ഉളുമ്പ്

1
199

(കവിത)

ആതിര കെ തൂക്കാവ് 
മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.
മിണ്ടി പറയാൻ കൂട്ടുകാരില്ലാ,
ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.
മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ സൂക്ഷിച്ചു നോക്കുന്നത് കണ്ട് ഒളിച്ചു നടന്നൊരു കുട്ടി.
നന്നേ മെലിഞ്ഞതും
മേൽച്ചുണ്ട് പൊന്തിയതുമായ
കൂട്ടുകാരില്ലാത്തൊരു ചൊറിച്ചി പെണ്ണ്.
പിന്നി മടക്കിയ ചെമ്പൻ മുടിയോ,
ചെമ്പൻ കണ്ണുകളോ ചിരിയോ
അല്ലാതെ ഉളുമ്പ് മണവും
ചോരയും പഴുപ്പും മാത്രം കണ്ടുപിടിക്കപ്പെട്ടപ്പോഴൊക്കെയും കരയാത്തൊരു കുഞ്ഞി.
ചൊറിച്ചിയാണിത് കൂട്ടുകൂടാനില്ലെന്ന് ആരൊക്കെയോ പറഞ്ഞപ്പോഴും
അതിന്റെയാഴം പോലും
അറിയാതെ പോയൊരു പെണ്ണ്.
തനിയേ മിണ്ടി പറഞ്ഞും,
ചെമ്പരത്തിയോടും
പൂവാംകുരുന്നിലയോടും
തകരയോടുമെന്നു വേണ്ടാ,
സകലതിനേയും ചേർത്തൊരു വലിയ ലോകമുണ്ടാക്കിയൊരു കുട്ടിയാണത്.
വിട്ട് പോവാൻ കൂട്ടാക്കാതെ
പറ്റിപ്പിടിച്ചൊട്ടി കിടന്ന ചൊറിയെ പറ്റി
ഇടയ്ക്കവൾ മറന്നേ പോയിരുന്നു.
ഒരിക്കലാരോ പറഞ്ഞു കേട്ടത്
അവൾ സർപ്പ കുട്ടിയാണെന്നാണ്.
അല്ലെങ്കിൽ സർപ്പ ശാപമാണെന്നാണ്.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ശാപം വീട്ടുവാൻ
കൂവള മാല ചൂടിയപ്പോഴും
മഞ്ഞളിൽ കുളിച്ചപ്പോഴും
അവൾക്ക് പ്രായം പ്രണയത്തിന്റേതായിരുന്നു.
സ്നേഹം തോന്നിയൊരു ചെക്കനുണ്ടവൾക്ക്.
എന്നും ചിരിയ്ക്കുന്നൊരാൾ,
എന്നും മിണ്ടുന്നൊരാൾ.
ആ പെണ്ണ് ആ പ്രേമം ആരോടും പറഞ്ഞില്ല.
ഓരോ പ്രേമ കുരുവും അവന്റെ പ്രേമത്താലാണെന്നവൾ ആകെ പറഞ്ഞത്
കച്ചിയും, തൂവലും, മുത്തുകളും നിറഞ്ഞ ഇരുമ്പ് പെട്ടിയിലെ പേപ്പറുകളോട് മാത്രമാണ്.
അവളത് അവനോട് പറയില്ല.
കാരണം, അവൾ ചൊറിച്ചിയാണ്,
ഉളുമ്പ് മണക്കുന്ന പഴുപ്പും ചോരയും
മുറിയുമുള്ളവൾ.
പഴുപ്പ് പോയിട്ടും ആ പെണ്ണ്
ഒളിച്ചു മാറി നടന്നിട്ടേയുള്ളു,
ഉളുമ്പ് മണക്കുന്നയൊരു
കാലത്തിന്റെ കലകളും
ഒളിച്ചു മാറലും കൊണ്ടവൾ
മരിക്കാൻ പേടിച്ചു.
 ചത്തു പോയാൽ കുളിപ്പിക്കാൻ നേരം ആളുകൾ പറയും അവൾ ചൊറിച്ചിയായിരുന്നു കണ്ടില്ലേ കലകൾ.
ചത്താലുമവളെ ഉളുമ്പ് മണക്കുന്നത് പേടിച്ചോർത്തിട്ട് അവൾ ഉറക്കപ്പായയിൽ
എന്നും കരയുന്നുമുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here