കഥ
യാസിര്‍ അമീന്‍
ചിത്രീകരണം : സുബേഷ് പത്മനാഭൻ
സ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, അതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. തുംഗനാഥ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ തൂക്കിയ വലിയമണിമുഴങ്ങിയ ശബ്ദത്തോടൊപ്പം പെട്ടെന്നാണ് ആ വിചാരം അയാളുടെ ഹൃദയത്തെ പൊള്ളിച്ചത്. എല്ലുതുളയ്ക്കുന്ന തണുപ്പില്‍ അയാളുടെ ശരീരം തണുത്തുറച്ച് നിന്നെങ്കിലും മനസില്‍ പാപക്കറയുടെ കുമിളകള്‍ തിളച്ചുപൊട്ടി. ശിഷ്ടജീവിതം ഹിമവാന്‍റെ മുമ്പില്‍ സമര്‍പ്പിക്കാനിറങ്ങിയ മനസ്സില്‍ എങ്ങനെയാണ് ഈ പാപചിന്ത തുളച്ചുകയറിത്? ജീവിതത്തില്‍ ചെയ്ത എല്ലാതെറ്റുകള്‍ക്കും മാപ്പിരന്നാണ് യാത്ര തിരിച്ചത്. കനല്‍ക്കറവീണ ഹൃദയവുമായി ഇനിയെങ്ങനെ ഞാന്‍ ധ്യാനിക്കും? അയാളുടെ മനസ്സ് ആഴത്തില്‍ പിടഞ്ഞു. തുംഗനാഥ് ക്ഷേത്രത്തില്‍ നിന്ന് അയാള്‍ ചന്ദ്രശിലയിലേക്കുള്ള നടപ്പാതയിലേക്ക് തിരിഞ്ഞു. രാവണനെ പരാജയപ്പെടുത്തിയതിന് ശേഷം രാമന്‍ തപസ്സുചെയ്ത ഇടമാണത്രെ ചന്ദ്രശില. പച്ചപുതച്ചമലചുറ്റികയറുന്ന മണ്‍പാതയിലൂടെ അയാള്‍ മുകളിലേക്ക് നടന്നു. മുകളില്‍ കാറ്റിന്‍റെ ശബ്ദം മാത്രം. അകലെ മടക്കുമടക്കുകളായി മലനിരകള്‍, അതിനെ പൊതിഞ്ഞുകിടക്കുന്ന കോടമഞ്ഞ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. കാറ്റിലുലഞ്ഞ് ഒരു കത്ത് അയാളുടെ കാലില്‍ വീണു. അയാള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു. കാലില്‍ വീണ കത്തെടുത്തു. ശക്തിയില്‍ അടിച്ച സീലിന്‍റെ മഷി ആ കത്തില്‍ പടര്‍ന്നു.
‘എന്താ ശങ്കരേട്ട ഒരു പകല്‍കിനാവ്?’ അടുത്തിരുന്ന പോസ്റ്റുമാന്‍ ചോദിച്ചു
‘വയസ്സായില്ലേ മണി, ജീവിതത്തില്‍ ചെയ്തുതീര്‍ക്കാന്‍ കൊതിച്ചതൊക്കെ കിനാക്കളായ് വരാ.’.
‘നിങ്ങള്‍ക്ക് വര്‍ഷങ്ങളൊക്കെ വെറും അക്കങ്ങളല്ലെ ശങ്കരേട്ടാ.. വയസ്സാകാന്‍മാത്രം ബാധ്യതകളൊന്നും ഇല്ലല്ലോ ? ‘സ്വപ്നങ്ങളും ഒരു തരത്തില്‍ ബാധ്യതയാണ് മണീ..’
ആ വാചകം പറഞ്ഞു തീര്‍ന്നപ്പോഴേക്കും അയാളുടെ ചതുരമുഖമുള്ള വാച്ചില്‍ മണിയടിച്ചു. ചോറ്റുപാത്രമെടുത്ത് കറുത്ത ബാഗില്‍ വച്ച് അയാള്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് പുറത്തിറങ്ങി. പഴയ യെസ്തി ബൈക്കില്‍ കയറി വീട്ടിലേക്ക് തിരിച്ചു. സ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, ആ വാചകം അടുപ്പിച്ചടുപ്പിച്ച് അയാളുടെ ചിന്തകളിലേക്ക് ഇടിച്ചുകയറി. പാപചിന്ത അങ്ങനെയാണ് അല്‍പ്പം വൈകിയാണെങ്കിലും വരും, അയാള്‍ വെറുതെ സ്വയം പിറുപിറുത്തു. വീട്ടിലെത്തിയ ഉടനെ ബാഗ് നേരെ കട്ടിലിലേക്ക് ഇട്ട് അയാള്‍ പോയത് ചായിപ്പിലേക്കാണ്. ചായിപ്പിന്‍റെ മൂലയിലിരിക്കുന്ന മരത്തിന്‍റെ പഴയ അലമാര കരകര ശബ്ദത്തോടെ തുറന്നു. ഏറ്റവും അടിയിലെ തട്ടിലിരുന്ന അയാളുടെ പഴയ ഡയറികള്‍ പുറത്തെടുത്തു. ആര്‍ത്തിയോടെ ഓരോ ഡയറിയും അയാള്‍ വായിക്കാന്‍ തുടങ്ങി. അയാളുടെകൂടെ അന്നുവരെ ശയിച്ച സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു പേപറില്‍ എഴുതിവച്ചു. ഓരോ പേരും വായിക്കുമ്പോള്‍ പേരിന്‍റെ മുഖം ഓര്‍ത്തെടുക്കാന്‍ അയാള്‍ മുറുക്കെ കണ്ണുകളടച്ചു. പതിയെ പതിയെ അയാള്‍ ഓര്‍മകളിലേക്ക് മറിഞ്ഞുവീണു.
കമലം എണീറ്റത് നീലഷാളിലൂടെ കടന്നു വന്ന വെയില്‍ കണ്ണിലടിച്ചാണ്. അവള്‍ എണീറ്റ് കട്ടിലില്‍ നിന്ന് കാല് താഴേക്കിട്ടുകൊണ്ട് മുടിക്കെട്ടി. റൂമില്‍ അങ്ങിങ്ങ് കിടന്നിരുന്ന കോണ്ടം പാക്കറ്റുകള്‍ പെറുക്കിയെടുത്ത് ചവറ്റുകുട്ടയിലിട്ടു. വെയില്‍ ചാഞ്ഞുചാഞ്ഞുവന്ന് മുറിയുടെ പകുതിയും വിഴുങ്ങി. എന്നിട്ടും അവളൊരു കട്ടന്‍ ചായയിട്ട്, ചുമരില്‍ തൂങ്ങിയിരുന്ന ഇസ്താംബുള്‍ പട്ടണത്തിന്‍റെ ചില്ലിട്ട ചിത്രത്തിലേക്ക് നോക്കി ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു. വാതിലില്‍ തട്ടിവിളിച്ച തടിച്ച സ്ത്രീയോട് ഇന്ന് അവധിയെടുക്കുന്നു എന്ന് മാത്രം പറഞ്ഞ് വാതില്‍കൊട്ടിയടച്ചു. 22ാം വയസ്സിലാണ് കമലം സോനാഗച്ചിയിലെത്തുന്നത്. കൊല്‍ക്കത്തയുടെ മുഴുവന്‍ പാപക്കറയും വീണുചുവന്ന തെരുവ്. തുര്‍ക്കി കാണാന്‍ വേണ്ടിയാണ് അവള്‍ വീടുവിട്ടിറങ്ങിയത്. 2004ലായിരുന്നു അത്. വിഖ്യാത തുര്‍ക്കിഷ് എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക്കിന്‍റെ മഞ്ഞ് വായിച്ചാണ് അവളില്‍ തുര്‍ക്കിയെന്ന ആഗ്രഹത്തിന്‍റെ വിത്ത് മുളച്ചത്. അരണ്ടവെളിച്ചത്തില്‍ വായനശാലയുടെ നടുവില്‍ നിലത്തിരുന്നാണ് അവള്‍ ആദ്യമായി മഞ്ഞ് വായിക്കുന്നത്. ഇസ്താബൂളില്‍ നിന്ന് കാര്‍സിലേക്കുള്ള മഞ്ഞുവീണ മലമ്പാതയിലൂടെ കാ നടത്തുന്ന യാത്രയില്‍ കമലവും സഹയാത്രികയായി. ഒരോ വരികളിലും അവള്‍ മഞ്ഞിന്‍റെ തണുത്തസ്പര്‍ശം അനുഭവിച്ചു. ആദ്യമായി അവളോട് പ്രണയം പറഞ്ഞ സഹപാഠിയോട് അവള്‍ ചോദിച്ചത് ഇസ്താംബുളില്‍ കൊണ്ടുപോകുമോ എന്നായിരുന്നു. അന്ന് വരെ ആ പേര് കേള്‍ക്കാത്ത കൂട്ടുകാരന്‍ പ്രണയം വേണ്ടെന്ന് വച്ചു. അവള്‍ സോനാഗച്ചിയുടെ തെരുവിലേക്ക് ഇറങ്ങി. പഴകിപായല്‍ പിടിച്ച വലിയകെട്ടിടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു. ഇരുവശങ്ങളിലും ഇടനിലക്കാരുടെ ബഹളം. കമലം അവരെ നോക്കിനില്‍ക്കെ അവരുടെ ശബ്ദത്തിന് ഭാഷയില്ലാത്ത പോലെ തോന്നി. മനുഷ്യപരിണാമത്തിന്‍റെ ആദിദശകത്തില്‍കിടന്ന് ഒച്ചവയ്ക്കുന്ന ആള്‍ക്കുരങ്ങളുടെ ഭാഷയില്ലാത്ത ശബ്ദം പോലെ. തെരുവിന്‍റെ ഇരുവശങ്ങളിലും നിന്ന പെണ്‍കുട്ടികളുടെ ചിരിയില്‍, പ്രണയമില്ലാതെ അക്രമിച്ച് കീഴ്പ്പെടുത്തി പ്രാപിക്കപ്പെട്ട ആദിമസ്ത്രീയുടെ നിലവിളിയുടെ നേര്‍ത്ത മാറ്റൊലി അവള്‍ മാത്രം കേട്ടു.
ഓര്‍മകളുടെ അങ്ങേയറ്റന്നുനിന്ന് ഒരു വിളികേട്ടാണ് ശങ്കരന്‍ ഉണര്‍ന്നത്. അയാള്‍ പ്രണയമില്ലാതെ ആദ്യമായി പ്രാപിച്ച പെണ്‍കുട്ടിയുടെ വിളിയായിരുന്നു അതെന്ന് ശങ്കരന് പെട്ടെന്ന് മനസ്സിലായി. ആ വിളിയുടെ അറ്റത്ത് ഒരു തേങ്ങലിന്‍റെ കണ്ണീര്‍പാടുള്ളത് അയാള്‍ കണ്ടതുകൊണ്ടാണത്. കൊല്‍ക്കത്തയിലെ സോനാഗച്ചിയില്‍ വച്ചായിരുന്നു അത്. പ്രൈവറ്റ് കമ്പനിയിലെ ജോലി രാജിവച്ച് രാജ്യം ചുറ്റാനിറങ്ങിയ സമയം. പുരിയില്‍ നിന്ന് ശങ്കരന്‍ നേരെ പോയത് കൊല്‍ക്കത്തയിലേക്കാണ്. പഴമയുടെ ഇരുണ്ട പച്ചപ്പ് പടര്‍ന്ന വലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒരു സഞ്ചിയും തൂക്കി ശങ്കരന്‍ നടന്നു. ട്രാംവണ്ടിയില്‍ യാത്രചെയ്യണം എന്നത് അയാളുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. ചെറിയ തീവണ്ടിയെന്ന് തോന്നിച്ച ആ വണ്ടിയില്‍ പട്ടണം ചുറ്റാന്‍ അയാള്‍ തീരുമാനിച്ചു. നഗര മധ്യത്തിലൂടെയുള്ള പാളത്തിലൂടെ ട്രാംവണ്ടിയില്‍ കാഴ്ചകള്‍ പിന്നിലാക്കി അയാള്‍ സഞ്ചരിച്ചു. തെരുവിലൂടെ ട്രാംവണ്ടി പതിയെയാണ് സഞ്ചരിച്ചത്.
പതിയെ ആണെങ്കിലും ആലോചനകള്‍ക്കിടയിലൂടെ കടന്നുവന്ന പീതനിറമുള്ള കാറ് ഇപ്പോള്‍ തട്ടിയേന്നെ എന്നു തോന്നി കമലത്തിന്. അവള്‍ സോനാഗച്ചിയുടെ തെരുവും കഴിഞ്ഞ് നടന്നിരുന്നു. പുസ്തകശാലയിലേക്കാണ് അവള്‍ നടന്നിരുന്നത്. ഒര്‍ഹാന്‍ പാമുക്കിന്‍റെ ഏറ്റവും പുതിയ പുസ്തകമായിരുന്നു അവളുടെ ലക്ഷ്യം. മ്യൂസിയം ഓഫ് ഇന്നസെന്‍സ് എന്ന നോവലിനെ കുറിച്ച് ഇന്നലെ തന്‍റെ കസ്റ്റമറായി വന്ന പത്രപ്രവര്‍ത്തകനാണ് കമലത്തോട് പറഞ്ഞത്. ഇഷ്ടം തോന്നുന്ന കസ്റ്റമേഴ്സിനെ കൊണ്ട് രാത്രിയില്‍ പാമുക്കിന്‍റെ മഞ്ഞ് വായിപ്പിക്കുക അവളുടെ രീതിയായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ പേജ് ഉറക്കെ വായിപ്പിക്കും. ഒരോ വാക്കുകളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് ഒരോ ഉമ്മകള്‍ നല്‍കും. അങ്ങനെയാണ് പാമുക്കിന്‍റെ പുതിയ നോവലിനെ കുറിച്ച് പത്രപ്രവര്‍ത്തകന്‍ പറഞ്ഞത്. പുസ്തകശാലയില്‍ നിന്ന് മ്യൂസിയം ഓഫ് ഇന്നസെന്‍സ് വായിച്ച് പുറത്തിറങ്ങിയതും അവള്‍ ആ പുസ്തകം തുറന്ന് മൂക്കിനോട് ചേര്‍ത്തുവച്ച് ആവോളം ഗന്ധം അകത്തേക്കെടുത്തു. ആ ഗന്ധം അവളില്‍ മത്തുപിടിപ്പിച്ചു.
മയക്കികളയുന്നൊരു സൗന്ദര്യം കൊല്‍ക്കത്തയ്ക്കുണ്ടെന്ന് ശങ്കരന് പെട്ടെന്ന് തന്നെ മനസ്സിലായി. കൊല്‍ക്കത്തയിലെ വാഹനങ്ങള്‍ക്ക് പോലും പ്രത്യേക സൗന്ദര്യമുണ്ട്. മഴപെയ്ത പാതയിലൂടെ ചുവന്ന ലൈറ്റ് തെളിയിച്ച് പോകുന്ന മഞ്ഞ ടാക്സി കാറ് കാണാന്‍ തന്നെ എന്തൊരു ഭംഗിയാണ്. കൊല്‍ക്കത്തിയിലെ സ്ത്രീകള്‍ക്കും ആ ഭംഗിയുണ്ട്. ഒരു ശരാശരി മലയാളിയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ തന്നെയാണ് കൊല്‍ക്കത്തയില്‍ കാണുന്ന ഏതൊരു പെണ്‍കുട്ടിക്കും ഉള്ളതെന്ന് വളരെ പെട്ടെന്ന് തന്നെ ശങ്കരന് മനസ്സിലായി. പെട്ടെന്നാണ് സോനാഗച്ചി എന്ന മായികനാമം അയാളുടെ ചിന്തകളിലേക്ക് പൊട്ടിവീണത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രററിയില്‍ ഇരുന്നാണ് സോനാഗച്ചിയെ കുറിച്ചുള്ള ലേഖനം ഒരു പത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ ശങ്കരന്‍ വായിക്കുന്നത്. അന്നുമുതലെ സോനാഗച്ചി കാണണമെന്നുള്ള ആഗ്രഹം അയാള്‍ക്കുണ്ടായിരുന്നു. ട്രാംവണ്ടിയില്‍ നിന്നിറങ്ങി മഴയുള്ള ആ വൈകുന്നേരം അയാള്‍ മഞ്ഞ ടാക്സിയില്‍ കയറി സോനാഗച്ചിയിലേക്ക് തിരിച്ചു. ചെന്നിറങ്ങിയതും ഇടനിലക്കാര്‍ അയാളെ പൊതിയാന്‍ തുടങ്ങി. സഞ്ചി പിടിച്ചുവലിച്ചും കൈപിടിച്ച് ഞെരിച്ചും ഒരോരുത്തരം ശങ്കരനുവേണ്ടി മല്‍സരിച്ചു. നാശം എന്ന് ശങ്കരന്‍ പറഞ്ഞതും മലയാളിയാണോ എന്ന് ചോദിച്ച് അതിലൊരാള്‍ ശങ്കരന്‍റെ തോളില്‍ കയ്യിട്ട് സംസാരിക്കാന്‍ തുടങ്ങി. അതോടെ മറ്റുള്ളവരെല്ലാം പല്ലുകൂര്‍പ്പിച്ച് അടുത്ത ഇരയിലേക്ക് ചാടി. ഒരു മലയാളി പെണ്‍കുട്ടി ഇന്ന് വന്നിട്ടുണ്ട്. 20-21 പ്രായം കാണും. അയാള്‍ ശങ്കരനോട് പറഞ്ഞു. ശങ്കരന്‍ സമ്മതരൂപേണെ തലയാട്ടി. മൂന്ന് നിലയുള്ള ചുവന്ന നിറമുള്ള കെട്ടിടത്തിലേക്ക് അയാള്‍ ശങ്കരനേയും കൂട്ടികൊണ്ടുപോയി. കരഞ്ഞുവീര്‍ത്ത കവിളുമായി കമലം കിടന്നിരുന്ന മുറിയുടെ വാതിലില്‍ മുട്ടി.
മുട്ട് കേട്ടപ്പോള്‍ കമലം സ്വയംപ്രാകി കതക് തുറന്നു. ഇന്ന് ഞാന്‍ അവധിയാണെന്ന് പറഞ്ഞതല്ലെന്ന് ചോദിച്ച് കൊണ്ടാണ് അവള്‍ വാതില്‍ തുറന്നത്. അവളുടെ കയ്യില്‍ പാതിവായിച്ച പാമുക്കിന്‍റെ മ്യൂസിയം ഓഫ് ഇന്നസെന്‍സ് ഉണ്ടായിരുന്നു. ഒരു വ്യദ്ധനാണ് അവള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. കറുത്ത ഫ്രെയ്മുള്ള കണ്ണടവച്ച ഒരു വൃദ്ധന്‍ ‘ആരാ’ അവള്‍ ചോദിച്ചു.
‘ശങ്കരന്‍’
‘ഏത് ശങ്കരന്‍’
‘പണ്ടൊരിക്കല്‍ ഇതേവാതിലില്‍ ഞാന്‍ മുട്ടിയിരുന്നു.’
‘മനസ്സിലായില്ല’ കമലം പറഞ്ഞു
‘അന്ന് നിന്‍റെ ആദ്യദിവസമായിരുന്നു ഇവിടെ’
പെട്ടെന്ന് അവളുടെ ഓര്‍മയുടെ അങ്ങേയറ്റത്തുള്ള വാതിലില്‍ ഒരു മുട്ട് കേട്ടു. ആ മുഖം അവളുടെ മനസ്സിലേക്കും കണ്ണിലേക്കും പടര്‍ന്നു. അവളുടെ കണ്ണിലെ അപരിചിതത്ത്വത്തിന്‍റെ അലകള്‍ പതിയെ ശാന്തമാകാന്‍ തുടങ്ങി. അയാള്‍ മുറിക്കകത്തേക്ക് കയറി. ആ കട്ടിലില്‍ ഇരുന്നു. എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് കമലം തിരക്കി. അയാള്‍ അനുഭവിച്ച പാപക്കറയുടെ നീറ്റല്‍ പൂര്‍ണമല്ലാത്ത വാക്കുകളിലൂടെ പറഞ്ഞൊപ്പിച്ചു. മുഴുവന്‍ മനസ്സിലായില്ലെങ്കിലും കമലം തലയാട്ടി. അയാള്‍ അവളുടെ കാലില്‍ വീണു. പ്രണയമില്ലാതെ പ്രാപിച്ചതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അയാള്‍ തേങ്ങികൊണ്ട് പറഞ്ഞു. കമലം അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ക്ക് അയാളോട് അലിവ് തോന്നി. ഒരു കട്ടന്‍ ചായയിട്ട് അയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. കണ്ണീരുണങ്ങിയ മുഖത്തോടെ അയാള്‍ ചൂടുള്ള കട്ടന്‍ ഊതിയുതി കുടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് പാമുക്കിന്‍റെ മ്യൂസിയം ഓഫ് ഇന്നസെന്‍സ് എന്ന പുസ്തകത്തിന്‍റെ അവസാനത്തെ താളിലുള്ള മ്യൂസിയത്തിന്‍റെ ടിക്കെറ്റ് കീറിയെടുത്തുകൊണ്ട് അവള്‍ പറഞ്ഞു, ഈ മ്യൂസിയം കാണിക്കാന്‍ എന്നെ ഇസ്താംബുളില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് മാപ്പുനല്‍കാം. അയാള്‍ ചിരിച്ചു. അവര്‍ ആ മുറിയില്‍ നിന്ന് പുറത്തിറങ്ങി. സോനാഗച്ചിയുടെ തെരുവിലൂടെ നടന്നു. നേരിയ മഴയുണ്ട്. അയാള്‍ അവളുടെ കൈ പതിയെ ചേര്‍ത്തുപിടിച്ചു. അവളുടെ മേല്‍ചുണ്ടിലെ ചെറിയ കാക്കപ്പുള്ളിയില്‍ നിന്ന് ഒരു ചിരിപൊടിഞ്ഞുവീണു. എനിക്ക് ട്രാംവണ്ടിയില്‍ യാത്രചെയ്യണം. ശങ്കരന്‍ കുട്ടിയെപോലെ പറഞ്ഞു. ഇനിനമുക്ക് ഇസ്താംബുള്‍ നഗരത്തിലൂടെ ഓടുന്ന ട്രാംവണ്ടിയില്‍ യാത്രചെയ്യാം, അവള്‍ അയാളുടെ കണ്ണിലേക്ക് നോക്കി കുട്ടികളെപോലെ മറുപടി പറഞ്ഞു. നനഞ്ഞ് കിടക്കുന്ന പാതയിലൂടെ മഞ്ഞ കാറുകള്‍ ചുവന്ന ലൈറ്റ് തെളിയിച്ച് വേഗത്തില്‍ പോയി. അവസാനത്തെ ട്രാംവണ്ടിയും ഉറവിടത്തിലേക്ക് മടങ്ങിപോയി.
…
യാസിർ അമീൻ
മാധ്യമപ്രവർത്തകൻ. നിരവധി ആനുകാലികളിൽ കഥകളും ലേഖനകളും എഴുതാറുണ്ട്. മലപ്പുറം,വളാഞ്ചേരി സ്വദേശി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.