(വിചാരലോകം)
മുര്‍ഷിദ് മഞ്ചേരി
ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1995 ജൂലൈ മാസത്തില്‍ നടന്ന മുസ്ലിം വംശഹത്യയാണ് ബോസ്നിയന്‍ കൂട്ടക്കൊല. ബോസ്നിയയെന്ന യൂറോപ്പിലെ മുസ്ലിം ഭൂരിപക്ഷമുള്ള കൊച്ചു രാഷ്ട്രത്തില്‍ നിന്ന് മുസ്ലിങ്ങളെ പരിപൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യുക എന്ന ഏകലക്ഷ്യത്തോടെയായിരുന്നു ഈ കുറ്റകൃത്യം നടന്നത്. 1945 ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ മുസ്ലിം വംശഹത്യയായി സെബ്രനിക്ക വംശഹത്യയെന്ന ഈ വംശഹത്യയെ കണക്കാക്കുന്നു. വളരെയേറെ ആസൂത്രിതമായിട്ടായിരുന്നു സെര്‍ബ് വംശീയ വാദികള്‍ ബോസ്നിയന്‍ മുസ്ലിങ്ങളെ ഓരോന്നോരോന്നായി കൊന്നൊടുക്കിയത്.
‘ബോസ്നിയയിലെ സെബ്രനിസ പട്ടണത്തില്‍ നടന്ന വംശഹത്യ ഇന്ന് 28 വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്യനാണ്, എന്റെ സംസ്‌കാരം യൂറോപ്യനാണ്, എന്റെ രാഷ്ട്രീയ വിശ്വാസം യൂറോപ്യനാണ്, എന്റെ തത്വശാസ്ത്രങ്ങള്‍ യൂറോപ്യനാണ്, സര്‍വ്വോപരി എന്റെ രക്തം യൂറോപ്യനാണ്’ എന്നെഴുതിവെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ ക്രെസ്റ്റ് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ ഒരു ഭീകരവാദി മുസ്ലിം കൂട്ടക്കൊല നടത്തിയത്. ബോസ്നിയയിലെ സെബ്രിനിക്കന്‍ വംശഹത്യയില്‍ നിന്നും ഈ മസ്ജിദിലേക്കുള്ള ദൂരം കൂടുതലല്ലെന്ന് സാരം.
ഈയിടെ ഉത്തര്‍പ്രദേശിലെ ഹരിദ്വാര്‍ എന്ന ഗംഗാതീര നഗരത്തില്‍ നടന്ന ധര്‍മസംസദ് (മത പാര്‍ലമെന്റ്) എന്ന പരിപാടിയിലുയര്‍ന്നു പൊങ്ങിയത് വര്‍ഗീയ രക്തദാഹമുറ്റിയ വിദ്വേഷക്കൊലവിളികളാണ്. മുസ്ലിം സമൂഹത്തെ രാജ്യത്ത് നിന്ന് തന്നെ തുടച്ചു നീക്കുന്നതിന് ആയുധമെടുത്തിറങ്ങണമെന്നതായിരുന്നു നേര്‍പ്പിച്ചു പറഞ്ഞാല്‍ സമ്മേളനത്തിന്റെ സന്ദേശം. മുസ്ലിങ്ങളെ ഗ്രാമങ്ങളില്‍ നിന്നും ആട്ടിപ്പായിപ്പിക്കണമെന്നും കള്ളകേസുകളില്‍ കുടുക്കണമെന്നും തുടങ്ങീ അവരെ കൊലപ്പെടുത്തി ജയിലുകള്‍ നിറക്കാന്‍ തയ്യാറാവണമെന്നതായിരുന്നു വിദ്വേഷ പ്രസംഗകര്‍ പറഞ്ഞുവെച്ചത്. വൈകാതെ ഇന്ത്യയുമൊരു സെബ്രനിസയാകുന്ന കാലം വിദൂരമല്ലെന്നാണ് ഇവയെല്ലാം പറയാതെ പറയുന്നത്. ഓരോ വംശഹത്യകളുടേയും കൂട്ടക്കൊലകളുടേയും ഉത്ഭവം വര്‍ഗീയ രക്തദാഹം മുറ്റിയ വിദ്വേഷ കൊലവിളികളാണെന്നത് ഇക്കഴിഞ്ഞ വംശഹത്യകളിലൂടെ നമുക്ക് വ്യക്തമായതാണ്. മതതീവ്രവാദികള്‍ പറഞ്ഞ് വെക്കുന്ന ഒരോ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം കൊണ്ടാണ് ഒരോ വംശീയവാദിയുമുണ്ടാകുന്നത്. 2024 പൂര്‍ത്തിയാകും മുമ്പ് ഇന്ത്യയെയൊരു ഹിന്ദുത്വ രാജ്യമാക്കുമെന്ന ആര്‍ എസ് എസിന്റെ അപ്രഖ്യാപിത നയത്തെ നാം ഭീതിയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു.
തെക്കന്‍ യൂറോപ്പിലെ മുസ്ലിങ്ങള്‍ തിങ്ങിതാമസിക്കുന്ന ഒരു കൊച്ചു രാഷ്ട്രമാണ് ബോസ്നിയ. ഏകദേശം 39 ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാത്രമല്ല അതിലെ ഭൂരിപക്ഷമുസ്ലിം സമൂഹം സുന്നി വിഭാഗത്തെ പിന്തുടരുന്നവരാണെന്നും, അന്നത്തെ കാലത്ത് ബൊസ്നിയയില്‍ വ്യാപിച്ചിരുന്ന മദ്ഹബ് ആദ്യമായി സ്ഥാപിക്കപ്പെട്ട ഹനഫി മദ്ഹബാണെന്നും രേഖകളില്‍ കുറിക്കപ്പെട്ടതായി കാണാം. അതിനാല്‍ തന്നെ ബോസ്നിയാക്കള്‍ (ബോസ്നിയന്‍ മുസ്ലിമുകള്‍) വളരെ നല്ല മതപരമായ രീതിയിലായിരുന്നു അവരുടെ ജീവിതമുടനീളം നയിച്ചിരുന്നത്. ഈയൊരു സമാധാനന്തരീക്ഷത്തിലേക്കാണ് പകയുടെ ആയുധങ്ങളേന്തി സെര്‍ബ് സൈന്യം ഇരച്ചു കയറിയത്. കൊലപ്പെടുത്തിയും അപമാനിച്ചു ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഡനമേല്‍പ്പിച്ചും ബോസ്നിയന്‍ മുസ്ലിങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. സെര്‍ബ് സൈന്യത്തിന്റെ ഈയൊരാക്രമണത്തോടു കൂടി ബൊസ്നിയയിലെ മുസ്ലിം ഭൂരിപക്ഷം പാടെ നശിക്കുകയും ഇതര മതങ്ങള്‍ ബോസ്നിയയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
1990 കളിലായിരുന്നു ബോസ്നിയ ആന്റ് ഹെര്‍സെഗോവിനയെന്ന കൊച്ചുരാജ്യം സ്വാതന്ത്ര്യം നേടുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 1992 ല്‍ സെര്‍ബ് റിപ്പബ്ലിക്ക് ഓഫ് ബോസ്നിയ ആന്റ് ഹെര്‍സെഗോവിന സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ബോസ്നിയന്‍ സെര്‍ബ് സൈന്യം രൂപീകരികൃതമാവുകയും സൈന്യത്തിന്റെ നേതാവായി റാത്കോ മ്ലാടിച്ചെന്ന ക്രൂരന്‍ നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട് ബോസ്നിയയിലെ കശാപ്പുക്കാരനെന്ന് വിളിപ്പേരുള്ള റാത്കോ മ്ലാടിച്ചിന്റെ കീഴിലായിരുന്നു മുസ്ലിം ഉന്മൂലനത്തിനുള്ള സര്‍വ്വ ഗൂഡാലോചനകളും ആരംഭിച്ചത്.
വളരെയേറെ തന്ത്രപരമായായിരുന്നു മ്ലാടിച്ചിന്റെ കീഴില്‍ വംശഹത്യക്ക് ഗൂഡാലോചന തുടര്‍ന്ന് കൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരയേവോ ഏകദേശം മൂന്നര വര്‍ഷത്തേളം ഉപരോധിക്കപ്പെട്ടു. ഒടുവില്‍ മുസ്ലിംകള്‍ മാത്രം തിങ്ങി താമസിച്ചിരുന്ന പ്രദേശം തെരെഞ്ഞെടുത്ത് അവിടേക്ക് മാത്രം സൈന്യത്തിന്റെ ലക്ഷ്യം കേന്ദ്രീകരിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം ബോസ്നിയന്‍ മുസ്ലിങ്ങളെ നാസിപ്പടയുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയുള്ള ഇരുട്ടറകളില്‍ ദിവസങ്ങളോളം പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചിലരെ കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ ബന്ധിപ്പിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. മറ്റു ചിലരുടെ വീടുകളില്‍ കയറി അവരെ ബലപ്രയോഗം നടത്തി പിടിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. നിരപരാധികളായ 8372 മുസ്ലിങ്ങളെയാണ് അക്രമികള്‍ അകാരണമായി കൊന്നു തള്ളിയത്. കൊല്ലപ്പെട്ടവരില്‍ അധിക പേരും 12-27 വയസ്സിനുമിടയിലുള്ള യുവാക്കളാണെന്നേറെ വേദനിപ്പിക്കുന്നതാണ്.
മുസ്ലിങ്ങളുടെ മേല്‍ കള്ളാരോപണങ്ങള്‍ ചുമത്തിയായിരുന്നു കൂട്ടക്കൊലക്ക് വിധേയരാക്കിയത്. 16-ാം നൂറ്റാണ്ടില്‍ ഉസ്മാനി സാമ്രാജ്യം ബൊസ്നിയ കീഴടക്കിയതോടെ ഇസ്ലാം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്നിയാക്കളെന്നതായിരുന്നു ഒരാരോപണം. മുസ്ലിംകള്‍ ക്രിസ്തുഘാതകരാണെന്നും അവരാരോപിച്ചു.
ബോസ്നിയയില്‍ നടന്ന സെബ്രനിക്കന്‍ വംശഹത്യയുടെ താളുകള്‍ ഓരോന്നായി കെട്ടഴിക്കുമ്പോള്‍ ഈ കൂട്ടക്കൊല തീര്‍ച്ചയായും മുസ്ലിങ്ങളുടെ മേലുള്ള ആധിപത്യവും അധീശത്വവുമാണെന്ന് നമുക്ക് വ്യക്തമാവുന്നതാണ്. 39 ലക്ഷത്തില്‍ 22 ലക്ഷം ആളുകള്‍ വഴിയാധാരമായെന്നത് മുസ്ലിങ്ങള്‍ സമ്പൂര്‍ണ്ണമായി നശിച്ചുവെന്നതിന് വ്യക്തമായ തെളിവാണ്. 1995 ജൂലൈ മാസത്തില്‍ നടന്ന ഈ ബോസ്നിയന്‍ കൂട്ടകൊല നിശ്ചയമായും മുസ്ലിം ലോകത്തിന് ഇരുള്‍ മൂടിയ ഒരധ്യായം തന്നെയാണ്.
ഇത്രയും അതിഭയാനക മുസ്ലിം വംശഹത്യക്ക് നേതൃത്വം വഹിച്ച ക്രൂരരായ സെര്‍ബ് വംശീയവാദികളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും ചെയ്തിട്ടുണ്ടെന്നത് ഒരേ ഒരു സന്തോഷ വാര്‍ത്തയാണ്. ഒന്നര പതിറ്റാണ്ടണ്ടു കാലം ഒളിവിലായിരുന്ന മ്ലാഡിച്ച് പിടിയിലായതു ഗ്രാമത്തിലെ ബന്ധുവീട്ടില്‍വച്ചാണ്.
സെര്‍ബ് സൈന്യത്തിന്റെ നേതാവായ ജനറല്‍ റാത്കോ മ്ലാഡിച്ചിന് യു എന്‍ ട്രൈബൂണല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. വിധി വായിക്കുന്നതിന്റെ മുമ്പ് തന്നെ അദ്ദേഹം ക്ഷുഭിതനായി പ്രതികരിക്കുകയും സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്ന കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്ക് ന്യായമെന്നോണം ജീവപര്യന്ത തടവു ശിക്ഷ വിധിച്ചത്.
74 കാരനായ റാത്കോ തന്നെയായിരുന്നു സര്‍വ്വ കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം വഹിച്ചതും, സര്‍വ്വ ഗൂഢാലോചനക്കും മുന്നിട്ടിറങ്ങിയതും. അനേകം പ്രതികള്‍ക്കിടയില്‍ ഒരാളായ ബോസ്നിയയുടെ അതിര്‍ത്തി രാജ്യമായ സെര്‍ബിയയുടെ പ്രസിഡന്റായ സ്ലോബോഡന്‍ മിലോസോവിച്ച് ആയിരുന്നു സെര്‍ബ് വംശീയ വാദികളെ സാമ്പത്തികമായി സഹായിച്ചതും അക്രമങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തത്. പക്ഷേ ശിക്ഷ തനിക്ക് വിധിക്കപ്പെട്ടില്ലെന്നോണം 2006 ല്‍ വിചാരണക്കിടയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
മ്ലാഡിച്ചും സംഘവും വിചാരണ ചെയ്യപ്പെട്ടുവെങ്കിലും അവരുടെ വംശീയ പ്രത്യയശാസ്ത്രം ഇപ്പോഴും സെര്‍ബിയന്‍ സമൂഹത്തില്‍ രൂഢമൂലമായി നിലകൊള്ളുന്നു.
1995 ല്‍ നടന്ന സെബ്രീനിക്കന്‍ വംശഹത്യ 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ സ്വാധീനം ഇന്നും ലോകത്തുടനീളമുള്ള മുസ്ലിം സ്ത്രീകള്‍ക്കെതിരെയും മറ്റു നിരപരാധികളായ മുസ്ലിംകള്‍ക്കുമെതിരെയുമുള്ള ആരോപണങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും അവശേഷിക്കുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല. ബോസ്നിയയിലെ മുസ്ലിം കൂട്ടക്കൊലയില്‍ നിന്ന് ന്യൂസ്ലാന്റിലെ ക്രസ്റ്റ നഗരത്തിലേക്കുള്ള ദൂരവും ഉത്തര്‍പ്രദേശിലെ ഹരിദ്വാറിലേക്കുള്ള ദൂരവും കൂടുതലല്ലെങ്കില്‍, ബോസ്നിയന്‍ കൂട്ടക്കൊലയില്‍ നിന്ന് ഇനി നടക്കാനിരുക്കുന്ന മുസ്ലിം വംശഹത്യകളിലേക്കും അധിനിവേശങ്ങളിലേക്കുമുള്ള ദൂരം കൂടുതലല്ലെന്നു വ്യക്തം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Good writing ❤keep going on full power 🥰