ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

0
144

(കവിത)

ആദിത്ത് കൃഷ്ണ ചെമ്പത്ത്

കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
” ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്”
ചോദിച്ചില്ല.

വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ വേണ്ടി മാത്രം
ബഷീർ,
ആൾക്കൂട്ടത്തിനിടയിലൂടെ.
ഞെങ്ങി, ഞെരുങ്ങി.
മിന്നാമിന്നി വെളിച്ചങ്ങളുടെ
ആയുസ്സു പോലുമില്ലാതെ
ഒരു തൊടൽ,

ബഷീർ ഗാന്ധിയെ തൊടുമ്പോൾ
തീർച്ചയായും എൻ്റെ
സത്യന്വേക്ഷണ കഥ
വായിച്ചിട്ടുണ്ടാകില്ല,
ഉപ്പ് സത്യാഗ്രഹം
നടന്നിട്ടില്ല.

ഗാന്ധി തീരെ മെലിഞ്ഞിട്ടാണ്,
കുപ്പായമില്ലായിരുന്നു.
തിരികെ വരുമ്പോൾ
തൊട്ട കൈയ്യിലൊരു
വെളിച്ച കീറ്.

അത് നക്ഷത്രങ്ങളായി
ഉണർന്നിരിക്കുന്നു രാത്രികളിൽ
” നീയെന്നെ തൊട്ടു
ഞാൻ നിങ്ങളെയും ”

അമ്മ കുടിലുകൾ ഉണർന്നിട്ടില്ല.

ഉറങ്ങുമ്പോൾ ഉമ്മയായിരുന്നില്ല പറഞ്ഞത്.

നക്ഷത്രങ്ങൾ അമ്മ കുടിലുകളിറങ്ങി.
ഒരിമ്മിണി ബല്യ പുഴയുടെ തീരത്ത് അതെന്നും വിരിഞ്ഞ് നില്ക്കുന്നു.

കുഞ്ഞുണ്ണി മാഷ് പാഠം എടുക്കുമ്പോൾ
മഴ നനഞ്ഞെത്തുന്നു
ഗാന്ധിഗ്രാമിലെ കുട്ടികൾ.

ആരാണ് ഗാന്ധി
ആരാണ് ബഷീർ

ഒരാൾ വടക്കൻ
ഒരാൾ തെക്കൻ

ഒരാൾ ഗുജറാത്തി
ഒരാൾ മലയാളി

ഒരാൾ രാഷ്ട്രീയക്കാരൻ
ഒരാൾ എഴുത്തുകാരൻ

മുഴുവൻ പേര്
മോഹൻദാസ് കരംചന്ദ് ഗാന്ധി
വൈക്കം മുഹമ്മദ് ബഷീർ.

ഗാന്ധി ഒരിക്കലും കൈ നോട്ടക്കാരനായില്ല
ഹോട്ടൽ ജീവനക്കാരനായില്ല
വാദ്ധ്യാരായില്ല
സിനിമാ മോഹിയായില്ല

ബഷീർ സത്യാഗ്രഹം അനുഷ്ഠിച്ചില്ല
നിരാഹാരമിരുന്നില്ല.

ഒരാൾക്ക് ദൈവം രാമൻ
മറ്റൊരാൾക്ക് മുഹമ്മദ്.

എന്നിട്ടും ഗാന്ധിയുടെ കാലത്ത് മാത്രം
ബഷീർമാർക്ക് ഗാന്ധിയെ തൊടാൻ കഴിഞ്ഞു.
ഒരു കാക്ക കരച്ചിലുപോലുമില്ലാതെ.

ഗാന്ധിഗ്രാമിലെ കുട്ടികൾ
ഇത്രയും വ്യാഖ്യാനിച്ചു.
മഴ കനത്തു.

മേയാൻ പോയ
പാത്തുമ്മയുടെ ആടും
സ്റ്റേറ്റ് മായ്ക്കാൻ
ഇല പറിക്കാൻ പോയ മജീദും
വഴി നടന്നെത്തണ സുഹറയും,
ഈ മഴയ്ക്ക് പിന്നിൽ,
വരാനിരിക്കുന്ന വേനലിനും
പിന്നിൽ,

വായന മൂലയിൽ നിന്നവർ
ഏത് മഴക്കാലത്ത് പടിയിറങ്ങി പോയി.
ഏത് വേനലിൽ
ഇടവഴികളിൽ നിന്ന് മറഞ്ഞു പോയി.

ഗാന്ധിയെ തൊട്ട ബഷീറിന്
മഴ നനയാൻ കഴിഞ്ഞു.
വേനല് കൊള്ളാൻ കഴിഞ്ഞു.
നാടിന് കുറുകെ
ഒരിമ്മിണി വല്ല്യ പുഴ
വെട്ടാൻ കഴിഞ്ഞു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ക്ലാസ്സ് മുറിയിൽ
ഗാന്ധിഗ്രാമിലെ കുട്ടികൾ
കുഞ്ഞുണ്ണി മാഷിന് ക്ലാസ്സെടുത്തു.

ലോകത്തൊരിടത്തും ഒരാൾ
തൊട്ടത് കഥയായിട്ടില്ല.
ചരിത്രമായിട്ടില്ല.

ലോകത്തൊരു മാങ്കോസ്റ്റിൻ
മരങ്ങളും,
ഗാന്ധിയെ തൊട്ട കഥ കേട്ട്
വളർന്നിട്ടില്ല.

വായനക്കാലങ്ങളിൽ
ബഷീറിനെയോർത്ത്
അത് പൂക്കുന്നത് നിർത്തി.
അതിൻ്റെ വേരുകൾ
അതിർത്തികളിലേക്ക്
വളരാതെ തളർന്നു വീണപ്പോൾ,

ബഷീറിൻ്റെ
പുസ്തകച്ചൂര് അണഞ്ഞുപോയി
വായനാ മൂലകൾ
ശ്വസിക്കാനാകാതെ
വഴിമുട്ടി നിന്നപ്പോൾ .

എന്നാലും വൈക്കത്ത്
ഗാന്ധി വന്നപ്പോൾ,
ബഷീർ കയറി ചെന്ന് തൊടരുതായിരുന്നു.
അത് ഓർമയുടെ അറകളിൽ
എഴുതി വെക്കുരുതായിരുന്നു.

എങ്കിൽ
രണ്ടായിരത്തി ഇരുപത്തിമൂന്നിൽ
ഗാന്ധിയെ തൊട്ട ബഷീറിനെ
വിമർശിച്ച് ,
ഗാന്ധിഗ്രാമിലെ കുട്ടികൾ
ഉപന്യസിക്കുമ്പോൾ,
പാത്തുമ്മയ്ക്കും
സുഹറയ്ക്കും മജീദിനും
അതിർത്തിയിലൊരു
അഭയാർത്ഥി കുടിലിലിരുന്ന്
ബഷീർ തന്ന ഒച്ചകളെ
കുഴിച്ച് മൂടണ്ടായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here