HomeUncategorizedവയലിനിൽ മലയാണ്മ മീട്ടാൻ ഇനി വരില്ല ബാലു...

വയലിനിൽ മലയാണ്മ മീട്ടാൻ ഇനി വരില്ല ബാലു…

Published on

spot_img

പ്രമോദ് പയ്യന്നൂർ

വേർപാടിന്റെയും വേദനയുടെയും പ്രണയത്തിന്റെയും പ്രത്യാശയുടെയും ആഴം മനസ്സിലേക്ക് പകരുന്ന സംഗീതമാണ് വയലിന്റേത്. ആത്മസുഹൃത്ത് ബാലുവിന്റെ വിരൽ സ്പർശത്തിൽ വയലിൻ തന്ത്രികൾ വെയിലും നിലാവും പരത്തുന്നതും, മഞ്ഞും മഴയും നിറയ്ക്കുന്നതും കണ്ടും കേട്ടും അറിഞ്ഞവന് ഈ വേർപാട് ഓർമ്മകളുടെ നോവാണ് ബാക്കിയാക്കുന്നത്.

പതിനാറു വർഷം മുൻപേ കൈരളി ടി.വി പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിക്കുമ്പോഴാണ് ബാലു എന്ന നവോന്മേഷമുള്ള സംഗീത പ്രതിഭയുമായി അടുത്ത് ഇടപഴകുന്നത്. ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന നിലയിൽ ആദ്യകാലങ്ങളിൽ തികച്ചും സർഗ്ഗാത്മകമായി പ്രവർത്തിച്ച ജനകീയ ചാനലിൽ സംഗീത വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നവ ദൃശ്യ പാഠങ്ങളുമായിട്ടായിരുന്നു അന്ന്, ബാലുവിന്റെ വരവ്. പകലിരവുകൾ സ്റ്റുഡിയോ ഫ്ലോറിലും എഡിറ്റിംഗ് റൂമിലും മുഴുകുമ്പോൾ പാതിരാ കഴിഞ്ഞെത്തുന്ന ഉറക്കത്തെ അകറ്റാൻ കട്ടനടിക്കാനും ബുഹാരിയിൽ മട്ടനടിക്കാനും ഒന്നിച്ചുള്ള യാത്രകൾ… നാടകത്തെയും ദൃശ്യകലകളേയും സ്നേഹിക്കുന്ന മനസ്സിന്റെ നന്മയുള്ള വാക്കും നോക്കും അടുത്തറിഞ്ഞ സർഗ്ഗ സൗഹൃദത്തിന്റെ ദിനസരികളായിരുന്നു അത്. ഒരാഴ്ച്ച മുന്നെ ബാലുവിന്റെയും കുടുംബത്തിന്റെയും അപകട വാർത്ത അറിഞ്ഞപ്പോൾ, ആലപ്പുഴ മെഡിക്കൽ കോളേജിലെ സുഹൃത്ത് ഡോ.റിതീഷിൽ നിന്നും ബാലുവിന്റെയും കുടുംബത്തിന്റെയും ആരോഗ്യ വിവരങ്ങൾ പല വേളകളിലായി അറിയുമ്പോഴും പ്രപഞ്ച കാരുണ്യങ്ങളോട് മനസ്സറിഞ്ഞ് അപേക്ഷിക്കുകയായിരുന്നു ‘അശുഭകരമായ ഒന്നും വരുത്തല്ലേന്ന്’…

പക്ഷെ… കനിവറിയുന്ന ശക്തികളൊന്നും സംഗീത പ്രണയിതാക്കളുടെ പ്രാർത്ഥന കേട്ടില്ല. അതിരില്ലാത്ത മാനവികതയും ഉപാധികളില്ലാത്ത സ്നേഹവുമായി മലയാളികൾ ഒരു മഹാ പ്രളയത്തെ അതിജീവിച്ചപ്പോൾ കലാ സാംസ്‌കാരിക രംഗത്തുള്ളവർ ഒന്നു കൂടി ഉണർന്ന് പ്രവർത്തിക്കണം എന്ന ചിന്തയുമായാണ് നമ്മൾ ഒടുവിൽ, ഒരിക്കൽ കൂടി ഒത്തു ചേർന്നത്. കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമെന്ന നിലയിൽ ഭാരത് ഭവൻ നടത്തിയ ദുരിതാശ്വാസ ദൗത്യങ്ങളിൽ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ‘ഭൂമി മലയാളം’ എന്ന മൾട്ടീമീഡിയ ട്രാവലിംഗ് തീയേറ്ററിന്റെ ആശയവും അവതരണ സാധ്യതകളും ബാലുവുമായി പങ്കുവച്ചു.

ഇന്ത്യയിലെ മഹാ നഗരങ്ങളിലേക്ക് മൾട്ടി ടാലന്റുള്ള കലാപ്രതിഭകളെ ഒത്തു ചേർത്ത് ഒരു സാംസ്‌കാരിക യാത്ര. മലയാളത്തിന്റെ പിറവിയും പെരുമയും ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹിക, സാംസ്‌കാരിക, നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും, ജനാധിപത്യത്തിന്റെ നാൾവഴികൾക്കുമൊപ്പം കേരളം നേരിട്ട ആദിമ പ്രളയവും വർത്തമാനകാല പ്രളയവും അതിജീവനവും, അവിടെ നിന്നും നവകേരളമെന്ന പ്രതീക്ഷാ നിർഭരമായ വരും നാളുകളെ ചേർത്ത് വെച്ചുള്ള മൾട്ടീമീഡിയ ആവിഷ്കാരം. ഏറെ ഇഷ്ടത്തോടെ ബാലു അത് കേട്ടു. എളിമയും സ്നേഹവും നിറച്ച് പുതിയ ചിന്തകൾ അതിനൊപ്പം ചേർത്തു വച്ചു. വിവിധ മേഖലകളിലെ സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ കൂട്ടായ്മയിൽ ഞാനുമുണ്ടാകുമെന്ന് തീർത്ത് പറഞ്ഞു.
ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ മാർഗ്ഗ നിർദ്ദേശങ്ങളോടെ നവംബറിൽ ഇന്ത്യൻ നഗരങ്ങളിൽ രംഗാവതരണം ഒരുക്കുവാനും അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ദുരിതാശ്വാസ ഫണ്ട് യാത്രാവസാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ ലക്‌ഷ്യം. വയലിനിൽ മലയാണ്മ നിറയുന്ന തീമാറ്റിക് ഈണങ്ങൾ ഉണർത്താൻ ബാലുവും ഒപ്പം ഉണ്ടാകും എന്നത് ഊർജ്ജവും ആവേശവുമായിരുന്നു ഞങ്ങൾക്ക്.

കുട്ടികാലം മുതൽ തന്നെ സംഗീത രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയും കടന്നു വന്ന ഇടങ്ങളിലെല്ലാം തന്റേതായ തനിമ തീർക്കുകയും ചെയ്‌ത പ്രതിഭ. നമുക്ക് കരയാനും, ചിരിക്കാനും, കനവുകാണാനും സംഗീതത്തിന്റെ ആകാശം ബാക്കിവെച്ചാണ് വിടപറഞ്ഞത്… ലോക മലയാളികളുടെ കൂട്ടായ്മകളിലെല്ലാം ഇടത് കപോലത്തിൽ ചേർത്തുവെച്ച പ്രിയതരമായ വയലിനിൽ സംഗീതത്തിന്റെ വിസ്മയങ്ങളും സ്നേഹത്തിന്റെ കടലാഴങ്ങളും തീർത്ത പ്രിയപ്പെട്ട ബാലഭാസ്കർ
ഇനി വരില്ലെന്നോർക്കുമ്പോൾ…

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.”...

More like this

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...