കവിത
യാമി ബാല
നല്ലെണ്ണയുടെ മിനുപ്പുള്ള
ദോശ വൃത്തങ്ങളെണ്ണി
പഠിക്കുന്ന ഒരുത്തി.
കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്.
പിന്നിൽ വെള്ളരിപാടം.
മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും.
മുട്ടുകുത്തി കുമ്പിടും.
നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം.
ഇഞ്ചി പുല്ലിന്റെ ,
വെള്ളരിപ്പൂക്കളുടെ ,
വെള്ളിലകളുടെ രുചിയൂറ്റി മോന്തും.
കുട്ടയുമേന്തി
നീട്ടിനടക്കും.
പുകഞ്ഞ കാപ്പി മണങ്ങൾ.
ഊതിയാറ്റുമ്പോൾ
ഓലച്ചൂട്ടിന്റെ കിരുപ്പ്.
പുലർച്ചയ്ക്കന്നവളൊരുത്തി
കിണറ്റിൽ തൊട്ടിയിടിച്ചു കോരുന്നു.
മുല്ലപ്പൂ ഒരെണ്ണം നുള്ളി മുടിയിൽ ചൂടുന്നു.
പടർന്ന പാവൽ വള്ളികളെയോമനിക്കുന്നു.
മാനം പൂക്കും
മാമ്പൂ വിടരും
പാലച്ചോട്ടിൽ ചിരികൾ നിറയും.
ആമ്പലേന്ന് നീട്ടി വിളിക്കും.
പൊന്നാമ്പലേന്ന്
നീട്ടി..
നീട്ടി..
മഞ്ചാടിയുടെ ചുവപ്പടർത്തുന്നു.
നാവിനടിയിൽ പൂഴ്ത്തുന്നു.
പുളിയില ഒരു നുള്ള്.
ചിരവ പായൽ ഒരു നുള്ള്.
മൂന്നും കൂട്ടി ഒരു മുറുക്ക്.
തുപ്പില്ല.
മുറുക്കിയൊതുക്കും.
തോടും കടന്ന്
പാടം കടന്ന്
കാവ് കേറും.
കുരിയില കാട്ടിലെ ദേവിയാകും.
നൂറു നേദിക്ക്.
പൂക്കളർപ്പിക്ക്.
കാലെടുത്തു കരിന്തറയിൽ കുത്തും.
നാട് മുടിയുന്നേ…
പെണ്ണൊരുത്തി കാവ് കേറിയേ..
കാട് കത്തുന്നേ…
കാറ്റ് പാലം കടന്ന്
നാട്ടുപൊന്തകളിലേക്ക് നെലവിളിക്കും.
അവള് ചെമ്പകപ്പൂവ് തലയിൽ ചൂടി
ഇടവഴിലേക്കോടും.
അടക്കിയ ചിരിയുമായി
ചോറ്റുപാത്രവും ,വിറക് കെട്ടും
തലയിലേന്തും.
ഒന്ന് ഞെളിയും.
ദേശദേവത വരുന്നു…
ദേശദേവത വരുന്നു….
ദേശദേവത വരുന്നു..
അവൾ ചില മിനാരങ്ങളിലേക്ക്
ചുണ്ടുകോട്ടും.
മുറുക്കിയൊതുക്കിയത് നീട്ടി തുപ്പും.
പിന്നെയും
കാട് പൂക്കും.
മഴ നിറയും
പുഴ തെളിയും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Manoharam jeevitham…..love uuu….