കവിത
ശ്യാം പ്രസാദ്
നിന്റെ
മുലകൾക്ക് ചുറ്റും
മഞ്ഞ ചിത്രശലഭങ്ങൾ
വട്ടമിട്ടുപറക്കുകയും
നിന്നെ ഞാൻ
ചുംബിക്കുകയും,
അത് വിയർപ്പ്
പൊടിഞ്ഞു തുടങ്ങിയ
മുലകളിലേക്കെത്തും മുൻപ്
ചിത്രശലഭങ്ങൾ
അപ്രത്യക്ഷമാവുകയും ചെയ്ത
അപൂർണമായൊരു
സ്വപ്നത്തിന്റെ
അവശേഷിപ്പിലാണ്,
മറവിയിലും
പ്രേമമെന്നൊരോർമ്മയെ പറ്റി
ഞാൻ വീണ്ടുമെഴുതുന്നത്!
മെട്രോ ടിക്കറ്റുകൾക്ക്
പിറകിലും,
നോട്ടീസുകളിലും
കവിതകളെഴുതിയിരുന്ന
നിനക്ക്
സോഫിയ ലോറന്റെ
മുഖച്ഛായ.
പക്ഷേ,
ഞാൻ നിന്നെ
മൗറിഷിയോ ബാബിലോണിയ*യെന്ന്
വിളിക്കുന്നു.
നിന്റെ വിയർപ്പിന്
നമ്മളു-
പയോഗിച്ചിരുന്ന
അലോവെര
സാനിറ്റൈസറുകളുടെ മണം.
എനിക്ക്,
മുടി നീട്ടി
വളർത്തിയ രൂപം.
നീയന്ന്
വാടിയ പൂക്കൾ
മുടിയിൽ ചൂടുമായിരുന്നു.
നമ്മുടെ
ബാൽക്കണിയിലെ
ബോഗൻവില്ലയും
മഞ്ഞജമന്തിയും
പത്തുമണിപൂക്കളും
ഒരു പൂക്കാലത്തിന്റെ
ഓർമ്മ അവശേഷിപ്പിച്ചിരുന്നു.
നിന്നിൽ
ജമന്തിയുടെ
മണം പരക്കുന്ന
(നമ്മൾ ഇണ ചേരുന്ന)
രാത്രികളിൽ,
മഞ്ഞ ചിത്രശലഭങ്ങൾ
നിന്റെ ഉടലാകെ
പൊതിയുന്നു.
എന്നാൽ
എപ്പോഴും,
നമ്മളിണചേരാതെയാ
സ്വപ്നമവസാനിക്കുന്നു.
അരണ്ട
നിയോൺ വെളിച്ചമുള്ള
എന്റെ മുറിയിൽ
ഡലാസ് ബയേഴ്സ് ക്ലബിലെ**
രംഗത്തെ
ഓർമ്മിപ്പിക്കും വിധം
നിറയെ
മഞ്ഞ ചിത്രശലഭങ്ങൾ
വട്ടമിട്ടുപറക്കുന്നു.
നമ്മൾ
അപരിചിതരായ
രണ്ടു പേർ.
നീയൊരു
ഡിസംബർ
രാത്രിയുടെ
ഓർമ്മ.
ഒരു സ്വപ്നത്തിന്റെ
(പ്രണയകാലത്തിന്റെ)
അവശേഷിപ്പ്!
*മൗറീഷിയോ ബാബിലോണിയ- One Hundred years of solitude ലെ കഥാപാത്രം.
**Dallas Buyers Club – 2013 ലെ അമേരിക്കൻ സിനിമ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല