കഥ
ശ്രീശോഭ്
എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.
പാലക്കാട് – തൃശ്ശൂർ ജില്ലകളുടെ തമിഴ്നാട് ബോർഡറിലാണ് തൊമ്മാനംപതി പഞ്ചായത്ത്. അവിടെ കാട്ടിൽ മറഞ്ഞിരിക്കുന്ന പുള്ളയാർമൊഴിയിലെ മിത്തപ്പന്റെ ക്ഷേത്രവും അതിന്റെ കാവലാളുകളായ കന്യാർകുടിയിലെ മലയൻ കോളനിക്കാരുമായിരുന്നു യാത്രികരുടെ ലക്ഷ്യം. ആദ്യം കോളനിയിലെത്തണം, പിന്നെ ഊരുവിലക്കിൽ ഏകാന്തവാസത്തിലായ മധുസൂദനനെ കണ്ടുപിടിക്കണം.
ഒരേ മട്ടിൽ കണ്ടം തുണ്ടം ചിതറിക്കിടന്ന കോൺക്രീറ്റ് വീടുകളിലൊന്നിലായിരുന്നു മധുസൂദനന്റെ താമസം. ഫയർലൈൻ തട്ടി കരിഞ്ഞ മുളയിലകൾ വരണ്ടിക്കൂട്ടി നിന്ന ആദ്യത്തെ മനുഷ്യൻ തന്നെ മധുവിന്റെ കുടി കാട്ടിത്തന്നു. കോളനിയെ ചുഴന്നുനിന്ന ചീഞ്ഞ മീൻവാടയുള്ള തണുത്ത കാറ്റ്, മണികണ്ഠശർമയ്ക്ക് വല്ലാതെ മനംപുരട്ടുന്നുണ്ടായിരുന്നു. കാടും മലയും വെട്ടിപ്പിടിച്ച പാരമ്പര്യത്തിന്റെ ജൈവസവിശേഷതയാണത്രെ ജോജോയെ എതിർമണങ്ങളും അലർജികളും അങ്ങനെ അലോസരപ്പെടുത്തുേന്ന പതിവില്ല.
തൊമ്മാനംപതിയിൽ ബസ്സിറങ്ങുന്നിടത്തു നിന്നുതന്നെയാണ് കന്യാർകുടിയിലേക്കുള്ള വഴി തുടങ്ങുന്നത്. നനഞ്ഞ ടാറിട്ട റോഡിൽ നിന്ന് കൂറ്റൻ ചീനിമരങ്ങൾക്കിടയിലൂടെ കുത്തനെ കാടുകയറണമെന്നായിരുന്നു മെമ്പർ ഹംസയുടെ നിർദേശം. പതഞ്ഞൊഴുകുന്ന പാഞ്ചാലി പുഴയുടെ അരികിലൂടെ മേലോട്ടായിരുന്നു നടത്തം.
കന്യാർകുടിയിൽ മധുസൂദനൻ……? സന്ദർശകരുടെ സംശയം വാതിൽ തുറന്നയാളെ കണ്ടതോടെ മാറി. ടിപ്പിക്കൽ ആദിവാസി യുവാവ്. വൃത്തിയുള്ള ശരീരപ്രകൃതം, വെടിപ്പായ വസ്ത്രധാരണം. പഠിച്ചയാളെന്നുറപ്പ്.
നാഗരികന്റെ അസഹിഷ്ണുത നിറഞ്ഞ നോട്ടവും സംശയപ്രകൃതവും മധുസൂദനൻ ആദ്യമായല്ല കാണുന്നത്. കയറിയിരിക്കാൻ പറഞ്ഞില്ല, പകരം സന്ദർശകരോടൊപ്പം പുറത്തേക്കിറങ്ങി.
ഈറ്റക്കാട് വകഞ്ഞുള്ള നടത്തത്തിനിടെ മുളയിലയുടെ അലകുരഞ്ഞ് അവർക്ക് ദേഹമാകെ നീറുന്നുണ്ടായിരുന്നു.
“അട്ട പിടിച്ചിരിക്കുന്നു ജോജപ്പാ..” മണികണ്ഠശർമയാണ് പറഞ്ഞത്. ജോജോയുടെ കാൽമടമ്പിൽ കാട്ടുവഴിയിലെവിടെയോ നിന്ന് കടിച്ചു തൂങ്ങിയ അട്ടയെ അയാൾ അറപ്പോടെ നോക്കി.
മധുസൂദനൻ മറ്റൊന്നും പറയാതെ മടിക്കുത്തിൽ നിന്നൊരു കഷണം പുകയില വായിലിട്ടു ചവച്ചു. പിന്നെ ജോജോയുടെ കാലിലേക്ക് ഉമിനീരൊറ്റിച്ചു, പൊകലച്ചാറ് തട്ടി, ഞെട്ടി കടിവിട്ടുചാടിയ കറുമ്പൻഅട്ട കോളനി മുറ്റത്തു കിടന്ന് പുളഞ്ഞു.
“നിങ്ങ വിചാരിക്കുമ്പോലല്ല കന്യാർകുടി, മധുവിന് കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. കണ്ടോ… ഫോർ ജി കവറേജുണ്ട്, പക്ഷേ ഇവിടെയൊരാളും മൊബൈൽ ഉപയോഗിക്കുന്നില്ല, സോളാർ പാനലും ഡിഷ് ആന്റിനയുമൊക്കെ പഞ്ചായത്ത് വെച്ചതാണ്, എന്നാൽ ടെറസ്സുവീടിന്റെ നടുത്തളത്തിൽ തീ കായാതെ കന്യാർകുടിയിലൊരാളും ഉറങ്ങില്ല.
“അപ്പോ, നമ്മുടെ ജോലി എളുപ്പമാവും ല്ലേ….?” മണികണ്ഠശർമ അർത്ഥഗർഭമായി ചിരിച്ചു.
“ശർമാജി വിചാരിക്കും പോലെയല്ല… ജോജോ പറഞ്ഞു. കൈമാറ്റം ചെയ്യാൻ പാടില്ലാത്ത എൽ.എ. പട്ടയമാണ് കോളനിക്കാർക്ക് മുഴുവൻ. താമസിക്കാനും കൃഷി ചെയ്യാനും മാത്രമേ പറ്റൂ…”
“കോളനിക്കാരെ ഒഴിവാക്കി ഒരു ബിസിനസും നടക്കില്ല സാറമ്മാരേ..” മധു പറഞ്ഞു.
കന്യാർകുടി ഒരു പ്രത്യേക സ്ഥലമാണെന്ന് ജോജോ പറയാറുണ്ട്. സ്ഥലമല്ല ലോകം…! ശർമ്മ സ്വയം തിരുത്തി. സിദ്ധൻപോക്കറ്റിൽ ഡാം പണിയാൻ തീരുമാനിച്ചപ്പോഴാണ് ക്യാച്ച്മെന്റ് ഏരിയയിൽ താമസിച്ചിരുന്ന കന്യാർകുടിക്കാരെപ്പറ്റി പുറംലോകമറിയുന്നത്. ഡാമിന്റെ സ്ഥലം അക്വയർ ചെയ്തപ്പോൾ കന്യാർകുടിക്കാർ പിന്നെയും ആയിരമടി മുകളിലേക്ക് കാടുകയറി പൊകലപ്പാറയിലേക്കു ചേക്കേറുകയാണ് ചെയ്തത്.
അമ്പതുകൊല്ലം കഴിഞ്ഞു, ഡാം വന്നതിനൊപ്പം സിദ്ധൻപോക്കറ്റിലെ കന്യാർകുടിക്കാർ പൊകലപ്പാറയിലെ കന്യാർകുടിക്കാരായി. “സിദ്ധൻപോക്കറ്റിലെ വെള്ളച്ചാട്ടവും പരിസരവും ഇപ്പോൾ കണ്ടാൽ തിരിച്ചറിയില്ല..” മധുസൂദനൻ പറഞ്ഞു. താഴെയുള്ള പുള്ളയാർമൊഴി കോവിൽ മാത്രം ഇപ്പോഴും പഴയപടി തുടരുന്നു.
“നിങ്ങക്ക് നഷ്ടപരിഹാരമൊക്കെ തന്നില്ലേ…?” ശർമാജി ചോദിച്ചു.
“മുപ്പത് കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി, അമ്പലം പണിയാനും ഗ്രൗണ്ടിനും ഒരേക്കർ വേറെ, കരാറൊക്കെയുണ്ടായിരുന്നു, ഭാഗ്യത്തിന് കോളനിയിൽ ഓരോ വീട് പണിതു തന്നു…” മധു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
കന്യാർകുടിയിലെ ആദ്യത്തെ പത്താം ക്ലാസ്സുകാരനായിരുന്നു മധു. മധുസൂദനൻ എന്ന മലയൻ യുവാവ്. ഇപ്പോൾ പഞ്ചായത്തിന്റെ എസ്.ടി. പ്രൊമോട്ടർ.
ചരിത്രവും സംസ്കാരവും പഠിച്ചതിന്റെ തുടർച്ചയെന്നോണം മധുസൂദനൻ കന്യാർകുടിക്ക് പുറത്തായി. പുള്ളയാർമൊഴിയിലെ കോവിൽ ജൈനക്ഷേത്രമാണെന്നും കോവിലിനടുത്തുള്ള മുനിയറകൾ ജൈന സന്യാസിമാരുടെതായിരുന്നുവെന്നും മധു പറഞ്ഞത് ഏതോ പത്രത്തിൽ വന്നു. ചാനലിലും വന്നു, മെമ്പർ ഹംസ സംഗതി മൂപ്പന്റെ ചെവിയിലെത്തിച്ചു. കന്യാർകുടിക്കാർക്ക് വിശ്വസിക്കാൻ തോന്നിയില്ല.
മലയൻ മരുതന്റെ മോൻ പള്ളിക്കൂടത്തി പോയത് ‘പെരിയ തപ്പാ’യിപ്പോയെന്ന് മരുതൻ പോലും സമ്മതിച്ചു. കുഞ്ചൻ നാരായൻ മൂപ്പൻ മുറംകുലുക്കി പാടി മലങ്കുറത്തിയെ ആവാഹിച്ചു വരുത്തിയിട്ടും മധുവിന്റെ ദീനം ഭേദമായില്ല.
ഇലക്ട്രിസിറ്റിക്കാര് കറണ്ട് എത്തിച്ചതിനൊപ്പം പണിതിട്ട സിമന്റ് തറയിൽ നീണ്ടു നിവർന്നുനിന്ന മൂപ്പൻ കനലെരിയുന്ന നെടുങ്കൻ മൺചട്ടി തുണികൂട്ടിയെടുത്തു. കനത്ത കൈത്തണ്ടയിലൂടെ ചുട്ടുപഴുത്ത ലാവപോലെ വിയർപ്പ് ചാലിട്ടിറങ്ങിക്കൊണ്ടിരുന്നു.
“ന്റെ മിത്തപ്പാ…” തീയാളുന്ന മൺചട്ടി തലയ്ക്കു മേലെ ഉയർത്തിക്കാട്ടി മൂപ്പൻ കുരലുറഞ്ഞു വിളിച്ചു. അതേസമയം കന്യാർകുടിയെ ചുറ്റി അന്തമില്ലാതെ നിന്ന കനത്തകാനനം മൂപ്പന്റെ ശബ്ദത്തിന് മറുവിളിയുയർത്തി. കാടും മലയും കടന്ന് ആകാശത്തേക്കുയരുന്ന ആർത്തനാദങ്ങൾകേട്ട കന്യാർകുടിക്കാർ കുഞ്ചൻ മൂപ്പനെ അദ്ഭുതാദരങ്ങളോടെ നോക്കി.
പക്ഷേ, മരുതന്റെ മകൻ മധു മാത്രം താഴെ ഇരുൾമൂടിക്കിടന്ന കാട്ടുവഴികൾ ചൂണ്ടി “ആളോളാണ്…” എന്നു പറഞ്ഞു. കാട്ടുദൈവങ്ങളുടെ വിളയാട്ടത്തെ മനുഷ്യനിർമിതമെന്ന് പറഞ്ഞുവെക്കാൻ ദീനബാധയേറ്റ മനസ്സിനേ സാധിക്കൂ എന്ന് കന്യാർകുടിക്കാർ ഉറച്ചുവിശ്വസിച്ചു.
അക്കൊല്ലം മുതൽ മധുസൂദനൻ കോളനിക്കു പുറത്തായി. കന്യാർകുടിയിലെ കോൺക്രീറ്റ് വീടുകളിൽ നിന്നുമാറി ഒറ്റമുറി പാഡിയിലായി അവന്റെ ജീവിതം. “ചൊവ്വായിരുന്നെങ്കി അട്ത്ത മൂപ്പനാവണ്ട മലയനാ…”ണെന്ന് കോളനിക്കാർ മധുവിനെ നോക്കി പരിതപിച്ചു.
ഊരിനു വേണ്ടാത്ത മധുവിനെ നാടിനു വേണ്ടിയിരുന്നു. പോലീസും പഞ്ചായത്തും രാഷ്ട്രീയക്കാരും മധുവിനെ തേടിയെത്തി. പുറംലോകത്തിനന്യമായ കാടിന്റെ ഉള്ളറകളിലേക്കുള്ള അവരുടെ താക്കോലായിരുന്നു മധു. ഫോറസ്റ്റുകാരും എക്സൈസുമാണ് അവനെ ഏറ്റവുമധികം ഉപയോഗിച്ചത്. പലപ്പോഴും അവൻ തെളിച്ച വഴികളിലൂടെ നടന്നു കയറിയവർക്ക് മെഡലുകളും ഗുഡ് സർവീസ് എൻട്രികളും ലഭിച്ചു. കഞ്ചാവ് കൃഷിക്കാർക്കും മരം മുറിച്ച് കടത്തുന്നവർക്കും മധുസൂദനൻ വലിയ തൊല്ലയായി.
കന്യാർകുടി കോവിലിന്റെ പ്രത്യേകതകളെക്കുറിച്ചും വികസനത്തിനായി സർക്കാർ പ്രൊപ്പോസലായിട്ടുള്ള കാര്യവും മണികണ്ഠശർമയെ അറിയിച്ചത് സുഹൃത്ത് ജോജോ ഫ്രാൻസിസാണ്. സ്ത്രീകളെ കാണാതെ വനാന്തരത്തിൽ കഴിയുന്ന പുള്ളയാർമൊഴിയിലെ മിത്തപ്പൻ. കന്യാർകുടിക്ക് ആ പേരുവന്നതുതന്നെ മിത്തപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ്. കന്യാർ എന്നാൽ കന്യകയുടെ പുലിംഗമാണെന്ന് ശർമാജി അനുമാനിച്ചു.
വർഷത്തിൽ നാലുദിവസം ചമ്പലക്കാട്ടമ്മ കാടിറങ്ങി സ്വന്തം നാട്ടുകാരെ കാണും. ആ ദിവസങ്ങളിൽ മിത്തപ്പൻ ആണിനും പെണ്ണിനും ദർശനം കൊടുക്കും. ആദ്യദിവസമാണ് മിത്തപ്പത്തറയിൽ വിളക്കുതെളിയുന്നത്. പിന്നെ, കാട്ടിലും നാട്ടിലും ആഘോഷമാണ്.
പൊതുമരാമത്ത്, റെവന്യു, വനം വകുപ്പുകളിൽ കടലാസുകൾ നീങ്ങി തുടങ്ങിയപ്പോൾതന്നെ തലസ്ഥാനത്തെ പി.ആർ. ഏജൻസിയുടെ ദൂതനായി ജോജോ ശർമാജിയെ വിളിച്ചു. ദുബായ് ബേസ്ഡ് വ്യാപാര ഭീമന്റെ ഇടനിലക്കാരനായിരുന്നു മണികണ്ഠശർമ. പാലക്കാടൻ പട്ടർ.
പുള്ളയാർമൊഴിക്കപ്പുറം മനുഷ്യനെത്താത്ത കൊടുംകാടിനകത്തെ കന്യാർകുടിയിലെ ക്ഷേത്രം വികസിക്കുമ്പോഴുണ്ടാകുന്ന വ്യവസായ സാധ്യതയെക്കുറിച്ചാണ് ജോജോ പറഞ്ഞത്. ”പിൽഗ്രിം ടൂറിസം എന്ന നിലയിൽ കാര്യങ്ങൾ കാണുന്ന കാലമൊക്കെ കഴിഞ്ഞെ”-ന്ന് ശർമാജി സമ്മതിച്ചു. ഇനി തീർത്ഥാടനത്തെ വ്യാവസായികമായി തന്നെ ഉപയോഗിക്കണം. അതിന് കന്യാർകുടിയ്ക്കു ചുറ്റുമുള്ള വനം വകുപ്പിന്റെ സ്ഥലം എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു അവരുടെ ചിന്ത.
അങ്ങനെ സംരക്ഷിത വനമേഖലയിലെ കന്യാർകുടിയെ ചുറ്റിപ്പറ്റി വികസന ആശയങ്ങൾ പഞ്ചായത്ത് – വില്ലേജ് തലംവരെ എത്തി. തൊമ്മാനംപതി പഞ്ചായത്തിലെ 21-ാം വാർഡ് പരിധിയിൽ തമിഴ്നാട് അതിർത്തിയിൽപ്പെട്ട പ്രദേശമായിരുന്നു പൊകലപ്പാറയും അവിടുത്തെ കന്യാർകുടി കോളനിയും.
വാർഡ് മെമ്പർ ഹംസ തന്നെ കോളനിയിൽ വന്നത് ഇലക്ഷൻ പ്രചാരണ സമയത്ത് മൂപ്പനെ കാണാനാണ്. പിന്നെയെല്ലാം മധുവിനെ വെച്ചായിരുന്നു നടത്തിപ്പ്. മേലേ നിന്ന് കാശുകൊടുത്തു കൊടുത്ത് മെമ്പർ ഹംസയിലും വില്ലേജ് ഓഫീസർ വിദ്യാധരനിലുമെത്തിയപ്പോൾ പിന്നെ പൊതുസഹായിയെന്ന നിലയിലാണ് മധുസൂദനൻ ചിത്രത്തിലെത്തുന്നത്.
“അവനും കൊടുക്കാം എന്തേലും…” ജോജോ പറയുമ്പോൾ, ഇതിനിയും തീർന്നില്ലേ എന്ന ഭാവത്തോടെ ശർമാജി നിന്നു.
“മധു കാശു വാങ്ങുംന്ന് തോന്നുന്നില്ല..” ഹംസ മെമ്പറിന് അവനെക്കുറിച്ച് നല്ല ധാരണയുണ്ട്. പക്ഷേ, ടാറിട്ട റോഡ്, സ്ട്രീറ്റ് ലൈറ്റ്, വൈദ്യുതി വേലിയെന്നൊക്കെ പറഞ്ഞാൽ ചെലപ്പോ ലൈനിലായി കിട്ടും…”
“എന്നാ അത് പ്രയോഗിക്കാം…” ജോജോക്ക് സംശയമില്ല. അവസാനം പ്രൈമറി ഹെൽത്ത് സെന്ററിന് സ്ഥലമെന്ന ഉറപ്പിൽ മധു കൂടെ നിക്കാമെന്നേറ്റു. റോഡ് ടാറിട്ടാൽ കാടുകയറിയെത്തുന്ന ഭക്തൻമാർക്ക് വലിയ ആശ്വാസമാവും. ഹെൽത്ത് സെന്റർ വന്നാൽ തൊഴാൻ വരുന്നവർക്കും കാട്ടിലുള്ളവർക്കും പിന്നെ പേടിക്കാനേയില്ലല്ലോ.. എന്നായിരുന്നു മധുവിന്റെ ചിന്ത.
കന്യാർകുടിയിലെ മലയൻ കുടുംബത്തിന്റെ കൺകണ്ട ദൈവത്താനായിരുന്നു മിത്തപ്പൻ. ചമ്പലക്കാട്ടമ്മ ആദിവാസികൾക്ക് ഏഴു രൂപത്തിൽ ദർശനം നൽകിയ സിദ്ധൻപോക്കറ്റിലെ മൂലത്തറയ്ക്കു സമീപത്തു തന്നെയായിരുന്നു മിത്തപ്പൻ കല്ല് നീണ്ടു നിവർന്നു കിടന്നിരുന്നത്. കാടുകയറിയ മലയർ മിത്തപ്പൻകല്ല് പൊകലപ്പാറയ്ക്ക് ഏറ്റിക്കൊണ്ടു പോയി. പക്ഷേ, സിദ്ധൻപോക്കറ്റിലെ മൂലത്തറ അവർക്ക് ജീവനും ജീവന്റെ ഉറവിടവുമൊക്കെയായി നിലനിന്നു.
മൂപ്പന്റെ വിളക്ക് തെളിഞ്ഞാലാണ് പുള്ളയാർ കോവിലിൽ ആഘോഷം തുടങ്ങുന്നത്. ‘മാർഗഴിയിൽ മല്ലിക പൂത്താൽ…’ മണികണ്ഠശർമ ചുണ്ടിനു കീഴെ പാടിക്കൊണ്ടിരുന്നു. പൂജാ സാധനങ്ങളും ചമ്പലക്കാട്ടമ്മയുടെ കോലവും മേളവുമായി നാട്ടുകാർ സിദ്ധൻപോക്കറ്റിലെ മൂലത്തറയിലേക്ക് നടന്നു കയറും. പാഞ്ചാലി പുഴയിൽ ആറാട്ടു കഴിഞ്ഞാൽ പിന്നെ നാലുനാൾ സിദ്ധൻപോക്കറ്റിലും പൊകലപ്പാറയിലും ആഘോഷമാണ്.
കുടിച്ച് കുന്നം മറിഞ്ഞ് കാട്ടുവഴികളിൽ കാടരും നാട്ടുകാരും പുളച്ചുല്ലസിക്കും. ചമ്പലക്കാട്ടമ്മ കാണാതെ മിത്തപ്പനെ കൊട്ടി വിളിച്ചുണർത്തി തൊഴുതുപാടി ചോദിച്ചാൽ സകല സൗഭാഗ്യവും കൈവരുമെന്നാണ് മലയരുടെ വിശ്വാസം.
കാലാന്തരേണ പുള്ളയാർമൊഴി കോവിലിന്റെ നടത്തിപ്പ് നാട്ടുകാർ ഏറ്റെടുത്തു. ഏറെതാമസിയാതെ കോവിൽ ക്ഷേത്രമായി. ആനയും പൂരവും എഴുന്നള്ളിപ്പുമായപ്പോൾ കാടുകയറൽ വലിയ ചൊറയാണെന്നായി അമ്പലക്കമ്മിറ്റിക്കാരുടെ അഭിപ്രായം. ”മൂപ്പന് വിളക്കുമായി പൊകലപ്പാറയിൽ നിന്ന് ഇങ്ങോട്ട് വന്നാലെന്താ…?” കമ്മിറ്റി പ്രസിഡന്റ് ശെൽവ രാഘവൻ നാടാരുടെ ചോദ്യം. താഴെയാവുമ്പോ ആനയടക്കമുള്ള പൂരവും കാവടി മേളവുമൊക്കെ കാണുകയും ചെയ്യാം. വാണിഭക്കാരും ധാരാളം.
“ആചാരം വിട്ട് ഞങ്ങ വരൂല്ല… ” കുഞ്ചൻ മൂപ്പൻ തറപ്പിച്ച് പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതിയുടെ തീരുമാനപ്രകാരം അഷ്ടമംഗല പ്രശ്നം നടത്തി. അങ്ങനെ പുള്ളയാർ മൊഴിയിൽ പൂരമഹോത്സവം തുടങ്ങി. ആചാരത്തിന് വിളക്കു കണ്ടാൽ വെളിച്ചപ്പാടും സംഘവും മലകയറും. കാടുകയറി മിത്തപ്പൻ തറയിൽ തൊഴേണ്ടവർക്ക് അങ്ങനെയാവാം. അല്ലാത്തവർക്ക് താഴെ പൂരവും മേളവും ആഘോഷവും.
“ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട പോയന്റ്… ” ജോജപ്പൻ പറഞ്ഞു. ”കാട്ടുദൈവങ്ങളേയും പുറത്തെ ആചാരങ്ങളേയും വ്യാവസായികമായിതന്നെ സംയോജിപ്പിക്കണം. താലമെടുക്കാനും കാടുകയറാനും വഴിപാട് നിശ്ചയിക്കണം. അതൊക്കെ നാടാര് വേണ്ട പോലെ ചെയ്തോളും…”
“ചടങ്ങുകൾക്കും ആചാരങ്ങൾക്കും അനുകൂലവും പ്രതികൂലവുമായി വ്യാപകമായ പ്രചാരണം വേണം. അത് നമ്മുടെ ഏജൻസി സോഷ്യൽ മീഡിയകൾ വഴി ശരിപ്പെടുത്തും…” ശർമ്മാജി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
“നാട്ടിലെന്തു പൂരം നടത്തിയിട്ടും കാര്യമില്ല, പെൺമണം തട്ടാതിരിക്കുന്ന മിത്തപ്പനെ പെണ്ണുങ്ങൾക്ക് കാണാൻ പറ്റുന്നത് ഈ നാലുദിവസമാണ്. ആ ദിവസങ്ങളിൽ കാടുപൂക്കും… കാട് നാടാവും… നാട്ടുകാര് മൊത്തം കാട്ടിലുണ്ടാവും…” മധുസൂദനൻ പറഞ്ഞു.
“ഈ ഹിന്ദു എന്നു പറയുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്. എവിടെ എന്ത് വിശ്വാസമോ ആചാരമോ ഉണ്ടെന്നു കേട്ടാലും അത് കേറിയങ്ങ് ഏൽക്കും. ഒക്കെ ഇതീന്ന് ഉണ്ടായതാണെന്ന് വിളിച്ച് കൂവുകേം ചെയ്യും…!” ജോജോ പരിഹാസചിരിയോടെ പറഞ്ഞു.
“ജോജപ്പാ… നല്ലതെന്തായാലും സ്വാംശീകരിക്കാനാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്. ബ്രാഹ്മണപൂജ കൂടിയായാൽ നോക്കിക്കോ, പിന്നെ വിശ്വാസികൾ ഒഴുകും.. അതാണ് ഞങ്ങൾടെ വിശ്വാസത്തിന്റെ ഒരു ബേയ്സ്…”
പിന്നെ കൊല്ലത്തിലൊരു ഉത്സവം, പ്രതിഷ്ഠാദിനം, ആനയൂട്ട്, ധ്വജപ്രതിഷ്ഠ, ശ്രീകോവിൽ ചെമ്പോല മേയൽ, പിച്ചള പൊതിയൽ, പുനഃപ്രതിഷ്ഠ… ജോജോയും വിഷയത്തിലെ സാധ്യതകൾ അറിഞ്ഞു വെച്ചിട്ടുണ്ട്. അവരുടെ കൂട്ടച്ചിരി കന്യാർകുടിയിൽ കിടന്ന് ചിലമ്പി.
എവിടെയോ എന്തോ പിഴച്ചിരിക്കുന്നുവെന്ന് മധുവിന് തോന്നിത്തുടങ്ങിയിരുന്നു. കച്ചവടക്കാർ മുതൽ വില്ലേജ് ഓഫീസർവരെയുള്ളവരുടെ ഓരോ നീക്കങ്ങൾക്കും വല്ലാത്ത ദുരൂഹത രൂപപ്പെടുന്ന പോലെ. അവരുടെ സംഭാഷണങ്ങൾ ഏറെയും മധുവിന് ദുർഗ്രഹമായി തുടങ്ങി. എന്നാലും കോളനിയിൽ ഹെൽത്ത് സെന്റർ വരുമല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു.
ആ രാത്രിയിൽ മിത്തപ്പത്തറയിൽ ആളനക്കം കണ്ടാണ് മധു കുടിയിൽ നിന്നിറങ്ങിയത്. നോക്കുമ്പോ ഒന്നല്ല രണ്ടു പേരാണ് ഇരുട്ടിൽ കൂനിക്കൂടി കുഞ്ചൻ മൂപ്പനും പിന്നെ സാക്ഷാൽ മിത്തപ്പനും. കുടിച്ച് മുക്കാലായ ചാരായക്കുപ്പിയുടെ ഇരുവശത്തുമായി രണ്ടാളും കന്യാർകുടിയുടെ ഭൂതവും ഭാവിയും പറഞ്ഞിരിക്കുകയാണ്. കരിഞ്ഞുണങ്ങിയ കാരിരുമ്പ് മുഖങ്ങളിൽ പൊകലപ്പാറയുടെ ഉത്കണ്ഠയത്രയും കനംകെട്ടി നിന്നിരുന്നു. പാഞ്ചാലിപ്പുഴയുടെ ഇളക്കങ്ങളത്രയും കോളനിയിൽ കേൾക്കാം.
മധുവിന്റെ കണ്ണുതള്ളി. കോളനിക്ക് പുറത്ത് ശർമയും ജോജോയും ഉറങ്ങുന്ന പ്ലാസ്റ്റിക് ടെന്റിൽനിന്ന് മങ്ങിയ വെളിച്ചം കാണാം.
“ന്റെ മിത്തപ്പൻ…” ചാരായ കുപ്പിയിൽ നിന്ന് പിന്നെയും മൊന്തയിലേക്ക് വീഴ്ത്തുമ്പോൾ മൂപ്പൻ നിമ്മിതികൊണ്ടു.
“റോഡ്, ആശുപത്രീന്നൊക്കെ കേട്ടപ്പോ നീ വിശ്വസിച്ചൂ….?” മിത്തപ്പൻ മധുവിന്റെ മുഖത്ത് നോക്കിയില്ല.
“മിത്തപ്പാ…” മധു പിന്നെ മിണ്ടിയില്ല. എവിടെയോ, എന്തോ പിഴച്ചെന്ന് അവന് പിന്നെയും തോന്നി. അല്ലെങ്കിൽ മിത്തപ്പന്റെ ശബ്ദത്തിൽ ഒരു കുറ്റപ്പെടുത്തലോ പിണക്കമോ വെറുതെ തോന്നില്ലല്ലോ…!
“ന്റെ കാടും ന്റെ ക്ടാങ്ങളും ഒക്കെ കൊണ്ടോവാണല്ലോ…” എന്ന് മിത്തപ്പൻ കരഞ്ഞത് ചാരായത്തിന്റെ ലഹരിയിലാണെന്ന് വിശ്വസിക്കാൻ മധുവിന് തോന്നിയില്ല. അവനും കരച്ചിലടക്കാനായില്ല.
കുഞ്ചൻ നാരായൻ മൂപ്പൻ മുറമെടുത്തു. “ദൈവേ…” കനത്ത കുടമണികൾ മുറത്തിലിട്ടാഞ്ഞുകുലുക്കി മൂപ്പൻ പാടാൻ തുടങ്ങി. തൊണ്ടകീറുന്ന മൂപ്പന്റെ പാട്ടിനൊപ്പം കന്യാർകുടി പിടഞ്ഞെണീറ്റു.
ഇത് പതിവില്ലാത്തതാണല്ലോ…?
“ഒന്നും വരില്ല… കറുത്ത കരിങ്കല്ലിന്റെ ദൃഢതയുള്ള മിത്തപ്പന്റെ മുഖം ആർദ്രത കൊണ്ടു. പണ്ട് കാടുവിട്ടോടിയപ്പോൾ ഓരോ വീടെങ്കിലും കിട്ടിയില്ലേ.. ഇത്തവണ അതും ഉണ്ടാവില്ല…”
“ഞങ്ങ എന്തു ചെയ്യും മിത്തപ്പാ…?” മധു ഭയപ്പാടോടെ ചോദിച്ചു.
“നിങ്ങക്ക് ഞാനുണ്ട്… കാടുണ്ട്…” മിത്തപ്പൻ വാക്കുകൾ കിട്ടാതെ തപ്പിത്തടഞ്ഞു. “കോവിലും ഉത്സവവും വരുമ്പോൾ ചുറ്റുപാടും വികസിക്കും. കാട് നാടാവും. കച്ചവടം വളരും മണ്ണിന് വിലകൂടും. വിലയില്ലാത്തത് എന്റെ ക്ടാങ്ങൾക്ക് മാത്രമാവും…!”
“ഞങ്ങ എന്തു ചെയ്യും മിത്തപ്പാ…?” മധു പിന്നെയും ചോദിച്ചു.
മിത്തപ്പന്റെ നോട്ടത്തിനൊപ്പം മധു ടെന്റിലെ വെളിച്ചത്തിലേക്ക് നടന്നു. “കോളനിക്കാർ വഴിമുടക്കികളാവുമോ ശർമാജി…?” ജോജോ ഇരുട്ടിൽനിന്ന മധുവിനെ കണ്ടില്ല.
“പിന്നേ.. വഴിമുടക്കുന്നു..! അടുത്ത മഴയിൽ എല്ലാം ക്ലിയറാവും… ഡാം എപ്പോതുറക്കണമെന്ന് കമ്പനി തീരുമാനിക്കും. മലവെള്ളം നിറയുമ്പോൾ കോളനിക്കാർ താനെ കുടിവിട്ടോടും നോക്കിക്കോ…!” മണികണ്ഠശർമ പറഞ്ഞു.
മധു തിരിഞ്ഞുനോക്കി. കുടിച്ചു ബോധം മറഞ്ഞ മൂപ്പന്റെ നെറുകയിൽ തലോടിയിരുന്ന മിത്തപ്പൻ തലയാട്ടി. കേട്ടതെല്ലാം ശരിവെച്ചു.
തൊട്ടുപിന്നാലെ കന്യാർകുടിയേയും കോളനിയെ ചുറ്റിനിന്ന കട്ടപിടിച്ച കാടിനേയുമുലച്ച് ഒരിടി മുഴങ്ങി.
മധുസൂദൻ വളച്ചുകെട്ടിയിട്ട കോളനിപ്പടിയോടു ചേർന്നുള്ള ഒന്നരയേക്കറിലെ നെടുങ്കൻ ചീനിയുടെ ഉച്ചിയിലാണ് ആദ്യത്തെ ഇടിവാൾ വന്നുകൊണ്ടത്. കന്യാർകുടി വിറച്ചു. തൊട്ടുപിന്നാലെ ആകാശം പിളരുംമട്ടൊരു പൊട്ടിത്തെറി. മിന്നൽ പിണരുകൾ തിളങ്ങുന്ന കടൽപ്പാമ്പുകളെപ്പോലെ പാഞ്ചാലിപുഴയിൽ വീണു പുളഞ്ഞു.
“ക്ടാങ്ങളെ….” കുഞ്ചൻ മൂപ്പന്റെ ഒച്ച കന്യാർകുടിയുടെ അതിരുകൾ മുറിച്ചു കടന്നു. “ഉരുള് പൊട്ട്യേക്കുന്നു….” മധുസൂദനനും അപകടം തിരിച്ചറിഞ്ഞിരുന്നു. കാട്ടുപുല്ല് വകഞ്ഞ് അവൻ പായുന്ന വഴിയേ ജോജോയും ശർമ്മാജിയും വെച്ചുപിടിച്ചു.
ഓട്ടത്തിനിടെ കന്യാർകുടിക്കകത്ത് അനാഥമായിക്കിടന്ന മിത്തപ്പൻ കല്ലിലേക്ക് മധുസൂദനൻ ആർത്തിയോടെ തിരിഞ്ഞുനോക്കി. ഉരുൾപൊട്ടിയൊഴുകുന്ന മണ്ണും മലവെള്ളവുമെത്താത്ത കാടിന്റെ വശം ചേർന്ന് പാഞ്ചാലിപ്പുഴയെ വെട്ടിച്ച് അവൻ മുന്നോട്ടു കുതിച്ചു.
“ചേരിന് അലർജിയുള്ളതല്ലേ…?” മരത്തിൽ അള്ളിപ്പിടിച്ചു കയറുന്നതിനിടെ ജോജോ ചോദിച്ചു.
മധുസൂദനൻ ചൂണ്ടിക്കാട്ടിയ കൂറ്റൻ ചേര് മരത്തിൽ അള്ളിപ്പിടിച്ചിരിക്കുമ്പോൾ മണികണ്ഠശർമ ചേരിന്റെ പകയെക്കുറിച്ചോർത്തില്ല. കന്യാർകുടിയിലെ ഭക്തിസാഗരത്തിൽ പടുത്തുയർത്താനിരുന്ന വ്യാപാര സാധ്യതകളെക്കുറിച്ചും ചിന്തിച്ചില്ല. പകരം ചാർജ് തീരാറായ മൊബൈൽ ഫോണിൽ നിന്നയച്ച വാട്ട്സ്ആപ് സന്ദേശങ്ങളിൽ വിശ്വാസമർപ്പിച്ച്, മേഘാവൃതമായ ആകാശത്തേക്ക് ടോർച്ച് തെളിച്ചിരുന്നു അവരിരുവരും.
അതേസമയം കന്യാർകുടിക്കാർ ഇരമ്പിയാർക്കുന്ന പാഞ്ചാലിപ്പുഴയുടെ അരികിലൂടെ, കട്ടപിടിച്ചു കിടന്ന ഇരുട്ടിനെ വകഞ്ഞ്, മനുഷ്യനെത്താത്ത കാടിന്റെ ഉള്ളകത്തേക്ക് പിന്നെയും പിന്നെയും പാഞ്ഞുകയറുകയായിരുന്നു.
…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.