ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
രതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന ) ഏജൻസിയിൽ സൂപ്പർവൈസ് ചെയ്ത നേരിയ പരിചയമാണ് കൈമുതൽ. മുതൽ മുടക്കാൻ ആളെ തപ്പി നടക്കലായി പിന്നെ അവൻ്റെ പണി. ഇതിനെ കുറിച്ച് കേട്ടുകേൾവി ഇല്ലാത്തവരെ പോലും പാട്ടിലാക്കാൻ നോക്കിയിട്ടുണ്ട്. മനോഹരമായി ഒരുങ്ങി നടക്കുന്നവൻ. ഉയരത്തിനൊത്ത വണ്ണം. ഇരുനിറം. ഒരു ശുദ്ധഗതിക്കാരൻ !!
മുടക്കുമുതൽ തുച്ഛം. പേരിനൊരു ഓഫീസ്. പാൻ കാർഡ്, ബേങ്ക് എക്കൗണ്ട്, രജിസ്ട്രേഷൻ, കൂട്ടത്തിൽ ജി .എസ്.ടി.യും! ഇത്രയും ധാരാളമെന്നാണ് അവൻ്റെ കണക്ക് കൂട്ടൽ. ലാഭത്തിൻ്റെ ശതമാനകണക്കുകൾ. തൊഴിലാളികളുടെ വേതനത്തിൽ നിന്നും പിടിക്കുന്ന അംശാദായം. കമ്പനികളിലേക്ക് തൊഴിലാളികളെ നൽകുന്തോറും ഉണ്ടാകുന്ന അധിക ലാഭം. അധികം മുതൽമുടക്കില്ലാത്ത ബിസിനസ്സ്. അധ്വാനിക്കുന്ന തൊഴിലാളികളാണ് നമ്മുടെ അന്നവും ജീവനാഡിയും. കണക്കുകളും വാദഗതികളും കേട്ടാൽ ഗതികെട്ടവരാണേൽ പെട്ടെന്ന് വീണുപോകും.
???????????????????????? ???????????????????????????????? ???????????????????????????????????????? ???????????????????????????????? എന്ന വായിൽ കൊള്ളാത്ത പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ചു കൊണ്ട് കളത്തിലിറങ്ങി. പ്രൊപ്രൈറ്റർ, എംഡി, മാർക്കറ്റിംങ്ങ് മാനേജർ എന്നിങ്ങനെ പേരിന് മാത്രമുള്ള ആലങ്കാരിക പദവികൾ തരം പോലെ ഞങ്ങൾ പങ്കിട്ടെടുത്തു. ഫോൺ നമ്പറുകളും നിരത്തി. ആനന്ദലബ്ദിക്കിനിയെന്തു വേണം എന്ന അവസ്ഥയിലായി നമ്മൾ !? പെട്ടെന്നാണ് ഒരു ചിന്ത മിന്നിയത് ! ചുമരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ പറ്റൂ. ചുമരും ചായകൂട്ടുകളും ഇല്ലാത്ത മട്ടിലാണെങ്കിലോ? തോൾസഞ്ചിയും തൂക്കി ഫാക്റ്ററികളിലും മറ്റ് തൊഴിലിടങ്ങളിലും കയറി ഇറങ്ങി ഹെൽപ്പർ പണിക്ക് “ആളുകളെ വേണോ”, “ആളുകളെ തരട്ടെ“ എന്ന് മയത്തോടെ ചോദിക്കലായി നമ്മുടെ പണി!. ‘Wanted helpers’ എന്ന ബോർഡ് തൂക്കിയ ഗേറ്റ് കടന്ന് നമ്മൾ പ്രതീക്ഷയോടെ ചുവടുകൾ വെച്ചു. ഒരു ചുമര് സംഘടിപ്പിക്കാൻ വേണ്ടിയുള്ള പോര് ! തത്രപ്പാട് !
തുംകൂർ വ്യവസായ വികസന പാർക്കിലും വസന്തനരസപുരയിലെ( Vasanthanarasapura ) കിലോമീറ്ററുകളോളം വിസ്തൃതമായ വ്യവസായ ഇടനാഴിയിലും അലഞ്ഞപ്പോൾ ഒരു കാര്യം ബോധ്യമായി. ആളുകളുടെ ആവശ്യമുണ്ടെങ്കിലും തുച്ഛമായ കൂലിക്ക് പണിയെടുക്കണം. ഓവർടൈമിൻ്റെ ഗുണം കിട്ടും എന്നതാണ് മെച്ചം! തുംകൂരിലെ അരി മില്ലുകൾക്ക് മുൻവശത്തെ ഗേറ്റിനരികിലും ചുറ്റുവട്ടത്തെ പെട്ടിക്കടകൾക്ക് മുന്നിലും ബലി കാക്കകളെ പോലെ നമ്മൾ കാത്തു നിന്നു. ബീഹാരി തൊഴിലാളികളെ കൊത്തിവലിക്കാനുള്ള ശ്രമം നടത്തി നോക്കി. പക്ഷെ , പണി പാളി !!. ഏക് ബിഹാരി ; സൗ ബീമാരി ( ഒരു ബീഹാരി = നൂറ് ചൊറ) എന്ന കമ്പനി സേട്ടുമാർക്കിടയിലെ സാക്ഷ്യം പറച്ചിൽ
ഓർത്തിരുന്നെങ്കിലും കാര്യത്തിന് കഴുതക്കാലും പിടിക്കണമല്ലോ?!
“ഹമാരാ ഗാവ് മേം ആപ്കോ ആദ്മി ലോഗ് മിലേഗാ…..”
ബീഹാറിലെ ഗ്രാമത്തിലേക്ക് പോയാൽ ആളുകളെ തരപ്പെടുത്തി തരാമെന്നും തൻ്റെ ബന്ധുവിനെ കണ്ടാൽ മതിയെന്നും ലാലു ഭായി എന്ന മേസ്തിരി പറഞ്ഞത് ഒരു കച്ചിത്തുരുമ്പായി കണ്ടു. നാട്ടിലെ ഗാവ് മുഖ്യനെ ഫോണിൽ വിളിച്ച് ലാലു സംഗതി ഉറപ്പു വരുത്തുകയും ചെയ്തു. ഫോൺ നമ്പറുകൾ സേവ് ചെയ്തും മൊബൈലിൽ വിവരങ്ങൾ ശേഖരിച്ചും യാത്രയ്ക്കായി ഞങ്ങൾ തയ്യാറെടുത്തു. ക്ഷണികമായ ജീവിതയാത്രകളിൽ ആകസ്മികവും ശ്രമകരവുമായ എത്രയേറെ സന്ദർഭങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് ! ഞാൻ വെറുതെ ഓർത്തു. അങ്ങനെ യശ്വന്തപുരയിൽ നിന്നും പാടലീപുത്ര എക്സ്പ്രസ്സിൽ ഞാനും രതീശനും വണ്ടി കയറി. അറിയാത്ത സ്ഥലങ്ങളിലൂടെ കാണാകാഴ്ച്ചകൾ കണ്ട് ഒരു ദീർഘദൂര ട്രെയിൻ യാത്ര. പ്രാചീന ഇന്ത്യാ ചരിത്രത്തിൻ്റെ താളുകളിൽ നിന്നും ചന്ദ്രഗുപ്ത മൗര്യൻ ,മഗദ രാജ്യം, മൗര്യ വംശം, പാടലീപുത്രം, ചാണക്യൻ തുടങ്ങിയ പേരുകളും പാരലൽ കോളജിലെ ഇടുങ്ങിയ ക്ലാസ് മുറിയിൽ നിന്നും ഹിസ്റ്ററിയിൽ ലക്ച്ചറടിച്ച ലോലൻ എന്നു വിളിപ്പേരുള്ള വാസു മാസ്റ്ററുടെ തൊണ്ട കീറുന്ന ഒച്ചയും എൻ്റെ ഓർമ്മകളിലേക്ക് ഒരുമിച്ച് ഇരച്ചെത്തി.
“‘എല്ലാ സുഹൃദ്ബന്ധങ്ങൾക്ക് പുറകിലും ചില വ്യക്തിതാല്പര്യങ്ങളുണ്ടാവും. സ്വാർത്ഥ താല്പര്യങ്ങളാണ് സൗഹൃദത്തിന് നിദാനമെന്നത് പരമാർത്ഥമാണ്.” ഒരു ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഞാന്‍ എന്ത് കൊണ്ടു ഇത് ചെയ്യുന്നു? ഇതിന്റെ ഫലം എന്തായിരിക്കും ? ഇത് വിജയമാകുമോ? ഈ മൂന്ന് ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ മുന്നോട്ടു പോകാവൂ.
“ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്റെ ജയ പരാജയങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കരുത്, ചെയ്യാന്‍ തുടങ്ങിയ ജോലി ഇടയ്ക്ക് വച്ച് നിര്‍ത്തരുത്, പൂര്‍ത്തിയാക്കുക , നിങ്ങൾക്ക് സന്തോഷവും തൃപ്തിയും ഉണ്ടാവും.”
ആധുനിക മോട്ടിവേഷൻ ക്ലാസിൻ്റെ പ്രാക്തന രൂപവും അതിൻ്റെ തലതൊട്ടപ്പനായ ചാണക്യനെ കുറിച്ചും ഞങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്നാതായിരുന്നു സത്യം. ഇത്തരത്തിലുള്ള യാതൊരു മുൻധാരണയുമില്ലാതെയാണ് മൂവരും മുന്നിട്ടിറങ്ങിയത്. പ്ലാറ്റ് ഫോമിലൂടെ ഒഴുകിയെത്തുന്ന അനൗൺസ്മെൻ്റിൻ്റെ കിളിമൊഴികൾക്കൊപ്പം ചൂളം വിളിച്ചെത്തി ഇത്തിരി നേരം കിതപ്പാറ്റുന്ന തീവണ്ടിയിൽ ഓരോ സ്റ്റേഷനുകളിൽ നിന്നും ജനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു. വാതിൽപ്പടിയിലെ തിരക്കും ബഹളവും യാത്രാമൊഴികളും ആസ്വദിച്ചു കൊണ്ട് ഒരു യാത്ര ! ഒത്തിരി ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ട് പ്രതീക്ഷകളും സ്വപ്നങ്ങളും കുത്തി നിറച്ച കോച്ചുകൾക്കൊപ്പമുള്ള യാത്ര. നമ്മുടെ യാത്രാ ജീവിതത്തിൻ്റെ പ്രതീകമായ പൊതുമേഖലാ സ്വത്വമായ തീവണ്ടി സമാന്തരമായ നെടുനീളൻ പാളങ്ങളിലൂടെ കുതിച്ചു കൊണ്ടിരുന്നു.
ആകാശത്തേക്ക് പുക ചുരുളുകൾ ഉയർത്തി വിടുന്ന ഫാക്ടറികൾ…കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങൾ… പരുത്തിയും കടലയും ചോളവും എള്ളും ഗോതമ്പും നെല്ലും വിളയിച്ചെടുക്കുന്ന കർഷകർ….. കാളവണ്ടികൾ, കന്നുപൂട്ടുന്നവർ, നീളൻ കോലുമായി നാൽക്കാലികളെ മേച്ചു നടക്കുന്നവർ….കുറ്റി ചെടി വളർന്നു മുറ്റിയ തരിശുനിലങ്ങൾ…. കൊച്ചു കൊച്ചു മൺകുടിലുകൾ നിരന്ന കോളനികൾ… സിമൻറു പൂശി മൊഞ്ചുകാട്ടാതെ മൺകട്ടകളിൽ പടുത്തുയർത്തിയ ഇടത്തരം വീടുകൾ….. ചാണകവറളികൾ പച്ചകുത്തിയ അവയുടെ നഗ്നമായ പുറംമേനികൾ …. മരത്തണലിലെ കയറു കട്ടിലിൽ തലയിൽ വട്ടക്കെട്ട് കെട്ടിയ വൃദ്ധന്മാർ. ഒക്കത്തും സാരിത്തലപ്പാൽ മറച്ച തലയിലും തണ്ണീർ കുടങ്ങളുമായി അഭ്യാസിയുടെ മെയ് വഴക്കവുമായി നടന്നകലുന്ന സ്ത്രീകൾ. കുടിലുകൾക്ക് പരിസരത്തെ ഇത്തിരി വട്ടത്ത് കുത്തി മറയുന്ന കരുമാടിക്കുട്ടന്മാർ!
“നെല്ലിന്‍ തണ്ടു മണക്കും വഴികള്‍ എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍…”
എന്ന പ്രിയപ്പെട്ട കവിയുടെ ‘കടമ്മനിട്ട’ ഗ്രാമവും ഒ .എൻ .വി യുടെ
‘കോതമ്പുമണികൾ’ വിരിഞ്ഞ പാടവും പ്രിയ കവിയുടെ
“കടൽ പോലെ കാറ്റത്തിളകുന്ന പച്ച നെൽകതിരാർന്ന വയലുകൾ തൻ നടുവിൽ …. “എന്ന് എന്നോ മനസ്സിൽ പതിഞ്ഞു പോയ കവിതയിലും ലയിച്ച് കാഴ്ച്ചകളെ ഒപ്പിയെടുത്തു കൊണ്ട് ഞാൻ ജനാലപ്പുറത്ത് വെറുതെ കണ്ണും നട്ട് ഇരുന്നു.!!
ഫ്ലാസ്ക്കിൻ്റെ വാട മണമുള്ള ചായ നുണഞ്ഞും സ്നാക്ക്സ് കൊറിച്ചും ഇടനേരങ്ങളിൽ മിണ്ടി പറഞ്ഞും പാൻട്രി കാറിലെ ഭക്ഷണം കഴിച്ചുമുള്ള ട്രെയിൻ യാത്ര അവസാനിക്കാറായി. ചുടുകാറ്റ് വീശുന്ന പകലുകളും ഫാനിൻ്റെ മൂളക്കം നിറഞ്ഞ രാത്രികളും പിന്നിട്ട് രണ്ടര ദിവസത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ ബീഹാറിൻ്റെ തലസ്ഥാനമായ പാട്നയിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി.
ദീർഘദൂര യാത്രയിൽ കൈവരിച്ച വണ്ടിയുടെ താളാത്മകമായ ലയത്തിൽ നിന്നും ശരീരവും മനസ്സും പതിയെ പുറത്തുവന്നു. പുരാതന ഗരിമയുണർത്തുന്ന നഗര ഭൂമികയ്ക്കു മേലെ പോക്കുവെയിലിൻ്റെ മന്ദഹാസം! . ചരിത്രത്തിൻ്റെ തിരുശേഷിപ്പുകളും അസ്തമിച്ച പ്രതാപവും ഓർത്തുകൊണ്ട്
രാജകൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തിന് സമാനമായ റെയിൽവേ സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ രതീശൻ്റെ സെൽഫിഭ്രമത്തിനൊപ്പം ഞാൻ ചേർന്നു നിന്നു. കടുപ്പത്തിൽ പകർന്നു കിട്ടിയ ചായ കുടിച്ചു കൊണ്ട് അൽപ്പം വിശ്രാന്തി നുകർന്നു. തുടർന്ന് മൂന്നര മണിക്കൂർ നേരത്തെ ബസ് യാത്രയ്ക്കായി ഞങ്ങൾ ബസ് സ്റ്റാൻ്റ് ലക്ഷ്യമാക്കി നടന്നു. “അരേ ഭായി സാബ് , കഹാം തക്ക് ആഗയാ ” എവിടെ വരെ എത്തി എന്നാരാഞ്ഞുകൊണ്ട് മൊബൈലിൽ ഗാവ് മുഖ്യൻ ചന്ദൻലാലിൻ്റെ വിളിയെത്തി. നഗരത്തിൻ്റെ ഗന്ധവും വഹിച്ചെത്തിയ കുസൃതി തെന്നൽ കിന്നരിച്ചു കൊണ്ട് ബസ് സ്റ്റാൻറുവരെ നമുക്കൊപ്പം കൂടി.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗംഗാ നദിക്കു കുറുകേയുള്ള ഏറ്റവും നീളമേറിയ ഗാന്ധി സേതുവെന്ന ഉരുക്കു പാലം കടന്നു പോകവേ, അവളുടെ മുടിയഴിച്ചിട്ട മോഹന മേനിയിൽ അസ്തമയസൂര്യൻ പൊൻകിരണങ്ങളാൽ കവിത രചിക്കുകയായിരുന്നു. ഓരോ അസ്തമയവും ഓരോ പ്രതീക്ഷകളാണ്. നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ !? നമ്മുടെ ഈ യാത്ര പോലെ!!?? ജഡ്കവണ്ടിയിലെന്നോണമുള്ള ബസ് യാത്രയ്ക്ക് ഒടുവിൽ ചംബാരൺ ജില്ലയിലെ മോത്തിയാരിയിൽ കാലു കുത്തുമ്പോൾ ഇരുട്ടിൻ്റെ കരിമ്പടം പുതച്ച് ‘രവി!’ ഗാഢനിദ്രയിലാണ്ടിരുന്നു. തണുപ്പ് കാറ്റ് പത്തി വിടർത്തി ഞങ്ങളെ ദംശിക്കാനായി തക്കം പാർത്തിരുന്നു !. രതീശനും ഞാനും സ്വയം പ്രതിരോധിക്കാനായി മാറിൽ കൈ പിണച്ചുവെച്ചു കൊണ്ട് നടന്നു. തെരുവ് വിളക്കിൻ്റെ ചിതറി വീണ മങ്ങിയ വെട്ടത്തിൽ , കുറച്ചകലെ മരച്ചുവട്ടിൽ ചന്ദൻലാലും ഓട്ടോയും കാത്തു കിടന്നിരുന്നു.