ചിന്താമണിയിലെ ഖസാക്ക്

0
241

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

2008. ചിന്താമണിയിലെ ശ്രീലക്ഷ്മീ നഴ്സിങ് കോളജിൽ കാൻ്റീൻ നടത്തി വരുന്ന കാലം. ആദ്യമായി ചിന്താമണി എന്ന് വാക്ക് കേട്ടപ്പോൾ ഒരു സിനിമയുടെ പേരാണ് മനസ്സിൻ്റെ തിരശ്ശീലയിൽ മിന്നി മറഞ്ഞത്. കൊലയും കേസുകെട്ടുകളും ഒക്കെയുള്ള സുരേഷ് ഗോപി ചിത്രമായ ‘ചിന്താമണി കൊലക്കേസ് ‘! ‘ചിന്താമണി’യെന്ന നായികയായി ഭാവനയും. പക്ഷെ, ഈ ചിന്താമണി ഒരു സ്ഥലരാശിയാകുന്നു. ബംഗളുരുവിൽ നിന്നും 80 കി.മീറ്റർ കിഴക്ക് ആന്ധ്രയുടെ അതിർത്തി പങ്കിടുന്ന കർണ്ണാടകയിലെ ചിക്കബല്ലാപ്പുര ജില്ലയിലെ ഒരു താലൂക്ക്. പട്ടണത്തിൻ്റെ ഹൃദയഭാഗത്തുള്ള ചിരപുരാതനമായ ബസ്സ് സ്റ്റാൻ്റ് . കർണ്ണാടകയിലെ പരിചിതമായ ഇത്തരം ബസ് നിലയങ്ങൾ അസ്തിത്വ ദുരിതവും പേറി പഥികരുടെ വരവേൽപ്പിനായി കാത്തിരിക്കുന്നു. ബസ് സ്റ്റാൻ്റിൻ്റെ നരച്ച ചുമരിനോട് ചേർന്ന് ചാരനിറമുള്ള കടപ്പകല്ല് വിരിച്ച നീളൻ ബെഞ്ച്. പൂരിയും സാഗുവും (കുറുമ)മസാല ദോശയും ആവി പറക്കുന്ന കാപ്പിയും അന്ന സാമ്പാറും വിളമ്പുന്ന ഹോട്ടൽ. ബസ് ജീവനക്കാരുടെ വിശ്രമ മുറി. തെല്ലു ദൂരത്ത് മാലിന്യ നിക്ഷേപത്തിനരികിലെ മൂത്രപ്പുര. യാത്രക്കാരെ കാത്ത് കിടക്കുന്ന ഏതാനും ബസുകൾ. പ്രധാനനിരത്തിലേക്കിറങ്ങുന്ന വഴിയിൽ തോരണമായി ഞാത്തിയിട്ട ലെയ്സും, ചായയും സർബത്തും സിഗരറ്റും പാൻപരാഗും വിൽക്കുന്ന പെട്ടിക്കടകൾ…

നീളത്തിൽ പകുത്ത കക്കിരിയിൽ ഉപ്പും മുളകും പുരട്ടി വെച്ചത്, മസാലക്കടലകൾ, പൂളിയ പച്ച മാങ്ങ, തോട്ടത്തിൽ നിന്നും പറിച്ചെടുത്ത പുതുമ ചോരാത്ത മുഴുത്ത പേരയ്ക്ക മുതലായവ ചെറുവട്ടികളിൽ ചുമലിൽ ചുമന്ന് വില്പന നടത്തുന്നവർ. മുഷിഞ്ഞ കുപ്പായം ധരിച്ച ആണുങ്ങളും നിറം മങ്ങിയ സാരി ധരിച്ച പെണ്ണുങ്ങളും
ബസ്സ് സ്റ്റാൻ്റിനോട് ചേർന്ന് അതിരു തിരിച്ച അരമതിലിൽ കുത്തിയിരുന്ന് വെറ്റില തുമ്മാൻ മുറുക്കി തുപ്പി കൊണ്ട് വേവലാതികൾ പങ്കുവെക്കുന്നു. ചിലർ ബീഡി പുകയ്ക്കുന്നു. സ്ത്രീകളുടെ കറുത്ത് മെല്ലിച്ച കൈകളിൽ കുപ്പിവള കിലുങ്ങി. മുറുക്കി തുപ്പിയ പാടുകളിൽ ബീഡിക്കുറ്റികളും പാൻപരാഗിൻ്റെ കവറുകളും ചിതറി കിടന്നിരുന്നു. ചന്തയിൽ പച്ചക്കറികൾ വിറ്റ് പലവ്യഞ്ജനങ്ങൾ വാങ്ങി വീടണയുന്നതിനായി ബസ്സ് കാത്തിരിക്കുന്നവരായിരിക്കണം. അരശുമര ചുവട്ടിൽ കിടന്ന് തികട്ടി അരക്കുന്ന (അയവെട്ടുന്ന ) കന്നുകാലികൾ. പുരാതനനഗരത്തിൻ്റെ ചില തിരുശേഷിപ്പുകൾ പൊഴിച്ചു കളയാൻ പറ്റാത്ത ശൽക്കങ്ങളായി ഇപ്പൊഴും ഇവിടെ പറ്റിപ്പിടിച്ചു നിൽക്കുന്നു. കാലപ്പഴക്കത്തിൽ നിറംമങ്ങിയ മരവിച്ച കെട്ടിടങ്ങൾ. പൊട്ടിപ്പൊളിഞ്ഞും വിണ്ടു കീറിയതുമായ ചുമരുകൾ. ബസ്സ്റ്റാൻ്റിൽ നിന്ന് നോക്കുമ്പോൾ തൊട്ടടുത്തുള്ള മലയുടെ മുകളിൽ പടർന്നു മുറ്റിയ മരക്കൂട്ടങ്ങൾക്കിടയിൽ പുരാതനമായ അമ്പലത്തിൻ്റെ അർദ്ധഗോചരമായ ഗോപുര ദൃശ്യം.

നരച്ച ടാർറോഡിന് ഇരുപുറവും തടിച്ച മരവാതിലുകളുള്ള കൊച്ചു കൊച്ചു കടകൾ. തലയെടുപ്പുള്ള കടകളും കെട്ടിടങ്ങളം ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. റോഡിൽ ആഡംബര വാഹനങ്ങൾ കാര്യമായി ഇല്ല. ചുവപ്പ് ചായം പൂശിയ സർക്കാർ ബസ്സുകൾ. പല നിറത്തിലുള്ള സ്വകാര്യ ബസ്സുകൾ. പച്ചക്കറി ചാക്കുകളുമായി കാളവണ്ടികൾ.
വണ്ടുകളെപ്പോലെ മുരണ്ടു പായുന്ന ഓട്ടോറിക്ഷകൾ. നെറ്റി പട്ടം കെട്ടിയ ചരക്കു ലോറികൾ. പാതവക്കിൽ ചൂട് ചാണകമിട്ടു കൊണ്ട് എരുമകളും പശുക്കളും. കന്നഡ ഭാഷയേക്കാളധികം തെലുങ്കു സംസാരിക്കുന്നവർ. ഇരു ഭാഷകളും ഇരട്ട സഹോദരിമാരെപ്പോലെ സഹവർത്തിത്വത്തിലുമാണ്. തക്കാളി വിളഞ്ഞ തോട്ടങ്ങൾ. നിലം ചാലുകീറി ഒരുക്കിയ നിലക്കടല കൃഷിയുടെ ഹരിത ചാരുത. കാറ്റിൽ മൾബെറി ചെടികളുടെ തളിരികളിൽ പച്ച പട്ടിൻ്റെ ഞൊറിയിളക്കം. ചിന്താമണിയിലെ തക്കാളി മാർക്കറ്റിൽ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് തക്കാളി കയറ്റി അയക്കുന്നത്. കേരളത്തിലേക്ക് മൊത്തക്കച്ചവടക്കാർ തക്കാളി കൊണ്ടു പോകുന്നതും ഇവിടെ നിന്നാണ്.

ഈ മാർക്കറ്റിൽ നിന്നും വൈകിയ വേളയിൽ ചുളുവിലക്ക് കിട്ടുന്ന തക്കാളിയും ചന്തയിലെ പച്ചക്കറികളും കാൻ്റീൻ നടത്തിപ്പിന് എനിക്ക് അത്രമേൽ അനുഗ്രഹമായിരുന്നു. അതിനായി നേരം ഇരുട്ടുന്നതു വരെ ഞാൻ കാത്തിരിക്കും. പേരുകേട്ട ‘ചിന്താമണി അരിമുറുക്കി’നും മസാല പുരട്ടി വറുത്ത നിലക്കടലയ്ക്കും ഏറെ പ്രചാരമുണ്ട്. പൊടിക്കാറ്റും ചൂടും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ വീശിയടിച്ചു കൊണ്ടിരുന്നു. പട്ടണത്തിൻ്റെ ചുറ്റുവട്ടം വിട്ട് അൽപ്പം അകലേക്ക് കണ്ണ് നീട്ടിയെറിഞ്ഞാൽ കാണുന്ന കാഴ്ച്ച ഒന്നു വേറെ. വലിയ പാറക്കല്ലിനു മുകളിൽ പല വലിപ്പത്തിലുള്ള കല്ലുകൾ. അട്ടിവെച്ച പ്രകൃതിയുടെ കരവിരുതിൻ്റെ വിസ്മയ കാഴ്ച്ചകൾ ! മറ്റൊരിടത്ത് ഒരു ചെറുകല്ലിൻമേൽ ആനയോളം വണ്ണമുള്ള
മറ്റൊരു കൂറ്റൻ പാറ!. വീഴാൻ പാകത്തിൽവർഷങ്ങളായി അത് അചഞ്ചലമായി നിലകൊള്ളുന്നു. താഴെ ഭയാശങ്കകൾ തെല്ലുമില്ലാതെ കൊച്ചുകൊച്ചു വീടുകളുള്ള കോളനിയിലെ ജനങ്ങൾ ശാന്തിയോടെ അന്തിയുറങ്ങുന്നു. ആ പാറ ഒന്നമറിയാൽ കോളനി മൊത്തം തവിട് പൊടിയാകും. ആനപ്പാറപോലെ ഉറച്ച വിശ്വാസത്തിൻ്റെ കരുത്താണ് അവരുടെ മനസ്സിലെ അനങ്ങാപ്പാറ!

ചിന്താമണിക്കടുത്ത് കൈവാരയിൽ അനേകം അടി ഉയരത്തിലുള്ള കൈലാസഗിരി എന്ന കുന്ന് കാണാം. കുന്നിൻ മുകളിൽ പുരാതനമായ ഗുഹാശിവക്ഷേത്രവും പ്രതിഷ്ഠകളും കൊടിതോരണങ്ങളുമുണ്ട്. കൈവാരതാത്ത എന്ന ഒരു സ്വാമി കൈലാസ ഗിരിയിലെ ഗുഹയിൽ തപസ്സിരുന്നെന്നും അമാനുഷികമായ അത്ഭുതങ്ങളും പ്രവചനങ്ങളും നടത്തിയിരുന്നതായും ഒരു പുരാവൃത്താന്തമോ കിംവദന്തിയോ പ്രായമായവർക്കിടയിൽ കൈമാറി വരുന്നുണ്ട്. ഓരോ കാലത്തും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് കൈവാരതാത്ത (അപ്പൂപ്പൻ)വർഷങ്ങൾക്ക് മുമ്പ്, പ്രവചിച്ചിട്ടുണ്ടെന്ന് അവർ ആണയിടുന്നു. “പട്ടന്തൂര് ബെട്ടെ (കുന്ന്)) പട്ടണമാകും” എന്നും ( ഇപ്പൊഴത്തെ International Tech Park, whitefield ഇന്നത് അന്താരാഷ്ട്ര നഗരമായി പരിണമിച്ചിരിക്കുന്നു!) “ദേവനദൊഡ്ഡി (ദേവനഹള്ളി) എന്ന ഗ്രാമത്തിൽ വിമാനം വരുമെന്നും “(Bangalore International Airport) പ്രവചിച്ചിട്ടുണ്ടത്രേ. ഇനിയൊരു പ്രവചനം ഉള്ളത് ലോകാവസാനത്തെ കുറിച്ചും. കല്ലിൽ കൊത്തിയ കോഴിയുടെ ശില്പം കൂകുമെന്നും അതിന് ശേഷം ലോകാവസാനമാണെന്നു പോലും!. അത് എപ്പോൾ സംഭവിക്കുമെന്ന് മാത്രം ആരും ചോദിച്ചേക്കരുത്! ആ കാലഗണന ഗണിച്ചു പറയാൻ നാട്ടുകാർ ഇനിയും പ്രാപ്തരായിട്ടില്ല !. കല്പാന്തകാലംവരേക്കും
ആ ദീർഘദർശനം നീണാൾ വാഴട്ടെ !

ചിന്താമണിയിൽ നിന്നും ആറ് കി.മീറ്റർ കിഴക്ക് മാറി മറൂഗ് മല്ല എന്ന ദർഗ്ഗയുണ്ട്. ചുറ്റിലും ഉയർന്ന പാറപരപ്പിൻ്റെ വശ്യവന്യത. അങ്ങിങ്ങായ് കാവൽ നിൽക്കുന്ന
നെടുനീളൻ കരിമ്പനകൾ. അന്യമതസ്ഥരായ വിശ്വാസികൾ പോലും നേർച്ചയും കാണിക്കയും അർപ്പിക്കാനായി എത്തുന്ന സ്ഥലം. ബാബാജാൻ, അമ്മാജാൻ എന്നിവരുടെ ഖബിറിടങ്ങൾ. അലങ്കാരഞൊറികളുള്ള പച്ച പട്ടു കൊണ്ട് മക്ബറ ആവരണം ചെയ്തിരിക്കുന്നു. ദർഗ്ഗയിലെ മിനാരത്തിന് മുകളിൽ ഉയർന്നു പാറുന്ന കൊടി. കുന്തിരിക്കം പുകയുന്ന അലങ്കാരപാത്രം. അകത്തളങ്ങളിൽ കുന്തിരക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അത്തറിൻ്റെയും സമ്മിശ്രസുഗന്ധം. കൈതോല വിശറി കൊണ്ട് കാറ്റ് വിതയ്ക്കുന്ന മൊല്ലാക്ക. ദഫ് മുട്ടുന്നവർ. മക്ബറയെ കൈ മുത്തി വണങ്ങുന്നവരും പട്ട് വിരിച്ച് ദുആ ച്ചെയ്യുന്നവരും. ദർഗ്ഗയ്ക്കു ചുറ്റിലും ജപമാലയും മോതിരവും ഖുറാൻ വചനങ്ങളും കഅബയുടെയും മക്കയുടെയും ഫോട്ടോകളും പട്ടും മുല്ലയും അത്തറും മറ്റും വിൽക്കുന്ന കൊച്ചു കൊച്ചു കടകൾ.

ബാബസ്വാമി എന്ന ഒരു ഫക്കീർ അവിടെ വരാറുണ്ടത്രേ. ഉണ്ടപക്രുവിനെപ്പോലെ കൊച്ചു മനുഷ്യൻ! അറുപതിനടുത്ത് പ്രായം വരും. അയാളെ കാണുന്നതും കൈനീട്ടം കിട്ടുന്നതും വലിയ പുണ്യവും അനുഗ്രഹമാണെന്നും കരുതപ്പെടുന്നു.
ചെറിയ സൈക്കിളിലാണത്രേ യാത്ര. ഒരു ദിവസം അയാൾ മാന്ത്രികനെപ്പോലെ പെട്ടെന്ന് പട്ടണത്തിലെ വഴിയിൽ പ്രത്യക്ഷപ്പെട്ടു. മുന്തിയ കാറുകളിലും ബൈക്കുകളിലും കാൽ നടയായും ജനങ്ങൾ ബാബജാൻ സ്വാമിയെ അനുഗമിച്ചുകൊണ്ടിരുന്നു. ഖസാക്കിൻ്റെ ഇതിഹാസത്തിലെ ‘അപ്പുക്കിളി’ എന്ന കഥപാത്രമായി വളർന്ന് അയാൾ എന്നിലേക്ക് കൗതുകം നിറച്ചു. “ഉന്തിനിന്ന ചുണ്ടുകൾ, പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകൾ, ഒരു മുക്കാൽ മുഷ്യൻ്റെ ഉടല്. പക്ഷെ, കൈകാലുകൾ നന്നെ മുരടിച്ചു പോകയാൽ ആകെ മൊത്തം ഒരു കുട്ടിയുടെ വലിപ്പമേ തോന്നിച്ചുള്ളു….” ഖസാക്കിലെ ഞാറ്റുപുരയിലെത്തിയ ഇരുപത് വയസ്സുള്ള അപ്പുക്കിളിയെ രവി കാണുകയാണ്.

ബാബജാൻ!…അപ്പുക്കിളി….! തുർക്കി തൊപ്പി വെച്ച അപ്പുറാവുത്തർ …!
ആരാണ് ഈ കറുത്തു കുറുകിയ മനുഷ്യൻ. മുഷിഞ്ഞ കടും നീല മുഴുകൈ ജൂബയും കള്ളി ലുങ്കിയും. കഴുത്തിൽ പട്ടുറുമാൽ കെട്ടിയിരിക്കുന്നു. ജട പിടിച്ച മുടി. തലയിൽ നരച്ച് നിറം മങ്ങിയ തൊപ്പി. കോടിയ ചുണ്ടിൽ നിന്നും മുറുക്കാൻ ചാറ് ഒലിച്ചിറങ്ങുന്നു. ജൂബയുടെ കീശയിൽ വിശ്വാസികൾ തിരുകി വെച്ച വെറ്റിലയും നോട്ടുകെട്ടുകളും. മറുവശത്തെ കീശയിൽ നിന്നും കളർ ചോക്കുകൾ തുറിച്ചു നോക്കുന്നു. വിണ്ടുകീറിയ പാദങ്ങൾ. നഗ്നപാദനായ ഫക്കീർ !

കൗതുകത്തിനായി ഖസാക്കിലെ ‘അപ്പുക്കിളി’യായി മാറിയ ബാബജാൻ സ്വാമിയെ ഞാൻ അനുധാവനം ചെയ്തു. കുഴലൂത്തുകാരന് പിറകെ പുരുഷാരം കണക്കെ ആൾക്കൂട്ടം പെരുകി. ചിന്താമണിയിലെ പൊടിക്കാറ്റ് പെയ്ത് നരച്ച നിരത്ത് നെടുവരമ്പ് പോലെ നീണ്ടു കിടന്നു. തൂവാല വീശിയും അറബിവചനങ്ങൾ ഉരുവിട്ടും ദിക്റ് ചൊല്ലിയും ദഫ്മുട്ടിയും അത്തറ് തളിച്ചും വിശ്വാസികൾ അയാളെ പിന്തുടർന്നു. മൗനത്തിൻ്റെ മാറാപ്പു പുതച്ച് വിണ്ടുകീറിയ പാദങ്ങൾ കൊണ്ട് ബാബ സ്വാമി പതുക്കെ സൈക്കിൾ തുഴഞ്ഞു കൊണ്ടിരുന്നു. ജനങ്ങളുടെ ആ മന്ത്രണത്തിനിടയിൽ സൈക്കിളിൻ്റെ
മണിയൊച്ച സ്വാന്തനമെന്നോണം വേറിട്ടു കേൾക്കാമായിരുന്നു.

അരനാഴിക പിന്നിട്ടതിനുശേഷം ഒന്നും ഉരിയാടാതെ സൈക്കിൾ ചുമരോട് ചാരി വെച്ച് അയാൾ ബസ്സ്ഷെൽട്ടറിൻ്റെ ചാരുബഞ്ചിലമർന്നു. വിജനമായ മുക്കവലയിലെ ഒരേ ഒരു ബസ്സ് കാത്തിരിപ്പു കേന്ദ്രം. ഒറ്റയടിപ്പാത രണ്ട് പിരിവുകളായി പോകുന്ന ഇടം. വലത്തോട്ട് തിരിഞ്ഞു പോയാൽ മുറൂഗ് മല്ല ദർഗ്ഗയിലെത്താം. ഇടത്തോട്ട് ആന്ധ്രയിലെ ഉൾനാട്ടിലേക്കും. ജഢ പിടിച്ച മുത്തശ്ശി അരയാലിൻ്റെ പടർന്നോടിയ വേരുകൾ പണ്ട് ഇരിപ്പിടമായിരുന്നു. ആൽമരക്കൊമ്പുകൾ കാത്തിരിപ്പ് ഷെഡിനു മേലെ, ഫണം വിടർത്തിയാടുന്ന നാഗത്താന്മാരെ പോലെ പുളഞ്ഞുലഞ്ഞാടി. പതിഞ്ഞു വീശിയ കാറ്റിൽ ആലിലകൾ വിറകൊണ്ടു. റോഡിനിരുവശങ്ങളിലും നിലക്കടല പാടവും മൾബെറി കൃഷിയും പച്ച പട്ട് വിരിച്ചിരുന്നു.

നോട്ടുകെട്ടുകളും വെറ്റിലയും പഴവും മുല്ലപ്പൂമാലയും ബന്നും കുപ്പിവെള്ളവും കളർചോക്കും ബീഡിയും ഭക്ത്യാദരപൂർവ്വം പലരും ബാബജാൻ സ്വാമിക്കരികിലായി നിരത്തിവെച്ചു. അയാൾ യാതൊന്നും ശ്രദ്ധിക്കാതെ കീശയിൽ നിന്നും ചോക്കെടുത്ത് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ പൂപ്പൽ പിടിച്ച് ചുണ്ണാമ്പടർന്ന ചുമരിൽ പല രൂപത്തിലുള്ള കള്ളികൾ പടുത്തുകൊണ്ടിരുന്നു. പല നിറങ്ങളിൽ ഒരുപാട് ചതുരങ്ങളുള്ള ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന വൃത്തങ്ങളുമുണ്ട്. അമൂർത്തമായ ജാമിതീയ രൂപങ്ങൾ അയാൾ ഭാരിച്ച മൗനത്താൽ അവധാനപൂർവ്വം കോറിവരഞ്ഞുകൊണ്ടിരുന്നു.

കുറുകിയ കൈയ്യിൽ നിന്നും ചോക്ക് കട്ട വിറച്ചു. കരിഞ്ചേര കണക്കെ ഒലിച്ചിറങ്ങുന്ന വെറ്റില ചാറ് ഇടതു കൈ കൊണ്ട് തുടച്ചു മാറ്റി കൊണ്ടിരുന്നു. കൗതുകവും വിശ്വാസവും തുടിച്ച അനേകം കണ്ണുകൾ അയാളെ പൊതിഞ്ഞു. മക്ബറയെ പട്ടുതൂവാലയെന്ന പോലെ….! പെട്ടെന്ന് അമൂർത്തമായ കളത്തിൽ നിന്നും കൈ പിൻവലിച്ച് ബാബജാൻ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞു. ബാല്യമോ യൗവനമോ വാർദ്ധക്യമോ ആ മുഖത്ത് തെളിഞ്ഞിരുന്നില്ല. പ്രാത്ഥനാനിരതമായ അനേകം ചുണ്ടുകൾ വിറപൂണ്ടു. അവർ ദുആ ഇരന്നു. ബാബജാൻ കീശയിൽ നിന്നും നോട്ടുകൾ വലിച്ചെടുത്ത് പാതി അടഞ്ഞ പീള കെട്ടിയ കണ്ണുകളാൽ ആൾക്കൂട്ടത്തെ ഉഴിഞ്ഞു. നിവർത്തി വിരിച്ച അനേകം കൈക്കുമ്പിൾ അയാൾക്കു നേരെ നീണ്ടുചെന്നു. ബാബജാൻ സ്വാമി അലക്ഷ്യമായി നോട്ടുകൾ കൊടുത്തുകൊണ്ടിരുന്നു. പത്ത്, ഇരുപത്, അമ്പത്, നൂറ്, അഞ്ഞൂറ്   എന്നിങ്ങനെ…..ചിലർക്ക് പഴം, ചിലർക്ക് പൂവ്, ചിലർക്ക് നാണയതുട്ടുകൾ, ചിലർക്ക് മോതിരം. കിട്ടിയവർ കിട്ടിയവർ മുത്തമിട്ടും സ്വന്തം കണ്ണോട് ചേർത്തു വെച്ചും സന്തോഷാശ്രു പൊഴിച്ചു. പുഞ്ചിരി വിരിഞ്ഞു. മുഖം തെളിഞ്ഞു. പുണ്യവും അനുഗ്രഹവർഷവും ലഭിച്ചവർ പിരിഞ്ഞു. ബാക്കിയുള്ളവർ അടുത്ത സങ്കേതമായ ദർഗ്ഗയിലേക്കുള്ള അകമ്പടിക്കായി കാത്തിരുന്നു. ഞാൻ ശൂന്യമായ കൈപ്പത്തി ശോകമൂകനായി നോക്കി. എങ്കിലും അഞ്ഞൂറിൻ്റെ നോട്ടുണ്ടെന്ന് സങ്കല്പിച്ചു കൊണ്ട് വെറും വെറുതെ മുത്തി മണത്തു ! എനിക്ക് അന്നേരം അത്തറിൻ്റെ നറുമണം മണത്തു.

പഴയ നോക്കിയ മൊബൈലിൽ നിന്നും അലാറം വിറച്ചു. നാലരയുടെ ചായ കുടിക്കാനായി നഴ്സിങ് പിള്ളേര് മുകളിലെ ക്ലാസ് മുറികളിൽ നിന്നും പടപടാന്ന് കോണിപ്പടികൾ ഇറങ്ങി പാദസരകിലുക്കവുമായി കിതച്ചെത്തും. അംബേദ്ക്കർ കോളനിയിലെ ബജ്ജി വിൽപ്പനക്കാരിയായ കോമളക്കയിൽ നിന്നും വാങ്ങിയ ചായക്കടികളുമായി ഞാൻ വിശാലമായ ചുറ്റുമതിൽ കടന്ന് കാൻ്റീനിലേക്ക് കാലുകൾ നീട്ടി വെച്ച് ധൃതികൂട്ടി നടന്നു. കാൽപ്പെരുമാറ്റമേറ്റ് തഴമ്പിച്ച ചവിട്ടടി പാത
കോളജ് കവാടം വരെ മലച്ചു കിടന്നു. വെയിൽ ചാഞ്ഞിരുന്നു. കെട്ടിട സമുച്ചയത്തിൻ്റെ മട്ടുപ്പാവിനു മുകളിലെ ചക്രവാളത്തിൽ ചാരനിറം പൂണ്ട മേഘരൂപങ്ങൾ ഉരുണ്ടു നീങ്ങുന്നു. പൂന്തോട്ടത്തിൽ പരിപാലിച്ചു വന്ന അലങ്കാരപ്പനകളുടെ മുകളിൽ കാറ്റുപിടിച്ചു. കാറ്റിൽ പനകൾ ഇണചേർന്നു. ‘ആകാശം സാന്ദ്രമായി ഇറങ്ങി നിന്നു’!

വാക്കുകളുടെ ഇന്ദ്രജാലക്കാരൻ ഒ.വി.വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസ’ത്തിലെ വരികൾ എൻ്റെ സിരകളിൽ നുരഞ്ഞുപൊന്തി : “ചൂട് നഷ്ടപ്പെട്ട വെയില്. കരിമ്പനകളുടെ സീൽക്കാരം. എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ,ആസക്തി, നിരാസം, ക്രൂരമായ ജിജ്ഞാസ, കൃതാർത്ഥത…. എന്തായിരുന്നു അത്.? അല്ലെങ്കിൽ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ തുമ്പികൾ പറന്നലഞ്ഞു. രവി നടന്നു. നെടുവരമ്പ് അറ്റമില്ലാതെ നീണ്ടു കിടന്നു.”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here