(കവിത)
രാജേഷ് ചിത്തിര
ജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട്
പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു
ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.
ഫ്രിഡ്ജിന്റെ വാതിൽ
അടുക്കളറാക്കിന്റെ അടപ്പൂകൾ
കറിപ്പൊടിഭരണികൾ
നിർബന്ധിക്കുന്നത് കൊണ്ട് മാത്രം,
അതുകൊണ്ടു മാത്രം
അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നു
അവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം
കറിപ്പാത്രത്തിൽ നിന്നും
ഏതോ ഗന്ധം
അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും,
അവളപ്പോഴും നിശ്ശബ്ദയാവും.
ഇനി ജനാല വിരികൾ
കിടക്ക വിരിപ്പുകൾ
പാതി ഉറങ്ങിയ പുസ്തകം
എല്ലാവരും ഒരു ഞൊടിയെങ്കി,ലത്
എന്ന മട്ടിൽ
അവളോട് മിണ്ടാൻ വെമ്പൽ കൊള്ളും
വൈകിട്ട് വാതിലിന്
അപ്പുറം നിന്നൊരാൾ
അവളെ വിളിച്ചുണർത്തും വരെ
വിശപ്പ്
ദാഹം
അക്ഷമ
ഏകാന്തത
ഒക്കെയും അവളോട്
സംസാരിക്കാൻ ശ്രമിച്ച് നിശ്ശബ്ദരാവും.
ഇനി അവൾ
ആദ്യം ചിരിയ്ക്കാൻ,
പാത്രങ്ങളാൽ ഒച്ചപ്പെടാൻ,
പിന്നെ
നേർത്ത കിതപ്പുകളെ അളക്കാൻ
ശ്രമിച്ചു ശ്രമിച്ച്
ഉറങ്ങും വരെ
മറ്റാരോടോ എന്ന പതിവ് മട്ടിൽ
തന്നോട് തന്നെ മിണ്ടിക്കൊണ്ടിരിക്കും
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല