വായന
പ്രസാദ് കാക്കശ്ശേരി
സ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ യാത്രിക വലയങ്ങളിലേക്ക് കുട്ടികളെ മെരുക്കുന്ന നിര്‍ദ്ദയരൂപമായി സ്കൂള്‍ ഇന്നും തുടരുന്നു. ഒറ്റപ്പെട്ട ബദല്‍ പരീക്ഷണങ്ങളും ഡീ-സ്കൂളിംഗ് അന്വേഷണങ്ങളും എവിടെയുമെത്താതെ നില്‍ക്കുന്നു. ടീച്ചര്‍ ഫെസിലിറ്റേറ്ററും മെന്‍ററുമായിട്ടും സ്കൂളിലേക്ക് പോകാന്‍ ഇന്നും കുട്ടിക്ക് മടിയാണ്. കുട്ടിയുടെ സ്വാഭാവികമായ മടികള്‍ക്കു മുകളില്‍ യാന്ത്രികമായി ചുമത്തപ്പെടുന്ന അറിവിന്‍റെ ഭാരമാണ് ഇന്നും വിദ്യാഭ്യാസം. തട്ടിക മറച്ച് ഓലമേഞ്ഞ പഴയ പളളിക്കൂടങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റിട്ട, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളുളള, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ധനവിനിയോഗത്തില്‍ മുഖം മിനുക്കി നില്‍ക്കുന്ന സ്കൂള്‍ സാധ്യമായിട്ടുണ്ട്. എങ്കിലും ഗുരുവിനും ശിഷ്യനുമിടയിലുളള ഗുരുതരമായ തടസ്സമായി പുസ്തകവും അധ്യയന വര്‍ഷം മുഴുവന്‍ കിതച്ചോടുന്ന പാഠ്യപദ്ധതിയും നിലനില്‍ക്കുന്നു.
പഠിച്ചും പഠിപ്പിച്ചും വിദ്യാലയത്തോട് ഒട്ടി നില്‍ക്കുന്ന ഒരാള്‍ക്ക് എത്ര ആവിഷ്കരിച്ചാലും തീരാത്ത അനുഭവലോകമാണ് അവിടെയുളളത്. ബാല്യവും കൗമാരവും പ്രസരിപ്പോടെ മിടിക്കുന്നത് കാണാം. കാരൂര്‍, അക്ബര്‍ കക്കട്ടില്‍, ടി.എന്‍. പ്രകാശ് എന്നിവരുടെ കഥകളിലും അക്ബര്‍ കക്കട്ടിലിന്‍റെ വിദ്യാലയക്കുറിപ്പുകളിലും മോഹനകൃഷ്ണന്‍ കാലടി, കുരീപ്പുഴ ശ്രീകുമാര്‍, പി.എന്‍. ഗോപീകൃഷ്ണന്‍, സോമന്‍ കടലൂര്‍ എന്നിവരുടെ കവിതകളിലും ഹൃദയസ്പര്‍ശിയായി കടന്നുവരുന്നു വിദ്യാലയാവിഷ്കാരങ്ങള്‍.
സ്കൂള്‍ ഒരു പൂന്തോട്ടം, വിദ്യാര്‍ത്ഥി ഒരിളം ചെടി, അദ്ധ്യാപകന്‍ ശ്രദ്ധാലുവായ തോട്ടക്കാരന്‍ എന്ന റൂസ്സോയുടെ ഹരിതാഭമായ വിചാരങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു അദ്ധ്യാപകന്‍റെ ഓര്‍മ്മയുടെ അടരുകളാണ് ഈ കുറിപ്പുകള്‍. അഞ്ചുവയസ്സില്‍ സ്കൂളിലേക്ക് പോയ ആദ്യ ദിവസത്തെ ഓര്‍മ്മയെത്തൊട്ട് അദ്ധ്യാപകനായി തുടരുന്ന കാലയളവിലെ അനുഭവ വിചാരങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ നിരീക്ഷണവും അദ്ധ്യാപകന്‍റെ വിശകലനവും സമര്‍ത്ഥമായി സമരസപ്പെടുന്ന നവഭാവുകത്വത്തിന്‍റെ ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഇത്. ഓര്‍മ്മ കവിതയായ് മാറുന്നതും മഴവില്ല്പോലെ ചിതറുന്നതും കാണാം. കുട്ടിക്കുറുമ്പുകളോട് സരസമായി ഇടപെടുന്ന സന്ദര്‍ഭങ്ങളും കുട്ടിയിലൂടെ കണ്ടറിഞ്ഞ കുടുംബ പശ്ചാത്തലവും സാമൂഹ്യജീവിതവും തിക്തയാഥാര്‍ത്ഥ്യമായി പങ്കുവെക്കുന്ന കണ്ണീര്‍ നനവുളള അനുഭവങ്ങളും ഏറെയുണ്ട്.
ചളിക്കുഴമ്പ് നിറഞ്ഞ ചരല്‍പ്പാതയിലൂടെ അമ്മയുടെ കൈ പിടിച്ച് പോയ ആദ്യത്തെ സ്കൂള്‍ യാത്രയെപ്പറ്റിയുളള വിവരണം ഇങ്ങനെയാണ്- റോഡിലെ ചുവന്ന ചരല്‍ക്കുഴമ്പിലൂടെ സൂക്ഷിച്ച് വേണം നടക്കാന്‍. അന്നാണ് ചളിയില്‍ നടക്കുന്നതെങ്ങനെയെന്ന് അമ്മ എനിയ്ക്ക് പറഞ്ഞ് തന്നത്. തള്ളവിരല്‍ അമര്‍ത്തിവെക്കണം. അങ്ങനെവേണം ഓരോ കാല്‍വെപ്പും ചളിയിലൂടെ വള്ളിച്ചെരുപ്പുകള്‍ ശബ്ദമുണ്ടാക്കി. വെളുത്ത ഷര്‍ട്ടിന്‍റെ പിന്‍വശത്തേക്ക് ചളി വലിച്ചെറിഞ്ഞ് കൊണ്ടിരുന്നു. റ്റൊരു സന്ദര്‍ഭത്തില്‍ കണക്ക് പഠിപ്പിച്ചിരുന്ന ദേസുട്ടി മാഷ് പെരുക്കല്‍ പട്ടിക കിട്ടാത്തതിന് പലപ്പോളും എന്നെ പെരുക്കാറുണ്ട് എന്നും പറയുന്നു. കളിമട്ടില്‍ നര്‍മ്മം നിറച്ച റാഫി നീലങ്കാവിലിന്‍റെ നിരീക്ഷണങ്ങള്‍ കവിതയോടടുക്കുന്നു.
കശുമാങ്ങ പറിച്ചും ലഗോറികളിച്ചും ചാലില്‍ മീന്‍ തെക്കി പിടിച്ചും പേടിപ്പനിയും ഛര്‍ദ്ദിയുമായി തിമിര്‍ത്താടി കുട്ടിക്കാലത്തിന്‍റെ ഉത്സവകാല പ്രസരിപ്പുകള്‍ മങ്ങാത്ത ചിത്രമായി വരച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ധ്യാപകനായപ്പോള്‍ മുറിവേറ്റ കുട്ടിക്കാലത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന, തോറ്റ കുട്ടികളുടെ മാഷായി മാറുന്ന ഒരാളെ ഈ കുറിപ്പുകളില്‍ കാണാം.
ടി.സി. വാങ്ങിയിട്ടും പണ്ട് സ്കൂളില്‍ ഞാനിരുന്ന ബെഞ്ച് ഇപ്പോഴവിടെയുണ്ടോ? അല്ലെങ്കില്‍ എവിടെയായിരിക്കും എന്ന് ആകുലപ്പെടുന്ന ഓരോരുത്തരുടേയും ആത്മഭാവങ്ങളോട് ഐക്യപ്പെടുന്നു ഈ കുറിപ്പുകള്‍. നാമിരുന്നത് ഒരു വെറും മരബെഞ്ചിലല്ല, ഒരു കാലത്തിന്‍റെ മിടിപ്പിലായിരുന്നുവെന്ന് വേദനയോടെ ഓര്‍ക്കേണ്ടി വരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.