ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
2021 ഒക്ടോബർ 17. ജനലിന് പുറത്ത് തുലാവർഷം പെയ്തൊഴിഞ്ഞ തെളിമാനം. മരങ്ങൾക്കിടയിലൂടെ സൂര്യൻ്റെ പൊൻവെളിച്ചം. ശിഖരങ്ങളിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ. തളിരിലകളുടെ വസന്തങ്ങൾ. തെങ്ങോലകളുടെ മയിലാട്ടം. വേലിത്തലയ്ക്കൽ നിന്നും എത്തി നോക്കുന്ന ചെമ്പരത്തി പൂക്കൾ. മഞ്ഞപ്പുടവയണിഞ്ഞ കോളാമ്പി ചെടികൾ, ബോഗൻ വില്ലയിലെ വർണ്ണരാജികൾ….പൂക്കളിൽ ഉമ്മ വെച്ചുയരുന്ന വർണ്ണച്ചിറകുള്ള പൂമ്പാറ്റകൾ. പക്ഷികളുടെ കളകൂജനത്താൽ പ്രകൃതി രോമാഞ്ചമണിയുന്നു. കുട്രൂ…. കുട്രൂ…. എന്ന് ചിന്നകുട്ടുറുവൻ. ഝിൽ…. ഝിൽ… എന്ന് അണ്ണാരകണ്ണൻ!
‘കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴിയുമായ’ കാക്കയുടെ പരിചിതമായ കരച്ചിൽ.
അയലത്തെ വീട്ടിലെ വളർത്തുപട്ടിയുടെ കുര. അകലെയെവിടെയോ ഒരു കുയിൽ നാദം!. കൊറോണയെ ഭയന്ന് ജനങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് അകലം പാലിച്ച കാലം. ഭൂമിയുടെ മടിത്തട്ടിൽ പക്ഷിമൃഗാദികൾ നിർഭയമായി ആടിപ്പാടുന്നു .രമിക്കുന്നു. കൊറോണക്കെതിരെ പ്രകൃതിയുടെ പ്രതിരോധം ! വീടകങ്ങളിൽ എല്ലാവരും മിണ്ടി പറയുന്നത് തങ്ങളുടെ സ്വന്തം കൈക്കുഞ്ഞൻ മൊബൈലിനോടും. ഉള്ള കൈയ്യിലേ താലോലം…സ്വയം ഒരു ഉൾവലിയൽ !
മുഖപുസ്തകത്തിലൂടെ അലസമായി വിരൽ തെന്നിച്ച് കൊണ്ട് കണ്ണോടിക്കവേ കിളിച്ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി കുഞ്ഞബ്ദുള്ള ! ‘സ്മാരകശിലകളി’ലൂടെ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയ കഥാകാരൻ്റെ ചരമവാർഷിക ദിനം ഓർമ്മിപ്പിച്ചു കൊണ്ട് ആത്മ ഓൺലൈൻ പോർട്ടലിൽ കുഞ്ഞിക്കയുടെ ഫോട്ടോയും ചെറു കുറിപ്പും. എനിക്ക് എന്തെന്നില്ലാത്ത ആത്മാഭിനിവേശമുണ്ടായി. മനസ്സ് ഈറൻ
നോവായി. ഞാൻ പുനത്തിലിനെ ഓർത്തെടുത്തു കൊണ്ട് മൊബൈലിൽ അക്ഷമനായി മുഖം പൂഴ്ത്തി. ആത്മയുടെ സാംസ്കാരിക പോർട്ടലിൻ്റെ വരമൊഴിയിൽ ആർദ്രനായി. തെല്ലിട ഹർഷനായി.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) ഒടുവിലെ വരികളിൽ ഞാൻ വികാരഭരിതനായി! എനിക്ക് ഈ ദിനത്തിൽ പുനത്തിലിനു വേണ്ടി ഒരു അനുസ്മരണക്കുറിപ്പ് ആയിക്കൂടേ….. ഞാൻ പലകുറി ചിന്തിച്ചു. ഈയൊരു അവസരത്തിന് വേണ്ടി എത്ര നാളായി കൊതിച്ചിരുന്നു. ഒന്ന് രണ്ട് അച്ചടി മാധ്യമങ്ങൾക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും വെളിച്ചം കണ്ടില്ല. ഞാൻ സ്വകാര്യ അലങ്കാരമായി കൊണ്ടു നടന്ന ബ്ലോഗെഴുത്തിൽ നിന്നും പ്രിയപ്പെട്ട എഴുത്തുകാരനൊപ്പം ചെലവിട്ട അനർഗ്ഗനിമിഷങ്ങളെ കോർത്തിണക്കിയ അനുഭവത്തിൻ്റെ
അക്ഷര ചെപ്പ് തുറന്ന് പകർത്തി പതിപ്പിച്ചു (copy paste) കൊണ്ട് ‘ആത്മ’യിലേക്ക് മെയിൽ ചെയ്തു.
“താങ്കളുടെ ഒരു ഫോട്ടോ കൂടി എത്രയും പെട്ടെന്ന് അയച്ചുതരൂ.”
നിമിഷങ്ങൾക്കകം മൊബൈലിൽ തരുണീനാദം. അപ്പോൾ തന്നെ ഗ്യാലറി തിരഞ്ഞ് തരക്കേടില്ലാത്ത രണ്ട് മൂന്ന് ഫോട്ടോയും സെൻ്റ് ചെയ്തു. വൈകുന്നേരത്തോടു കൂടി ‘ഓർമ്മയിൽ പൂത്തുലഞ്ഞ പുനത്തിൽ’ എന്ന എൻ്റെ അനുസ്മരണക്കുറിപ്പ് പാൽവെളിച്ചമായി മൊബൈലിൽ പരന്നു. ‘ആത്മ’ ആർട്ടേരിയയുടെ ഗ്രാഫിക്ക്! നറുനിലാ പുഞ്ചിരിയും നരച്ച തലയുമായി പുതിയ ലുക്കിലുള്ള കുഞ്ഞിക്ക! കുഞ്ഞബ്ദുള്ളയെന്ന വലിയ മനസ്സുള്ള കുഞ്ഞിക്കയ്ക്കായുള്ള എൻ്റെ സ്മരണാഞ്ജലി! എഴുത്ത് മുഖപുസ്തകത്തിൽ പോസ്റ്റു ചെയ്തു കൊണ്ട് ഞാൻ ആനന്ദതുന്ദിലനായി. വരാനിരിക്കുന്ന ലൈക്കും കമൻ്റും മൈൻ്റു ചെയ്തില്ല. കുഞ്ഞിക്കയോടുള്ള ആദരവും അവിചാരിതമായി വീണു കിട്ടിയ അദ്ദേഹത്തോടൊപ്പമുള്ള അസുലഭ നിമിഷങ്ങളും പങ്കുവെക്കുന്നതിലായിരുന്നു ഊന്നൽ. ഒപ്പം സഫലമായി തീർന്ന ഒരു യാത്രയെ അടയാളപ്പെടുത്തലും!
“കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..” കക്കാടിൻ്റെ കവിമൊഴിയിലൂടെ കാലത്തിൻ്റെ പ്രവചനാതീതമായ ഗതിവിഗതികളെ കുറിച്ച് വെറുതെ ഓർത്തു. “ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… “എന്ന വൈലോപ്പിള്ളിയുടെ വരികളോര്‍മ്മിപ്പിച്ചു കൊണ്ട് വീണ്ടും വിഷു വന്നു. ‘ആത്മ’യിൽ ‘വിഷു വിശേഷങ്ങളും’ പങ്കുവെച്ചു.
മാസങ്ങൾക്ക് ശേഷം ആത്മവിശ്വാസത്തോടെ ഞാൻ ഓഫീസിൽ വിളിച്ചു ചോദിച്ചു.
“സർ , കുറച്ച് കുറിപ്പുകൾ ഉണ്ട്. പ്രസിദ്ധീരിക്കാമോ?… ”
ഒരു പരിഗണന കിട്ടുമെന്ന പ്രതീക്ഷയോടെ ചെവിയോർത്തു..
“അയക്കൂ … നോക്കട്ടെ….”
തുടർന്ന് ശ്രീ. അജുവിൻ്റെ വിളി വന്നു.
“പത്തോളം കുറിപ്പുകളെങ്കിലും കാണുമോ?
ഒരു തുടർ പംക്തി കൊടുക്കാനായിട്ട്…”
ഒപ്പം വാട്സാപ്പ് സന്ദേശവും വന്നു ചേർന്നു.
എൻ്റെ എഴുത്തുകുത്തുകൾ
‘ആത്മ’യിലേക്ക് വാട്സാപ്പ് ചെയ്തു. അച്ചടിമഷി പുരണ്ട് വന്നതും അല്ലാത്തതുമായ മുപ്പത്തഞ്ചോളം കുറിപ്പുകൾ ആഴ്ച്ചതോറും ‘ഓർമ്മക്കുറിപ്പാ’യി ‘ആത്മ ആർട്ടേരിയ’ എന്ന ഓൺലൈൻ മാധ്യമത്തിലൂടെ പുറം ലോകത്തെത്തി. എട്ട് മാസക്കാലങ്ങളിലെ അപകടാനന്തര ജീവിതത്തിൻ്റെ അപരിമേയമായ പിരിമുറുക്കങ്ങളിൽ ഓർമ്മകളെ കൂട്ടുപിടിച്ചു കൊണ്ടുള്ള തുടരെഴുത്തുകൾ. നിർവൃതിയുടെ നീലാകാശ പരപ്പിലേക്കുള്ള പറന്നുയരൽ ! തുലോം പരിമിതമായ എൻ്റെ വായനാ പരിസരത്തു നിന്നും പിറവി കൊണ്ട ഏകാന്തനൊമ്പരങ്ങൾ….സാധാരാണക്കാരനെ അവൻ്റെ എഴുത്തുവഴികളിലേക്ക് ആനയിക്കാനുള്ള എളിയ ശ്രമം! ഞാൻ ഉൾപ്പെടെയുള്ള സാധാരണക്കാരെയും അരിക് വൽക്കരിക്കപ്പെട്ടവരെയും എഴുത്തോരത്ത് കുടിയിരുത്താനുള്ള ശ്രമം കൂടിയായിരുന്നു അത്. ജീവിതയാത്രയിൽ മനസ്സിൽ തറഞ്ഞു പോയ നേരനുഭവങ്ങൾക്ക് അക്ഷരഭാഷ്യം ചമച്ചതിൻ്റെ പച്ചയായ ആവിഷ്ക്കാരം! രചനകളിലൂടെ ഒരു തരി വെട്ടമെങ്കിലും വായനക്കാരുടെ ഹൃദയത്തിൽ വീഴ്ത്താനായെങ്കിൽ ഞാൻ കൃതാർത്ഥനായി. വായനാവഴിയിൽ എനിക്ക് അനുഭവമെഴുത്തിന് പ്രചോദനമായത് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ചിദംബം സ്മരണയും’. ചാരം മൂടിയ ഓർമ്മകളുടെ കനലൂതിയാൽ ഇനിയും അക്ഷരപ്പശി ശമിപ്പിക്കാനുള്ള വക കാണുമായിരിക്കും. വിടരാനിരിക്കുന്ന പൂവിൻ്റെ മനോഹാരിത പോലെയോ, പാടി പര്യവസാനിപ്പിക്കാതെ പോയ ശ്രുതിമധുരമായ ഗാനാലാപനം പോലെയോ അതവിടെ കിടക്കട്ടെ.
എണ്ണത്തിൽ കുറവായ ആയിരത്തിൽപ്പരം എഫ്.ബി. ഫ്രൻ്റ്സിൻ്റെ അടുക്കൽ, അവരുടെ കൺവെട്ടത്തിൽ എൻ്റെ രചനകളും എത്തിക്കാണുമായിരിക്കും! ഏതാനും ലൈക്കുകളും കമൻ്റുകളും കൊണ്ട് ഞാൻ തൃപ്തനായി! കിട്ടുന്ന ലൈക്കും കമൻറുമൊന്നും ഒരു രചനയുടെ മൂല്യനിർണ്ണയമല്ലെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.എങ്കിലും കണ്ടില്ലെന്ന് നടിച്ചവർ, പ്രോത്സാഹനം തന്നവർ,മറുകുറിയിലൂടെ പ്രതികരിച്ചവർ, പാതി വഴിയിൽ പിന്തിരിഞ്ഞവർ, അവഗണിച്ചവർ, മൊബൈലിൽ വിളിച്ച് കുശാലാന്വേഷണം നടത്തിയവർ, സുഖവിവരം തിരക്കിയവർ… അങ്ങനെ അങ്ങനെ….
ഏതെങ്കിലും തരത്തിൽ എൻ്റെ എഴുത്തിന് ഊർജ്ജം പകർന്നവർക്ക്…. ജീവാമൃതമായവർക്ക്….
എല്ലാവർക്കും നന്ദി, നന്ദി മാത്രം.
ഈ ലോകത്തിലെ ഏതെങ്കിലും കോണിൽ വെച്ച് എൻ്റെ എഴുത്തിനെ കാത്തിരിക്കുന്ന
ഒരാളെങ്കിലും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ ഓരോ കുറിപ്പിന് മുന്നിലും ഞാൻ ധ്യാനവിനീതനാകുമായിരുന്നു. വിലയേറിയ സമയം വായനയ്ക്കു വേണ്ടി പകുത്തു നൽകുന്നവർക്കായി ഞാനെഴുതുന്നു. എപ്പോൾ വേണമെങ്കിലും ഇടറിവീഴാവുന്ന നൈമിഷികമായ ജീവിതത്തിൻ്റെ
വഴിത്താരയിൽ നിന്നും കണ്ടെടുത്ത ജീവത്സപന്ദനങ്ങൾ അടയാളപ്പെടുത്തുന്നു.
എഴുത്തിനെ പ്രോജ്വലിപ്പിച്ച് നവ മാധ്യമ കൂട്ടായ്മയിൽ ഇടമേകിയ ‘ആത്മ ആർട്ടേരിയ’യിലെ പ്രിയപ്പെട്ട എഡിറ്റർ അജു അഷ്‌റഫ്, രചനകളെ സാന്ദർഭികമായ ചിത്രീകരണത്തിലൂടെ
ചാരുതയോടെ അടയാളപ്പെടാത്താറുള്ള ചിത്രകാരന്മാരായ സുബേഷ് പദ്മനാഭൻ, കെ.കെ.മിഥുൻ, മനു മുതലായ അണിയറ പ്രവർത്തകരോടുമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. അഭ്യുദയകാംക്ഷികളായ മുഖപുസ്തകത്തിലെ പ്രിയപ്പെട്ട കൂട്ടുകാരെ, മാന്യ വായനക്കാരെ എൻ്റെ ഓർമ്മക്കുറിപ്പ് എന്ന പംക്തി ഈ ലക്കത്തോടെ താൽക്കാലികമായി പര്യവസാനിപ്പിക്കുകയാണ്. എഴുത്തിടങ്ങളിൽ വീണ്ടും കണ്ടുമുട്ടാമെന്ന പ്രത്യാശയോടെ….
” ജീവിതം ഒരു മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പഴും കാത്തു വയ്ക്കുന്നു.” പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ വരികൾ ഓർത്തുകൊണ്ട്
നിർത്തുന്നു. ഒരിക്കൽ കൂടി ഏവർക്കും നന്ദി. സ്നേഹം. ആത്മാർത്ഥപൂർവ്വം, സുഗതൻ വേളായി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല