വായനക്കാരനില്‍ നിന്ന് അപഹരിക്കപ്പെടുന്ന മനസ്സ്

0
148

The Reader’s View

അന്‍വര്‍ ഹുസൈന്‍

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണ,മായുസ്സും
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍ .

(ദത്താപഹാരം – രചന: ശ്രീനാരായണഗുരു)

ശ്യാമയാം നിശബ്ദ കാനനമേ നിന്നെ
ആനന്ദബാഷ്പം വഴിഞ്ഞ മിഴികളാല്‍
ഞാനൊന്നുഴിഞ്ഞു കൊള്ളട്ടെ കരം കൂപ്പി,
ഞാനൊന്ന് കണ്ടു നിന്നോട്ടെ, മതി വരെ

എങ്ങനെ നമ്മളിണങ്ങീ, അറിയാതെ,
എന്നമ്മയായ് നമ്മള്‍ കാക്കേണ്ട പുത്രിയായ്
എന്നുടെ ആരോമലായ് പൊടുന്നനേ,
ജന്മാന്തര സ്‌നേഹമാകണമീവ്യഥ

(സുഗതകുമാരി – സൈലന്റ് വാലി എന്ന കവിതയില്‍ നിന്ന് )

ചോരശാസ്ത്രത്തിന്റെ വായനയോടെയാണ് വി ജെ ജെയിംസ് എന്ന നോവലിസ്റ്റിനെ അറിയാന്‍ തുടങ്ങിയത്. ദത്താപഹാരത്തിന്റെ വായന മനസ്സിനെ വല്ലാതെ അപഹരിച്ചു. ഫ്രെഡിയെ കാട് എങ്ങനെ മോഹിപ്പിച്ചോ, അത് പോലെ ഈ നോവല്‍ എന്നെ അതിലേക്കു വലിച്ചടുപ്പിച്ചു. ആദ്യമേ പറഞ്ഞ ഗുരുവിന്‍ കവിത പ്രകൃതി ദാനമായി തന്നതിനെ തിരിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. അത് തന്നെയാണ് ദത്താപഹാരത്തിന്റെ വാക്കര്‍ത്ഥം. സുഗത ടീച്ചര്‍ എഴുത്തും പോലെ കാട് അമ്മയായി മാറുന്നു. ഈ നോവല്‍ പല വായനയാണ് സമ്മാനിച്ചത്. കാടിന്റെ മോഹിപ്പിക്കും കഥ, സ്ത്രീയുടെ പൂര്‍ത്തീകരണത്തിന്റെ കഥ, സൗഹൃദത്തിന്റെ കഥ, കാടിന്റെ നിശബ്ദ സൗന്ദര്യത്തിന്റെ കഥ, മനുഷ്യ സ്‌നേഹത്തിന്റെ കഥ. അങ്ങനെ എത്രയോ വായനകള്‍. ഭാഷയില്‍ ‘ഖസാക്കിനെ അനുസ്മരിപ്പിച്ചു. പാത്ര സൃഷ്ടിയില്‍ ‘മയ്യഴി’യെ……

മനുഷ്യ മനസ്സ് കാട് പോലെ ആണ്. എന്തോ നിഗൂഡത ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫ്രെഡി റോബര്‍ട്ടിലും ഇത് കാണാം. ഗാഡമായ സൗഹൃദത്തിലും ഫ്രെഡി തന്നെപറ്റിയുള്ള എന്തൊക്കെയോ കാത്തു സൂക്ഷിക്കുന്നു. കാടും അങ്ങനെ ആണല്ലോ? അതിനുള്ളിലേക്ക് എത്ര കടന്നു കയറിയാലും വീണ്ടും ഉള്ളില്‍ എന്തോ ഉണ്ടെന്നു നമ്മെ തോന്നിപ്പിക്കും. സുധാകരന്റെ കറുപ്പിലും അയ്യരുടെ ഒളിപ്പിക്കപെട്ട ദാരിദ്ര്യത്തിലും ഇത് കാണാം. മീരയില്‍ കുറെ ഒക്കെ സുതാര്യത അനുഭവപ്പെടുന്നു. അവള്‍ സ്ത്രീയാണ്. അതാവാം. മീര പറയുന്നുണ്ടല്ലോ ‘സ്ത്രീ തന്നെയാണ് പ്രകൃതി’ എന്ന്. ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഭിക്ഷാംദേഹിയിലും ഈ ദുരൂഹത ദൃശ്യം. കഥാപാത്രങ്ങള്‍ വായനക്ക് ശേഷം വായനക്കാരനില്‍ തങ്ങി നില്‍ക്കുന്നത് ഈ സവിശേഷതയും കൊണ്ടാവാം.

ഫ്രെഡിയും പിന്നെ സുധാകരനും കാടിനുള്ളില്‍ മറയുമ്പോള്‍ റാഫിയും മീരയും അയ്യരും മഹേഷും അവരെ തിരയുമ്പോള്‍ കാട് അതിന്റെ നിശബ്ദതയാണ് ഉത്തരമായി നല്‍കുന്നത്. ‘ഓരോ മരവുമിലയും മുഴുവനക്കാടും കനിഞ്ഞു വിളി കേള്‍പ്പൂ. പൈതലേ’ അങ്ങനെ ഒരു വിളി നമുക്കും കേള്‍ക്കാം. അവര്‍ക്കൊപ്പം ആ കാടിനുള്ളിലേക്ക് വായനക്കാരാ നിങ്ങളും മെല്ലെ പ്രവേശിക്കും!

വായനക്കായി ഒട്ടേറെ നോവലുകള്‍ നമുക്ക് മുന്നിലെത്തുമ്പോഴും രവിയും ദാസനും റസ്‌കോള്‍ നിക്കൊഫും ഇന്നും നമ്മെ അലട്ടുന്നത് അവരെ സൃഷ്ടിച്ചവര്‍ വശ്യമായി ഒഴുക്കിയ ഭാഷ മൂലമാണ്. നോവല്‍ സങ്കേതങ്ങളില്‍ എത്ര പുതു പരീക്ഷണങ്ങള്‍ നടത്തിയാലും അനുവാചകന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതില്‍ ഭാഷയ്ക്ക് തന്നെ മുഖ്യ സ്ഥാനം. ‘ഉള്ളടക്കം’ എന്ന ഒരു ഭാഗം മാത്രം മതി ജെയിംസ് ഭാഷ കൊണ്ട് അമ്മാനം ആടുന്നത് ബോധ്യപ്പെടാന്‍. ഒപ്പം ശ്രദ്ധേയമായ ജീവിത നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ ഏറെ ഉണ്ട്.

‘കുട്ടീ’ ഭിക്ഷാംദേഹി പറഞ്ഞു ‘മരണവും ജീവിതവും രണ്ടല്ല. ഒന്ന് തന്നെ. മരണത്തോടുള്ള മല്‍ പിടിത്തം അതിനാല്‍ ജീവിതത്തോടുള്ളത് തന്നെയായ് വരും’

വെറുതെയല്ല ഞാന്‍ ഭാഷയില്‍ ഖസാക്കിനോളം എന്ന് പറഞ്ഞത്. അത്യുക്തിയും അല്ല. ഇത് നോക്കൂ..

‘കാട് അവളുടെ വാക്കുകള്‍ ഏറ്റെടുത്തു. സഹസ്ര ഹസ്തങ്ങള്‍ ഉയര്‍ത്തി മാനത്തേക്ക് വെമ്പി നിന്ന ദീര്‍ഘശാഖികള്‍ അവ കേട്ടു. വെളിച്ചം നിലം തൊടാത്ത ഇടങ്ങളിലെ വനച്ചൂരിലാകെ അത് പടര്‍ന്നു. വനത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഘോര വനത്തിലാണ്. ഓരോ മിടിപ്പും ഞങ്ങളെ ഒരവധാനതയെകുറിച്ചു ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു’.

ഭീമനും അര്‍ജുനനും നകുലനും സഹദേവനും ദ്രൌപതിയും എടുത്തു പറയാതെ ധര്‍മ്മപുത്രരും അണിനിരക്കുന്ന പാത്ര സൃഷ്ടി ഈ നോവലില്‍ കാണുമെങ്കിലും പുരാണ കഥകളിലേക്ക് അനാവശ്യമായി കടന്നു പോകുന്നില്ല എന്നത് കൊണ്ട് കുറഞ്ഞ പേജുകളില്‍ കഥ ഭംഗിയായി പറഞ്ഞു പോകുന്നു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ വായിച്ചു. മനോഹര നോവല്‍ എങ്കിലും ഉപ കഥകള്‍ കുറെ അധികം പറഞ്ഞു ഭംഗി കെടുത്തി എന്നും നീളം കൂട്ടി എന്നും ചിലരൊക്കെ പറഞ്ഞു. നോവലുകളുടെ താരതമ്യം അല്ല ഇവിടെ ഉദ്ദേശിച്ചത്. സന്ദര്‍ഭവശാല്‍ പറഞ്ഞു എന്ന് മാത്രം. പലപ്പോഴും എഴുതുന്ന ആളിന്റെ അറിവിനെ പ്രകടിപ്പിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്

ഗുരു എഴുതിയത് പോലെ, പ്രകൃതിക്കും മനുഷ്യന്റെ മേല്‍ ഒരു തെരഞ്ഞെടുപ്പുണ്ടെന്നു ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു. ഒരു കൈ പ്രഹരിക്കുകയും മറു കൈ കൊണ്ട് തലോടുകയും ചെയ്യുന്ന പ്രകൃതി നമുക്ക് വികൃതിക്കുള്ളതെന്നു നാം ധരിച്ചു വശായിയല്ലോ? മറു വശം ചിന്തിക്കാനും ഇതിന്റെ വായന ഉപകരിക്കും. ലാല്‍ ജോസ് ഈ ഗ്രന്ഥത്തില്‍ തന്നെ സൂചിപ്പിക്കും പോലെ എന്റെ പ്രിയപ്പെട്ട നോവല്‍ ആയി കഴിഞ്ഞു ഈ പുസ്തകം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here