന ചെയ്യുന്നു.

കവിതയിൽ ഒരു ശാസ്ത്രപ്രവർത്തനത്തിന്റെ വേളയിൽ എന്നോണം സൂക്ഷ്മധാരിയായി ഇരിക്കുകയും പ്രണയത്തിലെന്നോണം കാല്പനികനായിരിക്കുകയും ചെയ്യുന്നു ടി പി വിനോദ് എന്ന കവി.
” ഉഴുന്നുവടയും ജീവിതവും” അത്തരത്തിൽ ശൂന്യതയെക്കൂടി പരിഗണിക്കുന്ന കവിതയാണ്
ജീവിതത്തിൻറെ കേന്ദ്രത്തിലൂടെ നോക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ എന്ന കവിയുടെ ആശങ്കകൾ കവിതയിൽ കാണാം.
“ജീവിതത്തിൽ
നിങ്ങൾ പ്രതീക്ഷിച്ചിട്ടുo
അനുഭവിക്കാതെ പോയ
അരുചി ഏതാണ്

ചേരുവയിൽ
അത് എന്തിൻറെ സാന്നിധ്യത്തെ
സൂചിപ്പിക്കുന്നു

എന്ന് കവി ചോദിക്കുന്നു. ഉള്ളതിനൊപ്പം ഇല്ലാത്തതിനെയും കാണുന്ന പ്രപഞ്ച ദർശനമാണ് കവിയിൽ. ഈ സത്യം കവിയെ കവിതയിലേക്ക് പ്രചോദിതനാക്കുന്നുണ്ട്. ഏറ്റവും സൂക്ഷ്മമായി അടുപ്പങ്ങളെ എഴുതുന്ന,
സമകാലികതയെ ആവിഷ്കരിക്കുന്ന ഇക്കാലത്ത് ചില കാലിക സൂചനകൾ വിനോദ് തരുന്നുണ്ട്.

സ്ഥലവും കാലവും സ്വപ്നവും ചേർന്ന് സൃഷ്ടിക്കുന്ന ചില അനുഭവങ്ങളെ കവിതയിലൂടെ വെളിപ്പെടുത്തുന്നുണ്ട് കവി ചിലപ്പോൾ.

ആ നഷ്ടം എനിക്ക്
ഒരു സ്ഥലമാണ്
ഇടയ്ക്കിടെ
ആരോടും പറയാതെ
എന്നോട് പോലും
പറയാതെ
ആലോചിക്കാതെ
അവിടേക്ക് പോയി
അല്പം അകലെ നിന്ന്
പാത്തും പതുങ്ങിയും നോക്കിക്കൊണ്ട്
തിരിച്ചു വരാറുണ്ട്

സമകാലിക ജീവിതത്തിലെ ഒരു അടരാണിത്.
ഓർമ്മയിലുള്ള കാലത്തേക്ക്, സ്ഥലത്തേക്കു പോയി തിരിച്ചു വരാത്തവർ ആരുണ്ട്!

മനസ്സ് തറഞ്ഞിടത്തു തന്നെ, അവിടെ തന്നെ ഇരിക്കാൻ ആ മനസ്സ് തന്നെ പറഞ്ഞത് കൊണ്ടല്ലേ ഹാലെറ്റിന് ഇ ത്രയേറെ സംഘർഷം അനുഭവിക്കേണ്ടി വന്നത്!.
ആ തോന്നലിൽ നിന്ന് ഒരു മാത്ര അയാൾക്ക് മാറിയിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മരണത്തെ കുറിച്ച് അയാൾ വേവലാതിപ്പെടുത്തിയിരുന്നോ?
ഏകാന്തതയെ കുറിച്ച് ഇത്രമേൽ ദുഖിതനാകുമായിരുന്നോ ?

എല്ലാവരുടെ ഉള്ളിലും ഇത്തരം ഒരു സ്ഥലം ഉണ്ടാകുമല്ലോ! അങ്ങോട്ടേക്കും തിരിച്ചുമുള്ള വഴി എപ്പോഴും ഓർമ്മ നിൽക്കാനുള്ള ഒരു വ്യായാമമാണ് എന്ന് കവി കരുതുന്നു.
അപ്പോഴാണ് അയാൾക്ക് ആ വ്യായാമമാണ് മൊത്തത്തിലുള്ള തൻറെ ജീവിതം എന്ന് തോന്നി പോകുന്നത്

ജീവിതത്തിൽ ഏതു നഷ്ടം എന്നത്
അയാൾക്ക് പ്രസക്തമല്ല നിർണയിക്കാനോ നിർവചിക്കാനോ
പറ്റാത്ത അകലത്തിലുള്ള വേറെ ഒരു സ്ഥലമാണ് പ്രസക്തി “”
എന്ന അടിവരയിടാൻ അയാൾക്ക് തോന്നുന്നത് “അകലത്തിൽ ശീലം” എന്ന കവിത ഇങ്ങനെയാണ് ജീവിതത്തിൽ ചിത്രീകരിക്കുന്നത്.

കണിശതകളിൽ ഒരാൾ

കൃത്യതയെ കുറിച്ചും വ്യക്തതയെക്കുറിച്ചും സൂക്ഷ്മമായി പറഞ്ഞുപോകുന്ന ചില കഥകളുണ്ട് ടി.പി വിനോദിന്റെ ലോകത്ത്.
യാതൊരു കള്ളത്തരവും കൂടാതെ അയാൾ സത്യങ്ങൾ വിളിച്ചുപറയും

യാദ് വാശെo
എന്ന കവിത നോക്കൂ

“സംഭവിച്ചു തീർന്ന കാര്യങ്ങളിൽ നിന്ന്
ഉണ്ടായി വരുന്നതാകയാൽ ചരിത്രത്തിന്
തമാശയാവാതെ
വഴിയില്ല

എന്ന സിദ്ധാന്തവും

“വീഴാൻ പോകുന്ന
ഒരാൾ
അടിയന്തരാവസ്ഥയും
വീണു കഴിഞ്ഞ
ഒരാൾ തമാശയും
ആണെന്ന്

ഉദാഹരണമായി ചൂണ്ടിക്കാട്ടാനും

“ചരിത്രം എല്ലായ്‌പ്പോഴും
തമാശയല്ല എന്ന് ചിലപ്പോഴൊക്കെ
തോന്നിക്കുന്ന ഒരിടമുണ്ട് ജെറുസലേം ”
എന്ന് ഉറപ്പിക്കാനും

” വാക്കുകളിൽ സംഗീതമുണ്ട്
എന്ന് പറയുമ്പോലെ
മനുഷ്യരിൽ ഹിംസയും ഉണ്ട്””
എന്ന് തിരിച്ചറിയാനും

“പുറത്തിറങ്ങി ശ്വാസം എടുത്ത ശേഷം അവനവനിലേക്ക് തിരിച്ചുവരാനുള്ള ഉപായം തിരയുന്ന ജീവൻറെ അഭിപ്രായത്തെ ആവിഷ്കരിക്കാനും കവിക്ക് കഴിയുന്നത് ഈ ആർജ്ജവം കൊണ്ടാണ്.

നമ്മൾ രണ്ടാളും
അങ്ങോട്ടുമിങ്ങോട്ടും
കൊന്നില്ല എന്നതിന് തെളിവായി
ഞാൻ ഈ വരികൾ
ഇപ്പോൾ ഇവിടെ എഴുതിയിരുന്നു
എന്ന് പറയുകയാണെങ്കിൽ
കവികൾക്കുള്ള
നർമ്മബോധത്തിന്റെ
ദാരിദ്ര്യം വേറെ ആർക്കും
ഇല്ലെന്നപഴയ കമൻറ് നീ
വീണ്ടും പറയും
എന്നെനിക്കറിയാം

എന്ന രീതിയിൽ ആക്ഷേപഹാസ്യത്തിന്റെ സ്വഭാവത്തിലേക്ക് കവിത നീങ്ങുന്നു.

അറിഞ്ഞിട്ടില്ലാത്ത അവയുടെ അനുബന്ധങ്ങൾ എന്ന കവിതയിൽ നിരർത്ഥകതയുടെ ചോരയാണ് സമയം
എന്ന അശരീരി കേൾക്കുന്നു. പക്ഷേ പ്രതിധ്വനിക്കുന്നത് നിരർത്ഥകതയുടെ ഹൃദയമെന്ത് എന്ന ചോദ്യമാണ്.

അറിഞ്ഞില്ലാത്തവയുടെ
അനുബന്ധങ്ങളായി
നമ്മളിൽ നമ്മൾ
പ്രതിധ്വനിക്കുന്നത് പോലെ

ഒരേകാന്തത ഈ കവിതയിലുണ്ട്. ഇതിൽ മാത്രമല്ല വിനോദിന്റെ മറ്റു കവിതകളിലും ഉണ്ട്.

ആരായി ജീവിച്ചിരുന്നിട്ടാണ്
ആരായി ജീവിച്ചിരുന്നു കൊണ്ടാണ്
ആരായി ജീവിക്കാനാണ്
മനുഷ്യർ ശ്രമിക്കുന്നത്? ആഗ്രഹിക്കുന്നത്.

ഒരു ദിവസത്തിൽ മോചനത്തിന്റെ എത്ര നിമിഷങ്ങളെ നമുക്ക് നമ്മളിലൂടെ കടത്തി വിടാൻ സാധിക്കാറുണ്ട്?

ജീവിച്ചിരിക്കുന്ന
നിമിഷങ്ങൾക്ക്
എത്തിപ്പെടാവുന്ന
അഗാധത
മരണത്തോടുള്ള
പ്രതിവാദങ്ങളുടെശരാശരി

(അതിരിക്കട്ടെ)

ഇങ്ങനെ ഭാഷയുടെ കീഴ്മേൽ മറിയുന്ന ഒരു എഴുത്തുവിദ്യ വിനോദി ലുണ്ട്.

വായിക്കുകയും
എഴുതുകയും
പറയുകയും
പ്രവർത്തിക്കുകയും
മറന്നുപോവുകയും
ചെയ്ത വാക്കുകൾക്കെല്ലാം
മരണത്തെപ്പറ്റി
അറിയാമായിരുന്നു
എന്ന തിരിച്ചറിവിനെയാണ്
ജീവിതം എന്ന്പ റയുന്നത്

(തിരിച്ച്+അറിവ്)

ജീവിതത്തെ കവിതയായി ആവിഷ്കരിക്കാനുള്ള ശ്രമമാണിത് .കെട്ടുകാഴ്ചകളും നിറങ്ങളും ഇല്ലാത്തതിനാൽ വിനോദിന്റെ കവിത സത്യസന്ധമാണ്.

കാറ്റിലലിഞ്ഞ
കരച്ചിലുകൾ
വന്നു തുടങ്ങുമ്പോഴാണ്
മുളംകാട്ടിൽ നിന്ന്
ഭാഷയില്ലാത്ത
ഞരക്കങ്ങൾ ഉണ്ടാകുന്നത്

(അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകൾ)

എന്ന ഭാഷയെ പുനർചിത്രണം ചെയ്യുന്നുണ്ട് ഇത് കവിതകൾ ചെരുപ്പിന്റെ്തോ മണ്ണിന്റെതോ എന്ന് തിരിച്ചറിയാനാവാത്ത, കൂടെ കൂടിയ മണത്തെയും ഈ ഭാഷ ഉൾക്കൊള്ളുന്നു സംശയത്തിന്റെയും പകയുടെയും വരികൾക്കിടയിൽ അർത്ഥങ്ങൾ പിടികൂടുന്നത് വരെ അവ വാക്കുകളായി തന്നെ നിലനിൽക്കും എന്ന് ഉറപ്പുണ്ട് കവിക്ക്. ഭാഷയെക്കുറിച്ച് ചിന്തിക്കുമ്പോഴും ഭാഷയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ കുറിച്ചും കവിക്ക് ആലോചനയുണ്ട് .

ഒച്ചയും അനക്കവും
വരിയിൽനിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്
ഓർമ്മയുടെ
ഒരേ കാതുകളിൽ
ഒരേ ആവൃത്തിയില്‍ ആണ്
പിടഞ്ഞ് എത്തുന്നത്
ഒരു പക്ഷേ
ഓരോരുത്തരും
അവരവരുടെ പാരഡികൾ
ആയാണ് ജീവിക്കുന്നത്
(പാരഡി)

അങ്ങനെ അവനവനും അപരനും ഞാനും നിങ്ങളും മനുഷ്യരും മൃഗങ്ങളും എന്ന സമഗ്രതയെ ചേർത്തു പിടിക്കുന്ന ഇടത്തെ
കവിതയിൽ ചേർത്ത് പിടിക്കാനുള്ള കുതിപ്പാണ് വിനോദിന് കവിത.
എവിടെ എഴുതും
എന്നോ
എന്തിന് എഴുതണം എന്നോ
ഒരു എത്തും പിടിയും
കിട്ടുന്നില്ല എങ്കിലും
ഓരോ മൃഗശാലയെങ്കിലും
വേണം
ഓരോ നഗരത്തിലും
(മൃഗശാല)
എന്ന് കവി പറയുന്നുണ്ട്.

വാക്കുകളുടെ പെരുംകല്ലുകൾ അരയിൽ കെട്ടി വച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പു കുത്തുന്ന ഒരു കവിതയും രാത്രി വണ്ടിയെ കാത്ത് ഉരുക്കുപാളത്തില്‍ ഇരുട്ടിലേക്ക് മിടിക്കുന്ന ഒരു കഴുത്തും കവിയിൽ ആകുലത ഉളവാക്കുന്നുണ്ട്.
കനത്തു കിടക്കുന്ന ഏകാന്തതയാണ് എങ്കിലും ഈ കവിതകളുടെ ഒരു അടര് .
അത് ചിലപ്പോൾ

നിൻറെ ആ ഭാവത്തിന് അണുകേന്ദ്രം ആണ് ഞാൻ
(വിരഹ രസതന്ത്രം )

ആകാശത്തു നിന്നും
ഊരിയെടുത്ത് വെള്ളത്തിൽ
ഒട്ടിച്ചു വച്ചിരുന്ന
വെളിച്ചങ്ങൾ ആയോ
അസാധ്യതകളുടെ വിരസ വ്യംഗ്യമായ

പോകുന്ന വഴിയിൽ പതിവായി കാണുന്ന പാറക്കല്ലിൽ നിന്ന് അതിൻറെ വിശദമായ നിശ്ചലത തന്നിലേക്ക് കയറി വരുന്നത് പോലെയോ, ഞാൻ എൻറെ ജീവിതം
ഇങ്ങനെ മരിച്ചു കൊണ്ടിരിക്കയായിരുന്നു
എന്ന ചിന്ത പോലെയോ

നീ ഇല്ലായിരുന്നെങ്കിൽ
നിൻറെ പടം ഇല്ലായിരുന്നെങ്കിൽ
ആത്മഗതങ്ങളുടെ
കലണ്ടർ
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ

എന്ന തോന്നൽ പോലെ യോനിശബ്ധമായ ഏകാന്തതജീവിതത്തിൽ നിന്ന്കവിതയിലേക്ക് വിരുന്നുപോകുന്നു.
ആളുകളിലേക്ക് പിരിഞ്ഞുമുറുകി, അനങ്ങാതിരിക്കാൻ കീറിയ തലയിൽ തുരുമ്പിന്റെ ഭാഷ ഉണ്ടാക്കുന്ന അനുഭവതീക്ഷ്ണതയുണ്ട് വിനോദിന്റെ കവിതകൾക്ക്

ഒരുപക്ഷേ എൻറെയും വിനോദിനെയും ഒക്കെ കവിതയെഴുത്തിന്റെ കാലം കാഴ്ചയുടെ, അനുഭവങ്ങളുടെ തീക്ഷ്ണതയെ കവിതയിലേക്ക് പകർത്തുന്നുണ്ടാവാം എന്നു തോന്നുന്നു.വാക്കിനെ കാണുന്ന മാത്രയിൽ തന്നെ കാണാതാവാനുള്ള പുതിയ സാങ്കേതികതയെ വിനോദ് മറികടക്കുന്നത് ദൂരങ്ങളെയും കാലങ്ങളെയും റദ്ദ് ചെയ്തു കൊണ്ടാവാം.
ചലനാത്മകതയില്ലാത്തവയെ ഈ കവി സ്വീകരിക്കുന്നില്ല എന്നതാണ് കാരണം. ചലനാത്മകതയിൽ മാഞ്ഞു പോകലും കൂടി ഉണ്ടല്ലോ !

നവമാധ്യമകാലത്തെ ഇടങ്ങളിൽ മാഞ്ഞുപോവൽ മറ്റൊരു പ്രത്യയശാസ്ത്രവ്യവഹാരം കൂടിയാണല്ലോ!

ഈ വ്യവഹാരത്തെ ഉൾക്കൊള്ളാതെ പുതിയ കാലത്തെ ഉൾക്കൊള്ളാൻ ആവില്ലല്ലോ.
ടി പി വിനോദിന്റെ ദൃശ്യ കവിതകളിൽ ഈ സാധ്യതകളുണ്ട്. കാണുന്ന അനുഭൂതികളിലെ അധികാരശ്രേണികളെ മുറിച്ചുമാറ്റുന്ന ദൃശ്യഭാഷ വിനോദ് സ്വീകരിക്കുന്നു.
എഴുതാനോ പറയാനോ ആവാത്ത ആ അനുഭവങ്ങളെ ഇവിടെ വായനക്കാരുടെ കാഴ്ചയിലേക്ക് ശുപാർശ ചെയ്തു കൊണ്ട് വിടുന്നു.
കാണുന്ന കവിതകളിൽ ‘’പറച്ചിൽ’’ മറ്റൊരു വിധത്തിലാണ് സാധ്യമാക്കുക.അത് ഭാഷയുമായി അടുപ്പമുള്ള, ഭാഷ പോലുള്ള മറ്റെന്തോ ആകുന്നു.

Almost like the face of Buddha.
എന്ന ലോറൻസ് എഴുതിയത് പോലെ ഭാഷ പോലെയുള്ള, ഭാഷ പോലെ തോന്നിക്കുന്ന മറ്റൊരു ഭാഷ ഈ തെരഞ്ഞെടുപ്പിൽ സാഹസികമായമായ ഒരു നിലപാടുണ്ട് പുതിയകാല ഭാഷയിൽ നടന്നു കൊണ്ടിരിക്കുന്ന ഏറെ സ്വകാര്യവും അതിലേറെ സ്ഫോടനാത്മകവുമായ പ്രയോഗ, പ്രത്യക്ഷസാധ്യതകളെ ലംഘിക്കാതെ തന്നെ അതിന് മറ്റൊരു പാഠം പണിയുകയാണ് ടി പി വിനോദ്.

ചില വാക്കുകൾക്ക്
ഞാൻ
ഉള്ളിലെ ആൾത്തിരക്ക്
കാണിച്ചു കൊടുക്കുന്നു
മറ്റെല്ലാം മറന്ന്
വാക്ക് അപ്പോൾ
ഒരു കൗതുകത്തിൽ
ഏർപ്പെടുന്നു

എന്ന പോലെ ഉള്ളിൽ ആത്യന്തികമായ സംഘർഷങ്ങളെ കവിതയിലേക്ക് വച്ച് ആയാസരഹിതമായി മാറുകയാണ് കവി അപ്പോഴാണ് അയാൾക്ക് ജീവിതമേ മരണമെന്ന് ഒറ്റവാക്കിൽ ഒരു കവിത എഴുതാൻ സാധിക്കുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here