അഡ്വ. പി.എ.മുഹമ്മദ് റിയാസ്

0
815
athmaonline-adv-pa-muhammed-riyas-dr-ak-hakkeem-thumbnail

മന്ത്രി പരിചയം

ഡോ.എ.കെ.അബ്ദുൽ ഹക്കീം

ബേപ്പൂര്‍ നിയോജക മണ്ഡലത്തിൽ നിന്ന് 28 ,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഇനി കേരളത്തിന്റെ മന്ത്രിയാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തോടുള്ള മധുരമായ പ്രതികാരമാണ് റിയാസിനെ സംബന്ധിച്ച് ഇപ്പോഴത്തെ വിജയവും മന്ത്രിസ്ഥാനവും. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വെറും 838 വോട്ടിനാണ് അന്ന് റിയാസ് പരാജയപ്പെട്ടത്.

രാഷ്ട്രീയത്തിനുമുമ്പേ ചതുരംഗത്തിലാണ് റിയാസ് തന്റെ മിടുക്ക് തെളിയിച്ചിട്ടുള്ളത്. ലോക ചെസ് ചാമ്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനോട് പോലും പതറാതെ പോരാടിയിട്ടുണ്ട് റിയാസ്. വിജയം ആനന്ദിനായിരുന്നെങ്കിലും 44 നീക്കം വരെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥി പിടിച്ചുനിന്നത് ആനന്ദിനെ പോലും അത്‌ഭുതപ്പെടുത്തിയിരുന്നു. ആറാം ക്ലാസിൽ വെച്ച് എസ്.എഫ്.ഐ മെമ്പർഷിപ്പെടുത്ത കൊച്ചുപയ്യൻ 45 ആം വയസിൽ കേരളത്തിന്റെ മന്ത്രിപദത്തിലെത്തുന്നതിന്റെ അടിസ്ഥാന ഊർജം ആ പോരാട്ടവീര്യം തന്നെയാണ്.



സംസ്ഥാന സബ്ജൂനിയർ ചെസ് ചാമ്പ്യനിൽ നിന്ന് യുവജനങ്ങളുടെ സമരവേദികളിലേക്കാണ് മുഹമ്മദ് റിയാസ് കത്തിക്കയറിയത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി, കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ്.പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കോഴിക്കോട് നഗരത്തിലെ തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന മുഹമ്മദ് റിയാസ് സിഐടിയു സിറ്റി മോട്ടോര്‍ ആന്‍ഡ് എഞ്ചിനിയറിംഗ് യൂണിയന്‍ സെക്രട്ടറി, സിഐടിയു സിറ്റി ഓട്ടോ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2018 മുതൽ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗമാണ്.

athmaonline-adv-pa-muhammed-riyas

കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്‌കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഫാറൂഖ് കോളേജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു. എസ്എഫ്‌ഐ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ യൂണിറ്റിന്റെ പ്രസിണ്ടന്റും സെക്രട്ടറിയുമായി. ഫാറൂഖ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റിയുടെ പ്രസിണ്ടന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. ഫാറൂഖ് കോളേജില്‍ വെച്ച് ഒന്നാം വര്‍ഷ പ്രീഡിഗ്രി പ്രതിനിധിയായും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായും എസ്എഫ്ഐ പാനലില്‍ മത്സരിച്ചു വിജയിച്ചു. 1998ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായും വിജയിച്ചു. ഫറോക്ക് ഏരിയ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോഴിക്കോട് സിറ്റി ഏരിയ സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവയും എസ്.എഫ്.ഐ കാലത്ത് ഏറ്റെടുത്ത ചുമതലകളാണ്.



വിദ്യാര്‍ത്ഥി – യുവജന സമരങ്ങളിലെ ധീരമായ നേതൃത്വമാണ് മുഹമ്മദ്റിയാസിനെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാക്കിയത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു ഈ യുവപോരാളി. പലപ്പോഴായി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ബീഫ് നിരോധനത്തിനെതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ ദല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്യപ്പെട്ടു. വിവിധ സമരങ്ങളുടെ ഭാഗമായി 100 ദിവസത്തോളം ജയിൽവാസവും അനുഭവിച്ചു.

കോഴിക്കോട് ജില്ലയിലെ കോട്ടൂളി പുതുക്കുടിപ്പറമ്പിലുള്ള ‘ഗ്രേസ്’ ആണ് റിയാസിന്റെ വീട്. അനുഗ്രഹം എന്ന് മലയാളീകരിക്കാവുന്ന ഈ വീട്ടിൽ നിന്നും കേരളത്തിന്റെ മൊത്തം “അനുഗ്രഹ”മായി മുഹമ്മദ് റിയാസ് വളർന്നിരിക്കുന്നു.

പോലീസ് കമ്മീഷണറായി വിരമിച്ച പി.എം.അബ്ദുല്‍ ഖാദറാണ് പിതാവ്. ഉമ്മ ആയിഷാബി. മക്കൾ ആമിൽ മുഹമ്മദും അയാൻ മുഹമ്മദും. ടി.വീണയാണ് ജീവിത പങ്കാളി.

athmaonline-dr-abdul-hakkeem
ഡോ.എ.കെ അബ്ദുൾ ഹക്കീം

പിണറായി വിജയൻ

കെ.രാധാകൃഷ്ണൻ

ആർ ബിന്ദു

സജി ചെറിയാൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here