പവലിയന്‍
ജാസിര്‍ കോട്ടക്കുത്ത്
1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരം നടക്കുകയാണ്. 87,000 ഓളം കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. കേവലം പതിനയ്യായിരത്തില്‍ താഴെ മാത്രം കാണികള്‍ ഉണ്ടായിരുന്നത്. ആ മത്സരത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതിര്‍ത്തി, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ മൂലം ഏത് സമയത്തും യുദ്ധത്തില്‍ ഏര്‍പ്പെടാമെന്ന നിലയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമായിരുന്നു അസ്റ്റെക് സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരുന്നത്. മധ്യ അമേരിക്കന്‍ രാജ്യങ്ങളായ എല്‍ സാല്‍വദോറും ഹോണ്ടുറാസും തമ്മിലായിരുന്നു ആ മത്സരം.
എല്‍ സാല്‍വദോറിനെക്കാള്‍ അഞ്ച് മടങ്ങ് ഭൂവിസ്തൃതി ഉള്ള രാജ്യമാണ് ഹോണ്ടുറാസ്. പക്ഷെ എല്‍ സാല്‍വദോറിലെ ജനസംഖ്യ ഹോണ്ടുറാസിനെക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നു. ജനസംഖ്യ വര്‍ദ്ധനവ് മൂലം ബുദ്ധിമുട്ടുന്ന എല്‍ സാല്‍വദോറില്‍ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഹോണ്ടുറാസിലേക്ക് കുടിയേറ്റം ക്രമാതീതമായി നടന്നിരുന്നു. കുടിയേറ്റക്കാരില്‍ നിന്നും മറ്റും ഭൂമി തിരിച്ചു പിടിക്കാനായി ഹോണ്ടുറാസ് ഭൂ പരിഷ്‌കരണ നിയമം കൊണ്ട് വന്നു. ഭൂമി സ്വന്തമാക്കിയ കുടിയേറ്റക്കാരില്‍ നിന്നും അത് തിരിച്ചു പിടിച്ചു സ്വദേശികളായവര്‍ക്ക് വിതരണം ചെയ്യാനുള്ള തീരുമാനം ആയിരുന്നു നിയമത്തിന്റെ കാതല്‍. ഇത് കുറെ കാലമായി ഹോണ്ടുറാസില്‍ സ്ഥിര താമസമാക്കിയവരെ അടക്കം രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ഒരു നിയമമായി മാറി. പട്ടാളത്തിന്റെ സഹായത്തോടെ ഹോണ്ടുറാസ് കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാന്‍ ആരംഭിച്ചു. തിരിച്ചു മാതൃ രാജ്യത്തേക്ക് വരുന്നവരെ ഉള്‍കൊള്ളാന്‍ മാത്രം വിഭവങ്ങളും മറ്റും ഇല്ലാതിരുന്ന എല്‍ സാല്‍വദോറിന് ഇത് വലിയ തലവേദന ഉണ്ടാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചെറിയ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് തുടങ്ങി. ഈ സംഘര്‍ഷ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം അരങ്ങേറുന്നത്.
ഹോണ്ടുറാസിന്റെ തലസ്ഥാന നഗരിയില്‍ 1969 ജൂണ്‍ 8 ന് നടന്ന ആദ്യ പാദ മത്സരത്തില്‍ ഹോണ്ടുറാസ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ജൂണ്‍ 15 ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ എല്‍ സാല്‍വദോറിന് ആയിരുന്നു വിജയം. ഇതോടെ ഒരു പ്ലേ ഓഫ് മത്സരത്തിന് കളം ഒരുങ്ങി. രണ്ട് മത്സരങ്ങളും ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള അടിപിടിക്കും അക്രമങ്ങള്‍ക്കും വേദിയായിരുന്നു. ഇതിനാല്‍ തന്നെ പ്ലേ ഓഫ് മത്സരം മെക്‌സിക്കോയില്‍ വെച്ച് നടത്താന്‍ ആണ് തീരുമാനിച്ചത്.
മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായിരുന്നു. വംശഹത്യയാണ് ഹോണ്ടുറാസില്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നതായിരുന്നു എല്‍ സാല്‍വദോറിന്റെ ആരോപണം. കളത്തില്‍ പക്ഷെ രാഷ്ട്രീയം ഒരു വിഷയമായിരുന്നില്ല. പതിയെ തുടങ്ങിയ മത്സരത്തില്‍ എല്‍ സാല്‍വദോര്‍ ആണ് ആദ്യം ലീഡ് എടുത്തത്. യുവാന്‍ മാര്‍ട്ടിനെസ് ആയിരുന്നു ഗോള്‍ നേടിയത്. പിന്നാലെ ഹോണ്ടുറാസ് സമനില ഗോള്‍ കണ്ടെത്തി. ഇരുപത്തിയെട്ടാം മിനുട്ടില്‍ വീണ്ടും മാര്‍ട്ടിനെസിലൂടെ എല്‍ സാല്‍വദോര്‍ മുന്നിലെത്തി. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റിജോബെര്‍ട്ടോ ഗോമസ് വീണ്ടും ഹോണ്ടുറാസിനെ ഒപ്പമെത്തിച്ചു. നിശ്ചിത സമയത്ത് സ്‌കോര്‍ നില തുല്യമായതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അവസാന ചിരി എല്‍ സാല്‍വദോറിനൊപ്പമായിരുന്നു. പിപ്പൊ റോഡ്രിഗ്രസ് ആയിരുന്നു ഗോള്‍ നേടിയത്. മത്സരം വിജയിച്ചതിലൂടെ എല്‍ സാല്‍വദോര്‍ 1970 ലോകകപ്പിനായി യോഗ്യത നേടി. പുറത്ത് യുദ്ധ സമാനമായ അന്തരീക്ഷം ആയിരുന്നെങ്കിലും ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നല്‍കിയുമാണ് കളത്തില്‍ നിന്ന് വിട വാങ്ങിയത്. പക്ഷെ മാധ്യമങ്ങളും ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും ഈ മത്സരത്തെ ഒരു യുദ്ധമായാണ് കണ്ടത്.
അതേ ദിവസം തന്നെ ഹോണ്ടുറാസിന്റെ മനുഷ്യത്വ രഹിതമായ നടപടികളില്‍ പ്രതിഷേധിച്ചു എല്ലാ നയതന്ത്ര ബന്ധങ്ങളും എല്‍ സാല്‍വദോര്‍ വിച്ഛേദിച്ചു. ഇതോടെ ഔദ്യോഗികമായി യുദ്ധവും ആരംഭിച്ചു. യുദ്ധത്തില്‍ ഇരു ഭാഗത്തും നാശ നഷ്ടങ്ങളുണ്ടായി. ഹോണ്ടുറാസിന്റെ അതിര്‍ത്തി കടന്ന എല്‍ സാല്‍വദോര്‍ സേന തലസ്ഥാന മേഖലയില്‍ എത്തുമെന്ന ഘട്ടം എത്തിയതോടെ ഹോണ്ടുറാസ് വെടി നിര്‍ത്തലിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും മേഖലയിലെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സി(OAS)ന്റെ സഹായത്തോടെ സമാധാന കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു. 100 മണിക്കൂര്‍ യുദ്ധം എന്നാണ് ഈ യുദ്ധം അറിയപ്പെടുന്നത്. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പരിസമാപ്തി ആയിരുന്നു നാല് ദിവസം നീണ്ടു നിന്ന ഈ യുദ്ധം. ‘Football war’ എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് യുദ്ധത്തില്‍ പങ്കില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. ‘The government used us as their voice. It happened in Honduras as well’ എന്നാണ് എല്‍ സാല്‍വദോര്‍ താരമായിരുന്ന റോഡ്രിഗ്രസ് പിന്നീട് പറഞ്ഞത്. എല്‍ സാല്‍വദോര്‍ പത്രമായ എല്‍ ഗ്രാഫികോയുടെ എഡിറ്റര്‍ ക്രിസ്റ്റിന്‍ വില്ലേല്‍റ്റയുടെ ‘This was two military dictatorships using the games to exacerbate nationalism’ എന്ന വാക്കുകള്‍ റോഡ്രിഗ്രസിനെ ശരി വെക്കുന്നുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല