HomeTHE ARTERIASEQUEL 89സ്വപ്‌നങ്ങൾ... ഉണർച്ചകൾ.... അദൃശ്യതയുടെ ദൃശ്യങ്ങൾ

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

Published on

spot_imgspot_img

ഡോ. രോഷ്‌നി സ്വപ്‌ന

ആത്മാവിന്റെ പരിഭാഷകള്‍ 8
(മൈക്കലാഞ്ചലോ അന്റോണിയോണി)

I am neither a
sociologist nor a politician..
All I can do is
imagine for myself what the future will be like

സിനിമ കൊണ്ടു കവിത മെനഞ്ഞ സംവിധായകനാണ് മൈക്കലാഞ്ചലോ അന്റോണിയോണി. 1960 ൽ പുറത്ത് വന്ന ലാ അവന്ടുറ എന്ന ഒരൊറ്റ സിനിമ കൊണ്ടു എന്റെ കാഴ്ചയെ ഭ്രമിപ്പിക്കുകയായിരുന്നു ഈ സംവിധായകൻ. വിഷയത്തോടുള്ള സംവിധായകന്റെ സമീപനം, കാഴ്ചക്കാരന്റെ പ്രതീക്ഷകളോടുള്ള ബോധപൂർവമായ അവഗണന, ഏതെങ്കിലും സ്റ്റാൻഡേർഡ് നിയമങ്ങൾക്കനുസൃതമായി സഞ്ചരിക്കാനുള്ള വിസമ്മതം. ചിത്രങ്ങളും അന്തരീക്ഷവും വികാരവും സിനിമയുടെ കാതലിൽ പ്രതിഷ്ഠിച്ചുകൊണ്ട്, നറേറ്റീവിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണ ആന്റണിയോണി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, “ആധുനികതയെയും അതിന്റെ അതൃപ്തിയെയും കുറിച്ചുള്ള” ട്രൈലോജി സിനിമകൾ അദ്ദേഹത്തിൽ നിന്ന് പുറത്ത് വന്നു.

1 L’Avventura (1960)
2 La Notte (1961)
3 L’Eclisse (1962)

അതുപോലെ ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളായ Blow- up (66), The Passanger (75) എന്നിവ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. മനുഷ്യർ തങ്ങളുടെ മാനസിക സമ്മർദ്ദം മൂലം വിഭ്രാന്തികളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഫാക്ടറികളുടെ പരുക്കൻ ഉടലുകളെപ്പോലും മനോഹരമാക്കാൻ കഴിയുന്ന വിധം ലോകത്തിന്റെ കവിതയെ വിവർത്തനം ചെയ്യുക എന്നതായിരുന്നു സ്വന്തം സിനിമകകളിലൂടെ താൻ ആഗ്രഹിച്ചത് എന്നദ്ദേഹം പറഞ്ഞു. ഫാക്ടറികളുടെ പുകക്കുഴലുകളും വളവുകളും അവയുടെ ചിമ്മിനികളും മരങ്ങളുടെ രൂപരേഖയേക്കാൾ മനോഹരമാണ്, അത് നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞു. ഇതൊരു സമ്പന്നമായ ലോകമാണ്, ജീവനുള്ളതും സേവനയോഗ്യവുമാണ് …”” എന്നദ്ദേഹം പറഞ്ഞു.

മോണിക്ക വിറ്റി എന്ന അഭിനേത്രിയുടെ പ്രതിഭ അന്റോണിയോണിയുടെ സിനിമകളിൽ ആയിരിക്കാം ഏറെ തിളങ്ങി നിന്നത്. അത് മുൻപൊരിക്കൽ ദേശാഭിമാനിയിൽ ലേഖനമായി എഴുതിയിട്ടുണ്ട്. മൈക്കലാഞ്ചലോ അന്റോണിയോണി സംവിധാനം ചെയ്ത നാലു ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളാണ് മോണിക്കയിലെ നടിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ലാ അവൻച്യുറ (La’vventura ), ലാ നോട്ടീ(La’Notte ), ലാ എക്‌ലീസ് (La’Eclise ), റെഡ് ഡസര്ട്ട് (Red Desert) എന്നീ ചലച്ചിത്രങ്ങളില്‍ അപൂർവ്വമായ ഒരുസംവേദന ഇടം അന്റോണിയോണിക്കും മോണിക്കക്കും ഇടയിൽ രൂപപ്പെട്ടു. തന്റെ സ്ത്രീ കഥാപാത്രങ്ങളുടെ അന്ത:സത്ത അദ്ദേഹം കണ്ടെത്തിയത് ഏറിയ കൂറും മോണിക്ക വിറ്റി എന്ന അഭിനേത്രിയുടെ ‘അവതരണശരീരത്തിൽ’ (performance body )ആയിരുന്നിരിക്കാം. ബാഹ്യ സൗന്ദര്യത്തേക്കാൾ ഉപരിയായി മോണിക്കയുടെ കഥാപാത്രരൂപീകരണരീതികളോട് അദ്ദേഹം കൂടുതൽ പൊരുത്തപ്പെട്ടിരുന്നിരിക്കാം. ദൃശ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട അന്റോണിയോണിയുടെ ചില നിലപാടുകളോട് ചേർന്ന് പോകുന്നതിൽ മോണിക്ക വിജയിച്ചു എന്നുള്ളതാവാം അതിനു കാരണം. അന്റോണിയോണിയുടെ അപൂർവ്വമായ ആഖ്യാന ഇടങ്ങളിൽ നിന്ന് കൊണ്ട് അദ്ദേഹത്തിന്റെ സ്ത്രീകളെ കണ്ടെടുക്കുക എളുപ്പമല്ല .സാധ്യമായ എല്ലാ ഇടങ്ങളിലും അവര്‍ തങ്ങളുടെ ഊർജ്ജം നിറക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ദൃശ്യാഖ്യാനങ്ങളിലെ സ്ത്രീയുടെ ഇടം എന്നത് തീർത്തും വിസ്ഫോടകാത്മകമാണ്. മോണിക്ക വിറ്റി എന്ന നടിയിലൂടെ സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ സാധ്യതകളെ വർദ്ധിപ്പിക്കുകയായിരുന്നു അദ്ദേഹം എന്നാണു വിമർശകമതം. അന്റോണിയോണി തന്നെ വളരെ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ബോർഡ്‌വെൽ വിശദീകരിക്കുന്നുണ്ട്. “മറ്റേതൊരു സംവിധായകനേക്കാളും, ഭാഷയിൽ നിന്നടർന്നതും (elliptical) വിശാലവുമായ ആഖ്യാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. “സിനിമകളുടെ സാരാംശങ്ങളുടെ തെരഞ്ഞെടുപ്പിൽ, അസാധാരണമായ സീക്വൻസുകളുടെ സംവിധായകനാണ് അദ്ദേഹം. കൂടാതെ, പ്ലോട്ടിംഗ്, കഥാപാത്രങ്ങൾ അല്ലെങ്കിൽ സംഭാഷണം എന്നിവ മറക്കാൻ കാഴ്ചക്കാരെ ഉപദേശിച്ചു. 1950 മുതൽ 2004 വരെയാണ് അന്റോണിയോണിയുടെ ചലച്ചിത്രകാലം. എല്ലാറ്റിലും കവിത കണ്ടെത്തിയ തീവ്രപ്രണയിയായ ഒരു സംവിധായകന്റെ സിനിമകൾ… അദ്ദേഹത്തിന്റെ അഭിനേതാക്കൾ….

1960-ലാണ് മൈക്കലാഞ്ജലോ അന്റോണിയോണി ലാ അവൻച്യുറ സംവിധാനംചെയ്തത്. ക്ലോഡിയ എന്ന പെൺകുട്ടിയായിട്ടാണ് മോണിക്ക വിറ്റി അഭിനയിച്ചത്. ഒരുവൾ കണ്ണാടിനോക്കുന്നു. കണ്ണുകളും മൂക്കും ചുണ്ടും വകഞ്ഞ്….അവൾ അവളെ സാകൂതം നിരീക്ഷിക്കുന്നു. ബെർഗ് മാന്റെ പേഴ്സണയിലും ഇത്തരത്തിൽ ഒരാഖ്യാനമുണ്ട്. ഈ രണ്ടു രംഗങ്ങളുംഎത്രയാവർത്തികണ്ടാലും എനിക്ക് പരസ്പരം പിണയും. ബർഗ്മാന്റെയും മൈക്കലാഞ്ചലോയുടെയും സംവിധാന ശൈലി തീർത്തും വ്യത്യസ്തമാണെങ്കിലും മോണിക്ക വിറ്റിയുടെയും ലീവ് ഉൾമാന്റെയും ബിബി ആൻഡേസന്റെയും അവതരണശരീരങ്ങൾ എന്റെ കാഴ്ചയുടെ അറ്റത്ത് വന്നുനിന്നത് ഒരുപോലെയായിരുന്നു.

യുദ്ധങ്ങളുടെ ഓർമ്മ, കലയുടെ ഉന്മാദം

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഓർത്തെടുക്കുമ്പോള്‍ സംഘർഷഭരിതമായ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മോണിക്ക വിറ്റി ഇങ്ങനെ പറയുന്നുണ്ട്

‘’ബോംബുകള്‍ വീണു കൊണ്ടേയിരുന്നു. പുനരധിവാസകേന്ദ്രത്തിലെ അടഞ്ഞ തകരഷീറ്റുകൾക്കുള്ളിൽ ,ചുറ്റും ഭയന്ന് വിറച്ചിരിക്കുന്ന ആളുകളെ ചിരിപ്പിക്കാന്‍ ഞാനും എന്റെ സഹോദരനും പല മട്ടിലുള്ള കളികള്‍ കളിച്ചു ….പക്ഷെ ….”

റോമിലെ മരിയ ലൂസിയ സെസിയറെലിയിലാണ് 1931 ൽ മോണിക്ക ജനിച്ചത്. യുദ്ധാനന്തരമുള്ള ക്യാമ്പുകളിലെ ജീവിതവും, വിരസവും അർത്ഥരഹിതമായ ബാല്യവും മോണിക്കയെ അന്തർമുഖയാക്കി. ഒട്ടൊക്കെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളിലേക്ക് മോണിക്ക പതിയെ നീങ്ങി. മോണിക്കക്ക് പതിനെട്ടു വയസുള്ളപ്പോള്‍ അച്ഛനമ്മമാരും രണ്ടു സഹോദരന്മാരും യു .എസിലേക്ക് താമസം മാറുകയും, നാഷണല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക്ക് ആർട്ടില്‍ പഠിക്കാനായി മോണിക്ക റോമിൽ തന്നെ താമസം തുടരുകയും ചെയ്തു. അച്ഛനമ്മമാരുടെ അഭാവം എന്നെ ഒരു നടിയാകുന്നതില്‍ സഹായിച്ചതെയുള്ളൂ എന്നവര്‍ പറയുന്നുണ്ട് . “ യു എസില്‍ നിന്ന് അവർ തിരിച്ചെത്തിയപ്പോൾ, ഞാന്‍ മോണിക്ക എന്ന പേരിലറിയപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു നടിയായി അവർക്ക് എന്നെ അംഗീകരിക്കേണ്ടി വന്നു. ‘’

കർക്കശക്കാരായ മാതാപിതാക്കള്‍ തന്നെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം സഹോദരന്മാർക്ക്‌ നല്കിയിരുന്നതിനെക്കുറിച്ചു മോണിക്ക ഓര്‍ക്കുന്നുണ്ട് .14 വയസിൽ തന്നെ തന്റെ ഉള്ളിലെ അഭിനേത്രിയെ മോണിക്ക തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആളുകളെ സന്തോഷിപ്പിക്കാനോ ചിരിപ്പിക്കാനോ തനിക്ക് സാധിക്കില്ല എന്ന് മോണിക്ക വിശ്വസിച്ചിരുന്നു. പക്ഷെ, സ്റ്റേജിൽ തനിക്ക് ഇതെല്ലം സാധ്യമാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.1953ലാണ് മോണിക്ക പഠനം പൂർത്തിയാക്കുന്നത്. 1954-ൽ തന്നെ അവർക്ക് ചില വേഷങ്ങൾ ലഭിച്ചു. എന്നാൽ, ഈ കാലയളവിൽ ഒരു സ്റ്റേജ്/ ടെലിവിഷൻ നടി എന്ന നിലയിലാണ് അവർ കൂടുതൽ അറിയപ്പെട്ടത്. 1957-ൽ അവർ അന്റോണിയോണിയെ കണ്ടുമുട്ടി.
1957 ൽ തന്നെ മൈക്കലാഞ്ജലോ അന്റോണിയോണിയുമായി ചേർന്നുള്ള ചലച്ചിത്രജീവിതം മോണിക്ക ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് സിനിമകൾ നിർമ്മിക്കാൻ പണം സ്വരൂപിക്കുന്നതിൽ അന്റോനിയോണിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. “L’Avventura” യുടെ വരവ് വരെ അദ്ദേഹത്തിന് തന്റെ പുതിയ താരത്തെയും ചലച്ചിത്രവുമായി ബന്ധപ്പെട്ട നിലപാടുകളെയും പുറത്തുപ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കലയുമായും സിനിമയുമായും ഇവര്‍ ഇരുവരും സൂക്ഷിച്ച പ്രതിബദ്ധത ഇവര്‍ ഒരുമിച്ചു ചെയ്ത നാല് ചലച്ചിത്രങ്ങളിലും ദൃശ്യമാണ്.

ലോകപ്രശസ്തരായ ക്ലാസ്സിക്‌ സംവിധായകർക്ക് തങ്ങളുടെ കഥാപാത്രങ്ങളോടും അഭിനേതാക്കളോടുമുള്ള ചില സമീപനങ്ങള്‍ പരിശോദിച്ചാൽ, ഓരോ സംവിധായകർക്കും പ്രിയപ്പെട്ട ചില അഭിനേതാക്കൾ അന്നും ഇന്നുമുണ്ട് എന്ന് കാണാം. നിശബ്ദയുഗത്തിന്റെ കാലത്ത് ഡി ഡബ്ല്യു ഗ്രിഫിത്തും ലില്ലിയന്‍ ഗിഷും
1930-കളുടെ തുടക്കത്തിൽ ജോസഫ് വോൺ സ്റ്റെൻബെർഗും മാർലിൻ ഡീട്രിച്ചും, ഫ്രഞ്ച് ന്യൂ വേവ് കാലത്ത് ജീൻ ലൂക്ക് ഗോദാർദും അന്നാകരിനയും,,..1960കളിൽ പെണ്ണുങ്ങൾ തന്നെ നിറഞ്ഞാടിയ ഒരുപറ്റം സിനിമകളും ഓർമ്മയിലുണ്ടാവുമല്ലോ ! ലൂയി ബുനുവലിന്റെ വിരിഡിയാനയിൽ, ബെർഗ്മാന്റെ ദി വേർജിൻ സ്പ്രിംഗിൽ ഗന്നാൽ ലിൻഡ്ബ്ലോമും ബ്രിജിത് വാൾ ബെർഗും, സ്ട്രോo വെദറിൽ മോനാമെയ്മയും ബ്രിജിത് ഗ്രോൺ വെയ്ടും, ത്രൂ എ ഗ്ലാസ്‌ ഡാർക്ക്ലിയിൽ ഹാരിയറ്റ് ആൻഡേർസണും, ലിവ് ഉൾമാനും, ഓൾ ദാറ്റ്‌ വിമനിൽ ബിബി ആൻഡേർസണും, ഇവ ദഹൽ ബക്കും, വൂഡി അലൻന്റെ ആനിഹാളിൽ ഡൈൻ ഹാൽ കീറ്റനും, ഡോണ്ട് ഡ്രിങ്ക് വാട്ടറിൽ എസ്റ്റല്ല പിയർസണും, ഹിച് കോക്കിന്റെ വിഖ്യാത സിനിമകളിലെ വേറാ മിൽസ്, ഗ്രേസ് കെല്ലി, ടിപ്പി ഹേർഡൻ, ജനറ്റ് ലൈ….. എന്നിങ്ങനെ അഭിനേത്രികളാൽ തിളങ്ങിയ എത്രയെത്ര സിനിമകൾ!

മോണിക്കയിലൂടെ കടന്നു പോയ അന്റോനിയോണിയുടെ സ്ത്രീകളെല്ലാം തീര്ത്തും സ്വതന്ത്രരാണ്.
അന്റോണിയോണിയുമായി ചേർന്ന് ആദ്യം ചെയ്ത സിനിമയായ ലാഅവൻച്യുറയിൽ അഭിനയിക്കുമ്പോൾ മോണിക്ക തുടക്കക്കാരി ആണ്. 1954 പുറത്തിറങ്ങിയ ലാഫ് ലാഫ് (laugh laugh) എന്ന എഡ്വേർഡോ ആൻഡൻ സ്ചിത്രമായിരുന്നു മോണിക്കയുടെതായി പുറത്തുവന്ന ആദ്യ ദൃശ്യാഖ്യാനം. 1955 ൽ അഡ്രിയാന കോവ്രർലും,1956 ൽ ലാഅഫെയറേ എന്ന ടെലിവിഷൻ സീരിസിലും1956 തന്നെ ഖ്വസ്തി റഗ്ഗാസി, ടണൽ എന്നീ സീരിസുകളിലും മോണിക്ക അഭിനയിച്ചിരുന്നു. 1958 മൗണ്ട് ഓറിയോൾ എന്ന സീരീസിൽ ഒറ്റ എപ്പിസോഡിൽ മോണിക്ക പ്രത്യക്ഷപ്പെട്ടു. 1958 ബിഗ് ഡീൽ ഓൺ മഡോണ സ്ട്രീറ്റിൽ റോസന്നാറോയ്ക്ക് ശബ്ദം കൊടുക്കുകയും ചെയ്തു. അന്റോണിയോണിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരു ചിത്രം കൂടിയാണ് ലാ അവന്ച്യുറ . ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിൽ അന്യവൽക്കരിക്കപ്പെട്ടുപോകുന്ന അന്ന എന്ന കഥാപാത്രം. അവളുടെ കൂട്ടുകാരിയായ ക്ലോഡിയ എന്ന കഥാപാത്രത്തെയാണ്‌ മോണിക്ക വിറ്റി അവതരിപ്പിച്ചത്. അന്ന പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. കാമുകൻ അടക്കമുള്ളവർ അന്നയെ തിരഞ്ഞു പോകുന്നുണ്ടെങ്കിലും അസാന്നിധ്യത്തിന്റെ സാന്നിധ്യം ഓരോ രംഗം കഴിയും തോറും കനപ്പെട്ടു വരുന്നു. അന്നയെ എല്ലാവരും പതിയെ പതിയെ മറക്കുന്നു. അന്നയുടെ കാമുകൻ ക്ലോഡിയയുമായി അന്നയുടെ അസാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുന്നു. പ്രണയമല്ലാതെ മറ്റൊന്നും അവരുടെ ഇടയിൽ സംഭവിക്കുന്നില്ല. മനുഷ്യജീവിതത്തിൽ ആധുനികതയുടെ വേഗം ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ വ്യക്തമായി സിനിമ പ്രതിഫലിപ്പിക്കുന്നു. മോണിക്കയുടെ സാന്നിധ്യം ഈ സിനിമയുടെ ഭാഷ രൂപപ്പെടുന്നതിൽ സാരമായി സ്വാധീനിക്കുന്നുണ്ട്. അന്നയുടെ അസാന്നിധ്യവും അവളെ വിസ്മരിക്കുന്ന സമൂഹവും പ്രണയവും അവളെ അപ്രത്യക്ഷമാക്കുന്ന ലോകവും ഈ സിനിമയുടെ പ്രധാന ഘടകങ്ങളാണ്. ആധുനികലോകം സമ്മാനിക്കുന്ന വിരസതയിൽ നിന്ന് പുറത്തുകടക്കാനുള്ള മനുഷ്യൻറെ ശ്രമങ്ങളിൽ ഒന്നായി തന്നെ പ്രണയവും പ്രണയ നിരാസവും മറവിയും ഓർമ്മയും കടന്നുവരുന്നു. ഇല്ലാത്ത സാന്നിധ്യം മറ്റൊരു പ്രധാന കഥാപാത്രമാണ് ഒറ്റപ്പെട്ട ദ്വീപും, പാറക്കൂട്ടങ്ങളും കാറ്റാടി മരങ്ങളും മോണിക്കയുടെ മുഖവുമാണ് ലാ വെൻ ച്യുറയുടെ കയ്യൊപ്പ്. അന്നക്ക് ശേഷവും ക്ലോഡിയയെ പ്രണയിക്കാൻ തയ്യാറാവുന്ന അന്നയുടെ കാമുകൻ.

കടൽക്കാറ്റ്

മനോവിശ്ലേഷണാപഗ്രഥനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചലച്ചിത്രം പഠിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. ദാമ്പത്യത്തിലെ പ്രണയ രാജ്യമാണ് ലാനോട്ടിയിലെ പ്രമേയം. അതിലുപരിയായി ഒരു സുഹൃത്തിനെ മരണവും അതേക്കുറിച്ചുള്ള ലിഡിയയുടെ ഓർമ്മയും. ലാ നോട്ടിയുടെ ഒടുക്കം വിശാലമായ ഒരു മൈതാനമാണ്. ഇറ്റാലിയൻ സിനിമയിൽ ദീർഘദൂരദൃശ്യങ്ങളുടെ തുടക്കം കുറിച്ച അന്റോണിയോണിയുടെ മറ്റൊരു സുന്ദരമായ ദൃശ്യം. കടലിൻറെ ശബ്ദം. ലിഡിയ മനസ്സുതുറക്കുന്നു. അവൾ ഒരു കത്ത് വായിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള ആഴമേറിയ കത്ത്.

അയാൾ ചോദിക്കുന്നു “ആരെഴുതിയതാണ്”

അവൾ പറയുന്നു

“ഇത് നിങ്ങൾ എഴുതിയതാണ്”

അയാൾക്കത് വിശ്വസിക്കാനാവുന്നില്ല. അയാൾ അവളെ ഭ്രാന്തമായി ചുംബിക്കുന്നു.

“എനിക്കിനിയും നിങ്ങളെ സ്നേഹിക്കാൻ ആവില്ല എന്നവൾ പറയുന്നുണ്ട്. പക്ഷേ അയാൾ അത് ഗൗനിക്കുന്നില്ല. കടലിരമ്പം കേൾക്കുന്ന ആ മണൽപ്പരപ്പിൽ വൃക്ഷങ്ങൾക്ക് നടുവിൽ അവർ ചുംബിക്കുന്ന വിദൂര ദൃശ്യത്തിൽ ചിത്രം അവസാനിക്കുന്നു. മനുഷ്യരുടെ ആന്തരികതയെ ആഴത്തിൽ പിൻതുടരുന്നു ഈ ചിത്രം. ലാ എക്ലിപ്പ്സിൽ ധനമോഹികളായ ഒരുവനും സാധുവായ ഒരു സ്ത്രീയുമാണ്. മറ്റ് രണ്ട് ചിത്രങ്ങളിലേതുപോലെ തന്നെ അന്യവൽക്കരണവും ഉപഭോഗസംസ്കാരവും കച്ചവടക്കാഴ്ചയുമെല്ലാം മനുഷ്യന് മൂടി കളയുന്നതിന്റെ സൂചനകൾ ധാരാളമായി ഈ സിനിമയിൽ ഉണ്ട്. ലാ നോട്ടിയിൽ മോണിക്ക, കടന്നുവരുന്നത് വാലന്റിന എന്ന സുന്ദരിയായാണ്‌ .

‘’ എപ്പോഴൊക്കെ ഞാൻ

എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുവോ .

അപ്പോൾ പ്രണയം അപ്രത്യക്ഷമാകുന്നു’’

എന്ന് മോണിക്കയുടെ കഥാപാത്രം പറയുന്നുണ്ട്.

പ്രണയം മനുഷ്യനെ ചുരുക്കിക്കളയുമെന്നും ചുറ്റും തെറ്റിദ്ധാരണകൾ തീർക്കുമെന്നും തനിക്കറിയാമെന്നും അവൾ വിശ്വസിക്കുന്നു. ലിഡിയയാണ് ലാ നോട്ടിയിലെ പ്രധാന കഥാപാത്രമെങ്കിലും നിലപാടുകളുള്ള കഥാപാത്രം മോണിക്കയുടേതാണ്. വാലന്റീന ചുഴലുകളുള്ള മനസ്സ് സൂക്ഷിക്കുന്ന ഒരുവളാണ്. ആന്തരിക സംഘർഷങ്ങൾ ഏറെയുള്ള ഈ കഥാപാത്രം മോണിക്കയുടെ കയ്യിൽ ഭദ്രമാണ്. പ്രണയത്തിന്റെയും പ്രലോഭനത്തിന്റെയും എല്ലാ അടരുകളും അവൾക്കു ചുറ്റുമുണ്ട്. മനസ്ഥയിര്യവും നിലപാടുകളും കൊണ്ട് ശ്രദ്ധയാകർഷിക്കും മോണിക്കയുടെ വലന്റീന. മെഡിറ്ററേനിയയിലെ തിളക്കുന്ന അഗ്നിപർവ്വതമുള്ള അപകടം പിടിച്ച ദ്വീപിലേക്ക് അന്നയോടൊപ്പം അന്നയുടെ കാമുകനും സുഹൃത്തുക്കളും ഒപ്പം പോയ ലാ അവൻച്യുറയിലെ ക്ലോഡിയയല്ല ല നോട്ടിയിലെ വലന്റീന. ലാ അവൻച്യുറയുടെ അവസാന ഭാഗത്ത് ക്ലോഡിയ അഗ്നിപർവതത്തിലേക്ക് നോക്കുന്നുണ്ട്. അവളുടെ കണ്ണുകൾ നാം കാണുന്നില്ല. പ്രണയമല്ലാതെ മറ്റെന്ത് ജീവിതത്തിൽ എന്ന തിരിച്ചറിവിനിടയിലുള്ള അഗ്നിപർവ്വതം പോലെ പുകയുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് അവൾ നോക്കുന്നത് നമുക്കറിയാം.

Press your ear to a tree and listen

after a while you’ll hear a sound.

Perhaps it comes from within us, I’d rather think it’s the tree.

Within that silence were strange noises that disturbed the soundscape around me.

I closed the window, but the noises persisted.

I thought I’d go crazy. I don’t want to hear useless sounds.

I want to pick them out throughout the day. Same with voices and words.

So many words I’d rather not hear, but you can’t escape them.

You must resign yourself to them

എന്നിങ്ങനെ കവിത പോലെയുള്ള സംഭാഷണങ്ങളാണ് അന്റോണിയോണി മോണിക്കക്ക് വേണ്ടി തയ്യാറാക്കിയത്. അന്റോണിയോണിയുടെ സ്ത്രീകൾക്കെല്ലാം വ്യവസ്ഥാപിത സ്ത്രീകഥാപാത്രങ്ങളിൽ നിന്ന് മാറിയുള്ള നിലപാടുകളുണ്ട്. അതിനിഗൂഢമായ അവയുടെ സഞ്ചാരപാതകളിൽ അവർ സ്വന്തം യുക്തിയും കാഴ്ചകളും മുറുകെപ്പിടിക്കുന്നു. ലാ നോട്ടിയിൽ ഒരു മരത്തിൻറെ തായ്ത്തടിയിലേക്ക് ചെവി ചേർത്തുവയ്ക്കാൻ വാലന്റീന താല്പര്യപ്പെടുന്നു. അപ്പോൾ കേൾക്കുന്നത് നമുക്കുള്ളിൽ നിന്നുതന്നെയുള്ള ശബ്ദങ്ങൾ ആയിരിക്കുമെന്ന് വിശ്വസിക്കുന്നുണ്ടവൾ. കുമ്പസാരവും ഏറ്റുപറച്ചിലും എന്നത് ഒരിക്കലും തൻറെ മാർഗ്ഗമല്ല എന്നാണ് അവളുടെ പക്ഷം. 1957 ല്‍ മൈക്കലാഞ്ജലോ അന്റോണിയോണി മോണിക്കയെ കണ്ടെത്തുന്ന കാലത്ത് തീവ്രയാതനയേറിയ പീഡിതമായ പരിതസ്ഥിതികളിലും ഫാസിസ്റ്റ് തീവ്രാനുഭവങ്ങളിലുമായിരുന്നു അന്റോണിയോണിയുടെ ആദ്യകാലജീവിതത്തിന്റെ ഓർമ്മ നിലനിന്നിരുന്നത്. ഇറ്റലിയിൽ അന്ന് നിലവിലുള്ള ചലച്ചിത്ര മാതൃകകളെയും, നിയോ റിയലിസ്റ്റിക് ആഖ്യാന മാതൃകകളെയും പുനർനിർണയിച്ചുകൊണ്ടാണ് അന്റോണിയോണി തൻറെ ചലച്ചിത്രഭാഷ കണ്ടെത്തിയത്. വിക്ടോറിയ ഡിസീക്ക, ഫെഡറിക്കോ ഫെല്ലിനി, പിയൻ പൗലോപസോളിനി എന്നിവർ തങ്ങളുടേതായ ചലച്ചിത്രവഴികൾ നിർമ്മിച്ചു കഴിഞ്ഞകാലത്താണ് സൗന്ദര്യാത്മകമായും കാവ്യാത്മകമായും തീർത്തും വ്യത്യസ്തമായ വൈയക്തിക്കാനുഭവങ്ങളെ കാഴ്ചയിലേക്ക്, കലയിലേക്ക് പുതുക്കിപ്പണിയുക എന്ന സ്ഫോടനാത്മകമായ രീതി ഇറ്റാലിയൻ സിനിമക്ക് അന്റോണിയോണി പരിചയപ്പെടുത്തുന്നത്. ആന്തരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന ആഴങ്ങളെ നേരിട്ട് പകർത്തുന്നതല്ല കല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അനുഭവങ്ങളെ കഴുകി, തേച്ചു മിനുക്കി, അനുഭവത്തിന്റെ മറ്റേതോ അടരുകളിൽ ചേർക്കുകയുo, മറ്റെന്തോ ഒന്നാകുകയും, മറ്റെവിടെയോ ചേർത്തുവയ്ക്കുകയും ചെയ്യുമ്പോൾ സംജാതമാകുന്ന അനിർവചനീയമായ അനുഭവത്തെ മനുഷ്യാവസ്ഥയുടെ പച്ചയായ കാഴ്ചയിലേക്ക് പരിവർത്തിപ്പിക്കപ്പെടുമ്പോൾ, ആ അനുഭവം സൃഷ്ടിക്കുന്ന ആഘാതങ്ങളെ ഒരു കലാകാരനെന്ന നിലയിൽ എങ്ങനെ മറികടക്കാമെന്നാണ് അന്റോണിയോണി തന്റെ ചലച്ചിത്രങ്ങളിലൂടെ നിരന്തരം അന്വേഷിച്ചത്. A director is a man, therefore he has ideas; he is also an artist, therefore he has imagination…എന്നാണദ്ദേഹം വിശ്വസിച്ചത് .

വൈകാരികതയുടെ അതിതീവ്രമായ ഉപയോഗമോ ,വാചാലതയോ ഇല്ലാതെ അന്റോണിയോണി മുന്നോട്ടു വച്ച ചലച്ചിത്രാഖ്യാനങ്ങളില്‍ അദ്ദേഹം സ്ത്രീജീവിതങ്ങളുടെ വ്യത്യസ്തമായ ചിത്രണം സാധ്യമാക്കുന്നു. പ്രണയവും രതിയും ഉന്മാദവും എല്ലാം കലർന്ന വൈയക്തിക ഇടങ്ങളില്‍ അദ്ദേഹം തന്റെ സ്ത്രീകളെ ഉറച്ച പ്രതിനിധാനങ്ങളായി തൊടുത്തു വച്ചു. ആധുനിക സാമൂഹിക ബന്ധങ്ങളില്‍ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ എത്തരത്തിലാണ് മനുഷ്യരെ ബാധിക്കുന്നത് എന്നദ്ദേഹം ആലോചിച്ചു. മോണിക്കയുടെ ക്ലോഡിയയും ,വലന്റീനയും ഗയുലിയാനയുമെല്ലാം തന്നെ കാഴ്ചയുടെ ഒരു ബദല്‍ ഇടമെന്ന തലത്തില്‍ നിന്നാണ് ദൃശ്യപ്പെടുന്നത് . ലാ എക്ളിപ്സെസിൽ സിനിമ സൂചിപ്പിക്കുന്നത് പോലെ, എല്ലാ സ്നേഹവും, തലച്ചോറിന്റെ സമ്മർദ്ദമോ തിടുക്കാമോ മാത്രമല്ല. സിനിമയുടെ അതിശയകരമായ അവസാന ഏഴ് മിനിറ്റുകളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന അപ്രതീക്ഷിതമായ ഒരുവിനാശം ആഖ്യാനത്തിന്റെ വഴിയെ വ്യത്യസ്തമാക്കുന്നു.

അന്റോണിയോണിയുടെ ചിത്രങ്ങളില്‍ മോണിക്ക വിറ്റിയുടെ അവതരണ ശരീരത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക രസകരമാണ്. ലാ അവന്ച്യു്റയിൽ മോണിക്ക പലതരത്തിലുള്ള വിഗ്ഗുകള്‍ ധരിക്കുന്നുണ്ട്. ലാ എക്ളിസേയില്‍ മോണിക്കയുടെ മുഖത്ത് കറുത്ത മാസ്ക് കടന്നു വരുന്നു. കഥാപാത്രത്തിന്റെ ആന്തരികതയിൽ വരുന്ന പ്രതിലോമതയെ ധ്വനിപ്പിക്കാനായിരിക്കാം സംവിധായകന്‍ അത്തരത്തില്‍ ഒരു രൂപം തെരഞ്ഞെടുത്തു കാണുക. അന്റോണിയോണിയുടെ സൗന്ദര്യ സങ്കല്പങ്ങളിൽ ഇത്തരം ചില അസാധാരണത്വങ്ങളും കാണാം. അന്റോണിയോനിയും മോണിക്ക വിറ്റിയും ചേർന്ന അവസാന ചിത്രമായ റെഡ് ഡെസേർട്ടിൽ ഒരു വാഹനാപകടത്തില്‍ പെട്ട് കൂടുതൽ നൈരാശ്യത്തിലേക്ക് പോകുന്ന , മന്ദഗതിയിലുള്ള ചലനങ്ങളുള്ള ഒരു സ്ത്രീയായാണ് അവര്‍ അഭിനയിക്കുന്നത്. അന്റോണിയോണിയുടെ ആദ്യ വർണ്ണ ചിത്രമായ റെഡ് ഡെസേർട്ട് വ്യാവസായികാനന്തര പാരിസ്ഥിതികാന്തരീക്ഷത്തില്‍ ഒരു പേടിസ്വപ്നം പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആ ഭൂമിയിലൂടെ വിറ്റിയുടെ കഥാപാത്രം ഒരു പ്രേതത്തെപ്പോലെ അലയുന്നു. റിച്ചാർഡ് ഹാരിസ് അവതരിപ്പിച്ച ഭർത്താവിന്റെ സഹപ്രവർത്തകന്റെ ശ്രദ്ധ അവൾ ആകർഷിക്കുന്നു. ലാ അവന്ച്യുറയിൽ കണ്ട ചില തീ ജ്വാലകൾ വീണ്ടും ജ്വലിക്കുന്നു, പക്ഷേ ആരും രക്ഷപ്പെടുന്നില്ല.

അന്റോണിയോണി ഒരിക്കൽ വിറ്റിയെക്കുറിച്ച് പറഞ്ഞു, “അവര്‍ തീർച്ചയായും എന്നെ പ്രചോദിപ്പിക്കുന്നു, കാരണം ഞാൻ അവരെ കാണാനും അവരെ വച്ച് സിനിമ സംവിധാനം ചെയ്യാനും ഇഷ്ടപ്പെടുന്നു. പക്ഷേ ഞാൻ അവര്ക്ക് നൽകുന്ന ഭാഗങ്ങൾ എന്റെ മാത്രം കയ്യൊപ്പല്ല. അതില്‍ അവര്‍ അവരുടെതായ സംഭാവനകള്‍ ചേർക്കുന്നുണ്ട്. മാത്രവുമല്ല മോണിക്കയുടെ സ്വന്തം സ്വഭാവത്തിൽ നിന്ന് വളരെ അകലെയാണ് ഞാന്‍ അവർക്കായി ഒരുക്കുന്ന കഥാപാത്രങ്ങള്‍”. അന്റോണിയോണി മോണിക്കക്കായി എഴുതിയ പ്രശ്‌നകരമായ കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്ന പ്രക്രിയ മോണിക്ക വളരെ ക്രിയാത്മകമായിട്ടായിരുന്നു ഏറ്റെടുത്തത്. മോണിക്കക്ക് കോമഡി അവതരിപ്പിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു, കൂടാതെ ഇറ്റലിയിൽ അന്റോണിയോണിയോടൊപ്പമുള്ള കാലത്ത് മോണിക്ക നിരവധി കോമഡി സിനിമകൾ ചെയ്തു. ഹൈ ഇൻഫിഡലി എന്ന ആന്തോളജിക്ക് വേണ്ടി നട്ടി നോട്ടി ചാറ്റോ (Nutty, Naughty Chateau), റോജര്‍ വാഡിം സംവിധാനം ചെയ്ത ഹോട്സി –ടോട്ട്സി(hotsy-totsy) എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

1960-കൾ എന്നത് ഇറ്റലിയെ സംബന്ധിച്ചിടത്തോളം തീർത്തും വന്യമായ ഒരു കാലമായിരുന്നു. യാതൊരു തരത്തിലുമുള്ള ബൗദ്ധികാടിസ്ഥാനവുമില്ലാത്ത, മെഗാകോർപ്പറേഷന്റെ അധീനതയില്ലാതെ, ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരു കോമിക് സിനിമ എങ്ങനെ നിർമ്മിക്കാൻ കഴിയും.?. 1963-ല്‍ എഴുതപ്പെടുകയും പിന്നീട് നോവലും ഗ്രാഫിക്സ് നോവലുമൊക്കെയായിത്തീർന്ന കോമിക് സ്ട്രിപ്പിനെ അടിസ്ഥാനമാക്കി ജോസെഫ് ലോസി 1966-ല്‍ മോഡസ്‌റ്റി ബ്ലെയ്‌സ് എന്നൊരു സംരംഭത്തിനായി ശ്രമിച്ചു. അന്നത്തെ ദി സെർവന്റ് ആർട്ട്‌ഹൗസ് ഫെയിം ആയിരുന്നു ജോസഫ്. അലഞ്ഞുതിരിയുന്ന അനാഥയായി മാറിയ മോഡസ്റ്റി എന്ന കഥാപാത്രത്തെയാണ് അതില്‍ മോണിക്ക വിറ്റി അവതരിപ്പിച്ചത്. മോഡസ്റ്റി ബ്ലെയ്‌സുമായി ‘അന്റോണിയോണിയുടെ മോണിക്ക’യ്ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. 70-കളുടെ അവസാനത്തിൽ നിരൂപകനായ മൈക്കൽ സിമെന്റിനോട് ജോസെഫ് ലോസി പറഞ്ഞു. “അന്റോണിയോണിയോട് യാതൊരു മത്സരത്തിനും ഞാൻ ഉദ്ദേശിക്കുന്നില്ല. ജോലിയുടെയും ലക്ഷ്യങ്ങളുടെയും കാര്യത്തിൽ എനിക്ക് ഏറ്റവും വലിയ ബഹുമാനം തോന്നിയ ഒരു വ്യക്തിയാണ് അദ്ദേഹം – എന്നാൽ സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ‘ഒരാളെ ഞാൻ ഭയപ്പെടുന്നുണ്ട്, അത് ഉണ്ടായിരിക്കണം’’
എന്നുമാണ്. ഏതൊക്കെ സംവിധായകരുടെ കഥാപാത്രങ്ങളെ മോണിക്ക അവതരിപ്പിച്ചിട്ടുണ്ട് എന്നതിനേക്കാള്‍ പ്രധാനം മോണിക്ക വിറ്റി എന്ന അഭിനേത്രിയെ രൂപപ്പെടുത്തിയത് അന്റോണിയോണി എന്ന സംവിധായകനാണ് എന്നതാണ് സത്യം ;;

“L’Avventura” എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോണിക്കയും അന്റോണിയോണിയും തമ്മിൽ പ്രണയബന്ധം ഉടലെടുക്കുകയും തുടർന്നുള്ള വർഷങ്ങളിൽ അത് കൂടുതൽ ശക്തമാവുകയും ചെയ്തു. ഒരു ഘട്ടത്തിൽ, അവരുടെ ബന്ധം പരക്കെ അറിയപ്പെടുന്നതിന് മുമ്പ്, റോമിലെ അന്റോണിയോണിയുടെ തൊട്ടുതാഴെയുള്ള ഒരു അപ്പാർട്ട്മെന്റിൽ മോണിക്ക വിറ്റി താമസിച്ചിരുന്നു. കൂടാതെ ഒരു കുഞ്ഞു വാതിലും പിരിയാന്‍ ഗോവണിപ്പടിയും സംവിധായകൻ സ്ഥാപിച്ചിരുന്നു. അങ്ങനെ അവർക്കിഷ്ടമുള്ളപ്പോഴെല്ലാം പുറത്തുനിന്നുള്ള ബന്ധം കൂടാതെ പരസ്പരം കാണാൻ കഴിയുമായിരുന്നു.

1967-ൽ അന്റോണിയോണിയുമായുള്ള ബന്ധം അവസാനിക്കുകയും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നത് നിർത്തുകയും ചെയ്ത ശേഷം, മോണിക്ക വിറ്റി തന്റെ കരിയർ മുഴുവൻ പുനർനിർമ്മിക്കാൻ തീരുമാനിച്ചു. അവര്‍ തന്റെ അഭിനയം ലൈറ്റ് കോമഡികളിലേക്ക് മാറി, അക്കാലത്ത് ഇറ്റലിയിൽ പുരുഷ താരങ്ങൾ ആധിപത്യം പുലർത്തിയിരുന്നു. ഇറ്റാലിയൻ പ്രേക്ഷകരും നിരൂപകരും ഒരു ഹാസ്യനടിയെന്ന നിലയിൽ അവളുടെ സ്വീകാര്യതയിൽ അതിശയം പ്രകടിപ്പിച്ചു. അത് അവളുടെ ഏറ്റവും വലിയ ഭാഗ്യവുമാണെന്ന് പലരും വിശ്വസിച്ചു.”കിൽ മി ക്വിക്ക്, ഐ ആം കോൾഡ്”, “ദ ഗേൾ വിത്ത് എ പിസ്റ്റൾ” തുടങ്ങിയ തലക്കെട്ടുകളുള്ള അവളുടെ കുറച്ച് സിനിമകൾക്ക് അന്താരാഷ്ട്ര പ്രേക്ഷകര്‍ ഉണ്ടായെങ്കിലും ഇറ്റലിയിലെ പ്രിയപ്പെട്ട താരമായിത്തന്നെ തുടരാന്‍ മോണിക്കക്ക് തുടർന്നും സാധിച്ചു. 1970-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പുറത്തിറങ്ങിയ “ദി പിസ്സ ട്രയാംഗിൾ” എന്ന പേരിൽ എറ്റോർ സ്കോളയുടെ “ഡ്രാമ ഡെല്ല ഗെലോസിയ” ആയിരുന്നു ഇതിനെല്ലാം ഒരു അപവാദമായി പുറത്ത് വന്നത്. 1974-ൽ, മോണിക്ക വിറ്റി മറ്റൊരു പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ ലൂയിസ് ബുനുവലിനൊപ്പം “ദി ഫാന്റം ഓഫ് ലിബർട്ടി” എന്ന ചിത്രത്തിൽ പ്രവർത്തിച്ചു, അവരുടെ അവസാനത്തെ മികച്ച ചിത്രമാണ് ഇത് എന്നായിരുന്നു നിരൂപക മതം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതൽ ഇറ്റാലിയൻ സിനിമയിൽ ആധിപത്യം പുലർത്തിയിരുന്ന നിയോറിയലിസം, 1950-കളുടെ അവസാനത്തിലും 60-കളുടെ തുടക്കത്തിലും പുതിയ സമീപനങ്ങളാൽ അസാധുവാക്കപ്പെട്ടു. “ലാ സ്ട്രാഡ”, “നൈറ്റ്‌സ് ഓഫ് കാബിരിയ” തുടങ്ങിയ അതിമനോഹരമായ ഒരു പരമ്പരയുടെ വശ്യശക്തിയിൽ ഫെഡറിക്കോ ഫെല്ലിനി ആഗോളതലത്തിലേക്ക് ഉയർത്തപ്പെട്ട സംവിധായകനായി മാറി .”ലാ അവൻച്യുറ” എന്ന ചിത്രത്തിലെ മോണിക്ക വിറ്റിയുടെ കഥാപാത്രം വന്നത് ഫെല്ലിനി തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായ “ലാ ഡോൾസ് വിറ്റ” അനാച്ഛാദനം ചെയ്ത അതേ സമയത്താണ്. രണ്ട് സിനിമകളും ആധുനിക ജീവിതത്തെക്കുറിച്ചുള്ള അശുഭാപ്തിവിശ്വാസം പങ്കിട്ടു. ഫെല്ലിനിയുടെ സിനിമ പ്രേക്ഷകരെ അതിന്റെ വശീകരണ സ്വഭാവത്താൽ ആശ്ലേഷിച്ചു, അതേസമയം അന്റോണിയോണിയുടേത് ഉന്മാദവും ഭ്രാന്തവുമായിരുന്നു. അതിന്റെ അവ്യക്തമായ ആഖ്യാന സ്വഭാവം, പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്ന ആക്ഷേപം വന്നു.

അന്റോണിയോണി ട്രൈലോജിയുടെ പശ്ചാത്തലത്തിൽ, മോണിക്ക വിറ്റി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ കൂടുതൽ ശ്രദ്ധേയയായ വ്യക്തികളിൽ ഒരാളായി മാറി. 1970-കളിൽ ലൈറ്റ് കോമഡികളിലേക്ക് മാറിയതിന് ശേഷവും അവരുടെ ജീവിതം യൂറോപ്പിൽ തന്നെ തുടർന്നു.1975-ൽ മറ്റൊരു ഇറ്റാലിയൻ ചലച്ചിത്രകാരനും , ക്യാമറാമാനും തിരക്കഥാകൃത്തും സംവിധായകനുമായ റോബർട്ടോ റൂസ്സോയുമായി അവൾ ബന്ധം സ്ഥാപിച്ചു. 1995-ൽ വിവാഹം കഴിക്കുന്നതിനുമുമ്പ് അവർ വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചു. 1979-ൽ, ഹോളിവുഡ് സംവിധായകൻ മൈക്കൽ റിച്ചി “ആൻ മോസ്റ്റ് പെർഫെക്റ്റ് അഫയർ” എന്ന ചിത്രത്തിനായി മോണിക്ക വിറ്റിയെ തെരഞ്ഞെടുത്തു. ഒരു വർഷത്തിനുശേഷം, ജീൻ കോക്റ്റോയുടെ ഒരു നാടകത്തെ അടിസ്ഥാനമാക്കിയുള്ള “ദി മിസ്റ്ററി ഓഫ് ഒബർവാൾഡ്” എന്ന ടെലിവിഷൻ സിനിമയിൽ അന്റോണിയോണിയോടൊപ്പം അവസാനമായി മോണിക്ക അഭിനയിച്ചു. ഒരു ഗാനത്തിന്റെ ചരണം എന്ന പോല്‍ ആ അവതരണം ഒരു ആന്റിക്ലൈമാക്സ് ആയിരുന്നു. ഭൂരിഭാഗം നിരൂപകരും ഏറെ പ്രശംസിച്ച ഒന്നായിരുന്നു അത്. 1980-കളിൽ മോണിക്ക വിറ്റി അഭ്രപാളിയില്‍ കുറച്ച് തവണ മാത്രമേ പ്രവർത്തിച്ചുള്ളൂ. കൂടുതലായി വേദികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അഭിനയവും പഠിപ്പിച്ചു. 1989-ൽ, “സീക്രട്ട് സ്‌കാൻഡൽ” എന്ന സിനിമയിലൂടെ അവര്‍ സംവിധാനം ചെയ്യാൻ ശ്രമിച്ചു. അതിന്റെ എഴുത്തും മോണിക്ക തന്നെയായിരുന്നു എലിയറ്റ് ഗൗൾഡിനൊപ്പം അഭിനയിക്കുകയും ചെയ്തു. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു എങ്കിലും , പക്ഷേ അത് ബോക്സോഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. അതോടെ മോണിക്കയുടെ ചലച്ചിത്രജീവിതം അവസാനിക്കുകയും ചെയ്തു.

പിന്നീട് വന്ന പത്ത് വർഷങ്ങള്‍ അവര്‍ ഇറ്റാലിയൻ ടെലിവിഷനില്‍ പ്രവർത്തിച്ചു. “L’Avventura” പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രശസ്തിയുടെ കൊടുമുടിയിൽ, മോണിക്ക ആ പ്രശസ്തി അന്റോണിയോണിക്ക് വിട്ടുകൊടുക്കുകയും , ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് മാധ്യമപ്രവർത്തകരോട് വിശദീകരിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്നയുടെ തിരോധാനത്തിന്റെ ദുരൂഹത പരിഹരിക്കാൻ അദ്ദേഹം ഒരു കാരണം സിനിമയില്‍ കൊടുക്കാതിരുന്നതെന്ത് എന്ന സംശയത്തിനുള്ള ഉത്തരം !. എന്നാൽ സിനിമയുടെ ന്യൂയോർക്ക് റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാൻഹട്ടനിൽ ന്യൂയോർക്ക് ടൈംസിന്റെ ഒരു അഭിമുഖത്തിൽ, വിറ്റി ചിത്രത്തെപ്പോലെ തന്നെ പ്രഹേളികമായ ഉത്തരം മാധ്യമങ്ങൾക്ക് നല്‍കി. “പ്രേക്ഷകർ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണിത്,” അവൾ വിശദീകരിച്ചു. “അത് പ്രധാനമല്ല. കാണാതാകുന്നതിന് മുമ്പ് അന്ന രണ്ട് പുസ്തകങ്ങൾ കൈവശം വെച്ചിരുന്നു എന്നതാണ് പ്രധാനം – ബൈബിളും എഫ്. സ്കോട്ട് ഫിറ്റ്‌സ്‌ജെറാൾഡിന്റെ ‘ടെൻഡർ ഈസ് ദ നൈറ്റ്.’ ഒരാൾ ധാർമ്മികതയെ കുറിച്ചുള്ള നമ്മുടെ ആശങ്കയെ സൂചിപ്പിക്കുന്നു; മറ്റൊന്ന് ഒരു സാഹിത്യ പരീക്ഷണമായിരുന്നു, പുസ്തകത്തിന്റെ പാതിവഴിയിൽ നായിക അപ്രത്യക്ഷയാകുകയും പകരം മറ്റൊരാള്‍ വരികയും ചെയ്യുന്നു. രണ്ട് പതിറ്റാണ്ടുകളോളം വിറ്റിക്ക് ഓർമ്മക്കുറവ് സംഭവിക്കുന്നുണ്ട്. ആയയായിരുന്ന അലൈൻ എൽകാനുമായുള്ള സംഭാഷണത്തിൽ നിന്ന് വിറ്റിയുടെ അവസാന വാക്ക് ഇങ്ങനെയായിരുന്നു. “സ്നേഹം എന്നത് എന്നെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. അതില്ലാതെ എനിക്ക് ജീവിക്കാൻ കഴിഞ്ഞില്ല. രക്തത്തിലും ഹോർമോണുകളിലും ഉള്ള ശാരീരികവും മാനസികവുമായ അവസ്ഥയാണ് പ്രണയം. പ്രണയം എന്തെന്ന് അറിയാത്തവരും സ്നേഹിക്കാൻ കഴിയാത്തവരുമുണ്ട്. അത് ആസ്വദിക്കുന്നവരും ആസ്വദിക്കുന്നവരുണ്ട്’. എനിക്കത് വേണം. പ്രണയത്തിനു വേണ്ടി ഉണ്മാദിയാണ് ഞാന്‍ ‘’

2022 ഫെബ്രുവരി രണ്ടാം തീയതി തന്റെ തൊണ്ണൂറാം വയസ്സിൽ മോണിക്ക വിറ്റി എന്ന അഭിനയ തീക്ഷ്ണത അണഞ്ഞു. അവരുടെ തന്നെ വാക്കുകളില്‍

‘’I dreamed I was in bed and the bed was moving

I looked down and it was on quicksand

It was sinking deeper and deeper


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...