പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം : വിപിൻ പാലോത്ത്
കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്.
എന്തും സംഭവിക്കാം.
കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു.
ഒരാഭിചാരക്രിയ നടക്കുകയാണ്…
ആരും ശബ്ദിക്കുന്നില്ല.
കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി.
മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി.
ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ പുറംഭാഗത്ത്
വട്ടത്തിൽ ശക്തിയായി പരണ്ടുകയാണ്.
ചട്ടിക്ക് മുകളിൽ ചിരട്ടയുരക്കുന്ന കൂറ്റ് മാത്രം.
ഏതോ മന്ത്രിക കർമ്മത്തിന്റെ ശബ്ദവും താളവും.
പരണ്ടലിന്റെ ശക്തി കൂടിക്കൂടി വന്നു…
മതി ഇതുമതി ഏട്ടി പറഞ്ഞു.
വാനോളം പ്രതീക്ഷ.
എല്ലാവരുടെ കണ്ണുകളും കമിഴ്ത്തിയ ചട്ടിയിൽ.
പരണ്ടൽ നിർത്തി ഏട്ടി
കമിച്ച മീഞ്ചട്ടി മലർത്തി.
പൂവിതളിൽ നിന്നും വണ്ടുപാറുമ്പോലെ
കോയിക്കുഞ്ഞി ചിറകുകുടഞ്ഞ് ചട്ടിക്കുള്ളിൽ നിന്നും
ഒരൊറ്റയോട്ടം.
ബോധരഹിതനായ കോഴിക്കുട്ടി
അടഞ്ഞുകിടക്കുന്ന
ഇരുളിലെ ശബ്ദത്തിൽ നിന്നും
മറഞ്ഞ ബോധത്തെ തിരിച്ചുപിടിച്ചു.
മരണത്തെ കൊത്തിയകറ്റി.
കുട്ടികളുടെ കണ്ണുകളിൽ
ആഹ്ലാദം
സന്തോഷം.
വാഴത്തടം ചെതക്കുമ്പോൾ കല്ലേറുകൊണ്ട് പിടഞ്ഞ്
ബോധം മറഞ്ഞ കുഞ്ഞിക്കോഴി സാധാരണ ജീവിതത്തിലെ
കൊത്തിപ്പറക്കലിലേക്ക്…
കുക്കുടവിചാരത്തിലെ മറക്കാനാകാത്ത അനുഭവമാണ്.
കോഴി ഞങ്ങൾ വടക്കന്മാർക്ക് തിന്നാൻ മാത്രമുള്ള ഒരു വിഭവമല്ല.
കോഴിജീവിതത്തെ സമഗ്രമായുൾക്കൊള്ളാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
തീൻമേശയിൽ തൊപ്പിയും കാൽശരായിയും അണിഞ്ഞ് പണ്ടാരി മൂപ്പന്മാർ
കത്തികൊണ്ട് മുദ്രവെക്കുന്ന ക്ലാസിക്കൽ പദവി നാട്ടു കോഴി നിരാകരിക്കുന്നു.
കാശുള്ളവർക്ക് വേണ്ടി മാത്രം ചൈനീസ് പൗഡർ മോത്ത് തേച്ച്
ചീനച്ചട്ടിയിൽ വെന്തു തിളക്കാൻ ഞാങ്ങയില്ല.
ഞാങ്ങക്ക് തറവാട്ടില് തെയ്യത്തിന് പോണം.
നാടൻ കോയി കാനൂല് പറഞ്ഞു.
തെയ്യം പോലൊരു നാട്ടു വിഭവമാണ് നാടൻകോഴി.
പലപല കലർപ്പുകളിൽ കൊത്തിപ്പെറുക്കി നടക്കുന്ന
വീട്ടിലെ വെയിലിൽ തിളങ്ങുന്ന
കോഴിയുടെ വർണ്ണവിന്യാസം തെയ്യത്തോടാണ്
ഏറ്റവും ചേർന്ന് നിൽക്കുന്നത്.
തെയ്യത്തിനും കോഴിക്കുമുള്ള നിറങ്ങളുടെ നിറവും ചേർച്ചയും…
സപ്തവർണ്ണരാജിയിൽ വിരാജിക്കുന്ന അങ്കവാലൻ പൂങ്കോഴിയെ കാണുമ്പോൾ
പുറത്തട്ട് ചൂടിയാടുന്ന ചാമുണ്ഡിയമ്മയെ നെനച്ചുപോകും.
വീട്ടുമുറ്റത്ത് വിടർന്ന പൂങ്കോഴിയഴക്
നിറത്തിന്റെ ഏറ്റവും മനോഹരമായ നാട്ടുപുസ്തകമാണ്.
വെയിലിൽ തിളങ്ങുന്ന
അങ്കവാലുകുലുക്കി ആനനടത്തം നടക്കുന്ന പൂവനഹങ്കാരത്തെ
പിന്നെ കാണുന്നത്
നിറങ്ങളുടെ മറ്റൊരു സിംഫണിയായ പുറത്തട്ടെന്ന
തിരുമുടിയേന്തി കൈവിളക്കുപിടിച്ച് ഗജരാജ നടയുമായി
കൈകൂപ്പുന്ന ജനങ്ങൾക്ക് മുന്നിലൂടെ
കാവ് വലം വെക്കുന്ന മൂവാളംകുഴിച്ചാമണ്ഡിയിലാണ്.
പൂക്കളും പടർപ്പുകളും വെയിൽച്ചിത്രങ്ങളും
ചിതറിയ മുറ്റത്ത് പൂങ്കോഴിക്കവിത.
ചായില്ല്യവും മണേലയുമൂട്ടി മോത്തെഴുതി.
സ്വർണ്ണത്തലപ്പാളി കെട്ടി.
പല പല നിറങ്ങൾ
പല പല കനവുകളെടുത്ത്
അണിയലങ്ങളുടെ പുള്ളിപ്പൂവാട ചാർത്തി.
എയ്യരവും കൊരലാരവും അരിമ്പ് മാലയും
കഴുത്തിൽക്കെട്ടി.
കാക്ക് പാടകം
കൈക്ക് ചൂഡകം
കൊത്തിച്ചിനക്കുന്ന പൂവൻതെയ്യം
കണ്ടാലാർക്കാണ് മതി വരുക.
ഒരു നാടാണ് നാടൻ കോഴി.
ഒരിറച്ചിക്കോഴിയിൽ ഒരിക്കലും ഇല്ലാത്തത്.
ക്ലാസിക്കലിൽ ഒരു ദേശത്തിന് പ്രസക്തിയില്ലല്ലോ.
നാടുള്ളതുകൊണ്ടാണ്,
നാടിന്റെ സങ്കീർണ്ണമായ കലർപ്പുകളുള്ളതുകൊണ്ടാണ്
നാടൻകോഴിയും നാടൻകലയും നാടൻ റാക്കുമുണ്ടാകുന്നത്.
നാടൻ കോഴിയും തെയ്യവും നാടൻ റാക്കും നാട്ടുമനുഷ്യരും
പരസ്പരാശ്രിതത്വത്തിലധിഷ്ഠിതമായൊരു ആവാസവ്യവസ്ഥയുടെ ഭാഗമാണ്.
ഒന്നില്ലാതെ മറ്റൊന്നിന് നില്ക്കാനാകില്ല.
ഗ്രാമത്തിലെ കോഴിക്ക് പട്ടണത്തിലെ കോഴിക്കില്ലാത്ത ജീവിതമുണ്ട്.
ആത്മീയവും ഭൗതികവുമായ ജീവിതത്തിന്റെ അവസ്ഥാ ഭേദങ്ങൾ.
കുട്ടിക്കാലത്തെ കോഴിജീവിതത്തെ വീണ്ടും കാണുമ്പോൾ
പട്ടണത്തിലെ കലർപ്പുകളുടെ ആഴവും പരപ്പുമില്ലാത്ത
സ്വന്തം ജിവിതത്തിലേക്ക് തന്നെയാണ് നോക്കുന്നത്.
പാക്കിൽ കാലുകെട്ടിയ കോഴിയുമായി
കണ്ടോത്തെ തറവാട്ടിലെ തെയ്യത്തിന്
ബസ്സിൽ പോയ ഓർമ്മയുടെ ശകലങ്ങൾ കൊക്കിലുടക്കുന്നു.
നമ്മുടെ നാട്ടുദൈവങ്ങൾക്കേറ്റവുമിഷ്ടം കോഴിയാണ്.
ചില കോഴികൾ നിയോഗപ്പെട്ടവരാണ്.
തെയ്യത്തിന് വേണ്ടി നേർച്ചയാകുന്നവർ.
ഒരു വെളിച്ചപ്പാടിനെ പോലെ.
ആചാരപ്പെട്ട കോയിക്ക് നാട്ടിലും വീട്ടിലും പ്രത്യേകപദവിയുണ്ട്.
നമ്മളെക്കാൾ ആത്മീയത കോഴിക്കുണ്ട്.
കോഴി ഒരു പക്ഷിയാണെങ്കിലും
അതിന്റെ എല്ലാ ലക്ഷണങ്ങളും സ്വഭാവങ്ങളും കോഴിക്കില്ല .
ഉയരത്തിന്റെ ദൂരത്തിന്റെ ആകാശ വ്യാമോഹങ്ങളിൽ
കോഴി ഇന്നോളം പെട്ടു പോയിട്ടില്ല.
മാവിൻ ചോട്ടിൽ ചിറകുപൂട്ടി
ഇരുത്തംവന്ന ബുദ്ധനെ പോലിരിക്കുന്നതു കാണുമ്പോൾ
കോഴി ഒരു പക്ഷിയാണോ എന്ന സംശയം ബലപ്പെട്ടു.
കോഴിയുടെ ആത്മീയ ജീവിതം അങ്ങനെയാണ്.
തെയ്യത്തെ ഏറ്റവും അടുത്ത് നിന്ന് കാണുന്നത് കോഴിയാണ്.
തെയ്യവും കോഴിയും തമ്മിൽ അങ്ങനെയൊരു ചങ്ങായിത്തമുണ്ട്.
തെയ്യം കോഴിയെ അത്രമേൽ സ്നേഹിക്കുന്നു.
കോഴിത്തലയിലെ പൂക്കളെക്കുറിച്ച് പണ്ഡിത സാർവ്വഭൗമൻമാരായ മഹാകവികളാരും പാടിയില്ല.
അവർ കോഴിയെ മദ്യത്തിനൊപ്പം വറുത്തുതിന്നു.
കടമ്മനിട്ട കോഴിക്കവിതയുടെ പടയണിക്കോലം തുള്ളുന്നതിനും മുന്നം..
തെയ്യത്തിലെ മഹാവീരന്മാരായ വൈരജാതനും
വിഷ്ണു മൂർത്തിയായ പരദേവതയും കോഴിപ്പൂക്കൾ സ്വന്തം മോത്ത് പച്ചകുത്തി.
തെയ്യം മുഖത്തെഴുത്തിലെ അതീവസങ്കീർണ്ണമായ എഴുത്ത്സമ്പ്രദായമാണ്
കോഴിപ്പുഷ്പം വച്ചെഴുത്ത്.
മുറ്റത്തെ തൈത്തടത്ത് നിന്നും ചിക്കിച്ചിനക്കിയ കോഴി
പോയിപ്പോയി ഏടം വരെയെത്തി എന്ന് കണ്ടില്ലെ…
മാടബലി, പീഠബലി, കുക്കുടബലി…
കോഴിയുടെ വീരഗാഥകൾ അവസാനിക്കുന്നില്ല.
കുട്ടിക്കാലത്തെ കോഴിജീവിതം പകർന്ന അനുഭവപാഠങ്ങൾ ചെറുതല്ല.
വിര്ന്നന്മാർ വീട്ടിലെത്തുമ്പോൾ
പിറകെ ഓടിയോടിപ്പിടിക്കുന്ന കോഴികൾ
തന്ന സന്തോഷവും സങ്കടവും ചെറുതല്ല.
മുട്ട വിരിഞ്ഞിറങ്ങുന്ന ചോരക്കുഞ്ഞുങ്ങളുമായി
മുറ്റത്ത് കൊത്തിപ്പറക്കുന്ന തള്ളക്കോഴി.
എന്തുമാത്രം മനോഹരമായ കാഴ്ചയായിരുന്നു.
അമ്മയോളം വലുതല്ല മറ്റൊന്നും എന്ന് ആ കാഴ്ച അടിവരയിട്ടു.
കോഴിക്ക് വേണ്ടി കരഞ്ഞ ബാല്യങ്ങൾ.
എല്ലാ ദിവസവും അടക്കുന്ന കോഴിക്കൂട്
എന്നെങ്കിലും ഒരിക്കൽ അടക്കാൻ വിട്ടുപോയാൽ
കൃത്യമായി അന്നു തന്നെ കുറുക്കൻ കൊണ്ടുപോകുന്ന കോഴിയുടെ വിധി.
കോഴിയുടെ മരണമെത്തിയെന്ന സന്ദേശം കുറുക്കനാരാണ് കൊടുക്കുന്നത്.
മകരത്തിൽ വിളഞ്ഞ കതിർകനത്ത കണ്ടത്തിൽ
പതിയിരിക്കുന്ന മരണം.
നേരമേറെയായിട്ടും കൂടണയാത്ത കോഴിയെ അന്വേഷിച്ചുള്ള പിറ്റന്നാളത്തെ യാത്ര.
വിളഞ്ഞ കണ്ടത്തിലൂടെ നാഗത്തിലേക്ക് നീളുന്ന ഇടുങ്ങിയവരമ്പ്…
നാഗം
പേടി തഴച്ച സർപ്പക്കാട്.
ഒടുവിൽ, അപഹരിക്കപ്പെട്ട സീത വഴിയിലുപേക്ഷിച്ച സ്വർണ്ണാഭരണങ്ങൾ പോലെ
വരമ്പിൽ കോഴിയുപേക്ഷിച്ച ചോര പുരണ്ട വർണ്ണത്തൂവലുകൾ.
മരണത്തിന്റെ അടയാളങ്ങൾ..
നാട്ടിൽ ധാരാളമുണ്ടായിട്ടും കോഴി മാത്രം കണ്ടിട്ടുള്ള കറ്റന്നരിയെന്ന കാലനെ ഇന്നോളം കണ്ടില്ല.
ഇരുട്ടിന്റെ പടർപ്പുകളിലിരുന്ന് നീലക്കണ്ണുകളിൽ തീപൂട്ടി തേറ്റപ്പല്ലുകളിൽ ചോരയിറ്റി
കറ്റന്നരി എത്രയോ രാത്രികളിലെ ഉറക്കത്തെ കടിച്ചു കുടഞ്ഞു….
ആരോടാണ് ഇതൊക്കെയും പറയുന്നത്.
കോഴിയെന്നാൽ മസാലതേച്ച ഇറച്ചിയിലെ
ഭോഗാസക്തി മാത്രമാണെന്ന് നിനച്ചിരിക്കുന്നവരോടോ?
ഒരിക്കലെങ്കിലും നാട്ടുകോഴിയുടെ മഴവില്ലൊളിയിലേക്ക്
കണ്ണയക്കാത്തവരോടൊ?
വിഷം പുരട്ടിയ ഇറച്ചിക്കോഴി തിന്ന് തിന്ന്
മഹോദരം ബാധിച്ച് മനംപിരട്ടുന്നവരോടൊ.
ആർക്ക് വേണം പഴകിപ്പാഴായ കോഴിയുടെ, പഴമ്പുരാണം..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.