HomeTHE ARTERIASEQUEL 87ഏകാന്തതയെ അയാൾ കവിതയിലേക്ക് വലിച്ചെറിഞ്ഞു

ഏകാന്തതയെ അയാൾ കവിതയിലേക്ക് വലിച്ചെറിഞ്ഞു

Published on

spot_imgspot_img

ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 6)

ഡോ. രോഷ്‌നി സ്വപ്ന

O Father, this is a prison of injustice.
Its iniquity makes the mountains weep.
I have committed no crime and am guilty of no offense.
Curved claws have I,
But I have been sold like a fattened sheep.

Abdullah Thani Faris Al Anazi

മറവികളിലേക്ക് വലിച്ചെറിയപ്പെടാത്ത കാലങ്ങളാണ് യുദ്ധങ്ങളുടേതായി അവശേഷിക്കുക. അക്കാലങ്ങളുടെ ശേഷിപ്പുകളായി പിന്നീട് കലയും കവിതയും സിനിമകളും കടന്നുവരും. പിന്നീട് കാലത്തിന്റെ വേദനയെ ജ്വലിപ്പിക്കുന്ന ഓർമ്മകളായി അവ നമുക്കിടയിൽ പതുക്കെ നടക്കും. ചരിത്രം അതിനെ നിഷേധിക്കുകയില്ല. ഓരോ യുദ്ധവും, കലാപവും അവസാനിക്കുക, അതിന്റെ യഥാർത്ഥ അർത്ഥത്തേക്കാൾ ആഴമുള്ള അർത്ഥങ്ങളിലായിരിക്കും. കണ്ടതിനേക്കാളേറെ… കേട്ടതിനേക്കാളധികം. തൊട്ടറിഞ്ഞ ചോരയുടെ തണുപ്പിലുമേറെയേറെയായിരിക്കും അവയുടെ യഥാർത്ഥസത്ത. ഒരുപക്ഷേ, കവികൾക്കും കലാകാരന്മാർക്കും സമയകാല സംസ്കാരങ്ങൾ പകർന്നുകൊടുക്കുന്ന വേറിട്ട ഒരു സഞ്ചാരപാത ചിലർ ആ വഴിയിലൂടെ ചരിത്രത്തെ ഒപ്പിയെടുക്കും. ദുരന്തങ്ങൾക്കും മുറിവുകൾക്കും ഒപ്പം ചേർന്നുനിന്ന് ഏകാകിയായ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്ക് പൊരുതും. പക്ഷേ, ഓരോ യുദ്ധവും ഓരോ
വ്യക്തിക്കും സമ്മാനിക്കുന്നത് ഓരോരോ ഏകാന്തതകളാണ്.

സ്വേച്ഛാധിപത്യത്തിന്റെ തടവറകളിൽ എക്കാലത്തും കവിത തീപ്പൊരികളായി പടർന്നിട്ടേയുള്ളൂ. തടവറയുടെ കരിങ്കൽച്ചുവരുകളിൽ കൽക്കഷ്ണങ്ങൾ കൊണ്ട് വരഞ്ഞും കീറിയുമെഴുതിയ ആ വരികൾ പിന്നീട് കാലങ്ങൾ കടന്ന് മനുഷ്യന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിർവചനങ്ങളായി മാറിയിട്ടുണ്ട്.

“ഓരോരുത്തരും
പക്ഷികളായിരുന്നു.
പാട്ടായിരുന്നു.
പക്ഷേ,
ആലാപനം ഒരിക്കലുമുണ്ടായില്ല

സീഡ് ഫ്രൈഡ് സസൂണിന്റെ യുദ്ധകവിതയിലേതാണ് ഈ വരികൾ.

തടവറയിലെ ഏകാന്തതയിൽ യുദ്ധം പോലെ ഒരേ സമയം ഭയവും പ്രതീക്ഷയും തരുന്ന മറ്റേതവസ്ഥയുണ്ട് !
വെറുപ്പും സ്നേഹവും ഇത്രമാത്രമൊന്നിക്കുന്ന മറ്റൊരിടമുണ്ടോ? ലോകമഹായുദ്ധങ്ങളും ഏകാന്ത തടവറകളും മുറിവുകളും പീഡനങ്ങളുമെല്ലാം പകർന്ന അതിദാരുണമായ വേദനകളുടെ മറുവശത്ത് ജീവിതമെന്ന പ്രതീക്ഷയുടെ പെരുമഴകളും കൊടുങ്കാറ്റുകളുമുണ്ട്.

യുദ്ധകാലത്തെഴുതപ്പെട്ട തടവറക്കവിതകളെ “അരൂപികളുടെ ചിന്തകളായും, മെലിഞ്ഞു നേർത്ത ഓർമ്മകളായും വിശേഷിപ്പിച്ചത് ആരാണാവോ? എന്തായാലും യുദ്ധവും തടവറ ജീവിതവും പോറിയിട്ട രചനകളിൽ ഉണങ്ങിയ ചോരയുടെയും ഏകാന്തതയുടെയും അടയാളങ്ങൾ മാത്രമല്ല അവശേഷിക്കുക.
രാഷ്ട്രീയ പ്രബുദ്ധമായ, കലാപസ്വഭാവമുള്ള, മനുഷ്യസ്നേഹത്തിന്റെയും പ്രതിരോധകാഹളങ്ങളുടെയും നീക്കിയിരിപ്പുകൾ കൂടിയാണ്. 1973 മുതൽ 1985 വരെ ഉറുഗ്വേയിൽ നിലനിന്നിരുന്ന പൗരാധികാര – പട്ടാള സേച്ഛാധിപത്യം,ഉറുഗ്വേയൻ സ്വേച്ഛാധിപത്യം എന്നും അറിയപ്പെട്ടിരുന്ന ഈ അവസ്ഥ ആ നാടിനെ ഭരിച്ചത് പന്ത്രണ്ട് വർഷങ്ങളാണ്. മനുഷ്യാവകാശങ്ങളെ പാടെ നിരാകരിച്ചും നിഷേധിച്ചും നടമാടിയ പട്ടാള ഭരണം നാടിന്റെ സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിച്ച ഒന്നായിരുന്നു. നേരിട്ടുള്ള അധികാര പ്രയോഗത്തിലൂടെയുള്ള ഭരണം ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചു. ഹിംസാത്മകതയെ കുത്തഴിച്ചുവിട്ടുകൊണ്ടുള്ള അധികാര സ്ഥാപനങ്ങളാണ് അന്ന് പ്രവർത്തിച്ചിരുന്നത്. പരമ്പരാഗത ജനാധിപത്യ വ്യവസ്ഥയിൽ വിശ്വസിച്ചിരുന്ന ഒരു ജനതയുടെ അശരണവും വേദനാജനകവുമായ നിലവിളികളാണ് അവിടെനിന്നും പിന്നീട് ലോകം കേട്ടത്. 1960 കളിൽ ആരംഭിച്ച് പതുക്കെ പടർന്ന സ്വച്ഛാധിപത്യത്തിന്റെ വിഷം 1967 ആയപ്പോഴേക്കും രാജ്യം മുഴുവൻ പടർന്നുപന്തലിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരകലാപങ്ങൾക്കൊടുവിൽ 1984-85 ൽ ഉറുഗ്വേയിൽ ജനാധിപത്യം തിരിച്ചുവന്നു. സ്വേച്ഛാധിപത്യ ഭരണകാലത്ത് ഏകദേശം 5000 ഓളം ആളുകൾ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയത്തടവുകാർ ഉറുഗ്വേയിലായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടു. ശവശരീരം പോലും
അവശേഷിപ്പിക്കാത്ത തരത്തിൽ അജ്ഞാതമരണങ്ങളായിപ്പോയവരും അപ്രത്യക്ഷരായവരും അതിലേറെ…..

ഉറുഗ്വയിലെ കലാപത്തിലെ പ്രധാന നേതാക്കളിൽ മൂന്നുപേരായിരുന്നു മൗറിസിയോ റോസൻകോഫ്, എലൈറ്റേറിയോ ഫെർണാണ്ടസ് ഹുയ് വരേബോ.,ഹൊസെ മുഹിക എന്നിവർ. കവിയും നാടകകൃത്തുമായ റോസൻ കോഫ് ഉറുഗ്വേയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് യൂണിയൻറെയും നാഷണൽ ലിബറേഷൻറെയും സ്ഥാപകനായിരുന്നു. എല്യൂറ്റേറിയോ ഫെർണാണ്ടസ് പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു.
ഹൊസെ മുഹികയാണെങ്കിൽ, തീവ്രരാഷ്ട്രീയ പ്രവർത്തകനും, ടൂപാമെരാസ്
മുന്നേറ്റങ്ങളിലൂടെ ജനത്തെ പട്ടാളഭരണത്തിൽനിന്ന് മോചിപ്പിക്കാൻ സ്വച്ഛാധിപത്യത്തിന്റെ കൊടിയ പീഡനങ്ങൾ ഇവർക്ക് ഏറ്റുവാങ്ങേണ്ടിവന്നു.

2018ൽ ആൽവാരോ ബച്ചനർ സംവിധാനം ചെയ്ത “എ ടുവൽ ഇയർ നൈറ്റ്’ “എന്ന ചലച്ചിത്രം ഈ മൂന്നു പേരുടെ സഹനങ്ങളും വിപ്ലവവീര്യവും അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തടവറകളിലെ പീഡനങ്ങളുടെയും പ്രതിരോധങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും കഥ തുടങ്ങുന്നത് ഫ്രാൻസ് കാഫ്കയുടെ ഉദ്ധരണിയോടു കൂടിയാണ്.

“ഒരു
കലാപകാരിയുടെയും കവിയുടെയും
യാത്രകൾ
ഒരുമിച്ചാവുമ്പോൾ
അതിൽ അഗ്നിപർവ്വതങ്ങളുണ്ടാവും
ജലരാശികളും മരുപ്പച്ചകളുമുണ്ടാവും.
ഉന്മാദത്തിന്റെയും തീവ്രവേദനയുടെയും കുരിശുമരണങ്ങൾ
വിരിയാനിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും പറയും.”

ഉറുഗ്വേയിൽ നിന്നുള്ള ഓസ്കാർ നാമനിർദ്ദേശമായിരുന്നു ഈ ചലച്ചിത്രം. 1973ലെ അറസ്റ്റിനുശേഷം ഈ മൂന്നു പേർ നിരവധി ഇരുട്ടുതടവറകളിലും ആഴക്കിണറുകളിലുമായി ഒറ്റപ്പെടുകയായിരുന്നു.
സൂര്യവെളിച്ചമേൽക്കാത്ത തടവറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഈ ചലച്ചിത്രത്തിൻറെ
പ്രത്യേകത. റോസൻ കോഫ് ആയി ചിനോ ഡരിനും ഹൊസ മൊഹികയായി, ആൻറോണിയോ ദെലാതോ റെയും, എലൈറ്റേറിയോ ആയി അൽഫോൻസോ ടോർട്ടും വേഷമിട്ടു. ഉറുഗ്വേയിൽ ജനാധിപത്യം തിരിച്ചെത്തിയപ്പോൾ ഹൊസ് മുഹിക ഉറുഗ്വേയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നു നേതാക്കളുടെ രാഷ്ട്രീയത്തടവറക്കാലത്തെ അങ്ങനെതന്നെ ചിത്രീകരിക്കുകയല്ല ആൽവാരോ ചെയ്തത്. മറിച്ച് രാഷ്ട്രീയത്തടവുകാർ എന്ന നിലയിൽ ഈ മൂന്നുപേർ അനുഭവിച്ച ഏകാന്തവും തീവ്രവുമായ തടവുജീവിതത്തിന്റെ അശാന്തവും അരക്ഷിതവുമായ മുറിവുകളെ നമുക്കു ചൂണ്ടിത്തരികയാണ്. യഥാർത്ഥത്തിൽ അന്നവർ അനുഭവിച്ച അതിതീവ്രമായ പീഡാനുഭവങ്ങളുടെയും ഹിംസാത്മക അനുഭവങ്ങ ളുടെയും ഒട്ടും കുറവില്ലാത്ത പകർത്തിയെടുക്കലാണീ ചലച്ചിത്രം. തടവുജീവിതത്തിന്റെ ഓരോ കാലത്തിലും കഥാപാത്രങ്ങളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ സൂക്ഷ്മമായി അടയാളപ്പെടുത്തിയിട്ടുണ്ട് സിനിമ. നേർത്ത ചാരനിറവും, അരിച്ചു വരുന്ന വെളിച്ചത്തിൻറെ തെളിച്ചവും, ഇരുണ്ട കറുപ്പും കലർന്ന നിറസങ്കലനമാണ് കാർലോസ് കാറ്റലെന്റെ കാമറ ഒപ്പിയെടുത്തിരിക്കുന്നത്. ഫെഡറികോ ഹുസിദിന്റെ സംഗീതം രണ്ടു ധാരകളായാണ് ചലച്ചിത്രത്തിൽ വർത്തിക്കുന്നത്.ഒന്ന് മൗനത്തിന്റെയും ഏകാന്തതയുടെയും നേർത്ത അടരിൽ, മറ്റൊന്ന് തീവ്രവിപ്ലവത്തിന്റെ ചടുലതയുടെ അടരിൽ,

നിശബ്ദതയുടെ മാനിഫെസ്റ്റോ

കവിയായ മൗറിസിയോ റോസൻ കോഫിനെ കവിതകളിലൂടെ അറിയാം. തീവ്രമായ രാഷ്ട്രീയമുഖമാണ് അദ്ദേഹത്തിന്റെ കവിതകളിൽ .

“ആ തുകൽച്ചെരിപ്പിലൂടെയായിരുന്നു
ഞാനെന്റെ
എതിർപ്പുകളെ തുറന്നുകാട്ടിയത്.
അതിന്റെ
വരുംവരായ്കകളെ
ഞാൻ ഏറ്റെടുക്കുന്നില്ല.
വിജയഭേരി മുഴക്കിക്കൊണ്ടുള്ള
അവന്റെ നോട്ടമുണ്ടല്ലോ
അത് ഞാൻ
അവഗണിക്കും
അത്രമാത്രം”

സേച്ഛാധിപത്യത്തിനെതിരെ ലോകത്തിലാർക്കും ചേർത്തു വച്ചു വായിക്കാവുന്ന വരികൾ ആണിത്. തന്റെ പന്ത്രണ്ടുവർഷത്തെ തടവറ ജീവിതത്തെ മൗറിസിയോ അടയാളപ്പെടുത്തിയത് ഇത്രമേൽ തീവ്രവും രാഷ്ട്രീയാഭിമുഖ്യമുള്ള വരികളിലൂടെയാണ്. ജയിലുകളിൽ നിന്ന് ജയിലുകളിലേക്ക്, ജയിലുകളിലെ കനത്ത ഇരുട്ടിൽ നിന്ന് മൗനവുമായുള്ള നിരന്തരമായ ആത്മഭാഷണങ്ങളിലേക്ക് ഒരു കവി നടന്നുപോയതിന്റെ മുറിവേൽപ്പിക്കുന്ന ഓർമ്മകളാണ് ഈ കവിതകൾ. ഒരു കവി എന്ന നിലയിൽ മൗറിസിയോ റോസൻ കോഫിന്റെ കയ്യിൽ തുളച്ചുകയറുന്ന ഏകാന്തതയെ തുരത്താനുള്ള ഏക ആയുധം “ഏകാന്തത തന്നെയായിരുന്നു. പേടിപ്പിക്കുന്ന ഏകാന്തതയിൽനിന്ന് അയാൾ എഴുതിയെടുത്ത കവിതകൾക്ക് സമയബോധത്തിന്റെയും സ്വത്വബോധത്തിന്റെയും അവ്യവസ്ഥിത മുഖങ്ങളുണ്ട്. ഇരുളോ പകലോ എന്ന് തിരിച്ചറിയാനാവാത്ത തടവുമുറികളിലായിരുന്നു റോസൻ കോഫ് അടക്കമുള്ളവരുടെ പീഡനകാലം.
സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമറിയാതെ, പക്ഷികൾ ചിറകടിക്കുന്നതറിയാതെ, മനുഷ്യർ വിശന്ന് കരയുന്നതറിയാതെ മരണം ജീവനെ തൊടുമ്പോഴുള്ള പൊള്ളലറിയാത്ത ഏകാന്തവാസം.

“നെപ്പോ’ എന്ന കവിതയിൽ റോസൻ കോഫ് ആ കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു;

“എന്റെ ശിരസ്സിൽ അർത്ഥമില്ലാത്ത കുത്തിവരകളുണ്ട്,
നിശ്ശബ്ദമായ സവാരികളും.
നാം വിദൂരങ്ങളിലിരുന്നുകൊണ്ട് പരസ്പരം കണ്ടു ഒന്നും മിണ്ടാതെ…
“നല്ലത്’ എന്ന ഒരൊറ്റ അടയാളം മാത്രം
നമുക്ക് അത്രയേ ഒച്ചയുണ്ടായിരുന്നുള്ളൂ
“സഹോദരാ, നന്നായി, നന്നായി, നന്നായി”
അവൻ പറഞ്ഞു / ചുണ്ടുകളിൽ
മരണത്തോടൊപ്പം നന്നായിരിക്കട്ടെ സഹോദരാ വിട

നിശ്ശബ്ദതയ്ക്കെതിരെയുള്ള, സ്വേച്ഛാധിപത്യത്തിനെതിരെയുള്ള മാനിഫെസ്റ്റോ ആയാണ് റോസൻ കോഫിന്റെ കവിതകൾ വായിക്കപ്പെട്ടത്. അക്കങ്ങൾ തലക്കെട്ടായി വരുന്ന കവിതകൾ ഒരു പക്ഷേ, തടവദിനങ്ങളുടെ കണക്കെടുപ്പോ, സെല്ലുകളുടെ നമ്പരോ ആകാം. പതിനൊന്നു വർഷവും ആറുമാസവും കുറച്ചു ദിവസങ്ങളുമായി ചെലവഴിച്ച ക്രൂരകാലത്തെ 14 എന്ന കവിതയിൽ എഴുതുന്നു:

“നിശ്ശബ്ദത
നല്ലതായിരുന്നു
അധികം അടുത്ത് ഒച്ചകളുണ്ടായിരുന്നില്ല
സിഗരറ്റുകളോ
വെളിച്ചമോ
മൂടിയിട്ടില്ലാത്ത
ദിവസം
മരണത്തിന്റെ
ദിവസം
തണുത്ത
മേൽക്കൂരയിൽ തട്ടി
കുറച്ചു
തുള്ളികൾ….
അവന്റെ സമയം
പുറത്ത് ഇപ്പോഴും പ്രതിധ്വനിക്കുന്നു.

“ദി ലെറ്റേഴ്സ് ദാറ്റ് നെവർ കെയിം എന്നൊരു നോവലും എഴുതിയിട്ടുണ്ട് റോസൻ കോഫ്. ഏകാന്തതയ്ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു നോവൽ. ഇരുട്ടറകളിലിരുന്ന് സ്വന്തം പിതാവിന് എഴുതുന്ന കത്തുകളുടെ രൂപത്തിലാണ് ഈ നോവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രീയബോധധാരയുടെ ആന്തരികതയിൽനിന്ന് കേൾക്കുന്ന ആത്മഭാഷണങ്ങളാകുന്നു ചിലപ്പോൾ മൗറിസിയോയുടെ കവിതകൾ. സിനിമയിൽ പ്രത്യക്ഷത്തിൽ ഈ കവിതകൾ ഉപയോഗിക്കുന്നില്ല. പക്ഷേ, തടവറകളുടെ ഓരോ ദൃശ്യവും ഈ കവിതകളെ ഓർമ്മിപ്പിക്കുന്നുണ്ട്.

“പക്ഷേ, നിനക്കറിയാം എന്നെപ്പോലെ
ഈ കൊടുങ്കാറ്റും കടന്നുപോകും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സൂര്യന്
അത്രയെളുപ്പത്തിൽ പൂർണ്ണവിരാമത്തിലേക്കെത്താനാവില്ല
ഇരുളുകൊണ്ട് മായ്ക്കപ്പെട്ട വിനാശകാരിയായ മേഘം
അതുകൊണ്ടൊക്കെയാണ് ഒരു അവധിദിനത്തിൽ
ഞാൻ നിന്റെ വീട്ടിലേക്കെത്തുമെന്ന്
എനിക്ക് പറയാനാവുന്നത്”

കാലങ്ങളെ ചേർത്തണച്ചുകൊണ്ടു നടത്തിയ കവിതകളുടെ പല ഘട്ടങ്ങളിലും കവിയും കാലവും അക്കങ്ങളും ഒന്നാവുന്നുണ്ട്. കവിതയും ചലച്ചിത്രവും രണ്ട് ലോകങ്ങൾ തന്നെയാണ് പിൻതുടരുന്നതെങ്കിലും, ജീവിതത്തിന്റെയും ചരിത്രത്തിന്റെയും അപരലോകങ്ങളെ ആവിഷ്കരിക്കുമ്പോൾ തികഞ്ഞ മാനുഷികത തൊട്ടറിയാൻ കഴിയുന്ന സമാനാനുഭവം തരുന്നുണ്ട്. റോസൻ കോഫിന്റെ കവിതകളും ആൽവാരോയുടെ ചലച്ചിത്രവും. റോസെൻകോഫ് ആയി അഭിനയിച്ചത് Chino Darin എന്ന നടനാണ്. ചീനോഡാരിന്റെ ശരീരഭാഷയിൽനിന്ന് അശാന്തമായ കരച്ചിലുകളും ത്രസിക്കുന്ന രാഷ്ട്രീയ പ്രതിരോധത്തിന്റെ അലർച്ചകളും കേൾക്കാം. അത്രമേൽ അടിയൊഴുക്കോടുകൂടിയാണയാൾ കഥാപാത്രമായിരിക്കുന്നത്. നിശ്ശബ്ദതയെ ഇത്രമേൽ ആഴത്തിലാവിഷ്കരിക്കുന്നതിൽ അഭിനേതാവെന്ന നിലയിലയാൾ വിജയിച്ചിരിക്കുന്നു. കവിയുടെയും കലാപകാരിയുടെയും കാഴ്ചകൾ ഒരുമിച്ച് മിന്നിത്തെളിയുന്ന കണ്ണുകളിലൂടെ,.

തടവറകളിൽ മാത്രം സാധ്യമാകുന്ന സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകുന്നുണ്ടോ എന്ന് ചുവരുകളോട് അലമുറയിടുന്ന chin darin, റോസെൻകോഫ് നോടും അദ്ദേഹത്തിന്റെ കവിതകളോടും ഏറെ അടുത്ത് നിൽക്കാൻ ശ്രമിച്ചിട്ടുണ്ട് .

1

ഞാൻ
മടങ്ങി
വന്നിരിക്കുന്നത്
എസ്‌പാഡ്രൈല്ലിനോട്‌
സംസാരിക്കാനാണ്
മറ്റൊന്നുമിനി എനിക്ക് ചെയ്യാനില്ല
വരും കാലങ്ങളിൽ
അവന്റെ
നോട്ടങ്ങളെ
ഞാൻ
ഒഴിവാക്കും

14
നിശബ്ദതയായിരുന്നു
നല്ലത്
അന്ന് വിദൂരങ്ങളിൽ നിന്ന്
ഒരു ഒച്ച പോലും എന്നെ തേടി വന്നില്ല.
സിഗരറ്റുകളോ
വെളിച്ചങ്ങളോ….!
മരണത്തിന്റെ ദിവസം!
മരവിച്ച
മേൽക്കൂരയിൽ
ഒരിറ്റു തുള്ളി ഇടറിവീണു
സമയം
അവന്റെ സമയം
ഇപ്പോഴും
പുറത്ത്
മിടിച്ചു കൊണ്ടിരിക്കുന്നു

#24

ഭിത്തിയിൽ
പോറിയിട്ട
പക്ഷികൾ
ഈർപ്പത്തെക്കുറിച്ച് പറയുന്നു
ജീവിതത്തിനപ്പുറമുള്ള
മഴക്കാലമാവാം ഇത്.

#66
ഞാൻ നിന്നോട്
ഒരു ചൂളമടിച്ചു.
മങ്ങിയ വിഷാദം
ചിന്തകൾ
ടാങ്ങോ….
നീയിത് കേൾക്കണ്ട

109

ഇനിയില്ല
തുരക്കലുകൾ
ആക്രോശങ്ങൾ
ജനൽപ്പാളികളിലൂടെ
ഒളിച്ചു വരുന്ന ആകാശം ഇല്ല
ഇനി ഒരു പങ്കാളിയെ കണ്ടെത്തുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...