കെ.രാധാകൃഷ്ണൻ

0
463
athmaonline-k-radhakrishnan-sruthi-saranya-thumbnail

മന്ത്രിപരിചയം

ശ്രുതി ശരണ്യം

1996ൽ ആണ് കെ.രാധാകൃഷ്ണൻ എന്ന യുവാവ് ചേലക്കരയിൽ നിന്ന് ഇടതുപക്ഷത്തിന്റെ ബാനറിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പം മുതലേ സാമൂഹ്യസേവനം തിരഞ്ഞെടുത്ത അദ്ദേഹം ഇടതു രാഷ്ട്രീയപ്രവർത്തനത്തെ അതിനുള്ള മാർഗമായി കണ്ടു. സ്കൂൾകാലം മുതൽ രാധാകൃഷ്ണൻ നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ടവനായി. നാടിനും നാട്ടുകാർക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തെ അതുവരെ ഒരു കോൺഗ്രസ്സ് പാളയമായിരുന്ന ചേലക്കര അംഗീകരിച്ചത് ഇവിടത്തെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നതിലൂടെയായിരുന്നു. ലളിതവും ഋജുവുമായ ജീവിതരേഖയിലൂടെ സമത്വാതിഷ്ഠിതം എന്ന വാക്കിന് അദ്ദേഹം മാതൃകയായി. അക്ഷരാർത്ഥത്തിൽ ഒരു കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണ് അദ്ദേഹം.



പാർട്ടിയെയും അതിന്റെ ആദർശങ്ങളെയും സ്വജീവിതത്തിലൂടെ ഉയർത്തിപ്പിടിച്ചയാൾ. ചേലക്കരക്കാർ പാർട്ടി – വർഗ്ഗ ഭേദമെന്യേ അദ്ദേഹത്തെ നെഞ്ചോടു ചേർത്തതും അദ്ദേഹത്തിന്റെ ഈ സൗമ്യപ്രകൃതം കൊണ്ടാവണം. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് അതിന് പരിഹാരം കാണാൻ ഒരു പരാതി കത്തിന്റെയും വാഗ്ദാനങ്ങളുടെയും പിൻബലം ആവശ്യമില്ലെന്ന് സ്വന്തം പ്രവർത്തനത്താൽ തെളിയിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. 96 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ പിന്നോക്ക വികസനവകുപ്പും, സ്പോർട്സും കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചു. അന്ന് നായനാർ മന്ത്രിസഭയായിരുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇന്ന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ചേലക്കരയിലെ ജനങ്ങൾ അദ്ദേഹത്തെ ഏകദേശം നാൽപ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഞ്ചാം തവണയും തിരഞ്ഞെടുത്തു. ഇന്നത്തെ മന്ത്രിസഭയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഒരാളായിരിക്കും അദ്ദേഹം. ചേലക്കരയിലെ യുവതയോട് രാധാകൃഷ്ണനെക്കുറിച്ച് ചോദിക്കുമ്പോൾ അവർ ഒരുമിച്ചു ശരിവയ്ക്കുന്ന ചിലതുണ്ട് – അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ കറ പുരളാത്ത ഒരു വ്യക്തിയാണ് അദ്ദേഹം എന്നത്. അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ചേലക്കര ഒരു കുഗ്രാമമായിരുന്നു. ഭൂരിഭാഗവും നിത്യവേദനക്കാരായ പാവപ്പെട്ടവർ. വൈദ്യുതിയില്ലാത്തവർ, വീടില്ലാത്തവർ, കുടിവെള്ളമില്ലാത്തവർ, ഉന്നത വിദ്യാഭ്യാസത്തിനായി മൈലുകളോളം സഞ്ചരിക്കേണ്ടി വരുന്നവർ. അങ്ങിനെയുള്ള ജനതയ്ക്ക് ഇടയിലേക്കാണ് വികസനത്തിൻ്റെ പുതിയ മാർഗ്ഗരേഖയുമായി രാധാകൃഷ്ണൻ കടന്നു ചെല്ലുന്നത്.

ചേലക്കര ഇന്നൊരു എജുക്കേഷണൽ ഹബ് ആയത് ശ്രീ. രാധാകൃഷ്ണന്റെ മാത്രം നേതൃത്വ പാടവം കൊണ്ടാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാടിനുണ്ടായ ഏറ്റവും വലിയ മാറ്റവും നേട്ടവും വിദ്യാഭ്യാസ രംഗത്താണ് എന്നുള്ളത് അദ്ദേഹം എത്രത്തോളം ദീർഘവീക്ഷണമുള്ള വ്യക്തിയാണ് എന്നതിനുള്ള തെളിവാണ്. നിരവധി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകൾ, കലാമണ്ഡലത്തിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി, കള്ളിമംഗലം ഗവൺമെന്റ് ആർട്സ് കോളേജ്, പഴയന്നൂർ അപ്ലൈഡ് സയൻസസ് കോളേജ്, നിരവധി ഗവൺമെന്റ് ആന്റ് പ്രൈവറ്റ് വൊക്കേഷണൽ ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവ അദ്ദേഹത്തിന്റെ വിഷനും മിഷനുമായിരുന്നു.



ചേലക്കരയുടെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന് കാരണമായത് രാധാകൃഷ്ണനാണ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന നിർമ്മാണ പദ്ധതികൾ നിരവധിയാണ്. കൊച്ചി- മലബാർ ബ്രിഡ്ജും മായന്നൂർ പാലവും ചീരക്കുഴി പാലവും ഉൾപ്പെടെ നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ജലസേചനം – കുടിവെള്ള ക്ഷാമം എന്നിവക്കുള്ള പരിഹാരം എന്നോണം പലയിടങ്ങളിലും തടയണകളും ചെക് ഡാമുകളും സ്ഥാപിച്ചു. തൊഴിൽ രംഗത്തെയും വ്യവസായ രംഗത്തെയും സാധ്യതകളെ മുൻനിറുത്തി പഴയന്നൂരിൽ വ്യാവസായ പാർക്ക് നിർമ്മിച്ചു. നിരവധി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇന്നു കാണുന്ന വികസനോൻമുഖതയിലേക്ക് ഉയർത്തി.

അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി – “ഞാൻ ഒരു വാഗ്ദാനങ്ങളും ഒരു കാലത്തും ചെയ്തിട്ടില്ല. അധികാരത്തിൽ വന്നപ്പോൾ ഞാൻ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ചെയ്തിരുന്നു” എന്ന്.

പിണറായിയുടെ രണ്ടാം വരവിൽ ചേലക്കരയുടെ സ്വന്തം രാധാകൃഷ്ണൻ ദേവസ്വവും, പാർല്യമെൻററികാര്യവും ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതലയേൽക്കും എന്ന് കേൾക്കുന്നു. വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്ന ദേവസ്വം വകുപ്പിന്റെ ചുമതലയേൽക്കുന്നതിലൂടെ ചില രാഷ്ട്രീയചോദ്യങ്ങൾക്ക് ഉത്തരമാവുന്നുമുണ്ട്. അദ്ദേഹത്തിന് അർഹിക്കുന്ന വകുപ്പുകൾ വേറെയും ഉണ്ടായിരുന്നു എന്നുറപ്പ്. എങ്കിലും ഇതൊരു ചരിത്രമാണ്. സവർണ്ണ സാമുദായിക സംഘടനകൾക്കും ഇവിടത്തെ സംഘപരിവാറിന്റെ ഊട്ടുപുരകളായ തന്ത്രി – മന്ത്ര- പാളയങ്ങൾക്കും കിട്ടിയ കരണത്തടി. സമീപകാലത്ത് ഇടതുപക്ഷം സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളിൽ ഒന്നായിരിക്കും ഇത്.

athmaonline-sruthi-saranyam
ശ്രുതി ശരണ്യം

പിണറായി വിജയൻ

ആർ ബിന്ദു

അഡ്വ. പി.എ.മുഹമ്മദ് റിയാസ്

സജി ചെറിയാൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here