ഘാതകൻ : സമകാലിക ഇന്ത്യയുടെ ചുരുക്കെഴുത്ത് 

0
510
Sajith MS

വായന
സജിത്ത്. എം. എസ്

അധികാരത്തിന് കാലദേശങ്ങൾക്കതീതമായി ഒരൊറ്റ രൂപമേയുള്ളൂ – മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസയുടെയും അനീതിയുടെയും ചുരുങ്ങിയ കാലം കൊണ്ട് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവൽ ‘ഘാതകനും’  അധികാരം എന്ന സങ്കല്പത്തെ ചോദ്യം ചെയ്യുന്ന, അതിനെ ഇഴകീറി പരിശോധിക്കാൻ ശ്രമിക്കുന്ന കൃതിയാണ്. ‘ഘാതകൻ ‘ എന്ന വാക്ക് തന്നെ ഹിംസയെ ഓർമ്മപ്പെടുത്തുന്നു. മീരയുടെ തന്നെ ഏറ്റവും പ്രസിദ്ധമായ ‘ആരാച്ചാർ ‘ എന്ന നോവലിനെപ്പോലെ ‘ഘാതകനും’ ഇന്ത്യ എന്ന രാഷ്ട്രത്തെ, അതിന്റെ ചരിത്രത്തെയും സാമൂഹ്യയാഥാർഥ്യങ്ങളെയും ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പുനഃപരിശോധിക്കുന്നതാണ്.

ആരാച്ചാരും ഘാതകനും..

‘ആരാച്ചാർ’ – 2004 ൽ ബംഗാളിൽ നടന്ന ഒരു തൂക്കികൊലയുമായി ബന്ധപ്പെട്ട് നടക്കുന്ന കഥയാണ്. രാഷ്ട്രം നടപ്പാക്കുന്ന ഒരു തൂക്കികൊലയുടെ ഇങ്ങേത്തലയ്ക്കൽ കണ്ണിയാക്കപ്പെടാൻ നിയോഗിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ആ നോവലിന്റെ ഇതിവൃത്തം. ‘ഘാതകനിൽ’ എത്തുമ്പോൾ വർഷം 2016 ആണ്. നോട്ട് നിരോധനത്തിന് ഏതാനം ദിവസങ്ങൾക്ക് ശേഷം തനിക്ക് നേരെ ഉണ്ടാകുന്ന വധശ്രമത്തെ അതിജീവിക്കുന്ന ഒരു സ്ത്രീ നടത്തുന്ന അന്വേഷണങ്ങളാണ് ‘ഘാതക’ന്റെ ഇതിവൃത്തം. ‘ആരാച്ചാർ’ൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ മാത്രം നേരിട്ട് ഇടപെടുന്ന ഭരണകൂടം ‘ഘാതകനി’ൽ എത്തുമ്പോൾ നോട്ട് നിരോധനത്തിലൂടെ ഓരോ പൗരന്റെയും ജീവിതത്തിൽ പ്രത്യക്ഷത്തിൽ തന്നെ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സ്ഥാപനമായി മാറുന്നു എന്നത് മാത്രമാണ് വ്യത്യാസം.

ആരാച്ചാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ചേതന ഗൃദ്ധാമല്ലിക് എന്നാണ്.’ചേതന’ എന്ന പേര് പിൽക്കാലത്ത് ഇന്ത്യൻ മീഡിയയിൽ ഒരിടയ്ക്ക് ഏറെ ചർച്ചയാവുകയും തലക്കെട്ടുകൾ സൃഷ്ടിക്കുകയും ചെയ്ത ഒന്നായി മാറിയിരുന്നു. 2015 ൽ ബീഫ് ഫെസ്റ്റിവല്ലിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ പരസ്യമായി ബലാത്സംഗഭീഷണി മുഴക്കിയ ചേതന തീർത്ഥഹള്ളി എന്ന കന്നഡ എഴുത്തുകാരിയുടെ പേരിലൂടെയായിരുന്നു അത്. പുതിയ ഇന്ത്യയിൽ ചേതന തീർത്ഥഹള്ളി  അനുഭവിച്ചതു പോലൊരു അവസ്ഥയാണ് ‘ഘാതകനിൽ ‘ കേന്ദ്രകഥാപാത്രമായ സത്യപ്രിയ നേരിടുന്നത്.”നിങ്ങൾ ഒരിക്കലെങ്കിലും ഒരു വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടോ? ”എന്ന ചോദ്യത്തോടെയാണ് ‘ഘാതകൻ’ ആരംഭിക്കുന്നത് തന്നെ. ഈ ചോദ്യമാകട്ടെ അനവധി അരക്ഷിതാവസ്ഥകളിലൂടെ നിരന്തരം ജീവിക്കേണ്ടി വരുന്ന ചേതന തീർത്ഥഹള്ളിയെപ്പോലുള്ള നിരവധി സ്ത്രീകളുടെ ആത്മഭാഷണം കൂടിയാകുന്നു. എഴുത്തുകാരി ഈ നോവൽ സമർപ്പിക്കുന്നതാകട്ടെ അത്തരം ഒരു ആക്രമണത്തെ അതിജീവിക്കാനാകാതെ പോയ ഗൗരി ലങ്കേഷിനും. ‘ആരാച്ചാർ’, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’, ‘ഖബർ’, ‘ഘാതകൻ’ – എന്നിങ്ങനെ പോകുന്ന മീരയുടെ നോവലുകളുടെ പൊതുസ്വഭാവം അതെല്ലാം പുതിയ കാലത്തെ സ്ത്രീകളെ, അവർ നേരിടുന്ന പ്രതിസന്ധികളെ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ്. തന്റെ നോവലുകളിലൂടെ കെ. ആർ.മീര ഒരു സ്ത്രീപക്ഷ സാമൂഹ്യചരിത്രത്തെ രേഖപ്പെടുത്തുന്നു. ഒരു പെൺപരിണാമചരിത്രമായി പിൽകാലത്ത് മലയാളസാഹിത്യ ചരിത്രം ഈ നോവലുകളെ വിലയിരുത്തിയേക്കാം.

‘ഘാതകനി’ലെ സമ്പദ് വ്യവസ്ഥയും ജാതിയും

സത്യപ്രിയ എന്ന സ്ത്രീ തന്റെ ഘാതകനെ തേടി നടത്തുന്ന അന്വേഷണമാണ് നോവൽ പറയുന്നത്. തന്റെ ഭൂതകാലത്തിൽ അവൾ നേരിട്ട അനുഭവങ്ങളിലൂടെയാണ് ആ അന്വേഷണം പുരോഗമിക്കുന്നത്. ജീവിതത്തിൽ അവൾ നേരിടുന്ന ഓരോ സന്ദിഗ്ദ്ധഘട്ടങ്ങളിലും കൃത്യമായി രാഷ്ട്രം ഇടപെടുന്നത് നമുക്ക് കാണാം. സമ്പദ് വ്യവസ്ഥയാണ് ‘ഘാതകൻ ‘ എന്ന നോവൽ പ്രശ്നവത്കരിക്കുന്ന അധികാരവ്യവസ്ഥ. ആരാച്ചാരിലെ ‘കുടുക്ക് ‘ പോലെയോ ‘തൂക്കുകയർ’ പോലെയോ ‘ഘാതകനി’ൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു ബിംബമാണ് പണവും നോട്ടുകളും. ”പണം – മരണം. എന്തൊരു പ്രാസം എന്തൊരു ഛന്ദസ് “,”പണം ഇറുകിയ ബ്ലൗസ് പോലെ ശ്വാസം മുട്ടിച്ചു ”- ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ നോവലിലുടനീളം കാണാം. പൊതുവിൽ രാഷ്ട്രവും കുടുംബത്തിനുള്ളിൽ പുരുഷന്മാരും ക്രയവിക്രയം ചെയ്യുന്ന സമ്പദ് വ്യവസ്ഥയും അതിന്മേൽ അവർ നടത്തുന്ന ഇടപെടലുകളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്ന ഒരു സ്ത്രീയെയും നോവലിൽ നമുക്ക് വായിക്കാം. പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ കാമുകനാൽ കൂട്ടികൊടുക്കപ്പെടുന്ന അവസ്ഥയും വൃക്ക വിൽക്കേണ്ടി വരുന്ന അവസ്ഥയും വരെ നോവലിൽ സത്യപ്രിയ നേരിടുന്നു. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ നോട്ടുനിരോധനത്തിന്റെ പ്രതിസന്ധികൾ അതിലെ എല്ലാ കഥാപാത്രങ്ങളും അനുഭവിക്കുന്നുമുണ്ട്. പണത്തിനുമേൽ അധികാരം ചെലുത്തിക്കൊണ്ട് എപ്രകാരമാണ് ഒരു വ്യവസ്ഥയും ഏതാനം വ്യക്തികളും മറ്റുള്ളവരുടെ മേൽ ആ അധികാരം ചെലുത്തുന്നതെന്നും മറ്റുള്ളവരുടെ ജീവിതം സങ്കീർണമാക്കിത്തീർക്കുന്നതെന്നുമുള്ള അന്വേഷണം കൂടിയാണ് ഈ നോവൽ.

ഉള്ളിക്ക് 75 രൂപയും ഉപ്പിന് 40 രൂപയും ആയിരുന്ന കാലവും L.P.G അഥവാ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളീകരണം-ത്തിന്റെ കാലവും നോട്ട് നിരോധനകാലവും സത്യപ്രിയയുടെ ജീവിതത്തെ അടിമുടി സ്വാധീനിക്കുന്നുണ്ട്. പല കാലത്ത് മലയാളികളിൽ ഉണ്ടായിവന്ന സാമ്പത്തിക ഇടപെടലുകളും സമ്പാദ്യത്തോടുള്ള സമീപനങ്ങളും അതിനായി അവലംബിച്ച മാർഗങ്ങളും പലയിടത്തും  നോവലിൽ കടന്നുവരുന്നുണ്ട്. ആട്,തേക്ക്, മാഞ്ചിയവും, ജപ്പാൻ കിടക്ക കച്ചവടം അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകൾ വരെ വളരെ ബ്രില്ലിയന്റ് ആയി നോവലിസ്റ്റ് ഉപയോഗിക്കുന്നു. സ്ത്രീ ശരീരവും വൃക്കയും മുതൽ ഉപയോഗിച്ച വസ്ത്രങ്ങൾ വരെ വിലപേശി വിൽക്കുന്ന സന്ദർഭങ്ങൾ നോവലിലുണ്ട്. അപ്രകാരം പൂർണ്ണമായും വിപണിയായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ നോവൽ രേഖപ്പെടുത്തുന്നു. അതിന്റെ ഇരയായി പൗരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ മാറുന്നു എന്നതും നോവൽ പറഞ്ഞുവയ്ക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയ്ക്കൊപ്പം നോവലിൽ പ്രശ്നവത്കരിക്കുന്ന മറ്റൊരു ഘടകം ജാതി വ്യവസ്ഥയാണ്. കേരളത്തിൽ നിലനിൽക്കുകയും ആചരിക്കുകയും ചെയ്യുന്ന അയിത്തത്തിന്റെ യാഥാർഥ്യമായ ആവിഷ്കാരം കറുത്ത ഹാസ്യം പോലെ നോവലിലുടനീളം ഉണ്ട്. സമ്പത്തിനെക്കാൾ ഉയർന്നു തന്നെ കേരളത്തിൽ എല്ലാകാലത്തും ജാതി നിലനിന്നു പോന്നതിന്റെ രേഖപ്പെടുത്തൽ കൂടിയാണ് സത്യപ്രിയ ജാതിയുടെ പേരിൽ അപമാനം നേരിടുന്ന ഓരോ സന്ദർഭവും.

ഘാതകൻ എന്ന ത്രില്ലെർ നോവൽ

ഒരു കുറ്റാന്വേഷണ നോവലിന്റെ രചനാരീതിയാണ് ‘ഘാതകൻ’ പിന്തുടരുന്നത്. ഉദ്വേഗവും ആകാംക്ഷയും തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താനും നോവലിസ്റ്റിനു സാധിക്കുന്നു. ത്രില്ലെർ എന്ന genre ആണ് കഴിഞ്ഞ കുറച്ചുനാളായി ഏറ്റവും ജനപ്രിയമായി സിനിമയിലും സാഹിത്യത്തിലും നിറഞ്ഞു നിൽക്കുന്നത്. ഒരു കുറ്റാന്വേഷണത്തിന്റെ ആവേഗതയും സങ്കീർണതകളും ഉള്ളപ്പോൾ തന്നെ വളരെ ചടുലമായ ഒരു വായനാനുഭവം ഘാതകൻ നിലനിർത്തുന്നത് അതിന്റെ ത്രില്ലിംഗ് സ്വഭാവം കൊണ്ടുകൂടിയാണ്. ഒരു കുടുംബനാഥന്റെ മരണശേഷം അയാൾ വർഷങ്ങളായി ചില്ലുഭരണിയിൽ സൂക്ഷിച്ചു വച്ചിരുന്ന നിലയിൽ കണ്ടെത്തുന്ന ഒരു ഭ്രൂണം ആണ് നോവലിലെ ഏറ്റവും ഭീതിയുണർത്തുന്ന ഒരു ബിംബം. നോവലിലെ കുറ്റാന്വേഷകയായ നായിക അത് കണ്ടെത്തുന്നതു മുതൽ കുടുംബമെന്ന സ്ഥാപനത്തിനുള്ളിലിൽ നിലനിൽക്കുന്ന ദുരൂഹതകളും ക്രൂരത നിറഞ്ഞ വയലൻസും ആണ് നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ത്രില്ലിംഗ് സബ്ജെക്ട് ആയി മാറുന്നത്.

എത്രമാത്രം ഭീകരമാണ് പുറമേ സുന്ദരമെന്ന് കാണുന്ന ഓരോ കുടുംബങ്ങൾക്കും ഉള്ളിൽ നിലനിൽക്കുന്ന അധികാരവ്യവസ്ഥ എന്നത് വെളിപ്പെടുത്തുന്ന ‘House of Secrets:The  Burari Deaths’  എന്ന ത്രില്ലെർ ഡോക്യുമെന്റ് സീരീസ് Netflix റിലീസ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. ഘാതകനിൽ സത്യപ്രിയയുടെ അച്ഛൻ ഒരു സിനിമാനിർമ്മാതാവാണ്. അദ്ദേഹം നിർമ്മിച്ച ‘കുടുംബമാണ് സ്വർഗം ‘എന്നൊരു സിനിമയെപ്പറ്റി നോവലിൽ പരാമർശമുണ്ട്. മലയാളത്തിൽ ഏറെ ഹിറ്റ്‌ ആയ ഒരു ത്രില്ലെർ ചലച്ചിത്രമാണ് ‘ദൃശ്യം’. 2021 ൽ അതിന്റെ രണ്ടാം ഭാഗം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഒരു ജനപ്രിയ സിനിമയായിരുന്നു. കുടുംബത്തെ സംരക്ഷിക്കുന്ന ഒരു കുടുംബനാഥൻ ആണ് സിനിമയിലെ പ്രധാന കഥാപാത്രം. ഭാര്യയും മകളും ചേർന്ന് ചെയ്യുന്ന ഒരു കുറ്റകൃത്യത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ഒരു അച്ഛൻ ബിംബം ആണ് ഈ സിനിമയിൽ മലയാളിപ്രേക്ഷകരെ ഏറെ സ്വാധീനിച്ച ത്രില്ലിംഗ് ഘടകം. എന്നാൽ ‘ഘാതകൻ’ ഈ വാർപ്പ്മാതൃക തകർത്തു കളയുകയും അച്ഛൻ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പെണ്മക്കൾ സ്വന്തം ജീവിതം കൊണ്ട് പരിഹാരം ചെയ്യേണ്ടതായി വരികയും ചെയ്യുന്ന നിലയിൽ ഉള്ള ഒരു പൊളിച്ചെഴുത്ത് നടത്തുകയും  ചെയ്യുന്നു. അതുവഴി ‘ദൃശ്യം’ പോലൊരു സിനിമ ഊട്ടിയുറപ്പിച്ച അധികാരത്തിന്റെ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ അതിനു സമാനമായ ഒരു ത്രില്ലിംഗ് രീതി ഉപയോഗിച്ച് മറികടക്കുകയും ചെയ്യുന്നു. ‘ദൃശ്യ’ത്തിലെ പോലെതന്നെ ഘാതകനിലെ കുടുംബവും ഒരു അച്ഛൻ -അമ്മ രണ്ടു പെണ്മക്കൾ എന്നിങ്ങനെ ആയത് യാദൃശ്ചികമാകാം.

സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഒരു നേർകാഴ്ച്ച കൂടിയാണ് ‘ഘാതകൻ’. ബംഗ്ലൂർ,കൊല്ലം,എറണാകുളം, ഡൽഹി,ചെന്നൈ എന്ന് തുടങ്ങി ഈ നോവലിൽ കേന്ദ്രകഥാപാത്രമായ സത്യപ്രിയ വധഭീഷണി നിലനിൽക്കെത്തന്നെ നിരന്തരം തന്റെ രാജ്യത്തു കൂടി സഞ്ചരിക്കുകയാണ്. പോലീസ് ജീപ്പിലും പൊതുവാഹനത്തിലും അവൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. യൂണിവേഴ്സിറ്റി അധ്യാപികയെയും അന്വേഷണഉദ്യോഗസ്ഥനെയും അനേകം ഭക്തരുള്ള ആത്മീയ നേതാവിനെയും ബുദ്ധിയുള്ള ന്യൂ ജൻ പയ്യനെയും വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ അഭിരമിക്കുന്ന മറ്റൊരു ചെറുപ്പക്കാരനെയും അവൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇവ്വിധം ഇന്നത്തെ ഇന്ത്യയിൽ ഒരു പൗരന് കാണാൻ സാധിക്കുന്ന വിവിധ ഇന്ത്യക്കാരോട് നിരന്തരം സംവദിച്ചു കൊണ്ടാണ് സത്യപ്രിയ തന്റെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഗീതയും ഗണിതവും അതിനിടയിൽ കടന്നുവരുന്നു. കാശ്മീരിയായ മാവോയിസ്റ്റ് നേതാവും യുവ രാഷ്ട്രീയ നേതാവും കഥാപാത്രങ്ങളായി വരുന്നു. ‘കട്ട്‌ ഔട്ട്‌ മർഡർ’ എന്ന നവീന രാഷ്ട്രീയ കൊലപാതകരീതി കടന്നു വരുന്നു. അടിമുടി രാഷ്ട്രീയം പറയുന്ന, ഇന്ത്യ എന്ന ഒരു വലിയ രാഷ്ട്രത്തെ നാല്പതു കഴിഞ്ഞ ഒരു സ്ത്രീ എപ്രകാരം അനുഭവിക്കുന്നു എന്ന് വരച്ചു കാട്ടുന്ന, അതിലൂടെ ഇന്നത്തെ  ഇന്ത്യയെത്തന്നെ ചുരുക്കിയെഴുതിയ നോവലാണ് കെ. ആർ. മീരയുടെ ‘ഘാതകൻ’.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here