HomeTHE ARTERIASEQUEL 48കൂടിയിരുന്ന് കേട്ട കമ്പിക്കഥകൾ

കൂടിയിരുന്ന് കേട്ട കമ്പിക്കഥകൾ

Published on

spot_img

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം.അഞ്ച്)

അനിലേഷ് അനുരാഗ്

എന്തിനാണ് മനുഷ്യൻ കഥകൾ മെനയുകയും, പറയുകയും ചെയ്യുന്നത്? മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവുമാദ്യത്തെ ജനകീയ സാഹിത്യ വിഭാഗം കഥയായിരിക്കുമെന്ന് തോന്നുന്നു. ആദിമനുഷ്യൻ്റെ ആദ്യകലാവിഷ്കാരം ഗുഹാഭിത്തിയിൽ കോറിവരച്ച ചിത്രപ്പണികളാണെങ്കിലും, എന്നത്തെയും പോലെ വരകൾക്കൊരു ദുർഗ്രാഹ്യതയുണ്ടായിട്ടുണ്ടാവണം. അത്തരമൊരു ഗൂഢതലമില്ലാതെ മനുഷ്യർ കൂട്ടമായിരിക്കുകയും, വലിപ്പച്ചെറുപ്പമില്ലാതെ മനസ്സിലാക്കുകയും, കലവറയില്ലാതെ ആനന്ദിക്കുകയും ചെയ്ത ഭാഷാ വ്യവഹാരം കഥയല്ലാതെ മറ്റെന്താണ്?

athmaonline-the-arteria
പറയാനും, കേൾക്കാനും ആളുണ്ടാവുക എന്നതിനപ്പുറം നിയതമായ ഒരു ഭൗതിക സാഹചര്യവും ആവശ്യമില്ലാത്ത കഥ പറച്ചിലിൻ്റെ ഉദ്ദേശങ്ങളിൽ പ്രധാനം ‘ഞാനും’ അഥവാ ‘നമ്മളും’ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ടെന്നതിൻ്റെ അടയാളപ്പെടുത്തലാണ്. അടുത്ത തലമുറക്ക് കൈമാറുന്ന കഥകളിലൂടെയാണല്ലോ നമ്മൾ പലപ്പോഴും നമ്മളുടെ സ്ഥലകാലബന്ധിയായ അസ്തിത്വത്തെ പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് “To survive, you must tell stories” എന്ന് സമാനതകളില്ലാത്ത എഴുത്തുകാരനും, സാഹിത്യ സൈദ്ധാന്തികനുമായ ഉമ്പർട്ടോ എക്കോ (Umberto Eco) പറയുന്നത്.

athmaonline-the-arteria-Umberto Eco
ഉമ്പർട്ടോ എക്കോ (Umberto Eco)

അതുകൊണ്ട് തന്നെയാണ് മനുഷ്യജീവിതം അടയാളപ്പെടുത്തുന്ന ചരിത്രവ്യവഹാരത്തിന് നാം കൊടുത്ത ഇംഗ്ലീഷ് പേരിൽപോലും(History) ഒരു കഥ (story) ഉൾപ്പെട്ടിട്ടുള്ളത്. ഒന്നുകൂടി കടന്ന് പറഞ്ഞാൽ, ‘ആയിരത്തൊന്ന് രാവു’കളിലെ ഷഹറസാദിൻ്റെ കഥ പറച്ചിലിനെ പരാമർശിച്ച് ഫൂക്കോ(Michel Foucault) നടത്തിയൊരു നിരീക്ഷണമുണ്ട്: ഓരോ കഥ പറച്ചിലും അനിവാര്യ വിസ്മൃതിയെന്ന മരണത്തിൻ്റെ  പ്രതിരോധമാണെന്ന്. ഓരോ കഥ പറച്ചിലിലൂടെയും സത്യത്തിൽ നാം മാറ്റിവെക്കുന്നത് മറക്കപ്പെടുക എന്ന മരണത്തെയാണെന്ന്. ഈയൊരു മഹത് ലക്ഷ്യം മാറ്റിവെച്ചാൽ നമ്മുടെ കഥ പറച്ചിലുകളുടെ ഉദ്ദേശം അവയുടെ ആഖ്യാനത്തിലൂടെ കഥ പറയുന്നവനും, കേൾക്കുന്നവനും ഒരുപോലെ സാധ്യമാകുന്ന ആനന്ദങ്ങളാണ്.

athmaonline-the-arteria-Michel Foucault
ഫൂക്കോ(Michel Foucault)

കഥകളിലൂടെ പറയുന്ന ഭയത്തിനും, കരുണയ്ക്കും, ക്രൂരതയ്ക്കുപോലും സൗന്ദര്യശാസ്ത്രപരമായ ആനന്ദങ്ങളുണ്ടാക്കാൻ കഴിയുമെങ്കിലും, സന്തോഷം എന്നയർഥത്തിൽ ആഖ്യാതാവിനും, ശ്രോതാവിനും ഒരേ രീതിയിൽ ആനന്ദം പകരുന്ന കഥകളെ ഫലിത കഥകൾ എന്നാണ് നാം പൊതുവെ വിളിക്കുന്നത്. പറഞ്ഞാലോ, കേട്ടാലോ ചില പ്രത്യേക കാരണങ്ങളാൽ രസിക്കാനും, ചിരിക്കാനും തോന്നുന്ന മലയാളത്തിലുള്ള ഇത്തരം ഫലിത കഥകൾക്ക് ഉദാഹരണങ്ങളാണ് പഴയ നമ്പൂതിരി ഫലിതങ്ങളും, ആനയും, ഉറുമ്പും കഥകളും, വടക്കെ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട സർദാർജി ജോക്കുകളും മറ്റും. എന്നാൽ ഇവയൊക്കെ വാമൊഴിയായും, വരമൊഴിയായും പ്രചരിച്ച കാലത്തു തന്നെ മലയാളി സമൂഹത്തിൻ്റെ അടിത്തട്ടിലൂടെ ഗുപ്തഹാസ്യം ഉൾക്കൊള്ളുന്ന മറ്റൊരു തരം കഥകളും വിനിമയം ചെയ്യപ്പെട്ടിരുന്നു. മുൻപെയുള്ള ലക്കങ്ങളിൽ പരാമർശിച്ച രതിയുണർവ്വുകളുണ്ടാക്കുന്ന എന്ന അർത്ഥംവരുന്ന ‘കമ്പി’ എന്ന നാമവിശേഷണം തന്നെയാണ് സ്വാഭാവികമായും ഈ കഥകൾക്കും അതിൻ്റെ ഉല്പാദകരും, വിതരണക്കാരും, ഉപഭോക്കാക്കളുമടങ്ങിയ സമൂഹം കല്പിച്ചുകൊടുത്തത്.

athmaonline-the-arteria-03

കൗമാരത്തിലെ ‘വഴിപിഴച്ച’ കൂട്ടകെട്ടുകളിൽ നിന്ന് തന്നെയാണ് കേരളത്തിലെ ഏത് സാധാരണ പയ്യനും ജീവിതത്തിലാദ്യമായി ഇത്തരമൊരു സാഹിത്യവിഭാഗത്തെക്കുറിച്ച് അറിയുക. പ്രായത്തിലും, കുരുത്തക്കേടിലും സമാനതകളുള്ള രണ്ട് കൗമാരക്കാർ ഒരുമിച്ചിരുന്ന് ചുറ്റും വീക്ഷിച്ചുകൊണ്ടും, സ്വകാര്യരൂപേണ ശബ്ദം താഴ്ത്തിയും, ഇടയ്ക്കിടെ പൊടിമീശയ്ക്കു താഴെയുള്ള  ചുണ്ടുകളിൽ ഗൂഢമന്ദഹാസമാർന്നും പരസ്പരം നടത്തുന്ന സംഭാഷണങ്ങളിലെ ഏറ്റവും കൂടിയ വിഷയസാധ്യത ഒരു കമ്പിക്കഥയ്ക്കായിരിക്കും. കമ്പിപ്പുസ്തകങ്ങൾ കൈവശം വെക്കുകയോ, വായിക്കുകയോ ചെയ്യുന്നവന് ലഭിക്കുന്നതിനേക്കാൾ അല്പം കൂടിയൊരു പദവിയാണ് കമ്പിക്കഥകൾ ചാതുരിയോടെ പറയാനറിയുന്നൊരുവന് അന്നത്തെയൊരു ആൺകൂട്ടത്തിൽ കിട്ടുക. ഈയൊരധികാരത്തിൻ്റെ രുചി ഒരിക്കൽ അറിഞ്ഞവൻ അത് നിലനിർത്തുന്നതിൻ്റെ ഭാഗമായി തൻ്റെ ആവനാഴിയിലെ കമ്പിക്കഥകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുകയും ചെയ്യും. കൗമാരം കഴിഞ്ഞ് മുതിർന്നാലും അലമ്പന്മാരായ ഒന്നിലധികം ആൾക്കാർ (കൂടുതൽ കണ്ടുപരിചയം ആണുങ്ങളെയാണ്) ഒരിടത്ത് ഒത്തുചേർന്നാലുണ്ടാകുന്ന വലി,കുടി മുതലായ ‘അനാശാസ്യ’ങ്ങൾക്ക് മേമ്പൊടി പോലെ വിതറുന്ന സംഭാഷണം അവർ ആയിടെ കേട്ട കമ്പിക്കഥയുടേതാകും.
വലുതായി എന്ന് സ്വയം വിലയിരുത്തുന്ന കുട്ടികൾ അല്പം ഭയത്തോടെയും, ഭയപ്പെടുത്തുന്ന എന്തിനോടും മനുഷ്യമനസ്സിനുണ്ടാകുന്ന  ആകർഷണത്തോടെയും കേട്ടുതുടങ്ങുന്ന പ്രാഥമിക കമ്പിക്കഥകൾ സ്ത്രീ-പുരുഷ ലൈംഗീകാവയവങ്ങളെക്കുറിച്ച് നേരിട്ടു പരാമർശമില്ലാത്ത തമാശക്കഥകളായിരിക്കും. പൊതുസമൂഹത്തിൽ തമാശകൂടിയായല്ലാതെ, അസഭ്യം മാത്രമായി ഒരിക്കലും ബ്രാൻ്റ് ചെയ്യപ്പെടാത്ത അത്തരം കഥകളിലെ ഒരു പ്രബലവിഭാഗം സീതിഹാജിയുടെ പേരിൽ ആരോപിച്ചിട്ടുള്ളവയായിരുന്നു. കേരളമൊട്ടാകെ അക്കാലത്ത് ഇത്തരം കഥകൾ വ്യാപിച്ചിട്ടുണ്ടെങ്കിലും, അവയിൽ നെഹ്റു തൊട്ടിങ്ങോട്ടുള്ള, എല്ലാ പ്രധാന രാഷ്ട്രീയപാർട്ടിയിലും ഉൾപ്പെട്ട നേതാക്കൾ കഥാപാത്രങ്ങളായിട്ടുണ്ടെങ്കിലും, ഇടതുപക്ഷ സ്വാധീനം കൂടുതലുള്ള സ്ഥലങ്ങളായതുകൊണ്ടായിരിക്കണം ഉത്തര മലബാറിൽ സീതിഹാജി കഥകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പക്ഷെ, രാഷ്ട്രീയപരമായ എതിർപ്പ് എന്നതിലുപരിയായി, ചാനൽ ചർച്ചകളോ, ഇൻ്റർനെറ്റോ ഇല്ലാത്ത ഒരു കാലത്ത് എല്ലാവർക്കും അറിയാവുന്ന ആൾക്കാർ എന്ന ഉദ്ദേശത്തിലാകാം രാഷ്ട്രീയ നേതാക്കളെ ഇത്തരം കഥകളുടെ ഭാഗമാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. ഇതേ കാരണം കൊണ്ടുതന്നെയാവണം ജയനും, നസീറും, ഷീലയും പോലെ പ്രശസ്തരായ സിനിമാ താരങ്ങളെക്കുറിച്ചും സമാന കഥകൾ അക്കാലത്ത് പ്രചരിക്കപ്പെട്ടത്.
പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളൊന്നും കൂടാതെയാണ് ആദ്യതലത്തിൽ കേൾക്കുന്ന കഥകളെങ്കിൽ, രണ്ടാം ഘട്ടത്തിലെ കഥകൾ കൃത്യമായ  അധിക്ഷേപധ്വനികൾ ഉൾക്കൊള്ളുന്നവയാണ്. അവയിൽ അധികവും ബ്രഹ്മചര്യം ശീലിച്ചിരുന്ന ക്രിസ്ത്യൻ പുരോഹിതന്മാരെയും, കന്യാസ്ത്രീകളെയും കുറിച്ചുള്ളതായാണ് ആഖ്യാനമുണ്ടാവുക. വ്യക്തമായ ലൈംഗീകച്ചുവയുള്ള അത്തരം കഥകളിലെ മുഖ്യകഥാപാത്രം കൗശലക്കാരനായ ഒരു പള്ളീലച്ചനായിരിക്കും. നേരിട്ടെതിർക്കാൻ കഴിയാത്ത വ്യവസ്ഥിതിയെയും, സ്ഥാപനങ്ങളെയും അശ്ലീലവൽക്കരിക്കുകയും, അപഹസിക്കുകയും ചെയ്യുക എന്നത് യൂറോപ്പിൽ വർഷാവർഷമുള്ള ഒരു ആചാരമായിത്തന്നെ കൊണ്ടാടപ്പെട്ടിരുന്നു. ദിവസങ്ങളും, ചിലപ്പോൾ ആഴ്ചകളും നീണ്ടുനിന്ന ‘കാർണിവൽ’ (Carnival) എന്ന പേരിലറിയപ്പെട്ട ഈ വിപരീത സാംസ്കാരിക ആചാരം (reverse ritual) സാമൂഹ്യ അധികാരവ്യവസ്ഥയുടെ  താല്ക്കാലികമെങ്കിലും അനിവാര്യമായ ഒരു തകിടംമറിച്ചിലായാണ് ആശയപരമായി വായിക്കപ്പെടുന്നത്. സമകാലീന സംസ്കാരത്തിലുള്ള ഇത്തരം ആചാരങ്ങളുടെ ഭാഷയിലൂടെയുള്ള ആവിഷ്കാരമായും ഇതുപോലെയുള്ള പള്ളീലച്ചൻ കഥകൾ വായിക്കപ്പെടാം എന്നാണ് തോന്നുന്നത്.

മേല്പറഞ്ഞ രണ്ട് തലങ്ങളിലും കമ്പിക്കഥകളുടെ ആഖ്യാനതന്ത്രത്തിൻ്റെ കേന്ദ്രം ഇംഗ്ലീഷിൽ ‘Pun’ എന്ന് വിളിക്കുന്ന ദ്വയാർത്ഥ പ്രയോഗമായിരിക്കും. ഒരാൾ സദുദ്ദേശത്തിൽ പറയുന്ന ഒരു വാക്കോ, പ്രയോഗമോ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്, വക്രോക്തിയിൽ ലൈംഗീകമായ ഒരർത്ഥം കൂടി ദ്യോതിപ്പിക്കുന്നതാണ് ഇവിടെ സംഭവിക്കുക. ഉദാഹരണമായി, ഓടുന്ന ബസ്സിൽ വച്ച് നോക്കിക്കൊണ്ടിരിക്കെ തൻ്റെ കൈയ്യിൽ നിന്ന് പാറിപ്പോയ ഒരു ഫോട്ടോ തിരയുന്ന ആൾ അതന്വേഷിച്ച് ഒരു യാത്രക്കാരിയുടെ കാലിനടുത്ത് നിന്ന് സാരി അല്പം മാറ്റിനോക്കുന്നു. അയാളുടെ പ്രവൃത്തിയിൽ തെറ്റിദ്ധരിച്ച സ്ത്രീ ഉറക്കെ നിലവിളിക്കുന്നു. എന്തിനാണങ്ങനെ ചെയ്തതെന്ന് ഓടിക്കൂടിയ യാത്രക്കാർ “സാരി പൊക്കിയത് എന്തിനെഡാ?” എന്ന് ചോദ്യം ചെയ്യുമ്പോൾ പുള്ളിയുടെ നിഷ്കളങ്കമായ മറുപടി, “ഒരു ഫോട്ടോ എടുക്കാനാണ്  ” എന്നായിരിക്കും!! മറ്റൊന്ന്, താൻ പോറ്റിവളർത്തിയ പൂവൻ കോഴിയെ കാണാതായതിനെക്കുറിച്ച് ഒരു സഭാദ്ധ്യക്ഷൻ സ്ത്രീകളും, പുരുഷന്മാരുമുള്ളൊരു സദസ്സിനോട് ഇംഗ്ലീഷിൽ “Excuse me , does anyone have a cock ?” എന്ന് ചോദിക്കുമ്പോൾ അവിടത്തെ മൊത്തം പുരുഷന്മാരും എഴുന്നേറ്റു നില്ക്കുന്നു. ചോദ്യത്തിൽ അറിയാതെയുണ്ടായ അർത്ഥശങ്ക ശരിയാക്കിയ പുള്ളി  “Sorry, I just meant, has anyone seen a cock?” എന്ന് ചോദിക്കുമ്പോൾ സ്വിച്ചിട്ട പോലെ സദസ്സിലെ സ്ത്രീകൾ മാത്രം ഒന്നൊഴിയാതെ എഴുന്നേറ്റ് നില്ക്കുന്നു!!
ഉത്സവപ്പറമ്പുകളിൽ “ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്” എന്ന അഭിസംബോധനയോടെ ഉയർന്നുകേൾക്കുന്ന അനൗൺസ്മെൻ്റുകളുമായി ബന്ധപ്പെടുത്തി ഉണ്ടായതും, ഉണ്ടാക്കിയതുമായ, “ആൽത്തറയ്ക്ക് മുകളിൽ സ്ത്രീകളുടെ സമീപത്തായി നില്ക്കുന്ന പുരുഷന്മാർ (ജനറേറ്ററിൻ്റെ) വയറിൽ പിടിക്കരുത് ”, “(അമ്പലത്തിൻ്റെ മതിൽക്കെട്ടിന് പുറത്തുള്ള) സ്ത്രീകൾ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഒരു (ഇലക്ട്രിക് ) റ്റ്യൂബ് ഇട്ടുകൊടുക്കേണ്ടതാണ്” എന്ന രീതിയിലുള്ള ലൈംഗീകതമാശകളും മലയാളത്തിലെ ഇത്തരം ‘Pun’ൻ്റെ വകഭേദങ്ങളാണ്.

athmaonline-the-arteria-02

എന്നാൽ ദ്വയാർത്ഥ പ്രയോഗത്തിൻ്റെ ഈ രണ്ടാം ഘട്ടവും വിജയകരമായി കടന്നുവരുമ്പോഴാണ് ഒരാൾ കമ്പിക്കഥകളുടെ യഥാർത്ഥ തീവ്രതയിലേക്ക് എത്തിച്ചേരുക. എലിവാണവും, അമിട്ടും നേരമെടുത്ത് പൊട്ടിക്കൊണ്ടിരുന്ന വെടിക്കെട്ടിൻ്റെ അകാശത്ത് മാലപ്പടക്കം പൊട്ടുന്നതുപോലുള്ള രതി-ലൈംഗീക സമൃദ്ധിയാണ് കമ്പിക്കഥളുടെ ഈ മൂന്നാം തലത്തിലുണ്ടാവുക. ലൈംഗീകാവയവങ്ങളുടെ സ്ഥലവും, ആകാരവും, കാഴ്ചയും, സ്പർശവും, ഗന്ധവും, രുചിയും അവ ഉപയോഗിച്ചുകൊണ്ടുള്ള സ്വയംഭോഗ -സംഭോഗ ക്രിയകളും, വ്യത്യസ്ത പോസുകളും, അംഗീകൃത – നിരോധിത മാർഗ്ഗങ്ങളും, സ്വാഭാവിക – പ്രകൃതിവിരുദ്ധ രീതികളും, ആക്രാന്തങ്ങളും, അഗമ്യാഗമനങ്ങളും (incest) തുടിച്ച് പുളയ്ക്കുന്ന ഈ രതികഥാ സാമ്രാജ്യത്തിൽ ഒന്നിനും ഒരു വിവേചനവുമുണ്ടാകില്ല രാജാവും, മന്ത്രിയും, അധികാരിയും, അധ:കൃതനും, അയൽക്കാരനും,  അധ്യാപകനും വരെ കഥാപാത്രങ്ങളാകുന്ന ഈ ഭയങ്കര ഭാവനകൾ അതിൻ്റെ പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും, അറ്റമില്ലാതെ ആനന്ദിപ്പിക്കുകയും ചെയ്യും. ഈ കഥകളിൽ മുടങ്ങാതെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രം ഇംഗ്ലണ്ടിലെ സദാചാര നാടകങ്ങളിലെ (‘Morality Plays’) സ്ഥിരം സാന്നിധ്യമായ ‘Everyman’ ൻ്റെ മലബാർ വകഭേദമായ ‘ഒരു ചങ്ങായി’ ആയിരിക്കും. നമുക്ക് ചുറ്റുമാണ് കഥ നടക്കുന്നതെന്ന പ്രതീതി ജനിപ്പിച്ച് കഥയുടെ ‘യാഥാർത്ഥ്യ ബോധം’ വർദ്ധിപ്പിപ്പിക്കാനായിരിക്കണം നമ്മളിലൊരാളാണെന്ന പ്രതീതി ജനിപ്പിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ കമ്പിക്കഥാകാരന്മാർ സൃഷ്ടിച്ചെടുത്തത്. ഞാൻ കേട്ട ഇത്തരം കഥകളിൽ ചിലതിന് പ്രാദേശിക ഭേദങ്ങൾ ഉണ്ടായിക്കണ്ടിട്ടുണ്ട്. അത്തരത്തിലൊന്ന് ‘അങ്കമാലി പാപ്പച്ചൻ’ എന്നൊരു കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഏറ്റവും വണ്ണമുള്ള ലൈംഗീകാവയവം ആരുടേതെന്നറിയുന്നതിനായി ന്യൂയോർക്കിൽ വച്ച് നടക്കുന്ന, ലോകമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പാപ്പച്ചൻ മത്സരവേദിയിൽ ആബ്സന്റായി കാണപ്പെടുന്നു. ഒടുവിൽ പാപ്പച്ചൻ്റെ അഭാവത്തിൽ വിധിപ്രഖ്യാപനത്തിൻ്റെ തൊട്ടുമുൻപെ, എന്തോ വലിയൊരു സാധനം വന്ന് തട്ടി മത്സരവേദി തന്നെ ഇടിഞ്ഞുവീഴുകയാണ്. അതിൻ്റെയറ്റത്തായി ജഡ്ജസിനായി പാപ്പച്ചൻ്റെ ഒരു സന്ദേശമുണ്ടായിക്കും: ഞാൻ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്നേയുള്ളൂ !!
ഇത്രയും മാരകമായ ഭാവനകൾ ആസ്വദിക്കാൻ (സഹിക്കാനും!) തക്കതായ മാനസീക അവസ്ഥകളില്ലാത്തവർക്ക് അസഭ്യവും, അരോചകവുമായി തോന്നിയേക്കാവുന്ന ഈ കഥകളിലെ ചില പ്രയോഗങ്ങൾ, കൗതുകകരമെന്നോണം, അവർ പോലുമറിയാതെ അവരുടെ രതിരഹിത സംസാരത്തിൻ്റെ ഭാഗമാകുന്നതും ശ്രദ്ധിച്ചാൽ നമുക്ക് കാണാവുന്നതാണ്. അർത്ഥമോ, ഉറവിടമോ ആലോചിക്കാതെ മലയാളികൾ ആണും, പെണ്ണും, ഭിന്നലൈംഗികരും പരക്കെ ഉപയോഗിച്ച ‘താൻക്യൂ’ (Thank you)വിൻ്റെ പാരഡിയായ ‘സ്ലാൻക്യൂ’ എന്ന വാക്ക് സത്യത്തിൽ വദനസുരതം വിഷയമായ, സംശയരോഗിയായ ഒരു രാജാവും, അന്യപുരുഷ ബന്ധമുള്ള രാജ്ഞിയും, ഭടനും ഒക്കെ കഥാപാത്രങ്ങളായുള്ള ഒരു കിടിലൻ കമ്പിക്കഥയിൽ നിന്ന് വന്നതാണെന്ന് എത്ര പേർക്കറിയാം?!

athmaonline-the-arteria-Osho
ഓഷോ ( Osho )

ഈ കൂട്ടപ്പൊരിച്ചിൽ കേട്ടു കഴിയുമ്പൊഴേക്ക് കമ്പിക്കഥകളുടെ പ്രേക്ഷകർ അവരുടെ യൗവനവും പിന്നിട്ട് സ്വാഭാവികമായ ഒരു പക്വതയിലെത്തിച്ചേർന്നിരിക്കും. ആസ്വാദനശേഷി ഭയാനകഭാവനയിൽ നിന്ന് താരതമ്യേന സംസ്കരിക്കപ്പെടുന്ന ഈ ഘട്ടത്തിലാണ് ഓഷോ പറയുന്ന തരത്തിലുള്ള കഥകളിലേക്ക് ഒരാൾ എത്തിച്ചേരുക എന്നാണ് ഞാൻ നിരീക്ഷിക്കുന്നത്. വിവാഹപൂർവ്വ ഘട്ടത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഓഷോ വിസ്തരിച്ചൊരു കഥ ചുരുക്കി പറഞ്ഞുകൊണ്ട് ആദിയും, അന്തവുമില്ലാത്തൊരു കമ്പിക്കഥാ വിശകലനത്തിന് ഞാനിവിടെ ഒരു അർദ്ധവിരാമമിടുകയാണ്:

തന്നിൽ ലൈംഗീക താൽപ്പര്യക്കുറവുള്ള ഭർത്താവിനെ പ്രശ്നപരിഹാരാർത്ഥം ഭാര്യ നിർബ്ബന്ധിച്ച് ഒരു സെക്സ് ഗുരുവിൻ്റെയടുക്കൽ കൊണ്ടു പോകുന്നു. കാര്യം ഓക്കേ ആവാൻ ഗുരു ഭർത്താവിന് രഹസ്യമായൊരു മന്ത്രമുപദേശിക്കുന്നു. അയാളത് ഗുരു പറഞ്ഞ പ്രകാരം രഹസ്യമായി ഉച്ചരിക്കുകയും, ഒട്ടും വൈകാതെ തന്നെ പുള്ളിക്ക് ഭാര്യയിലുള്ള താല്പര്യം അത്ഭുതകരമായി വർദ്ധിക്കുകയും ചെയ്യുന്നു. എത്രവട്ടം ചോദിച്ചിട്ടും, അർത്ഥഗർഭമായി മന്ദഹസിക്കുകയല്ലാതെ, ആ രഹസ്യമന്ത്രമെന്തെന്ന് ഭർത്താവ് പറയാത്തതിൽ ഖിന്നയായ ഭാര്യ ഒരു ദിവസം കുളിമുറിയ്ക്ക് പുറത്ത് ഒളിച്ചുനിന്ന് അത് കണ്ടെത്തുന്നു. എന്നും രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഭർത്താവ് മൂന്നുവട്ടമുരുവിട്ട രഹസ്യവിജയമന്ത്രം ഇതായിരുന്നു: ‘She’ is not my wile (‘അവൾ’ എൻ്റെ ഭാര്യയല്ല) !!

(തുടരും)

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

More like this

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...